നെഞ്ചോട് ചേർത്ത് ❣️: ഭാഗം 7

nenjod cherth

രചന: SHAMSEENA

പാലക്കാട്ടെ ഒരു സുന്ദരമായ ഗ്രാമ പ്രദേശം.. കൃഷ്ണപുരം (സാങ്കൽപ്പികം )അവിടെ ആയിരുന്നു താൻ ജനിച്ചതും വളർന്നതും... അമ്മയെ കണ്ട ഓർമയില്ല...കുട്ടിക്കാലത്ത് ഫോട്ടോയിൽ അമ്മമ്മ കാണിച്ചു തന്നിട്ടുണ്ട് ഇതാണ് നിന്റെ അമ്മ എന്ന് പറഞ്ഞു... പക്ഷേ അന്നൊന്നും വിശ്വസിച്ചില്ല.. കാരണം അതെ മുഖഛായ ഉള്ള ചെറിയമ്മ (ജയ )തന്റെ മുന്നിൽ ഉണ്ടായിരുന്നു... അതുകൊണ്ട് തന്നെ അമ്മ മരിച്ചിട്ടില്ല എന്ന് വിശ്വസിച്ചു.. ചെറിയമ്മയെ" അമ്മ " തന്നെ വിളിച്ചു...ഇപ്പോഴും അങ്ങനെ തന്നെ.. തന്റെ മനസ്സിൽ ഇപ്പോഴും അമ്മയുടെ രൂപത്തിന് ചെറിയമ്മയുടെ ച്ഛായയാണ്..ആദ്യമൊക്കെ സ്നേഹം ആയിരുന്നു.. പിന്നെ അതും ഇല്ലാതായി.. അച്ചുവിന്റെ ജനനത്തോടെ.. അമ്മ അവളെ കുളിപ്പിക്കുന്നതും ഒരുക്കികൊടുക്കുന്നതും ഭക്ഷണം കൊടുക്കുന്നതുമെല്ലാം കൗതുകത്തോടെ നോക്കി നിന്നിട്ടുണ്ട്... അപ്പോഴെല്ലാം ചെറിയമ്മ ശകാരിക്കുമായിരുന്നു... ആ സങ്കടമെല്ലാം രാത്രിയിൽ അമ്മമ്മയുടെ മാറിൽ കരഞ്ഞു തീർക്കും... അച്ഛൻ (വേണു )ടൗണിൽ ഒരു ബേക്കറി ഷോപ്പ് നടത്തുകയാണ്...അച്ഛന് ആണെങ്കിൽ തന്നെ കാണുന്നതേ വെറുപ്പായിരുന്നു...

കണ്ണിന്റെ മുന്നിൽ കണ്ടാൽ ആട്ടിയോടിക്കും... അച്ചുവിനെ കൊഞ്ചിക്കുന്നത് കാണുമ്പോൾ കൊതിച്ചിട്ടുണ്ട് തന്നെയും ഒന്ന് അതുപോലെ കൊഞ്ചിചെങ്കിലെന്ന്...അച്ഛനാണ് തനിക്ക് ദർശന എന്ന് പേരിട്ടതെന്ന് അമ്മമ്മ പറഞ്ഞിട്ടുണ്ട്.. ചെറുതിൽ എന്നെ ഭയങ്കര ഇഷ്ടായിരുന്നുത്രെ.. അമ്മയുടെ മരണത്തോടെയാണ് മാറിയതെന്ന് പറഞ്ഞു... അത്രക്കും ഇഷ്ടമായിരുന്നത്രെ അമ്മയെ...ആദ്യമൊക്കെ അച്ഛാ എന്ന് വിളിച്ചു പിറകെ നടക്കുമായിരുന്നു.. പിന്നെ അവഗണന സഹിക്കാതായപ്പോൾ അതും നിർത്തി... എനിക്ക് 6 വയസ്സുള്ളപ്പോൾ ആയിരുന്നു അച്ചുവിന്റെ ജനനം..അവൾക്ക് തന്നോട് എന്നും സ്നേഹമാണ്... അവൾ കാരണമാണ് ഇത്രയും നാൾ അവിടെ നിന്നത്.. അല്ലെങ്കിൽ എന്നേ താൻ ആ നരകത്തിൽ നിന്നും ഓടിപോയേനെ... *** പഠിക്കാൻ ഇഷ്ടമായിരുന്നു തനിക്ക് അത് മനസ്സിലാക്കി അമ്മമ്മ പഠനത്തിന്റെ എല്ലാ ആവശ്യങ്ങളും സന്തോഷത്തോടെ ചെയ്തു തരുമായിരുന്നു...

അമ്മമ്മ തന്നെ ആയിരുന്നു ഗോപാലൻ മാഷിന്റെ വീട്ടിൽ ട്യൂഷന് ചേർത്തതും.. അവിടുന്ന് കിട്ടിയ കൂട്ടാണ് മീനുചേച്ചിയും അപ്പുവേട്ടനും... മാഷിന്റെ മക്കളാണ്.. പിന്നെ എന്നെ മകളെ പോലെ സ്നേഹിക്കുന്ന ടീച്ചറമ്മയും..അമ്മമ്മയുടെ കയ്യിൽ പൈസ ഇല്ലെങ്കിൽ പോലും അച്ഛന്റെ കയ്യിൽ നിന്ന് വഴക്ക് കൂടി വേടിച് തരുമായിരുന്നു... അമ്മമ്മയെ അമ്മയ്ക്കും അച്ഛനും പേടിയായിരുന്നു...അതുകൊണ്ട് തന്നെ വാക്കുകൾ കൊണ്ടുള്ള മുറിവേൽപ്പിക്കൽ അല്ലാതെ ശരീരം നോവിക്കില്ലായിരുന്നു... പക്ഷേ ആ തണലും തനിക്ക് എന്നെന്നേക്കുമായി നഷ്ടമായി...ഒമ്പതിൽ പഠിക്കുമ്പോൾ... അത് തനിക്ക് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു..അതിൽ നിന്നും കരകയറ്റിയത് മീനുചേച്ചിയും അപ്പുവേട്ടനും ആണ്...അങ്ങനെ പത്തിലെ എക്സാം വന്നു... നന്നായി തന്നെ എഴുതി... എല്ലാ സഹായവും നൽകി മാഷും കുടുംബവും കൂടെ ഉണ്ടായിരുന്നു... അതിൽ അമ്മക്ക് നീരസം ഉണ്ട്.. കാരണം അച്ചു പഠിക്കാൻ ഇത്തിരി പിറകിലാണ്... അങ്ങനെ പത്തിലെ റിസൾട്ട്‌ വന്നു.. അമ്മമ്മയുടെ ആഗ്രഹം പോലെ ഫുൾ A+ വാങ്ങി പാസായി... ആശംസകളും ഉപഹാരങ്ങളുമായി നിരവധി ആളുകൾ വന്നു...

