നൈറ്റ് ഡ്രൈവ്: ഭാഗം 4

night drive

രചന: മഹാദേവൻ

പുറത്തെ രാവെളിച്ചത്തിൽ ഓട്ടോയ്ക്ക് ഉള്ളിൽ ഒരാൾ തല കുമ്പിട്ട് ഇരിക്കുന്നത് അയാളുടെ കണ്ണുകളിൽ വ്യക്തമായിരുന്നു. അതിന് ഇന്നലെ കണ്ട പെൺകുട്ടിയുടെ അതെ മുഖമായിരുന്നു. ഒരു നിമിഷം അയാളിൽ സ്ഥലകാലബോധം നഷ്ടപ്പെട്ടിരുന്നു. അയാൾ തലകുടഞ്ഞു. കൈകാലുകളിലേക്ക് ആർത്തിയോടെ നോക്കി. മൊത്തം മരവിച്ച ഒരവസ്ഥ. തൊണ്ട വരണ്ട് ദാഹം ചുണ്ടുകളിൽ ഉപ്പുരസം നുണയുന്നു. അയാൾ പെട്ടന്ന് തല കുടയുമ്പോൾ എവിടെനിന്നോ വീശിയടിച്ചുവന്ന കാറ്റിൽ ജനൽകതകുകൾ ശക്തമായി അയാൾക്ക് മുന്നിൽ അടച്ചു. പതിവില്ലാത്ത കാഴ്ചകളിൽ വിറങ്ങലിച്ച അദ്ദേഹം അല്പം ഭയത്തോടെ തന്നെ ജനലഴി തള്ളി തുറന്നതും ജനലോട് ചേർന്ന് നിൽക്കുന്ന ആ പെൺരൂപം കണ്ട് അയാൾ ശ്വാസം നിലച്ചപോലെ ഇരുന്നു. നിലാവിൽ ആ മുഖം അയാൾക്ക് മുന്നിൽ തെളിവോടെ നിന്നു. കണ്ണുകളിൽ അഗ്നിയുടെ നെരിപ്പോടും. 

രാവിലെ അടഞ്ഞുകിടക്കുന്ന വാതിലിൽ ശക്തിയായി തട്ടി വർഷ. ഇന്ന് ഒരിടം വരെ പോകണമെന്ന് പറഞ്ഞതാണ്. എങ്ങോട്ടാണെന്നോ എന്തിനാണെന്നോ പറഞ്ഞിട്ടില്ല. എന്നിട്ട് സമയം ഇത്രയായിട്ടും എഴുനേൽക്കാത്തതെന്താ എന്ന ചിന്തയോടെ പല വട്ടം തട്ടിവിളിച്ചപ്പോഴാണ് അയാൾ എഴുന്നേറ്റതും വാതിൽ തുറന്നതും. " ഇതെന്ത് പറ്റി അച്ഛാ. രാവിലെ എവിടെയോ പോണം എന്ന് പറഞ്ഞിട്ട്.... ഞാൻ എത്ര നേരായി വിളിക്കണെന്ന് അറിയോ. " മറുപടിയെന്നോണം അയാൾ മൂളക മാത്രം ചെയ്തു. പിന്നെ തോർത്തും ബ്രെഷും എടുത്തു കുളിമുറിയിലേക്ക് നടന്നു. കുളി കഴിഞ്ഞ് റെഡിയായി ചായ കുടിക്കാൻ ഇരിക്കുമ്പോൾ അയാൾക്കരികിൽ അവളും വന്നിരുന്നു. " അച്ഛനെങ്ങോട്ടാ പോണേ ഈ സൺ‌ഡേ ആയിട്ട് ? " അയാൾ പ്ളേറ്റിൽ നിന്ന് ചപ്പാത്തി പൊട്ടിച്ചെടുത്തു വായിൽ വെച്ചു . " മോളെ.... ആ പെൺകുട്ടിക്ക് എന്ത് സംഭവിച്ചതാണെന്നോ അതിൽ നമ്മുടെ ഓട്ടോയ്ക്ക് എന്തെങ്കിലും ബന്ധമുണ്ടോ എന്നൊക്കെ അറിയണേൽ ആദ്യം ഞാൻ ഇത് വാങ്ങിയ ഏജന്റിനെ കാണണം.

