നൈറ്റ് ഡ്രൈവ്: ഭാഗം 14

night drive mahadevan

രചന: മഹാദേവൻ

ഞങ്ങൾ ആരാ എന്നല്ലേ... ഞങ്ങൾക്ക് ചില സത്യങ്ങൾ അറിയണം. അതിൽ നിന്റ പങ്ക് എന്താണെന്നും. നീ പറയുന്ന ഉത്തരം പോലെ ഇരിക്കും ഞങ്ങൾ നിനക്ക് ആരാകണം എന്നത്. ചോദിക്കുന്ന കാര്യത്തിൽ നിനക്ക് നേരിട്ട് ബന്ധം ഇല്ലെങ്കിൽ ഞങ്ങൾ നിനക്ക് വെറും അപരിചിതർ മാത്രമായങ്ങു പോകും. അതല്ല, നിന്റ കൈ അതിൽ പെട്ടിട്ടുണ്ടെങ്കിൽ.... പെട്ടിട്ടുണ്ടെങ്കിൽ നിനക്ക് ഞാൻ ആരാകുമെന്ന് അറിയോ...? നിന്റ കാലൻ....... " ഹരിയുടെ വാക്കുകൾ അവന്റ ചെവിയിൽ ഒരു വണ്ടിന്റെ മുരളിച്ചപ്പോലെ അസഹ്യമായി തുളച്ചുകയറുമ്പോൾ ഉള്ളിലെ ഭയം സുബിന്റെ ചങ്കിലെ ഉമിനീർ പോലും വറ്റിച്ചിരുന്നു. " നി..... നിങ്ങൾക്ക് എന്താണ് അറിയേണ്ടത്? " അവന്റ ഭയം കലർന്ന ചോദ്യം കേട്ട് ഹരി പുഞ്ചിരിച്ചു. " നിനക്ക് ഭയം തോന്നുന്നുണ്ടോ? " ഉണ്ടെന്ന് അവൻ തലയാട്ടി . "നിങ്ങളൊക്കെ ആരാ?" മറുപടി പറഞ്ഞത് കാർത്തിക് ആണ്. " ആരാ, എന്താ എന്നുള്ള ചോദ്യം വേണ്ട. ഞങ്ങൾക്ക് അറിയേണ്ടത് നീയിങ്ങു പറഞ്ഞാൽ മതി. " " നിങ്ങൾക്ക് എന്താണ് അറിയേണ്ടത്?"

സുബിൻ എല്ലാവരുടെയും മുഖത്തേക്ക് മാറിമാറി നോക്കുമ്പോൾ ഹരി ഒരു സിഗരറ്റിനു തീ കൊളുത്തി. ഒരു നിമിഷം സുബിൻ സ്ഥബ്ധനായി ഇരുന്നു.. അത് വരെ കാറിനുള്ളിലെ ഇരുട്ടിൽ വ്യക്തമാകതിരുന്ന ആ മുഖം സുബിനെ ഭയപ്പെടുത്തി. "നി...... നിങ്ങൾ " അവൻ ഭയത്തോടെ ഹരിക്ക് നേരെ വിരൽ ചൂടുമ്പോൾ ആ വിരൽ പതിയെ പിടിച്ചു മടക്കി ഹരി. " ഈ മുഖം കണ്ട് നീയിപ്പോൾ ഭയന്നെങ്കിൽ ഞങ്ങൾ നിന്നെ അന്വോഷിച്ചു വന്നതെന്തിനാണെന്നും നിനക്കിപ്പോ മനസ്സിലായിട്ടുണ്ടാകും. " " എനിക്കൊന്നും അറിയില്ല... എന്നെ വിട്ടേക്ക്... " അവന്റ ഭയം കണ്ണിലും കവിളിലും വിറ കൊള്ളുമ്പോൾ വാസുദേവൻ ചിരിച്ചു. "നിനക്കെ അറിയൂ ഏല്ലാം... ഈ കാറിൽ നിന്ന് നിനക്ക് നല്ല രീതിയിൽ പുറത്തേക്ക് ഇറങ്ങണം എങ്കിൽ അറിയുന്നത് മുഴുവൻ പറഞ്ഞോ.. അതിൽ നിന്റ പങ്കും." രക്ഷപ്പെടാൻ ഒരു വഴിയുമില്ലെന്ന് സുബിന് അറിയാം.. മുന്നിൽ മരണം പല്ലിളിക്കുന്നുണ്ട്. ഭയം ശരീരം മുഴുവൻ വ്യാപിച്ചിരുന്നു. "ഇനി പറ നീ.. അന്ന് ആ പെൺകുട്ടിക്ക് എന്താണ് സംഭവിച്ചത് ആ മുറിയിൽ വെച്ച്?.