അപ്പോഴെല്ലാം അമ്മ മുഖം കറുപ്പിച്ചു... അച്ഛൻ ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ല എന്ന മട്ടിൽ നടന്നു... അത് തന്റെ കുഞ്ഞ് മനസ്സിനെ വല്ലാതെ മുറിപ്പെടുത്തി. ആരും കാണാതെ കരഞ്ഞു തീർത്തു... ** പ്ലസ് വണ്ണിന് പഠിച്ച സ്കൂളിൽ തന്നെ അഡ്മിഷൻ കിട്ടി.. അമ്മയോട് പറഞ്ഞപ്പോൾ ഇനി തുടർന്ന് പഠിക്കേണ്ട എന്ന് പറഞ്ഞു.. അമ്മക്ക് വീട്ടിലെ പണിയെല്ലാം ഒറ്റക്ക് ചെയ്യാൻ കഴിയുന്നില്ല അതുകൊണ്ട് പഠിച്ചു കളക്ടർ ആവാൻ നിൽക്കാതെ വീടുപണി പഠിക്കാൻ പറഞ്ഞു... അച്ഛനോട് തന്റെ ഒരു കാര്യവും പറയില്ലായിരുന്നു... അമ്മയിൽ നിന്ന് വഴക്ക് കേൾക്കുമെങ്കിലും എല്ലാ കാര്യവും അമ്മയോട് തന്നെ പറയുമായിരുന്നുള്ളൂ... അമ്മ പഠനം തുടരുന്നത് ശക്തമായി എതിർത്തു.. അതിനെ ചൊല്ലി എന്നെ വഴക്ക് പറഞ്ഞു... തല്ലി.. അച്ഛന്റെ മുന്നിൽ വെച്ചും എന്നിട്ട് പോലും അച്ഛൻ ഒരു വാക്ക് മറുത്ത് പറഞ്ഞില്ല അമ്മയെ പിടിച്ചു മാറ്റിയില്ല... അത് അച്ഛനോടുള്ള വെറുപ്പ് ഇരട്ടിയാക്കി... അവിടെയും തനിക്ക്‌ രക്ഷക്കെത്തിയത് അച്ചുവായിരുന്നു... അവിടെ നിന്നും അവൾ എന്നെ റൂമിലേക്ക് കൊണ്ടുപോയി... ചേച്ചി... ചേച്ചിയമ്മേ... അത് കേട്ടപ്പോൾ ദച്ചു വിതുമ്പി കൊണ്ട് അവളെ കെട്ടിപിടിച്ചു...

ചേച്ചി വിഷമിക്കണ്ട നമുക്ക് വഴിയുണ്ടാക്കാം... അവൾ അത് പറഞ്ഞപ്പോൾ ഞാൻ സംശയത്തോടെ അവളെ നോക്കി..അവൾ തുടർന്നു.. നമുക്ക് മാഷിനോട് പറയാം.. മാഷ് എന്തെങ്കിലും ഒരു വഴികാണും... അവളുടെ ആ ഉറപ്പിൽ ഞങ്ങൾ മാഷിനെ കാണാൻ ചെന്നു...എല്ലാ കാര്യവും മാഷിനോട് പറഞ്ഞു.. മാഷ് തുടർന്നു പഠിക്കാനുള്ള എല്ലാ ഏർപ്പാടും ചെയ്യാമെന്ന് ഉറപ്പ് തന്നു ഞങ്ങളെ സന്തോഷത്തോടെ വീട്ടിലേക്ക് മടക്കി അയച്ചു... ** പിറ്റേദിവസം മുറ്റം അടിച്ചുവരുമ്പോഴാണ് മാഷും വേറെ രണ്ട് ടീച്ചേഴ്സും പഞ്ചായത്ത്‌ പ്രസിഡന്റും കൂടി വീട്ടിലേക്ക് വരുന്നത്.. മാഷ് ഞങ്ങടെ സ്കൂളിൽ തന്നെ മാത്‍സ് അധ്യാപകൻ ആയിരുന്നു... അവർ വന്നപ്പോൾ അച്ഛൻ കടയിലേക്ക് പോകാൻ നിൽക്കുവായിരുന്നു... എന്താ എല്ലാവരും കൂടി രാവിലെ തന്നെ.. അച്ഛൻ ഇത്തിരി നീരസത്തോടെ ചോദിച്ചു... നമുക്ക് അകത്തിരുന്ന് സംസാരിക്കാം.. പ്രസിഡന്റ്‌ അതും പറഞ്ഞു തിണ്ണയിലേക്ക് ഇരുന്നു പിറകെ മറ്റുള്ളവരും.. ഇനി എന്താണെന്ന് നടക്കാൻ പോകുന്നത് എന്നുള്ള ആകാംഷയോടെ ചൂലും പിടിച്ചു ഞാൻ മുറ്റത്ത് തന്നെ തറഞ്ഞു നിന്നു.. വേണു ഞങ്ങൾ വന്നത് ദർശനയുടെ തുടർ പഠനത്തിന്റെ കാര്യം പറയാനാണ്..

