നീയും ഞാനും.. 🧡 ഭാഗം 8

neeyum njanjum shamseena

രചന: ശംസീന

കോളേജിലെ ഫസ്റ്റ് ഡേ ആയത് കൊണ്ട് വിച്ചു തലേന്ന് അവൾക്ക് പുത്തനൊരു ചുരിദാർ കൊണ്ടുവന്നു കൊടുത്തിരുന്നു..കരിനീലയും വെള്ളയും കോമ്പോയിൽ വരുന്ന അടിപൊളി ചുരിദാർ..അത് ധരിച്ചു കൊണ്ടവൾ റെഡിയായി നിന്നു.. "അല്ലേലും വിച്ചേട്ടന്റെ സെലെക്ഷൻ തെറ്റാറില്ല.. " കണ്ണാടിയിലേക്ക് നോക്കി പറഞ്ഞിട്ട് ബാഗും എടുത്ത് റൂമിന് പുറത്തേക്കിറങ്ങി.. കവലയിൽ നിന്നും എട്ടരക്കൊരു ബസുണ്ട് കോളേജിന്റെ അടുത്തേക്ക്.. അത് കിട്ടിയാൽ പെട്ടന്ന് അവിടെ എത്താം ഇല്ലെങ്കിൽ ഒരു ബസ് കയറി ഇറങ്ങണം കോളേജിലേക്ക് എത്തണമെങ്കിൽ.. "എന്റെ പൊന്നു മീരേ നീയിങ്ങനെ കുണുങ്ങി കുണുങ്ങി നടക്കാത്തെ വേഗം അങ്ങോട്ട് നടക്ക്... " മീര അവളുടെ നേരെ തിരിഞ്ഞു കൂർപ്പിച്ചു നോക്കി.. "ഇതും വലിച്ചോണ്ട് നടക്കണമെങ്കിൽ ഇത്തിരി പ്രയാസം തന്നെയാണ്.. നിനക്ക് പിന്നെ ആ മെനക്കേടില്ലല്ലോ... " പൊക്കി പിടിച്ചിരുന്ന പാവാട തുമ്പ് താഴ്ത്തിയിട്ട് കൊണ്ടവൾ ദേഷ്യപ്പെട്ടു.. "നിന്നോട് ഞാൻ മിനിഞാന്ന് പറഞ്ഞതല്ലേ ചുരിദാർ മതിയെന്ന്..

പിന്നെ നീയെന്തിനാ ഈ കുന്ത്രാണ്ടം എടുക്കാൻ പോയത്... " "ഞാൻ എടുത്തതല്ലെടി അച്ഛൻ കൊണ്ടുവന്നതാ ടൗണിൽ പോയപ്പോ..അവസാനമൊരു ഡയലോഗും,,ദാവണി ഉടുക്കുന്നതാത്രെ പെൺകുട്ടികൾക്ക് അഴക്.." മീര പുച്ഛത്തോടെ പറഞ്ഞു.. "അതോടെ നീ ഫ്ലാറ്റ്..എന്തായാലും ഇപ്പൊ നടക്ക്.. കോളേജിൽ നിന്ന് തിരികെ വരുമ്പോ ടെക്സ്റ്റയിൽസിൽ കയറാം..കാശുണ്ടല്ലോ അല്ലേ.." പാറു നെറ്റി ചുളിച്ചു.. "പിന്നെ.. അതൊക്കെ അച്ഛന്റെ പോക്കറ്റിൽ നിന്നും എപ്പോഴേ പൊക്കി... " "എന്നാ നടക്ക്,, വൈകണ്ട.. " അവർ കവലയിലേക്ക് നടന്നു..ബസ് സ്റ്റോപ്പിൽ ചെന്ന് നിന്നതേ കോളേജ് പടിയിലേക്കുള്ള ബസ് കിട്ടി.. രാവിലെ ആയതുകൊണ്ട് നല്ല തിരക്കുണ്ടായിരുന്നു.. എങ്ങനെയൊക്കെയോ അവർ ബസിൽ വലിഞ്ഞു കയറി.. ബസ് കോളേജിന് മുന്നിൽ നിർത്തിയത് അവർ അതിൽ നിന്നും ചാടിയിറങ്ങി.. "ഹോ.. ജീവൻ തിരിച്ചു കിട്ടി.. " മീര ചുളിഞ്ഞ ദാവണിയെല്ലാം ശെരിയാക്കി.. "നീ വന്നേ അകത്തേക്ക് കയറാം.. " റോഡിൽ തന്നെ നിന്ന് കസർത്തു കാണിക്കുന്ന മീരയുടെ കയ്യും പിടിച്ചു വലിച്ചു കൊണ്ട് കോളേജ് കവാടത്തിനടുത്തേക്ക് നടന്നു..

