നൈറ്റ് ഡ്രൈവ്: ഭാഗം 8

night drive mahadevan

രചന: മഹാദേവൻ

വാസുദേവൻ പിറകിലേക്ക് തിരിഞ്ഞുനോക്കി വീണ്ടും ചോദിക്കുന്നുണ്ടായിരുന്നു " മുൻപ് ഇക്കാര്യങ്ങൾ എന്തേലും ഹരി നിന്നോട് പറഞ്ഞിരുന്നോ ? " അയാളുടെ കണ്മുന്നിൽ അപ്പോൾ മായ ഇരിപ്പുണ്ടായിരുന്നു " ഉണ്ട് " എന്ന് തലയാട്ടിക്കൊണ്ട്. " ഹരി പറഞ്ഞിട്ടുണ്ട് എന്നോട് വീട്ടുകാരെ പറ്റിയും അവരുടെ മുതലെടുപ്പും എല്ലാം. " വാസുദേവൻ ഒന്ന് താടി തടവിക്കൊണ്ട് മൂളി കേൾക്കുന്നതിനോടൊപ്പം മനസ്സിൽ ചോദിക്കാൻ കാത്തുവെച്ച ചോദ്യം അവളോടായി ചോദിക്കുന്നുണ്ടായിരുന്നു. " എല്ലാം അറിയുന്ന നിനക്ക് നിന്നെ നശിപ്പിച്ച ആളെ അറിയില്ലേ? അത് ആരാണെന്ന് പറഞ്ഞാൽ പിന്നെ ഞങ്ങടെ ഈ അലച്ചിൽ ഒഴിവാക്കാമായിരുന്നല്ലോ.. ഇതിപ്പോ വെറുതെ കുറെ സമയം.... " അയാളുടെ ചോദ്യം കേട്ട് മായ മുഖമുയർത്തി. പിന്നെ നിഷേധാർത്ഥത്തിൽ തലയാട്ടി. " അതെനിക്കറിയില്ല. " അവളുടെ മറുപടി അയാൾക്ക് അത്ഭുതവും അതോടൊപ്പം കുറച്ചു ഈർഷ്യയും വരുത്തുന്നുണ്ടായിരുന്നു. ഏതോ ഒരു രാത്രി ഓട്ടോയിൽ കേറി വന്നവൾ.

അവളെ നശിപ്പിച്ചവന്റെ മരണം ആഗ്രഹിക്കുന്നവൾ. എല്ലാം കാണാനും കേൾക്കാനും ഇപ്പോഴും സാധിക്കുന്ന ഒരു ആത്മാവ് ആണവൾ. എന്നിട്ടും പറയുന്നു നശിപ്പിച്ചത് ആരാണെന്ന് അറിയില്ലെന്ന്. അങ്ങനെ ഒക്കെ ചിന്തിക്കുമ്പോൾ അയാൾക്ക് ദേഷ്യമൊക്കെ വരുന്നുണ്ടായിരുന്നു. ആ ദേഷ്യം മറച്ചുവെക്കാതെ തന്നെ ആയിരുന്നു അയാൾ ചോദിച്ചത് " അന്ന് ശരിക്കും ന്താണ് സംഭവിച്ചത് " എന്ന്. "നിന്റ ഓർമ്മകളിൽ ഉള്ളത് പറഞ്ഞാൽ മതി. അല്ലെങ്കിൽ ഒരു തുമ്പും ഇല്ലാതെ ഇത് അവസാനിപ്പിക്കേണ്ടി വരും. ഇതിനു പിന്നിൽ ആരായാലും അവർക്ക് നേരേ നിന്ന് യുദ്ധം ചെയ്യാൻ ഞങ്ങൾ പോലീസോ പട്ടാളമോ ഒന്നുമല്ല. വെറും സാധാരണ മനുഷ്യർ ആണ്. അതുകൊണ്ട് ഇപ്പോൾ നിൽക്കുന്നിടത്തു നിന്നും ഈ കഥ മുന്നോട്ട് പോകണമെങ്കിൽ അന്ന് സംഭവിച്ചത് എന്താണെന്ന് അറിഞ്ഞേ പറ്റൂ.... " അയാൾ അവളെ സാകൂതം വീക്ഷിക്കുകയായിരുന്നു. അവൾക്ക് പറയാനുള്ളത് കേൾക്കണം. അതിൽ നിന്ന് ഒരു മുഖം കിട്ടുമെന്ന പ്രതീക്ഷ വാസുദേവന്റ മുഖത്ത്‌ ഉണ്ടായിരുന്നു. അയാളുടെ ചോദ്യം കേട്ട് അവൾ ഒരു നിമിഷം തല താഴ്ത്തി ഇരുന്നു. പിന്നെ എന്തൊക്കെയോ ഓർത്തെടുക്കുംപോലെ അവൾ വാസുദേവന് നേരേ തിരിഞ്ഞു.