. അത്രയും പറഞ്ഞപ്പോഴേക്കും അച്ഛൻ കെയ്‌കൊണ്ട് തടഞ്ഞു.. ഇവളുടെ കാര്യമാണെങ്കിൽ എന്നോട് പറയണ്ട... അതെല്ലാം തീരുമാനിക്കുന്നത് ജയയാണ് എന്താണേലും അവളോട് പറഞ്ഞോളൂ... ജയേ... ഒന്നിങ്ങു വന്നേ.. അതും പറഞ്ഞു അച്ഛൻ അമ്മയെ വിളിച്ചു.. എനിക്ക് കട തുറക്കാൻ വൈകി ഞാൻ പോകുവാണ്... അച്ഛൻ വണ്ടിയും എടുത്ത് പോയി.. അമ്മ പുറത്തേക്ക് വന്നു... ജയേ ഞങ്ങൾ എന്തിനാ വന്നതെന്ന് പറയാതെ തന്നെ അറിയാലോ.. പ്രസിഡന്റ്‌ തുടക്കം കുറിച്ചു... കഴിവുള്ള കുട്ടിയാണ് അതിന്റെ ഭാവി നിങ്ങളായിട്ട് നശിപ്പിക്കരുത്.. മാഷ് പറഞ്ഞു... ഞാൻ എന്ത് ഭാവി നശിപ്പിച്ചൂന്ന മാഷ് പറയുന്നേ... ഇവളെ തുടർന്ന് പഠിപ്പിക്കാൻ വിടാനുള്ള സാമ്പത്തികമൊന്നും ഇവിടെ ഇപ്പോൾ ഇല്ല.. ഓരോ ദിവസവും തള്ളി നീക്കുന്നത് എനിക്കെ അറിയൂ... അതിനിടയില ഇനി ഇവളുടെ പഠിപ്പും.. അതൊന്നും നടക്കത്തില്ല മാഷേ... അത് എന്ത് വർത്താന ജയേ.. കുട്ടിക്ക് സ്കൂളിൽ തന്നെ സീറ്റ് കിട്ടിയില്ലേ പിന്നെന്താ...

സാമ്പത്തിക തടസം...മാഷ് വിടാൻ ഉദ്ദേശമില്ലായിരുന്നു.. അതിന് അമ്മ ഒന്നും പറഞ്ഞില്ല.. മിണ്ടാത്തെ നിന്നു.. ജയയുടെ തീരുമാനത്തിൽ മാറ്റാമില്ലെങ്കിൽ ഞങ്ങൾക്ക് മറ്റു മാർഗങ്ങൾ നോക്കേണ്ടി വരും.. അത് നിങ്ങൾക്ക് ദോഷം ചെയ്യും.. ഇതിന്റെ ഭാവി നശിപ്പിക്കുകയാണെന്നും പറഞ്ഞു cwc യിൽ ഒരു പരാതി കൊടുത്താൽ മതി..ബാക്കി ഞങ്ങൾ പറയേണ്ടല്ലോ... പ്രസിഡന്റ്‌ ഇത്തിരി കടുപ്പിച്ചു തന്നെ പറഞ്ഞു.. അത് കേട്ട് അമ്മ ഒന്ന് ഭയന്നു.. പഠിക്കുകയോ കളക്ടർ ആവുകയോ എന്താന്ന് വെച്ചാൽ ചെയ്‌തോ... അത്രയും പറഞ്ഞു ചാടി തുള്ളി അമ്മ അകത്തേക്ക് പോയി...അവരെല്ലാം പോകാൻ ഇറങ്ങി... മോൾ ഇതൊന്നും കേട്ട് പേടിക്കേണ്ട.. അവരൊന്നും ചെയ്യില്ല.. അടുത്ത ആഴ്ച ക്ലാസ്സ്‌ തുടങ്ങുവാണ് അതിനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കോ.. എന്ന ഞങ്ങൾ ഇറങ്ങട്ടെ... മാഷ് ചേർത്ത് നിർത്തി തലയിൽ തലോടി കൊണ്ട് പറഞ്ഞു... ഞാൻ കണ്ണ് നിറച്ചു തലയാട്ടി... *** മറ്റന്നാൾ ആണ് ക്ലാസ്സ്‌ തുടങ്ങുന്നത്.. സ്കൂളിലേക്ക് കൊണ്ടുപോകാൻ പുതിയ ബാഗൊ പുസ്തകമോ ഒന്നും വാങ്ങിയില്ല...

അമ്മയോട് പറയാൻ പേടിയായിരുന്നു... എങ്ങാനും വഴക്ക് കേട്ടാലോ.. അന്ന് മാഷും മറ്റുള്ളവരും വന്നു പോയതിൽ പിന്നെ എന്നും ശകാരമാണ്... എല്ലാം മിണ്ടാതെ നിന്ന് കേൾക്കും... അപ്പോഴൊക്കെയും തുടർന്ന് പഠിക്കാലോ എന്ന സന്തോഷം മാത്രമായിരുന്നു.. ഉണ്ടായിരുന്ന ബാഗ് വൃത്തിയിൽ കഴുകിയിട്ടു...യൂണിഫോം സ്കൂളിൽ നിന്ന് കിട്ടുമെന്ന് അറിയിച്ചിരുന്നു.. അതുകൊണ്ടു തന്നെ ആ കാര്യത്തിൽ ടെൻഷൻ ഇല്ല ടീച്ചറമ്മ തൈച്ചുതരും... ഓരോന്ന് ആലോചിച്ചു സന്ധ്യയായി.. കുളിച്ചു വിളക്ക് കൊളുത്തി ഞാനും അച്ചുവും നാമം ജപിക്കാൻ ഇരുന്നു... അമ്മമ്മ ഉള്ളപ്പോൾ പഠിപ്പിച്ച ശീലങ്ങളാണ്.. നാമം ചൊല്ലുന്നതിനിടയിലാണ് ടോർച്ചിന്റെ വെളിച്ചം മുഖത്തേക്ക് അടിച്ചത്.. കെയ്‌കൊണ്ട് വെളിച്ചത്തെ തടഞ്ഞു ആരാണെന്ന് നോക്കി.. ഒരു കയ്യിൽ കുടയും മറുകയ്യിൽ കുറേ കവറുകളുമായി മാഷ് കേറിവരുന്നുണ്ട്.. അത് കണ്ടപ്പോൾ അവിടുന്ന് എഴുന്നേറ്റു...അടുത്തെത്തിയപ്പോൾ മാഷ് ടോർച് ഓഫ്‌ ചെയ്തു ഉമ്മറത്തേക്ക് കയറി.. അച്ചു വിളക്ക് അണച്ചു അകത്തു കൊണ്ട് വെച്ചു... എന്താ മാഷേ ഈ നേരത്ത്.. ഞാൻ തിരക്കി... ദാ ഇതങ്ങട് അകത്തു വെച്ചോളൂ.. കയ്യിലുള്ള കവറുകൾ എന്നെ ഏൽപ്പിച്ചു കൊണ്ട് പറഞ്ഞു...