ആരാണ് അവളെ...? " അത് ചോദിക്കുമ്പോൾ ഹരിയുടെ ചുണ്ടുകൾ ദേഷ്യത്താൽ വിറയ്ക്കുന്നത് കണ്ടു സുബിൻ. "സർ, എനിക്കൊന്നും അറിയില്ല... സത്യം... ഞാനല്ല അന്ന് ഡ്യൂട്ടി..." വാക്കുകൾ മുഴുവനാക്കും മുന്നേ കാർത്തിക് കാർ നിർത്തിയതും പിന്നിലേക്ക് തിരിഞ്ഞ് സുബിന്റ മുഖമടച്ചൊന്നു കൊടുത്തതും ഒരുമിച്ചായിരുന്നു. " കള്ളം പറയുന്നോടാ പൊല.....മോനെ.. ഏല്ലാം അറിഞ്ഞിട്ട് തന്നെയാടാ ഞങ്ങളിത് ഉണ്ടാക്കാൻ ഇറങ്ങിയത്. " കാർത്തിക്കിന്റെ ഭാവം കണ്ടപ്പോൾ അയാൾ എന്തിനും മടിക്കില്ലെന്ന് തോന്നി അവന്. " ഞാൻ.... ഞാൻ പറയാം.. അവൻ എല്ലാവരെയും ഭയത്തോടെ നോക്കികൊണ്ട് ആണ് പറഞ്ഞു തുടങ്ങിയത്. അന്ന് ഞാൻ ആയിരുന്നു 2nd ഫ്ലോറിൽ എല്ലാ റൂമികളിലേക്കും വേണ്ടി സേർവ് ചെയ്തിരുന്നത്. അന്ന് ആ കുട്ടിക്കുള്ള ജ്യുസ്സുമായി ഇറങ്ങാൻ നിൽക്കുമ്പോൾ ആണ് അതെ ലൈനിലെ മറ്റൊരു റൂമിലേക്ക് കൂടെ രണ്ട് ജ്യുസ് ഓർഡർ വന്നത്. എന്നാൽ പിന്നേ ഒരുമിച്ചു കൊണ്ട് പോകാലോ എന്ന് കരുതി ആ രണ്ട് ജ്യുസ് ആകുന്നത് വരെ വെയിറ്റ് ചെയ്ത് അതുമായാണ് ഞാൻ മുകളിലേക്ക് പോയത്.

