നൈറ്റ് ഡ്രൈവ്: ഭാഗം 6

night drive

രചന: മഹാദേവൻ

 അതുകൊണ്ട് ഇനി ഒരു യാത്ര കൂടെ ഉണ്ട്.. അതിന് നീ വരണ്ട, വരുണിനെയും പ്രകാശനെയും കൂട്ടാം... " അച്ഛന്റെ മനസ്സിൽ എന്താണെന്ന് മനസ്സിലാക്കാനുള്ള ഒരു തുമ്പും കിട്ടാതെ വർഷ ചോദിക്കുന്നുണ്ടായിരുന്നു "ഇനി എങ്ങോട്ടാ അച്ഛാ " എന്ന്. അതിനയാൾക്ക് പറയാൻ ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ...... " പാലക്കാട് !! --------------------------------------------------------- വീട്ടിലെത്തുമ്പോൾ നേരം നന്നേ ഇരുട്ടിയിരുന്നു. അച്ഛനും മോളും രാവിലെ പോയി ഇതുവരെ എത്താത്തതിനെ ആവലാതി മുഴുവൻ അവരെ പ്രതീക്ഷിച്ചു ഉമ്മറത്ത്‌ തന്നെ ഇരിക്കുന്ന അമ്മയുടെ മുഖത്ത്‌ ഉണ്ടായിരുന്നു. ഓട്ടോ നിർത്തി വർഷയും വാസുദേവനും ഇറങ്ങുന്നത് കണ്ടപ്പോൾ ദേഷ്യത്തോടെ എഴുനേറ്റ് ചാടിത്തുള്ളി മാലതി അകത്തേക്ക് നടന്നു. " അമ്മ ദേഷ്യത്തിലാണെന്ന് തോനുന്നു അച്ഛാ " എന്നും പറഞ്ഞ് വർഷയും ഉമ്മറത്തേക്ക് കയറുമ്പോൾ പിറകെ അച്ഛനും ഉണ്ടായിരുന്നു. അകത്തേക്ക് കയറിയ ഉടനെ മാലതി അവർക്ക് നേരേ ദേഷ്യത്തോടെ ചോദിക്കുന്നുണ്ടായിരുന്നു

"നിങ്ങളിത് എന്ത് ഭാവിച്ചാണ് മനുഷ്യാ ഈ പെണ്ണിനേയും കൊണ്ട് ഓരോന്ന് ഇറങ്ങിത്തിരിക്കുന്നത്? ഏതോ ഒരു പെണ്ണിന് വേണ്ടി ഇനി ഇവളുടെ ജീവിതം കൂടി കുരുതികൊടുക്കാൻ ആണോ . രാവിലെ പോയത് മുതൽ മനസ്സമാധാനം ഉണ്ടായിട്ടില്ല എനിക്ക് . നേരം വൈകും തോറും പേടിയോടെ ആണ് ഇരിക്കുന്നത്. ഓരോ മാരണങ്ങൾ എടുത്ത് തലയിൽ വെച്ചിട്ട്..... എവിടെയോ കിടക്കുന്ന ഒരു പെണ്ണിന് വേണ്ടി... " മാലതി നിന്ന് ദേഷ്യം കൊണ്ട് വിറയ്ക്കുകയായിരുന്നു. അത് ന്തെങ്കിലും സംഭവിച്ചാലോ എന്നുള്ള ഭയം കൊണ്ടാണെന്ന് വർഷയ്ക്കും അച്ഛനും അറിയാം. ' അല്ലേ, നീ ഈ ജോലീം കളഞ്ഞ് ഇതിന്റെ പിറകെ നടക്കുന്നതെന്തിനാണെന്നാ എനിക്ക് മനസ്സിലാവാത്തത്. അല്ലെങ്കിലേ ഇവിടെ കഷ്ടപ്പാട് തീർന്ന സമയം ഇല്ല. അതിനിടയ്ക്ക് ഉള്ള പണീം കളഞ്ഞ് ഓരോന്നിന് ഇറങ്ങിക്കോളും അച്ഛനും മോളും. അച്ഛൻ പറയാനും മോള് അതിന് കുട പിടിക്കാനും. കൊള്ളാം.. "

