നിലാമഴ: ഭാഗം 10

Nilamazha

എഴുത്തുകാരി: അനു രാജീവ്

ആൻ അവരെ നിസഹായതയോടെ നോക്കി.. "പോയി വേണ്ടതെടുത്തിട്ട് വരാനാ പറഞ്ഞത്.." മദർ കോപംകൊണ്ട് വിറക്കുകയായിരുന്നു... ആൻ കണ്ണുകൾ തുടച്ച് മുകളിലേക്ക് കയറിപ്പോയി റൂമിലെത്തിയപ്പോൾ അവിടെ മൂന്നാളും ഉണ്ട്.. " എവിടെയായിരുന്നടീ ഇത്രനേരം?? നിന്റെ മദർ വന്നിട്ട് എത്ര നേരം ആയി എന്നറിയാമോ?? ആരോ നിന്റെ കാര്യം വിളിച്ചറിയിച്ചിട്ടുണ്ട്.. വന്നപ്പോൾ മുതൽ ഞങ്ങളെ question ചെയ്യുകയായിരുന്നു.. ഞങ്ങൾ ഒന്നും വിട്ടു പറഞ്ഞിട്ടില്ല.. എല്ലാത്തിനും അറിയില്ല അറിയില്ല എന്നാ പറഞ്ഞത്.. നിന്നെ വഴക്കു പറഞ്ഞോ?എന്തിനാ കരയുന്നത്?? " ആധിയോടെ ഹെലൻ പറയുന്നത് കേട്ട് അവൾ തളർന്ന മട്ടിൽ ചെയറിലേക്ക് ഇരുന്നു.. "എന്തിനാ തനു ഇത് ചെയ്തത്...?" തല താഴ്ത്തി ഇടറിയ ശബ്ദത്തിൽ ആൻ ചോദിക്കുമ്പോൾ ബാക്കി രണ്ടുപേരും തനുവിനെ ഉറ്റുനോക്കി.. അത്ഭുതത്തോടെ.. തനുവിനെ മുഖവും ആകെ അസ്വസ്ഥമായിരുന്നു. "ആൻ.. അത്.. അത് ഞാൻ.. എനിക്ക് ഹർഷേട്ടനെ ഒത്തിരി ഇഷ്ട്ടമായിരുന്നു.. നിന്നെക്കാൾ മുമ്പേ എന്റെ മനസ്സിൽ കയറിപ്പറ്റിയതായിരുന്നു ആ രൂപം.. എനിക്ക്.. എനിക്ക് മറക്കാൻ പറ്റുന്നില്ലടീ... ഞാൻ ശ്രമിച്ചു നോക്കി .. എന്നെ കൊണ്ട് പറ്റുന്നില്ല..

