നെഞ്ചോരം നീ മാത്രം : ഭാഗം 4

നെഞ്ചോരം നീ മാത്രം : ഭാഗം 4

എഴുത്തുകാരി: Anzila Ansi

നമ്മൾ ഇങ്ങനെ ഓരോന്ന് സംസാരിച്ചിരുന്നാൽ മതിയോ വന്ന കാര്യം നടത്തണ്ടയോ…. മോളെ വിളിച്ചിരുന്നെങ്കിൽ ഒന്ന് കാണാമായിരുന്നു… ശാരദ പറഞ്ഞു…. സംസാരത്തിനിടയിൽ അത് അങ്ങ് വിട്ടു പോയി….. അടുത്തുനിൽക്കുന്ന വിമലയോട് ശിവപ്രസാദ് മോളെ കൂട്ടിക്കൊണ്ടുവരാൻ പറഞ്ഞു…. ആ കുഞ്ഞി കണ്ണുകൾ അവളുടെ അമ്മയ്ക്കായി ആകാംക്ഷയോടെ കാത്തിരുന്നു…. വിമല അഞ്ജലിയെയും കൂട്ടി അവിടേക്ക് വന്നു… അഞ്ജുവിനെ കണ്ടതും ദേവരാജനും ശാരദയും ഒന്ന് ഞെട്ടി….

കണ്ണെടുക്കാതെ അവളെ തന്നെ ഒരു നിമിഷം നോക്കി നിന്നുപോയി….. അവരുടെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല… അവർ പരസ്പരം മുഖത്തോട് മുഖം നോക്കി… ഓർമ്മകൾ പത്തിരുപത് കൊല്ലം പിന്നിലേക്ക് സഞ്ചരിച്ചു….. ആ ഓർമ്മയിൽ വ്യക്തമായി തെളിഞ്ഞു നിന്ന ഒരു പാവാടക്കാരിയുടെ അതേ മുഖം അഞ്ജലിയിൽ അവർ കണ്ടു….. ഓർമ്മകളുടെ വേലിയേറ്റം ശാരദയുടെ കണ്ണുകളെ നനയിച്ചു…. അമ്മേ….. കിങ്ങിണി മോളുടെ ആ വിളിയാണ് അവരെ സോബോധത്തിലേക്ക് കൊണ്ടുവന്നത്…..

അച്ഛാമ്മേ എനിക്ക് എന്റെ അമ്മയെ ഇഷ്ടമാണല്ലോ…. നമ്മുക്ക് കൂട്ടിക്കൊണ്ടു പോകാം…. അഞ്ജലിയുടെ കാലിൽ ചുറ്റിപ്പിടിച്ച് കിങ്ങിണി മോൾ പറഞ്ഞു…. ആഹാ ഇഷ്ടായോ മോൾക്ക്….? പക്ഷേ ഇനി മോളു വാവേ അമ്മക്ക് ഇഷ്ടമാവണ്ടേ…? മോളെ അമ്മക്ക് ഇസ്തമായില്ലേ….? തലയുയർത്തി ചുണ്ടുകൾ പിളർത്തി കിങ്ങിണി മോള് സങ്കടത്തോടെ അഞ്ജുവിനോട് ചോദിച്ചു… അവൾ ഒന്നും മിണ്ടാതെ ആ കുഞ്ഞിനെ ഇമ വെട്ടാതെ നോക്കി നിന്നു… അമ്മേ… കിങ്ങിണി മോള് നല്ല കുട്ടിയായി പാലു കുതിച്ചോളാം…

കൂളിൽ എന്നും പൊക്കോളാം…. ആയുമായിയും തല്ലു പികിക്കില്ല… അമ്മ കിങ്ങിണി മോള് കൂതെ വരുമോ അതും പറഞ്ഞ് ആ കുഞ്ഞു കണ്ണുകൾ നിറയാൻ തുടങ്ങിയിരുന്നു… അഞ്ജലി ആ കുഞ്ഞിനെ വാരിയെടുത്തു മുഖമാകെ ചുംബനങ്ങൾ കൊണ്ട് മൂടി… അമ്മ വരാലോ… അമ്മയ്ക്ക് ഈ വാവേ ഒത്തിരി ഇഷ്ടായി…. ചത്യം…. ആ നിറഞ്ഞ കണ്ണുകളിലെ തിളക്കം അഞ്ജലിയെ വല്ലാതെ സ്വാധീനിച്ചു… സത്യം….. അഞ്ജു കിങ്ങിണി മോളുടെ കവിളിൽ അമർത്തി ചുംബിച്ചു പറഞ്ഞു…

