നിലാമഴ: ഭാഗം 12

Nilamazha

എഴുത്തുകാരി: അനു രാജീവ്

ആൻ ചിരിയോടെ ഹർഷിനെ തള്ളി മാറ്റി തിരിഞ്ഞതും അവരെ നോക്കി ദേഷ്യത്തോടെ നിൽക്കുന്ന തനുവിനെ കണ്ട് ആനിന്റെ മുഖത്തെ ചിരി മാഞ്ഞു.. എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്നു പോയി അവൾ... തനു അവളെ തറപ്പിച്ചു നോക്കി വീടിനകത്തേക്ക് പോയി.. ആൻ തല താഴ്ത്തി നിന്നു.. ഹർഷിത് അവളെ തിരിച്ചു നിർത്തി.. അവളുടെ കണ്ണുകൾ ചുവന്നു കലങ്ങിയിരുന്നു.. "നീ പറയട്ടെ എന്ന് വച്ച് ചോദിക്കാത്തിരുന്നതാ.. ഇന്നലെ വിളിച്ചപ്പോ തന്നെ സംഗീത പറഞ്ഞു എല്ലാം.. അപ്പൊ പ്ലാൻ ഇട്ടതാ നിന്നെ ഇങ്ങോട്ട് കൂട്ടികൊണ്ട് വരാമെന്ന്..." "വേണ്ടായിരുന്നു.. തനു.. അവൾക്ക് സങ്കടാവും..." "ഹ്മ്മ്.. ആവണം.. അതിന് വേണ്ടി തന്നെയാ ഇതെല്ലാം.. നീ പോയി റെഡി ആവ്.. പുറത്ത് പോയിട്ട് വരാം..." അവൾ വാടിയ മുഖത്തോടെ അകത്തേക്ക് കയറി... അൽപസമയത്തിനുശേഷം ഇരുവരും റെഡിയായി ഇറങ്ങി.. അവരുടെ വാഹനം ഗേറ്റ് കടന്നു പോകുന്നത് ജനലിലൂടെ നോക്കി നിന്ന തനുവിന്റെ ഉള്ളിൽ ഒരു തരം പകയായിരുന്നു.. താൻ ഇത്രത്തോളം പറഞ്ഞിട്ടും, കരഞ്ഞു കാലു പിടിച്ചിട്ടും വീണ്ടും തന്റെ ഇഷ്ടത്തെ തട്ടിയെടുത്തവളോടുള്ള പക ...

തനു നിറഞ്ഞ കണ്ണുകളോടെ ബെഡിലേക്ക് ഇരുന്നു.. ഇരു കൈകളും പിന്നിലേക്ക് കുത്തി തലയുയർത്തി കറങ്ങുന്ന ഫാനിലേക്ക് നോട്ടമിട്ടു.. ആകെ ഒരു നിശബ്ദത.. ഫാനിന്റെ ശബ്ദം മാത്രം.. അവൾക്ക് ആകെ തല പെരുക്കും പോലെ തോന്നി. ഇന്നോ ഇന്നലെയോ അല്ല.. ആദ്യമായി ഏട്ടന്റെ കൂടെ ഹർഷേട്ടൻ വീട്ടിലേക്ക് വന്ന ദിവസം.. തന്നെ നോക്കി ചിരിച്ച നിമിഷം.. മറ്റെല്ലാം മറന്നിരുന്നു.. ആ ചിരി തനിക്കായി മാത്രം വേണം എന്ന് ആഗ്രഹിച്ചിരുന്നു. ഒരുതരം ആരാധനയായിരുന്നു.. ആള് പഠിക്കുന്നത് അവിടെയാണ് എന്നറിഞ്ഞിട്ടു തന്നെയാണ് ഇത്രയും ദൂരെ ആയിട്ടും അവിടെത്തന്നെ അഡ്മിഷൻ വേണം എന്ന് വാശി പിടിച്ചത്.. കിട്ടിയപ്പോൾ എന്തോ നേടിയ സന്തോഷമായിരുന്നു... അതെ തന്റെ സന്തോഷങ്ങൾ എല്ലാം അവസാനിച്ചിരിക്കുന്നു.. അവൾ അവസാനിപ്പിച്ചു.. സഹിക്കാൻ കഴിയുന്നില്ല.. വേദന.. വല്ലാത്ത വേദന.. അവൾ അങ്ങനെ ബെഡിലേക്ക് കിടന്നു. അലറി കരയാതിരിക്കാൻ ചുണ്ടുകളെ കടിച്ചു പിടിച്ചു.. കണ്ണുനീരിനോടൊപ്പം തന്റെ ദേഷ്യവും അലിഞ്ഞു പോവരുത് എന്ന വാശിയിൽ... ___❤️ ഹർഷിന്റെ കാർ നേരെ പോയി നിന്നത് ടൗണിലെ വലിയ ഷോപ്പിംഗ് മാളിന് മുന്നിലാണ്..

