നീയും ഞാനും.. 🧡 ഭാഗം 76

neeyum njanjum shamseena

രചന: ശംസീന

വൈകുന്നേരം ജിത്തുവും പാറുവും നിമിഷയുടെ വീട്ടിലേക്ക് ചെന്നു...വഴിയറിയാത്തത് കൊണ്ട് കുറച്ച് കഷ്ടപ്പെട്ടു അവിടെയെത്താൻ..വിച്ചുവും ഉണ്ടായിരുന്നവിടെ.. ഇവർ വരുന്നുണ്ടെന്നറിഞ്ഞ് വന്നതായിരുന്നു.. നിമിഷയുടെ വീട്ടുകാർ അവരെ അകത്തേക്ക് ക്ഷണിച്ചു... ആദ്യമായിട്ടാണല്ലോ വിച്ചുവിന്റെ സഹോദരിയും ഭർത്താവും ഇവിടേക്ക് വരുന്നതെന്ന് പ്രമാണിച്ച് ചെറിയൊരു വിരുന്ന് ഒരുക്കിയിരുന്നു... അവധിയായത് കൊണ്ട് വിച്ചു കുഞ്ഞിനെ കാണാൻ പോവുന്നുണ്ടെന്ന് മാത്രമേ ലതയോട് പറഞ്ഞിട്ടുള്ളൂ പാറു വരുന്ന കാര്യം മിണ്ടിയിട്ട് പോലുമില്ല... പാറു കുഞ്ഞിന്റെ അടുത്തേക്ക് ചെന്നു... പ്രസവിച്ച് കിടക്കുന്ന മുറിയിലേക്ക് പുരുഷന്മാർക്ക് പ്രവേശനമില്ലാത്തത് കൊണ്ട് ജിത്തു ലിവിങ് ഹാളിലിരുന്നു... കുഞ്ഞിന് വേണ്ടി കരുതിയിരുന്ന കുഞ്ഞുടുപ്പുകൾ കട്ടിലിനോരം വെച്ച് പാറു കുഞ്ഞിപ്പെണ്ണിനെ വാരിയെടുത്തു... "പയ്യെ... " അവളുടെ വെപ്രാളം കണ്ട് നിമിഷ പറഞ്ഞു... ഞൊട്ടി നുണയുന്നത് കണ്ടാൽ തന്നെ അറിയാം പാല് കുടി ഇപ്പൊ കഴിഞ്ഞതേയുള്ളൂന്ന്... കുഞ്ഞി കണ്ണുകൾ ചിമ്മി സുഖ നിദ്രയിൽ കിടക്കുന്ന കുഞ്ഞിന്റെ കവിളിൽ പതിയെ ഉമ്മവെച്ചു... കുറച്ച് നേരം നിമിഷയോട് സംസാരിച്ചിരുന്ന ശേഷം കുഞ്ഞിനേയും കൊണ്ട് ജിത്തുവിനടുത്തേക്ക് ചെന്നു... അച്ചു മോളെയെടുത്ത് തഴക്കമുള്ളതിനാൽ ജിത്തു കുഞ്ഞിനെ പേടിയൊന്നും കൂടാതെ എടുത്തു... കുഞ്ഞിപ്പെണ്ണ് അപ്പോഴും നല്ല ഉറക്കത്തിലായിരുന്നു... "നൂല് കെട്ട് കഴിഞ്ഞില്ലേ... " കുഞ്ഞിനെ നിമിഷയുടെ അമ്മയുടെ കയ്യിലേക്ക് കൊടുത്തവൻ വിച്ചുവിനോട് തിരക്കി... "മിനിഞ്ഞാന്നായിരുന്നു...