ഇപ്പോഴും ശാരദയുടെയും ദേവരാജന്റെയും മുഖത്ത് ആ അമ്പരപ്പ് ഉണ്ടായിരുന്നു…. അവർക്കൊന്നും തന്നെ ചോദിക്കാനും തോന്നിയില്ല…. അപ്പോ ഇനി കാര്യങ്ങളൊക്കെ എങ്ങനെയാണ് വിമല സന്തോഷത്തോടുകൂടി ചോദിച്ചു… നിങ്ങൾക്ക് ഞങ്ങളുടെ വീട് കാണണമെങ്കിൽ ആവാം… അങ്ങോട്ടേക്ക് ഒരുദിവസം ഇറങ്ങ്… അതുകഴിഞ്ഞിട്ട് തീരുമാനിക്കാം… ദേവരാജൻ പറഞ്ഞു . ഏയ് അതിന്റെ ഒന്നും ആവശ്യമില്ല… നമ്മുക്ക് കാര്യങ്ങളൊക്കെ തീരുമാനിക്കാം…

നാളുകൾ തമ്മിൽ നല്ല ചേർച്ച അല്ലേ…. അതുകൊണ്ട് വേറെ ഒന്നും ആലോചിക്കാനില്ല…നല്ല കാര്യങ്ങളൊക്കെ വെച്ചു നീട്ടുന്നത് നല്ലതല്ല…. വിമല ആവേശത്തോടെ പറഞ്ഞു.. ലക്ഷ്മിഅമ്മ വിമലേ സൂക്ഷിച്ചൊന്നു നോക്കി അതോടെ അവർ തല താഴ്ത്തി പിറകോട്ട് മാറി നിന്നു….. കുട്ടികൾ തമ്മിൽ കണ്ടിട്ടില്ലല്ലോ അത് കഴിഞ്ഞിട്ട് പോരെ തീരുമാനങ്ങളൊക്കെ…. ലക്ഷ്മി അമ്മ പറഞ്ഞു.. അതിനെന്താ അമ്മേ അങ്ങനെ ആവാലോ… ഹരി കുട്ടന് ഇഷ്ടക്കുറവ് ഒന്നുമില്ല പിന്നെ മോൾക്കും ഇഷ്ടം ആവണമല്ലോ….

അഞ്ജലിയെ നോക്കി പറഞ്ഞു…. എനിക്ക് കാണണമെന്ന് ഒന്നുമില്ല അച്ഛമ്മക്കും അച്ഛനും ഇഷ്ടമായ തീരുമാനിക്കാം… അപ്പോഴും അഞ്ജലിയുടെ കയ്യിൽ ആ കുട്ടി കുറുമ്പി ഇരിപ്പുണ്ടായിരുന്നു… അവൾ എന്തൊക്കെയോ അഞ്ജലിയോട് പറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു….. അവരെ ഇപ്പോൾ കണ്ടാൽ ആരും പറയില്ല അമ്മയും മോളും അല്ലെന്ന്…. ആ കാഴ്ച കണ്ട് നിന്നവരുടെ കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞു…. ശിവ പ്രസാദേ അടുത്ത ഏതെങ്കിലും ദിവസം നമ്മുക്ക് കുട്ടികളുടെ ജാതകം അങ്ങോട്ട് കൈമാറാം ..