സ്കൂളിൽ പോവുമ്പോ കൊണ്ടുപോകാൻ ബാഗും പുസ്‌തകവും ഒക്കെ വേണ്ടേ.. വേടിച്ചിട്ടുണ്ടാവില്ലന്ന് നിക്കറിയാം...ഇതങ്ങട് പിടിക്ക... മാഷേ.. ഞാൻ... സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞു വാക്കുകൾ പുറത്തേക്ക് വന്നില്ല... ന്തിനാ കുട്ട്യേ സങ്കടപ്പെടുന്നേ... അച്ഛൻ തരുന്നതാന്ന് വിചാരിച്ച മതി... കണ്ണ് തുടച്ചു തന്നു കൊണ്ട് പറഞ്ഞു...കവറുകൾ കയ്യിൽ വെച്ചു തന്നു.. പുറത്തെ സംസാരം കേട്ട് അമ്മ പുറത്തേക്ക് വന്നു.. മാഷിനെ കണ്ടത് ഇഷ്ടപ്പെടാത്തത് പോലെ മുഖം തിരിച്ചു... എന്ന ഞാൻ ഇറങ്ങുവാ ഇനിയും നിന്നാൽ വൈകും... അതും പറഞ്ഞു മാഷ് ടോർച്ചും തെളിച്ചു വീട്ടിലേക്ക് നടന്നു.. ഞങ്ങളുടെ വീടിന്റെ രണ്ടു വീട് അപ്പുറത്താണ് മാഷിന്റെ വീട്.. ഞാൻ കവറുകളും കൊണ്ട് അകത്തേക്ക് നടന്നു... ഒന്നവിടെ നിന്നെ... അമ്മ വിളിച്ചു കൊണ്ട് അടുത്ത് വന്നു.... സ്കൂളിൽ പോകുന്നതും പഠിക്കുന്നതും ഒക്കെ കൊള്ളാം രാവിലെ വീട്ടിലെ പണി കഴിഞ്ഞല്ലാതെ നീ സ്കൂളിലേക്കാണെന്നും പറഞ്ഞു ഇവിടുന്നിറങ്ങരുത്... മനസ്സിലായോ...

ഞാൻ മെല്ലെ തലയാട്ടി അകത്തേക്ക് പോയി... ** മുറിയിൽ ചെന്ന് മാഷ് തന്ന കവറെല്ലാം തുറന്നു നോക്കി.. ബാഗും പുസ്തകവും അങ്ങനെ എല്ലാ സാധനങ്ങളും ഉണ്ടായിരുന്നു.. പിന്നെ ഒരു കവറിൽ വർണകടലാസ്സിൽ പൊതിഞ്ഞ ഒരു ബോക്സ്‌ കണ്ടു.. പെട്ടന്ന് തന്നെ അത് കയ്യിൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി.. അതിൽ ഒരു കാർഡ് കണ്ടു.. എന്റെ കുഞ്ഞിക്ക്.. അത് കണ്ടപ്പോൾ തന്നെ മനസ്സിലായി അപ്പുവേട്ടന്റെ സമ്മാനമാണെന്ന്... അപ്പുവേട്ടന് താൻ എന്നും കുഞ്ഞിയാണ്.. മീനു ചേച്ചി എപ്പോഴും പറയും നീയാണോ അപ്പുവേട്ടന്റെ അനിയത്തി ഞാനാണോ എന്ന്.. അത്രയും വാത്സല്യവും സ്നേഹവുമാണ് അപ്പുവേട്ടന്.. ആളിപ്പോ വക്കീൽ ആവാൻ പഠിക്കുവാണ്.. മെല്ലെ അത് തുറന്നു നോക്കി... അതിൽ രണ്ട് ചുരിദാറും ഒരു വാച്ചും ആയിരുന്നു... ഒന്ന് തന്റെ ഇഷ്ടപ്പെട്ട വെള്ള നിറത്തിലുള്ളത്.. ഒത്തിരി ഇഷ്ടമായി... അതെല്ലാം തിരിച്ചു കവറിലേക്ക് തന്നെ വെച്ചു ഒരു ഭാഗത്ത്‌ ഒതുക്കി വെച്ചു... എന്നിട്ട് അത്താഴം കഴിക്കാൻ പോയി.. അപ്പോഴേക്കും അച്ഛൻ വന്നിട്ടുണ്ടായിരുന്നു.. അമ്മ എല്ലാം പറഞ്ഞു കേൾപ്പിക്കുന്നുണ്ട് അച്ഛൻ അതിന് മൂളുന്നു എന്നല്ലാതെ മറുപടി ഒന്നും പറയുന്നില്ല..

