നെഞ്ചോട് ചേർത്ത് ❣️: ഭാഗം 30

nenjod cherth

രചന: SHAMSEENA

രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോൾ ഒരു ചെറുപ്പക്കാരനെയും കൂട്ടി അച്ഛൻ വീട്ടിലേക്ക് വന്നു.. സംശയത്തോടെ നിൽക്കുന്ന ഞങ്ങളെ എല്ലാവരെയും നോക്കി അമ്മയോട് പറഞ്ഞു.. "ദച്ചുവിന്റെ കയ്യിൽ ചായ കൊടുത്തുവിട് " "എന്തിന് " അമ്മ നെറ്റിചുളിച്ചു.. "എന്നെ ചോദ്യം ചെയ്യാൻ വരേണ്ട പറഞ്ഞതങ്ങോട്ട് അനുസരിച്ചാൽ മതി " അയാൾ അവരുടെ കഴുത്തിൽ പിടിച്ചു കൊണ്ട് പറഞ്ഞു ചുമരിലേക്ക് തള്ളി.. "അമ്മേ " വിളിച്ചുകൊണ്ടു ദച്ചു അടുത്തേക്ക് ചെന്നു.. അയാളുടെ ഇങ്ങനൊരു ഭാവം ആദ്യമായിട്ടായിരുന്നു.. അമ്മ അവളുടെ കയ്യിൽ ട്രെയിൽ രണ്ട് ഗ്ലാസ്‌ ചായ വെച്ചു കൊടുത്തു ഉമ്മറത്തേക്ക് പറഞ്ഞയച്ചു.. ദയനീയതയോടെ നോക്കിയ ദച്ചുവിന് നേരെയവർ കണ്ണു ചിമ്മി കാണിച്ചു... **** "ചായ ഇങ്ങോട്ട് കൊടുക്ക് " ആ ചെറുപ്പക്കാരനെ നോക്കി അയാൾ ആജ്ഞാപിച്ചു.. ദച്ചു അയാളെ കടുപ്പിച്ചൊന്ന് നോക്കികൊണ്ട് ചായ കൊടുത്തു.. തലയുയർത്തി അയാളെ ഒന്ന് നോക്കി..

വഷളത്തരത്തോടെയുള്ള നോട്ടം കണ്ടപ്പോൾ വെറുപ്പ് തോന്നി.. വേഗം അവിടെ നിന്നും മാറി വാതിനുലിനടുത്ത് വന്നു നിന്നു.... "ഇത് നിരഞ്ജൻ..വല്യ ബിസിനസ് മാൻ ആണ്.. കേരളത്തിനകത്തും പുറത്തുമെല്ലാം ബിസിനസ് ചെയ്യുന്നുണ്ട്." അച്ഛൻ അയാളെ പറ്റി പറഞ്ഞു... ദച്ചു പുച്ഛത്തോടെ ചിറി കോട്ടി.. ബാക്കി വാക്കുകൾക്കായി കാതോർത്തു... "ഇവന് നിന്റെ ഫോട്ടോ ഞാൻ കാണിച്ചു കൊടുത്തിരുന്നു... അത് കണ്ടപ്പോൾ നിന്നെ വല്ലാതങ്ങ് ബോധിച്ചു..എന്നോട് ചോദിച്ചു നിന്നെ കെട്ടിച്ചു കൊടുക്കാമോ എന്ന്... ഒട്ടും ആലോചിക്കേണ്ടി വന്നില്ല... സമ്മതം അറിയിച്ചു " അച്ഛൻ എന്തോ വലിയ കാര്യം ചെയ്തത് പോലെ അവരോട് പറഞ്ഞു... "അതിന് ഞാൻ സമ്മതിച്ചിട്ടു വേണ്ടേ " എടുത്തടിച്ച പോലെ ദച്ചു പറഞ്ഞു.. നിരഞ്ജന്റെ മുഖം ചുളിയുന്നതും കോപം വന്നു നിറയുന്നതും വളരെ വ്യക്തമായി തന്നെയവൾ കണ്ടു... നിരഞ്ജൻ കസേരയിൽ നിന്നും ചാടി ദേഷ്യത്തോടെ ചാടി എഴുന്നേറ്റു... അതുകണ്ട അമ്മയും ദച്ചുവും രണ്ടടി പിറകിലേക്ക് നീങ്ങി... അവരെയൊന്ന് നോക്കി അയാൾ വേണുവിന് നേരെ തിരിഞ്ഞു. "ഇപ്പൊൾ ഞാൻ പോവാണ്...