അന്ന് തന്നെ വിവാഹത്തിന് നല്ലൊരു മുഹൂർത്തവും കുറിക്കാം…. മോതിരം മാറാല് ഒക്കെ കല്യാണത്തിന്റെ അന്ന് പോരെ…. ഞങ്ങൾക്ക് എതിരഭിപ്രായം ഒന്നും ഇല്ല…. പിന്നെ നിങ്ങൾക്ക് എന്തെങ്കിലും ഡിമാൻഡ് ഉണ്ടോ…. ശിവപ്രസാദ് മടിച്ചു മടിച്ചു ചോദിച്ചു… ശിവപ്രസാദേ താൻ എന്താ ഉദ്ദേശിച്ചത്.. സ്ത്രീധനം ആണെങ്കിൽ ഞങ്ങൾക്ക് അതിന്റെ ആവശ്യമില്ല നിങ്ങളുടെ കുട്ടിയെ ഇങ്ങ് തന്നാൽ മാത്രം മതി… ദേവരാജ് അല്പം ഗൗരവത്തോടെ പറഞ്ഞു നിർത്തി… അത് കേട്ടതും വിമലയുടെ മനസ്സിൽ രണ്ടു ലഡു ഒരുമിച്ചു പൊട്ടി….

അവർ പോകാനിറങ്ങി… കിങ്ങിണി മോള് വരാൻ കൂട്ടാക്കാതെ അഞ്ജലിയുടെ തോളിൽ അള്ളിപ്പിടിച്ചിരുന്നു… കിങ്ങിണി ഇപ്പം മോളിങ്ങു വാ… അമ്മയെ നമ്മുക്ക് പിന്നീട് വന്ന് കൂട്ടിക്കൊണ്ടു പോകാം… ഇല്ല അച്ഛമ്മ കള്ളം പറയുവ… നിങ്ങള് പൊക്കോ ഞാൻ അമ്മയുടെ കൂടെ നിന്നോളാം… അങ്ങനെ പറയില്ലേ അച്ഛമ്മയുടെ പൊന്ന്… മോളെ കണ്ടില്ലെങ്കിൽ മോളുടെ അച്ഛന് സങ്കടം ആകില്ലേ…. ഇപ്പം മോള് അച്ഛമ്മയുടെ കൂടെ പൊയ്ക്കോ അമ്മ ഉടനെ വരാം…

അഞ്ജലി മനസമാധാനത്തോടെ കുഞ്ഞിന് പറഞ്ഞുകൊടുത്തു… ചത്യം…. അതും പറഞ്ഞു കിങ്ങിണി വലതു കൈ മുന്നോട്ടു നീട്ടി.. സത്യം… അഞ്ജലി ചിരിച്ചുകൊണ്ട് ആ കുഞ്ഞ് കയ്യിലേക്ക് അവളുടെ കൈ വച്ചു കൊടുത്തു… കീർത്തി കിങ്ങിണിയെ എടുത്ത് വണ്ടിയിലേക്ക് കയറി…. കാറിന്റെ ഗ്ലാസ്‌ താഴ്ത്തി കൈകൾ പുറത്തേക്കിട്ട് കിങ്ങിണി മോള് അഞ്ജലിക്ക് നേരെ കൈകൾ വീശി… കണ്ണിൽ നിന്ന് ആ കാർ മറയുന്നത് വരെയും അഞ്ജലിയും കൈകൾ വീശി…

ഇപ്പോൾ അഞ്ജലിയുടെ മനസ്സിൽ കിങ്ങിണി മോള് അല്ലാതെ വേറെ ആരും തന്നെ ഉണ്ടായിരുന്നില്ല… അവൾക്ക് കുഞ്ഞിനോട് എന്തെന്നില്ലാത്ത ഒരു വാത്സല്യം തോന്നി… അവൾക്ക് അവളുടെ കുട്ടിക്കാലം ഓർമയിലേക്ക് വന്നു..,, രാത്രി ആഹാരം കഴിച്ച് പാത്രങ്ങളെല്ലാം കഴുകി അഞ്ജലി മുറിയിലേക്ക് പോയി… മുറിയുടെ വാതിൽ അടച്ച് കിടന്നു… കുറച്ചു കഴിഞ്ഞതും ആരോ വാതിലിൽ മുട്ടി… അച്ഛമ്മയും അച്ഛനും ആയിരുന്നു… മോള് ഉറങ്ങിയയിരുന്നോ..?

