നൈറ്റ് ഡ്രൈവ്: ഭാഗം 11

night drive mahadevan

രചന: മഹാദേവൻ

അത് ചിലപ്പോൾ സുദേവ് ആകാം, അല്ലെങ്കിൽ ഹരിയുടെ നാശം കാത്തിരിക്കുന്ന സെൽവൻ, അതുമല്ലെങ്കിൽ ആ റൂംബോയ്, അല്ലെങ്കിൽ ഹരിയെ സഹായിക്കാൻവന്ന ദേവൻ... ആരായാലും ഇനി മുതൽ മരണംപോലെ പിറകിൽ അവരും ഉണ്ടാകും. അയാൾ ഓരോന്ന് ചിന്തിക്കുന്നതിനിടയിൽ പെട്ടന്ന് ആ സ്വിഫ്റ്റ് അവരെ ഓവർട്ടേക്ക് ചെയ്ത് മുന്നിലേക്ക് കയറി സഞ്ചരിച്ചുതുടങ്ങി. ഏറെ നേരം ആ സ്വിഫ്റ്റ് അവർക്ക് മുന്നിൽ ഉണ്ടായിരുന്നു ഭയപ്പെടുത്താണെന്നപ്പോലെ. മുന്നിൽ നിന്ന് മാറാതെ, ഇടയ്ക്കിടെ പാർക്ക്‌ ലൈറ്റ് മിന്നിച്ചുകൊണ്ട് അവർക്ക് മുന്നിൽ ഭയത്തിന്റെ നിഴലനക്കം സൃഷ്ടിച്ചുകൊണ്ട് ആ സ്വിഫ്റ്റ് മുന്നിൽ നിന്ന് മായുമ്പോൾ ആണ് വാസുദേവനും വരുണിനും ശ്വാസം നേരെ വീണത്. ഉള്ളിൽ ഒരു ഭയം ഉടലെടുത്തെങ്കിലും ആ സമയത്തിനിടയിൽ തന്റെ ഫോണിൽ ആ വണ്ടിയുടെ നമ്പർ കാണുംവിധം ഫോട്ടോ എടുക്കാൻ മറന്നില്ല വരുൺ. " മുന്നോട്ടുള്ള യാത്രയിൽ ചിലപ്പോൾ ഇത് ഉപകരിക്കും " അവൻ ആത്മഗതം പോലെ പറഞ്ഞുകൊണ്ട് വേഗം കാർ മുന്നോട്ട് എടുത്തു ഇടക്കിടെ ആ സ്വിഫ്റ്റിന്റ സാന്നിധ്യം പിറകിലോ മുന്നിലോ ഉണ്ടോ എന്ന് നിരീക്ഷിച്ചുകൊണ്ട്.

അവർ വീട്ടിലെത്തുമ്പോൾ ഏറെ വൈകിയിരുന്നു. അതുകൊണ്ട് തന്നെ വാസുദേവനെ അവിടെ ഇറക്കി കാറിൽ നിന്ന് ഇറങ്ങാൻ പോലും നിൽക്കാതെ " നാളെ കാണാം " എന്നും പറഞ്ഞ് വരുൺ കാർ റിവേഴ്സ് എടുത്തു പുറത്തേക്ക് പോയി. അവരുടെ വരവും കാത്തു നിന്നിരുന്ന വർഷയുടെ മുഖത്ത്‌ പോയിട്ട് ന്തായി എന്നറിയാനുള്ള ആകാംഷ ഉണ്ടായിരുന്നു. പക്ഷെ അച്ഛന്റെ മുഖത്തെ യാത്രാക്ഷീണം കണ്ടപ്പോൾ അതിനെ കുറിച്ചൊന്നും ചോദിക്കാതെ "അച്ഛൻ കുളിച്ചേച്ചും വാ, ചോറ് എടുത്ത് വെക്കാം " എന്നും പറഞ്ഞവൾ അടുക്കളയിലേക്ക് നടന്നു. കുളി കഴിഞ്ഞ് ഒരു കൈലിയും ഉടുത്തു ഡെയിനിങ് ഹാളിൽ എത്തുമ്പോൾ ഭക്ഷണം എടുത്തു വെക്കുക തിരക്കിൽ ആയിരുന്നു അമ്മയും മോളും. അച്ഛനുള്ളത് പ്ളേറ്റിലേക്ക് വിളമ്പി കൂടെ അവരും ഇരിന്നു. " പോയിട്ട് ന്തായി അച്ഛാ!!!"