"അങ്ങനെ നമ്മളും കോളേജ് കുമാരികളായി അല്ലേ പാറൂസേ.. " "മ്മ്... " പാറു വെറുതെയൊന്ന് മൂളി.. "എന്തു പറ്റിയെടി... " ഇത്രയും നേരം ഉത്സാഹത്തിൽ നിന്നിരുന്ന പാറുവിന്റെ തെളിച്ചമില്ലായ്മ കണ്ട് മീരയുടെ നെറ്റി ചുളിഞ്ഞു... "ഒന്നുമില്ലെടി.. ഞാൻ വെറുതെ.." "അല്ല എന്തോ ഉണ്ട് പറ.. ജിത്തേട്ടൻ ആണോ നിന്റെ പ്രശ്നം.." മീരയുടെ ചോദ്യത്തിന് പാറുവിന്റെ തല താഴ്ന്നു.. "അത് നമ്മൾ വിട്ടതല്ലെടി.. വീണ്ടും എന്തിനാ.. " "എനിക്കറിയില്ല മീരാ.. ഇനി എന്നും ജിത്തേട്ടനെ കാണുമല്ലോ എന്നാലോചിക്കുമ്പോൾ.. വീണ്ടും... എന്റെ ഉള്ളിൽ മോഹങ്ങൾ പൂവിട്ടാൽ.. അത് സ്വന്തമാക്കാൻ എന്റെ മനസ്സ് വാശി പിടിക്കില്ലേ.." പറയുമ്പോൾ വാക്കുകൾ മുറിഞ്ഞു പോവുന്നുണ്ടായിരുന്നു.. "പാറു..നീയിതെന്തൊക്കെയാ പറയുന്നത്.. അപ്പോൾ നീ ജിത്തേട്ടനെ മറന്നത് പോലെ അഭിനയിക്കുകയായിരുന്നോ.." മീര ചോദിച്ചതിന് മറുപടി പറയാതെ പാറു വിതുമ്പി.. "സാരമില്ല പോട്ടെ..നമ്മുക്കിതിനെ പറ്റി പിന്നീട് സംസാരിക്കാം..ജിത്തേട്ടനെ കാണുമ്പോൾ അല്ലേ.. അത് അപ്പൊ നോക്കാം.." മീര വന്നവളെ ചേർത്ത് പിടിച്ചു സമാധാനിപ്പിച്ചു..

"ആ മുഖം തുടച്ചേ..ആരെങ്കിലും കണ്ടാൽ പിന്നെ അതുമതി.." മീര തന്നെ തന്റെ കയ്യിൽ ഉണ്ടായിരുന്ന കർച്ചീഫ് കൊണ്ട് മുഖമെല്ലാം തുടച്ചു കൊടുത്തു.. "ഹായ്.. നിങ്ങളെന്താ ഇവിടെ നിൽക്കുന്നേ.. " അവരുടെ മുന്നിലേക്ക് ഒരുത്തൻ ചാടി വീണു ചോദിച്ചു.. "ഞങ്ങൾ വെറുതെ.. " അവർ പരുങ്ങി.. ഇനി വല്ല സീനിയേഴ്‌സും ആണെങ്കിൽ പണി കിട്ടുമല്ലോ എന്നോർത്ത്.. "എങ്കിൽ വാ നമുക്ക് ഐശ്വര്യമായി അകത്തേക്ക് പോവാം..ഞാനും ഇവിടെ ആദ്യമാണ്.." "അങ്ങനെ പറ.. ഇതൊക്കെ ആദ്യം പറയേണ്ടേ.. ഞങ്ങളങ്ങ് പേടിച്ചു പോയി.. " "മ്മ്. ഇയാളെന്തിനാ കരഞ്ഞേ.. " അവൻ പാറുവിന്റെ നേരെ തിരിഞ്ഞു.. "അത്..കണ്ണിൽ കരടു പോയതാ.. " "അത് ചുമ്മാ.. ഞാനെല്ലാം കണ്ടു..ഇനിയിപ്പോ അതിനെ പറ്റി നമുക്ക് പിന്നീട് സംസാരിക്കാം.. ഞാൻ പ്രവീൺ.. ഫസ്റ്റ് ഇയർ..bsc കെമിസ്ട്രി..നിങ്ങളോ.." അവൻ അവരുടെ നേരെ കൈ നീട്ടി.. "പാർവണ.. " "മീര.. ഞങ്ങളും bsc കെമിസ്ട്രി.." നീട്ടി പിടിച്ച കയ്യിലേക്ക് അവർ കൈ ചേർത്തു.. "ഫ്രണ്ട്സ്.. " അവർ ഒരുപോലെ പറഞ്ഞു.. "ഇനി അകത്തേക്ക് പോകാമല്ലോ... "

