നൈറ്റ് ഡ്രൈവ്: ഭാഗം 7

night drive

രചന: മഹാദേവൻ

  ആഹ്.. പിന്നെ ഒരു കാര്യം കൂടെ ഉണ്ട് സർ... മുന്നേ ഒരിക്കൽ ഹരി ജയിലിൽ കിടന്നിട്ടുണ്ട് " അത് കേട്ടപ്പോൾ വരുണും വാസുദേവനും ഒന്ന് ഞെട്ടിയിരുന്നു. " അത്.. എ... എന്ത് കേസ് ആയിരുന്നു...? " രണ്ട് പേരുടെയും നോട്ടം കാർത്തിക്കിന്റെ മുഖത്തായിരുന്നു. അവർക്ക് മുന്നിൽ ഒന്നും മറയ്ക്കുന്നത് ശരിയല്ലെന്ന തോന്നലിൽ കുറെ ആലോചിച്ച ശേഷം ആണ് കാർത്തിക് അത് പറഞ്ഞത്.. " അത്... അതും ഒരു പീഡനക്കേസ് ആയിരുന്നു സർ " വലിയ ഞെട്ടലോടെ ആണ് വരുണും വാസുദേവനും അത് കേട്ടത്. മുൻപും ഹരി ഒരു പീഡനക്കേസിലെ പ്രതി ആണെന്ന് മായയ്ക്ക് അറിയില്ലായിരുന്നൊ എന്നായിരുന്നു വാസുദേവൻ അപ്പോൾ ചിന്തിച്ചത്. " ഓഹ് അയാൾക്ക് അങ്ങനെ ഒരു ഫ്ലാഷ്ബാക്ക് ഉണ്ടായിരുന്നല്ലേ. ? എന്നിട്ട് അതിനയാൾ ശിക്ഷിക്കപ്പെട്ടതാണോ? അന്ന് വന്ന വാർത്തകളിൽ ഒന്നും അങ്ങനെ പരാമർശ്ശിച്ചു കണ്ടില്ല. അപ്പൊ പിന്നെ.... " വരുണായിരുന്നു ചോദിച്ചത്. ആ ചോദ്യം കേട്ട് കാർത്തിക് ഒരു നിമിഷം മൗനം പാലിച്ചു. പിന്നെ പതിയെ പറഞ്ഞ് തുടങ്ങി.

" സർ.. അന്നവൻ അങ്ങനെ ഒക്കെ ചെയ്തെന്ന് വിശ്വസിക്കാൻ ഞങ്ങൾക്കും കഴിഞ്ഞില്ല. പോലീസ് അവനെ അറസ്റ്റ് ചെയ്യുമ്പോഴും ആളുകൾക്കിടയിലൂടെ കൊണ്ടുപോകുമ്പോഴും ആരോടും ഒരക്ഷരം മിണ്ടിയില്ല അവൻ. പക്ഷേ, അതൊരു ചതി ആയിരുന്നു എന്നറിഞ്ഞത് മൂന്ന് മാസം അവൻ ശിക്ഷിക്കപ്പെട്ട ശേഷം ആയിരുന്നു. ചതിച്ചത് അവന്റെ അളിയൻ സെൽവനും പിന്നെ അവന്റെ കൂടെ പിറന്ന പെങ്ങളും കൂടെ ആയിരുന്നു. " " അതെങ്ങനെ..? " " ശരിക്കും ആ പെൺകുട്ടിയുടെ പീഡനത്തിനുത്തരവാദി ആ സെൽവൻ ആയിരുന്നു. പക്ഷേ, അതേറ്റെടുക്കാൻ ഹരിയെ നിർബന്ധിച്ചത് അവന്റെ പെങ്ങളും. അതിന് അവരുടെ അഞ്ചു വയസ്സായ മകളെ മുന്നിൽ നിർത്തിയായിരുന്നു അവളും അവനും കൂടെ ഹരിയെ.... ആ കുട്ടിയുടെ മുഖം ഓർത്ത്, അതിന്റെ ഭാവി ഓർത്ത് എല്ലാം അവൻ ഏറ്റെടുത്തു. പക്ഷേ, അവിടെ അവന് തുണയായത് ആ പീഡനത്തിനിരയായ കുട്ടി ആയിരുന്നു. കോമാ സ്റ്റെജിൽ മൂന്ന് മാസത്തോളം കിടന്ന അവൾക്ക് ഒരു മാറ്റം വന്നത് ഹരിക്ക് രക്ഷയായെന്ന് പറയാം. ആ കുട്ടിയെ ഉപദ്രവിച്ചത് ഹരി അല്ലെന്ന അവളുടെ ഒറ്റ മൊഴികൊണ്ട് അതിൽ നിന്നും അവൻ കഷ്ട്ടിച്ചു രക്ഷപ്പെട്ടു. പിന്നീട് പണമോ പവറോ..