അച്ഛമ്മ അവളോട് ചോദിച്ചു… ഇല്ല കിടന്നതേയുള്ളൂ… ലക്ഷ്മി അമ്മ അഞ്ജലിയും കൂട്ടി കട്ടിലിലിരുന്നു… അച്ഛമ്മയുടെ കുട്ടിക്ക് ഈ ബന്ധത്തിനോട് താല്പര്യം ഉണ്ടോ…. നിന്റെ പൂർണ്ണ സമ്മതമില്ലാതെ ഇവിടെ ആരും ഒന്നിനും നിന്നെ നിർബന്ധിക്കില്ല അവർ ശിവനെ നോക്കിയാണ് അത് പറഞ്ഞത്….അഞ്ജു ഒന്നും മിണ്ടാതെ അച്ഛമ്മയുടെ മടിയിലേക്ക് കിടന്നു…..അവർ അവളുടെ മുടിയിഴകളിൽ തഴുകിക്കൊണ്ടിരുന്നു… പറ കുട്ടിയെ… എന്താ നിന്റെ തീരുമാനം…

അഞ്ജലി ഒരു ദീർഘനിശ്വാസം എടുത്തു… അച്ഛാമ്മേ…. അച്ഛമ്മയ്ക്ക് അറിയൂമോ ഒരു അമ്മയുടെ സ്നേഹവും കരുതലും കൊതിച്ചിരുന്ന ഒരു ബാല്യം എനിക്കുണ്ടായിരുന്നു…. ഇന്ന് വന്ന ആ കുഞ്ഞിൽ ഞാൻ എന്നെ തന്നെ ആയിരുന്നു കണ്ടത്…. അമ്മയുടെ സ്നേഹത്തിനു വേണ്ടി വാശിപിടിക്കുന്ന കിങ്ങിണി മോളെ കണ്ടപ്പോൾ ഞാൻ അനുഭവിച്ച അതെ വേദന എന്നെ ഓർമ്മപ്പെടുത്തി…. ചെറിയമ്മ എന്നെ സ്നേഹിച്ചത് തുടയിൽ ചൂടുള്ള ചട്ടുകം വെച്ചും പിച്ചിയും അടിച്ചും ഒക്കെയാണ്….

ആ സ്നേഹത്തിന്റെ അടയാളങ്ങൾ ഇന്നും അവശേഷിക്കുന്നുണ്ട് എന്റെ ശരീരത്തിലും മനസ്സിലും…. അങ്ങനെ ഒരു ബാല്യം കിങ്ങിണി മോൾക്ക് വേണ്ട അച്ഛമ്മേ…. ഒരിക്കലല്ല പലപ്പോഴും ഞാൻ ഈശ്വരനോട് പ്രാർത്ഥിച്ചിട്ടുണ്ട് എന്റെ അവസ്ഥ ഇനി ഒരു കുഞ്ഞിനും ഉണ്ടാകരുതെന്ന്…. പന്ത്രണ്ടാം വയസ്സിൽ വയസ്സറിയിച്ച അതിന്റെ അടയാളമായി എന്റെ ഉടുപ്പിൽ പടർന്ന രക്തം കണ്ടപ്പോൾ ഞാൻ പേടിച്ചിട്ടുണ്ട്.. മണിക്കൂറുകളോളം കുളത്തിലിറങ്ങി നിന്നു…

ചെറിയമ്മയോട് പറയാൻ ഉള്ള ഭയം കാരണം രണ്ടു ദിവസം ആരോടും പറയാതെ കൊണ്ട് നടന്നു… ഇതൊന്നും പറഞ്ഞു തരാനോ ചേർത്ത് പിടിക്കാനോ എനിക്ക് ആരും ഉണ്ടായിരുന്നില്ല…. മൂന്നാംനാൾ ഗുരുവായൂരിൽ നിന്നും അച്ഛമ്മ തിരികെ വന്നപ്പോൾ അല്ലേ ഇവിടെ അറിയുന്നതുപോലും…. പിന്നീട് ഓരോ തവണ മാസമുറയിൽ ഉണ്ടാകുന്ന അസഹനീയമായ വേദനകൊണ്ട് പുളയുമ്പോൾ ഒരല്പം ചൂടുവെള്ളം അല്ലെങ്കിൽ കുറച്ച് ഇഞ്ചി നീരുമായി വന്ന് വേവലാതിയോടെ അടുത്തിരുന്ന് ശുശ്രൂഷിക്കാനും ഒരു താങ്ങായി ചേർത്ത് പിടിക്കാനും ഒരു അമ്മയുടെ കൂട്ട് ആ ദിവസങ്ങളിൽ ഞാൻ കൊതിച്ചിട്ടുണ്ട്…..

