നീയും ഞാനും.. 🧡 ഭാഗം 78 || അവസാനിച്ചു

neeyum njanjum shamseena

രചന: ശംസീന

പാറുവിന് ഒമ്പത് മാസമായി.. ലാസ്റ്റ് സ്കാനിങ്ങിൽ കുഞ്ഞിന് കുഴപ്പമൊന്നുമില്ലെന്നും ഏത് നിമിഷവും ഡെലിവറി പ്രതീക്ഷിക്കാമെന്നും ഡോക്ടർ പറഞ്ഞു... വേദന വന്നാലുടനെ ഹോസ്പിറ്റലിൽ വന്നു അഡ്മിറ്റാവാനും പറഞ്ഞിട്ടുണ്ട്... പൊതുവെ മെലിഞ്ഞിരുന്ന പാറു ഇപ്പോഴൊന്ന് തടിച്ചിട്ടുണ്ട്... മുഖത്തും കാലിലുമെല്ലാം നീര് വന്നു വീർത്തിട്ടുണ്ട്.. ഇടക്ക് ജിത്തു കാല് തടവി കൊടുക്കും.. കവിളിൽ കുത്തി കുറുമ്പോടെ ഗുണ്ടുമണി എന്ന് വിളിക്കും... രാത്രിയിലെ അത്താഴമൊക്കെ കഴിഞ്ഞ് ഹാളിലെ സോഫയിൽ ഇരിക്കുകയായിരുന്ന പാറുവിന്റെ അരികിലായി നിലത്ത് ജിത്തു വന്നിരുന്നു.. നീര് വന്നു വീർത്ത കാലെടുത്ത് മടിയിലേക്ക് വെച്ച് പതിയെ തടവികൊണ്ടിരുന്നു.. പാറു ടിവി യിൽ ശ്രദ്ധിച്ചിരിക്കുവാണ്.. ഇടക്ക് മിഴികളൊന്ന് പാളിയപ്പോൾ കണ്ടത് തന്നെ തന്നെ നോക്കിയിരിക്കുന്ന ജിത്തുവിനെയാണ്... "ജിത്തേട്ടനെന്താ എന്നെ ആദ്യമായിട്ട് കാണുന്ന പോലെ നോക്കുന്നേ.. " "ചുമ്മാ. എനിക്കെന്റെ പെമ്പറന്നോത്തിയെ നോക്കാനും പാടില്ലേ... " കപട ഗൗരവം നടിച്ചവൻ മുഖം വെട്ടിച്ചു... ഗർഭിണിയാണെന്നറിഞ്ഞതിൽ പിന്നെ അവളുടെ കുട്ടിത്തമെല്ലാം പോയി ഒരു പക്വത നിറഞ്ഞ സ്ത്രീയെ പോലെയായിരുന്നു.. അത് പെരുമാറ്റത്തിലും പ്രകടമായിരുന്നു... ജിത്തുവിന് പഴയ കുറുമ്പുള്ള പാറുവിനെ വല്ലാണ്ട് മിസ്സ് ചെയ്തു... "ജിത്തേട്ടാ ഞാനൊരു കാര്യം ചോദിച്ചോട്ടെ... " "നിനക്കെന്നുമുണ്ടാവുമല്ലോ ഓരോ കാര്യം ചോദിക്കാൻ.. മ്മ് എന്തായാലും ചോദിക്ക്.. " ജിത്തു ഗൗരവത്തോടെ പറഞ്ഞ് വീണ്ടും കാലിൽ തടവിയിരുന്നു ... "വാവ വന്നാൽ എന്നോടായിരിക്കുമോ വാവയോടായിരിക്കുമോ ജിത്തേട്ടന് കൂടുതൽ സ്നേഹം... " അവന്റെ മറുപടി കേൾക്കാൻ അവൾ കുറുമ്പോടെ കാതത് കൂർപ്പിച്ചിരുന്നു.. "ഇത് തന്നെയല്ലേ മിനിഞ്ഞാന്നും ചോദിച്ചത്... " അവൻ നെറ്റിച്ചുളിച്ചു.. "പറ ജിത്തേട്ടാ... " "എത്ര വാവമാര് വന്നാലും എനിക്കെന്നും പ്രിയം എന്റെ കുഞ്ഞനോടായിരിക്കും.. നിന്നെ കഴിഞ്ഞേ എനിക്ക് മാറ്റാരുമുള്ളൂ... പോരെ.. " അളവറ്റ സ്നേഹത്തോടെ ജിത്തു