അവൾ ചുറ്റുമൊന്ന് നോക്കി അവനോടൊപ്പം അകത്തേക്ക് നടന്നു.. എസ്‌കേലേറ്ററിൽ കയറാൻ മടിച്ചു നിന്നവളുടെ കൈ കോർത്ത് പിടിച്ച് അവൻ മുകളിലേക്ക് കൊണ്ട് പോയി.. ചുറ്റും നടന്നു പോകുന്ന ഓരോരുത്തരെയും അവൾ വീക്ഷിച്ചു... എല്ലാവരും നല്ല അടിപൊളിയായി ഡ്രസ്സ് ചെയ്ത് മോഡേൺ ആയി നടക്കുന്നു.. അവൾ സ്വയം ഒന്ന് നോക്കി... നരച്ച കോട്ടൺ ചുരിദാർ ആണ് വേഷം... അവൾ ഹർഷിനെ നോക്കി.. തന്റെ കൈയും കോർത്തുപിടിച്ച് ഒന്നും നോക്കാതെ നടക്കുന്നുണ്ട്.. ഇടയ്ക്ക് എന്തൊക്കെയോ വേണോ എന്ന് ചോദിക്കുന്നുണ്ട്.. അവൾ വേണ്ട എന്ന അർത്ഥത്തിൽ തലയാട്ടി കൊണ്ടിരുന്നു... അവർ നേരെ പോയത് trends ലേക്കാണ്.. ഡ്രസ്സ് എടുക്കാൻ ആണ് എന്ന് മനസ്സിലായപ്പോൾ അവൾ അവനെ നോക്കി നിന്നു.. "എന്റെ പൊന്നന്നമ്മോ.. എന്നെ നോക്കി നിൽക്കാതെ പോയി എന്തെങ്കിലും സെലക്ട് ചെയ്യ് പെണ്ണേ..." അവൾ തലകുലുക്കി.. വേഗം മുന്നിൽ നിരനിരയായി തൂക്കിയിട്ടിരിക്കുന്ന ടോപ്പ്കളിലേക്ക് നോക്കി... എല്ലാം കോട്ടൺ കുർത്തിയാണ്... അവളൊന്നിന്റെ വില നോക്കിയതും ഞെട്ടിപ്പോയി. എടുത്ത സാധനം അവിടെ തന്നെ വെച്ച് അവൾ വേഗം ഹർഷിനടുത്തേക്ക് വന്നു.