ആവണിയെയും അനുവിനെയും ചെറിയമ്മ സ്നേഹത്തോടെ വഴക്കു പറയുമ്പോൾ ആഗ്രഹിച്ചിട്ടുണ്ട് എന്നെയും സ്നേഹത്തോടെ തിരുത്താൻ ഒരു അമ്മ ഉണ്ടായിരുന്നെങ്കിൽ എന്ന്…. സ്കൂളിലേയും കോളേജിലെയും വിശേഷങ്ങൾ ഒരു ചായയോടൊപ്പം പങ്കിടാൻ അമ്മയുടെ സാന്നിദ്ധ്യം സായംസന്ധ്യകളിൽ വെറുതെ ഞാൻ മോഹിച്ചിട്ടുണ്ട്…. ഒന്നും വേണ്ട ഒരു നേരത്തെ അമ്മയുടെ സ്നേഹം ചേർത്ത് പാകം ചെയ്ത ഒരു ഒരുപിടി ആഹാരം കഴിക്കാൻ എത്രയോ വട്ടം ഞാൻ കൊതിച്ചിട്ട് ഉണ്ടെന്ന് അറിയുമോ…?

ഒരു അമ്മ ഇല്ലാത്തതിന്റെ വേദന അറിഞ്ഞു വളർന്ന എനിക്ക് ആ കുഞ്ഞിന് ഒരു നല്ല അമ്മയാവാൻ കഴിയും…. നിറഞ്ഞൊഴുകിയ കണ്ണുകൾ തുടച്ചുകൊണ്ട് അഞ്ജലി പറഞ്ഞു നിർത്തി…. അഞ്ജു മോളെ….. നീ പറയുന്നതൊക്കെ ശരിയാ…. നിന്റെ അനുഭവങ്ങളാണ് നിന്നെ ഇങ്ങനെ ചിന്തിപ്പിച്ചതെന്ന് അച്ഛമ്മയ്ക്ക് അറിയാം പക്ഷേ ഒരു കുഞ്ഞിനു വേണ്ടി മാത്രം നിന്റെ ജീവിതം മാറ്റിവെക്കുന്നതിൽ അച്ഛമ്മയ്ക്ക് യോജിപ്പില്ല…. അതുകൊണ്ട് ഈ ബന്ധം വേണ്ട എന്റെ കുട്ടിക്ക്… ശിവൻ നാളെത്തന്നെ അവിടെ വിളിച്ച് പറഞ്ഞോളും…. അരുത് അച്ഛമ്മേ….

ആ കുഞ്ഞുമനസ്സ് നോവിക്കരുത്….. കിങ്ങിണി മോള് ഇന്ന് എന്നെ അമ്മ എന്ന് വിളിച്ചപ്പോൾ ഞാനറിയാതെ തന്നെ എന്നിലെ മാതൃത്വം ഉണർന്ന് അച്ഛമ്മേ… ആ കുഞ്ഞിനോട് മുൻജന്മത്തിൽ എന്തോ തോന്നിയ ഒരു അടുപ്പം…. എന്റെ ഉദരത്തിൽ ആ കുഞ്ഞ് ജനനം എടുത്തെങ്കിൽ അച്ഛമ്മ പറയൂമോ അതിനെ ഇല്ലാതാക്കി കളയാൻ…?അവൾ എന്റെ ഉദരത്തിൽ അല്ല അച്ഛമ്മേ ഇന്ന് എന്റെ ഹൃദയത്തിലാണ് ജന്മമെടുത്തത്….. എന്റെ അവസ്ഥ ആ കുഞ്ഞിന് ഉണ്ടാവരുത്… എനിക്ക് ഈ വിവാഹത്തിന് സമ്മതമാണ്….