അനാമികയെന്ന് പേരിട്ടു..." വിച്ചു പറഞ്ഞു.. പിന്നെ രണ്ട് പേരും ഓരോന്നും സംസാരിച്ച് പുറത്തേക്കിറങ്ങി... "നിനക്കും വേണ്ടെടി പെണ്ണേ ഇതുപോലൊന്ന്... " കുഞ്ഞിനെ നോക്കി നിമിഷ കുസൃതിയോടെ ചോദിക്കേ അവളൊരു ദീർഘ നിശ്വാസം അയച്ചു വിട്ടു.. "ആഗ്രഹമില്ലാനിട്ടൊന്നുമല്ല ഏട്ടത്തി... അങ്ങേരോന്ന് കനിയണ്ടേ.. ഇപ്പോഴൊന്നും വേണ്ടെന്നാ തീരുമാനം..." പാറു പരാതി പോലെ പറഞ്ഞു.. "അതെന്തേ ജിത്തുവിന് കുട്ടികളെ ഇഷ്ടമല്ലേ..." നിമിഷയുടെ കണ്ണുകൾ ചുരുങ്ങി.. "ഇഷ്ടമൊക്കെ തന്നെയാ.. പക്ഷേ ജിത്തേട്ടനെന്റെ എന്റെ കുട്ടിക്കളി മാറാൻ വെയിറ്റ് ചെയ്യുവാ..ഒരു കണക്കിന് അതാണ് നല്ലതെന്നെനിക്കും തോന്നി.പ്രണയിച്ച് കൊതി തീർന്നിട്ടില്ലന്നെ.." നിമിഷയുടെ നോട്ടം കണ്ടവൾ നാണത്തോടെ പറഞ്ഞു.. "അയ്യടാ.. " ചിരിച്ചു കൊണ്ടവൾ പാറുവിന്റെ കവിളിൽ നുള്ളി... "അതുമല്ല ഇപ്പൊ തന്നെ പിള്ളേരായാൽ അങ്ങേർക്കെന്നോടുള്ള സ്നേഹം കുറയും.. ഇനിയിപ്പോ ജനിക്കുന്നതൊരു പെൺകുട്ടിയാണേൽ പറയുകയും വേണ്ടാ.. അവള് മൊത്തത്തിൽ അങ്ങേരെ കയ്യടക്കി വെക്കും... പെൺകുട്ടികൾക്കെപ്പോഴും അച്ഛന്മാരോടായിരിക്കുമല്ലോ പ്രിയം..." "നീ വല്ലാണ്ട് കാട് കയറി ചിന്തിക്കുന്നു... അങ്ങനൊന്നും ഉണ്ടാവില്ല പെണ്ണേ... ഒക്കെ നിന്റെ തോന്നലാ.. " "ഉണ്ടാവില്ലായിരിക്കും.. പക്ഷേ ആ സാധ്യത തള്ളിക്കളയാനുമൊക്കില്ല.. " കൊച്ചു കുഞ്ഞുങ്ങളെ പോലെയുള്ള പാറുവിന്റെ ആശങ്കകൾ കേട്ട് ഇവളിത്രക്കും നിഷ്കളങ്കയായി പോയല്ലോ എന്നോർത്ത് നിമിഷ ഉള്ളാലെ ചിരിച്ചു.. "പാറു... " അവരുടെ സംസാരം നീണ്ടു പോയതും പുറത്ത് നിന്നും വിച്ചുവിന്റെ വിളികേട്ടു.. "പോട്ടെ ഏട്ടത്തി.. സംസാരിച്ചിരുന്ന് സമയം പോയതറിഞ്ഞില്ല.... " കുഞ്ഞി പെണ്ണിനൊരു മുത്തം കൂടെ കൊടുത്ത് പാറു യാത്ര പറഞ്ഞവിടെ നിന്നും പോയി... "നല്ല മോള്.. ഈ മോളെയാണോ വിച്ചുവിന്റെ അമ്മ അകറ്റി നിർത്തുന്നെ... " അവർ പോയതും നിമിഷയുടെ അമ്മ അവളുടെ അടുത്ത് വന്നിരുന്നു ചോദിച്ചു.. "അമ്മക്ക് പാറുവിനോട് ദേഷ്യമൊന്നുമില്ല എന്നാലും ചെറിയൊരു പരിഭവമുണ്ട്താനും... ഞാനും വൈശാഖും അവളോട് മിണ്ടുന്നതു കാണുമ്പോൾ വഴക്ക് പറയാറുണ്ട്.. എന്നിട്ട് മാറി നിന്ന് സങ്കടപ്പെടുന്നതും കാണാം... ഞങ്ങളായിട്ട് ആ സങ്കടം തീർക്കാനും പോവാറില്ല.. അമ്മ തന്നെ സ്വയം മാറി അവളോട് മിണ്ടട്ടെയെന്ന് കരുതി..." അവളിൽ നിന്നൊരു നെടുവീർപ്പുയർന്നു... വിച്ചു മുറിയിലേക്ക് വന്നതും അമ്മ അവിടെ നിന്നും എഴുന്നേറ്റു പുറത്തേക്കിറങ്ങി... വിച്ചു നിമിഷക്കരികിൽ വന്നിരുന്നു... അവളെ കെട്ടിപ്പിടിക്കാനായി തുനിയുമ്പോഴാണ് കുഞ്ഞുണർന്ന് കരയാൻ തുടങ്ങിയത്.. "കറക്റ്റ് ടൈമിംഗ് ആണല്ലോ.." വിച്ചു നിരാശയോടെ പറഞ്ഞിട്ട് ഫോണെടുത്ത് അതിലേക്ക് നോക്കി ബെഡിലേക്ക് കിടന്നു..നിമിഷ കരയുന്ന കുഞ്ഞിനെയെടുത്ത് മാറോട് ചേർത്തു... അമ്മിഞ്ഞ പാലിന്റെ രുചി നാവിൽ നുണഞ്ഞതും കുഞ്ഞ് കരച്ചിൽ നിർത്തി ആർത്തിയോടെ വലിച്ചു കുടിച്ചു...വീണ്ടും ഉറക്കം പിടിച്ചു... ****** മാസങ്ങൾ കഴിയേ പാറു അവരുടെ നാട്ടിലെ ഏറ്റവും വലിയ ഹോസ്പിറ്റലിൽ ലബോറട്ടറി ടെക്നീഷ്യനായി ജോലിക്ക് പ്രവേശിച്ചു...രാവിലെ പത്ത് മണിമുതൽ വൈകീട്ട് ആറ് വരെയാണ് വർക്കിംഗ്‌ ടൈം.. ഇടക്ക് നൈറ്റ്‌ ഷിഫ്റ്റ്‌ ഉണ്ടാവാറുണ്ട്... വീട്ടിൽ നിന്നും ഹോസ്പിറ്റലിലേക്ക് അധികം ദൂരമില്ലാത്തത് കൊണ്ട് പോവാനും വരാനുമുള്ള സൗകര്യത്തിന് ജിത്തു അവൾക്കൊരു സ്കൂട്ടി വാങ്ങിച്ചു കൊടുത്തു.. ഇപ്പോൾ അതിലാണ് പോക്കും വരവുമെല്ലാം... ജിത്തുവിനിപ്പോഴും അവളൊരു കൊച്ചു കുഞ്ഞിനെ പോലെയാണ്.. ഫ്രീ ടൈമിലൊക്കെ പാറുവിന് ഫോൺ വിളിച്ച് ഫുഡ്‌ കഴിച്ചോ ഇപ്പൊ എന്ത് ചെയ്യുന്നു ഫ്രീയാണോ എന്നൊക്കെ തിരക്കും... ചിലപ്പോൾ പാറു ഫോണെടുക്കാൻ പോലും കഴിയാത്ത വിധം തിരക്കിലായിരിക്കും അപ്പോൾ ജിത്തു മെസ്സേജ് അയച്ചിടും. ഫ്രീയാകുമ്പോൾ പാറു അതിന് മറുപടി കൊടുക്കും... അന്ന് ജോലി കഴിഞ്ഞ് പാറു നേരത്തേയിറങ്ങി... നാളെ മീരയുടെ വീടിന്റെ ഹൗസ് വാമിങ്ങാണ്.. അതിനെന്തെങ്കിലും ഗിഫ്റ്റ് വാങ്ങിക്കണം.. സ്വന്തം അധ്വാനം കൊണ്ടൊരു കൊച്ചു വീട് എന്നുള്ളത് അവളുടെ എക്കാലത്തെയും സ്വപ്നമായിരുന്നു.. അതാണ് നാളത്തോടെ നിറവേറാൻ പോവുന്നത്...അവൾ ജിത്തുവിന് ഫോൺ വിളിച്ചു എവിടെയാണെന്ന് ചോദിച്ചു...