നൈറ്റ് ഡ്രൈവ്: ഭാഗം 20

night drive mahadevan

രചന: മഹാദേവൻ

" എന്നാ വാ നീ. കൊച്ചിയിലെ കണ്ടയ്നെർ ടെർമിനലിന് അടുത്തൊരു ഗോഡൗൺ ഉണ്ട്. നീ വാ അവിടേക്ക്. ഒരു പിടി മണ്ണും ഒരു പെണ്ണിന്റ ജീവനും ഉണ്ട് കയ്യിൽ. ആ പിടി മണ്ണ് നിന്റ നെഞ്ചത്ത് ഇടാനും പിന്നേ പെണ്ണ്..... " അത് കേട്ടതും ഹരി വേഗം ഫോൺ കട്ട് ചെയ്ത് കാറിലേക്ക് കയറി. പിന്നേ എങ്ങോട്ടെന്ന് അറിയാതെ മുഖത്തേക്ക് നോക്കിയ സുദേവനെ നോക്കിക്കൊണ്ട് ഹരി ഒന്ന് മുരണ്ടു, " കൊച്ചി കണ്ടായ്നർ ടെർമിനൽ "  സുദേവ് അതിവേഗമാണ് കാർ ഓടിച്ചത്. അതിനിടയിൽ വർഷ ദേവന്റെ കയ്യിൽ പെട്ടതും കൂടെ പറഞ്ഞപ്പോൾ സുദേവ് ആക്സിലേറ്ററിൽ ഒന്നുകൂടെ അമർത്തി ചവിട്ടി. ഇവനെപ്പോലെ ഉള്ളവരുടെ കയ്യിൽ ഒരു പെണ്ണ് പോലും അകപ്പെടാൻ പാടില്ല. നശിപ്പിക്കണം എല്ലാം എന്നാ ചിന്തയോടെ ഓരോ വാഹനവും പിറകിലാക്കി അതിവേഗം കണ്ടായ്നർ ടെർമിനൽ ലക്ഷ്യമാക്കി കുതിച്ചു സുദേവ്. പലപ്പോഴും ഇടയ്ക്ക് കിട്ടുന്ന ബ്ലോക്കുകളും സിഗ്നൽ ലൈറ്റുകളും അവരെ ആസ്വസ്ഥരാക്കി. സമയത്തിന്റെ വിലയറിഞ്ഞ നിമിഷങ്ങൾ ആയിരുന്നു അതെല്ലാം.

ഒരു പെണ്ണിന്റ മാനമാണ് വൈകുന്ന ഓരോ നിമിഷത്തിനും കൊടുക്കേണ്ടി വരുന്ന വില എന്നോർക്കുമ്പോൾ A/C യുടെ തണുപ്പിലും ഹരി വിയർത്തു തുടങ്ങി. ഏറെ നേരം എടുക്കാതെ തന്നെ അവർ ടെർമിനലിനരികിൽ എത്തി. ഇനി കണ്ടുപിടിക്കേണ്ടത് ആ ഗോഡൗൺ ആണ്. കാർ ഒന്ന് പതിയെ ഓടിച്ചുകൊണ്ട് രണ്ട് പേരും രണ്ട് വശവും ശ്രദ്ധിക്കാൻ തുടങ്ങി. " ദേ, അവിടെ ഒരു പൊളിഞ്ഞ ബിൽഡിങ്. " സുദേവ് കുറച്ചപ്പുറത്തേക്ക് വിരൽ ചൂണ്ടിയപ്പോൾ ഹരിയും അവിടേക്ക് നോക്കി.പിന്നേ വണ്ടി അങ്ങോട്ട് എടുക്കാൻ ആവശ്യപ്പെട്ടു. പതിയെ പൊട്ടിപോളിഞ്ഞ ചെറിയ ഇടവഴിയിലൂടെ കാർ മുന്നോട്ട് എടുത്തു സുദേവ്. ചുറ്റും വിജനമായ സ്ഥലം ആയത്കൊണ്ട് തന്നെ അതിനുള്ളിൽ എന്ത് നടന്നാലും പുറംലോകം അറിയില്ലെന്ന് ഹരി കാഴ്ചയിൽ തന്നെ ഊഹിച്ചു. കാർ ഗോഡൗണിനു മുന്നിൽ നിർത്തി രണ്ട് പേരും പുറത്തേക്ക് ഇറങ്ങി നാലുപാടും ഒന്ന് നോക്കി.