എല്ലാം കേട്ടിട്ടും കരയാൻ തോന്നിയില്ല കണ്ണീരെല്ലാം എന്നേ വറ്റിപ്പോയിരുന്നു.. കരഞ്ഞു തളർന്നിരുന്നാൽ എവിടെയും എത്താൻ കഴിയില്ല എന്ന് മീനുചേച്ചി പറയുമായിരുന്നു.. എന്തിനെയും ധൈര്യമായി നേരിടാൻ ഉള്ള മോട്ടിവേഷനൊക്കെ ചേച്ചി പോകുന്നതിന് മുന്നേ തന്നിട്ടുണ്ട്... ചേച്ചിയുടെ കാര്യം ആലോചിച്ചപ്പോൾ അറിയാതെ പുഞ്ചിരിച്ചു.. ഇരുന്ന് സ്വപ്നം കാണാതെ കഴിച്ചു കഴിഞ്ഞെങ്കിൽ എഴുന്നേറ്റ് പോയി അവിടെയെല്ലാം വൃത്തിയാക്ക്.. അമ്മ ഒരു അലർച്ചയായിരുന്നു... പാത്രവും കൊണ്ട് വേഗം എഴുന്നേറ്റു... ** പിറ്റേദിവസം പുസ്തകം കവർ ചെയ്യലും എല്ലാം കൂടി ആയി സമയം പോയതറിഞ്ഞില്ല... രാത്രി വേഗം തന്നെ കിടന്നു.. എന്നാലേ നേരത്തെ എഴുന്നേറ്റു പണിയെല്ലാം തീർത്തു സ്കൂളിലേക്ക് പോവാൻ കഴിയൂ... സ്കൂളിലേക്ക് പോകുന്ന കാര്യം ആലോചിച്ചപ്പോൾ തന്നെ മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം തോന്നി.. വേഗം തന്നെ മൂടി പുതച്ചു കിടന്നുറങ്ങി.. ** പിറ്റേന്ന് നേരത്തെ തന്നെ എഴുന്നേറ്റു.. എന്തെന്നില്ലാത്ത ഉന്മേഷമായിരുന്നു പണിയെല്ലാം ചെയ്യാൻ... പുറം പണി മാത്രം ചെയ്താൽ മതി. അടുക്കള ജോലി അമ്മ നോക്കും.. അത് തന്നെ വലിയൊരു ആശ്വാസമായിരുന്നു...

പണിയെല്ലാം തീർത്ത് കുളിച് വന്നു... അടുക്കളയിൽ കയറി ഒരു ദോശയും കുറച്ച് ചമ്മന്തിയും എടുത്ത് വെപ്രാളത്തോടെ കഴിച്ചു... ധൃതി കൂടിയത് കൊണ്ട് തരിപ്പിൽ കയറി ചുമക്കാൻ തുടങ്ങി.. പെട്ടന്ന് തലയിൽ തട്ട് വീണു.. ന്നാ വെള്ളം കുടിക്ക്.. സ്കൂൾ എവിടേക്കും പോവില്ല ഇങ്ങനെ വെപ്രാളപെടാൻ അവിടെ തന്നെ കാണും... ഒപ്പം ശകാരവും കേട്ടു.. എന്നാലും ഒരു സന്തോഷം തോന്നി.. കഴിച്ചെഴുന്നേറ്റ് പാത്രവും കഴുകി വെച്ച് മുറിയിലേക്ക് ഒരുങ്ങാനായി പോയി... അപ്പുവേട്ടൻ കൊടുത്തുവിട്ട ചുരിദാറിൽ നിന്ന് വെള്ള നിറത്തിലുള്ളത് തന്നെ എടുത്ത് ധരിച്ചു.. മുടി കുളി പിന്നൽ കെട്ടി... നെറ്റിയിൽ ഒരു ചുവന്ന പൊട്ട് വെച്ചു.. കുറച്ചു പൌഡറും ഇട്ട് ബാഗും എടുത്തിറങ്ങി... ഒരുങ്ങി ഇറങ്ങിയപ്പോൾ അമ്മയും അച്ഛനും കണ്ണ് ചിമ്മാതെ നോക്കുന്നത് കണ്ടു.. അച്ഛന്റെ കണ്ണ് നിറഞ്ഞിട്ടുണ്ട്.. ഞാൻ നോക്കുന്നത് കണ്ടപ്പോൾ പുറത്തേക്ക് പോയി.. അമ്മയും കണ്ണ് തുടച്ചു കൊണ്ട് പോയി.. എനിക്ക് ഒന്നും മനസ്സിലായില്ല.. ചിലപ്പോൾ അമ്മയെ പോലെ തോന്നിക്കാണും.. അമ്മമ്മ എപ്പോഴും പറയുമായിരുന്നു എന്നെ കാണാൻ അമ്മയെ പോലെ ആണെന്ന്.. ചെറിയമ്മ അമ്മയെ പോലെ ആണെങ്കിലും അമ്മയുടെ അത്ര നിറമില്ലെന്ന് അമ്മമ പറയാറുണ്ട്.. ഓരോന്ന് ചിന്തിച്ചു നിന്നപ്പോൾ അച്ചു വന്നു തട്ടി വിളിച്ചു.. ചേച്ചി പെണ്ണെ പോവാം.. കഴിഞ്ഞില്ലേ എന്ന ഇറങ്ങാം..

