നൈറ്റ് ഡ്രൈവ്: ഭാഗം 13

night drive mahadevan

രചന: മഹാദേവൻ

വിവാഹവാഗ്ധാനം നൽകി പെൺകുട്ടിയെ ഹോട്ടൽമുയിലെത്തിച്ചു പീഡിപ്പിച്ചയാൾ അറസ്റ്റിൽ. സംഭവത്തിന്‌ ശേഷം ഒളിവിലായിരുന്ന പ്രതിയെ പോലീസ് സാഹസികമായി പിടികൂടി. പിന്നേ വന്ന വാർത്ത ഇങ്ങനെ ആയിരുന്നു. പിറ്റേന്ന് ഒന്ന് കൂടെ അറിഞ്ഞു. മായ ആത്മഹത്യ ചെയ്തു എന്ന്.... " അത് പറയുമ്പോൾ ഹരിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. എല്ലാം കേട്ട് ഒന്നും പ്രതികരിക്കാൻ പോലും കഴിയാത്ത മായയുടെയും.... ഹരിയുടെ വാക്കുകൾ കേട്ട് എന്ത് പറയണം എന്നറിയാതെ നിൽക്കുകയായിരുന്ന വാസുദേവൻ മായയെ നോക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് അയാളെ നൊമ്പരപ്പെടുത്തി. " അതാരായിരിക്കും അന്ന് നിന്നെ കൊണ്ട്പോയതും അത്രേം ദിവസം പൂട്ടിയിട്ടതും? ഒരാളുടെപോലും മുഖം നിനക്ക് ഓർത്തെടുക്കാൻ പറ്റുന്നില്ലേ ഹരി.. "

കാർത്തിക്കിന്റെ ചോദ്യം കേട്ട് ആദ്യം ഇല്ലെന്നവൻ തലയാട്ടി.. പിന്നേ പെട്ടന്ന് എന്തോ ആലോചിച്ചെടുക്കുംപ്പോലെ പറയുന്നുണ്ടായിരുന്നു, " എന്നെ കാറിനുള്ളിലേക്ക് വലിച്ചിട്ട് ഒന്ന് പ്രതികരിക്കാൻ കഴിയുംമുന്നേ അവരെന്തോ എന്റെ മൂക്കിലേക്ക് വെച്ചത് ഓർമ്മയുണ്ട്. എല്ലാവരും മുഖം മൂടിയിരുന്നു.. പക്ഷെ, ഡ്രൈവർ മാത്രം ഇടയ്ക്ക് ആ മുഖംമൂടി ഊരി ചിരിക്കുന്നത് പാതിമയക്കത്തിൽ ഞാൻ കണ്ടിരുന്നു.... ഒരു... ഒരു താടിയുള്ള, പല്ലുന്തിയ ഒരാൾ.... പക്ഷെ ആരാണെന്ന് എനിക്ക്. ആ മുഖം ഞാൻ ഇതുവരെ കണ്ടിട്ടില്ല " നിരാശയോടെ ഹരിയത് പറയുമ്പോൾ വാസുദേവൻ അവന്റ തോളിൽ കൈ വെച്ചു. " ഹരി, ഇതിപ്പോ എവിടെയും തൊടാൻ കഴിയാതെ നിൽക്കുകയാണ് നമ്മൾ. ആരെയാണ് സംശയിക്കേണ്ടതെന്ന് അറിയാതെ. അതുകൊണ്ട് എനിക്ക് തോന്നുന്ന ഒരു കാര്യം ഞാൻ പറയാം. നമ്മളിപ്പോ തുടങ്ങേണ്ടത് അവിടെ നിന്നാണ്...