സെൽവന്റ പിടിപാട് കൊണ്ട് പോലീസ് ഇപ്പോഴും ആ കേസ് ഇരുട്ടിൽ തപ്പുകയാണ്. " അത് കേട്ടപ്പോൾ ശരിക്കും വാസുദേവന് ദേഷ്യമാണ് തോന്നിയത്. അതയാൾ വാക്കിലൂടെ പ്രകടമാക്കുകയും ചെയ്തു. " ഒരു പെൺകുട്ടിയെ പീഡിപ്പിച്ച ഒരാൾക്ക് വേണ്ടി, അതിനി എത്ര വലിയ ബന്ധം ആണെങ്കിലും ആ കുറ്റം ഏറ്റെടുത്തത് വലിയ തെറ്റ്. ഈ സെൽവൻ എന്ന് പറയുന്ന മറ്റവനോക്കെ നാളെ വളർന്നു വരുന്ന സ്വന്തം മോളെ പീഡിപ്പിക്കില്ലെന്ന് ആര് കണ്ടു. അതിന് കൂട്ട് നിൽക്കുന്ന അവളെയും ഈ ഭൂമിയിൽ വെച്ചേക്കരുത്. നാളെ സ്വന്തം മോളെ അവൾ കൂട്ടികൊടുക്കില്ലെന്ന് പറയാൻ പറ്റോ? അവരെന്തു തെറ്റ് ചെയ്‌തോ അതിനേക്കാൾ വലിയ തെറ്റാണ് ഹരി ചെയ്തത്. പെണ്ണിന്റെ ശരീരം കാണുമ്പോൾ ഉശിരു പൊങ്ങുന്നവനെ ഒക്കെ എന്തിന്റെ പേരിൽ ആണെങ്കിലും അത് എന്ത് സിംപതിയുടെ പുറത്താണെങ്കിലും മൗനം പാലിച്ചു നിന്നത് ഇനിയും എന്തും ചെയ്യാനുള്ള ലൈസൻസ് കൊടുക്കുന്നതിനു തുല്യം ആണ്. അതിന് പകരം ഈ പുന്നാരഅളിയന്റെ അണ്ടിയാപ്പീസ് നോക്കി ഒന്ന് കൊടുത്ത് തൂക്കി പോലീസിൽ ഏൽപ്പിച്ചിരുന്നെങ്കിൽ മനസ്സിന് ഒരു സന്തോഷമെങ്കിലും കിട്ടുമായിരുന്നു. ഇതിപ്പോ..... "