ഞങ്ങൾ രണ്ടുപേരും സ്കൂളിലേക്ക് നടന്നു... ഇവിടുന്ന് നടക്കാൻ ഉള്ള ദൂരമേ ഉള്ളൂ..പത്താം ക്ലാസ്സുവരെ മീനുവേച്ചിയും ഉണ്ടായിരുന്നു അന്ന് ചേച്ചി പ്ലസ് ടുവിൽ ആയിരുന്നു.. ഇപ്പോൾ ചേച്ചി ഡിഗ്രി ചെയ്യുന്നു ബാംഗ്ലൂരിൽ ഏതോ കസിന്റെ കൂടെ.. ഓരോന്ന് ആലോചിച്ചും പരസ്പരം വഴക്ക് കൂടിയും കളിപറഞ്ഞും ഞാനും അച്ചുവും സ്കൂളിൽ എത്തി... പത്തിൽ കൂടെ പഠിച്ച കുറച്ചു കുട്ടികൾ ഉണ്ടായിരുന്നു.. അവരോടൊപ്പം ക്ലാസ്സിലേക്ക് പോയി.. ആദ്യ ദിവസം ആയതു കൊണ്ട് ഉച്ചവരയെ ക്ലാസ്സ്‌ ഉണ്ടായിരുന്നുളൂ.. അങ്ങനെ ആ ദിവസവും കഴിഞ്ഞു.. ** ആഴ്ചകളും മാസങ്ങളും കടന്നുപോയി അങ്ങനെ പ്ലസ് ടുവിലെത്തി... ഓണം വന്നു.. ഓണം സെലിബ്രേഷന് എല്ലാവരും സെറ്റ് സാരി ഉടുക്കാമെന്ന് പറഞ്ഞു.... ഞാൻ ഒന്നും മിണ്ടിയില്ല... അവരെല്ലാം എന്താണെന്ന് ചോദിച്ചിട്ടും ഞാൻ പറഞ്ഞില്ല ഒഴിഞ്ഞുമാറി.. വീട്ടിലെ കാര്യങ്ങൾ പറഞ്ഞു ആരുടേയും സഹതാപം പിടിച്ചുപറ്റാൻ താൻ ആഗ്രഹിച്ചിരുന്നില്ല... ഓണത്തിന് എങ്ങനെ ഉടുക്കാൻ സെറ്റ് സാരിക്കിട്ടും എന്ന് ആലോചിച്ചു നടക്കുവായിരുന്നു..

അപ്പോഴാണ് പിറകിൽ നിന്ന് ഒരു വിളികേട്ടെ.. കുഞ്ഞി അവിടെ നിന്നേ.. അപ്പുവേട്ടനായിരുന്നു.. സങ്കടം മറച്ചു സന്തോഷത്തോടെ തന്നെ തിരിഞ്ഞു നിന്ന് ചോദിച്ചു... ഇതെപ്പോ എത്തി... ഉച്ചക്ക്.. എന്തെ തിരിച്ചു പോണോ.. അപ്പുവേട്ടൻ കളിയാക്കി... യ്യോ വേണ്ട...ഞാൻ തൊഴുതു കൊണ്ട് പറഞ്ഞു.. എന്താണ് മേഡം മുഖത്തൊരു വാട്ടം.. എന്റെ തോളിലൂടെ കയ്യിട്ടു കൊണ്ട് ചോദിച്ചു ... എ.. ഏയ്‌ ഒന്നുല്ലല്ലോ... ഞാൻ ഒന്ന് പതറി.. എന്ന ഇത് പിടി.. ഒരു കവർ എന്റെ നേരെ നീട്ടി കൊണ്ട് പറഞ്ഞു.. എന്താ ഇത്.. ഞാൻ അത്ഭുധത്തോടെ ചോദിച്ചു... തുറന്ന് നോക്ക്.. നിറഞ്ഞ പുഞ്ചിരിയുമായി അപ്പുവേട്ടൻ പറഞ്ഞു.. ഞാൻ അത് തുറന്നു നോക്കി... ആകാശ നീല നിറത്തിലുള്ള കാസവോടുകൂടിയ ഒരു സെറ്റ് സാരിയായിരുന്നു അത്.. സന്തോഷായോ കുഞ്ഞിപ്പെണ്ണേ... പിന്നെ ഒത്തിരി.. തിരികെ ഇറുക്കെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു 🥰 എന്ന ചെന്നോ സമയം വൈകി. നിന്റെ അമ്മ രാക്ഷസി ആകും വേഗം വിട്ടോ.. അതിന് ഞാൻ ഒന്ന് കൂർപ്പിച്ചു നോക്കി.. തിരികെ എന്റെ തലയിൽ ഒരു കൊട്ടും തന്ന് ആൾ തിരിഞ്ഞു നടന്നു.. ഞാനും സാരി എടുത്ത് ബാഗിൽ വെച്ചു വീട്ടിലേക്ക് നടന്നു ..

വീട്ടിൽ ചെന്ന് സാരി അച്ചുവിനെയും അമ്മയെയും കാണിച്ചു.. അച്ചു നന്നായിട്ടുണ്ടെന്ന് പറഞ്ഞു.. അമ്മ നോക്കുക പോലും ചെയ്യാതെ പോയി.. അത് അറിയാവുന്നത് കൊണ്ട് വിഷമമൊന്നും തോന്നിയില്ല.. ** ഓണം സെലിബ്രേഷന്റെ അന്ന് ആര് സാരി ഉടുപ്പിച്ചു തരും എന്ന് ഒരു ചോദ്യ ചിഞ്ഞമായിരുന്നു.. ടീച്ചറമ്മ അവിടെയില്ല.. ഉണ്ടെങ്കിൽ അവരെ കൊണ്ട് ഉടുപ്പിക്കാമായിരുന്നു.. അവരെല്ലാം കൂടെ മീനുവേച്ചിയുടെ അടുത്ത് പോയിരിക്കുവാണ്.. ചേച്ചിക്ക് ഇത്തവണത്തെ ഓണത്തിന് നാട്ടിൽ വരാൻ പറ്റില്ല... അതുകൊണ്ട് എല്ലാവരും കൂടി അങ്ങോട്ട് പോയി.. ഇനി അമ്മ തന്നെ ശരണം.. സാരിയുമായി അമ്മയുടെ അടുത്ത് പോയി... അമ്മേ.. എന്താടി.. കറി ഇളക്കി കൊണ്ടിരുന്ന അമ്മ തിരിഞ്ഞു നിന്ന് ചോദിച്ചു.. ഈ സാരിയൊന്ന് ഉടുപ്പിച്ചു തരുവോ.. അത് കേട്ടപ്പോൾ കടുപ്പിച്ചോന്ന് നോക്കി 😡 തന്നത്താൻ അങ്ങ് ഉടുത്തമതി.. അതും പറഞ്ഞു ഗ്യാസും ഓഫ്‌ ചെയ്ത് പുറത്തേക്ക് പോയി.. ഞാൻ സാരിയെയും അമ്മയെയും മാറിമാറി നോക്കി ചുണ്ടും പിളർത്തി മുറിയിലേക്ക് നടന്നു... പാവാടയും ബ്ലൗസും ഇട്ട് ഇനി എന്താണ് വേണ്ടതെന്നു ആലോചിച്ചു നിന്നു.. അപ്പോഴേക്കും സാരി കയ്യിൽ നിന്നും ആരോ തട്ടിപ്പറിച്ചിരുന്നു.. നോക്കിയപ്പോൾ അമ്മ... അത് കണ്ട് ഒരു കുഞ്ഞ് ചിരി വിരിഞ്ഞു.. അപ്പോൾ അമ്മ ഒന്ന് കടുപ്പിച്ചു നോക്കി.. ഞാൻ ചിരി നിർത്തി ഒതുങ്ങി നിന്നു...