അടുത്ത സൺ‌ഡേ എൻഗേജ്മെന്റ് അതിന് മുന്നേ വേണു ചേട്ടൻ മോളെയൊന്ന് പറഞ്ഞു മനസ്സിലാക്കിക്കൂ " എന്തോ തീരുമാനിച്ചുറപ്പിച്ചപോലെ നിരഞ്ജൻ അച്ഛനോട് ഒരു ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞുകൊണ്ട് പോയി... കാറിൽ കയറുന്നതിനു മുന്നേ ദച്ചുവിനെ നോക്കിയൊന്ന് താടിയുഴിഞ്ഞു വഷളൻ ചിരിച്ചിരിച്ചു.. അത് കണ്ടവൾ ദേഷ്യത്തോടെ മുഖം വെട്ടിച്ചു... *** "നിങ്ങൾ ആരോട് ചോദിച്ചിട്ട മനുഷ്യ കൊച്ചിന്റെ കല്യാണം ഉറപ്പിച്ചേ " അമ്മ അച്ഛനോട് കയർത്തു.. "എന്റെ മോൾടെ കല്യാണം ഉറപ്പിക്കാൻ എനിക്ക് ആരുടേയും അനുവാദം വേണ്ട കേട്ടല്ലോ " അച്ഛൻ ആക്രോഷിച്ചു... "നിങ്ങടെ മോളോ എന്ന് മുതൽ.. എന്റെ അറിവിൽ എനിക്കിങ്ങനൊരു അച്ഛൻ ഇല്ല 😏" ദച്ചു ഒന്ന് പുച്ഛിച്ചു.. എന്നിട്ട് വീണ്ടും തുടർന്നു.. "പത്തിരുപതു വർഷവും ഞാൻ നിങ്ങടെ കണ്മുന്നിൽ തന്നെയല്ലേ വളർന്നത് അപ്പൊഴൊന്നും തോന്നാത്ത സ്നേഹം നിങ്ങൾക്ക് പെട്ടന്നെവിടുന്ന് പൊട്ടിമുളച്ചു 😡" "എടി നിന്നെ 😡"

അയാൾ കോപത്തോടെ വന്നു ദച്ചുവിന്റെ മുടിക്കുത്തിൽ പിടിച്ചു.. "ആഹ് " "അതേടി പെട്ടന്ന് പൊട്ടിമുളച്ച സ്നേഹം തന്നെയാ.. എങ്ങനേലും എവിടേലും ചെന്ന് രക്ഷപെട്ടോടെ എന്ന് വിചാരിച്ചപ്പോ അവൾ എന്നെ ചോദ്യം ചെയ്യാൻ വരുന്നു " അയാൾ അവളെ പിടിച്ചു നിലത്തേക്ക് തള്ളി.. "ചേച്ചി " അച്ചു ഓടിക്കൊണ്ടവളുടെ അരികിലേക്ക് വന്നു...അപ്പോഴും ദച്ചുവിന്റെ കണ്ണുകൾ അയാളെ തീക്ഷ്ണതയോടെ നോക്കുന്നുണ്ടായിരുന്നു.. "ദേ കൊച്ചിനെ ഉപദ്രവിച്ചാലുണ്ടല്ലോ 😡" അമ്മ പറഞ്ഞുകൊണ്ടായാൾക്ക് നേരെ കൈ ചൂണ്ടി... അയാൾ ആ കൈ പിടിച്ചു തിരിച്ചുകൊണ്ട് അമ്മയുടെ ഇരുകവിളിലും മാറി മാറി അടിച്ചു...അമ്മയെ നിലത്തേക്ക് തള്ളി.. ചവിട്ടാനായി കാലുയർത്തിയതും ദച്ചു ഓടി വന്നാ കാലിൽ പിടിച്ചു... അവളുടെ ഉള്ളിൽ അപ്പോൾ വൈദ്യർ പറഞ്ഞ വാക്കുകൾ ആയിരുന്നു... "ഇനി ഒരു വഴ്ചയോ ക്ഷതമോ ഏൽക്കാനുള്ള ബലം അമ്മയുടെ ശരീരത്തിനില്ല... അതുകൊണ്ട് നന്നായി ശ്രദ്ധിക്കണമെന്ന്.. "

പെട്ടന്നവൾ ആ കാലിൽ പിടിച്ചു കൊണ്ട് കരഞ്ഞു.. "അ.. അമ്മയെ ഉപദ്രവിക്കണ്ട.. എ.. എനിക്ക് ഈ കല്യാണത്തിന് സമ്മതമാണ് " പറഞ്ഞുകൊണ്ടവൾ കൈകൾ കൊണ്ട് മുഖം പൊത്തി കരഞ്ഞു... അയാൾ വിജയഭാവത്തോടെ പുറത്തേക്ക് പോയി... അമ്മയും അച്ചുവും അവളെ ചേർത്ത് പിടിച്ചു.. അമ്മയുടെ നെഞ്ചിലേക്ക് വീണവൾ പൊട്ടികരഞ്ഞു.. **** ഇതേ സമയം മറ്റൊരിടത്ത്... "എന്തായി നിരഞ്ജൻ പോയ കാര്യം" കസേരയിലേക്ക് ചാഞ്ഞിരുന്നു കൊണ്ടയാൾ ചോദിച്ചു.. "ഈ നിരഞ്ജൻ ഒരു കാര്യം ഏറ്റെടുത്താൽ അത് നടത്താതിരിക്കില്ലെന്ന് നിനക്ക് അറിയില്ലേ നരാ..." "അതെനിക്കറിയാം.. എന്നാലും ദർശനയാണ് ആള്... അവൾ അത്ര പെട്ടന്നൊന്നും തോൽവി സമ്മതിച്ചു തരില്ല " "എങ്കിൽ രണ്ട് ചെവിയും തുറന്ന് കേട്ടോ... അവൾടെ തന്തപ്പിടി ഇപ്പോൾ വിളിച്ചിരുന്നു... കല്യാണത്തിനവൾ സമ്മതിച്ചിട്ടുണ്ടെന്ന് പറഞ്ഞുകൊണ്ട്.." "സത്യമാണോ " നരൻ വിശ്വാസം വരാത്ത പോലെ ചോദിച്ചു... "പകൽ പോലെ സത്യം...