 " ഹരി, ഇനിയും ഇവിടെ പിടിച്ചു നിൽക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. ഏട്ടൻ കലിപ്പിലാണ്. നിങ്ങളെ കുറിച്ച് ഏട്ടൻ പലതും അന്വോഷിച്ചറിഞ്ഞിട്ടുണ്ട്. ഒരിക്കലും ഈ ബന്ധം മുന്നോട്ട് കൊണ്ട്പോകാൻ സമ്മതിക്കില്ല എന്ന് തീർത്തുപറഞ്ഞിട്ടാണ് ഏട്ടൻ പോയത്. മായ കരച്ചിലിന്റെ വക്കോളം എത്തിയിരുന്നു. ചെറിയ കാര്യങ്ങൾക്ക് പോലും പെട്ടന്ന് ഇമോഷണൽ ആകുന്ന അവൾക്ക് ഈ അവസ്ഥയിൽ പിടിച്ച് നിൽക്കാൻ കഴിയില്ലെന്ന് അവന് അറിയാം. " ഏയ്യ്... മായ താനിങ്ങനെ അപ്‌സെറ്റ് ആവാതെടോ. നമ്മളോരുമിച്ചു ജീവിക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ അതെ നടക്കൂ.. അതിപ്പോ ആര് എതിർത്താലും. പിന്നെ ഒരു കാര്യം എനിക്ക് മനസ്സിലാകും. ഒരു പീഡനക്കസിന്റെ പേരിൽ മൂന്ന് മാസം അകത്തു കിടന്ന ഒരാളെ സ്വന്തം അളിയനാക്കൻ ആരായാലും മടിക്കും. അതുകൊണ്ട് വീട്ടുകാരുടെ സമ്മതത്തോടെ ഒന്നും നടക്കില്ല. പിന്നെ ഉള്ള വഴി നിന്റ തീരുമാനം പോലെ ആണ്. നിനക്ക് ന്റെ കൂടെ ജീവിക്കാൻ താല്പര്യം ഉണ്ടെങ്കിൽ ഞാൻ വരാം അവിടെ. വരുന്നോ എന്റെ കൂടെ !" അവന്റെ ചോദ്യം അവൾക്ക് സന്തോഷം നൽകുന്നതായിരുന്നു.

മനസ്സുകൊണ്ട് അവനൊപ്പം ജീവിക്കാനും ഏട്ടൻ വിസമ്മതിച്ചാൽ ഹരിക്കൊപ്പം പോകാനും അവൾ ഒരുങ്ങിയിരുന്നു. കൂടെ അവന്റെ ചോദ്യം കൂടെ ആയപ്പോൾ അവൾ സന്തോഷത്തോടെ സമ്മതിച്ചു. " എന്നാ ഞാൻ നാളെ തൃശ്ശൂർ ടൗണിൽ ഉണ്ടാകും. നീ വടക്കുംനാഥന്റെ അവിടെ നിന്നാൽ മതി. ബാക്കി ഒക്കെ നേരിൽ കണ്ടിട്ട്.... " അവൾ സന്തോഷത്തോടെ എല്ലാം സമ്മതിച്ചു. നാളെ ഈ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ഓർത്ത് വിഷമിക്കാൻ അമ്മയുടെ മുഖം മാത്രമായിരുന്നു മനസ്സിൽ. പിറ്റേ ദിവസം രാവിലെ ഒരു എക്സാമിനെന്നും പറഞ്ഞ് അമ്മയുടെ അനുഗ്രഹം വാങ്ങി അവൾ ആ വീടിന്റ പടി ഇറങ്ങുമ്പോൾ അവൾ പലവട്ടം തിരിഞ്ഞുനോക്കി. ഇനി ഈ വീട് തനിക് അന്യമാണല്ലോ എന്നോർത്ത്. അവൾ വടക്കുംനാഥന്റെ തൊട്ടടുത്തുള്ള ചെറിയ റോഡിലേക്ക് കയറി വേഗം മുന്നോട്ട് നടന്നു. ആ സമയത്ത് ഹരിയുടെ നമ്പർ ഡയൽ ചെയ്ത് ഫോൺ ചെവിയോട് ചേർത്തു അവൾ. "ആഹ്... ഹരി, ഞാൻ ടൗണിൽ ഉണ്ട്.