ആളെ മറക്കുന്നതിനേക്കാൾ ഭേദം മരിക്കുന്നതാണ് എന്ന് പോലും തോന്നുന്നു..." തനു എഴുന്നേറ്റ് വന്ന് ആനിന്റെ താഴെ മുട്ടുകുത്തിയിരുന്നു.. "എനിക്ക് തന്നൂടെ.. എന്റെ ഹർഷേട്ടനാ.. നീ ഇനി ഇങ്ങോട്ട് വരല്ലേ ആൻ.. പ്ലീസ്.. പൊയ്ക്കോ.. പോവുമ്പോ ഹർഷേട്ടനോടുള്ള പ്രണയവും ഇവിടെ വെച്ചിട്ട് പോവണം.. നിന്റെ കാല് പിടിക്കാം...". ഭ്രാന്തമായി ആനിന്റെ ഇരുകാലിലും മുറുകെ കെട്ടിപ്പിടിച്ച് കരയുന്ന തനുവിനെ കണ്ട് ആൻ പകച്ചു പോയി.. "തനു... നീ എന്തൊക്കെയാ പറയുന്നേ...??" സംഗീത മുന്നോട്ടുവന്ന് തനുവിനെ തോളിൽ കൈ വച്ചു.. അവൾ ആ കൈ തട്ടിമാറ്റി എഴുന്നേറ്റുനിന്നു.. " പിന്നെ ഞാനെന്തു പറയണം?? ഇവളെ ഞാൻ എന്റെ കൂടെപ്പിറപ്പിനെ പോലെ അല്ലേ കണ്ടത്.. അവൾ വരുന്നില്ല എന്ന് പറഞ്ഞിട്ടും എന്റെ വീട്ടിലേക്ക് കൊണ്ടുപോയി.. എന്റെ അച്ഛനുമമ്മയും അവളെ സ്വന്തം മോളെ പോലെ നോക്കിയത്... എന്നിട്ടും എന്റെ പ്രണയത്തിന് കുറുകെ വന്ന ഇവളെ എന്ത് ചെയ്യണം?? " "നീ പ്രാക്ടിക്കൽ ആയി ചിന്തിക്ക് തനു.. ഹർഷേട്ടന് ഇവളെയാണ് ഇഷ്ട്ടം.. നിന്നെയല്ല..." സംഗീത ദേഷ്യത്തോടെ പറഞ്ഞു.. "എന്നെ ഇഷ്ടപ്പെട്ടേനെ.. ഇവൾ കുറുകെ വന്നില്ലായിരുന്നെങ്കിൽ... ഇപ്പൊ ഒന്ന് പോയി തരാവോ..... പ്ലീസ് ആൻ....."

ദേഷ്യത്തോടെ പറഞ്ഞു തുടങ്ങിയവൾ കരച്ചിലിലാണ് വാക്കുകൾ അവസാനിപ്പിച്ചത്.. ഇനിയും ഒന്നും കേൾക്കാൻ വയ്യ എന്ന് തോന്നിയപ്പോൾ ആൻ എഴുന്നേറ്റു.. കട്ടിലിനു താഴെ വെച്ചിരുന്ന ബാഗ് എടുത്ത് അവളുടെ സാധനങ്ങൾ എല്ലാം പാക്ക് ചെയ്തു. സംഗീതയും ഹെലനും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരിക്കുന്നുണ്ടായിരുന്നു.. അതൊന്നും അവളുടെ കാതിൽ വീഴുന്നുണ്ടായിരുന്നില്ല.. ആകെ ഒരു മരവിപ്പ്.. ഇതൊന്നും ഒട്ടും പ്രതീക്ഷിച്ചില്ല.. ഇന്റർവെല്ലിന് തനുവിന്റെ ഫോൺ നോക്കി കൊണ്ടിരുന്നപ്പോൾ ഒരു കാൾ വന്നു.. അറ്റൻഡ് ചെയ്യാൻ നോക്കുമ്പോഴേക്കും കട്ടായി പോയിരുന്നു.. തിരിച്ചു വിളിക്കാനായി കോൾ ലോഗ് എടുത്തപ്പോൾ യാദൃശ്ചികമായി മഠത്തിലെ നമ്പർ കണ്ടിരുന്നു... എന്തിനാ വിളിച്ചത് എന്ന് ചോദിക്കണം എന്നുണ്ടായിരുന്നെങ്കിലും വിട്ടുപോയി.. പെട്ടെന്ന് ഹർഷേട്ടൻ വന്ന് ക്ലാസിൽ നിന്നും വിളിച്ചിട്ടു പോയത് കൊണ്ട് വന്നിട്ട് ചോദിക്കാം എന്നു കരുതിയതാണ്.. സ്വന്തമായി ആരുമില്ലാത്തവൾക്ക് ആരൊക്കെയോ കൂടെയുണ്ട് എന്നു തോന്നിപ്പിച്ചത് ഇവളാണ്..