മകൾ കല്യാണത്തിന് സമ്മതിച്ചില്ലേൽ അയാൾക്ക് തന്നെയാണ് നഷ്ടം.. ലക്ഷങ്ങൾ ആണ് ഈ ഒരു കാര്യത്തിന് വേണ്ടി അയാൾക്ക് ഞാൻ എറിഞ്ഞു കൊടുത്തത്...ലാഭമില്ലാത്ത കച്ചവടത്തിനൊന്നും ഈ നിരഞ്ജൻ ഇറങ്ങില്ലെന്ന് നിനക്കറിയാലോ... ഇതിൽ കാർത്തിയാണെന്റെ ലക്ഷ്യം.. അവന്റെ തകർച്ച അതെനിക്ക് എന്റെ ഈ രണ്ട് കണ്ണുകൊണ്ട് കാണണം " "അതെനിക്കറിയാം നിരഞ്ജൻ...അവൾ ദർശന... ഒറ്റ നോട്ടത്തിൽ തന്നെ എന്റെ മനം കവർന്നവൾ...സ്വന്തമാക്കാൻ ഒരുപാട് വളഞ്ഞ വഴികൾ പരീക്ഷിച്ചു... ഒന്നും നടന്നില്ല... അപ്പോഴൊക്കെയും എനിക്കവളെ ഇഷ്ടം തന്നെയായിരുന്നു.. പക്ഷേ അവൾക്കിഷ്ടം കാർത്തിയെ ആണെന്നറിഞ്ഞ നിമിഷം മുതൽ എനിക്കവളോട് പകയായി... എങ്ങനെയും അവളെ ഒന്നനുഭവിക്കണം അത്രയേ ഉളളൂ എനിക്കിപ്പോ... അതിനാണ് ഞാൻ നിന്റെ ഹെല്പ് ചോദിച്ചത്... നീയാവുമ്പോ ഇങ്ങനത്തെ കാര്യത്തിൽ എക്സ്പീരിയൻസ് ഉള്ള ആളാണല്ലോ.. "

"പെണ്ണെന്ന് പറഞ്ഞാൽ എനിക്കന്നും ഇന്നും വീക്നെസ് തന്നെയാണ്... അതിന് ഞാൻ എന്ത് നെറികെട്ട കളിയും കളിക്കും.. ആ കാർത്തികിൻറെ പെണ്ണാവുമ്പോ ഒന്ന് കൂടെ ലഹരിയാവും..ഇനി ഒരൊറ്റ ലക്ഷ്യം ദർശന. അതിലൂടെ അവളുടെ മറ്റവന്റെ തകർച്ചയും .. " പറഞ്ഞുകൊണ്ട് നിരഞ്ജൻ പൊട്ടിച്ചിരിച്ചു... ***** പിന്നീട് രണ്ട് ദിവസത്തിന് നിരഞ്ജന്റെ ഒരു വിവരവും ഉണ്ടായിരുന്നില്ല.. അച്ഛനും വീട്ടിൽ വന്നിട്ടില്ലായിരുന്നു... ആ അവസരം നോക്കി അമ്മയുടെ ഫോണിൽ നിന്നും മാഷിന് വിളിച്ചു... രണ്ട് മൂന്നു തവണ വിളിച്ചപ്പോഴെല്ലാം ഔട്ട്‌ ഓഫ് കവറേജ്‌ ഏരിയ എന്നാണ് പറഞ്ഞത്... പിന്നീട് അടിച്ചപ്പോൾ കണക്ട് ആയി... അവിടെനിന്നും ഹെലോ എന്ന് പറഞ്ഞപ്പോഴേക്കും എന്റെ കയ്യിൽ നിന്നും അച്ഛൻ ഫോൺ വാങ്ങിച്ചു എറിഞ്ഞുടച്ചിരുന്നു... അവസാന പഴുതും അടഞ്ഞപ്പോൾ കണ്ണീർ പൊഴിക്കാൻ മാത്രമേ എന്നെകൊണ്ട് കഴിഞ്ഞുള്ളൂ.. പിറ്റേന്ന് അച്ഛൻ കയറി വന്നത് കയ്യിൽ കുറേ കവറുകളുമായാണ്.. എല്ലാം അമ്മയുടെ കയ്യിൽ ഏൽപ്പിച്ചു...

സംശയത്തോടെ നോക്കിയ അമ്മയോട് അച്ഛൻ പറഞ്ഞു... നാളെ നിശ്ചയത്തിന് ധരിക്കാൻ ഉള്ളതാണെന്ന്...അത് കൂടെ കേട്ടതും ആകെ തകർന്നിരുന്നു ഞാൻ.. അമ്മയും അച്ചുവും ഓരോന്നും പറഞ്ഞു സമാധാനിപ്പിക്കുന്നുണ്ട്..പക്ഷേ അത് കൊണ്ടൊന്നും എന്റെ മനസ്സ് തണുത്തില്ല... നീറിപുകയുക തന്നെയായിരുന്നു... അപ്പോഴും എന്റെ പ്രണയത്തിന്റെ അവശേഷിപ്പ് ഉള്ളിൽ കിടന്നു വിങ്ങുന്നുണ്ടായിരുന്നു... **** നിശ്ചയത്തിന് എല്ലാം യന്ത്രികമെന്നോണം ചെയ്തു... വീട്ടിൽ ആരെയും വിളിച്ചിട്ടുണ്ടായിരുന്നില്ല.. അയാളും അയാളുടെ വീട്ടുകാരും മാത്രമാണ് ഉണ്ടായിരുന്നത്.. പക്ഷേ വീട്ടുകാരുടെ സംസാരത്തിലും ഭാവത്തിലുമെല്ലാം എനിക്കെന്തോ പന്തികേട് തോന്നി.. അപ്പോൾ ഒന്നും പറഞ്ഞു എതിർക്കാൻ പോയില്ല.. അയാൾ വിരലിൽ മോതിരം അണിയിച്ചപ്പോൾ അവിടം ചുറ്റുപൊള്ളുന്നതായാണ് തോന്നിയത്.. കടുത്ത മുഖത്തോടെ അയാളെ നോക്കി തിരികെയും മോതിരം അണിയിച്ചു...