വടക്കുംനാഥന്റെ അവിടെ നിന്നാൽ ചിലപ്പോൾ പരിചയക്കാരെ ആരെങ്കിലും കാണും.അതുകൊണ്ട് ഞാൻ അവിടെ നിന്ന് കുറച്ചു മാറി സാഹിത്യഅക്കാദമിയിലേക്ക് പോകുന്ന റോഡിൽ ഉണ്ട്. ഹരി ബസ്സ്റ്റാൻഡിൽ നിന്ന് ലെഫ്റ്റ് തിരിഞ്ഞ് ആ ചെറിയ റോഡിനു നേരേ വന്നാൽ അക്കാദമിക്ക് മുന്നിൽ എത്തും. അവിടെ ആകുമ്പോൾ അതികം തിരക്കും ഉണ്ടാകില്ല. " അവൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞ് നിർത്തുമ്പോൾ ഹരി ചിരിയോടെ മൂളുക മാത്രം ചെയ്തു. "ഞാൻ ഒരു പത്തു മിനിറ്റ് കൊണ്ട് എത്താം. അതുവരെ ആരുടേയും കണ്ണിൽ പെടാതെ നിൽക്ക്. " അത്രയും പറഞ്ഞ് ഹരി ഓട്ടോ ഒന്നുകൂടെ സ്പീഡിൽ മുന്നോട്ട് എടുത്തു. പതിനഞ്ചു മിനിറ്റ്... ഹരി സാഹിത്യഅക്കാദമിക്ക് മുന്നിൽ എത്തുമ്പോൾ മായ അക്ഷമയോടെ അവനെ കാത്തു നിൽപ്പുണ്ടായിരുന്നു. അവൾക്കരിലേക്ക് അവൻ ഓട്ടോ ചേർത്ത് നിർത്തിയതും മായ വേഗം അതിനുള്ളിലേക്ക് ചാടികയറി. " വേഗം പോവാം.. ഇവിടെ ഏട്ടന്റെ കൂട്ടുകാർ ആരേലും ഉണ്ടാകും. അവർ കണ്ടാൽ തീർന്നു. " അവൾ മുഖത്തെയും കഴുത്തിലെയും വിയർപ്പ്തുള്ളികൾ തുടച്ചു അല്പം ഭയത്തോടെ തന്നെ പറയുമ്പോൾ ഹരി പുഞ്ചിരിച്ചു.

" നീയിങ്ങനെ പേടിച്ചാൽ എങ്ങനാ മായേ. ഒളിച്ചോടാനൊക്കെ ഇറങ്ങുമ്പോൾ ഇച്ചിരി ഒക്കെ ധൈര്യം വേണ്ടേ. ഇതിപ്പോ ആരേലും കണ്ടു പിടിച്ചു പോലീസ് കേസ് ആയാൽ ഞാൻ പെടുമല്ലോ. " അവൻ തമാശയെന്നോണം ഒന്ന് തല അവൾക്ക് നേരേ വെട്ടിച്ചുകൊണ്ട് പറയുമ്പോൾ ഇച്ചിരി ഗൗരവത്തോടെ അവളാ തലയിൽ ഒന്ന് തട്ടി. " ഇവിടെ മനുഷ്യന് പേടിച്ചിട്ട് കാലും കയ്യും വിറച്ചിട്ടു വയ്യ. ദേ, നെഞ്ച് പടപാടാന്നാ ഇടിക്കുന്നെ. അപ്പഴാ സാറിന്റെ ഒരു തമാശ. " അവൾ ഇച്ചിരി ദേഷ്യത്തോടെ തല വെട്ടിക്കുമ്പോൾ അവൻ എല്ലാം നിസാരമെന്നോണം പുഞ്ചിരിച്ചു. " കൂടെ ഞാൻ ഉണ്ടായിട്ടും നിനക്ക് പേടി ഉണ്ടെങ്കിൽ അതിനർത്ഥം എന്നിൽ വിശ്വാസം ഇല്ലെന്ന് അല്ലേ. എന്റെ പെണ്ണെ, നീ ഇങ്ങനെ വെറുതെ ടെൻഷൻ അടിക്കാതെ ഒന്ന് റിലാക്സ് ആവൂ. ഇവിടെ വിട്ടാൽ പിന്നെ ഒരാളും വരില്ല നമ്മുടെ പിന്നാലെ. " അവന്റെ വാക്കുകളിലെ ഉറപ്പ് തന്നെ ആയിരുന്നു അവളുടെ ധൈര്യം. " നമ്മളെങ്ങോട്ടാ ഹരി പോകുന്നെ. " അവൾ ഉദ്യോഗത്തോടെ ചോദിക്കുമ്പോൾ അവന് കൂടുതൽ ആലോചിക്കാതെ തന്നെ പറയാന് മറുപടി ഉണ്ടായിരുന്നു.