അവളുടെ കവിളിൽ പിടിച്ചു വലിച്ചു.. പെണ്ണിനിത് ഇടക്കിടക്ക് കേൾക്കണം ഇല്ലേൽ ഒരു സമാധാനമില്ലായ്മയാണ്.. "എന്റെ കുഞ്ഞി പാറുവിന് ഒട്ടും കുശുമ്പില്ലാല്ലേ... " അവൻ കുസൃതിയോടെ അവളെ നോക്കി.. "ന്റെ ജിത്തേട്ടന്റെ കാര്യത്തിൽ എനിക്ക് കുറച്ച് കുശുമ്പ് കൂടുതലാ... " പാറു പരിഭവത്തോടെ മുഖം വീർപ്പിച്ചു.. "മതി മതി രണ്ടാളുമിരുന്ന് കൊഞ്ചിയത്.. പോയി കിടന്നുറങ്ങാൻ നോക്കിക്കേ... " ടീച്ചർ ശാസനയോടെ പറഞ്ഞതും ജിത്തു അവളെ എഴുന്നേൽപ്പിച്ച് മുറിയിലേക്ക് കൊണ്ടുപോയി.. വിശേഷം ഉണ്ടെന്നറിഞ്ഞതിൽ പിന്നെ കിടത്തം താഴത്തെ മുറിയിലേക്ക് മാറ്റിയിട്ടുണ്ട്... അവളോട് കിടന്നോളാൻ പറഞ്ഞിട്ട് ജിത്തു ഫ്രഷാവാൻ കയറി... തിരികെ ഇറങ്ങുമ്പോൾ വയറിൽ അമർത്തി പിടിച്ചിരിക്കുന്ന പാറുവിനെയാണ് കാണുന്നത്.. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്... "എന്താ.. എന്തു പറ്റി... " ജിത്തു അവളുടെ അടുത്തേക്ക് ഓടി വന്നു ചോദിച്ചു.. "വേദനയെടുക്കുന്നു.. ആഹ്.. " വേദനകൊണ്ടവൾ ചുണ്ടിനെ കടിച്ചു പിടിച്ചു.. "അമ്മേ.. അമ്മേ... " ജിത്തുവിന്റെ ഉച്ചത്തിലുള്ള വിളി കേട്ട് ടീച്ചർ ഓടി വന്നു.. "അയ്യോ എന്തു പറ്റി... " വേദനകൊണ്ട് പുളയുന്ന പാറുവിനെ അവർ ചേർത്ത് പിടിച്ചു.. "അമ്മ ഇവളേയും കൊണ്ട് ഉമ്മറത്തേക്ക് വാ.. ഞാൻ കാറെടുക്കട്ടെ.. " ജിത്തു ധൃതിയിൽ പുറത്തേക്കോടി.. ടീച്ചറപ്പോഴേക്കും കൊണ്ടു പോവാനുള്ള സാധനങ്ങളൊക്കെ എടുത്ത് ഉമ്മറത്തേക്ക് വെച്ച് പാറുവിനേയും കൊണ്ടവിടേക്ക് ചെന്നു... ജിത്തു ഓടിവന്ന് സാധനങ്ങൾ കാറിൽ വെച്ചു. ഒപ്പം അവളേയും എടുത്ത് കാറിലേക്ക് കയറ്റി... ടീച്ചറും വാതിൽ പൂട്ടി വണ്ടിയിലേക്ക് കയറിയതും ജിത്തു വേഗത്തിൽ ഹോസ്പിറ്റലിലേക്ക് തിരിച്ചു.. ഇടക്ക് വിച്ചുവിനേയും ജ്യോതിയേയും വിളിച്ച് വിവരം പറഞ്ഞു... ****** ആശുപത്രിയിൽ എത്തിയ ഉടനെ നേരെ ലേബർ റൂമിലേക്ക് കയറ്റി... സെക്കന്റുകൾ മിനിറ്റുകളായി മിനിറ്റുകൾ മണിക്കൂറുകളായി എന്നിട്ടും അകത്തേക്ക് കയറ്റിയ പാറുവിന്റെ യാതൊരു വിവരവും ഇല്ലായിരുന്നു.. ഇടക്കൊരു നഴ്സ് വന്നു മാറിയിടാനുള്ള നൈറ്റി വാങ്ങി പോയി.. അവരോട് ചോദിച്ചപ്പോൾ ഉടനെ പ്രസവം ഉണ്ടാവുമെന്ന് പറഞ്ഞു... ജിത്തു അസ്വസ്ഥതമായ മനസ്സോടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു... അകത്തേക്ക് കയറിയവളേക്കാൾ ടെൻഷനാണ് ഇവനെന്ന് ടീച്ചർ മനസ്സിലോർത്തു... കുറച്ച് കഴിഞ്ഞപ്പോൾ നിമിഷയും വിച്ചുവും കൂടി വന്നു...