അപ്പോഴും അയാളുടെ കണ്ണിൽ ഒരു കുറുക്കന്റെ കൗശലം ഒളിപ്പിച്ചിട്ടുണ്ടായിരുന്നു... *** അന്ന് രാത്രി തന്നെ അച്ഛൻ പുറത്തു പോയ സമയത്ത് അമ്മയോട് എനിക്ക് തോന്നിയ സംശയം പറഞ്ഞു.. അമ്മയ്ക്കും അവരുടെയെല്ലാം പെരുമാറ്റത്തിൽ വശപിശക് തോന്നിയിട്ടുണ്ട്.. എൻഗേജ്മെന്റ് അല്ലെ കഴിഞ്ഞുള്ളൂ കല്യാണം കഴിഞ്ഞില്ലല്ലോ അതിന് മുന്നേ ദൈവം ഒരു വഴി കാണിച്ചു തരാതിരിക്കില്ല എന്ന് പറഞ്ഞമ്മ സമാധാനിപ്പിച്ചു.. എല്ലാം ദൈവത്തിനു വിട്ടുകൊടുത്തു ഞാനും ആ ശക്തിയിൽ വിശ്വാസം അർപ്പിച്ചു.. **** കല്യാണത്തിന് ധരിക്കാനുള്ള വസ്ത്രം അച്ഛൻ തന്നെ വാങ്ങിച്ചു കൊണ്ടുവന്നിട്ടുണ്ടായിരുന്നു... അതുകൊണ്ട് ആ പേരും പറഞ്ഞു പുറത്ത് പോകാൻ കഴിഞ്ഞില്ല..വീണ്ടും ഒരു അവസരത്തിനായി കാത്തിരുന്നു.. അപ്പോഴാണ് അടുത്തുള്ള അമ്പലത്തിൽ ഒരു പൂജ നടക്കുന്നുണ്ടെന്ന് അറിഞ്ഞത്.. അമ്മ എന്തൊക്കെയോ പറഞ്ഞു അച്ഛനെ കൊണ്ട് സമ്മതിപ്പിച്ചു.. അച്ഛൻ നിരഞ്ജന് വിളിക്കുന്നതും അനുവാദം വാങ്ങിക്കുന്നതുമെല്ലാം കേട്ടു...

അപ്പോഴൊക്കെയും അച്ഛനെ കൊല്ലാനുള്ള ദേഷ്യം എന്നിൽ ഉണ്ടായിരുന്നു... അച്ഛന്റെയും നിരഞ്ജന്റെയും അനുവാദത്തോടെ വൈകീട്ട് അമ്പലത്തിലേക്ക് പോയി.. അമ്മയെയും അച്ചുവിനെയും അവിടെ നിർത്തി ഞാൻ ഒരു ഓട്ടോ പിടിച്ചു ടൗണിലേക്ക് വന്നു.. അവിടെയുള്ള ഒരു മൊബൈൽ ഷോപ്പിൽ കയറി ഒരു ഫോണും സിമും വാങ്ങിച്ചു.. ഷോപ്പ് ഉടമയുടെ മൊബൈലിൽ നിന്നും മാഷിന്റെ നമ്പറിലേക്ക് വിളിച്ചു.. കാര്യങ്ങളെല്ലാം പറഞ്ഞു... എന്റെ പുതിയ നമ്പറും കൊടുത്തു അവിടെ നിന്നും തിരിച്ചു അമ്മയുടെയും അച്ചുവിന്റെയും അടുത്തേക്ക് വന്നു.. ഞാൻ ചെന്നിറങ്ങിയതിന്റെ പിറകെ നിരഞ്ജന്റെ ആളുകൾ ഞങ്ങളെ നിരീക്ഷിക്കാൻ വേണ്ടി അവിടെ എത്തിയിട്ടുണ്ടായിരുന്നു... അവർക്കൊരു സംശയവും തോന്നാതെ ഞങ്ങൾ പൂജയിൽ പങ്കെടുത്തു വീട്ടിലേക്ക് തിരിച്ചു... വീട്ടിലെത്തി അച്ഛൻ കാണാതെ മൊബൈൽ സൈലന്റിൽ ഇട്ട് ബെഡിനടിയിൽ ഒളിപ്പിച്ചുവെച്ചു... പിറ്റേന്ന് ഉച്ചയോടെ അതിലേക്ക് മാഷിന്റെ കാൾ എന്നെ തേടിയെത്തി...ഒരു സന്തോഷ വാർത്തയുമായാണ് മാഷ് വിളിച്ചത്..