" കൊച്ചി.... അതാണിപ്പോൾ സേഫ്. നാട്ടിലേക്ക് പോയാൽ ന്തായാലും നിന്റ ഏട്ടൻ പിറകെ വരും. അതുകൊണ്ടു നമുക്ക് ഇപ്പോൾ കൊച്ചിയാണ് ബെസ്റ്റ്. അവിടെ ഞാൻ എന്റെ ഒരു ഫ്രണ്ടിനോട് ഒരു റൂം സെറ്റ് ആക്കാൻ പറഞ്ഞിട്ടുണ്ട്. നാളെ ചോറ്റാനിക്കരയിൽ വെച്ച് വിവാഹത്തിനുള്ള ഏർപ്പാട് ചെയ്യാനും. അതൊക്കെ അവൻ അവിടെ സെറ്റ് ആക്കിക്കൊള്ളും. നമ്മളിപ്പോ ഇത്രയും പെട്ടന്ന് അവിടെ എത്തിയാൽ മതി " ഹരിയുടെ സംസാരം കേട്ട് അവൾക് ഇച്ചിരി ദേഷ്യമൊക്കെ വരുന്നുണ്ടായിരുന്നു. " ആഹ് ബെസ്റ്റ്, പെട്ടന്ന് എത്താൻ പറ്റിയ പേടകവും കൊണ്ടാണല്ലോ വന്നിരിക്കുന്നത്. ന്റെ ഹരി ഇന്നെങ്കിലും ഏതേലും ഒരു കാർ സങ്കടിപ്പിച്ചോണ്ട് വരണ്ടേ ? ഇതിപ്പോ ഇങ്ങനെ ഓടി എപ്പോ എത്താൻ ആണ് കൊച്ചിയിൽ ? " " അതോർത്തു നീ പേടിക്കണ്ട. ഇവന് ഓട്ടോയിലെ പുലി അല്ലേ.

പിന്നെ ഞാൻ കൂടെ ഉള്ളപ്പോൾ നിന്നെ ഒരാളും തൊടില്ല.. പോരെ " അവളുടെ ഉള്ളിലെ ഭീതി മനസ്സിലാക്കിയായിരുന്നു അവൻ അങ്ങനെ പറഞ്ഞത്. ഒരു ധൈര്യം അവളുടെ ഉള്ളിലുണ്ടാവാൻ. ഓട്ടോ അതിവേഗം മുന്നോട്ട് പാഞ്ഞു. അവർക്കിടയിൽ സമയം ഇഴഞ്ഞുനീങ്ങി. അവൾ പേടിയോടെ ഇടയ്ക്കിടെ വിയർപ്പുതുള്ളികൾ ഷാളിൽ ഒപ്പിയെടുത്തു. കുറെ നേരത്തെ യാത്രയുടെ ക്ഷീണവും അവളിൽ പ്രകടമായിരുന്നു. അവരുടെ ആ യാത്ര കൊടുങ്ങല്ലൂർ ടൗണും കടന്ന് ആ ഓട്ടോ കോട്ടപ്പുറം പാലം താണ്ടി എറണാകുളം ജില്ലയിലേക്ക് കടക്കുമ്പോൾ പിന്നിൽ അവർ പോലുമറിയാതെ അവരെ മാത്രം ലക്ഷ്യമാക്കി ഒരു ചുവപ്പ് സ്വിഫ്റ്റ് അവരെ പിന്തുടരുന്നുണ്ടായിരുന്നു... (തുടരും)

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story