ആ ഹോട്ടലിൽ നിന്ന്. മായ പറഞ്ഞത് വെച്ചു നോക്കുകയാണെങ്കിൽ അന്ന് റൂംബോയ് ജ്യുസ് കൊടുത്തതിനു ശേഷം ആണ് അവൾക്ക് ബോധം നഷ്ടപ്പെട്ടത്. അതിന് ശേഷം ആണ് ഏല്ലാം സംഭവിക്കുന്നതും. അന്ന് അയാൾ ജ്യുസ് കൊണ്ടുവരുമ്പോൾ മായയോട് ഒരു കാര്യം പറഞ്ഞിരുന്നു റൂം ക്‌ളീൻ ചെയ്യാൻ ആളിപ്പോ വരും, റൂം ലോക്ക് ചെയ്യണ്ട എന്ന്. അത് വിശ്വസിച്ചാണ് മായ റൂം ചാരിയതും അതിനിടയിൽ ജ്യുസ് കുടിക്കുന്നതും. അപ്പോ ഒരു കാര്യം ഉറപ്പാണ്. ആ റൂമിന്റെ വാതിൽ അടക്കാതിരിക്കാൻ ആണ് റൂംബോയ് ശ്രമിച്ചത്. കൂടെ മറ്റൊന്ന് കൂടെ അയാൾ പറഞ്ഞതായി മായ പറയുന്നുണ്ട്. ജ്യുസ് കൊണ്ടുവരാൻ ലേറ്റ്‌ ആയത് അപ്പുറത്തെ റൂമിൽ കൂടെ ഓർഡർ ഉണ്ടായിരുന്നത് കൊണ്ടാണ് എന്ന്. ഇനി അഥവാ റൂംബോയ് ക്ളീനിംഗിന്റെ കാര്യം പറഞ്ഞത് സത്യം ആണെങ്കിൽ ഉടനെ തന്നെ റൂം ക്‌ളീൻ ചെയ്യാൻ ആള് വരേണ്ടതും മായ ബോധമറ്റ് കിടക്കുന്നത് കാണേണ്ടതും ആണ്. അങ്ങനെ ആണെങ്കിൽ മായയ്ക്ക് ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നു.

അതിനർത്ഥം റൂം ബോയ് മനപ്പൂർവം പറഞ്ഞ ഒരു കള്ളം ആയിരിക്കണം അത്. പിന്നേ ഹോട്ടൽമുറിയിൽ ആളുകൾ സ്ഥിരം താമസിക്കാൻ വരുന്നതാണ്. അവരോട് ആരോടും തോന്നാത്ത, ആരോടും ചെയ്യാത്ത ഒരിത് കുറച്ചു നേരം കൊണ്ട് മായയോട് തോന്നാൻ ? അങ്ങനെ ചിന്തിച്ചാൽ നമുക്ക് മറ്റൊന്ന് കൂടെ സംശയിക്കാം. ആർക്കോ വേണ്ടി അവൻ അങ്ങനെ ചെയ്തതായിരിക്കാം എന്ന്... അത് ചിലപ്പോൾ അവൻ മായയോട് പറഞ്ഞ അപ്പുറത്തെ റൂമിൽ ഉള്ളവർ ആണെങ്കിൽ..... ഇതിനെല്ലാം ഉത്തരം കിട്ടാൻ ആദ്യം അവനെ പൊക്കണം. ആ റൂംബോയെ " വാസുദേവൻ അത്രയും ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തുമ്പോൾ ഹരി ഒന്ന് തലക്കുടഞ്ഞു " പക്ഷെ, അവിടെ നേരിട്ട് ചെന്ന് എങ്ങനെ നമ്മൾ അന്വോഷിക്കും. നടന്നുകൊണ്ടിരിക്കുന്ന ഒരു കേസിനെ കുറിച്ച് നമ്മൾ അന്വോഷിച്ചു ചെന്നാൽ ചിലപ്പോൾ സംശയത്തിന്റ പേരിൽ അവർ പോലീസിൽ അറിയിക്കില്ലെന്ന് ആര് കണ്ടു. മാത്രമല്ല, ഞാനാണ് ഇപ്പോൾ ഇതിൽ പ്രതി. ആ ഞാൻ എങ്ങനെ ആണ് ഇതിൽ..... "

അവന്റ സംശയം ശരിയാണെന്ന് വാസുദേവനും തോന്നി. നേരിട്ട് ഇടപെട്ടാൽ ചിലപ്പോൾ അത് മറ്റൊരു പ്രശ്നമായി മാറും. അവർ എന്ത് ചെയ്യണമെന്ന് അറിയാതെ പരസ്പ്പരം നോക്കുമ്പോൾ കാർത്തിക് മുണ്ട് മടക്കിക്കുത്തിക്കൊണ്ട് മുന്നോട്ട് വന്നു. " അവിടെ പോയി അന്വോഷിക്കാൻ അല്ലെ പ്രശ്നം ഉള്ളൂ.. അവനെ ഇങ്ങു പൊക്കാൻ ആരോടും ചോദിക്കണ്ടല്ലോ. നമുക്ക് അവനെ ഇങ്ങു പോക്കാന്നെ.. ന്നിട്ട് അവന്റ അണ്ഡകടാഹം നോക്കി നാല് കുത്തു കുത്തിയാൽ തത്ത പറയുംപ്പോലെ പറയും അവൻ. " കാർത്തിക് മീശ പിരിച്ചുകൊണ്ട് ഹരിയെ നോക്കുമ്പോൾ ഹരിക്ക് വീണ്ടും സംശയമായിരുന്നു. "എടാ, അതിന് നമുക്ക് അറിയില്ലലോ ആ റൂംബോയ് ആരാണെന്ന്. അത് അറിയണമെങ്കിൽ ഹോട്ടലിൽ പോയി അന്വോഷിക്കേണ്ടിവരില്ലേ.." "എന്റെ പൊന്നളിയാ... ഈ റൂംബോയെ മായ കണ്ടിട്ടുണ്ടല്ലോ...

