നൈറ്റ് ഡ്രൈവ്: ഭാഗം 12

night drive mahadevan

രചന: മഹാദേവൻ

-"കണക്കുകൾ ഒരുപാട് തീർക്കാനുണ്ട് ചേട്ടാ.. നേടാനോ നഷ്ടപ്പെടാനോ ഇനി ഒന്നുമില്ല എനിക്ക്. പക്ഷെ, നേടാൻ ആഗ്രഹിച്ച ഒന്നുണ്ടായിരുന്നു. എന്റെ പെണ്ണ്. അവളുടെ പേരിൽ ഈ മൂന്ന് മാസക്കാലം ഞാൻ ഇരുമ്പഴിക്കുള്ളിൽ കിടന്നിട്ടുണ്ടെങ്കിൽ ഇനി ഈ തെറ്റിന്റെ പേരിൽ ഒരുത്തനും ഇരമ്പഴിക്കുള്ളിൽ കേറേണ്ടി വരില്ല...." അത് പറയുമ്പോൾ അവന്റ കണ്ണുകളിൽ അതുവരെ കാണാത്തൊരു തിളക്കമുണ്ടായിരുന്നു. അവന്റ മുഖത്തെ ഭാവം കണ്ടപ്പോൾ വാസുദേവനും തോന്നി അവന്റ കണ്ണുകളിൽ കത്തുന്നത് മരണമാണെന്ന്... ഈ രണ്ടാം അങ്കത്തിൽ ഇനിയുള്ളത് ആ മരണ മുഖത്തേക്കുള്ള യാത്ര ആണെന്നും.....!  " ഡാ ഇനി എന്താ പ്ലാൻ? ഇങ്ങനെ ഇരിക്കുന്നതിൽ അർത്ഥം ഇല്ലല്ലോ. ഒന്നുങ്കിൽ ഇനി മുന്നോട്ട് എങ്ങനെ എന്ന് ആലോചിച്ചു തീരുമാനിക്കണം. അല്ലെങ്കിൽ ഇപ്പോൾ ഒന്ന് അയഞ്ഞു നിൽക്കാം. കുറച്ചു ദിവസം നാട്ടിൽ വന്ന് നിൽക്ക്. പിന്നീട് ആലോചിക്കാം ഇനി എന്ത് ചെയ്യണം എന്ന്. " വാസുദേവന്റ വീട്ടിലായിരുന്നു എല്ലാവരും. വർഷ കൊണ്ടുവന്ന ചായ കുടിക്കുന്നതിനിടയിൽ കാർത്തിക്കിന്റെ ചോദ്യം കേട്ട് ഹരി ഒന്ന് മൂളി.

" എനിക്കും അതാണ്‌ തോന്നുന്നത് ഹരി. പെട്ടന്ന് എടുത്തുചാടുന്നതിൽ കാര്യമില്ല. ഇനിയുള്ള ഓരോ നീക്കവും ശ്രദ്ധിച്ചു തന്നെ ആയിരിക്കണം. പിറകിൽ നമ്മൾ തേടുന്നവരുടെ കണ്ണുകൾ ഉള്ള സ്ഥിതിക്ക്. " വാസുവേട്ടൻ പറഞ്ഞത് കാർത്തിക്കും ശരിവെച്ചു. "ശരിയാണ് ഹരി. എടുത്തുചാടി കൈകാര്യം ചെയ്യേണ്ട ഒന്നല്ല ഇത്. ശ്രദ്ധിക്കണം. പിറകിലുള്ളവർ നിസ്സാരക്കാർ ആവില്ലെന്ന് ചിന്തിച്ചു വേണം ഇനി ഓരോ അടിയും മുന്നോട്ട് വെയ്ക്കാൻ. " ഹരിയും അതൊക്കെ തന്നെ ആയിരുന്നു ചിന്തിച്ചത്. അതോടൊപ്പം മനസ്സിൽ മറ്റൊന്ന് കൂടി ഓർത്തെടുക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു അവൻ. അന്ന് ആ ഹോട്ടൽ മുറിയിൽ വെച്ച് മായയ്ക്ക് നേരെ അങ്ങനെ ഒരു അക്രമം നടത്തിയത് ആരായിരിക്കും. ഒന്നുകിൽ അവളെ അറിയുന്ന ആരോ. അല്ലെങ്കിൽ തന്നോട് ദേഷ്യമുള്ള, തന്നെ മാത്രം ലക്ഷ്യം വെച്ചുള്ള ഒന്ന്. പശുവിന്റെ ചൊറിച്ചിലും കാക്കയുടെ വിശപ്പും മാറുമെന്ന് കണക്ക് കൂട്ടിയ ഒരാൾ. " ഹരി എന്താണ് ആലോചിക്കുന്നത്. ഞാൻ മായയെ കുറിച്ച് പറഞ്ഞതൊന്നും വിശ്വസിക്കാൻ കഴിയുന്നില്ല അല്ലെ.

