നീയും ഞാനും.. 🧡 ഭാഗം 9

neeyum njanjum shamseena

രചന: ശംസീന

മുന്നിൽ ചിരിയോടെ നിൽക്കുന്ന ജിത്തുവിനെ കണ്ടവളുടെ മിഴികൾ വിടർന്നു... ബ്ലാക്ക് ഫുൾ സ്ലീവ് ഷർട്ടും ഓഫ്‌ വൈറ്റ് പാന്റും അവനു നന്നായി ഇണങ്ങുന്നുണ്ടായിരുന്നു.. അവൾ ജിത്തുവിന്റെ അധികവും കണ്ടിട്ടുള്ളത് മുണ്ടും ഷർട്ടും ധരിച്ചാണ്.. അതിനേക്കാൾ കൂടുതൽ അവന് ഈ വേഷമാണ് കൂടുതൽ ചേരുന്നതെന്നവൾക്ക് തോന്നി.. "ഗുഡ്മോർണിംഗ് സർ.. " എല്ലാവരും ഒരുപോലെ പറഞ്ഞു എഴുന്നേറ്റ് നിന്നു.. പാറു അപ്പോഴും എഴുന്നേൽക്കാതെ മായിക ലോകത്ത് തന്നെയാണ്.. പ്രവി അവളുടെ കൈ തണ്ടയിലൊന്ന് കിള്ളി.. കൈ നല്ലത് പോലെ നൊന്തതും അവൾ സീറ്റിൽ നിന്നും ചാടി എഴുന്നേറ്റു.. എല്ലാവരും സീറ്റിൽ ഇരുന്നിട്ടും അവിടെ തന്നെ നിൽക്കുന്ന പാറുവിനെ കണ്ട് ജിത്തുവിന്റെ മുഖം കനത്തു.. അത് കണ്ട മീര അവളെ അവിടെ പിടിച്ചിരുത്തി.. "നീ വീണ്ടും തുടങ്ങിയോ പാറു... ഞാൻ നിന്നോട് എന്താ വരുമ്പോഴേ പറഞ്ഞത് മറന്നുപോയോ.. " സ്വരം താഴ്ത്തി മീര പറഞ്ഞു..അപ്പോഴും ഇടം കണ്ണാലെ തന്നിൽ കുടികൊള്ളുന്ന പ്രണയത്തെ കൊതിയോടെ നോക്കുകയായിരുന്നവൾ..

ഇവരിതെന്താണ് പറയുന്നതെന്ന് മനസ്സിലാകാതിരുന്ന പ്രവി അവരെ മാറി മാറി നോക്കി.. "എന്തുവാ നിങ്ങൾ കുശു കുശുക്കുന്നെ.. " "പിന്നെ പറഞ്ഞു തരാം.. " മീര പറഞ്ഞിട്ട് നേരെയിരുന്നു.. "ഗുഡ് മോർണിംഗ് everyone.. I'am ജിതിൻദാസ്.. വീട് ഇവിടെ അടുത്ത് തന്നെയാണ്.. ഈ കോളേജിലെ പൂർവവിദ്യാർത്ഥി ആയിരുന്നു.. അതേ കോളേജിൽ തന്നെ പഠിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം..നിങ്ങളുടെ ക്ലാസ്സ്‌ ഇൻചാർജ് എനിക്കാണ്.. ഇന്നിപ്പോ ഫസ്റ്റ് ഡേ അല്ലേ.. നമ്മുക്ക് ഓരോരുത്തരെയായി പരിചയപ്പെടാം.." നിറഞ്ഞ പുഞ്ചിരിയോടെ കുട്ടികളെ നോക്കി കൊണ്ടവൻ പറഞ്ഞതും എല്ലാവരും അത് കയ്യടിച്ചു പാസ്സാക്കി.. പെൺകുട്ടികളുടെയെല്ലാം കണ്ണുകൾ അവനെ കൊത്തി വലിച്ചു.. സർ ആണെന്നൊക്കെ പറഞ്ഞപ്പോൾ എല്ലാവരും കരുതിയത് ഏതെങ്കിലും മധ്യ വയസ്കൻ ആയിരിക്കും എന്നാണ്.. അതിന് പകരം ഇത്രയും ചുള്ളനായൊരു സാറിനെ കണ്ടപ്പോൾ അവർക്കും സന്തോഷമായി.. ഫ്രീ ആയിട്ട് വായ് നോക്കാമല്ലോ.. പിടക്കോഴികളുടെയെല്ലാം കണ്ണുകൾ അവനിൽ ആണെന്ന് കണ്ടപ്പോൾ പാറു ചുണ്ട് കൂർപ്പിച്ചു..