ഹോസ്പിറ്റലിൽ നിന്നും കുറച്ച് മാറിയുള്ള ഫർണിച്ചർ ഷോപ്പിൽ അവനും ടീച്ചറുമുണ്ടെന്ന് പറഞ്ഞതും പാറു അവിടേക്ക് തിരിച്ചു.. അവളെ കാത്തെന്ന പോലെ ജിത്തു ഷോപ്പിന്റെ ഫ്രണ്ടിൽ തന്നെയുണ്ടായിരുന്നു.. "ടീച്ചറെവിടെ..? " തലയിലുള്ള ഹെൽമെറ്റൂരി വെച്ച് കൊണ്ടവൾ തിരക്കി.. "അകത്തുണ്ട്,, താൻ വാ... " ജിത്തു അവളേയും കൂട്ടി അകത്തേക്ക് കയറി... പാറുവും അമ്മയും കൂടെ സെലക്ട്‌ ചെയ്‌തോട്ടെയെന്ന് കരുതി ജിത്തു മാറിയിരുന്നു...കുറേ നേരത്തേ തിരച്ചിലിനോടുവിൽ അമ്മയും മോളും കൂടെ ഒരു സോഫാ സെറ്റിയിൽ പിടുത്തമിട്ടു.. ഇത് തന്നെ മതിയെന്ന് തറപ്പിച്ചു പറഞ്ഞു... മീരയുടെ വീട്ടിലെ അഡ്രെസ്സ് കൊടുത്ത് ബില്ലും പേ ചെയ്ത് അവരവിടെ നിന്നും ഇറങ്ങി.. പിന്നെ പോയത് വേറൊരു കടയിലേക്കായിരുന്നു.. അവിടെ നിന്നൊരു ഡിന്നർ സെറ്റും വേറെ അല്ലറ ചില്ലറ പാത്രങ്ങളും വാങ്ങിച്ചു... ജിത്തു അതെടുത്ത് കാറിലേക്ക് വെക്കുന്ന സമയം കൊണ്ടവർ അടുത്തുള്ള ഡ്രസ്സ്‌ ഷോപ്പിലേക്ക് കയറി... അവിടെ നിന്ന് നാളത്തെ ഫങ്ക്ഷനിടാനുള്ള ഡ്രെസ്സും പർച്ചേസ് ചെയ്താണ് അവർ വീട്ടിലേക്ക് മടങ്ങിയത്.. വരുന്ന വഴിക്ക് ഫുഡ്‌ കഴിച്ചത് കൊണ്ട് വീട്ടിലെത്തിയതും പാറു കുളിച്ച് ഫ്രഷായി കിടന്നു... ജിത്തു പിന്നെ കുറച്ച് നേരം എന്തെങ്കിലുമൊക്കെയിരുന്ന് വായിച്ചിട്ടേ കിടക്കുകയുള്ളൂ... ****** രാവിലെ പത്ത് മണിയോടെ ജിത്തുവും കുടുംബവും മീരയുടെ വീട്ടിലേക്ക് ചെന്നു... അകത്തേക്ക് കയറിയതേ ആദ്യം കണ്ടത് മീരയോട് സംസാരിച്ചു നിൽക്കുന്ന ലതയെയാണ്... ടീച്ചറെ നോക്കിയൊന്ന് ചിരിച്ചെന്നു വരുത്തി ലത അപ്പുറത്തേക്ക് പോയി.. "ലതക്കൊരു മാറ്റവുമില്ലല്ലോ... " ടീച്ചർ നെടുവീർപ്പോടെ അവർ പോവുന്നതും നോക്കി നിന്നു... "ടീച്ചറതൊന്നും കാര്യമാക്കേണ്ട.. അകത്തേക്ക് വാ... " മീര അവരെ കൊണ്ടുപോയി വീടിനകവും പുറവുമെല്ലാം കാണിച്ചു കൊടുത്തു... രണ്ട് മുറികളും അവയിൽ അറ്റാച്ഡ് ബാത്രൂമും കിച്ചണും ഹാളും ലിവിങ് ഏരിയയും സിറ്റൗട്ടുമടങ്ങുന്ന കൊച്ചു വീടായിരുന്നു... മുറ്റമെല്ലാം ചെറിയ മെറ്റൽ പാകി മോടി കൂട്ടിയിട്ടുണ്ട്...