വർഷയ്ക്ക് നേരേ മാലതി കയർക്കുമ്പോൾ അവൾ ഒന്നും മിണ്ടാതെ വേഗം റൂമിലേക്ക് നടന്നു ബാക്കിയൊക്ക അച്ഛനും അമ്മയും തമ്മിൽ തീർത്തോളും എന്ന മട്ടിൽ. " നീ ഒരു കാര്യം ചിന്തിക്ക് മാലതി. നീ ഇടയ്ക്കിടെ പറയുന്നുണ്ടല്ലോ... ഏതോ ഒരു പെണ്ണ് എന്ന്. അങ്ങനെ ഒരു നിസ്സാരമായ വാക്കാണ് ഈ നാടിന്റെ ശാപം. സ്വന്തം വീട്ടിൽ സംഭവിക്കിമ്പോഴേ അതിന്റെ വിഷമം എത്രതോളമാണെന്ന് മനസ്സിലാകൂ. അതുവരെ നമുക്കെല്ലാം നിസ്സാരമാണ്. എവിടെയോ കിടക്കുന്ന ഒരു പെണ്ണ്.. ആരുടെയോ മകൾ. അവർക്കല്ലേ സംഭവിച്ചത് എന്ന് ചിന്തിക്കുന്ന നിന്നേ പോലുള്ളവർ ഉള്ളത് കൊണ്ടാണ് ഇവിടെ വീണ്ടും വീണ്ടും ഇതുപോലെ ഉള്ള അതിക്രമങ്ങൾ കൂടുന്നത്. അതും എന്റെ മോളാണെന്ന് കരുതി പ്രതികരിക്കാൻ അമ്മമാരും അച്ചന്മാരും ആങ്ങളമാരുമൊക്കെ സമൂഹത്തിൽ ഇറങ്ങിയാൽ തീരാവുന്നതെ ഉളളൂ ഇതുപോലെ ഉള്ള ഭ്രാന്തുകൾ. പക്ഷേ, ആര് ചെയ്യാൻ.. നിന്നെ പോലെ എവിടെയോ കിടക്കുന്ന ഒരുവൾ എന്ന് പറഞ്ഞ് നിസ്സാരവൽക്കരിക്കുന്നവരുടെ നാടാണ് കേരളം

. ഒരു പെണ്ണിന് അരുതാത്തത് സംഭവിച്ചാൽ അവൾ പോയിട്ടല്ലേ എന്ന് ചോദിക്കുന്ന നാട്, എന്റെ മോള് അങ്ങനെ ചെയ്യില്ല എന്ന് സ്വയം പുകഴ്ത്തുന്നവരുടെ നാട്, പക്ഷേ, നാളെ എന്റെ മോൾക്ക് അങ്ങനെ സംഭവിക്കുമ്പോൾ വിലപിക്കും.. അപ്പോൾ ഇതേ വാക്ക് മറ്റുള്ളവർ പറയും ആ പെണ്ണ് പോയിട്ടല്ലേ, ന്റെ മോള് അങ്ങനെ ചെയ്യില്ല, അവൾ നല്ലതാ എന്ന്. അതിനപ്പുറത്തേക്ക് നിന്നെ പോലുള്ളവർ എന്ന് ചിന്തിക്കുന്നോ അന്നേ ഈ നാട് നേരേ ആകൂ... " അയാൾ ഉള്ളിൽ വന്ന ദേഷ്യം കടച്ചമർത്തുക്കൊണ്ട് റൂമിലേക്ക് കയറുമ്പോൾ മാലതി ഭർത്താവിന്റെ ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരം മുട്ടി നിൽക്കുകയായിരുന്നു.  " അവരാരാ മോനെ... ന്തിനാ അവരു വന്നേ? " വർഷയും വാസുദേവനും ഇറങ്ങിയ ശേഷം അമ്മയ്ക്കുള്ള ചായയുമായി ചെല്ലുമ്പോൾ ആയിരുന്നു അമ്മയുടെ ചോദ്യം. " അത് അന്ന് രാത്രി വന്ന ഒരു ഓട്ടോഡ്രൈവർ ഇല്ലേ. അയാളും അയാളുടെ മോളും ആണ്. ആ കൊച്ച് മുന്നേ മായാമോൾടെ കൂടെ പഠിച്ചിരുന്നെന്നോ മറ്റൊ ആണ് പറഞ്ഞേ..