അവനെ ഒരു നോട്ടം കൊണ്ട് പോലും മറ്റൊരാൾ ആഗ്രഹിക്കുന്നത് അവൾക്ക് സഹിക്കാൻ കഴിയാത്ത കാര്യമായിരുന്നു.. ഫസ്റ്റ് ബെഞ്ചിൽ നിന്നും ഓരോരുത്തരായി പേരും സ്ഥലവും പറഞ്ഞു പരിചയപ്പെടുത്തി.. മീരയേയും പാറുവിനെയും അറിയുന്നതായിട്ട് കൂടി അവരോടും പേര് പറയാൻ പറഞ്ഞു.. മീരയെ പേടിച്ചിട്ട് പാറു അവന്റെ മുഖത്ത് നോക്കാതെ പേര് പറഞ്ഞിട്ടിരുന്നു.. ജിത്തുവും അവളിലേക്ക് വല്ലാതെ ശ്രദ്ധ കൊടുത്തില്ല.. "ഇനി ആർക്കെങ്കിലും എന്നെ പറ്റി അറിയാനോ മറ്റോ ഉണ്ടോ..? " കുട്ടികളെയെല്ലാം പരിചയപ്പെട്ടു കഴിഞ്ഞതും വീണ്ടുമവൻ ചോദിച്ചു.. "സാറിന്റെ ഫാമിലി..I mean സർ മാരീഡ് ആണോ... " പെൺകുട്ടികളിൽ നിന്നും ഒരാൾ വിളിച്ചു ചോദിച്ചു.. "No..i'am not married.. വീട്ടിൽ അമ്മ,ചേച്ചി.. ചേച്ചി മാരീഡാണ്.. ഒരു മോളുണ്ട്.." പുഞ്ചിരിയോടെ തന്നെ മറുപടി നൽകി.. "എൻഗേജ്ഡ് ആണോ.. " വീണ്ടും ഒരു പെൺകുട്ടി വിളിച്ചു ചോദിച്ചു.. "No.. " അവൻ ചിരിയോടെ തലയാട്ടി.. "Love.. " ആൺകുട്ടികളുടെ സൈഡിൽ നിന്നായിരുന്നു ആ ചോദ്യം.. പക്ഷേ അവനതിനുള്ള മറുപടി കുഞ്ഞു പുഞ്ചിരിയിലൊതുക്കി..

അവന്റെ നോട്ടം തന്നിലേക്ക് പാളി വീണോ എന്ന് പാറു സംശയിച്ചു.. അവനെ തന്നെ ശ്രദ്ധിച്ചിരുന്ന പാറു അവന്റെ മുഖത്ത് വിരിയുന്ന ഓരോ ഭാവങ്ങളും ഒപ്പിയെടുത്തു.. ഇതുവരെ അവന്റെ മുഖത്ത് കാണാത്ത ഭാവങ്ങൾ കണ്ടതും അവളിലും ഒരു പ്രതീക്ഷ മുളപൊട്ടി.. കുറച്ച് നേരം കൂടെ പിള്ളേരോടെല്ലാം ജോളിയായി സംസാരിച്ചിട്ടവൻ ക്ലാസ്സിൽ നിന്നും പോയി.. "എന്തൊരു ഫ്രണ്ട്‌ലി ആണല്ലെടി മാഷ്.. " "എന്നാ ലൂക്കാടി അങ്ങേർക്ക്.. " "ഇവിടെ നിന്നും പോകുന്നതിനു മുന്നേ അങ്ങേരെ ഞാൻ വളച്ചിരിക്കും.. " ഇതുപോലെ പെൺകുട്ടികൾ പറയുന്ന ഓരോ കമന്റ്സും പാറുവിന്റെ കാതുകളിൽ വന്നലച്ചു.. ഇരു ചെവികളും കൈകളാൽ മൂടി ഡസ്കിലേക്ക് തലവെച്ചവൾ കിടന്നു.. മനസ്സപ്പോഴും അസ്വസ്ഥതമായിരുന്നു.. പ്രണയം ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ജിത്തേട്ടന്റെ മുഖത്ത് തെളിഞ്ഞ സന്തോഷത്തിന്റെ കാരണം എന്തായിരിക്കും..ഇനി എനിക്കുള്ളത് പോലെ ജിത്തേട്ടനും എന്നെ ഇഷ്ടമുണ്ടോ..അങ്ങനെ തന്നെയാവണേ എന്നവൾ മനസ്സിലൊരു നൂറാവർത്തി ഉരുവിട്ടു.. "ഡീ.. എന്തെങ്കിലും കഴിച്ചിട്ട് വരാം.. എണീക്ക്.."