എല്ലാവരും ഇത്ര ചെറുപ്പത്തിലേയുള്ള അവളുടെ കഠിനാധ്വാനത്തെ വാനോളം പുകഴ്ത്തി... പ്രവിയും വന്നിട്ടുണ്ടായിരുന്നു ഫങ്ക്ഷന്.. നാളെ കഴിഞ്ഞാൽ അവൻ ദുബായിലേക്ക് തിരിച്ചു പോവും... മൂവരും കൂടിയിരുന്ന് സംസാരിക്കുന്നതിനിടക്കാണ് വിച്ചു അനു മോളേയും കൊണ്ട് വന്നത് കൂടെ നിമിഷയുമുണ്ട്.. മോളേയും നിമിഷയെയും അവരുടെ അടുത്താക്കി വിച്ചു ജിത്തുവിനടുത്തേക്ക് ചെന്നു... അനു മോൾക്കിപ്പോൾ ഒരു വയസ്സ് കഴിഞ്ഞിട്ടുണ്ട്... ചെറിയ രീതിയിൽ നടത്തവും സംസാരമൊക്കെ തുടങ്ങിയിട്ടുണ്ട്...അവർ കുഞ്ഞിനേയും കളിപ്പിച്ച് അവിടെയിരുന്നു.. കുറച്ച് കഴിഞ്ഞതും ലത വന്നു നിമിഷയെയും മോളേയും അവിടെ നിന്ന് കൊണ്ടുപോയി... സാരമില്ലെന്ന് പറഞ്ഞു കണ്ണ് ചിമ്മി കാണിച്ചു.. ജിത്തുവും വിച്ചുവും കൂടിയായിരുന്നു അവിടുത്തെ മേൽനോട്ടം.. സദ്യ വിളമ്പുന്നതും ആളുകളെ ഇരുത്തുന്നതുമെല്ലാം അവരും കൂട്ടുകാരും ചേർന്നാണ് കൂടെ പ്രവിയുമുണ്ട്... ഫങ്ക്ഷൻ കഴിഞ്ഞതും എല്ലാവരും അവരവരുടെ വീടുകളിലേക്ക് മടങ്ങി... പാറു കുറച്ച് കഴിഞ്ഞ് ജിത്തുവിനോടൊപ്പം വന്നോളാമെന്ന് പറഞ്ഞപ്പോൾ ടീച്ചറും വീട്ടിലേക്ക് പോയി... ***** രാത്രിയിലെ ഫുഡും കഴിപ്പിച്ചാണ് മീര പാറുവിനേയും ജിത്തുവിനേയും പറഞ്ഞു വിട്ടത്... പ്രവിയും അവരോടൊപ്പം ഇറങ്ങി...ദുബായിലുള്ള ഫാമിലിയോടൊപ്പം ഇനിയുള്ള കാലം സെറ്റിൽ ചെയ്യാനാണ് അവന്റെ തീരുമാനം.. അവിടെ തന്നെയൊരു കമ്പനിയിൽ ജോലിയും ശെരിയായിട്ടുണ്ട്.. ഫോണിലെ ടോർച്ചിന്റെ വെളിച്ചത്തിൽ ജിത്തുവും പാറുവും ഇടവഴിയിലൂടെ വീട്ടിലേക്ക് നടന്നു... "ജിത്തേട്ടാ നമുക്കാ കുളപ്പടവിലേക്കൊന്ന് പോയാലോ... " "ഈ സമയത്തോ... " അവൻ വാച്ചിലേക്ക് നോക്കി... സമയം പതിനൊന്നു മണിയോടടുക്കുന്നു... "പ്ലീസ്... " അവൾ ചിണുങ്ങിയതും ജിത്തു അവളേയും ചേർത്ത് പിടിച്ച് കുളക്കരയിലേക്ക് നടന്നു.. ഫോണും