അവൾക്കു വേണ്ടി എന്തും കൊടുക്കാം.. പക്ഷെ ചോദിക്കുന്നത് പ്രാണനെയാണ്... അവൾ ഒന്നും മിണ്ടിയില്ല.. ബാഗു കയ്യിലെടുത്ത് മൂന്നാളെയും നോക്കി.. തനു മാത്രം ശ്രദ്ധിക്കുന്നില്ല.. മറ്റു രണ്ടാളെയും നോക്കി കണ്ണീരോടെ പുഞ്ചിരിച്ചുകൊണ്ട് അവൾ ആ മുറിയിൽ നിന്നും പുറത്തേക്കിറങ്ങി.. താഴേക്കിറങ്ങി വരുമ്പോൾ മദർ അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു.. ഡ്രൈവർ വന്ന് അവളുടെ കയ്യിൽ നിന്നും ബാഗ് വാങ്ങി. അവർ ഹോസ്റ്റലിനു മുന്നിൽ നിർത്തിയിട്ടിരിക്കുന്ന അംബാസഡർ കാറിലേക്ക് കയറി... കാർ ആ ഹോസ്റ്റൽ വിട്ടകലുമ്പോൾ അവൾ ഒന്നുകൂടി തിരിഞ്ഞു നോക്കി.. ഒരുപക്ഷേ അവസാനത്തെ കാഴ്ചയാണെങ്കിലോ? ___❤️ അവൾ ഞെട്ടിയുണർന്നു.. ബസിൽ തന്നെയാണ്... കുഞ്ഞും ഉറക്കത്തിലാണ്.. അവൾ ഒന്ന് കൂടെ കുഞ്ഞിനെ പൊതിഞ്ഞു പിടിച്ചു.. വണ്ടി എവിടെയോ നിർത്തിയിട്ടിരിക്കുകയാണ്.. എന്തെങ്കിലും കഴിക്കാൻ വാങ്ങാമെന്നു കരുതി അവൾ കുഞ്ഞിനെ വിളിച്ചെഴുന്നേൽപ്പിച്ചു.. എഴുന്നേൽക്കാതെ ആയപ്പോൾ അവളെ തോളിലേക്ക് എടുത്ത് കിടത്തി ബസ്സിൽ നിന്നും താഴേക്കിറങ്ങി.. ഒരു ബേക്കറിയിൽ കയറി 2 സാൻവിച്ച് വാങ്ങി തിരിച്ച് ബസ്സിലേക്ക് കയറി..

ഏകദേശം 7 മണിക്കൂർ യാത്രയുണ്ട്.. രണ്ട് മണിക്കൂർ കഴിഞ്ഞുകാണും യാത്ര തുടങ്ങിയിട്ട്.... കുറച്ചുനേരം കഴിഞ്ഞതും ആരുഷി വിളിച്ചു.. അല്പനേരം സംസാരിച്ച ഫോൺ കട്ട് ചെയ്യുമ്പോഴേക്കും മോൾ ഉണർന്നിരുന്നു.. "അമ്മാ.. നച്ചൂറ്റിന്റെ വയരെ ഗുളുഗുളു പറയുന്നു.." വയറിലേക്ക് ഇരു കൈകളും ചേർത്ത് വച്ച് ഉറക്കക്ഷീണത്തോടെ പറയുന്ന കുഞ്ഞിനെ കാണെ അവളൊന്നു പുഞ്ചിരിച്ചു.. "നച്ചൂട്ടി രാവിലെ മുതൽ ഒന്നും കഴിച്ചില്ലല്ലോ.. അതുകൊണ്ടാ വയറു ഗുളുഗുളു പറയുന്നേ.." കുഞ്ഞ് വേഗം പുറത്തേക്ക് നോക്കി.. "ഉച്ചി ആയോ??" "ഉച്ചിയല്ലടാ.. ഉച്ച... ആയിട്ടില്ല.. 9.30 ആയി.. അതോണ്ടാ കുഞ്ഞിന് വിശക്കുന്നെ.. അല്ലേൽ 8 മണിക്ക് മുന്നേ കഴിക്കുന്നതല്ലേ.." "ഹ്മ്മ്മ്മ്.." കുഞ്ഞ് ഉറക്കച്ചടവോടെ മൂളി.. ആൻ ബാഗിൽ നിന്നും സാൻവിച്ചിന്റെ പാർസൽ പുറത്തേക്കെടുത്തു.. കുഞ്ഞി പെണ്ണ് നാവുനുണഞ്ഞു കൊണ്ട് അത് പിടിച്ചു വാങ്ങി. രണ്ടാളും ചേർന്ന് അത് കഴിച്ചു.. കാതങ്ങൾ താണ്ടി യാത്ര തുടർന്നു.. വീണ്ടും ആ മണ്ണിലേക്ക്... ആ വീട്ടിലേക്ക്... ആദ്യമായി അങ്ങോട്ട് പോയ ദിവസം അവളുടെ മനസിലേക്ക് കടന്നു വന്നു... _____❤️ അന്നെല്ലാം തീർന്നു എന്നാണ് ആൻ കരുതിയത്. ആ അംബാസിഡർ കാർ നേരെ പോയി നിന്നത് പള്ളിമുറ്റത്തായിരുന്നു...