വിച്ചുവിനെ കണ്ടപ്പോൾ അവന്റെ വേവലാതിക്കും ഒരാക്കമുണ്ടായി... വീണ്ടും സമയം ഇഴഞ്ഞു നീങ്ങി... ലേബർ റൂമിന്റെ വാതിൽ തുറക്കുന്ന ചിലമ്പിച്ച ശബ്ദം കേട്ടതും അവരുടെ നോട്ടം അങ്ങോട്ട് പാഞ്ഞു... കയ്യിലൊരു കുഞ്ഞുമായി പുറത്തേക്ക് വന്ന നഴ്സ് ചുറ്റുമൊന്ന് കണ്ണുകൾ പായിച്ചു... "പാർവണ ജിതിൻ..." അവരുച്ചത്തിൽ വിളിച്ചു ചോദിച്ചതും ജിത്തു അവരുടെ അടുത്തേക്ക് പാഞ്ഞു.. പിന്നാലെ മറ്റുള്ളവരും... "പെൺകുഞ്ഞാ... " റോസ് ടർക്കിയിൽ പൊതിഞ്ഞ കുഞ്ഞിനെ ജിത്തുവിന്റെ കയ്യിലേക്ക് വെച്ചു കൊടുത്തവർ പറഞ്ഞു... അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി... "തന്റെ ചോരാ... ഞങ്ങളുടെ പ്രണയത്തിന്റെ അവശേഷിപ്പ്... " ഹൃദയം മന്ത്രിച്ചു...ഇറുകെ പിടിച്ചു കിടക്കുന്ന കുഞ്ഞി കൈകളിൽ പതിയെ മുത്തമിട്ടു... "ആളെ കുറച്ച് കഴിഞ്ഞാൽ മുറിയിലേക്ക് മാറ്റും... " നോട്ടം അകത്തേക്ക് പാഞ്ഞതും അതിനർത്ഥം മനസ്സിലായത് പോലെ സിസ്റ്റർ പുഞ്ചിരിയോടെ പറഞ്ഞു... ജിത്തുവിന്റെ കയ്യിൽ നിന്നും ടീച്ചർ മോളെ വാങ്ങി നെഞ്ചോട് ചേർത്തു... വിച്ചു മോൾടെ കാൽ വെള്ളയിൽ മുത്തമിട്ടു.. "പാറുവിനെ പോലെ തന്നെ അല്ലേ വിച്ചു... " അവളിൽ നിന്നും കണ്ണെടുക്കാതെ നിമിഷ പറഞ്ഞു... "ഇനി കുറച്ച് കഴിഞ്ഞ് തരാം... പാല് കുടിപ്പിക്കാനുണ്ട്... " സിസ്റ്റർ കുഞ്ഞിനെ വാങ്ങി തിരികെ അകത്തേക്ക് പോയി... ആശുപത്രിയിലുണ്ടായിരുന്നവർക്ക് വിച്ചുവും ജിത്തുവും കൂടെ മധുരം കൊടുത്ത് സന്തോഷം പങ്കുവെച്ചു... ****** കുറച്ച് കഴിഞ്ഞ് പാറുവിനേയും കുഞ്ഞിനേയും മുറിയിലേക്ക് മാറ്റി... അപ്പോഴേക്കും ജ്യോതിയും കിരണും പിള്ളേരും വന്നിട്ടുണ്ടായിരുന്നു... അവരെല്ലാം കുഞ്ഞിനെ കാണാൻ തിക്കും തിരക്കും കൂട്ടി... ജിത്തുവിന് പാറുവിനോട് സംസാരിക്കണമെന്നുണ്ടെങ്കിലും എല്ലാവരും മുറിയിൽ തന്നെ ഇരിക്കുന്നത് കൊണ്ടവൻ ഒഴിഞ്ഞു നിന്നു... "എല്ലാവരുമൊന്ന് പുറത്തേക്കിറങ്ങിക്കെ കുഞ്ഞിന് പാല് കൊടുക്കാൻ സമയമായി... " ജിത്തുവിന്റെ മനസ്സറിഞ്ഞ പോലെ ടീച്ചർ പറഞ്ഞു... കാര്യം മനസ്സിലായതും വിച്ചു ജിത്തുവിനെ കൂർപ്പിച്ചോന്ന് നോക്കി പുറത്തേക്കിറങ്ങി...