അവൾ കൂടെ ഉണ്ടെന്നല്ലേ വാസുവേട്ടൻ പറയുന്നത്. ഇത്രേം കാര്യങ്ങൾ പറഞ്ഞ അവൾ ആ മുഖം മറക്കുമോ.. അപ്പൊ അവൾ കാണിച്ചു തരും നമുക്ക് ആ മുഖം." കാർത്തിക് അത് പറയുമ്പോൾ ആണ് വാസുദേവനും അത് ശരിയാണല്ലോ എന്ന് തോന്നിയത്. അയാൾ വേഗം മായയ്ക്ക് അരികിലേക്ക് നടന്നു. കുറച്ചപ്പുറത്തു മാറി നിന്ന് ഒറ്റയ്ക്ക് സംസാരിക്കുന്ന വാസുദേവനെ കൗതുകത്തോടെ ആണ് ഹരിയും കാർത്തിക്കും നോക്കിയത്. മായായോട് സംസാരിച്ച ശേഷം വളരെ പെട്ടന്ന് തന്നെ അയാൾ തിരികെ അവർക്കരികിലേക്ക് വന്നു. " അവൾക്ക് ആളെ അറിയാം.. അവൾ കാണിച്ചു തരും അവനെ " അത് കേട്ടപ്പോൾ തന്നെ ഹരിയുടെയും കാർത്തിക്കിന്റെയും മുഖത്ത്‌ ഒരു പുഞ്ചിരി വിടർന്നു. അതോടൊപ്പം ഹരിയുടെ കണ്ണുകൾ നാലുപാടും തിരയുകയായിരുന്നു വാസുവേട്ടന് മാത്രം കാണാൻ കഴിയുന്ന എന്റെ മായയെ ഒന്ന് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന ആഗ്രഹത്തോടെ..!! -----------

അന്ന് രാത്രി ആ ഹോട്ടലിനു മുന്നിൽ അവർ ഉണ്ടായിരുന്നു. അവനെ കാണും എന്ന് പ്രതീക്ഷ ഇല്ലെങ്കിലും കിട്ടും വരെ കാത്തുനിൽക്കാൻ തന്നെ ആയിരുന്നു തീരുമാനം. " ദേ, അയാൾ " മായയുടെ ശബ്ദം കേട്ട് വാസുദേവൻ ഒരുമാത്ര തിരിഞ്ഞുനോക്കി. "അത് തന്നെ ആണോ !! " അതെ എന്നവൾ തലയാട്ടി. അയാൾ വേഗം മുന്നിലിരിക്കുന്ന ഹരിയെ ഒന്ന് തോണ്ടി. "ആ വരുന്നവൻ ആണ് കക്ഷി." അത് പറഞ്ഞ നേരംകൊണ്ട് മുന്നിൽ നിന്നും ഇറങ്ങിവന്ന ആള് അവരുടെ കാറിനെ മറികടന്നു പുറത്തേക്ക് ഇറങ്ങി. " വാസുവേട്ടൻ ഒരു കാര്യം ചെയ്യൂ.., അവന്റെ പിറകെ മെല്ലെ വിട്ടോ.. അതിന് പിറകെ ഞങ്ങളും ഉണ്ടാകും. ഇവിടെ നിന്ന് തൂക്കുന്നത് അത്ര പന്തിയല്ല, ഒഴിഞ്ഞ ഒരു സ്ഥലം എത്തുമ്പോൾ അവനെ തൂക്കാം " കാർത്തിക് ആണ് പറഞ്ഞത്. അത് പ്രകാരം വാസുദേവൻ വേഗം കാറിൽ നിന്ന് ഇറങ്ങി ആ പോയവന് പിന്നാലെ നടന്നു. അവൻ ബസ്സ്റ്റോപ്പിൽ നിന്നപ്പോൾ കൂടെ അയാളും ബസ്സ്സ്റ്റോപ്പിലേക്ക് കയറി. അൽപ സമയം കഴിഞ്ഞ് വന്ന തൃപ്പൂണിത്തുറ ബോർഡ് വെച്ച ബസ്സിലേക്ക് അവൻ കയറി.