മോള് പോയ വിവരം അറിഞ്ഞപ്പോൾ വന്നതാ " അത് പറയുമ്പോൾ അമ്മയുടെ കണ്ണുകൾ നിറയുന്നത് അവൻ കണ്ടു. " അമ്മ ഇനീം ങ്ങനെ കരഞ്ഞിട്ട് ന്താ കാര്യം. ഒക്കെ വിധിയാണ് . അവൾക്ക് അത്രേ ആയുസ്സ് കൊടുത്തുള്ളൂ ദൈവം. ഇനി അവള്ടെ ആത്മാവിനു മോക്ഷം ലഭിക്കണമെങ്കിൽ ആ ജയിലിൽ കിടക്കുന്നവന് തക്കതായ ശിക്ഷ കിട്ടണം.. അല്ലെങ്കിൽ ഞാൻ തന്നെ അവനെ " സുദേവ് പറയുന്നത് കേട്ട് അമ്മയ്ക്കും പേടി തോന്നി. അനിയത്തിയോടുള്ള അടങ്ങാത്ത സ്നേഹമായിരുന്നു ആ വാക്കുകളിൽ. " മോനെ... അവനുള്ള ശിക്ഷ ദൈവം കൊടുത്തോളും. എന്റെ മോളെ ഇല്ലാതാക്കിയവൻ നരകിച്ചേ ചാവൂ.. ഇനി മോനായിട്ട് ഒന്നിനും പോണ്ട.. നിനക്കും കൂടെ ന്തേലും സംഭവിച്ചാൽ പിന്നെ അമ്മ.... " അമ്മ നിറഞ്ഞ കണ്ണും മൂക്കും തോർത്തിൽ ഒപ്പുമ്പോൾ സുദേവ് പതിയെ എഴുനേറ്റു. "അമ്മ ചായ കുടിക്ക്.. ന്നിട്ട് ഈ റൂമിൽ തന്നെ ചടഞ്ഞിരിക്കാതെ ഒന്ന് പുറത്തേക്കൊക്കെ ഇറങ്ങൂ..

ഇവിടെ ഇങ്ങനെ ഇരുന്നാൽ തന്നെ മനസ്സിൽ വേണ്ടാത്ത ചിന്തകളാകും. വെറുതെ ഓരോന്നിങ്ങനെ ചിന്തിച്ചു മനസ്സ് വിഷമിപ്പിക്കാതെ.... " അവൻ അപേക്ഷയെന്നോണം പറഞ്ഞുകൊണ്ട് റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ ഹാളിൽ ഇരുന്ന ഫോൺ നിർത്താതെ ബെല്ലടിക്കുന്നുണ്ടായിരുന്നു. വേഗം ഫോണിനരികിലേക്ക് നടന്ന അവൻ ഡിസ്പ്ലേയിൽ തെളിഞ്ഞ നമ്പർ കണ്ട് വേഗം കാൾ അറ്റന്റ് ചെയ്ത് ചെവിയോട് ചേർത്തു. പ്രതീക്ഷിച്ചിരുന്ന കാൾ കണ്ട ഭാവത്തോടെ.... അതിരാവിലെ തന്നെ വാസുദേവനും വരുണും പാലക്കാട്ടേക്ക് തിരിച്ചു. പ്രകാശനും വരാമെന്നു പറഞ്ഞിരുന്നെങ്കിലും രണ്ട് പേർക്കും ഓഫീസിൽ നിന്ന് ഒരുമിച്ച് ലീവ് കിട്ടാനുള്ള പ്രശ്നം കാരണം വരുൺ മാത്രമാണ് പാലക്കാട്ടേക്ക് അയാൾക്കൊപ്പം യാത്ര തിരിച്ചത്. ഇറങ്ങുമ്പോൾ " ഇത്ര നേരത്തെ പോണോ അച്ഛാ " എന്ന് aആരാഞ്ഞ വർഷയോട് അവിടെക്കുള്ള ദൂരത്തെ കുറിച്ചും അവിടെ എത്താനുള്ള സമയത്തെ കുറിച്ചുമൊക്കെ പറഞ്ഞപ്പോൾ " അപ്പോൾ ഇന്ന് തന്നെ തിരികെ എത്തുമോ " എന്ന് സംശയത്തോടെ അവൾ ചോദിക്കുന്നുണ്ടായിരുന്നു. " എത്ര വൈകിയാലും എത്തും " എന്നു പറഞ്ഞാണ് അവർ വീട്ടിൽ നിന്നും ഇറങ്ങിയത്.

