നീയും ഞാനും.. 🧡 ഭാഗം 77

neeyum njanjum shamseena

രചന: ശംസീന

വർഷങ്ങൾ കടന്നു പോയി.. "ടീച്ചറേ.. ടീച്ചറേ.. " ഉമ്മറത്തു നിന്നും കൊഞ്ചിയുള്ള നീട്ടിവിളി കേട്ടതും ടീച്ചർ തിടുക്കത്തിലവിടേക്ക് നടന്നു... അപ്പോഴേക്കും നിറയെ മണികളുള്ള കിലുങ്ങുന്ന കൊലുസുമിട്ടവൾ അകത്തേക്ക് കയറിയിരുന്നു.. "വന്നോ ടീച്ചർടെ കുറുമ്പി... " ടീച്ചറവളെ കണ്ടതേ വാരിയെടുത്തു ഉമ്മവെച്ചു... അനുമോളെ കാണുമ്പോഴേപ്പോഴും ടീച്ചർക്ക് ഓർമ വരുന്നത് കുഞ്ഞി പാറുവിനെയാണ്... അവളും കൊച്ചിലേ ഇങ്ങനെയായിരുന്നു. ഉമ്മറത്തു നിന്ന് നീട്ടിയൊരു വിളിയാണ് ടീച്ചറേയെന്ന്... "താഴെയിറക്കിയിക്ക് ടീച്ചറേ..." നിമിഷ തിണ്ണയിലേക്കിരുന്ന് പറഞ്ഞു.. "സാരമില്ല..ഇവിടെ വരുമ്പോഴല്ലേയുള്ളൂ..നിന്റെ അച്ഛമ്മ കണ്ടോ ഇവിടേക്ക് വരുന്നത്..." "ഇല്ലന്നേ.. ഞാനും അമ്മയും ഒളിച്ചു വന്നതാ.. മോൾക്ക് അംഗനവാടിയിൽ പോവേണ്ടേ... " കൊച്ചരി പല്ലുകൾ കാണിക്കാതെ വാ മൂടി ചിരിച്ചു... "കുറുമ്പി... " ടീച്ചറവളുടെ മൂക്കിൻ തുമ്പിൽ പിടിച്ചു..

"അപ്പച്ചി എന്തിയേ... " ചോദിക്കുന്നതിനൊപ്പം അവൾ ടീച്ചറുടെ ദേഹത്ത് നിന്നും ഊർന്നിറങ്ങി.. "മോൾടെ അപ്പച്ചി ജോലിക്ക് പോയല്ലോ.. ദേ ഇപ്പൊ ഇറങ്ങിയതേയുള്ളൂ... " അവളുടെ മുഖം വാടി.. "അച്ചോടാ അപ്പോഴേക്കും പിണങ്ങിയോ.. ടീച്ചറ് നിനക്കൊരു കൂട്ടം എടുത്ത് വെച്ചിട്ടുണ്ട്... " അവളുടെ ചെവിയിൽ പതിയെ പറഞ്ഞ് ടീച്ചർ തിരിഞ്ഞ് അടുക്കളയിലേക്ക് നടന്നു...അനു അക്ഷമയോടെ നിമിഷയുടെ അടുത്ത് ചെന്നിരുന്നു.. തിരികെ വരുമ്പോൾ ഒരു ഭരണി നിറയെ എള്ള് മിട്ടായിയുമുണ്ടായിരുന്നു... അനു കൊതിയോടെ ടീച്ചറുടെ കയ്യിൽ നിന്നും ഭരണി വാങ്ങി... നിമിഷയത് തുറന്ന് കൊടുത്തതും അവളൊരെണ്ണമെടുത്ത് വായിലിട്ടു.. "ഒറ്റയടിക്ക് തിന്നരുത് കേട്ടോ.. " വാത്സല്യത്തോടെ ടീച്ചറവളെ ശാസിച്ചപ്പോൾ സമ്മതമെന്നോണം തലകുലുക്കി..