-- ലിഫ്റ്റ് കയറി മുകളിലെത്തുമ്പോൾ കോറിഡോറിലേക്ക് കയറി രണ്ടാമത്തെ മുറിക്ക് മുന്നിൽ നിന്ന് വാതിലിൽ തട്ടി സുബിൻ. കുറച്ചു നിമിഷങ്ങൾക്ക് ശേഷം വാതിൽ തുറന്ന് ഒരാൾ അവനെ അകത്തേക്ക് ക്ഷണിച്ചു. ജ്യുസ് അടുത്തുള്ള ടീപ്പൊയിൽ വെച്ച് ഭവ്യതയോടെ " സർ ഇനി എന്തെങ്കിലും " എന്ന് ചോദിച്ചുകൊണ്ട് ഒതുങ്ങി നിൽക്കുമ്പോൾ കൂട്ടത്തിലൊരാൾ ബാഗിൽ നിന്ന് ഒരു കുപ്പി എടുത്തു. " താൻ അടിക്കോ " അയാളുടെ ചോദ്യം കേട്ട് സുബിൻ പതിയെ തല ചൊറിഞ്ഞു. " സോറി സർ ഡ്യൂട്ടി ടൈം ആണ്. ഉള്ള ജോലി പോകും " അത് കേട്ട് ഒരാൾ പുഞ്ചിരിച്ചുകൊണ്ട് സുബിന്റെ തോളിൽ കയ്യിട്ടു. " എന്റെ സഹോദരാ..ഞങ്ങളിത് ചെണ്ട കൊട്ടി അറിയിക്കാനൊന്നും പോണില്ല. പിന്നേ തന്നെ കണ്ടപ്പോൾ കമ്പനിക്ക് പറ്റിയ ഒരാൾ ആണെന്ന് തോന്നിയത് കൊണ്ട് ചോതിച്ചതാ.. ഇനി റൂൾസ് പ്രശ്നം ഉണ്ടെ കഴിക്കണ്ട..ഞങ്ങൾ കാരണം ജോലി പോകണ്ട. " അയാൾ കൈ മലർത്തിയപ്പോൾ സുബിനു ചെറിയ ഒരു നിരാശ തോന്നി. മുന്നിൽ ഇരിക്കുന്നത് വിസ്കിയാണ്. ഇങ്ങനെ നല്ലതൊക്കെ അടിക്കുന്നത് എന്നെങ്കിലും ഒരിക്കൽ ആണ്.

ഇതിപ്പോ ഫ്രീ ആയി കിട്ടിയപ്പോ വെയിറ്റ് ഇട്ടത് അബദ്ധം ആയല്ലോ എന്നായിരുന്നു അപ്പോൾ ചിന്ത. " അല്ല റൂൾസ് നോക്കിയാൽ പണി പോണ കേസാണ്. പക്ഷേ, സാറന്മാരിങ്ങനെ നിർബന്ധിക്കുമ്പോൾ..." സുബിൻ ചുണ്ടുകൾ നുണഞ്ഞുകൊണ്ട് രണ്ട് പേരെയും നോക്കുമ്പോൾ ഒരാൾ ഗ്ലാസ്സിൽ അവനുള്ളത് ഒഴിച്ചിരുന്നു. " താനാ ട്രെ അവിടെ വെക്ക്. എന്നിട്ട് സമാധാനത്തോടെ ഇതങ്ങു പിടിക്ക്. " അയാൾ ഡ്രിങ്ക് ഒഴിച്ച ഗ്ലാസ്സിലേക്ക് വെള്ളം പകരാൻ തുടങ്ങുമ്പോൾ കയ്യിലെ ട്രെ ടീപൊയിൽ വെച്ച് " വെള്ളം വേണ്ട സർ "എന്നും പറഞ്ഞ് വേഗം ഗ്ലാസ് വാങ്ങി സുബിൻ. പിന്നേ ഒന്ന് ഒതുങ്ങി നിന്ന് ഒറ്റവലിക്ക് ഗ്ലാസിലുള്ളത് അകത്താക്കി അവൻ. "താൻ ആള് കൊള്ളാമല്ലോടോ. ഇമ്മാതിരി അടി അടിക്കുന്ന താനാണോ ആദ്യം വേണ്ടെന്ന് പറഞ്ഞത്. കൊള്ളാം.. എന്തായാലും അടിച്ചു. എന്നാ ഒന്നുകൂടെ വിട്ടോ.. ഒരു ഉഷാർ ഒക്കെ കിട്ടും." അതും പറഞ്ഞ് ഒരാൾ അവന്റ ഗ്ലാസ്സിലേക്ക് ഒരു പെഗ്ഗ് കൂടെ ഒഴിച്ച് കൊടുത്തു. അതും വളരെ പെട്ടന്ന് തന്നെ അകത്താക്കി സുബി.