നിങ്ങൾ ആരും ഇതിന് എതിര് ഒന്നും പറയാൻ നിൽക്കണ്ട…. ഞാൻ നന്നായി ആലോചിച്ച് എടുത്ത തീരുമാനമാണ്….. അഞ്ജലിയുടെ ഓരോ വാക്കും ശിവനെ കുത്തിനോവിച്ചു കൊണ്ടിരുന്നു… തന്റെ കുഞ്ഞ് ഇത്രയൊക്കെ അനുഭവിച്ചോ..? താൻ ഒരു നല്ല അച്ഛൻ അല്ലായിരുന്നോ…? തന്റെ മുന്നിൽ ഇത്രയൊക്കെ നടന്നിട്ടും താൻ അറിഞ്ഞില്ല എന്തുകൊണ്ട്…? അമ്മ പറഞ്ഞതുപോലെ ഞാൻ മക്കളിൽ വേർതിരിവ് കാണിച്ചോ…?അങ്ങനെ നൂറ്‌ നൂറു ചോദ്യങ്ങൾ അയാളുടെ മനസിനെ കുത്തി നോവിച്ചു കൊണ്ടിരുന്നു….

ശിവപ്രസാദ് അവർക്ക് മുന്നിൽ തല കുനിച്ചു നിന്നു….. അയാൾ ഒരു ദീർഘനിശ്വാസം എടുത്ത് അഞ്ജലിയുടെ അടുത്തേക്ക് ചെന്നു….. മോളെ….. അഞ്ജു തല ഉയർത്തി അയാളെ നോക്കി…. കരഞ്ഞുകലങ്ങിയ അഞ്ജലിയുടെ കണ്ണുകൾ കണ്ടതും അയാളുടെ നെഞ്ചിൽ ഒരു കല്ലെടുത്ത് വെച്ചതു പോലെ തോന്നി… അച്ഛനോട് ക്ഷമിക്കു മോളേ…. അയാൾ പൊട്ടിക്കരഞ്ഞുകൊണ്ട് അഞ്ജലിയുടെ കാലിലേക്കു വീണു…. അവൾ പെട്ടെന്ന് അച്ഛമ്മയുടെ മടിയിൽ നിന്ന് ചാടി എഴുന്നേറ്റു കാലുകൾ വലിച്ചു…എന്താ അച്ഛൻ ഈ കാണിക്കുന്നേ എന്റെ കാലിൽ വീഴുകയോ…. എന്തിനാ എന്നോട് ക്ഷമ ചോദിക്കുന്നെ…

വെറുതെ എന്നെ പാപി ആക്കല്ലേ അച്ഛാ.. എഴുന്നേറ്റെ…. തലകുനിച്ചു അവളുടെ മുന്നിൽ നിന്ന ശിവപ്രസാദിന്റെ മുഖം അഞ്ജു തന്റെ രണ്ട് കൈകൾ കൊണ്ട് ഉയർത്തി… എന്തിനാ അച്ഛാ കരയുന്നേ…? ഞാൻ ഈ ബന്ധത്തിന് പൂർണ്ണ മനസ്സോടെയാണ് സമ്മതം പറഞ്ഞേ… പിന്നെ കണ്ണേട്ടനെമറക്കാൻ എനിക്ക് ഈ ജന്മം കഴിയില്ല…. അതിന് ആരും എന്നെ നിർബന്ധിക്കുകയും ചെയ്യരുത്…. ഇങ്ങനെ ഒരു ബന്ധം ആകുമ്പോൾ ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല…അത്ര മാത്രമേ എനിക്ക് എല്ലാവരോടും പറയാനുള്ളൂ….