ബാക്കിയൊക്ക പിന്നെ " അച്ഛന്റെ ഉദ്ദേശിക്കുന്നത് മുഴുവനായും മനസ്സിലായില്ലെങ്കിലും അവൾ അതിനെ പറ്റി കൂടുതലൊന്നും ചോദിക്കാൻ നിന്നില്ല, പകരം ഒന്ന് മടിച്ചാണെങ്കിലും മറ്റൊരു കാര്യമാണ് ആവശ്യപ്പെട്ടത്. " അച്ഛാ... നമ്മളെകൊണ്ട് ഇത് കൂട്ടിയാൽ കൂടുമെന്ന് തോന്നുന്നില്ല. അതുകൊണ്ട് നമുക്ക് വരുണിനെയും പ്രകാശിനെയും കൂടെ കൂട്ടിയാലോ. ഒരു ധൈര്യത്തിന്. " മകളുടെ കൂട്ടുകാരെ നേരത്തെ അറിയാവുന്നത് കൊണ്ട് അയാൾ മറുത്തൊന്നും പറഞ്ഞില്ല. പതിയെ ഭക്ഷണം കഴിച്ച് കൈ കഴുകി പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുമ്പോൾ വർഷയും വേഗം ഡ്രസ്സ്‌ മാറി പുറത്തേക്ക് വന്നു " ഞാനും കൂടെ വരാ അച്ഛാ " എന്നും പറഞ്ഞ്. അയാൾ മറുത്തൊന്നും പറയാതെ ഓട്ടോയിൽ കേറുമ്പോൾ അവൾ വരുണിനെ വിളിക്കുന്ന തിരക്കിൽ ആയിരുന്നു. ടൗണിൽ എത്തുമ്പോൾ അവരെ കാത്ത് വരുണും പ്രകാശനും നിൽപ്പുണ്ടായിരുന്നു. " നിങ്ങൾ ഓട്ടോക്ക് പിറകെ പോരെ " എന്നവൾ കൈ കൊണ്ട് ആഗ്യം കാണിച്ചു.

സൺ‌ഡേ ആയത് കൊണ്ട് റോഡിൽ തിരക്ക് വളരെ കുറവായിരുന്നു. കടകൾ അധികവും അടഞ്ഞുകിടപ്പായിരുന്നു. അയാൾ ടൗണിൽ നിന്നും കുറച്ചു ദൂരം കൂടെ മുന്നോട്ടെടുത്ത ഓട്ടോ വലത്തോട്ടുള്ള ഇടറോഡിലേക്ക് കയറ്റി. ഒരു വണ്ടിക്ക് മാത്രം പോകാവുന്ന ആ വഴിയിലൂടെ കുറച്ചു ദൂരം കൂടെ സഞ്ചരിച്ച് ഒരു വീടിന്റ മുന്നിൽ അയാൾ ഓട്ടോ നിർത്തി. പിന്നിൽ വരുണിന്റ ബൈക്കും. " വാ " എല്ലാവരോടുമായി പറഞ്ഞ ശേഷം അയാൾ മുന്നിലെ ഗേറ്റ് തുറന്ന് അകത്തേക്ക് നടന്നു. മുറ്റത് എത്തുമ്പോൾ തന്നെ അവരെ പ്രതീക്ഷിച്ചിരിക്കുംപ്പോലെ ഒരാൾ പുറത്തേക്ക് ഇറങ്ങിവന്നു. " വാസുവേട്ടാ.. വാ... എല്ലാരും കേറി വാ " പുറത്തേക്ക് വന്ന ആള് അവരെ അകത്തേക്ക് ക്ഷണിച്ചിരുത്തി ഇപ്പോൾ വരാമെന്നും പറഞ്ഞ് അകത്തേക്ക് പോയി. ഉടനെ തന്നെ കയ്യിൽ ഒരു പേപ്പറുമായി തിരികെ വരികയും ചെയ്തു. " ഇതെന്തിനാണ് ചേട്ടാ ഇപ്പോൾ പഴയ RC. ഓണറുടെ ഡീറ്റെയിൽസ് ഒക്കെ. അല്ലെങ്കിൽ തന്നെ മറിച്ചുവിൽക്കാൻ ഉള്ള വണ്ടി ആയത്കൊണ്ട് RC. മാറ്റിയാൽ പിന്നെ ഒന്നും ശ്രദ്ധിക്കാറില്ല. ഇതിപ്പോ ഇങ്ങനെ ഒരാവശ്യം പറഞ്ഞ് ആദ്യമായിട്ടാ ഒരാൾ വരുന്നത്, "