വാച്ചും പാറുവിന്റെ കയ്യിലേക്ക് കൊടുത്ത് ഇട്ടിരുന്ന ഷർട്ട്‌ അഴിച്ചിട്ടവൻ കുളത്തിലേക്ക് ചാടി... പാറു പടവിലിരുന്ന് വെള്ളത്തിലേക്ക് കാലിട്ടു... ജിത്തു കുറച്ച് സമയം വെള്ളത്തിൽ നീന്തി തുടിച്ച ശേഷം അവളുടെ അടുത്തേക്ക്‌ നീന്തി വന്നു... തെളിഞ്ഞ വെള്ളത്തിൽ ഓളം വെട്ടിക്കുന്ന അവളുടെ പാദങ്ങളെ പിടിച്ചു വെച്ച് അമർത്തി ചുംബിച്ചു... പാറുവിന്റെ വിരലുകൾ അവന്റെ നനഞ്ഞ മുടിയിൽ പിടുത്തമിട്ടു... വിരലുകളെയാകെ നുണഞ്ഞെടുത്തവൻ ഉയർന്നു അവളുടെ മടിയിലേക്ക് ചാരി നിന്നു... പാറു അവന്റെ തോളിലും തലയിലുമൊക്കെ മസ്സാജ് ചെയ്തു.. അവനങ്ങനെ ചെയ്ത് കൊടുക്കുന്നത് ഭയങ്കര ഇഷ്ടമാണ്... "ഇങ്ങനെ മിണ്ടാതിരിക്കാനാണോ താനെന്നേയും വലിച്ചിങ്ങോട്ട് വന്നത്... " ജിത്തു തലയുയർത്തി ചോദിച്ചു... "വെറുതെ..ഒന്നും സംസാരിക്കാനില്ലെങ്കിലും ജിത്തേട്ടനോടൊപ്പം കുറച്ച് സമയമിവിടെ വന്നിരിക്കാൻ തോന്നി... " തോളിലേക്ക് വിരലുകൾ അമർത്തി പറഞ്ഞു... ജിത്തു കണ്ണുകളടച്ച് നിന്നു... "ജിത്തേട്ടന് ഓർമ്മയുണ്ടോ നമ്മുടെ കുട്ടിക്കാലമൊക്കെ..." ആകാംഷയോടെ അവനിൽ മിഴി നാട്ടി.. "പിന്നെ ഓർമയില്ലാതെ,, എത്രയോ തവണ ഈ കുളത്തിൽ ഞാനും ജിത്തുവും കൂടെ നിനക്ക് നീന്തൽ പഠിപ്പിച്ചു തന്നിരിക്കുന്നു... നീ മണ്ടി ഞങ്ങളുടെ സമയം പോയി എന്നല്ലാതെ ഒന്നും പഠിച്ചില്ല... " ജിത്തു അവളുടെ കൊലുസിൽ തട്ടി.. "അത് പിന്നെയെനിക്ക് പേടിയായിട്ടല്ലേ... " അവൾ പരിഭവിച്ചു... "ഈ കുളപ്പടവിൽ വെച്ച് തന്നെയാ എനിക്ക് ജിത്തേട്ടനോടാദ്യം പ്രണയം തോന്നിയതും... " അവളുടെ വെളിപ്പെടുത്തലിൽ ഞെട്ടിയവൻ തിരിഞ്ഞു നോക്കി.. "അന്നിവിടെയൊരു നീന്തൽ മത്സരം നടന്നില്ലേ...ജിത്തേട്ടനായിരുന്നു അതിലെ വിജയി... അപ്പോൾ സംഘാടകരെല്ലാം കൂടെ അണിയിച്ചു തന്ന പൂമാല അവിടെ നിന്നിരുന്ന എന്റെ കഴുത്തിലേക്ക് ജിത്തേട്ടൻ ഇട്ടു തന്നില്ലേ... അന്ന് ഞാൻ ഒമ്പതിലോ മറ്റോ പഠിക്കുവാണ്..