കുഞ്ഞിനെ പാറുവിന്റെ മാറോട് ചേർത്ത് കൊടുത്തിട്ട് ടീച്ചർ വാതിൽ ചാരി പുറത്തേക്കിറങ്ങി... ജിത്തു അവളുടെ അരികിലേക്കിരുന്നു.. ഒത്തിരി വേദന സഹിച്ചതിന്റെയാവാം മുഖമാകെ കരഞ്ഞു വീർത്തിരുന്നു.. അവനവളുടെ കൺ തടത്തിൽ പതിയെ തലോടി... "ഒരുപാട് വേദന സഹിച്ചല്ലേ.. " നോവോടെ ജിത്തു അവളെ നോക്കി.. "ഇല്ലന്നേ... അതൊക്കെ അപ്പോ തന്നെ പോയില്ലേ...വേദന സഹിച്ചെങ്കിലെന്താ എന്റെ ജിത്തേട്ടന്റെ ആഗ്രഹം പോലെ ഒരു പെൺകുഞ്ഞിനെ നമുക്ക് കിട്ടിയില്ലേ..." പാറുവിന്റെ വിരലുകൾ കുഞ്ഞു മുഖമാകെ ഒഴുകി നടന്നു... ജിത്തു അവളെ ചേർത്ത് പിടിച്ച് നെറ്റിയിൽ അമർത്തി ചുംബിച്ചു... ****** മൂന്ന് ദിവസത്തിന് ശേഷം പാറുവിനെ ഡിസ്ചാർജ് ചെയ്തു വീട്ടിലേക്ക് കൊണ്ടു വന്നു.. ടീച്ചർ തന്നെയാണ് പ്രസവ രക്ഷയും മറ്റും നോക്കുന്നത്.. ജിത്തു സഹായത്തിനൊരാളെ നിർത്താമെന്ന് പറഞ്ഞെങ്കിലും അവരതിന് സമ്മതിച്ചില്ല... അനു ഇപ്പൊ നഴ്സറിയിലേക്കൊന്നും പോവാതെ പാറുവിന്റെ അടുത്താണ്..ലതയുടെ കയ്യിൽ നിന്ന് അവൾക്കതിന് നല്ല വഴക്കും കേൾക്കാറുണ്ട്.. അനു കുഞ്ഞിനെ കൊഞ്ചിച്ചു അടുത്ത് നിന്നും മാറാതെ അവിടെ നിൽക്കും...പാറുവിന്റെയും കുഞ്ഞിന്റെയും കാര്യമൊക്കെ അറിഞ്ഞെങ്കിലും ലത ഇപ്പോഴും പിണക്കത്തിൽ തന്നെയാണ്... മീര നിറയെ കുഞ്ഞുടുപ്പുകൾ വാങ്ങി മോളെ കാണാൻ വന്നു... പ്രവിയും കാവേരിയും വീഡിയോ കാളിൽ കുഞ്ഞിനെ കാണാൻ വിളിക്കാറുണ്ട്.. കാവേരി ഇപ്പോൾ യുകെ യിൽ സെറ്റിൽഡാണ്.. മൂന്ന് വയസ്സുള്ളൊരു മോനുണ്ട്..അടുത്തത് ഓൺ ദി വേയാണ്... എണ്ണ തേച്ചിട്ടുള്ള ഇരിപ്പും തൈലം തേച്ച് ചൂട് വെള്ളത്തിലുള്ള കുളിയുമൊക്കെ പാറുവിൽ അസ്വസ്ഥതയുണ്ടാക്കിയിരുന്നു..പിന്നെ ഹോർമോൺ ചേഞ്ചസും... സങ്കടവും ദേഷ്യവും എല്ലാം കൂടെ ചിലപ്പോൾ ഒരുമിച്ച് വരും... പുറത്തേക്കത് പ്രകടിപ്പിക്കാൻ കഴിയാത്തത് കൊണ്ട് ആരോടും ഒന്നും മിണ്ടാതെ തനിച്ചിരിക്കും... കുഞ്ഞിന്റെ നൂല് കെട്ട് കഴിഞ്ഞു... ടീച്ചറുടെ അമ്മയുടെ പേരായ മഹാലക്ഷ്മി എന്നായിരുന്നു പേര് വിളിച്ചത്...