കരുതിയപ്പോലെ തന്നെ കാർ പാലക്കാട് എത്തുമ്പോൾ ഏകദേശം ഉച്ചയോട് അടുത്തിരുന്നു. വഴി തെറ്റാതിരിക്കാൻ ഗൂഗിളിൽ സ്ഥലം അടിച്ചത് കൊണ്ട് തന്നെ കണ്ണാടി ടൗണിൽ ചെന്നാണ് ആ യാത്ര അവസാനിച്ചത്. പതിയെ അടുത്ത് കണ്ട ഒരു മരത്തണലിലേക്ക് വരുൺ കാർ ഒതുക്കി നിർത്തി. "ഇനി അയാടെ വീട് എവിടെ എന്ന് അവിടെ കിടക്കുന്ന ഓട്ടോക്കാരോട് ചോദിച്ചാ അറിയാലോ. " വരുൺ വാസുദേവനെ നോക്കുമ്പോൾ അയാൾ തലയാട്ടിക്കൊണ്ട് പുറത്തേക്ക് ഇറങ്ങി. കൂടെ വരുണും. രണ്ട് പേരും പതിയെ റോഡ് ക്രോസ്സ് ചെയ്ത് അപ്പുറത് നിൽക്കുന്ന ഓട്ടോയ്ക്ക് അരികിലെത്തുമ്പോൾ ഉച്ചസമയത്ത്‌ പ്രതീക്ഷിക്കാതെ രണ്ടാളെ കണ്ട് ഒരു ഓട്ടം കിട്ടിയ സന്തോഷത്തോടെ കയ്യിൽ പാതി കരിഞ്ഞ സിഗരറ്റ് പുറത്തേക്ക് കളഞ്ഞ് ആ ഓട്ടോക്കാരൻ രണ്ട് പേരെയും നോക്കി " എങ്ങോട്ടാ ചേട്ടാ, കേറിക്കോ "എന്നും പറഞ്ഞ് സീറ്റിൽ ഒന്ന് അമർന്നിരുന്നു. " മോനെ, ഞങ്ങൾ ഓട്ടം പോവാൻ വന്നതല്ല. ഒരു കാര്യം അറിയാൻ വന്നതാ " വാസുവേട്ടൻ ശാന്തമായി പറഞ്ഞുകൊണ്ട് ഓട്ടോക്കാരനെ നോക്കുമ്പോൾ അവൻ പല്ലിറുമ്മിക്കൊണ്ട് പുറത്തേക്ക് കളഞ്ഞ സിഗററ്റിലേക്ക് നോക്കി.

സിഗരറ്റ് പോയ ദേഷ്യവും പ്രതീക്ഷിച്ച ട്രിപ്പ്‌ മൂഞ്ചിയ കലിപ്പും അവന്റെ വാക്കുകളിൽ ഉണ്ടായിരുന്നു. "ആഹ്.. എന്താവോ അറിയേണ്ടേ " അവന്റെ ചോദ്യം പരുഷമായിരുന്നു. " അത് പിന്നെ..... ഞങ്ങൾ വരുന്നത് കൊച്ചിയിൽ നിന്നാണ്.. ഇത് അഡ്വക്കേറ്റ് വരുൺ പ്രഭാകർ. ക്രിമിനൽ അഡ്വക്കേറ്റ് മൂർത്തിസാറിന്റെ ജൂനിയർ ആണ്. ഞങ്ങള്ക്ക് അറിയേണ്ടത് ഒരാളെ കുറിച്ചാണ്... ഇവിടെ ഓട്ടോ ഓടിച്ചിരുന്ന ഹരിശങ്കറേ കുറിച്ച്. " അതും പറഞ്ഞ് വാസുവേട്ടൻ ഒളികണ്ണിട്ട് വരുണിനെ നോക്കുമ്പോൾ നിമിഷനേരം ഇത്രേം നുണ ഇയാളിത് എവിടെ നിന്ന് ഒപ്പിക്കുന്നു എന്ന് ആശ്ചര്യത്തോടെ ഓർക്കുകയായിരുന്നു വരുൺ. മുന്നിൽ നിൽക്കുന്നത് വക്കീൽ ആണെന്നും ഹരിയെ കുറിച്ച് അറിയാൻ ആണ് ഇവർ വന്നതെന്നും മനസ്സിലായപ്പോൾ ഓട്ടോഡ്രൈവർ ഒന്നയഞ്ഞു. " ഹരിയെ അറിയാം സർ. ന്റെ ഫ്രണ്ട്‌ ആണ്. ഇവിടെ ആണ് ഓട്ടോ ഓടിച്ചിരുന്നതും. പക്ഷേ അവൻ ഇങ്ങനെ ഒരു ചെയ്ത്ത്‌ ചെയ്യുമെന്ന് കരുതിയില്ല....