അയാൾ കയ്യിൽ കരുതിയ പേപ്പർ വാസുവേട്ടന് നേരേ നീട്ടി . വാസു പേപ്പർ വാങ്ങി അതിലേക്ക് ഒന്ന് കണ്ണോടിച്ചു. പിന്നെ മകൾക്ക് ആ പേപ്പർ നൽകി. അവളാ പേപ്പർ വാങ്ങി അതിലെ RC. ഓണറുടെ പേരിലേക്ക് നോക്കി. വർഷ തല ഉയർത്തിയത് ആശ്ചര്യത്തോടെ ആയിരുന്നു. " അച്ഛാ..... " അവൾ പതിയെ അച്ഛന്റെ കയ്യിൽ പിടിക്കുമ്പോൾ വാസു പതിയെ എഴുനേറ്റു. " എന്ന ഞങ്ങൾ ഇറങ്ങിക്കോട്ടെ. ഈ പേപ്പർ ഞങ്ങൾ എടുക്കുവാ.. " എന്നും പറഞ്ഞ് അയാൾ പുറത്തേക്ക് ഇറങ്ങുമ്പോൾ കൂടെ വർഷയും വരുണും പ്രകാശനും അച്ഛനെ അനുഗമിച്ചു. പുറത്ത് കിടക്കുന്ന ഓട്ടോയ്ക്ക് അരികിലെത്തിയപ്പോൾ ആയിരുന്നു നാല് പേരും നിന്നത്. " അച്ഛാ ഇതിൽ എഴുതിയിരിക്കുന്ന പേരും പത്രത്തിൽ കണ്ട ആ പേരും..... " " അതെ മോളെ... രണ്ടും ഒന്ന് തന്നെ ആണ്. ഹരിശങ്കർ, അത്താണി, പാലക്കാട് " " അപ്പൊ ഒന്ന് ഉറപ്പായല്ലേ. ആ പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയുടെ തന്നെ ആണ് ഈ ഓട്ടോ. അതായിരിക്കും അവൾ അന്ന് ഈ ഓട്ടോയിൽ.....

" വരുണാണ് സംസാരിച്ചത്. അത് ശരിവെയ്ക്കുംപ്പോലെ വർഷ മൂളുമ്പോൾ അച്ഛൻ മാത്രം മറ്റെന്തോ ആലോചനയിൽ എന്നപ്പോലെ മൗനം പാലിച്ചു. " ഇപ്പോൾ കാര്യങ്ങൾ ഏകദേശം മനസ്സിലായില്ലേ അച്ഛാ. എന്തിനാണ് അവൾ അന്ന് ഓട്ടോയിൽ വന്നതെന്ന്. അവളെ നശിപ്പിച്ചവന്റെ ആയിരുന്നു ഇത്. ആ നെറികെട്ടവൻ കാരണം..... " വർഷ ദേഷ്യം അടക്കാൻ കഴിയാതെ നിൽക്കുമ്പോൾ അച്ഛൻ വേറെന്തോ മനസ്സിൽ ചിന്തിച്ചുകൊണ്ട് തിരികെ ആ വീട്ടിലേക്ക് തന്നെ നടന്നു. അച്ഛൻ എന്താണ് ചെയ്യുന്നതെന്ന് മനസ്സിലാകാതെ മൂന്നു പേരും പരസ്പരം നോക്കുമ്പോൾ അച്ഛൻ ആ ഗേറ്റ് കടന്ന് അകത്തേക്ക് പോയിരുന്നു. കുറച്ചു നേരം കഴിഞ്ഞ് തിരികെ വന്ന അയാൾ എലാവരോടും വണ്ടിയിൽ കേറാൻ ആവശ്യപ്പെട്ടു. ഓട്ടോ തിരിച് മുന്നോട്ട് എടുക്കുമ്പോൾ പിറകെ വരുണും പ്രകാശനും ഉണ്ടായിരുന്നു. ആ ഓട്ടോ നിന്നത് ഒരു ഹോട്ടലിന് മുന്നിൽ ആയിരുന്നു. " ഓരോ ചായ കുടിക്കാം " എന്നും പറഞ്ഞ് മൂന്ന് പേരെയും കൂട്ടി അയാൾ ആളൊഴിഞ്ഞ ഒരു ടേബിളിൽ ഇരുന്നു. "