"എടൊ, താൻ ഞങ്ങൾക്ക് ഒരു ഉപകാരം ചെയ്യണം. കുറച്ചപ്പുറത്തെ റൂമിൽ ഒരു പെൺകുട്ടി ഇല്ലേ. അതെന്റെ പെങ്ങൾ ആണ്. ഒരുത്തന്റെ കൂടെ ഒളിച്ചോടി വന്നതാണ്. അവനാണെൽ ഒരു കഞ്ചാവ് ആണ്. അവൾക്കത് പറഞ്ഞാൽ മനസ്സിലാവില്ല. പ്രേമം മൂത്തു നിക്കുവല്ലേ." അയാൾ ദേഷ്യത്തോടെ തല കുടഞ്ഞു. "സർ.. അതിനു ഞാനിപ്പോ.... "താൻ കൂടുതൽ ഒന്നും ചെയ്യണ്ട.. ഞങ്ങൾക്ക് അവളോട് സംസായ്ക്കാനുള്ള ഒരു അവസരം ഉണ്ടാക്കി തന്നാൽ മതി. സംസാരിച്ചാൽ അവളുടെ മനസ്സ് മാറിയാലോ. വയ്യാത്തൊരു അമ്മയാണ് വീട്ടിൽ ഉള്ളത്. ആവരിത് അറിഞ്ഞാൽ എന്ത് സംഭവിക്കും എന്നറിയില്ല.. അതുകൊണ്ട് അമ്മ അറിയുംമുന്നേ അവളെ പറഞ്ഞ് മനസ്സിലാക്കി കൊണ്ടുപോണം." അയാൾ പറയുന്നത് സത്യം ആണെന്ന് തോന്നി സുബിന്. "എങ്കിൽ പിന്നേ സാറിനു നേരിട്ട് പോയി സംസാരിച്ചൂടെ, അതിനിടയിൽ ഞാൻ എന്തിനാ... ഇതൊക്കെ ഇവിടുത്തെ റൂൾസിന് എതിരാണ്. " സുബിൻ നിരാശയോടെ ഒഴിഞ്ഞുമാറാൻ ശ്രമിക്കുമ്പോൾ കുപ്പിയിൽ നിന്ന് ഒരു പെഗ്ഗ് കൂടെ ഒഴിച്ച് അവന്റ കയ്യിൽ കൊടുത്തു അയാൾ.

സുബി അത് വാങ്ങി കുടിക്കുന്നതിനിടയിൽ ആണ് അയാൾ പറഞ്ഞത്, " സഹോദരാ, നേരിട്ട് സംസാരിക്കാൻ അവൾ സമ്മതിക്കാത്തത് കൊണ്ടാണ് പ്രശ്നം. പുറത്തു ഞാൻ ആണെന്ന് അറിഞ്ഞാൽ അവൾ വാതിൽ തുറക്കില്ല. അതുകൊണ്ട് ഇയാൾ എന്തെങ്കിലും കള്ളം പറഞ്ഞ് ആ വാതിൽ അടക്കാതെ കുറച്ചു നേരം നിർത്തണം. ഒന്ന് സംസാരിക്കാൻ അതേ ഇപ്പോൾ മാർഗ്ഗം ഉള്ളൂ. ഇപ്പോൾ ആണെങ്കിൽ അവളുടെ കൂടെ ഉള്ളവൻ പുറത്ത് പോയിരിക്കുകയാണ്. അവൻ വരുംമുന്നേ അവളെ പറഞ്ഞ് മനസ്സിലാക്കി കൂട്ടികൊണ്ട് പോണം.. അല്ലെങ്കിൽ ചിലപ്പോൾ.... എന്റെ സ്ഥാനത് ഇയാൾ ആയിരുന്നെങ്കിൽ... ഒന്ന് ആലോചിച്ചു നോക്ക്.. എന്നിട്ട് പറ്റിയാൽ ഇയാൾ ഞങ്ങൾ പറഞ്ഞപോലെ...." അയാളുടെ മുഖത്തെ ഭാവം കണ്ടപ്പോൾ പാവം തോന്നി. ഒരു ഏട്ടന്റെ മനസ്സ് കണ്ട പോലെ സുബിൻ പതിയെ തലയാട്ടി. "സർ. ഞാൻ ഹെല്പ് ചെയ്യാം. പക്ഷേ, ഇതൊക്കെ എന്റെ ജോലിയെ ബാധിക്കുന്ന പ്രശ്നം ആണെന്ന് ഓർമ്മ വേണം. പെട്ടന്ന് വേണം സംസാരം.ഒരു സീൻ ഉണ്ടാക്കി കുളമാക്കി എന്റെ പണി കളയരുത്."