പ്രവി പാറുവിനെ തട്ടി വിളിച്ചു.. നിറഞ്ഞു വന്ന കണ്ണുകളും മൂക്കും തുടച്ചു പാറു ഡസ്കിൽ നിന്നും തലയുയർത്തി അവരെ നോക്കി ചിരിച്ചു.. അവളുടെ കരഞ്ഞു വിങ്ങിയ മുഖം കണ്ട് ദേഷ്യം വന്ന മീര ബാഗും എടുത്ത് എഴുന്നേറ്റ് പോയി.. "ഇവൾക്കിതെന്തു പറ്റി.. " അവൾ പോയ വഴിയേ നോക്കി പറഞ്ഞിട്ട് പ്രവി പാറുവിനെയും കൂട്ടി കാന്റീനിലേക്ക് നടന്നു... കാന്റീനിലേക്ക് ചെന്നപ്പോൾ കണ്ടു അധികം ആരുടേയും ശ്രദ്ധ ചെല്ലാത്ത കോൺറിൽ ഇരിക്കുന്ന മീരയെ.. "ദേ അവളവിടെയുണ്ട്.. " പ്രവി പാറുവിനെയും കൂട്ടി അവിടെ പോയിരുന്നു.. "മൂന്ന് ലൈയിം.. " അവിടുത്തെ ചേട്ടനോട് വിളിച്ചു പറഞ്ഞു മീരയുടെ നേരെ തിരിഞ്ഞു... "അല്ല എന്താ നിങ്ങടെ പ്രശ്നം.. കുറച്ച് മുന്നേ വരെ രണ്ടാൾക്കും ഒരു പ്രശ്നവും ഉണ്ടായിരുന്നില്ലല്ലോ.." അവൻ രണ്ട് പേരേയും മാറി മാറി നോക്കി..അവരൊന്നും തന്നെ മിണ്ടുന്നില്ല.. "ദേ എനിക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ.. മര്യാദക്ക് കാര്യം പറഞ്ഞോ.. " ഉച്ചത്തിൽ അവൻ ചോദിച്ചതും പാറുവൊന്ന് ഞെട്ടി..കണ്ണുകൾ കലങ്ങി.. "ഈ ഇരുന്ന് മോങ്ങുന്നവൾക്കുണ്ടല്ലോ നമ്മുടെ സാറിനോട് മുടിഞ്ഞ പ്രേമം..പലവട്ടം ഇവളെ.." "ഏയ്‌.. നിർത്ത്,, നിർത്ത്.. " മീര പറഞ്ഞു തുടങ്ങിയതും ഇടയിൽ കയറി പ്രവി പറഞ്ഞു.. "അപ്പോൾ നിങ്ങളും സാറും മുന്നേ അറിയുമോ.. "

"അറിയും.. ഞങ്ങൾ ഒരേ നാട്ടുകാരും അയൽവാസികളുമാണ്.. " "എന്നിട്ടെന്താ സർ നിങ്ങളെ പരിചയമുള്ള ഭാവമൊന്നും നടിക്കാതിരുന്നത്..തീർത്തും സാധാരണ രീതിയിൽ ആണല്ലോ പെരുമാറിയത്..." അവന്റെ തന്റെ ഉള്ളിലെ സംശയം ചോദിച്ചു.. "എടാ മണ്ടശിരോമണി അത് തന്നെയല്ലേ പറഞ്ഞു വരുന്നത്.. " മീര അവനെ നോക്കി പല്ല് കടിച്ചു.. "പലവട്ടം ഇവളെ.. ബാക്കി പറ.." പ്രവി മീരയെ തന്നെ ശ്രദ്ധിച്ചു.. "പലവട്ടം ഇവളെ ഞാൻ പറഞ്ഞു വിലക്കി.. ഇന്നും ഇന്നലേയും തുടങ്ങിയതല്ല ഇവൾക്കീ സൂക്കേട് നയൻത്തിൽ നിന്ന് തുടങ്ങിയതാണ്..ഇവളുടെ ഏട്ടന്റെ ഉറ്റ സുഹൃത്തുമാണ് ഈ പറയുന്ന ഇവളുടെ ജിത്തേട്ടൻ.." മീര അവളെ നോക്കി പുച്ഛിച്ചു. എന്നിട്ട് വീണ്ടും പ്രവിയുടെ നേരെ തിരിഞ്ഞു.. "ഒടുവിൽ ഇവളെ അങ്ങേര് കയ്യോടെ പൊക്കി.. ഇനി മേലിൽ ഇത് ആവർത്തിക്കരുതെന്നും പറഞ്ഞു.. അന്ന് ഈ ഇരിക്കുന്നവൾ എന്നോട് എന്താണെന്നോ പറഞ്ഞത്.. ഞാൻ അങ്ങേരെ മറന്നു.. ഇനി ആ പേരും പറഞ്ഞു വിഷമിച്ചു നടക്കില്ലെന്നു..എന്നിട്ടിപ്പോ അവള് വീണ്ടും അങ്ങേരെ കണ്ടപ്പോൾ കാല് മാറി.."