"ടീച്ചറേ ഞങ്ങള് പോകുവാണേ... ഇനിയും നിന്നാൽ ചിലപ്പോഴെനിക്ക് കോളേജിലെത്താൻ വൈകും... " "നാളെ നേരത്തെ വാ... അപ്പോഴേ അപ്പച്ചിയെ കാണാൻ പറ്റൂ... " മിട്ടായി കഴിച്ചിരിക്കുന്ന മോൾടെ കവിളിൽ നുള്ളി ടീച്ചർ പറഞ്ഞു... നിമിഷ യാത്ര പറഞ്ഞു അവിടെ നിന്നിറങ്ങി..... അനുവിനെ നഴ്സറിയിൽ വിട്ട് അതുവഴി കോളേജിലേക്ക് പോയി...ജിത്തു വർക്ക്‌ ചെയ്യുന്ന അതേ കോളേജിൽ തന്നെ ഗസ്റ്റ് ലച്ചറായി നിമിഷ പോവുന്നുണ്ട്.... അവൾ ഫോണെടുത്തു വിച്ചുവിനെ വിളിച്ചു. വൈകീട്ട് മോളെ നഴ്സറിയിൽ നിന്നും എടുത്ത് വീട്ടിലിറക്കണമെന്ന് പറഞ്ഞു.. വിച്ചു പുതിയ ഷോപ്പിന്റെ ഉൽഘാടന തിരക്കിലാണ്... പഴയ ഷോപ്പ് പൊളിച്ച് അവിടെ വലിയൊരു സൂപ്പർ മാർക്കറ്റാണ് തുടങ്ങാൻ പോവുന്നത്.. *****

കയ്യിലുള്ള റിപ്പോർട്ടിലേക്ക് പാറു വിശ്വാസം വരാത്തത് പോലെ വീണ്ടും വീണ്ടും നോക്കി... സന്തോഷത്താൽ മിഴിക്കോണിലൊരു നീർതുള്ളി പൊടിഞ്ഞു...ചൊടികൾ പുഞ്ചിരി പൊഴിച്ചു.. ഹൃദയം പെരുമ്പറ മുഴക്കി...റിസൾട്ട്‌ വേഗത്തിൽ ബാഗിലേക്ക് വെച്ച് വീട്ടിലേക്ക് തിരിച്ചു... പതിവില്ലാതെ നേരത്തെ വരുന്ന പാറുവിനെ കണ്ട് ടീച്ചർ കാര്യം തിരക്കിയെങ്കിലും അവളൊന്നും വിട്ടു പറഞ്ഞില്ല.. കവിളിലൊരുമ്മ കൊടുത്ത് അകത്തേക്ക് കയറിപ്പോയി.. ജിത്തു കോളേജിൽ നിന്നും വരുന്നത് വരെ വെരുകിനെ പോലെ അവളുമ്മറത്തൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കാൻ തുടങ്ങി... ബുള്ളറ്റിന്റെ ശബ്‍ദം കേട്ടതും അവൾ കിച്ചണിലേക്കോടി ചായക്കുള്ള വെള്ളം വെച്ചു... "താനിന്ന് നേരത്തേ വന്നോ..! " "മ്മ്.. " തേയില ഇടുന്നതിനിടയിൽ അവളലസമായൊന്ന് മൂളി.. സാധാരണ ജിത്തു വന്നു കഴിഞ്ഞാണ് പാറു വരാറുള്ളത്.. "ഞാനൊന്ന് ഫ്രഷായിട്ട് വരാം.. "

അവൻ മുകളിലെ മുറിയിലേക്ക് പോയതും സ്റ്റെപ് വരെ അവളും ചെന്നു... അവൻ വരുന്നതും നോക്കി അക്ഷമയോടെ കാത്ത് നിന്നു.. ഡ്രസ്സഴിച്ച് ഹാങ്കറിൽ കിടന്നിരുന്ന ടർക്കി എടുത്തുടുക്കുമ്പോഴാണ് ടേബിളിലിരിക്കുന്ന പേപ്പർ ശ്രദ്ധിച്ചത്... ആദ്യമത് പാറുവിന്റെയായിരിക്കും എന്ന് കരുതി ഗൗനിച്ചില്ലെങ്കിലും പിന്നീടെന്തോ ഉൾപ്രേരണയോടെ അതെടുത്ത് വായിച്ചു നോക്കിയത്... സന്തോഷം കൊണ്ടോ സങ്കടം കൊണ്ടോ കണ്ണുകൾ നിറഞ്ഞൊഴുകി... പെട്ടന്ന് തന്നെ ഫ്രഷായി താഴേക്കോടി.. മിഴികൾ അവളെ തേടി അകത്തളങ്ങളിൽ ഓടി നടന്നു... അടുക്കള വാതിൽ പുറം തിരിഞ്ഞു നിൽക്കുന്നവളെ കണ്ടതും പിന്നിലൂടെ ചെന്നവൻ ഇറുകെ പുണർന്നു.. "ഇതെപ്പോ.. " ചെവിയിടുക്കും കവിളും ചേർത്ത് ചുംബിക്കുന്നതിനിടയിലവൻ തിരക്കി... കാറ്റുപോലെ അവന്റെ ആകാംഷ നിറഞ്ഞ സ്വരം അവളിൽ പുഞ്ചിരി വിടർത്തി.. തിരിഞ്ഞു നിന്ന് ആ നെഞ്ചോട് ചേരുമ്പോൾ ഹൃദയത്തിൽ അവനായി ഒരായിരം പൂക്കാലമൊരുങ്ങിയിരുന്നു...