കേട്ട മാത്രയിൽ ആയാൽ സുബിനെ ചേർത്തുപിടിച്ചു താങ്ക്സ് പറഞ്ഞു. പിന്നേ " ഇയാൾ ഒന്ന് കൂടെ അടി " എന്നും പറഞ്ഞു ഗ്ലാസ് എടുത്തപ്പോൾ വേണ്ടെന്ന് പറഞ്ഞു നിരസിച്ചു അവൻ. " ഇനിയും കഴിച്ചാൽ ശരിയാവില്ല സർ. പിന്നേ അത്ര നിർബന്ധം ആണെങ്കിൽ നിങ്ങടെ ഇപ്പോഴത്തെ പ്രശ്നം ഒക്കെ തീർന്നാൽ ആ സന്തോഷത്തിനു ഒരു ദിവസം കൂടാം.. " സുബിൻ പറയുന്നത് കേട്ട് രണ്ട് പേരും പരസ്പ്പരം നോക്കി പുഞ്ചിരിച്ചു. " സർ, ഞാൻ ഒന്ന് വാഷ്റൂമിൽ പൊക്കോട്ടെ. മൂന്ന് പെഗ്ഗ് അടിച്ചതല്ലേ. അതിന്റ ആണെന്ന് തോന്നുന്നു, ഒരു അസ്കിത. " അവർ പൊക്കോള്ളാൻ ആഗ്യം കാണിച്ചപ്പോൾ സുബി വേഗം ബാത്‌റൂമിലേക്ക് നടന്നു. വളരെ പെട്ടന്ന് തന്നെ മൂത്രമൊഴിച്ചു പുറത്തേക്ക് ഇറങ്ങി. പിന്നേ ട്രെ കയ്യിൽ എടുത്തു വാതിൽ തുറന്ന് മായയുടെ മുറി ലക്ഷ്യമാക്കി നടന്നു. മായയുടെ റൂമിന് മുന്നിലെത്തി ഒന്ന് തിരിഞ്ഞുനോക്കി സുബി. പിന്നേ വാതിലിൽ പതിയെ തട്ടി. വാതിൽ തുറന്നപ്പോൾ ഭാവ്യതയോടെ സുബി മായയെ നോക്കി, " സോറി മാഡം. അപ്പുറത്ത് ഒരു റൂമിൽ കൂടെ ഓർഡർ ഉണ്ടായിരുന്നത് കൊണ്ടാണ് ഇച്ചിരി ലേറ്റ് ആയത്. " അവൾ അതിന് മറുപടി എന്നോണം ഒന്ന് പുഞ്ചിരിക്കുകമാത്രം ചെയ്തു. " ഒക്കെ മാഡം, ഇനി എന്തെങ്കിലും വേണമെങ്കിൽ വിളിച്ചാൽ മതി.