ആളും ബഹളവും ഒഴിഞ്ഞപ്പോഴേക്കും നേരം രാത്രിയായിരുന്നു... തലവേദന മൂലം പാറു നേരത്തേ കിടന്നു...പകലുറങ്ങാൻ സമയം കിട്ടാത്തത് കൊണ്ട് കിടന്നതേ അവളുറങ്ങി... **** "ദേ അച്ഛമ്മേ നോക്കിയേ... ലച്ചു മോള്.. എന്തൊരു സുന്ദരിയാ... " നൂല് കെട്ടിന്റെ ഫോട്ടോ നിമിഷയുടെ ഫോണിൽ പകർത്തിയിരുന്നത് അനു ലതയ്ക്ക്‌ കാണിച്ചു കൊടുത്തു...ഒന്ന് നോക്കിയ ശേഷം മുഖം വെട്ടിച്ചവർ മുറിയിലേക്ക് കയറിപ്പോയി.. കുളത്തിന്റെ കരയിലൊരു പെൺകുട്ടി നിൽക്കുന്നു...തിരിഞ്ഞു നിൽക്കുന്നത് കൊണ്ട് മുഖം വ്യക്തമല്ല.. എന്നാൽ അവളുടെ തേങ്ങലുകൾ കാതിൽ വന്നു പതിക്കുന്നുണ്ട്... ലത മെല്ലെ അവളുടെ അരികിലേക്ക് നടന്നു... അടുത്തെത്തുന്തോറും കരച്ചിലിന്റെ ആക്കം കൂടി വന്നു... അവ ചെവിയിലേക്ക് തുളഞ്ഞു കയറുന്നു... പെട്ടന്നവൾ അമ്മേ എന്ന് വിളിച്ചിട്ട് കുളത്തിലേക്ക് ചാടി...നിലവിളിച്ചു കൊണ്ട് ലത അടുത്തെത്തിയപ്പോഴേക്കും അവൾ കുളത്തിന്റെ അടിത്തട്ടിലേക്ക് താഴ്ന്നു പോയിരുന്നു.. "മോളെ... " ലത സ്വപ്നത്തിൽ നിന്നും ഞെട്ടിയുണർന്നു... അവരാകെ വിയർത്തു കുളിച്ചിരുന്നു.. പരവേഷത്തോടെ അടുത്തിരുന്ന ജഗ്ഗിലെ വെള്ളമെടുത്ത് വായിലേക്കൊഴിച്ചു.. "എന്താ എന്തുപറ്റി... " നിലവിളി കേട്ട് നിമിഷയും വിച്ചുവും ഓടി വന്നു... "നിക്കെന്റെ മോളെ ഇപ്പൊ കാണണം.. " വിതുമ്പിക്കൊണ്ട് പറയുന്ന ലതയെ അവർ അതിശയത്തോടെ നോക്കിനിന്നു... **** "അമ്മേ... " ഇതേ സമയം പാറുവും അമ്മയെ സ്വപ്നം കണ്ട് ഞെട്ടിയുണർന്നു കരയാൻ തുടങ്ങി... അടുത്ത് കിടന്നിരുന്ന ടീച്ചർ കാര്യം തിരക്കിയപ്പോൾ കരഞ്ഞുകൊണ്ട് എനിക്കമ്മയെ കാണണമെന്ന് മാത്രമാണവൾ പറഞ്ഞത്... അവളുടെ ഏങ്ങലടികൾ ഉച്ചത്തിലായപ്പോൾ ടീച്ചർ ജിത്തുവിനെ വിളിച്ചു... "ജിത്തേട്ടാ നിക്കെന്റെ അമ്മയെ കാണണം.. അമ്മക്കെന്തോ പറ്റിയിട്ടുണ്ട്... " അവളുടെ സങ്കടം സഹിക്കവയ്യാതെ ജിത്തു കുഞ്ഞിനെയുമെടുത്തു അവളേയും കൂട്ടി ലതയുടെ അടുത്തേക്ക് ചെന്നു.. ജിത്തുവിന്റെ വീട്ടിലേക്ക് പുറപ്പെടാനായി വാതിൽ തുറന്നിറങ്ങിയ ലതയും വിച്ചുവും കാണുന്നത് ഉമ്മറത്തു നിൽക്കുന്ന പാറുവിനേയും ജിത്തുവിനേയുമാണ്.. "മോളെ.. " ലത ഓടിച്ചെന്നവളെ മാറോട് ചേർത്തു...