അത് കണ്ട് അമ്മ വൃത്തിയിൽ എനിക്ക് സാരി ഉടുപ്പിച്ചു തന്നു.. ഒന്നും മിണ്ടാതെ പുറത്തേക്ക് പോയി...ഉള്ളിൽ ഒരു സന്തോഷം തോന്നി... വേഗം ഒരുങ്ങി സ്കൂളിലേക്ക് പുറപ്പെട്ടു... പരിപാടിയെല്ലാം ഗംഭീരമായി തന്നെ നടന്നു... പൂക്കളമൊരുക്കലും പലതരം ഒണക്കളികളും സദ്യയും പാട്ടും ഡാൻസും അങ്ങനെ എല്ലാം ഉണ്ടായിരുന്നു എല്ലാവരും കൂടി ആഘോഷമാക്കി.. ഒത്തിരി നാൾ കൂടി മനസ്സ് നിറഞ്ഞു സന്തോഷിച്ചു... പിന്നീട് പഠിത്തത്തിലേക്ക് മാത്രമായി ശ്രദ്ധ.. വീട്ടിലെ പണിയെല്ലാം കഴിഞ്ഞിട്ടാണ് ഒന്ന് പുസ്തകം തുറക്കുക അപ്പോഴേക്കും തുടങ്ങും അമ്മ ശകരിക്കാൻ... ഒന്നും കേൾക്കാൻ താല്പര്യം ഇല്ലാത്തതുകൊണ്ട് പുസ്തകവും കൊണ്ട് തൊടിയിലേക്കിറങ്ങും... ഇടക്ക് അപ്പുവേട്ടനും മീനുവേച്ചിയും ലീവിന് വന്നിരുന്നു.. വരുമ്പോൾ തനിക്ക് ഒരുപാട് സമ്മാനങ്ങളുമൊക്കെയായാണ് വന്നത്... അവർ വരുമ്പോഴും തനിക്ക് ആഘോഷമായിരുന്നു കൂടുതൽ നേരവും മാഷിന്റെ വീട്ടിലായിരിക്കും... അവിടെ പോയി അടയിരിക്കുവാണെന്നും പറഞ്ഞു അമ്മ വഴക്കിനു വരും... തിരിച്ചൊന്നും പറയില്ല വായ വേദനിക്കുമ്പോൾ നിർത്തിക്കോളും എന്ന് വിചാരിച്ചു മുറിയിൽ കയറി വാതിലടക്കും...

അങ്ങനെ പരീക്ഷ ചൂട് തലയിൽ കയറി.. രാവും പകലും കുത്തിയിരുന്ന് പഠിച്ചു... ഒരു ചിന്തയെ ഉണ്ടായിരുന്നുള്ളൂ.. പഠിച്ചു ഒരു ജോലി നേടി സ്വന്തം കാലിൽ നിൽക്കണം എന്നിട്ട് ഈ നരകത്തിൽ നിന്നും എങ്ങോട്ടെങ്കിലും പോവണം.. ആരുടെയും കുറ്റപ്പെടുത്തലുകളോ അവഗണനയോ ഇല്ലാതെ സ്വന്ത്രയായി ജീവിക്കണം... അവസാന പരീക്ഷയും എഴുതി ഒന്ന് നെടുവീർപ്പിട്ടു...ഇവിടെ നിന്നും പടിയിറങ്ങാനുള്ള സമയമായി... ഒന്നുകൂടി സ്കൂളെല്ലാം ചുറ്റി കണ്ടു.. കൂട്ടുകാരോട് കുറച്ചധികം നേരം കളിപ്പറഞ്ഞിരുന്നു.. അവസാനം കണ്ണീരോടെ യാത്ര ചോദിച്ചു മടങ്ങി... പ്ലസ്ടു റിസൾട്ട്‌ വന്നു 95% മാർക്കുണ്ട്...അമ്മയോട് പറഞ്ഞപ്പോൾ കടുപ്പിച്ചൊന്ന് നോക്കി.. അച്ഛനോട് പിന്നെ പറയാനേ പോയില്ല... ഇങ്ങനെ ഒരു മകൾ ഉണ്ടെന്ന് അറിയുമോ എന്തോ.. ദൈവത്തിനറിയാം... റിസൾട്ട്‌ വന്ന കാര്യം മാഷിനോട് പറഞ്ഞു.. നന്നായി വരും എന്ന് പറഞ്ഞു തലയിൽ കൈവെച്ചു അനുഗ്രഹിച്ചു... ടീച്ചറമ്മ ആ സന്തോഷത്തിന് നല്ലൊരു പായസം വെച്ചു... അതും കുടിച്ചു കുറച്ചുനേരം അവിടെ ഇരുന്നു.. അപ്പോഴേക്കും മീനുവേച്ചിയും അപ്പുവേട്ടനും വിളിച്ചു ആശംസകൾ അറിയിച്ചു... ***