മീര കലിയോടെ പറഞ്ഞു നിർത്തി.. "അത് പിന്നെ പ്രണയം എന്നൊക്കെ പറഞ്ഞാ അത് അത്ര പെട്ടന്നൊന്നും മറന്നു കളയാൻ പറ്റില്ല.." അത്ര നേരം മിണ്ടാതിരുന്ന പാറു ചാടി കേറി പറഞ്ഞു.. "ഒരു കീറങ്ങ് വെച്ചു തന്നാലുണ്ടല്ലോ.. " മീര ഇരുന്നിടത്തു നിന്നും എഴുന്നേറ്റു.. കുട്ടികളെല്ലാം ശ്രദ്ധിക്കുന്നുണ്ടെന്ന് തോന്നിയതും പ്രവി മീരയെ സീറ്റിൽ തന്നെ പിടിച്ചിരുത്തി പാറുവിനെ നോക്കി.. "നിനക്കിപ്പോഴും സാറിനെ ഇഷ്ടമാണോ.. " അവൾ ആണെന്നുള്ള രീതിയിൽ തലയാട്ടി.. "വാ തുറന്നു പറയെടി.. " "ഇഷ്ടമാണ്.. " "എങ്കിൽ നീ രണ്ട് ചെവിയും തുറന്ന് കേട്ടോ..അങ്ങേരെ വളച്ചൊടിച്ചു നിന്റെ കയ്യിൽ തരുന്ന കാര്യം ഞാൻ ഏറ്റു.." "ഏൽക്കും,, ഏൽക്കും.. അങ്ങേരുടെ കയ്യിൽ നിന്ന് നിനക്ക് ഏൽക്കാതെ സൂക്ഷിച്ചോ.." മീര അവനെ കെർവോടെ നോക്കി.. "മീരാ.. നീയിങ്ങനെ നെഗറ്റീവ് അടിക്കല്ലേ.. ബി പോസിറ്റീവ്.. "

"മ്മ്.. നിങ്ങൾ രണ്ടാളും കൂടെ എന്താന്ന് വെച്ചാൽ ആയിക്കോ.. നമ്മളെ വിട്ടേക്ക്.. " പറഞ്ഞിട്ട് അവൾ ബാഗും എടുത്ത് പോകാനൊരുങ്ങി.. "എടി..പോവല്ലെടി.. നമ്മുടെ പാറുവിന് വേണ്ടിയല്ലേ.. പ്ലീസ്.." പ്രവി അവളോട് കെഞ്ചി പറഞ്ഞതും മീര പാതി മനസ്സോടെ മൂളി കസേരയിൽ തന്നെയിരുന്നു.. അത് കണ്ടപ്പോൾ പാറുവിന്റെ മുഖത്തും ഒരു കുഞ്ഞു പുഞ്ചിരി മൊട്ടിട്ടു.. ലൈയിം ജ്യൂസ് വന്നതും അവർ അതും കുടിച്ചു ക്ലാസ്സിലേക്ക് തന്നെ പോയി.. അവിടെയെത്തി മറ്റു കുട്ടികളെയെല്ലാം പരിചയപ്പെട്ടു.. ഉച്ച കഴിഞ്ഞപ്പോൾ എല്ലാവരോടും പൊക്കോളാൻ പറഞ്ഞു.. പ്രവി ബൈക്കിൽ ആയിരുന്നു വന്നിരുന്നത്.. മീരയേയും പാറുവിനേയും അവൻ ഡ്രോപ്പ് ചെയ്യാമെന്ന് പറഞ്ഞെങ്കിലും അവരത് വേണ്ടെന്ന് പറഞ്ഞു വന്ന പോലെ തന്നെ ബസിന് തിരികെ വീട്ടിലേക്ക് മടങ്ങി...........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story