അതുവരെയും മദർ ഒന്നും മിണ്ടിയില്ല എന്നുള്ളത് അവളുടെ ഉള്ളിലെ നോവിനെ കുത്തി വേദനിപ്പിച്ചു.. ഒന്നും മിണ്ടാതെ മേടയിലേക്ക് കയറി പോകുന്ന മദറിനെ അവൾ പുറകിൽ നിന്നും വിളിച്ചു.. അവർ ഒന്നു നിന്നെങ്കിലും തിരിഞ്ഞുനോക്കിയില്ല.. "മദർ.. ഞാൻ.. എനിക്ക്.. വേണമെന്ന് വച്ചിട്ടല്ല.. ഞാൻ സ്നേഹിച്ചു പോയി. ക്ഷമിക്കണം.." "ഇപ്പൊ സമയം 9.30 ആയി.. പാതിരാത്രി ഇറക്കിവിടാൻ മനസ്സ് വരാത്തത് കൊണ്ട് മാത്രം ഇന്നിവിടെ നിക്കാം.. നാളെ പുലരും മുന്നേ ഇറങ്ങിക്കോളണം.." "മദർ.. ഞാൻ.." "ഒന്നും കേൾക്കണമെന്നില്ല.. നേരത്തെ ഉപയോഗിച്ച മുറി ഇന്നുകൂടെ ഉപയോഗിക്കാം.." മറുപടി പ്രതീക്ഷിക്കുന്നില്ല എന്നപോലെ മദർ അകത്തേക്ക് കയറിപ്പോയി.. അവൾ മുറിയിലേക്ക് നടന്നു.. എന്ത് ചെയ്യണമെന്നറിയില്ല.. ഒരു രൂപപോലും കൈയിലില്ല.. ഹർഷേട്ടനെയോ, സംഗീതയെയോ ഹെലനെയോ വിളിക്കാൻ ഒരു ഫോൺ പോലും കിട്ടില്ല.. അവൾ മുറി തുറന്ന് അകത്തേക്ക് കയറി... ബാഗ് കട്ടിലിൽ വച്ചു.. ബെഡിലേക്ക് കിടന്നു.. മുന്നിലെ കർത്താവിന്റെ രൂപത്തിലേക്ക് നോക്കി.. "ഞാൻ ചെയ്തത് അത്രക്ക് വലിയ തെറ്റാണോ കർത്താവേ.. എല്ലാ വഴിയും നീ അടച്ചോ.. നാളെ ഞാൻ എങ്ങോട്ട് പോവും..."