പ്രവീൺ ചിരിയോടെ ചോദിച്ചതും മീരയും പാറുവും തലയാട്ടി.. അവൻ രണ്ട് പേരുടെയും കയ്യിൽ പിടിച്ചു കൊണ്ട് അകത്തേക്ക് കയറി.. ഏറെ കുറേ കുട്ടികളെല്ലാം വന്നിട്ടുണ്ട്.. റാഗിങ്ങ് ഒന്നും ഇപ്പോൾ പറ്റാത്തതുകൊണ്ട് സീനിയേഴ്സെല്ലാം ഒരിടത്തു തമ്പടിച്ചു നിൽക്കുന്നുണ്ട്... സീനിയേഴ്‌സിനെ കണ്ടപ്പോൾ മൂവരും ഒന്ന് ഭയന്നെങ്കിലും അവരുടെ ഭാഗത്തു നിന്നും പ്രതികരണമൊന്നും ഇല്ലാതിരുന്നത് കൊണ്ട് അവർ നേരെ ക്ലാസ്സിലേക്ക് വിട്ടു.. ഒട്ടുമിക്ക സീറ്റിലും കുട്ടികളുണ്ട് മുന്നിലെ സീറ്റുകൾ മാത്രമാണ് ഒഴിഞ്ഞു കിടപ്പുണ്ടായിരുന്നത്.. അവിടെ ഇരിക്കാൻ തുനിഞ്ഞ പാറുവിനെ മീരയും പ്രവീണും കൂടി ലാസ്റ്റ് റോയിലേക്ക് കൊണ്ടുപോയി..

"ഇവിടെ മതി.. അതൊക്കെ വലിയ പഠിപ്പിസ്റ്റുകൾക്കുള്ള സീറ്റാണ്.. " പ്രവീൺ പറഞ്ഞപ്പോൾ മീരയും അവനെ പിന്തുണച്ചു.. അവർ പരസ്പരം കൂടുതൽ പരിചയപ്പെട്ടു.. പെട്ടന്ന് ക്ലാസ്സ്‌ നിശബ്‍ദമായി.. ആരോ നടന്നു വരുന്ന കാലടിയൊച്ചകൾ മാത്രം കേൾക്കാം.. "ഇതെന്തുവാടി സംഭവം.. " പ്രവി തന്റെ ഇരുവശത്തും ഇരിക്കുന്ന മീരയോടും പാറുവിനോടും ചോദിച്ചു.. "ഞങ്ങളും അത് തന്നെയല്ലേ നോക്കുന്നേ.. " അടുത്തടുത്തു വരുന്ന കാലടിയൊച്ചകൾ പാറുവിന്റെ ഹൃദയമിടിപ്പ് കൂട്ടി.. അവൾ ശ്വാസം ആഞ്ഞു വലിച്ചു കൊണ്ട് കണ്ണുകൾ തുറന്നു.. മുന്നിൽ ചിരിയോടെ നിൽക്കുന്ന ജിത്തുവിനെ കണ്ടവളുടെ മിഴികൾ വിടർന്നു...........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story