എവിടെയും ഒരു ആളനക്കം പോലുമില്ല. രണ്ട് പേരും പരസ്പരം നോക്കികൊണ്ട് വളരെ ശ്രദ്ധയോടെ ആണ് അകത്തേക്ക് കടന്നത്. പക്ഷേ, പ്രതീക്ഷിച്ചപ്പോലെ ഒന്നും കാണാൻ കഴിഞ്ഞില്ല അവർക്ക്. ദേവനും ഇല്ല വർഷയും ഇല്ല. ആകെ വൃത്തിഹീനമായ ഒരു മുറിയിലേക്ക് കയറിയപ്പോൾ പെട്ടന്ന് ഹരി എന്തോ ഓർത്തെടുക്കാൻ ശ്രമിക്കുകയായിരുന്നു. " അതെ, ഒരു മാസക്കാലം തന്നെ തടവിൽ പാർപ്പിച്ച അതെ സ്ഥലം.. " അവന്റ ഓർമയിൽ ആ മുറി തെളിയാൻ തുടങ്ങിയപ്പോൾ അവൻ നാലുപാടും കണ്ണോടിച്ചു. " അപ്പൊ അന്ന് തന്നെ മയക്കി ഒരു മാസം ഇതിനുളിൽ അടച്ചതും ഒടുക്കം ഇവിടെ നിന്ന് വണ്ടിയിൽ കയറ്റി കുറച്ചു ദൂരെ ഇറക്കിവിട്ട് പോലീസിനെ കൊണ്ട് പിടിപ്പിച്ചതിലും ദേവന്റെ കൈകൾ ആയിരുന്നു " എന്നോർക്കുമ്പോൾ അവന്റ പകയുടെ കനൽ നീറിപുകയാൻ തുടങ്ങി. " ദേവാ.... " ഹരി അലറുകയായിരുന്നു. പക്ഷേ എവിടെ നിന്നും ഒരു പ്രതികരണവും ഇല്ല.

" ഇവിടെ ആരും ഇല്ലെന്നു തോനുന്നു. അവന് വെറുതെ ആളെ ഓടിച്ചു രസിക്കുകയായിരിക്കും പന്ന....... " സുദേവ് കൈ ചുരുട്ടി തുടയിൽ ഇടിച്ചുകൊണ്ട് ദേഷ്യം അടക്കാൻ ശ്രമിക്കുമ്പോൾ ഹരി നാലുപാടും തിരഞ്ഞുകൊണ്ട് മുന്നോട്ട് നടന്നു. പെട്ടന്നാണ് കുറച്ചാപ്പുറത്തു നിന്ന് എന്തോ മറിഞ്ഞുവീഴുന്ന ശബ്ദം കേട്ടത്. ഹരി വേഗം ശബ്ദം കേട്ട ഭാഗം ലക്ഷ്യമാക്കി ഓടി. മുന്നിൽ അടഞ്ഞുകിടന്ന വാതിൽ തള്ളിതുറന്ന് അകത്തേക്ക് കയറിയ ഹരി മുന്നിലെ കാഴ്ച കണ്ട് ഒരു നിമിഷം സ്തംഭിച്ചു നിന്നു. താഴെ കൈകാലുകൾ ബന്ധിക്കപ്പെട്ട് വായിൽ തുണി തിരുകി ഒന്ന് അനങ്ങാൻ പോലും കഴിയാതെ കിടക്കുകയായിരുന്നു ദേവൻ. മുന്നിൽ ഹരിയെ കണ്ടതും ദേവൻ ഞെരിപിരി കൊള്ളാൻ തുടങ്ങി. എന്താണ് നടക്കുന്നതെന്ന് അറിയാതെ ഒരു നിമിഷം നിശ്ചലനായ ഹരി വേഗം ദേവന്റെ അരികിലെത്തി അവന്റ വായിലെ തുണി വാകിച്ചെടുത്തു. പിന്നേ ആ കോളറിൽ പിടിച്ചുയർത്തി.

" എവിടെടാ വർഷ. നീയൊക്കെ അവളെ.... " അവൻ ദേഷ്യത്തോടെ അവനു നേരെ കൈ ഓങ്ങുമ്പോൾ ദേവൻ അവന്റ മുനിലേക്ക് മുഖം താഴ്ത്തി വീണു. " ഹരി എന്നോട് ക്ഷമിക്കേടാ... അവളെ അവരുടെ കയ്യിലാടാ. അവരെന്നേം കരുവാക്കിയതാ. എന്റെ കുടുംബത്തെ വെച്ചാണ് അവൻ വില പേശിയത്. എനിക്ക് നിവർത്തിയില്ലാതെ അവന്മാരുടെ തന്തയില്ലായ്മയ്ക്ക് കൂട്ട് നിൽക്കേണ്ടി വന്നതാടാ... മനപ്പൂർവം അല്ലേടാ... " ദേവൻ പറയുന്നത് വിശ്വസിക്കാൻ കഴിയാതെ നിൽക്കുകയായിരുന്നു ഹരി. " പിന്നേ ആരാടാ ഇതിനൊക്കെ പിന്നിൽ? മായയ്ക്ക് അങ്ങനെ ഒരു അപകടം പറ്റിയത് മുതൽ നീ എന്നിൽ നിന്ന് ഒളിച്ചോടാൻ തുടങ്ങിയതാ. ദേ, ഇപ്പോൾ വർഷയും. എന്നിട്ട് എന്നെ വെല്ലുവിളിച്ചു ഇവിടെ എത്തിച്ചിട്ട് ഇപ്പോൾ... പറയെടാ നീ വെറും ഡിമ്മി ആണെങ്കിൽ പിന്നേ ആരാടാ എന്റെ മായയെ.... " ഹരി ദേവന്റെ കോളറിൽ പിടിച്ചുലയ്ക്കുമ്പോൾ ദേവൻ ദയനീയമായി അവനെ നോക്കി.