ആകെ ഭ്രാന്തു പിടിച്ച അവസ്ഥ.. ഒരു ദിവസം കൊണ്ട് ഒറ്റക്കായ പോലെ.. വീണ്ടും അനാഥത്വം... തനുവിനെ വാക്കുകൾ.. അവൾ കണ്ണുകളടച്ചു.. പലതരം ചിന്തകളോടെ യാത്രാ ക്ഷീണത്താൽ അവൾ പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു.. കാലത്ത് ഡോറിൽ തുടരെത്തുടരെയുള്ള മുട്ട് കേട്ടാണ് ആൻ ഉറക്കത്തിൽ നിന്നും എഴുന്നേറ്റത്... അവൾ വേഗം പോയി ഡോർ തുറന്നു.. മുന്നിൽ ഒരു തിരുവസ്ത്രമണിഞ്ഞ പെൺകുട്ടി നിൽപ്പുണ്ടായിരുന്നു.. "സമയം 5 മണിയായി.. വേഗം ഇറങ്ങാൻ പറഞ്ഞു.." "സോഫീ..." ആൻ ദയനീയമായി വിളിച്ചു.. "ആൻ.. നിന്നെ ഇവിടെനിന്നും ഇറക്കിവിടും എന്ന അവസ്ഥ വന്നപ്പോൾ ഞാനാണ് നിനക്ക് ആ മാർഗ്ഗം ഉപദേശിച്ചു തന്നത്.. അതിനുകാരണം പുറത്തേക്ക് പോയാൽ നീ സുരക്ഷിത ആയിരിക്കില്ല എന്ന് ഉറപ്പുള്ളത് കൊണ്ടാണ്.. ആരോരുമില്ലാത്ത ഒരു പെൺകുട്ടിക്ക് ഈ സമൂഹത്തിൽ ജീവിക്കാൻ കഴിയില്ല.. ഇപ്പോൾ നീ ഇഷ്ടപ്പെടുന്ന വ്യക്തി ഏതെങ്കിലും രീതിയിൽ നിന്നെ ചതിച്ചാൽ, നിന്റെ ജീവിതം ഇങ്ങനെയാവില്ല.. ആരെയും കണ്ണടച്ച് വിശ്വസിക്കരുത്... 6 മണിക്ക് മുന്നേ ഇവിടെ നിന്നും ഇറങ്ങാൻ മദർ പറഞ്ഞു.." "സോഫീ.. ഞാൻ എങ്ങോട്ടാടീ..." ആനിന്റെ കണ്ഠം ഇടറി.. സോഫിയ അവളുടെ കയ്യിൽ ചുരുട്ടി പിടിച്ച 100ന്റെ 3 നോട്ട് അവളുടെ കയ്യിലേക്ക് വെച്ച് കൊടുത്തു.. എറണാകുളം വരെ പോകാൻ ബസ് കൂലി ഇതു മതിയാവും... നിനക്ക് നല്ലതേ വരൂ.."

സോഫിയ തിരിഞ്ഞുനടന്നു.. അവളാ നോട്ട് ചുരുട്ടിപ്പിടിച്ച് അകത്തേക്കും.. ഒന്ന് കുളിച്ച് വസ്ത്രം മാറി അവൾ അവിടെ നിന്നും ഇറങ്ങി.. സമയം 5.45.. നല്ല മഞ്ഞുവീഴ്ചയുണ്ട്. ഉരുളൻ കല്ലുകൾ പാകിയ മുറ്റത്തേക്കിറങ്ങുമ്പോൾ സങ്കടമായിരുന്നു.. ആരെയും കാണാൻ കഴിഞ്ഞില്ല.. യാത്ര പറയാൻ കഴിഞ്ഞില്ല.. അവൾ വരുന്നത് കണ്ടതും വാച്ച്മാൻ ഗേറ്റ് തുറന്നു കൊടുത്തു.. അവൾ ഒന്നുകൂടി അവിടമാകെ നോക്കി.. താൻ പിച്ചവച്ചു നടന്ന മുറ്റം.. സൗഹൃദങ്ങൾ.. അനാഥത്വത്തിന്റെ വേദനകൾ.. എല്ലാം വെറും ഓർമ്മകൾ മാത്രമായ് മാറുന്നു.. മുറ്റത്ത് ഉയർന്നുനിൽക്കുന്ന കർത്താവിന്റെ രൂപത്തെ നോക്കി അവൾ ഇരുകൈകളും കൂപ്പി .. പുറത്തേക്കിറങ്ങിയതും തന്റെ മുന്നിൽ അടഞ്ഞ ഗേറ്റിലേക്ക് നോക്കി കണ്ണുനീർ തുടച്ച് അവൾ മുന്നോട്ട് നടന്നു... നിറഞ്ഞ മിഴികൾ ഉയർത്തിയതും കണ്ണുനീരിൽ മങ്ങി കാണുന്ന ആ രൂപത്തെ അവൾ അവിശ്വസനീയതയോടെ നോക്കി.. കാഴ്ചയ്ക്കു തടയാനായി നിൽക്കുന്ന കണ്ണുനീരിനെ പുറം കൈ കൊണ്ട് തുടച്ചു മാറ്റി അവൾ ആ കാഴ്ചയെ ഒന്നുകൂടി ഉറപ്പിച്ചു.. ഹർഷേട്ടൻ.... ❤️ കയ്യിലെ ബാഗ് നിലത്തേക്കിട്ട് അവൾ ഓടി പോയി അവനെ വാരിപ്പുണർന്നു.. പൊട്ടികരഞ്ഞുപോയി അവൾ.. "അയ്യേ.. എന്തിനാടി ഇങ്ങനെ കരയുന്നെ..? ഒറ്റക്കായെന്ന് തോന്നിയോ..??" അവൾ നെഞ്ചിൽ നിന്നും മുഖമുയർത്താതെ തന്നെ അതേ എന്ന പോലെ തലയാട്ടി..

"ഈ ശരീരത്തിൽ ജീവനുള്ളടിത്തോളം നിന്നെ ഞാൻ തനിച്ചാക്കില്ല..." അവളെ വലയം ചെയ്തിരുന്ന അവന്റെ കൈകൾ ഒന്നുകൂടി മുറുകി.. "നല്ല മഞ്ഞുണ്ട്.. അധിക നേരം ഇവിടെ നിക്കണ്ട..പോവാം.." അവൾ മുഖമുയർത്തി ചിരിയോടെ തലയാട്ടി.. "രാത്രി മുഴുവൻ കരഞ്ഞുലെ.. മുഖമൊക്കെ ചുവന്നു വീർത്തു.." അവൻ കള്ളച്ചിരിയോടെ അവളുടെ മൂക്കിൽ പിടിച്ചു വലിച്ചു. അവൾ ചിരിയോടെ തിരികെ പോയി ബാഗ് എടുത്ത് കാറിലേക്ക് കയറി.. അവർ അവിടെ നിന്നും പുറപ്പെട്ടു.. "ആരാ പറഞ്ഞത് ഞാൻ ഇവിടെയെത്തിയെന്ന്.." "നിന്റെ സംഗീത.. നിന്നെ അവിടന്ന് കൂട്ടിയിട്ട് പോയതും ആ കുട്ടി വിളിച്ചു.." "ഹ്മ്മ്.. ഇത്ര നേരത്തെ ഞാൻ ഇവിടെന്നിറങ്ങും എന്ന് ആര് പറഞ്ഞു..??" അവൾ സംശയഭാവത്തിൽ ചോദിച്ചു.. "ആരും പറഞ്ഞില്ല.. ഞാൻ രാത്രി തന്നെ വന്നു.. ആ ഗേറ്റ് എപ്പോഴാ തുറക്കുന്നെ എന്ന് നോക്കി നിന്നതാ.." അവളുടെ കണ്ണുകൾ നിറഞ്ഞു.. അത് അവൻ കാണാതിരിക്കാൻ ആ കയ്യിലൂടെ ചുറ്റി പിടിച്ച് തോളിലേക്ക് ചാഞ്ഞു.. അവൻ ആ മുടിയിഴകളിലൂടെ തഴുകി നെറുകയിൽ ചുംബിച്ചു............. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story