ജിത്തു അവളുടെ താടിത്തുമ്പുയർത്തി... "പറയെടോ... താനെന്നോടൊന്ന് സൂചിപ്പിച്ചു കൂടിയില്ലല്ലോ... " അവന്റെ മിഴികൾ തിളങ്ങി.. "അങ്ങനെ പറഞ്ഞിരുന്നേൽ ഈ സന്തോഷമെനിക്ക് കാണാൻ കഴിയുമായിരുന്നോ...!" തിരിച്ചവളും ചോദിക്കേ ചേർത്തി നിർത്തി നെറ്റിയിൽ അമർത്തി ചുംബിച്ചു.. "എനിക്കൊരു ഡൌട്ടുണ്ടായിരുന്നു.. ഡേറ്റ് തെറ്റി ഒരാഴ്ച്ച കഴിഞ്ഞിരുന്നല്ലോ..കാർഡിൽ നോക്കിയപ്പോൾ നെഗറ്റീവ് ആയിരുന്നു പിന്നെ രണ്ടും കൽപ്പിച്ച് ബ്ലഡ്‌ ടെസ്റ്റ്‌ എടുത്തു... റിസൾട്ട്‌ കിട്ടിയ ഉടനെ ജിത്തേട്ടനെ അറിയിക്കാൻ കരുതിയതായിരുന്നു പിന്നെ തോന്നി സർപ്രൈസ് ആയിക്കോട്ടെന്ന്.. " നിറഞ്ഞ ചിരിയോടെ പറയുന്നവളെ മതിവരാതെ വീണ്ടും ചുംബനങ്ങൾ കൊണ്ട് മൂടി.. "അമ്മയോട് പറഞ്ഞോ.. " അവളില്ലെന്ന് തലകുലുക്കിയതും അവൻ അവളേയും കൂട്ടി അമ്മയുടെ അരികിലേക്ക് ചെന്നു... തിണ്ണയിലിരിക്കുന്ന അമ്മയുടെ മടിയിലേക്ക് തലചായ്ച്ചു കിടന്നു ആ വിരലുകളിൽ വെറുതെ തഴുകി...

പാറുവും ടീച്ചറുടെ അടുത്തായി വന്നിരുന്നു.. "എന്താണ് രണ്ട് പേരും കൂടെ.. എന്തോ കള്ളത്തരമുണ്ടല്ലോ... " പതിവില്ലാത്ത അവരുടെ ചമ്മലും ജാള്യതയുമൊക്കെ കാണെ ടീച്ചർ തിരക്കി.. "കള്ളത്തരമൊന്നുമല്ല, അമ്മക്ക് സന്തോഷം തരുന്ന കാര്യമാ... " "എനിക്ക് സന്തോഷം തരുന്നതോ... " ടീച്ചർ മിഴികൾ ചുരുക്കി അവരെ തന്നെ നോക്കി... "പഴയ ആട്ട് തൊട്ടിലൊക്കെ പൊടിതട്ടിയെടുത്തോ.. ഉടനെ അച്ഛമ്മേ എന്ന് വിളിക്കാനൊരാള് കൂടെ വരുന്നുണ്ട്... " ആദ്യത്തെ അമ്പരപ്പ് മാറിയതും അവർ പാറുവിന് നേരെ തിരിഞ്ഞു.. "നേരോ.. " ആകാംഷയോടെ ചോദിച്ചതും അവൾ നാണത്താൽ മുഖം താഴ്ത്തി പുഞ്ചിരി തൂകി... ടീച്ചറവളെ ചേർത്ത് പിടിച്ചു നെറ്റിയിൽ മുത്തമിട്ടു... സന്തോഷം കൊണ്ടവരുടെ കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.. ഏറെ നാളായി കൊതിക്കുന്നതാണ് ഒരു പേരക്കുട്ടിക്ക് വേണ്ടി.. ജ്യോതിക്ക് രണ്ടെണ്ണമുണ്ടെങ്കിലും ആണ്ടിലൊരിക്കൽ വരുന്നത് കൊണ്ട് അവരെ മതിവരുവോളം സ്നേഹിക്കാനോ കൊഞ്ചിക്കാനോ കിട്ടാറില്ല..