ഞാൻ കൊടുത്ത നിരഞ്ജന്റെ ഡീറ്റെയിൽസ് വെച്ചവർ അപ്പുവേട്ടന്റെ സുഹൃത്തായ ഒരു ഇൻസ്‌പെക്ടറെ കൊണ്ട് അയാളെ പറ്റി അന്യോഷിച്ചു.. നിരവധി കേസുകളിൽ ഹൈദരാബാദ് പോലീസ് തിരഞ്ഞു കൊണ്ടിരിക്കുന്ന ഒരു ക്രിമിനൽ ആണ് നിരഞ്ജൻ.. പോരാത്തതിന് സെക്സ് റാക്കറ്റിലെ പ്രധാന കണ്ണിയും.. നിരഞ്ജന്റെ ഫാമിലി ഹൈദ്രാബാദിൽ സെറ്റിൽഡ് ആണെന്നും ഈ അടുത്തെങ്ങും അവർ നാട്ടിലേക്ക് വന്നിട്ടില്ലെന്നും അറിയാൻ സാധിച്ചു..അതിൽ നിന്ന് തന്നെ മനസ്സിലായി എല്ലാം അയാളുടെ ഡ്രാമയാണെന്ന്.. പക്ഷേ എന്തിനാണെന്ന് മാത്രം മനസ്സിലായില്ല... എങ്കിലും മാഷ് പറഞ്ഞ വിവരങ്ങൾ വെച്ച് ഞങ്ങൾ അവനായി കെണിയൊരുക്കി. *** കല്യാണം അടുത്തു.. അവനൊരു സംശയവും തോന്നാതിരിക്കാൻ സന്തോഷമുള്ളത് പോലെ തന്നെ അഭിനയിച്ചു... കല്യാണത്തിന് അധികമാരെയും വിളിച്ചില്ല.. അടുത്ത ചില ആളുകളെ മാത്രം... അണിഞ്ഞൊരുങ്ങി അവന്റെ കൂടെ മണ്ഡപത്തിൽ ഇരിക്കുമ്പോൾ ഉള്ള് പിടയുകയായിരുന്നു..

പ്ലാനിൽ എന്തെങ്കിലും പിഴവ് സംഭവിച്ചാൽ ആ നീചന്റെ കയ്യിൽ ഞെരിഞ്ഞമരും എന്റെ ജീവിതം... അതുകൊണ്ട് യാതൊരു സംശയത്തിനും ഇടകൊടുക്കാതെ ചിരിയോടെ തന്നെ ഇരുന്നു.. പൂജാരി കൊടുത്ത താലി അയാൾ എന്റെ നേരെ ഉയർത്തി.. കൗശലം ഒളിപ്പിച്ച കണ്ണുകളോടെ എന്നെ നോക്കി ചിരിച്ചു... അതിനു ഞാൻ തിരികെ പുച്ഛം നിറഞ്ഞൊരു ചിരി നൽകി.. താലി കെട്ടാനായി കഴുത്തിലേക്കയാളുടെ കൈകൾ നീണ്ടതും കാക്കിയണിഞ്ഞവർ തോക്കും ചൂണ്ടി അയാളുടെ ചുറ്റും വളഞ്ഞിരുന്നു... എന്താണ് സംഭവിച്ചതെന്ന് ആലോചിക്കുന്നതിനു മുന്നേ കൂട്ടത്തിലെ ഉയർന്ന ഉദ്യോഗസ്ഥൻ അയാളെ അവിടെ നിന്നും വലിച്ചെഴുന്നേൽപ്പിച്ചു കൊണ്ട് താഴെയിറക്കി.. കാര്യമറിയാതെ അയാളുടെ ചുറ്റും എല്ലാവരും കൂടി പരസ്പരം പിറുപിറുത്തു.. ആളുകളെ വകഞ്ഞുമാറ്റി അപ്പുവേട്ടനും മാഷും മുന്നോട്ട് വന്നു.. "Any way thank you.. Abhinav... നിങ്ങൾ തന്ന ശെരിയായ ഇൻഫർമേഷൻ കൊണ്ടാണ് ഇവനെ ഞങ്ങൾക്ക് പിടിക്കാൻ കഴിഞ്ഞത്..

ഇവനെ കൊണ്ടിനി നിങ്ങൾക്കൊരു ശല്യം ഉണ്ടാവില്ല..." "Thank you sir " അപ്പുവും ഇൻസ്‌പെക്ടർക്ക്‌ തിരികെ കൈ കൊടുത്തു.. അപ്പോഴും നിരഞ്ജൻ പകയോടെ എന്നെ നോക്കുന്നുണ്ടായിരുന്നു... ഞാൻ വിജയഭാവത്തോടെ അയാളെ നോക്കി ചിരിച്ചു... ഇൻസ്‌പെക്ടർ അയാളെ വിലങ്ങണിയിച്ചു കൊണ്ടുപോയി.. കൂടെ അയാളുടെ ഡ്യൂപ്ലിക്കേറ്റ് അച്ഛനെയും അമ്മയെയും വരെ..ആ കാഴ്ച്ച ഞാൻ സന്തോഷത്തോടെ നോക്കി നിന്നു... *** ചെയ്തു കൂട്ടിയതെല്ലാം തെറ്റാണെന്ന ബോധ്യം ഉള്ളതുകൊണ്ടാവാം അച്ഛൻ അവിടെ നിന്നും ആരോടും മിണ്ടാതെ ഇറങ്ങിപ്പോയി... കല്യാണത്തിന് വന്നവരെല്ലാം പിരിഞ്ഞുപോയി...ഞങ്ങൾ മാഷിന്റെയും അപ്പുവേട്ടന്റെയും കൂടെ വീട്ടിലേക്ക് തിരിച്ചു... അവിടെയെത്തി കഴിഞ്ഞപ്പോൾ അപ്പുവേട്ടൻ കയ്യിലെക്കൊരു ഫ്ലൈറ്റ് ടിക്കറ്റ് വെച്ചു തന്നു..രാത്രിയാണ് ഫ്ലൈറ്റ് വേഗം ചെന്ന് കൊണ്ടുപോകാനുള്ളതെല്ലാം പാക്ക് ചെയ്യാൻ പറഞ്ഞു.. ഒന്നും മനസ്സിലാവാതെ ഞാൻ അവരെ നോക്കി...