" ഏല്ലാം ഞാൻ പറയാ.. അതിനു മുന്നേ നീയെന്നെ ഒന്ന് അഴിച്ചുവിട്. എന്നിട്ട് വർഷയെ കണ്ടെത്തണം. അല്ലെങ്കിൽ അവളെ അവർ.... " ഒരു നിമിഷം ആലോചിച്ച ശേഷം ആയിരുന്നു ഹരി ദേവന്റെ കയ്യിലെയും കാലിലെയും കെട്ട് അഴിച്ചത്. " ഹരി, നീ വാ. അവരിവിടം വിട്ടു പോകില്ല. നിന്നെ കൂടെ ഇവിടെ എത്തിക്കാണും ഏല്ലാം തീർക്കാനും ആണ് അവരുടെ പ്ലാൻ. അതിനു മുൻപ് വർഷയെ അവൻ..... " ദേവൻ ഹരിയുടെ കയ്യിൽ പിടിച്ചു വേഗം റൂമിനു പുറത്തേക്ക് ഇറങ്ങിയതും മുന്നിൽ നിൽക്കുന്ന ആളുകളെ കണ്ട് ഞെട്ടലോടെ നിന്നു. മുന്നിൽ ഒന്ന് അനങ്ങാൻ പോലും കഴിയാതെ സുദേവനെ ചുറ്റി മൂന്നാലു പേർ ഉണ്ടായിരുന്നു. അവരുടെ നേതാവായി അവനും... സെൽവൻ. " അളിയൻ വരാൻ ഒട്ടും വൈകിയില്ലല്ലോ. അല്ലേലും പണ്ട് മുതലേ ആളിയൻ ഇങ്ങനാ. എല്ലാത്തിനും അതിന്റേതായ സമയം നോക്കി എത്തും. " സെൽവന്റ ചിരിയും അവന്റ വാക്കുകളും ഹരിയുടെ ദേഷ്യത്തിന്റെ അതിർവരമ്പുകൾ ബേധിക്കാൻ പോന്നതായിരുന്നു.

" ടാ, പോലയാടിമോനെ... എന്റെ പെങ്ങടെ കഴുത്തിൽ നീ കെട്ടിയ താലിയുടെ ബലത്തിലാണ് ഇത്രേം നാൾ ഈ തന്തയില്ലായ്ക ഒക്കെ കാട്ടിയതും അതൊക്കെ ഞാൻ ക്ഷമിച്ചതും. ഇനി ഒരു മഞ്ഞചരടിന്റെ ബലവും നിന്റ രക്ഷിക്കാൻ വരില്ല സെൽവാ... ഇനി ഒരു പെണ്ണിന്റെ മേലും നിന്റെ ഈ എരണം കെട്ട കൈ പതിക്കില്ല.." ഹരിയുടെ കണ്ണുകൾ കത്തുമ്പോൾ സെൽവന്റ ചുണ്ടിൽ പുഞ്ചിരിയായിരുന്നു. " അളിയന്റെ ഈ വെല്ലുവിളിയും തന്റെടവും ആണ് എനിക്കെന്നും ഇഷ്ടം. അപ്പോഴേ എനിക്കും ഒരു ഹരമുള്ളൂ അളിയാ. വാശിയോടെ മുന്നിൽ നിൽക്കാൻ ഒരാൾ ഉള്ളപ്പോ ആണല്ലോ എന്ത് വൃത്തികെട്ട കളി കളിച്ചും ജയിക്കാൻ ഒരു രസമുള്ളു. എലിയെ പൂച്ച ഇങ്ങനെ തട്ടിക്കളിക്കുംപ്പോലെ. " അവന്റ കളിയാക്കലുകൾ സഹിക്കാൻ കഴിയുന്നില്ലെങ്കിലും അവരുടെ കയ്യിലാണിപ്പോൾ സുദേവനും വർഷയും എന്ന ചിന്തയിൽ ഹരിക്ക് ഒരടിപ്പോലും മുന്നോട് വെക്കാൻ കഴിഞ്ഞില്ല.