അയാളുടെ വാക്കുകളിൽ എല്ലാവരേക്കാളും ഈർഷ്യ ഹരിയോട് ആയിരുന്നു. " ഇനിയും വൈകിയിട്ടില്ല... ആ പെൺകുട്ടിക്ക് നഷ്ട്ടപ്പെട്ട മാനം തിരിച്ചു കിട്ടില്ലെങ്കിലും നീതി എന്നൊരു വാക്ക്... അതിൽ കിട്ടുന്ന ചെറിയ ഒരു ആശ്വാസം... അതാ പെൺകുട്ടിക്ക് നേടിക്കൊടുക്കാൻ ഹരിക്ക് കഴിയും... അതിനവൻ പുറത്തിറങ്ങണം... പണത്തിനും പദവിക്കും മേലെ പാവപ്പെട്ടവന്റെ വീട്ടിലെ പെണ്ണിനും മാനവും മഹത്വവും ഉണ്ടെന്ന് ഇതുപോലെ ഉള്ളവന്മാരെ അറിയിക്കണം.... " വാസുദേവൻ വീരോട് പറയുന്നത് ശ്രദ്ധിച്ചു കേട്ടുകൊണ്ടിരുന്ന കാർത്തിക് സംശയത്തോടെ അയാളെ വീക്ഷിക്കുകയായിരുന്നു. ഇടയ്ക്ക് വർഷയുടെ അച്ഛന് ആവേശം കൊണ്ട് അബദ്ധം പറ്റിയോ എന്ന ആശങ്കയിൽ ആയിരുന്നു വരുണും. പ്രതീക്ഷിച്ചപ്പോലെ തന്നെ കാർത്തിക്കിന്റെ വായിൽ നിന്ന് ആ ചോദ്യവും വന്നു. അല്ല, നിങ്ങൾ പറഞ്ഞത് ക്രിമിനൽ വക്കീൽ ആണ്. കുറ്റം ചെയ്തവൻ ആണേലും പുറത്തിറക്കും എന്നൊക്കെ അല്ലേ.? അങ്ങനെ കുറ്റവാളിയെ സംരക്ഷിക്കാൻ ഇറങ്ങിത്തിരിച്ച നിങ്ങൾ ഇപ്പോൾ പറഞ്ഞതൊക്കെ വെച്ച് നോക്കുമ്പോൾ......." അവന്റെ സംശയം കണ്ടപ്പോൾ ആണ് ആവേശത്തോടെ വിളിച്ചു പറഞ്ഞത് അസ്ഥാനത്ത്‌ ആയെന്ന് തോന്നിയത്.

മനസ്സിലെ ദേഷ്യവും വിഷമവും ആണ് പറഞ്ഞത്. പക്ഷേ.... അതിപ്പോ വേറൊരു തരത്തിൽ ഇവനിൽ സംശയം ജനിപ്പിച്ചിരിക്കുന്നു.. പെട്ടന്ന് ന്ത്‌ പറയണം എന്നറിയാതെ വാസുദേവൻ പരുങ്ങിയപ്പോൾ വരുൺ വേഗം വിഷയത്തിന്റെ ഗതി മാറ്റിവിട്ടു. " കാർത്തിക്, ആ വിഷയം അവിടെ നിൽക്കട്ടെ.. ഇപ്പോൾ ഞങ്ങൾക്ക് ഹരിയെ കുറിച്ച് ചില കാര്യങ്ങൾ കൂടെ അറിയാനുണ്ട്. പ്രത്യേകിച്ച് ആ പെണ്ണും അവനും തമ്മിലുള്ള റിലേഷൻ.. പിന്നെ അതിന്റ പേരിൽ ഹരിയെ അന്വേഷിച്ചു ആരെങ്കിലും ഇവിടെ വരികയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടുണ്ടോ എന്ന്. പിന്നെ ഹരിയെ കൂടുതൽ അറിയാവുന്ന കൂട്ടുകാരൻ എന്ന നിലയ്ക്ക് തനിക്ക് ആരെയെങ്കിലും സംശയം ഉണ്ടോ, അതോ ഹരി തന്നെ..... " കുറെ ഏറെ സംശയങ്ങൾ നിറഞ്ഞ ചോദ്യങ്ങൾ വരുൺ ചോദിക്കുമ്പോൾ കാർത്തിക് ആലോചിക്കാൻ പോലും സമയമെടുക്കാതെ ആണ് മറുപടി പറഞ്ഞത്. " ഇല്ല സർ, ആ പെണ്ണിന്റ പേരിൽ ഒരാളും വന്നതായോ ഭീഷണിപ്പെടുത്തിയതായോ അവൻ പറഞ്ഞിട്ടില്ല.