അപ്പോൾ മുതൽ തീരുമാനിച്ചതാ എനിക്കൊരു പ്രണയമുണ്ടെങ്കിൽ അത് നിങ്ങളോടായിരിക്കുമെന്ന്..." പാറു പറയുന്നത് കേൾക്കെ അവന്റെ കണ്ണുകൾ വിടർന്നു വന്നു... മിഴികളിൽ അവളോടുള്ള പ്രണയം തുളുമ്പി പുറത്തേക്കൊഴുകാൻ വെമ്പൽ പൂണ്ടു... "പിന്നെ പിന്നെ ജിത്തേട്ടൻ പോകുന്നിടത്തെല്ലാം ഞാനുമുണ്ടാവും.. മറഞ്ഞു നിന്ന് നിങ്ങളെ നോക്കുമ്പോൾ ഉള്ളിൽ നിങ്ങളോടുള്ള പ്രണയം കരകവിഞ്ഞൊഴുകുന്നുണ്ടാവും...ഓരോ തവണ വീട്ടിലേക്ക് വരുമ്പോഴും മുന്നിലേക്ക് വരാനുള്ള മടികൊണ്ട് ആ ശബ്‍ദത്തെ കൊതിയോടെ ശ്രവിക്കും... കിട്ടില്ലെന്ന് കരുതിയിട്ടും ഹൃദയം നിങ്ങൾക്ക് വേണ്ടി നിങ്ങളുടെ പ്രണയത്തിന് വേണ്ടി വാശിപിടിച്ചു...നിങ്ങളെ മാത്രം കിനാവ് കണ്ട് ഉറങ്ങിയിരുന്ന എന്നിൽ ഇരുൾ പടർന്നത് ജിത്തേട്ടന്റെ വിവാഹം ഉറപ്പിച്ച ദിവസത്തിലായിരുന്നു... അന്ന് ഞാൻ കരഞ്ഞു തീർത്ത മിഴിനീരിന് കണക്കില്ല...ഇന്നതൊക്കെ ഓർക്കുമ്പോൾ എന്തെന്നില്ലാത്തൊരു അനുഭൂതിയാണ്... ഇത്രയൊക്കെ അനുഭവിച്ചിട്ടും ഞാനെന്റെ പ്രണയം നേടിയെടുത്തെന്ന് എന്നോട് തന്നെ വീറോടെ പറയും..." "ഇത്രക്കും ഇഷ്ടമുണ്ടായിരുന്നോ എന്നോട്... " അത്ഭുതം കൂറിക്കൊണ്ടവൻ പാറുവിൽ മനോഹരമായൊരു പുഞ്ചിരി വിടർന്നു.. "അന്നും ഇന്നും ആ ഇഷ്ടം കൂടിയിട്ടേയുള്ളൂ... ഒട്ടും കുറവ് വന്നിട്ടില്ല... " പ്രണയാർദ്രമായി പറഞ്ഞുകൊണ്ട് അവന്റെ നെറ്റിയിലേക്ക് നെറ്റിമുട്ടിച്ചു... എട്ടും പൊട്ടും തിരിയാത്ത പ്രായത്തിലുള്ള പെണ്ണിന്റെ പ്രണയം ഇന്നിവിടെ വരെ എത്തി നിൽക്കുന്നു എന്നതവനിൽ അവളോടുള്ള ഇഷ്ടത്തെ വർധിപ്പിച്ചു...ഇത്രയേറെ തന്നെ സ്നേഹിക്കുന്ന പെണ്ണിനെ കിട്ടാൻ മുൻജന്മത്തിൽ താനെന്തോ സുകൃതം ചെയ്തിട്ടുണ്ടെന്നവൻ വിശ്വസിച്ചു... അതേ ആവേശത്തോടെ അരയിലൂടെ ചുറ്റിപ്പിടിച്ച് അവളേയും വലിച്ചു വെള്ളത്തിലേക്കിട്ട് അധരങ്ങൾ കവർന്നെടുക്കുമ്പോൾ പെണ്ണിന്റെ മുഖം താമരപ്പൂ പോലെ ചുവന്നു പോയിരുന്നു.........കാത്തിരിക്കൂ......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story