ഈ സാഹചര്യത്തിൽ ഇവിടെ നിന്നൊന്ന് മാറി നിൽക്കുന്നതാണ് നല്ലതെന്നവർ പറഞ്ഞു..ചിലപ്പോൾ അച്ഛന്റെ സ്വഭാവം അറിയാവുന്നത് കൊണ്ടാവും.. അമ്മയെയും അച്ചുവിനെയും അവരെ ഏൽപ്പിച്ചു ഞാൻ ബാംഗ്ലൂർ നഗരത്തിലേക്ക് ചേക്കേറി.. അവിടെയെത്തി ഒരാഴ്ചക്കുള്ളിൽ തന്നെ മീനുവേച്ചിയുടെ കൂടെ അവരുടെ ഓഫീസിൽ ജോലിക്ക് കയറി.. വീട്ടിലേക്ക് വിളിച്ചു വിശേഷങ്ങൾ ചോദിക്കുമ്പോൾ അറിയാറുണ്ടായിരുന്നു അച്ഛന് വന്ന മനം മാറ്റത്തെ പറ്റി.. എന്നെ കുറിച്ച് അന്യോഷിച്ചെന്നും എന്റെ കാലിൽ വീണു ചെയ്തു കൂട്ടിയ തെറ്റുകൾക്ക് മാപ്പ് പറയണമെന്നുമൊക്കെ മാഷിനോട് പറഞ്ഞത്രേ.. ഒന്നിനും ചെവി കൊടുക്കാൻ പോയില്ല.. ജോലിയിൽ കയറിയിട്ട് ആറ് മാസം കഴിഞ്ഞു... വേറെ ബാധ്യതകൾ ഒന്നുമില്ലാത്തതു കൊണ്ട് വീട് ഒന്ന് പുതുക്കി പണിതു..അപ്പുവേട്ടന്റെ സഹായത്തോടെ അച്ഛന്റെ കടയും ഒന്ന് മോടിപിടിപ്പിച്ചു..അച്ഛൻ മദ്യപാനമൊക്കെ നിർത്തി കടയുമായി നല്ല രീതിയിൽ മുന്നോട്ടു പോയി..

അത് കേട്ടപ്പോൾ എനിക്കും ഒരു കുഞ്ഞു സന്തോഷം ഉള്ളിൽ തോന്നി..എങ്കിലും അത് പുറത്ത് കാണിച്ചില്ല.. **** അങ്ങനെ ബാംഗ്ലൂർ നഗരത്തിൽ വന്നിട്ട് ഒരു വർഷം കഴിഞ്ഞു.. ഇതിനിടക്ക് ഒരിക്കൽ പോലും നാട്ടിലേക്ക് പോയില്ല.. പോവാൻ തോന്നിയില്ല എന്നതാണ് സത്യം..തിരിച്ചു പോവാൻ മാത്രം നല്ല ഓർമകളൊന്നും എനിക്കാ നാട് സമ്മാനിച്ചിട്ടില്ലല്ലോ... ഒരു വർഷം കഴിഞ്ഞിട്ടും ഞാൻ വരാത്തതിന്റെ നീരസത്തിൽ അച്ചുവും അമ്മയും സമരം തുടങ്ങി.. എന്നും വിളിച്ചാൽ കണ്ണീരും പതം പറച്ചിലും... എങ്കിൽ ഒന്ന് നാട്ടിൽ പോയി വരാമെന്ന് കരുതി ലീവിന് അപ്ലൈ ചെയ്തു.. ഒരു ദിവസം ഫേസ്ബുക്കിൽ നോക്കി കൊണ്ടിരിക്കുമ്പോഴാണ് M. K ഗ്രൂപ്പിസിന്റെ ഒരു പരസ്യം കണ്ടത്..എറണാകുളത്ത് പുതുതായി തുടങ്ങുന്ന ഓഫീസിലേക്ക് എംപ്ലോയീസിനെ ക്ഷണിച്ചു കൊണ്ടുള്ളത്..ഡീറ്റെയിൽസ് അന്യോഷിച്ചപ്പോൾ M. D കൃഷ്ണൻ സർ ആണെന്നും ആൾ നല്ലൊരു മനുഷ്യനാണെന്നും അറിഞ്ഞു.. അതറിഞ്ഞപ്പോൾ ഒരു അപ്ലിക്കേഷൻ കൊടുത്തേക്കാമെന്ന് തോന്നി..