ആഹ്. പിന്നേ മാഡം ,, ഇന്നലെ റൂം എല്ലാം ഫിൽ ആയത് കൊണ്ട് മാഡത്തിനും സാറിനും ഇന്ന് വെക്കേറ്റ് ആയ റൂം ആണ് തന്നത്, അത് ദേവൻ സാർ അത്രേം പറഞ്ഞത് കൊണ്ടാണ്. അതുകൊണ്ട് തന്നെ റൂം കാര്യമായൊന്ന് ക്‌ളീൻ ചെയ്യാൻ പറ്റിയിട്ടില്ല. മാഡത്തിന് ബുദ്ധിമുട്ട് ആവില്ലെങ്കിൽ ഞാൻ ഒരാളെ ക്‌ളീൻ ചെയ്യാൻ ഇപ്പോൾ വിടാം. പേടിക്കണ്ട,ലേഡിസ്ഥാഫ് ആണ്. ക്‌ളീനിംഗ് മസ്റ്റ് ആയത് കൊണ്ടാണ്. അങ്ങനെ ഞങ്ങൾ റൂം നൽകാറുള്ളൂ ഇതിപ്പോ ദേവൻ സർ പെട്ടന്ന് പറഞ്ഞപ്പോൾ.. " "സാരമില്ല, ചെയ്‌തോളൂ അവൾ ഓക്കേ പറഞ്ഞപ്പോൾ സുബി മുറി വിട്ട് പുറത്തിറങ്ങി.  ഒറ്റ കിതപ്പിനിടയിൽ ആണ് സുബി അത്രയും പറഞ്ഞത്. ഭയം അവനെ അത്രമേൽ ആഴത്തിൽ വരിഞ്ഞു മുറുക്കിയിരുന്നു. " അത്രേഉള്ളൂ എങ്കിൽ പിന്നേ എങ്ങനെ ആണ് അവൾക്ക് ആ ജ്യുസ് കുടിച്ച ശേഷം ബോധം പോയത്. പറയെടാ " വാസുദേവൻ അവന്റ മുഖം പിടിച്ചു തനിക്ക് നേരെ തിരിച്ചു. അന്ന് മായ പറഞ്ഞത് പ്രകാരം ജ്യുസ് കുടിച്ച ശേഷം ആണ് അവളുടെ ബോധം മറഞ്ഞത്. അത് വരെ ഉള്ളത് മാത്രമേ അവൾക്ക് ഓർക്കാനും കഴിയുന്നുള്ളൂ. പിന്നേ സംഭവിച്ചത് എന്താണെന്ന് അറിയണമെങ്കിൽ ഇവൻ പറയണം എന്നുള്ളത്ക്കൊണ്ട് തന്നെ അയാൾ ദേഷ്യത്തോടെ ആണ് അവന്റ മുഖത്തേക്ക് നോക്കി ചോദിച്ചത്. "