ആദ്യമായിട്ട് കാണുന്നത് പോലെ അവളുടെ മുഖമാകെ ചുംബനങ്ങൾ കൊണ്ട് മൂടി..അവരുടെ കണ്ണുനീർ അവളുടെ മുഖമാകെ പരന്നു... "അമ്മേ... " വിങ്ങലോടെ പാറു അവരെ നോക്കി.. "അമ്മയോട് ക്ഷമിക്കെടി.. പാപിയാ ഞാൻ മഹാപാപി... എന്റെ കുഞ്ഞിനെ ഞാനകറ്റി നിർത്തിയില്ലേ.. അമ്മയോട് ക്ഷമിക്കെടി... " പതം പറഞ്ഞവർ കരച്ചിലിന്റെ ആക്കം കൂട്ടി... അമ്മയുടേയും മോളുടെയും സ്നേഹം കാണെ കണ്ടു നിന്നവരുടെ കണ്ണുകളും നിറഞ്ഞു.. കുഞ്ഞിന്റെ കരച്ചിൽ കേട്ടതും ലത പാറുവിൽ നിന്നും അകന്ന് ജിത്തുവിന്റെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങി തെരുതെരെ ഉമ്മവെച്ചു...സന്തോഷം കൊണ്ടവരുടെ കണ്ണുകൾ അപ്പോഴും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു... ലത കുഞ്ഞിനേയും പാറുവിനേയും കൊണ്ട് അകത്തേക്ക് കയറി.. "വാടാ.. ഈ രംഗം ഞാൻ മുന്നേ മനസ്സിൽ കണ്ടതാ... " മുറ്റത്ത് തന്നെ നിൽക്കുന്ന ജിത്തുവിനേയും വിളിച്ച് അകത്തേക്ക് കയറുന്നതിനിടയിൽ വിച്ചു കുസൃതിയോടെ പറഞ്ഞു... ***** ദിവസങ്ങൾ കടന്നു പോയി... അകന്ന് നിന്നിരുന്ന ഇരു കുടുംബങ്ങളും പൂർണമായും ഒന്ന് ചേർന്നു... ലതയാണേൽ പാറുവിനെ സ്നേഹിച്ചു കൊല്ലുവാണ്.. ഇടക്ക് വിച്ചുവത് പറഞ്ഞു കളിയാക്കും... മൂന്ന് മാസം കഴിഞ്ഞ് പാറുവിനെ ഇന്ന് ജിത്തുവിന്റെ വീട്ടിലേക്ക് തിരികെ കൊണ്ടു പോകുവാണ്... അന്ന് രാത്രിയിൽ വന്നതിന് ശേഷം ലത അവളെ അങ്ങോട്ട് വീട്ടിട്ടിലായിരുന്നു.. ബാക്കിയുള്ള ശ്രുശ്രൂഷ ലതയും നിമിഷയും കൂടിയാണ് ചെയ്തത് .... ജിത്തുവും വീട്ടുകാരും കൂട്ടികൊണ്ട് പോകാൻ വരുന്നത് പ്രമാണിച്ച് ലത രാവിലെ തന്നെ അടുക്കളയിൽ കയറിയിട്ടുണ്ട്.. ചെറിയൊരു സദ്യക്കുള്ള പരിപാടിയിലാണാള് .. പാറു കൊണ്ടു പോവാനുള്ള സാധനങ്ങളൊക്കെ എടുത്ത് വെച്ചു... അതിനിടക്ക് മോള് കരഞ്ഞതും അവളെയെടുത്ത് പാല് കൊടുത്തു.. അപ്പോഴാണ് മുറ്റത്തൊരു വണ്ടി വന്നു നിന്ന ശബ്‍ദം കേട്ടത്.. നോക്കാതെ തന്നെ മനസ്സിലായിരുന്നു ആരായിരിക്കുമെന്ന്... പാല് കുടിച്ചു ഉറങ്ങിയ മോളെ കട്ടിലിലേക്ക് കിടത്തി അവൾ ഹാളിലേക്ക് ചെന്നു.. പാറുവിനെ കണ്ടതും ജിത്തുവിന്റെ മിഴികൾ വിടർന്നു... പാറു നാണത്താൽ പുഞ്ചിരി തൂകി അടുക്കളയിലേക്ക് വലിഞ്ഞു.. അവിടെയെത്തിയപ്പോൾ ടീച്ചറും ലതയും കൂടി ഭയങ്കര വർത്തമാനത്തിലാണ്... ഉച്ച കഴിഞ്ഞതും അവർ പോവാനായി ഇറങ്ങി... വിച്ചു മോൾക്ക് സ്വർണ കൊലുസും കുഞ്ഞു ജിമിക്കിയും വാങ്ങിയിട്ടുണ്ടായിരുന്നു... അതെല്ലാം കുഞ്ഞിന് അണിയിച്ചു കൊടുത്തു...ലത കണ്ണുകൾ നിറച്ച് മകളേയും പേരക്കുട്ടിയെയും യാത്രയാക്കി.. പാറുവിനും വിഷമമുണ്ടായിരുന്നു... എന്നാൽ ജിത്തുവിനോടൊപ്പം പോവുന്ന സന്തോഷമുണ്ട് താനും...വീട്ടിലെത്തി അവന്റെ നെഞ്ചോട് ചേർന്ന് നിൽക്കാൻ അവളുടെ മനസും വ്യഗ്രത പൂണ്ടു.. ****** വീട്ടിലെത്തിയതും മകനെയും മരുമകളെയും പേരക്കുട്ടിയെയും ആരതിയുഴിഞ്ഞ് ടീച്ചർ അകത്തേക്ക് കയറ്റി... മോളപ്പോഴേക്കും ഉണർന്ന് കരയാൻ തുടങ്ങിയിരുന്നു... പാറു മുറിയിലെത്തി വാതിലടച്ച് ഉടുത്തിരുന്ന സാരിമാറ്റി നൈറ്റി എടുത്ത് ധരിച്ചു കുഞ്ഞിന് പാല് കൊടുത്തു... അവളുടെ കരച്ചിലൊന്നടങ്ങിയതും ടീച്ചറുടെ അടുത്തേക്ക് കൊടുത്ത് കൊണ്ടുവന്ന സാധനങ്ങളെല്ലാം ഒതുക്കി വെച്ചു.. ജിത്തു എന്തോ ഒരാവശ്യത്തിന് പുറത്തേക്ക് പോയിരുന്നു... വീട്ടിലെത്തി ഒരു മണിക്കൂർ കഴിഞ്ഞു കാണും ലതയും നിമിഷയും അവിടേക്ക് വന്നു... "ഇതിപ്പോ വീട് അടുത്തായത് എളുപ്പമായി... ഇല്ലേൽ കാണാൻ തോന്നുമ്പോഴിങ്ങനെ ഓടി വരാൻ പറ്റോ... " കുഞ്ഞിനെ കൊഞ്ചിക്കുന്ന ലതയെ നോക്കി ടീച്ചർ കളിയാക്കി... ജിത്തു തിരികെ വരുമ്പോൾ വിച്ചുവും ഉണ്ടായിരുന്നു കൂടെ....പിന്നെ അവിടെയൊരു മേളമായിരുന്നു....അനുമോൾടെ കുറുമ്പും പാട്ടും ഡാൻസുമൊക്കെയായി അവരവിടെ കൂടി...രാത്രി അത്താഴം കഴിച്ചു കഴിഞ്ഞാണ് അവർ മടങ്ങിയത്... കുഞ്ഞിനെ കളിപ്പിച്ച് ഹാളിലിരിക്കുന്ന ജിത്തുവിന്റെ കണ്ണുകൾ ഇടയ്ക്കിടെ അടുക്കളയിൽ നിൽക്കുന്ന പാറുവിലേക്ക് തെന്നി വീണു.. വന്നിട്ടിത്ര നേരമായിട്ടും പെണ്ണിനെയൊന്ന് അടുത്ത് പോലും കിട്ടിയിട്ടില്ല... "ഇനി മോള് പൊക്കോ.. അമ്മ ചെയ്‌തോളാം ബാക്കി... " പാറു കൈ കഴുകി ഹാളിലേക്ക് വന്നതും കുഞ്ഞവിടെയുണ്ടായിരുന്നില്ല... മുകളിൽ നിന്നും ചിരിയും