അവന്റെ കൈ പിടിച്ചു വലിച്ച് ആരുമില്ലാത്ത ഭാഗത്തേക്ക് നിർത്തി.. അവൻ എന്താണെന്ന് മനസ്സിലാകാതെ അവളെത്തന്നെ ഉറ്റുനോക്കി . "നമുക്ക് വേറെ കടയിൽ പോവാം..?" "എന്ത് പറ്റി..? നിനക്കേതും ഇഷ്ട്ടമായില്ലേ...?" "എനിക്കിവിടത്തെ എല്ലാം ഇഷ്ട്ടായി.. പക്ഷെ ഇവരൊക്കെ തട്ടിപ്പാ..." "തട്ടിപ്പോ??" "ഹ്മ്മ്.. 150 രൂപക്ക് കിട്ടുന്ന ടോപ്പിനാ 2400 ന്നാ വിലയിട്ട് വച്ചേക്കുന്നെ.. നമുക്ക് വേറെ കടയിൽ പോവാം.." "എടി പൊട്ടിക്കാളി.. 2400 കൊടുത്ത അതിന്റെ ക്വാളിറ്റി കിട്ടും.. വിലയൊന്നും നോക്കണ്ട, ഇഷ്ടമുള്ളത് വാങ്ങിക്കോ.." "അതേ.. കോളേജിൽ പഠിക്കുന്ന ഹർഷേട്ടനെവിടുന്നാ പൈസയൊക്കെ...?" "നിനക്ക് തുണി വാങ്ങി തരാനുള്ള പൈസ പോലും ഇല്ലെങ്കിൽ ഞാൻ നിന്നെ കൂട്ടിയിട്ട് വരില്ലല്ലോ.. കൂടുതൽ ചിന്തിക്കാതെ ഇങ്ങോട്ട് വാ പെണ്ണേ.." അവളുടെ കൈയും പിടിച്ച് അവൻ വീണ്ടും വുമൺ സെക്ഷനിലേക്ക് പോയി.. അവനായി തന്നെ ഓരോ ഡ്രസ്സുകൾ എടുത്തുനോക്കി... അവൾ അവിടെ ബൊമ്മക്ക് ഇട്ടു കൊടുത്ത ഒരു ഡ്രസ്സിലൂടെ കയ്യോടിച്ചു.. സ്ലീവ് ലെസ്സ് ബനിയൻ ടൈപ്പ് ഫ്രിൽ ടോപ്പും, പ്ലാസോയുമായിരുന്നു അതിനിട്ടു കൊടുത്തിരുന്നത്.. നല്ല ഭംഗിയുള്ള ടോപ്പ്.. അവൾ ചിന്തിച്ചു.. "ഇത് ഇഷ്ട്ടായോടി..?"

ഹർഷിന്റെ ശബ്ദം കേട്ട് അവൾ തിരിഞ്ഞു നോക്കി.. "ഏയ്‌.. ഞാൻ ഇങ്ങനത്തെയൊന്നും ഇടില്ല.." "നിനക്കിഷ്ട്ടായോന്ന ചോദിച്ചത്...?" "ഹ്മ്മ്.. ഇഷ്ട്ടായി.." അവൻ കൂടെ നിൽക്കുന്ന സെയിൽസ് ഗേൾനോട് പറഞ്ഞ് അതിന്റെ വേറെ ഒന്ന് പാക്ക് ചെയ്യിച്ചു.. "അതേ.. ഞാനിങ്ങനത്തെയൊന്നും ഇത് വരെ ഇട്ടിട്ടില്ല.." "എങ്ങനത്തെ??" "കയ്യില്ലാത്തത്.." "അതിടാൻ നിനക്ക് ബുദ്ധിമുട്ടുണ്ടോ..?" "അത്... ഞാൻ ഇത് വരെ.." "നിനക്ക് താല്പര്യമുണ്ടോ???" "ഹ്മ്മ്.. താല്പര്യകുറവൊന്നുമില്ല..." "നമുക്കിഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ നമ്മൾ ആരെയും ഭയക്കേണ്ട കാര്യമില്ല.. ഏത് തരം വസ്ത്രം വേണമെങ്കിലും ധരിക്കാനുള്ള അവകാശം ഓരോരുത്തർക്കും ഉണ്ട്.. അത് നമുക്ക് കംഫർട്ട് ആയിരിക്കണം എന്ന് മാത്രം.. ഇതുവരെ ഞാൻ ഉപയോഗിച്ചിട്ടില്ല എന്നതിന് ഇനി ഒരിക്കലും ഉപയോഗിക്കരുത് എന്ന് അർത്ഥമില്ല.. മനസിലായോ..." അവൾ തലകുലുക്കി.. അവൻ ഒന്നു കൂർപ്പിച്ചു നോക്കിയതും മനസ്സിലായി എന്ന് വായ തുറന്നു പറഞ്ഞു.. അവൾ രണ്ട് ഫ്രോക്കും, സ്‌കർട്ടും ടോപ്പും ഒക്കെ എടുത്തു... ഭക്ഷണവും കഴിച്ച്, അത്യാവശ്യം കുക്കിംഗിനുള്ള ഐറ്റംസും വാങ്ങി തിരികെ വരുമ്പോൾ ആദ്യമായി ആ ഡ്രെസ്സൊക്കെ ഇട്ട് നോക്കാനുള്ള എക്സൈറ്റ്മെന്റ് ആയിരുന്നു അവളിൽ...