കിട്ടിയാൽ ഇനിയുള്ള കാലം അച്ചുവിന്റെയും അമ്മയുടെയും കൂടെ നിൽക്കാമല്ലോ.. മീനുവേച്ചിയോട് പറഞ്ഞപ്പോൾ നല്ലൊരു അവസരമാണ് പഴാക്കേണ്ടന്ന് പറഞ്ഞു.. വൈകാതെ തന്നെ അപ്ലിക്കേഷൻ അയച്ചു.. ഒരാഴ്ച്ച കഴിഞ്ഞപ്പോൾ ഇന്റർവ്യൂ ലെറ്റർ വന്നു.. Monday ജോയിൻ ചെയ്യാൻ പറഞ്ഞുകൊണ്ട്.. അതുകൊണ്ട് തന്നെ അതിന്റെ അടുത്ത ദിവസം ഓഫീസിൽ നിന്നും റിസൈൻ ലെറ്ററും കൊടുത്തു ഇറങ്ങി.. സാറ്റർഡേ ഫ്ലൈറ്റിന് നാട്ടിലേക്ക് തിരിച്ചു... ഒത്തിരി നാൾ കൂടി കണ്ടതിന്റെ സന്തോഷം അമ്മയുടെയും അച്ചുവിന്റെയും മുഖത്തുണ്ടായിരുന്നു..അത് തന്നെ മതിയായിരുന്നു എന്റെ മനസ്സ് നിറയാൻ.. മാഷിനെയും അപ്പുവേട്ടനെയും പോയി കണ്ടു... ആൾ ഇപ്പോ തിരക്കുള്ള വല്യ വക്കീൽ ആണ്.. ഒരുദിവസം വീട്ടുകാരോടൊപ്പം അടിച്ചുപൊളിച്ചു.. അച്ഛൻ പലതവണ മിണ്ടാൻ വന്നു.. കണ്ട ഭാവം പോലും നടിച്ചില്ല... പിറ്റേന്ന് പുലർച്ചേയുള്ള ബസിന് എറണാംകുളത്തേക്ക് തിരിച്ചു.. അപ്പുവേട്ടനായിരുന്നു ബസ് കേറ്റിവിട്ടത്.. എറണാകുളം ബസ്സ്റ്റാൻഡിൽ ഇറങ്ങി അവിടുന്നൊരു ഓട്ടോ പിടിച്ചു ഓഫീസിലേക്ക് വന്നു... അവിടെ വന്നപ്പോൾ എന്നെ കൂടാതെ വേറെയും കുറച്ച് എംപ്ലോയീസ് ഉണ്ടായിരുന്നു..

അവരെല്ലാം വേറെ വേറെ സെക്ഷനിലേക്ക് ഉള്ളതായിരുന്നു..റിസപ്ഷനിൽ ചെന്ന് കൃഷ്ണൻ സർ വന്നിട്ടുണ്ടോ എന്നന്യോഷിച്ചു... അപ്പോഴാണ് അവരിൽ നിന്നും പുതിയ വിവരം അറിഞ്ഞത്.. കൃഷ്ണൻ സർ അല്ല ഇപ്പോഴത്തെ M. D അയാളുടെ മകൻ ആണെന്ന്... അപ്പോൾ ഒരു ചെറിയ ടെൻഷൻ തോന്നി.. ഏത് തരക്കാരൻ ആണെന്ന് അറിയില്ലല്ലോ... ഒരു 15 മിനിറ്റ് വൈറ്റ് ചെയ്തു കാണും അപ്പോൾ റിസപ്ഷനിസ്റ്റ് വന്നു പറഞ്ഞു M. D വിളിക്കുന്നുണ്ടെന്ന്.. അപ്പോഴേക്കും ഹൃദയം അതിവേഗത്തിൽ മിടിക്കാൻ തുടങ്ങിയിരുന്നു.. പ്രിയപെട്ടതെന്തോ കണ്ടെത്തിയ പോലെ... ടെൻഷനോട് തന്നെ ഡോറിൽ മുട്ടി അനുവാദം വാങ്ങി.. "May i coming " "Yes " അകത്തു നിന്നും മുഴങ്ങി കേട്ട ശബ്ദം കാതുകൾ തിരിച്ചറിയുന്നതിനു മുന്നേ ഹൃദയം തിരിച്ചറിഞ്ഞിരുന്നു... വർദ്ധിക്കുന്ന ഹൃദയമിടിപ്പോടെ ഡോർ തുറന്നു.. "സർ " പിന്തിരിഞ്ഞു നിൽക്കുന്ന ആളെ നോക്കി വിളിച്ചു...അയാൾ തിരിഞ്ഞതും ഞാൻ ശെരിക്കും ഷോക്ക് ആയി..