സത്യത്തിൽ ആദ്യം എനിക്കും മോൾക്കുമൊക്ക അത് വിശ്വസിക്കാൻ പ്രയാസമായിരുന്നു. പക്ഷെ,.... പക്ഷെ അവിളിപ്പോൾ ഇവിടെ ഒക്കെ ഉണ്ട് ഹരി. നിങ്ങളെ ഒക്കെ അവൾ കാണുന്നുണ്ടാകും. എന്തൊക്കെയോ പറയാനും ചെയ്യാനും ബാക്കി വെച്ച് ജീവൻ വെടിഞ്ഞ ആത്മാവ് ആണവൾ. അവളുടെ സാന്നിധ്യം ആണ് ഞങ്ങളെ ഇതിലേക്ക് എത്തിച്ചതും. ആ അവൾ ആഗ്രഹിച്ചത് നടത്തിക്കൊടുക്കുക എന്നതിൽ കവിഞ്ഞ ഒന്നും ഇനി ചിന്തിക്കാനില്ല ഹരി. അവളുടെ ആത്മാവിനു നിത്യശാന്തി കിട്ടാൻ കുരുതിയെങ്കിൽ കുരുതി...... എനിക്കും ഒരു മോളുണ്ട്. അവളെ പോലെ ആണിപ്പോൾ എനിക്ക് മായായും. " അത് പറയുമ്പോൾ വാസുദേവന് വാക്കുകൾ ഒന്നിടറി. ജീവിതം നശിച്ചു മരണം കൊണ്ട ഒരു മോളുടെ അച്ഛനാകുകയായിരുന്നു ആ നിമിഷം അയാൾ. " എനിക്ക് മനസ്സിലാകും വാസുവേട്ടാ... അവൾക്ക് അങ്ങനെ ഒന്നും പോകാൻ കഴിയില്ലെന്ന്. അതുകൊണ്ട് ഇനി അവൾ ഗ്യാലരിയിൽ ഇരുന്ന് കളി കാണട്ടെ. ഗ്രൗണ്ടിലിറങ്ങി കളിക്കാൻ പോവാ ഞാൻ. "