അവളുടെ ആകാംഷ നിറഞ്ഞ ചോദ്യം കേട്ട് കൊണ്ട് അയാൾ ഒരു പിടി ചോറ് വായിലേക്ക് വെച്ചു. പിന്നേ രാവിലെ മുതൽ കുറച്ചു മുന്നേ ഉണ്ടായ സംഭവം വരെ അയാൾ അവർക്ക് മുന്നിൽ അവതരിപ്പിക്കുമ്പോൾ വർഷയും അമ്മയും ഞെട്ടലിൽ ആയിരുന്നു. " ആദ്യം ഒരു പ്രേതത്തെ പേടിച്ചാ മതിയായിരുന്നു. ഇതിപ്പോ ദേ, ഇനി ഗുണ്ടകളും കൊലയാളികളും എല്ലാം കൂടെ പിറകെ വരുന്നു. ന്റെ മനുഷ്യ, നിങ്ങളീ ആവശ്യമില്ലാത്ത കാര്യത്തിന് ഇറങ്ങിതിരിച്ചു വല്ലതും സംഭവിച്ചാൽ നഷ്ടം ഞങ്ങൾക്കാ.. നിങ്ങളെ ഉള്ളൂ ഞങ്ങൾക്ക്, പറഞ്ഞില്ലെന്ന് വേണ്ട. " അമ്മ ഭക്ഷണം കഴിക്കുന്നത് നിർത്തി കൈ കുടഞ്ഞു തലയിൽ കൈ വെച്ചു ആവലാതി പറയാൻ തുടങ്ങിയപ്പോൾ വർഷയ്ക്കാണ് ദേഷ്യം വന്നത്. " ന്റെ അമ്മേ, ഒന്ന് മിണ്ടാതിരിക്കാവോ. " അവൾ അമ്മയെ ഒന്ന് രൂക്ഷമായി നോക്കികൊണ്ട് അച്ഛന് നേരെ തിരിഞ്ഞു. " അപ്പൊ സംശയിക്കാൻ ഒരുപാട് പേർ ഉണ്ടല്ലേ അച്ഛാ... കൂടെ ഇപ്പോഴത്തെ ഈ സംഭവം കൂടെ ചേർത്ത് വായിച്ചാൽ മായയെ മരണത്തിലേക്ക് എത്തിച്ചവർ നിസാരക്കാർ ആയിരിക്കില്ല. പേടിക്കണം.. പക്ഷെ ഇപ്പഴും നമ്മൾ പാതിവഴിയിൽ അല്ലെ. മുന്നോട്ട് ഇനി എങ്ങനെ ആണ്.. " അവൾക്ക് അതറിയാനുള്ള ആകാംഷയായിരുന്നു.