അതൊന്നും എനിക്ക് അറിയില്ല സർ. ഞാൻ ബാത്‌റൂമിൽ പോയ സമയത്തു ചിലപ്പോൾ അവര്..." " എന്നിട്ടെന്താണ് നീ ഇതൊന്നും പോലീസിൽ പറയാതിരുന്നത്.? നിനക്ക് അറിയില്ലേ ഇവനല്ല അത് ചെയ്തതെന്ന്? പിന്നേ ആരെ രക്ഷിക്കാൻ ആണെടാ നീ " കാർത്തിക് സുബിന്റെ കൊരവള്ളി നോക്കി പിടിക്കുമ്പോൾ അവൻ ശ്വാസം വിലങ്ങിയ പോലെ കണ്ണുകൾ തുറിച്ചു. പെട്ടന്ന് ഹരി കാർത്തിക്കിന്റെ കൈ ബലമായി ത്തന്നെ വിടുവിച്ചു. " കൊല്ലാനുള്ള സമയം ആകുന്നതല്ലേ ഉള്ളൂ കാർത്തി. ഇവനിനിയും പറയാൻ ഒരുപാട് ബാക്കി ഉണ്ട്. അതും കൂടെ പറഞ്ഞുകഴിഞ്ഞിട്ട് നമുക്ക് തീരുമാനിക്കാം കൊല്ലണോ അതോ കൂടഴിച്ചു വിടണോ എന്ന്." ഹരി കാർത്തിക്കിന്റെ കൈ വിടീച്ചു.പിന്നേ സുബിന് നേരെ തിരിഞ്ഞു. " ഇനി പറ. ഇതൊക്കെ അറിയാവുന്ന നീ പിന്നേ എന്താണ് പോലീസിനോട് ഒന്നും പറയാതിരുന്നത്. നീ പറഞ്ഞിരുന്നെങ്കിൽ ഞാൻ ഈ മൂന്ന് മാസം ജയിലിൽ കിടക്കേണ്ടി വരുമായിരുന്നോ?" അവന്റ ചോദ്യത്തിന് സൗര്യം കൂടിയപ്പോൾ ഇടയ്ക്ക് കേറി വാസുദേവൻ. "അവിടെ CCTV ഒന്നുമില്ലേ.?" "അയാളുടെ ചോദ്യം കേട്ട് സുബിൻ ഇല്ലെന്നു തലയാട്ടി. " സർ. അവിടെ വരുന്നതിൽ കൂടുതലും കമിതാക്കളും പിന്നേ.....

അങ്ങനെ ഉള്ളവർക്ക് ആണ് മുകളിലെ റൂംസ് കൊടുക്കുന്നത്. ഇതുപോലെ ഉള്ള ആളുകൾക്ക് വേണ്ടി ആയത് കൊണ്ട് അവിടെ CCTV. ഉപയോഗിക്കാറില്ല. അതുകൊണ്ട് തന്നെ പോലീസ് നോക്കിയത് താഴത്തെ CCTV. മാത്രം ആയിരുന്നു. അതിൽ നിങ്ങൾ ധൃതിയിൽ പുറത്ത് പോകുന്ന ദൃശ്യം ആണ് ഉണ്ടായിരുന്നത്. പിന്നേ തിരിച്ചു വന്നതും ഇല്ല. അതാണ്‌ പോലീസ് നിങ്ങളെ തന്നെ സംശയിക്കാൻ കാരണം. " അത് പറഞ്ഞതും വാസുദേവൻ അവന്റ കവിളടക്കം ഒന്ന് പൊട്ടിച്ചു. " അപ്പൊ നിന്റ വായിൽ എന്താടാ പഴം തിരുകി വെച്ചിരുന്നോ? അന്ന് വാ തുറന്ന് നീയിത് പറഞ്ഞിരുന്നെങ്കിൽ ഈ കേസിൽ ശരിയായ പ്രതികൾ കുടുങ്ങില്ലായിരുന്നോ? " ദേഷ്യം അടക്കാൻ കഴിയാതെ വാസുദേവൻ അവന്റ കവിളിൽ ഒന്ന് കൂടെ പൊട്ടിച്ചു. അടിയേറ്റ് വേദനകൊണ്ട് പുളഞ്ഞ സുബിൻ സീറ്റിലേക്ക് വീഴുമ്പോൾ ഹരി അവനെ കോളറിൽ തൂക്കി നേരെ ഇരുത്തി. അടി കൊണ്ട കവിൾ പൊത്തിപ്പിടിച്ചുകൊണ്ട് സുബിൻ നാലുപാടും നോക്കി. അവന്റ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു. "സർ.. അന്ന് ആ റൂമിൽ നിന്ന് ഞാൻ പോരുമ്പോൾ എന്റെ ഡ്യൂട്ടിടൈം കഴിഞ്ഞിരുന്നു. ഞാൻ ഡ്യൂട്ടി കഴിഞ്ഞ് ഡ്രെസ് മാറി തിരികെ വീട്ടിലെത്തി