പക്ഷേ, അവന്റെ ആ ബന്ധം ഇഷ്ട്ടപ്പെടാത്ത രണ്ട് പേര് ഉണ്ടായിരുന്നു, ഹരിയുടെ പെങ്ങളും പിന്നെ ആ സെൽവനും. അതിന് കാരണം ഹരിയുടെ പേരിലുള്ള സ്വത്തുക്കൾ തന്നെ ആണ്. ഓട്ടോഡ്രൈവർ എന്നതിലുപരി അത്യാവശ്യം സാമ്പത്തികസ്ഥിതി അവനുണ്ട്. അതിന് വേറെ ഒരു അവകാശിയും വരാൻ അവരു സമ്മതിക്കില്ല. അതിന് അവരെന്തും ചെയ്യും. അതിപ്പോ കൊന്നിട്ട് ആണേലും ഇതുപോലെ അവനെ തകർത്തിട്ടാണേലും.... എനിക്ക് സംശയം ഉണ്ട് സർ... ആ സെൽവൻ ആയിരിക്കും ചിലപ്പോൾ ആ പെണ്ണിനേയും... ! " എല്ലാം കേട്ട് ഒന്ന് മൂളുക മാത്രം ചെയ്തു വരുൺ.. " എന്നാ ശരി കാർത്തിക്. ഹരിക്ക് വേണ്ടി ചെയ്യാൻ കഴിയുന്നതെല്ലാം ഞങ്ങൾ ചെയ്യും. അതിന് ഇനിയും തന്റെ എന്തേലും ഹെല്പ് വേണ്ടിവന്നാൽ വിളിക്കും. സഹകരിക്കണം.. " പുഞ്ചിരിച്ചുകൊണ്ട് അവനോട് യാത്ര പറഞ്ഞ് റോഡ് ക്രോസ് ചെയ്ത് വരുണും വാസുദേവനും കാറിനടുത്തേക്ക് നടന്നു. " ഇതിപ്പോ വല്ലാത്ത കുറുക്കിലേക്ക് ആണല്ലോ പോകുന്നത് " വരുൺ പിറുപിറുത്തുകൊണ്ട് കാറിലേക്ക് കയറി, കൂടെ വാസുദേവനും. "

ഇതിൽ എന്തെങ്കിലും നിന്നോട് ഹരി പറഞ്ഞിട്ടുണ്ടോ? " വാസുദേവന്റെ ചോദ്യം കേട്ട് വരുൺ അന്തംവിട്ട് അയാളെ ഒന്ന് നോക്കി. " ഹരി എന്നോട് എന്ത് പറയാൻ, അയാളെ ഞാൻ കണ്ടിട്ട് പോലും ഇല്ല, കാർത്തിക് പറഞ്ഞ അറിവേ എനിക്കും.... " വരുൺ വാക്കുകൾ മുഴുവനാക്കുംമുന്നേ വാസുദേവൻ അവനെ കൈ ഉയർത്തി തടഞ്ഞു, " നിന്നോടല്ല ചോദിച്ചത്, ദേ, ഇവളോടാ... " കാറിന്റെ ബാക്ക്സീറ്റിലേക്ക് നോട്ടം പായിച്ചുകൊണ്ട് അയാൾ പറയുമ്പോൾ വരുൺ ഞെട്ടലോടെ ഒരു നിമിഷം പിന്നിലേക്ക് എത്തിനോക്കി. പക്ഷേ, അവിടം ശൂന്യമായിരുന്നു. " പിന്നിൽ ആരും ഇല്ലാലോ. " അവൻ അല്പം പേടിയോടെ ആണ് അയാളുടെ മുഖത്തേക്കും പിന്നെ പിറകിലേക്കും മാറിമാറി നോക്കിയത്. അത് കണ്ട ഭാവം പോലും കാണിക്കാതെ വാസുദേവൻ പിറകിലേക്ക് തിരിഞ്ഞുനോക്കി വീണ്ടും ചോദിക്കുന്നുണ്ടായിരുന്നു " മുൻപ് ഇക്കാര്യങ്ങൾ എന്തേലും ഹരി നിന്നോട് പറഞ്ഞിരുന്നോ ? " അയാളുടെ കണ്മുന്നിൽ അപ്പോൾ മായ ഇരിപ്പുണ്ടായിരുന്നു " ഉണ്ട് " എന്ന് തലയാട്ടിക്കൊണ്ട്.... (തുടരും)

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story