ഒരാഴ്ച കഴിഞ്ഞപ്പോൾ മാഷ് വീട്ടിലേക്ക് വന്നു... കയ്യിൽ ഡിഗ്രിക്കുള്ള അപ്ലിക്കേഷനും ഉണ്ടായിരുന്നു.. അത് ഫിൽ ചെയ്ത് കൊടുക്കാൻ പറഞ്ഞു... മടിയൊന്നും കൂടാതെ ഫിൽ ചെയ്ത് കൊടുത്തു... അപ്പോഴൊക്കെയും അമ്മ ചിറഞ്ഞ് നോക്കുന്നുണ്ട്... ആ ഭാഗത്തേക്ക്‌ ശ്രദ്ധിക്കാൻ പോയില്ല.. പിറ്റേന്ന് മാഷിന്റെ കൂടെ ടൗണിലെ കോളേജിൽ പോയി അഡ്മിഷൻ എടുത്തു... ഗാർഡിയന്റെ സ്ഥാനത്തു മാഷിന്റെ പേര് കൊടുത്തു... അത് കണ്ട് മാഷിന്റെ കണ്ണുകൾ നിറഞ്ഞു...അപ്പോൾ ഞാൻ മാഷിനെ നോക്കി ചിരിച്ചു കൊണ്ട് രണ്ട് കണ്ണും ചിമ്മി കാണിച്ചു തിരിച്ചു വരുമ്പോൾ കോളേജിലേക്ക് വേണ്ടുന്നതൊക്കെ മാഷ് തന്നെ വേടിച്ചു തന്നു..തിരിച്ചു എന്നെ വീട്ടിലാക്കി പോവുമ്പോൾ കയ്യിൽ ഒരു കവർ ഏൽപ്പിച്ചു... അത് തുറന്നു നോക്കി... കുറച്ചു പണമായിരുന്നു അത്... അയ്യോ മാഷേ ഇതൊന്നും വേണ്ട.. മാഷ് തന്നെ കയ്യിൽ വെച്ചോ... അവൾ അത് തിരിച്ചു മാഷിന് തന്നെ നൽകി... ഞാൻ നിന്റെ ആരാ...മാഷ് ചോദിച്ചു... മാ.. മാഷ്.. അവൾ വിറച്ചുകൊണ്ട് പറഞ്ഞു.. അതല്ലാതെ നീ എന്നെ എങ്ങനെയാണ് കാണുന്നേ നെറ്റി ചുളിച്ചുകൊണ്ട് മാഷ് വീണ്ടും ചോദിച്ചു... അച്ഛന്റെ.. സ്ഥാനത്ത്.. ആണല്ലോ...

അപ്പൊ മോൾടെ അച്ഛൻ പോക്കറ്റ് മണിയായി കുറച്ചു കാശ് തന്നാൽ അത് വേണ്ടന്ന് വെയ്ക്കോ... ഇല്ല.. അവൾ തലയാട്ടി... ആ എന്നാൽ ഇതും വേടിച്ചു അകത്തേക്ക് പൊയ്ക്കോ... മാഷ് പറഞ്ഞിട്ട് തിരിഞ്ഞു നടന്നു...മാഷ് പോകുന്നതും നോക്കി നിറകണ്ണാലെ ഞാൻ നിന്നു... **** രണ്ടാഴ്ച കഴിഞ്ഞ് കോളേജിൽ ക്ലാസ്സ്‌ തുടങ്ങി... മാഷ് തന്നെ വേടിച്ചു തന്ന ഒരു റെഡ് കളർ ചുരിദാറുമിട്ട് കോളേജിലേക്ക് പുറപ്പെട്ടു... പോകുന്ന വഴിയിൽ മാഷിന്റെ വീട്ടിൽ കയറി.. ടീച്ചറമ്മേ... ടീച്ചറമ്മേ.. ഉമ്മറത്തുനിന്നും വിളിച്ചു.. ഇങ്ങട് കേറിവാ ദച്ചു മോളെ.. അമ്മക്കൊട്ടും നടക്കാൻ വയ്യ കാലിൽ നീരാണ്.. അത് കേട്ടപ്പോൾ അവൾ അമ്മയുടെ അടുത്തേക്കോടി.. എന്തുപറ്റി അമ്മേ.. അവരുടെ കാലിൽ തൊട്ടു കൊണ്ട് അവൾ ചോദിച്ചു.. കാലൊന്ന് ചെറുതായി മടങ്ങി അത്രയേ ഉള്ളൂ..

നാളേക്ക് കുറഞ്ഞോളും ഞാൻ കുഴമ്പിട്ടു കൊടുത്തിട്ടുണ്ട്... അത് കേട്ടപ്പോൾ അവിടെ നിന്നും എഴുന്നേറ്റു രണ്ടുപേരുടെയും അനുഗ്രഹം വാങ്ങി.. അവർ മനസ്സ് നിറഞ്ഞു തന്നെ അനുഗ്രഹിച്ചു...ഒന്ന് കൊണ്ടും പേടിക്കേണ്ട എന്തിനും ഏതിനും കൂട7 പോരാൻ നേരത്ത് കയ്യിൽ ഒരു ബോക്സ്‌ വെച്ചു തന്നു.. എന്താണെന്ന് ചോദിച്ചപ്പോൾ തുറന്ന് നോക്കാൻ പറഞ്ഞു... തുറന്നു നോക്കി... ഒരു ഫോൺ ആയിരുന്നു.. സന്തോഷം കൊണ്ട് രണ്ടുപേരുടെയും കവിളിൽ ഓരോ മുത്തം കൊടുത്തുകൊണ്ട് യാത്ര പറഞ്ഞു ബസ്റ്റോപ്പ് ലക്ഷ്യമാക്കി നടന്നു.. ഇവിടെ നിന്നും കോളേജിന്റെ ജംഗ്ക്ഷനിലേക്ക് നേരിട്ട് ബസ് ഉണ്ട്... ബസ്സിൽ തിരക്കായിരുന്നു എങ്ങനെയൊക്കെയോ എന്തി വലിഞ്ഞു ബസിൽ കയറി... ഇനി തന്റെ ജീവിതത്തിൽ വരാനിരിക്കുന്ന സംഭവവികാസങ്ങൾ അറിയാതെ അവൾ യാത്ര തുടർന്നു... കോളേജ്.. കോളേജ്... കണ്ടക്ടർ വിളിച്ചു പറഞ്ഞു... സ്വബോധം വന്നത് പോലെ ബസ്സിൽ നിന്നും ഇറങ്ങി കോളേജിലേക്ക് നടന്നു..........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story