പിന്നെ ആകെയൊരു ആശ്വാസമെന്ന് പറയുന്നത് അനുമോളായിരുന്നു... ഇവരുടെ സ്വകാര്യതയിൽ കയറി ഇടപെടേണ്ടയെന്ന് കരുതിയാണ് കുഞ്ഞിനെ കുറിച്ച് അവരോട് പറയാതിരുന്നത്.. ഇപ്പോഴതും സാധ്യമായിരിക്കുന്നു.. മാസങ്ങൾ കഴിഞ്ഞാൽ ഒരു പിഞ്ചോമന തങ്ങളുടെ വീട്ടിലേക്കും വരവറിയിച്ചിരുന്നു..ആനന്ദം പൂണ്ടവർ അപ്പോൾ തന്നെ ജ്യോതിയേയും നിമിഷയേയും വിളിച്ച് വിവരം പറഞ്ഞു..രാത്രിയോട് രാത്രി വിച്ചുവും നിമിഷയും കുറേ മധുരപലഹാരങ്ങളും വാങ്ങി അവളെ കാണാനായി വന്നു... ****** ദിവസങ്ങൾ പോകെ പാറുവിൽ ഗർഭാലസ്യങ്ങൾ തുടങ്ങി... ഒന്നും കഴിക്കാൻ പറ്റാതെ എപ്പോഴും ശർദ്ധിലായിരിക്കും... ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും ഹോസ്പിറ്റലിൽ കൊണ്ടുപോയി ഡ്രിപ്പിട്ട് കിടത്തും...

അപ്പൊ ഒരാശ്വാസം തോന്നുമെങ്കിലും പിറ്റേന്ന് വീണ്ടും തുടങ്ങും... ടീച്ചറും ജിത്തുവും അവളുടെ ഇടം വലം നിന്ന് പരിചരിച്ചു... അമ്മയില്ലാത്ത കുറവ് അവളെ അറിയിക്കാതെ അവളുടെ ഓരോ കാര്യങ്ങളും ടീച്ചർ കണ്ടറിഞ്ഞു ചെയ്തു കൊടുത്തു... "അപ്പച്ചി.. " ഉമ്മറത്തിരിക്കുന്ന പാറുവിന്റെ അടുത്തേക്ക് അനുമോൾ ഓടിവന്നു.. "ഉണ്ണി എപ്പോഴാ വരാ... " വീർത്തുന്തിയ വയറിൽ കൈ ചേർത്ത് വെച്ച് കൊണ്ട് കൊഞ്ചലോടെ ചോദിച്ചു.. "ഇനി ഒരു മാസം കൂടെ ഉണ്ടെടാ.. " പാറു അവളുടെ തലയിൽ തഴുകി വാത്സല്യത്തോടെ പറഞ്ഞു.. ജോലിക്കൊന്നും പോകാതെ പാറു വീട്ടിൽ തന്നെയുള്ളത് കൊണ്ട് അവിടുത്തെ സ്ഥിരം സന്ദർശകയാണ് അനു.. മീര ഇടയ്ക്കവളെ കാണാൻ വരും... രണ്ട് മാസം കഴിഞ്ഞാൽ പെണ്ണിന്റെ വിവാഹമാണ് ഇപ്പോഴേ അതിനുള്ള ഓട്ടത്തിലാണ്........കാത്തിരിക്കൂ......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story