ജിത്തുവിന്റെ വർത്തമാനമൊക്കെ കേൾക്കുന്നുണ്ട്... താഴെ നിന്ന് മേല് കഴുകി അവൾ മുകളിലേക്ക് പോയി... "ഉറങ്ങിയോ...?" ജിത്തുവിന്റെ നെഞ്ചിൽ കിടക്കുന്ന കുഞ്ഞിനെ കണ്ടവൾ ശബ്ദം താഴ്ത്തി ചോദിച്ചു... "മ്മ്.. " അവനൊന്ന് മൂളി കുഞ്ഞിനെ നെഞ്ചിൽ നിന്നും ഇറക്കി കിടത്തി... പാറു മുടിവരിച്ചുറ്റി ലൈറ്റ് ഓഫ്‌ ചെയ്ത് ഇരുവർക്കും നടുവിലായി വന്നു കിടന്നു.. ദിവസങ്ങൾക്ക് ശേഷമുള്ള അവന്റെ സാമീപ്യം അവളുടെ നെഞ്ചിടിപ്പ് കൂട്ടി... അവനെ നോക്കാനുള്ള ജാള്യത മൂലം കുഞ്ഞിനടുത്തേക്ക് തിരിഞ്ഞു കിടന്നു... ജിത്തു അവളുടെ ഭാഗത്തേക്ക് തിരിഞ്ഞതും കട്ടിലൊന്നിളകി.. പാറുവിന്റെ വിരലുകൾ പരിഭ്രമത്തോടെ നൈറ്റിയിൽ പിടുത്തമിട്ടു... വാരിചുറ്റി കെട്ടിയിരുന്ന മുടി അഴിച്ചിട്ടു അതിലേക്ക് മുഖമമർത്തി...നല്ല കാച്ചെണ്ണയുടെ ഗന്ധം നാസികയിലേക്ക് തുളഞ്ഞു കയറി..പതിയെ മുടിയിഴകളെ വകഞ്ഞു മാറ്റി പിൻകഴുത്തിൽ മുഖമിട്ടുരസി.. അവളൊന്ന് പുളഞ്ഞുപോയി... അവന്റെ കുറ്റിത്താടിയും മീശയും അവളിൽ ഇക്കിളി കൂട്ടി.. "ജിത്തേട്ടാ.. " ചെവിത്തുമ്പിൽ കടിച്ചു നുണഞ്ഞതും അവളറിയാതെ വിളിച്ചു പോയി.. ജിത്തു അവളെ തിരിച്ചു കിടത്തി മുഖമാകെ ചുംബനങ്ങൾ കൊണ്ട് മൂടി... അവളുടെ ഹൃദയം ഉച്ചത്തിൽ മിടിച്ചു.. "മിടിച്ചു മിടിച്ചു ഇതിപ്പോ പൊട്ടിപ്പോവുമല്ലോ... " നെഞ്ചിലേക്ക് കൈ വെച്ച് കുസൃതിയോടെ ചോദിക്കേ അവളവന്റെ മാറിലേക്ക് മുഖം പൂഴ്ത്തി... നാളുകൾക്ക് ശേഷം ആ മുറിയിൽ അവരുടെ നേർത്ത കിതപ്പുകകളും ശ്വാസോച്ഛാസങ്ങളും ഉയർന്നു കേട്ടു... ഏറെ നേരത്തേ പ്രണയ വേഴ്ചക്ക്‌ ശേഷം തളർന്നവളുടെ മാറിലേക്ക് വീഴുമ്പോൾ ഇരുകൈകളും കൊണ്ടവൾ അവനെ ഇറുകെ പുണർന്നു... വീണ്ടും വീണ്ടും അവന്റെ പ്രണയമഴയിൽ കുതിരാൻ അവളുടെ മനസ്സും ശരീരവും ഒരുപോലെ വെമ്പൽ പൂണ്ടു... അവളുടെ മാറിൽ നിന്നും അകന്ന് മാറി ജിത്തു അവളെ നെഞ്ചിലേക്ക് കയറ്റി കിടത്തി... ഇനിയുള്ള ജന്മങ്ങളിലും എന്റെ ജിത്തേട്ടന്റെ മാത്രം പാതിയായ്‌ തീരണേ എന്ന പ്രാർത്ഥനയോടെ,,അവന്റെ ഹൃദയതാളം കേട്ടവൾ മിഴികളടച്ചു...🧡 ഇനിയൊരു കാത്തിരിപ്പില്ല.... (അവസാനിച്ചു... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story