കുറെ നേരം കഴിഞ്ഞ് മാനേജർ വിളിക്കുമ്പോൾ ഞാൻ ഏല്ലാം അറിയുന്നത്. സത്യത്തിൽ ഒരു ഞെട്ടൽ ആയിരുന്നു എനിക്ക്. അന്ന് എന്നോട് വേഗം ഹോട്ടലിലേക്ക് വരാൻ പറഞ്ഞായിരുന്നു വിളിച്ചത്. ഞാൻ ധൃതിയിൽ ഡ്രസ്സ്‌ മാറി പോകുന്ന വഴിയിൽ വെച്ച് അന്ന് മറ്റേ റൂമിൽ ആ പെൺകുട്ടിയുടെ ഏട്ടൻ എന്ന് പറഞ്ഞ ആളുടെ കൂടെ ഉണ്ടായിരുന്ന ആള് എന്നെ വഴിയിൽ നിന്ന് പിക് ചെയ്ത് ഹോട്ടലിന് മുന്നിൽ നിർത്തി. അതിനിടയിൽ അയാൾ എനിക്ക് കുറച്ചു പണം തന്നു. പിന്നേ എന്തെങ്കിലും പുറത്തു പറഞ്ഞാൽ കുടുംബമടക്കം കത്തിക്കുമെന്ന ഭീക്ഷണിയും. എന്റെ കൂടെ അയാളും ഉണ്ടായിരുന്നു പോലീസ് ഓരോന്ന് ചോദിക്കുമ്പോൾ. അവർക്ക് മുന്നിൽ നിന്ന് സത്യം പറയാൻ എനിക്ക് കഴിഞ്ഞില്ല." സുബിൻ നെടുവീർപ്പോടെ പറഞ്ഞു നിർത്തി. " നീ അവിടെ ചെല്ലുമ്പോൾ ഏട്ടൻ എന്ന് പരിചയപ്പെടുത്തിയ ആള് റൂം വെക്കെറ്റ് ചെയ്തിരുന്നോ? "

ഹരിയുടെ ചോദ്യം കേട്ട് ഇല്ലെന്നവൻ തലയാട്ടി. " ആ സമയം അവർ റൂം വെക്കെറ്റ് ചെയ്താൽ പോലീസ് അവരെ സംശയിക്കും. ഇതിപ്പോ നിങ്ങൾ വരാത്തത് കൂടെ ആയപ്പോ അവർ സേഫ് ആയി. പിന്നേ ഞാൻ മാത്രമായിരുന്നു അവർക്ക് മുന്നിൽ, ആ എന്നെ അവർ ഭീക്ഷണിപ്പെടുത്തി ഒതുക്കി. " അവൻ പറയുന്നതിൽ സത്യമുണ്ടെന്നു തോന്നി ഹരിക്ക്. കൂടുതൽ ചോദിച്ചത് kond കാര്യം ഇല്ലെന്നും. ഇവൻ പറഞ്ഞത് വെച്ച് നോക്കുമ്പോൾ മായയുടെ ഏട്ടൻ തന്നെ ആകുമോ ഇതിനൊക്കെ പിന്നിൽ. അയാൾ അങ്ങനെ ഒക്കെ.... മനസ്സ് സംശയങ്ങളുടെ പെരുമ്പറ കൊട്ടാൻ തുടങ്ങിയപ്പോൾ ആണ് അപ്പുറത് നിന്ന് വാസുദേവന്റ ചോദ്യം വന്നത്. "അന്ന് നിന്നെ കൂട്ടികൊണ്ട് പോയെന്ന് പറഞ്ഞ കാർ നിനക്ക് ഓർമ്മയുണ്ടോ " സുബിൻ പതിയെ ഉണ്ടെന്ന് തലയാട്ടി. " അത്... അതൊരു സ്വിഫ്റ്റ്‌ ആയിരുന്നു... ചുവന്ന കളറുള്ള സ്വിഫ്റ്റ്‌....!!!".... (തുടരും)

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story