പിന്നിൽ ഉള്ളവർ നിസ്സാരക്കാരല്ലെന്ന് ഈ രാത്രി മനസ്സിലായ സ്ഥിതിക്ക് ഒറ്റയ്ക്ക് മുന്നോട് പോകുന്നത് അപകടമാണ്. പിന്നേ ന്താണൊരു വഴി. കൂടെ വരുണും പ്രകാശനുമൊക്കെ ഉണ്ടെങ്കിലും അവരെക്കൊണ്ട് കൂട്ടിയാൽ കൂടുമെന്ന് വർഷയ്ക്ക് തോന്നുന്നില്ലായിരുന്നു. ആ സമയം വാസുദേവനും അതെ ചിന്തയിൽ ആയിരുന്നു. ശക്തരായ ആരോ പിന്നിൽ പിന്തുടരുമ്പോൾ ഒറ്റയ്ക്ക് മുന്നോട്ട് പോകുന്നത് പന്തിയല്ല, മായയുടെ മരണവും ഹരിയുടെ ജയിൽവാസവും കൊണ്ട് ഏല്ലാം അവസാനിച്ചെന്ന് തോന്നുന്നിടത്തു നിന്ന് ഒരു പുതിയ അദ്ധ്യായം തുടങ്ങുമ്പോൾ അത് പൊള്ളിക്കുന്നവർ ആരായാലും ഒരു മരണം കൂടെ അവർ ആഗ്രഹിക്കും. ഇത് വീണ്ടും ഉയർത്തെഴുന്നേൽക്കാതിരിക്കാൻ. അതുകൊണ്ടു ഇനി സൂക്ഷിച്ചു മുന്നോട്ട് പോയില്ലെങ്കിൽ അപകടമാണ്. കൂടെ നിൽക്കന്ന അവന്മാരെ കൂടെ കുരുതികൊടുക്കുന്ന ഏർപ്പാട്. എന്ത് ചെയ്യുമെന്ന് അറിയാതെ ആയാളും തല പുകഞ്ഞു ചിന്തിക്കുമ്പോൾ പെട്ടന്ന് ഒരു കച്ചിത്തുരുമ്പ് കിട്ടിയ പോലെ വർഷ അച്ഛനെ നോക്കി. " ഈ അവസരത്തിൽ നമുക്കൊപ്പം നിൽക്കാനും സഹകരിക്കാനും ഒരാൾക്കേ കഴിയൂ അച്ഛാ.. അത് മാത്രമല്ല, ഇത് തെളിയിക്കേണ്ടത് അയാളുടെ കൂടെ ആവശ്യവുമാണ്. അച്ഛനെന്ത് പറയുന്നു"

അവളുടെ ചോദ്യം കേട്ട് ഉദ്ദേശിക്കുന്നത് ആരെന്നു ഒരു പിടിയും കിട്ടാതെ ഇരിക്കുകയായിരുന്നു അയാൾ. " നീ പറഞ്ഞ് വരുന്നത് സുദേവിനെ കുറിച്ചാണോ.. മായയുടെ സഹോദരൻ.... പക്ഷെ മോളെ അയാൾ..... " അച്ഛൻ വാക്കുകൾ മുഴുവനാക്കുംമുന്നേ അവളച്ഛനെ തടഞ്ഞു. " അയാളല്ല അച്ഛാ.... ഞാൻ പറഞ്ഞ് വന്നത് മറ്റൊരാളെ കുറിച്ചാണ്. മായയുടെ പീഡണക്കേസിൽ ഇപ്പോൾ ജയിലിൽ കിടക്കുന്ന അതെ ആള്.. ഹരിശങ്കർ. " അത് കേട്ട് ഒരു നിമിഷം ആയാളൊന്നു ഞെട്ടി. "അതെ അച്ഛാ, ഈ അവസരത്തിൽ അയാൾക്കേ ഇനി നമ്മളെ സഹായിക്കാൻ പറ്റൂ. അയാൾ നിരപരാധി ആണെങ്കിൽ നമ്മളെക്കാൾ കൂടുതൽ മായയെ നശിപ്പിച്ചവനെയും മരണം വരെ എത്തിച്ചവനെയും കണ്ടുപിടിക്കേണ്ടതും ശിക്ഷിക്കേണ്ടതും അയാളുടെ കൂടെ ആവശ്യം ആണ്. അങ്ങനെ എങ്കിൽ അയാളെ പുറത്തിറക്കിയാൽ ഇനി മായയുടെ നീതിക്ക് വേണ്ടി അയാൾ ഉണ്ടാകും മുന്നിൽ . " ആദ്യമൊന്നും അച്ഛനത് അത്ര ബോധിച്ചില്ലെങ്കിലും ഒന്നുകൂടെ ചിന്തിച്ചപ്പോൾ വർഷ പറയുന്നതിലും കാര്യം ഉണ്ടെന്ന് തോന്നി.