കൂടെ വാസുവേട്ടനും . " ചേട്ടാ, എരൂർ.. " അവൻ പറയുന്നത് കേട്ട് അതെ സ്ഥലത്തേക്ക് തന്നെ വാസുവേട്ടനും ടിക്കറ്റ് എടുത്തു. പിന്നേ ഫോൺ എടുത്ത് കാർത്തിക്കിന്റെ നമ്പർ ഡയൽ ചെയ്ത് ചെവിയോട് ചേർത്തു. " പിറകെ തന്നെ ഇല്ലേ? എരൂർ ആണ് ഇറങ്ങുന്നത്... " അത്രേം ശബ്ദം താഴ്ത്തി പറഞ്ഞുകൊണ്ട് അയാൾ വേഗം ഫോൺ പോക്കറ്റിൽ ഇട്ട് മുന്നിലുള്ളവനെ ശ്രദ്ധയോടെ വീക്ഷിച്ചുകൊണ്ടിരുന്നു. കുറച്ചു നേരത്തെ യാത്രയ്ക്ക് ശേഷം ബസ്സ് എരൂർ ജംഗ്ഷനിൽ നിർത്തുമ്പോൾ അവനും വാസുദേവനും ഇറങ്ങി. ബസ്സ് പോയ ശേഷം അവൻ അടുത്തുള്ള ഹോട്ടലിലേക്ക് കയറിയപ്പോൾ പുറത്ത് വാസുദേവൻ കാത്തിരുന്നു. കുറച്ചു നേരത്തിനു ശേഷം ഒരു പാർസൽ പൊതിയും വാങ്ങി അവൻ മുന്നോട്ട് നടക്കുമ്പോൾ പിറകെ അയാളും നടന്നു. ഒരു നിമിഷം... ഒഴിഞ്ഞ ഒരിടം എത്തിയതും പെട്ടന്ന് കേറി വന്ന കാർ അവനു മുന്നിൽ നിർത്തി ഡോർ തുറന്നതും വാസുദേവൻ അവനെ പിടിച്ചു ഉള്ളിലേക്കു തള്ളി കൂടെ കയറി ഡോർ അടച്ചതും ഒരുമിച്ചായിരുന്നു. അത് വരെ മുന്നിൽ ഉണ്ടായിരുന്ന ഹരി അപ്പോൾ പിറകിലെ സീറ്റിൽ ആയിരുന്നു. ഹരി അവനെ പിന്നിൽ നിന്ന് ചേർത്തു പിടിക്കുമ്പോൾ അവൻ കുതറി.

"നിങ്ങളൊക്കെ ആരാ....ന്ത്‌ മൈ ...... നാടാ എന്നെ..." അവന്റ തെറി കേട്ടതും ആ മുഖമടച്ചൊന്നു പൊട്ടിച്ചു വാസുദേവൻ. അത് കിട്ടിയപ്പോൾ അവനൊന്ന് അടങ്ങി. എന്തോ പന്തികേട് മണത്തിരുന്നു അവനും. "എന്താ നിങ്ങൾക്ക് വേണ്ടത്... എന്തിനാ നിങ്ങളെന്നെ " അവൻ സ്വരം ഒന്ന് മയത്തിലാക്കി ചോദിക്കുമ്പോൾ ഹരി അവനെ പിടിച്ചു നേരെ ഇരുത്തി. " നിന്റ പേരെന്താ? " " സുബിൻ " " അപ്പൊ സുബിൻ മോനെ, ഞങ്ങൾക്ക് നിന്റ വായിൽ നിന്ന് കുറച്ചു കാര്യങ്ങൾ അറിയണം " " അതിന് നിങ്ങളൊക്കെ ആരാ... " അവന്റ ചോദ്യത്തിന് കടുപ്പം കൂടിയപ്പോൾ ഹരി അവന്റ കോളർ ഒന്ന് ശരിയാക്കി. " ഞങ്ങൾ ആരാ എന്നല്ലേ... ഞങ്ങൾക്ക് ചില സത്യങ്ങൾ അറിയണം. അതിൽ നിന്റ പങ്ക് എന്താണെന്നും. നീ പറയുന്ന ഉത്തരം പോലെ ഇരിക്കും ഞങ്ങൾ നിനക്ക് ആരാകണം എന്നത്. ചോദിക്കുന്ന കാര്യത്തിൽ നിനക്ക് നേരിട്ട് ബന്ധം ഇല്ലെങ്കിൽ ഞങ്ങൾ നിനക്ക് വെറും അപരിചിതർ മാത്രമായങ്ങു പോകും. അതല്ല, നിന്റ കൈ അതിൽ പെട്ടിട്ടുണ്ടെങ്കിൽ.... പെട്ടിട്ടുണ്ടെങ്കിൽ നിനക്ക് ഞാൻ ആരാകുമെന്ന് അറിയോ...? നിന്റ കാലൻ....... "...... (തുടരും)

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story