ഹരിയുടെ വാക്കുകൾക്ക് വല്ലാത്തൊരു ശക്തിയുണ്ടായിരുന്നു അപ്പോൾ. "അങ്ങനെ നീ കളത്തിലിറങ്ങാൻ തീരുമാനിച്ച സ്ഥിതിക്ക് ഞങ്ങളും ഉണ്ടെടാ ഹരി നിന്റ കൂടെ. ബാക്കിൽ നിന്ന് നിന്നെ കളിപ്പിക്കാൻ അല്ല, നീ ഗോളടിക്കുമ്പോൾ മുന്നിൽ ഫൗൾ കാണിക്കാൻ ആര് വന്നാലും അവനുള്ള അവലോസുണ്ട കയ്യോടെ കൊടുക്കാൻ." കാർത്തിക് വീറോട് എഴുനേൽക്കുമ്പോൾ വാസുദേവന്റ മുഖത്ത്‌ വല്ലാത്തൊരു സന്തോഷം ഉണ്ടായിരുന്നു. അയാൾ ചുണ്ടിൽ പുഞ്ചിരി വിടർത്തുമ്പോൾ അയാൾക്ക് മറുത്തൊരു പുഞ്ചിരി നൽകാൻ അപ്പുറത് അവളും ഉണ്ടായിരുന്നു.. ' മായ ' !! പിന്നേ കുറച്ചു നേരം അവിടം മൗനമായിരുന്നു. എല്ലാവരും ചായ കുടിച്ചു എഴുനേറ്റ് മുറ്റത്തേക്ക് ഇറങ്ങാൻ തുടങ്ങുമ്പോൾ ആണ് ആ മൗനം ബേധിച്ചുകൊണ്ട് പിന്നിൽ നിന്നും വാസുദേവൻ ചോദിച്ചത്. " അന്ന് നിങ്ങൾ ഇവിടെ ഹോട്ടലിൽ മുറിയെടുത്തതിന് ശേഷം ന്താണ് സംഭവിച്ചത്? " അയാളുടെ ചോദ്യം കേട്ട് പെട്ടന്ന് ഹരിയൊന്ന് തിരിഞ്ഞുനോക്കി. പിന്നേ മുണ്ടും മടക്കികുത്തി മുറ്റത്തേക്ക് ഇറങ്ങി വാസുദേവനോട് ഒരു സിഗരറ്റ് ആവശ്യപ്പെട്ടു. അയാൾ ഹരിക്ക് ഒരു സിഗരറ്റും കൂടെ ലൈറ്ററും നീട്ടുമ്പോൾ ഹരി വേഗം അത് വാങ്ങി ചുണ്ടിൽ വെച്ച് കൊളുത്തി.

പിന്നേ ഒന്ന് രണ്ട് വട്ടം പുകയെടുത്ത ശേഷം ആയിരുന്നു പറഞ്ഞു തുടങ്ങിയത്. " അന്ന് അവിടെ എത്തിയ ശേഷം ആയിരുന്നു അക്കൗണ്ടിൽ ക്യാഷ് അതികം ഇല്ലാത്ത വിവരം മനസ്സിലായത്. പോരുമ്പോൾ ഇവനോട് ആയിരുന്നു കാശ് ഇടാൻ പറഞ്ഞത് " അത് പറയുമ്പോൾ കാർത്തിക്കിനെ ഒന്ന് നോക്കി ഹരി. "എടാ. നിനക്ക് അറിയാലോ അന്ന് കാശ് ഉണ്ടാക്കാൻ ഞാൻ ഓടിയ ഓട്ടം. അത് കിട്ടിയ ഉടനെ നിന്റ അക്കൗണ്ടിലേക്ക് അത് ട്രാൻസ്ഫർ ചെയ്യാൻ ഞാൻ നമ്മുടെ മനീഷിനെ ഏല്പിച്ചതും ആണ്..പക്ഷെ എന്തുകൊണ്ട് ആണ് ആ സമയത്ത് കേറാതിരുന്നതെന്ന് അറിയില്ല.വല്ല ടെക്നിക്കൽ പ്രോബ്ളവും ആയിരിക്കാം.മനീഷിനോട് ഞാൻ ചോദിച്ചപ്പോൾ അവൻ ട്രാൻസ്ഫർ ചെയ്തെന്നും പറഞ്ഞു. അന്ന് ആ കാശ് ആപ്പോ കിട്ടിയിരുന്നെങ്കിൽ ചിലപ്പോൾ ഇങ്ങനെ ഒന്നും......" അന്ന് സംഭവിച്ചതിനെല്ലാം താൻ കൂടെ കാരണം ആണല്ലോ എന്ന വിഷമം കാർത്തിക്കിന്റെ മുഖത്ത്‌ ഉണ്ടായിരുന്നു. അത് മനസ്സിലായത്കൊണ്ട് തന്നെ അതിനെ കുറിച്ച് കൂടുതൽ ഒന്നും സംസാരിക്കാതെ ഹരി അന്ന് നടന്ന സംഭവങ്ങളെ ഓർത്തെടുക്കാൻ തുടങ്ങി.