" നീയിപ്പോൾ കരുതുന്നുണ്ടാകും ഹരി.. എനിക്ക് നിന്നോട് എന്തിനാണ് ഇത്ര ദേഷ്യം എന്ന്. ഒന്നുമില്ല.... എനിക്ക് നിന്നോട് ഒരു ദേഷ്യവും ഇല്ല. പക്ഷേ, നീ ഒറ്റയാനായി തീരേണ്ടത് എന്റെ ആവശ്യം ആയിരുന്നു. നിന്റ സ്വത്തുക്കൾ തന്നെ ആയിരുന്നു എനിക്ക് വേണ്ടത്. അത് അനുഭവിക്കാൻ വേറെ ആരേം ഞാൻ അനുവദിക്കില്ല.. പക്ഷേ....... ഒരു പെണ്ണിനെ പീഡിപ്പിച്ചു നിന്നെ ങ്ങനെ നരകിപ്പിക്കാൻ ഒന്നും എനിക്ക് താല്പര്യം എല്ലായിരുന്നു. പക്ഷേ, എന്ത് ചെയ്യാം... എന്റെ ആവശ്യവും അവന്റ ആവശ്യവും ഒന്നായപ്പോൾ മുതൽ നിന്റ കഷ്ടകാലം തുടങ്ങി ഹരി... " സെൽവൻ ഒരു പാക്കറ്റ് പാൻപാരാഗ് എടുത്തു പൊട്ടിച്ചു വായിലേക്കിട്ട് ചവച്ചുതുപ്പി. അത്രയൊക്കെ പറഞ്ഞിട്ടും ഹരിയുടെ മുഖത്ത്‌ ഒരു ഭയമോ ആകാംഷയോ കാണാത്തത് സെൽവനെ തെല്ലൊന്ന് അമ്പരപ്പിച്ചു. പക്ഷേ, അത് മുഖത്തു കാണിക്കാതെ ഹരിയുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി അവൻ.

" നിനക്ക് അറിയണ്ടേ ഹരി നിന്റ നാശം കാണാൻ കാത്തിരുന്നവൻ ആരാണെന്ന് ? " സെൽവന്റെ ചോദ്യം കേട്ട് ഹരി താടി തടവികൊണ്ട് ഒന്ന് ഊറിചിരിച്ചു. പിന്നേ സെൽവന്റ അരികിലേക്ക് മെല്ലെ നടന്നു. പതിയെ അഴിഞ്ഞ മുണ്ടൊന്ന് മടക്കികുത്തികൊണ്ട് മയത്തിലായിരുന്നു ഹരി സംസാരിച്ചത്. " അവന്റ പേര് എനിക്ക് അറിയണ്ട സെൽവാ.. പക്ഷേ ആ പൊലയാടിമോൻ എവിടെ ഉണ്ടെന്ന് എനിക്ക് അറിയണം. നിന്നെ മുന്നിൽ നിർത്തി നീ പറഞ്ഞ എലിയായി ഞാൻ രക്ഷപ്പെടാൻ നാലുപാടും വഴി തിരയുമ്പോൾ അതൊക്കെ കണ്ട് പൊട്ടിച്ചിരിച്ച അവൻ എവിടെ ഉണ്ടെടാ? നീയൊക്കെ എന്താ കരുതിയത്. ഇവനെ കൊണ്ട് നീ എനിക്ക് വിരിച്ച വലയിലേക്ക് ഒന്നുമറിയാതെ കേറിവന്നതാണ് ഞാൻ എന്നോ? എങ്കിൽ നിനക്കും നിന്റ മാറ്റവനും തെറ്റി സെൽവാ... എല്ലാം അറിഞ്ഞുതന്നെയാ ഞാൻ ഇങ്ങോട്ട് വന്നത്. നിന്റ പിന്നിൽ മാത്രമല്ല, എന്റെ പിന്നിലും അവൻ ഉണ്ടായിരുന്നു. പക്ഷേ തെറ്റിയത് എനിക്കാണ്.... നിനക്കായിരുന്നു അവൻ മിത്രം.. എനിക്കവൻ ശത്രുവും. കൂട്ടം തെറ്റിയ ആ ഒറ്റയാൻ എവിടെ സെൽവാ...." ഹരി പുച്ഛത്തോടെ ചോദിച്ചുകൊണ്ട് നാലുപാടും നോക്കി ഉറക്കെ വിളിച്ചു, "കാർത്തിക്........".. (തുടരും)

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story