അച്ഛനെന്തിനാ പിന്നേം തിരികെ പോയത്. ന്തായാലും ഓട്ടോയും അവളും തമ്മിലുള്ള കണക്ഷൻ ഇതാണെന്ന് മനസ്സിലായ സ്ഥിതിക്ക് ഇനി ഇതിന്റെ പുറകെ പോവേണ്ട ആവശ്യം ഇല്ലല്ലോ. അതുകൊണ്ട് ഇനി ഒരു കാര്യം ചെയ്യൂ, ഈ ഓട്ടോ മെല്ലെ ഒഴിവാക്കി വേറെ ഒരെണ്ണം വാങ്ങുക. അതോടെ ഈ പ്രശ്നമങ് തീരും. വെറുതെ ഓരോന്ന് ഓർത്ത് ടെൻഷൻ അടിക്കണ്ടലോ." വരുണാണ് സംസാരിച്ചത്. അത് ശരി വെക്കുന്ന മട്ടിൽ വർഷയും പ്രകാശനും തലയാട്ടുമ്പോൾ അച്ഛൻ വളരെ ഗൗരവത്തോടെ ആണ് എല്ലാവരെയും നോക്കിയത്. " നിങ്ങളൊക്കെ കരുതുംപ്പോലെ ഇത് തീർന്നിട്ടില്ല മക്കളെ.. തുടങ്ങാൻ പോകുന്നതേ ഉളളൂ. " അച്ഛൻ പറയുന്നത് കേട്ട് എല്ലാവരുടെയും ജിത്ന്യാസയോടെയുള്ള നോട്ടം അയാളിലായിരുന്നു. " അച്ഛനിത് എന്തൊക്കെയാ പറയുന്നത്. അവളെ നശിപ്പിച്ചവൻ തന്നെയായിരുന്നു ഈ ഓട്ടോയുടെ അവകാശി എന്ന് മനസ്സിലായില്ലേ ! അത് തേടിയാണ് അവൾ വന്നതെന്നും. അതിനപ്പുറത്തേക്ക് ഇനി എന്താണ് അച്ഛാ നമുക്കിതിൽ.......

!" പ്രകാശൻ തല ചൊറിഞ്ഞുകൊണ്ട് എല്ലാവരെയും നോക്കുമ്പോൾ അതിനുള്ള മറുപടി നൽകാൻ അച്ഛന് മാത്രേ കഴിയുമായിരുന്നുള്ളൂ. " ഓട്ടോ ആരുടെ ആയിരുന്നു എന്നത് കൊണ്ട് മാത്രം ഈ പ്രശ്നം ഇവിടെ തീരുന്നില്ല പ്രകാശ. നമ്മളിപ്പോ ആ വീട്ടിൽ പോയതിന് ശേഷം ഞാൻ വീണ്ടും പോയത് എന്തിനാണെന്ന് അറിയോ. അത് എന്നാണ്, ആരാണ് അവിടെ കൊണ്ട്വന്നു വിറ്റതെന്ന് അറിയാൻ ആയിരുന്നു. പക്ഷേ, അയാൾക്ക് വിറ്റ ആളെ കുറച്ചു കൂടുതൽ അറിയില്ലെങ്കിലും ഒന്നയാൾ പറഞ്ഞു, മൂന്ന് മാസങ്ങൾക്കു മുൻപ് ഒരു രാത്രി, അത്രേം അത്യാവശ്യം ആണെന്ന് പറഞ്ഞു ഒരു യുവാവ് ആണ് അതവിടെ വിറ്റത്. കാശ് അപ്പോൾ തന്നെ കൊടുക്കുകയും ചെയ്തു. ആ സമയത്തൊക്കെ എന്തോ ഒരു ഭയം ആ ചെറുപ്പക്കാരന്റ പ്രവർത്തിയിൽ കണ്ടെന്നും അയാൾ പറഞ്ഞു. ഇത്രേം അന്ന് നടന്നെന്ന് ഞാൻ അറിഞ്ഞത്...

ഇതല്ലാതെ ഒന്നുകൂടെ ഉണ്ട് നിങ്ങളോട് പറയാൻ.. " എല്ലാവരും ആകാംഷയോടെ അച്ഛന്റെ മുഖത്തേക്ക് തന്നെ നോക്കി ഇരിക്കുകയായിരുന്നു. " ഇന്നലെ രാത്രി ഞാൻ അവളെ വീണ്ടും കണ്ടു. മായയെ !!! " അത് എല്ലാവരിലും നടുക്കമുണ്ടാക്കി. " എന്നിട്ട്....... " മൂവരും ഒരുമിച്ചായിരുന്നു ചോദിച്ചത്.. അവരുടെ മുഖത്തെ നടുക്കവും ആകാംഷയും കണ്ട് അയാൾ ഒരു നിമിഷം കണ്ണടച്ചിരുന്നു. അയാൾക്ക് മുന്നിൽ അപ്പോൾ ആ ജനലഴികളുണ്ടായിരുന്നു. പുറത്ത് കാറ്റിലുലയുന്ന മുടിയിഴകൾക്കിടയിലൂടെ ആ മുഖം തെളിഞ്ഞുകാണാമായിരുന്നു. കനലെരിയുന്ന കണ്ണിൽ ഒരു കടലൊളിപ്പിച്ച പോലെ അവളുടെ കണ്ണുകൾ അയാളുടെ മുഖത്തായിരുന്നു. " എനിക്കൊരാളെ കൊല്ലണം... അതിന്..... " " അതിന്......??? ".... (തുടരും)

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story