- " "ഈ വളകൾ ഉണ്ടല്ലോ. ഇപ്പോൾ ഇത് മതി, പിന്നേ തല്ക്കാലം കുറച്ചു കാശ് കൂടെ സങ്കടിപ്പിക്കാനുള്ള വഴി എനിക്കറിയാം. അതുകൊണ്ട് ന്റെ മോൾ ടെൻഷൻ അടിക്കാതെ ഇവിടെ ഇരിക്ക്. ഞാൻ വേഗം വരാം. പിന്നേ വിശക്കുന്നുണ്ടെ പേടിയോ മടിയോ വേണ്ട . ആ ഫോണിൽ വിളിച്ചു പറഞ്ഞാൽ മതി, ഇവിടെ എത്തിക്കും അവർ." അവൻ മായയെ ഒന്ന് കെട്ടിപിടിച്ചു. അവളും അന്നേരം അത് കൊതിക്കുംപ്പോലെ അവന്റ മാറിലേക്ക് പറ്റിച്ചേർന്നു. കുറച്ചു നേരം അതെ നിൽപ്പ് തുടർന്നു അവർ. പിന്നേ മായ തന്നെ ആണ് ആ കൈ വിടുവിച്ചു സ്വതന്ത്രയായത്. " മതി മതി, ഇനി മോൻ കൂടുതൽ സെന്റി ആക്കാതെ വേഗം പോയി വാ " ഹരി ഒന്ന് പുഞ്ചിരിച്ചു. പിന്നേ കയ്യിലെ വളയിലേക്ക് ഒന്ന് നോക്കി പതിയെ പോക്കറ്റിൽ ഇട്ടുകൊണ്ട് വാതിൽ തുറന്ന് പുറത്തേക്ക് നടന്നു. പുറത്തേക്കിറങ്ങുമ്പോൾ മനസ്സിൽ ചിലത് കണക്ക് കൂട്ടിയിരുന്നു ഹരി. ന്തായാലും നാളെ വിവാഹം കഴിഞ്ഞാൽ ഇവിടെ നിന്ന് കുറച്ചു നാൾ മാറി നിൽക്കണം.

അതുവരെ ഈ ഓട്ടോ എവിടെങ്കിലും ഒളിപ്പിക്കുകയും വേണം. എന്നാൽ പിന്നേ ഇപ്പോഴത്തെ ആവശ്യം നടക്കാൻ ഈ ഓട്ടോ വിൽക്കാം. അങ്ങനെ ഒരു ചിന്തയിൽ ആണ് ഹരി ഓട്ടോയ്യും എടുത്ത് പുറത്തേക്ക് ഇറങ്ങിയത്. ടൗണിൽ എത്തിയപ്പോൾ പല ഓട്ടോകാരോടും തിരക്കിലാണ് വണ്ടി വിൽക്കാൻ പറ്റിയ ഒരു സ്ഥലം കണ്ടെത്തിയത്. " ഇത് പാലക്കാട്‌ രെജിസ്ട്രെഷൻ ആണല്ലോ. ഇനി വല്ല കളവുമൊതലും ആണോ? " ഓട്ടോ മുഴുവനൊന്ന് ഓടിച്ചുനോക്കിയ ശേഷം അയാൾ ഹരിയെ സംശയരൂപത്തിൽ ഒന്ന് ചുഴിഞ്ഞു നോക്കുമ്പോൾ ഹരി വേഗം ഓട്ടോയിൽ നിന്ന് അതിന്റ പേപ്പറുകൾ എടുത്ത് അയാൾക്ക് നേരെ നീട്ടി. "ചേട്ടാ.. ഇതാ ഇതിന്റെ ഒറിജിനൽ പേപ്പർ. എനിക്കിപ്പോൾ കാശിനു അത്രേം അത്യാവശ്യം ആയത് കൊണ്ടാണ് ഞാൻ.. പ്ലീസ്... ഈ അവസ്ഥയിൽ പറ്റില്ലെന്ന് പറയരുത്..." ഹരി മുഖത്തെ വിയർപ്പ്തുള്ളികൾ തുടച്ചുകൊണ്ട് അയാൾക്ക് മുന്നിൽ അപേക്ഷ പോലെ നിൽക്കുമ്പോൾ അയാൾക്ക് എന്തോ പന്തികേട് തോന്നിയിരുന്നു. ഹരിയുടെ വെപ്രാളവും വിയർക്കലുമെല്ലാം തന്നെ ആയിരുന്നു കാരണം. കുറെ ആലോചിച്ച ശേഷം ആയിരുന്നു അയാൾ പേപ്പർ മടക്കി മേശപ്പുറത്തു വെച്ചത്. "കാശ് ഞാൻ തരാം..