അവൻ നിരപരാധി ആണെങ്കിൽ ഇനി അവൻ ഇറങ്ങണം. പിന്നേ നമ്മൾ വഴി കാട്ടിയാൽ മതി, പടനായിക്കാൻ അവനിറങ്ങും. ചങ്കുപറിച്ചു തരാൻ തയ്യാറായവളുടെ ചങ്കിന്നിട്ട് കുത്തിയവൻ ആരായാലും അവന്റ ചോര കൊണ്ട് അവൻ കണക്ക് തീർക്കും. മായയുടെ ആഗ്രഹം പോലെ.. അതെ , അതിനവൻ ഇറങ്ങണം. അല്ലെങ്കിൽ ഇറക്കണം... " അയാൾ മനസ്സിൽ ചിലത് കണക്ക് കൂട്ടികൊണ്ട് ആണ് ഭക്ഷണത്തിനു മുന്നിൽ നിന്നും എഴുന്നേറ്റത്. കൈ കഴുകി ഫോണുമെടുത്ത് അയാൾ മുറ്റത്തേക്ക് ഇറങ്ങി. പിന്നേ ഫോണിൽ ഒരു നമ്പർ ഡയൽ ചെയ്ത് ചെവിയോട് ചേർത്തു. അപ്പുറത്ത് കാൾ അറ്റന്റ് ചെയ്ത് ഹലോ എന്ന് കേട്ടപ്പോൾ ആണ് പെട്ടന്നെന്തോ ചിന്തയിലേക്ക് പോയ വാസുദേവൻ സ്വബോധത്തിലേക്ക് വന്നത്. " ആഹ്... ഹലോ..... ഹലോ... ഞാൻ വാസുദേവൻ... കാർത്തിക് അല്ലെ ? " " അതെ കാർത്തിക് ആണ്. എനിക്ക്...... മനസ്സി... ലായില്ല...... " " കാർത്തിക്.. ഞങ്ങൾ ഇന്ന് രാവിലെ നിങ്ങളെ കാണാൻ പാലക്കാട്‌ വന്നിരുന്നു. കൊച്ചിയിൽ നിന്നാണ്.... "

അത് കേട്ടപ്പോൾ തന്നെ ആളെ മനസ്സിലായപ്പോലെ കാർത്തിക് വിനയത്തോടെ ആണ് സംസാരിച്ചത്.. " ആഹ്.. ഇപ്പോൾ ഓർക്കുന്നു സർ.. ഞാൻ....പെട്ടന്ന്... പരിചയമില്ലാത്ത നമ്പർ കണ്ടപ്പോൾ.... എന്താണ് സർ പെട്ടന്ന്... ന്നെ കൊണ്ട് എന്തെങ്കിലും....... " കാർത്തിക്കിന്റെ ചോദ്യം കേട്ടപ്പോൾ തെല്ലു ആശ്വാസത്തോടെ ആണ് വാസുദേവൻ പിന്നീട് സംസാരിച്ചത്. " കാർത്തിക്കിന്റെ ഒരു സഹായത്തിനു വേണ്ടി തന്നെയാണ് ഞാൻ ഇപ്പോൾ വിളിച്ചത്. അതിനു മുന്നേ ഒരു കാര്യം.... രാവിലെ ഞങ്ങക്ക് ഇയാളോട് ചില കള്ളങ്ങൾ പറയേണ്ടിവന്നു. ഞങ്ങൾ വക്കീലോ ഗുമസ്താണോ ഒന്നുമല്ല, പക്ഷെ ഹരിയെ കുറിച്ച് കൂടുതൽ അറിയാൻ വേണ്ടിത്തന്നെ ആണ് അവിടെ വന്നത്. ഞങ്ങൾക്ക് അവിടെ ആരെയും പരിചയം ഇല്ലാത്തത് കൊണ്ട് ജയിലിൽ കിടക്കുന്ന ഒരാളെ കുറിച്ച് അന്വോഷിച്ചു വന്നാൽ പ്രതികരണം എങ്ങനെ ആയിരിക്കും എന്ന് അറിയാത്തത് കൊണ്ടാണ് അങ്ങനെ ഒക്കെ പറയേണ്ടി വന്നത്. പറയാനാണെങ്കിൽ ഒരുപാട് ഉണ്ട് കാർത്തിക്. അതൊക്കെ ഒഴിവ് പോലെ പറയാം..