വലിഞ്ഞു കേറി നിങ്ങളുടെയൊക്കെ ജീവിതത്തിലേക്ക് വന്ന പെണ്ണിന്റെ മോൾക്ക് സുമിത്ര മമ്മിയുടെ മകനെ ആഗ്രഹിക്കാൻ പാടില്ലല്ലോ…. അഞ്ജലി അത് പറഞ്ഞതും ശിവപ്രസാദും ലക്ഷ്മി അമ്മയും ഞെട്ടലോടെ അവളെ നോക്കി… നിങ്ങൾ രണ്ടും ഞെട്ടണ്ട രാവിലെ നിങ്ങൾ പറഞ്ഞതൊക്കെ ഞാൻ കേട്ടു…. അവൾ ഒരു പുഞ്ചിരിയോടെ പറഞ്ഞു നിർത്തി…. ശിവ പ്രസാദ് ആകെ തകർന്ന് നിലത്തേക്ക് ഇരുന്നു…. മോളെ ഞാൻ…. ഒന്നും പറഞ്ഞ് അച്ഛൻ വെറുതെ ബുദ്ധിമുട്ടണ്ട ഇന്നുവരെയും എനിക്ക് അച്ഛൻ എന്റെ സ്വന്തം അച്ഛൻ അല്ല എന്ന് തോന്നിയിട്ടില്ല…

ഇനിയും അങ്ങനെ തന്നെ ആയിരിക്കും…. ആദ്യം ഇതുകേട്ടപ്പോൾ ഉൾക്കൊള്ളാൻ കഴിഞ്ഞില്ല നിങ്ങളൊക്കെ എന്റെ ആരുമല്ല എന്ന സത്യം ചിന്തിക്കാൻ കൂടി എന്നെക്കൊണ്ട് കഴിയില്ല…. എന്റെ മരണം വരെയും നിങ്ങൾ എന്റെ അച്ഛനും അച്ഛമ്മയും തന്നെ ആയിരിക്കും…അത് പറഞ്ഞു അഞ്ജലി രണ്ടുപേരെയും കെട്ടിപ്പുണർന്നു… കുറച്ചു സമയം അവർ മൂവരും അങ്ങനെതന്നെ നിന്നു…. അച്ഛാ എനിക്ക് എല്ലാം അറിയണം…. ഇന്നുവരെ ഞാൻ അറിയാത്ത അല്ലെങ്കിൽ നിങ്ങൾ ആരും എന്നെ അറിയിക്കാത്ത ആ മുടിവെച്ച രഹസ്യം എനിക്ക് അറിയണം…

ശിവപ്രസാദ് ദയനീയ ഭാവത്തിൽ ലക്ഷ്മി അമ്മയെ നോക്കി…. അവർ കണ്ണ് ചിമ്മി കാണിച്ചു…. അയാൾ കണ്ണുകൾ തുടച്ച് അഞ്ജലിയെ നോക്കി… എനിക്ക് അധികമൊന്നും അറിയില്ല കുട്ടിയെ… അച്ഛന് അറിയാവുന്നത് പറയ്… ശിവപ്രസാദ് ആ മുറിയുടെ ജനലരികിലേക്ക് നീങ്ങി.. തുറന്നിട്ട ജനലിലൂടെ പുറത്തേക്ക് നോക്കി…. വയലിൽ നിന്ന് അടിക്കുന്ന ഇളം കാറ്റ് അദ്ദേഹത്തെ തഴുകി അകത്തേക്ക് കേറി ആ മുറിക്കുള്ളിൽ വല്ലാത്തൊരു തണുപ്പ് പടർന്നു….. മഴക്കാർ കൊണ്ടു മൂടിയ ആകാശത്തിൽ അങ്ങ് ദൂരെ ഒരു നക്ഷത്രം അവരെ നോക്കി നിൽക്കുന്നു… ശിവ പ്രസാദ് ഒരു ദീർഘനിശ്വാസം എടുത്തു അവളുടെ അമ്മയെ പറ്റി തനിക്ക് അറിയാവുന്നത് അവളിലേക്ക് പകർന്നുകൊടുക്കാൻ തയ്യാറായി….

തുടരും…..

നെഞ്ചോരം നീ മാത്രം : ഭാഗം 3

Share this story