ആരുടെ മുന്നിൽ എത്തിപ്പെടരുതെന്ന് വിചാരിച്ചോ അവിടെ തന്നെ എത്തിയിരിക്കുന്നു..ആ നിമിഷം അവിടുന്ന് ഓടിപ്പോയാലോ എന്ന് വരെ വിചാരിച്ചു... എന്നെ അത്ര അടുത്ത് കണ്ടിട്ടും കണ്ണേട്ടൻ ഒരു പരിചയ ഭാവവും കാണിക്കാഞ്ഞത് എന്നിൽ വേദനയുണ്ടാക്കി.. അത്രക്കും പക ആ മനസ്സിൽ എന്നോടുണ്ടോ എന്ന് വരെ തോന്നിപ്പോയി... **** ബാംഗ്ലൂരിലുള്ള ജോലി റിസൈൻ ചെയ്തതിനാൽ മുന്നോട്ട് പോവാൻ ഈ ജോലി കൂടിയേ തീരുമായിരുന്നു.. അതുകൊണ്ട് തന്നെ കണ്ണേട്ടന്റെ അവഗണന സഹിച്ചു അവിടെ തുടർന്നു... അവിടെ ജോലിക്ക് കയറി ഒരു മാസം കഴിഞ്ഞപ്പോഴാണ് അക്കൗണ്ട്സിൽ നിന്നും എന്നെ കണ്ണേട്ടൻ P. A സ്ഥാനത്തേക്ക് മാറ്റിയത്.. അത് എനിക്ക് ഉൾകൊള്ളാൻ കഴിഞ്ഞില്ല.. കണ്ണേട്ടനോടുള്ള എന്റെ ദേഷ്യം വർധിച്ചു.. കണ്ണേട്ടൻ എന്നോട് ചെയ്താതോരോന്നും എന്നെ കൂടുതൽ മുറിപ്പെടുത്തി കൊണ്ടിരുന്നു.. എങ്ങനേലും രണ്ട് വർഷത്തെ ബോണ്ട്‌ തീർന്ന് കിട്ടിയാൽ മതിയെന്നായി...

അങ്ങനെയിരിക്കെ സാറ്റർഡേ ഹോസ്റ്റലിൽ നിന്നും വീട്ടിലേക്ക് പോയ എന്നോട് മാഷ് ആ കാര്യം പറഞ്ഞത്.. മാഷിന്റെ സുഹൃത്തിന്റെ മകൻ ഒരു പ്രപോസലുമായി വന്നിട്ടുണ്ടെന്ന്..അവര് വന്നു കണ്ടോട്ടെ എന്ന് ചോദിച്ചു.. മാഷിനെ വിഷമിപ്പിക്കേണ്ടന്ന് കരുതി വന്നോളാൻ പറഞ്ഞു.. സൺ‌ഡേ അവർ വന്നു.. അമ്മയെയും അച്ഛനെയും കണ്ടപ്പോൾ ശെരിക്കും അമ്പരന്നു.. കണ്ണേട്ടൻ ആണ് വരൻ എന്ന് കൂടി അറിഞ്ഞപ്പോൾ ഒന്നൂടെ ഞെട്ടി.. ഇനിയും പ്രതികാരത്തിന്റെ ബാക്കി പത്രമായി വിവാഹലോചനയുമായി വന്നിരിക്കുന്നതാണെങ്കിലോ എന്ന് വരെ ചിന്തിച്ചു.. ഒരുപാട് എതിർത്തു നോക്കി... നടന്നില്ല.. അവസാനം മാഷിന്റെ നിർബന്ധപ്രകാരം വിവാഹത്തിന് സമ്മതം മൂളി.... അത്രയും പറഞ്ഞുകൊണ്ടവൾ നെഞ്ചിൽ നിന്നും തലയുയർത്തി അവന്റെ മുഖത്തേക്ക് നോക്കി.. ഒന്നും മിണ്ടാതെ കിടക്കുകയായിരുന്നവൻ.. ഇരു ചെന്നിയിൽ കൂടെയും കണ്ണുനീർ ഒഴുകുന്നുണ്ട്..

അവൾ തന്റെ ചുണ്ടുകളാൽ ആ കണ്ണുനീരിനെ ഒപ്പിയെടുത്തു.. അവൻ കണ്ണുകളടച്ചു.. അവൾ ഊർന്ന് അവന്റെ നെഞ്ചിൽ തന്നെ തലചായ്ച്ചു കിടന്നു.. "എന്റെ ഭാഗത്തായിരുന്നു തെറ്റ്... സത്യം മനസ്സിലാക്കാതെ ഞാൻ ഏട്ടനെ വെറുത്തു..ദേഷ്യം കാണിച്ചു..ഒന്നും പറയാതെ ഏട്ടന്റെ പ്രണയം തട്ടിത്തെറിപ്പിച്ചു ഞാൻ പോയി... പാടില്ലായിരുന്നു..ഒരു തവണയെങ്കിലും ഏട്ടനെ കേൾക്കാൻ ശ്രമിക്കണമായിരുന്നു.. "സോറി കണ്ണേട്ടാ... എന്നോട് പിണങ്ങല്ലേ.. ഇനി എന്നും ഞാൻ ഈ നെഞ്ചോട് ചേർന്ന് നിന്നോളം...എന്റെ മരണം വരെയും ❣️" പറഞ്ഞുകൊണ്ടവൾ അവനെ ഇറുകെ പുണർന്നു... പക്ഷേ അവൻ ഒന്നും തന്നെ മറുപടി പറഞ്ഞില്ല... അവളെ ഒരു കൈ കൊണ്ട് അവനിലേക്ക് ഒന്നൂടെ അണച്ചു പിടിച്ചു... ആ സ്നേഹചൂടിൽ അവൾ കണ്ണുകളടച്ചു... അപ്പോഴും അവന്റെ കണ്ണുകൾ മിഴിനീർ വാർക്കുന്നുണ്ടായിരുന്നു.. തന്റെ പ്രാണൻ അനുഭവിച്ച വേദനകൾ ഓർത്ത്... അവന്റെ ഉള്ളിൽ നിരഞ്ജനോടുള്ള പകയെരിഞ്ഞു......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story