ഇപ്പോൾ ഞാൻ വിളിച്ചത് നിങ്ങടെ വലിയ ഒരു സഹായത്തിനു വേണ്ടിയാണ്. ഹരിയെ പുറത്തിറക്കണം. " അത് കേട്ടപ്പോൾ കാർത്തിക്കിന് സന്തോഷമാണ് തോന്നിയത്. " അതിനെന്താ സർ. ഹരിക്ക് വേണ്ടി ന്ത്‌ ചെയ്യാനും ഞാൻ തയ്യാറാ. പക്ഷെ പീഡനക്കേസ് ആയത്കോണ്ട്.. ന്തയാലും മൂന്ന് മാസം ആവാറായില്ലേ. അത് കഴിഞ്ഞാൽ ആവന് ഈസി ആയി പുറത്തു കൊണ്ടുവരാം.. കുറച്ചു ദിവസം കൂടെ അല്ലെ ഉള്ളൂ.. അതുവരെ..... " അത് മതിയെന്ന് വാസുദേവനും തോന്നി. അതുവരെ ഒന്ന് ഒതുങ്ങാം. പിറകിലുള്ളവർ കരുതിക്കോട്ടെ പേടിച്ചിട്ട് എല്ലാം നിർത്തിയെന്ന്. അങ്ങനെ അവർ സമാധാനിക്കുന്ന ആ നേരത്ത് അവന്റ ഒക്കെ നെഞ്ചത്ത് തന്നെ പൊട്ടിച്ചുകൊണ്ട് തുടങ്ങാം ഈ കഥയുടെ രണ്ടാംഅങ്കം. അതിന് അവൻ ഇറങ്ങട്ടെ..... " അല്ല, എത്രയൊക്കെ റിസ്ക് എടുത്തു ഹരിയെ പുറത്തിറക്കാൻ ആഗ്രഹിക്കുന്ന നിങ്ങളൊക്കെ ആരാ ശരിക്കും. ഹരിയെ നന്നായി അറിയാവുന്ന ഞാൻ ഇതുവരെ അവന്റ കൂടെ നിങ്ങളെ രണ്ട് പേരെയും കണ്ടിട്ടില്ല... അവനുമായി ഒരു ബന്ധവുമില്ലാത്ത നിങ്ങൾ എന്തിനാണ്..... " അത് കേട്ട് വാസുദേവൻ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു.പിന്നേ അകലെ നിൽക്കുന്ന മായയെ നോക്കികൊണ്ട് കാർത്തിക്കിനോടായി പറഞ്ഞു, "