ഒരു പെൺകുട്ടിയെ പീഡിപ്പിക്കാൻ മാത്രം... " അവൻ പാതിയിൽ നിർത്തുമ്പോൾ അവിടെ നിന്ന് തുടങ്ങിയത് വരുൺ ആയിരുന്നു. " ഇയാടെ പേര്? " " കാർത്തിക് " " ഓഹ്.. ഒക്കെ.. അപ്പൊ കാർത്തിക്.. സംശയത്തിന്റെ പേരിൽ ഒരാളും കുറ്റക്കാരൻ ആകുന്നില്ല. അതിനാണ് കോടതി. അവിടെ തെളിവുകൾ ആണ് പ്രധാനം. അവനെ കുറ്റക്കാരനാക്കാൻ അപ്പുറത് ആളുള്ളപ്പോൾ അവൻ അങ്ങനെ ചെയ്തിട്ടില്ലെന്ന് തെളിയിക്കാൻ ആണ് ഞങ്ങളും. അതിന് നിങ്ങടെ ഒക്കെ സഹായം കൂടിയേ തീരൂ. കൂടാതെ അവന്റെ വീട്ടുകാരുടെയും. " അതും പറഞ്ഞ് വരുൺ തിരികെ ഇടംകണ്ണിട്ട് വാസുദേവനെയും നോക്കുമ്പോൾ "കിട്ടിയ വേഷം അങ്ങ് തകർക്കുവാണല്ലോ ചെക്കൻ " എന്നായിരുന്നു അയാളുടെ മനസ്സിൽ. "സർ... " മുന്നിൽ നിൽക്കുന്ന കാർത്തിക്കിന്റെ വിളി കേട്ട് ചുണ്ടിൽ വിടർന്ന പുഞ്ചിരി മറച്ചുവെച്ചു ഗൗരവത്തോടെ കൂടെ പ്രതീക്ഷയോടെ കാർത്തിക്കിന്റെ മുഖത്തേക്ക് നോക്കി. "

ഹരി ഞങ്ങടെ ഒക്കെ സുഹൃത്ത് ആയിരുന്നു. ഇവിടെ എല്ലാവർക്കും വേണ്ടപ്പെട്ടവൻ. വീട്ടിൽ അവന് ഉള്ളത് ഒരു പെങ്ങളാണ്. പെങ്ങളെന്ന് പറയാം. അവന്റെ ചോര കുടിക്കാൻ കാത്ത് നിൽക്കുന്ന അട്ടകൾ ആണ് അവളും അവളുടെ കെട്യോൻ സെൽവനും. അയാളൊരു തമിഴൻ ആണ്. എന്നോ ഒരിക്കൽ ഇവിടെ വന്നു കൂടിയതാ. അന്ന് മുതൽ ഹരിക്ക് കണ്ടകശ്ശനി ആണെന്ന് പറയുന്നതാണ് ശരി. ആഹ്.. പിന്നെ ഒരു കാര്യം കൂടെ ഉണ്ട് സർ... മുന്നേ ഒരിക്കൽ ഹരി ജയിലിൽ കിടന്നിട്ടുണ്ട് " അത് കേട്ടപ്പോൾ വരുണും വാസുദേവനും ഒന്ന് ഞെട്ടിയിരുന്നു. " അത്.. എ... എന്ത് കേസ് ആയിരുന്നു...? " രണ്ട് പേരുടെയും നോട്ടം കാർത്തിക്കിന്റെ മുഖത്തായിരുന്നു. അവർക്ക് മുന്നിൽ ഒന്നും മറയ്ക്കുന്നത് ശരിയല്ലെന്ന തോന്നലിൽ കുറെ ആലോചിച്ച ശേഷം ആണ് കാർത്തിക് അത് പറഞ്ഞത്.. " അത്... അതും ഒരു പീഡനക്കേസ് ആയിരുന്നു സർ " ... (തുടരും)

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story