പക്ഷെ,നാളെ ഈ ഓട്ടോയുടെ പേരിൽ പോലീസ് ഇവിടെ കേറി നിരങ്ങരുത്. " അത്രേം പറഞ്ഞ അയാൾ മേശവലിപ്പിൽ നിന്ന് ഇരുപത്തിഅയ്യായിരം രൂപ ഹരിക്ക് മുനിലേക്ക് നീട്ടി. "വളരെ നന്ദി ഉണ്ട് ഏട്ടാ... ഈ സമയത്ത് ഇതൊരു വലിയ സഹായം ആണ് " അവൻ അയാളെ നന്ദിയോടെ നോക്കിക്കൊണ്ട് വേഗം റോഡിലേക്ക് ഇറങ്ങി. പിന്നേ കുറച്ചപ്പുറത്തു കിടക്കുന്ന ഓട്ടോ സ്റ്റാൻഡിലേക്ക് നടക്കുമ്പോൾ പെട്ടന്ന് അരികിലായി ഒരു ഒരു പഴയ മാരുതികാർ വന്ന് നിൽക്കുകയും ഡോർ തുറന്ന് ഹരിയെ അതിലേക്ക് വലിച്ചിട്ടു ആരെങ്കിലും കാണുംമുന്നേ മുന്നോട്ട് എടുക്കുകയും ചെയ്തു. ഹരി പറയുന്നത് കേട്ട് നിശബ്‍ദരായി ഞെട്ടലോടെ നിൽക്കുകയായിരുന്നു കാർത്തിക്കും വാസുദേവനും. " അവർ ആരാണെന്നോ എന്തിനാണ് എന്നെ പൊക്കിയതെന്നോ എനിക്ക് അറിയില്ല. ബോധം വരുമ്പോൾ ഒരു ഇരുട്ടുമുറിയിൽ ആയിരുന്നു ഞാൻ.

മായയ്ക്ക് എന്ത് പറ്റി എന്ന് പോലും അറിയാത്ത അവസ്ഥ. അവിടെ കൊണ്ട് വന്നത് ആരാണെന്ന് അറിയില്ല.. ഭക്ഷണവും വെള്ളവും മാത്രം എത്തും. ഞാൻ അവിടെ നിന്ന് രക്ഷപ്പെടും വരെ ഒരാളുടെയും മുഖം ഞാൻ കണ്ടിട്ടില്ല.. എന്നാലും രക്ഷപെട്ടല്ലോ എന്ന ആശ്വാസത്തിൽ പുറത്ത് എത്തുമ്പോൾ കാത്തു നിന്നത് പോലീസ് ആയിരുന്നു. അപ്പോഴാണ് എനിക്ക് മനസ്സിലായത്, എന്നെ തടവിലാക്കിയവർ എന്നെ രക്ഷപ്പെടാൻ അനുവദിച്ചതാണെന്ന്. മായയെ പീഡിപ്പിച്ച പ്രതിക്ക് വേണ്ടി പോലീസ് തിരയുകയായിരുന്നു എന്നും. വിവാഹവാഗ്ധാനം നൽകി പെൺകുട്ടിയെ ഹോട്ടൽമുയിലെത്തിച്ചു പീഡിപ്പിച്ചയാൾ അറസ്റ്റിൽ. സംഭവത്തിന്‌ ശേഷം ഒളിവിലായിരുന്ന പ്രതിയെ പോലീസ് സാഹസികമായി പിടികൂടി. പിന്നേ വന്ന വാർത്ത ഇങ്ങനെ ആയിരുന്നു. പിറ്റേന്ന് ഒന്ന് കൂടെ അറിഞ്ഞു. മായ ആത്മഹത്യ ചെയ്തു എന്ന്.... " അത് പറയുമ്പോൾ ഹരിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. എല്ലാം കേട്ട് ഒന്നും പ്രതികരിക്കാൻ പോലും കഴിയാത്ത മായയുടെയും........ (തുടരും)

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story