തെറ്റുകൾ ആവർത്തങ്ങൾ ആകുമ്പോൾ അതിൽ ശരികൾ ശിക്ഷിക്കപ്പെടുമ്പോൾ ഈ സമൂഹത്തിൽ തെറ്റുകൾക്കെതിരെ ശബ്ദിക്കാൻ ഒരു ശരി വേണം... ആ ശരി, അതവൻ ആണ്..... ഹരിശങ്കർ. ഇനി ഞങ്ങൾക്കെന്താ ഇതിൽ കാര്യം എന്ന് ചോദിച്ചാൽ പറയാൻ ഒറ്റ ഉത്തരമേ ഉള്ളൂ.. " തെറ്റ് ചെയ്തവനെ തെമ്മാടിക്കുഴിയിലേക്ക് എടുക്കാൻ കാത്തിരിക്കുന്ന ഒരാൾ ഉണ്ട് എന്റെ കൂടെ. അയാൾ ഹരിക്കും വേണ്ടപ്പെട്ട ഒരാൾ ആണ്. ബാകിയൊക്കെ പറയാം ഒരിക്കൽ.... " കാർത്തിക് പിന്നേ മരുതൊന്നും ചോദിച്ചില്ല. എല്ലാത്തിനും കൂടെ ഉണ്ടെന്ന വാക്കിൽ ആ ഫോൺ കാൾ അവസാനിക്കുമ്പോൾ അയാളുടെ കണ്ണുകളിൽ വല്ലാത്തൊരു തിളക്കമുണ്ടായിരുന്നു. മായയുടെ കണ്ണുകളിൽ കേടാതെ കിടക്കുന്ന അഗ്നിയും. ------------------------------------------------- രാവിലെ കോടതിക്കുള്ളിൽ തന്നെ ഉണ്ടായിരുന്നു വാസുദേവനും കാർത്തിക്കും. പാലക്കാട്‌ നിന്ന് വേണ്ടതെല്ലാം ശരിയാക്കി തലേ ദിവസം തന്നെ കാർത്തിക് എത്തിയിരുന്നു. സമയം ഇഴഞ്ഞു നീങ്ങി പതിനൊന്നു മണിക്ക് ,സമർപ്പിച്ച ജ്യാമ്യപേക്ഷയിൽ കോടതി ചില നിബന്ധനകളോടെ ജ്യാമ്യം അനുവദിച്ചു.

മറ്റു കോടതിനടപടികൾ പൂർത്തിയാക്കി കാർത്തിക് ഹരിയോടൊപ്പം പുറത്തേക്ക് വരുമ്പോൾ മുന്നിൽ വാസുദേവൻ ഉണ്ടായിരുന്നു. അയാൾ ഹരിയുടെ കയ്യിൽ ഒന്ന് മുറുക്കെ പിടിച്ചു. "ഹരി ഇറങ്ങാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു. ചിലത് തുടങ്ങാനും ചിലതങ്ങു ഒടുക്കാനും." അയാളത് പറയുമ്പോൾ ഹരി ഒന്ന് പുഞ്ചിരിച്ചു. "കണക്കുകൾ ഒരുപാട് തീർക്കാനുണ്ട് ചേട്ടാ.. നേടാണോ നഷ്ടപ്പെടാനോ ഇനി ഒന്നുമില്ല എനിക്ക്. പക്ഷെ, നേടാൻ ആഗ്രഹിച്ച ഒന്നുണ്ടായിരുന്നു. എന്റെ പെണ്ണ്. അവളുടെ പേരിൽ ഈ മൂന്ന് മാസം ഞാൻ ഇരുമ്പഴിക്കുള്ളിൽ കിടന്നിട്ടുണ്ടെങ്കിൽ ഇനി ഈ തെറ്റിന്റെ പേരിൽ ഒരുത്തനും ഇരമ്പഴിക്കുള്ളിൽ കേറേണ്ടി വരില്ല...." അത് പറയുമ്പോൾ അവന്റ കണ്ണുകളിൽ അതുവരെ കാണാത്തൊരു തിളക്കമുണ്ടായിരുന്നു. അവന്റ മുഖത്തെ ഭാവം കണ്ടപ്പോൾ വാസുദേവനും തോന്നി അവന്റ കണ്ണുകളിൽ കത്തുന്നത് മരണമാണെന്ന്... ഈ രണ്ടാം അങ്കത്തിൽ ഇനിയുള്ളത് ആ മരണ മുഖത്തേക്കുള്ള യാത്ര ആണെന്നും.....! അപ്പൊ രണ്ടാംഅങ്കം തുടങ്ങുംമുന്നേ ചെറിയ ഒരു ഇടവേള....... (തുടരും)

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story