വീട് എത്തുമ്പോഴേക്കും 9 മണി കഴിഞ്ഞു.. കാർ നിർത്തിയതും തേജസ് അപ്പുറത്തുനിന്നും അവരുടെ വീട്ടിലേക്ക് വന്നു.. "രണ്ടാളും ഒന്നും മിണ്ടിയില്ലാലോ.... എനിക്കന്നെ ഡൌട്ട് തോന്നിയിരുന്നു.. എന്നാലും അളിയാ നീയെങ്കിലും പറയും എന്ന് കരുതി... ഇതിപ്പോ തനു പറഞ്ഞിട്ടാ ഞാൻ അറിഞ്ഞത്.." തേജസിന്റെ ചിരിച്ച മുഖം ആനിന് വല്ലാത്ത ആശ്വാസം നൽകി.. തേജസ്സും ഹർഷും സംസാരിച്ചു നിൽക്കുന്നത് കണ്ട് വാങ്ങിച്ച സാധനങ്ങളുമായി ആൻ അകത്തേക്ക് നടന്നു.. . സാധനങ്ങളെല്ലാം സോഫയിൽ വച്ച് ഒന്ന് മുഖം കഴുകി ഡ്രസ്സ്‌ മാറ്റി.. ബാഗിൽ നിന്നും ബുക്കുകളും, സർട്ടിഫിക്കട്ടുകളും തന്റെ പഴയ ഡ്രസ്സുകളുമെല്ലാം എടുത്ത് ഷെൽഫിലേക്ക് വച്ചു.. തിരിച്ചു ഹാളിലേക്ക് വരുമ്പോൾ ഡ്രസ്സുകൾ അടങ്ങിയ പാക്കറ്റുകൾ ഒഴിച്ച് ബാക്കി ഒന്നും അവിടെ ഉണ്ടായിരുന്നില്ല.. കിച്ചണിൽ നിന്നും ശബ്ദം കേട്ട് അവൾ അങ്ങോട്ട് നടന്നു.. വാങ്ങിയ സാധനങ്ങൾ ഓരോന്നും ഷെൽഫിൽ അടുക്കി വയ്ക്കുകയായിരുന്നു ഹർഷിത്... "ഞാൻ വയ്ക്കുമായിരുന്നല്ലോ ഇതൊക്കെ.." "നീ കിടന്നോ.. ടൈം ഒരുപാട് ലേറ്റ് ആയി..

ഇന്ന് ഫുൾ ട്രാവലിംഗ് അല്ലായിരുന്നോ.. ക്ഷീണം കാണും....." അവൾ ചിരിയോടെ തലയാട്ടി മുറിയിലേക്ക് നടന്നു.. കുറേ നേരം കിടന്നിട്ടും ഉറക്കം വരാതായപ്പോൾ പതിയെ എഴുന്നേറ്റ് ഹാളിലേക്ക് ചെന്നു.. സോഫയിൽ പില്ലോ വെച്ച് മൊബൈലിൽ നോക്കി കിടക്കുന്ന ഹർഷിനെ കാണേ അവൾ പുഞ്ചിരിച്ചു... "ഉറങ്ങിയില്ലേ ഇത്ര നേരം.." അവളെ കണ്ടതും അവൻ എഴുന്നേറ്റിരുന്നു... "എന്തേ മുറിയിൽ കിടന്നില്ല..." താഴെ തന്നെയുള്ള മറ്റൊരു മുറിയിലേക്ക് നോട്ടമിട്ടു കൊണ്ട് അവൾ ചോദിച്ചു.. "പുതിയ സ്ഥലമല്ലേ.. നിനക്കെന്തെങ്കിലും ആവശ്യം വന്നാലോ. പോയി കിടന്നോ.. ഇപ്പൊ തന്നെ 11 മണി കഴിഞ്ഞു.. രാത്രി ബാത്റൂമിലേക്ക് പോകണമെങ്കിൽ ഒറ്റക്ക് പോവണ്ട.. എന്നെ വിളിച്ചാൽ മതി.." "ഹ്മ്മ്..." അവൾ അകത്തേക്ക് പോയി.. രണ്ടു പേരും ഒരുപാട് സന്തോഷത്തിലായിരുന്നു... ഫോണിൽ കാണുന്ന ആനിന്റെ ചിരിക്കുന്ന ഫോട്ടോയിലേക്ക് ഒന്ന് കൂടെ നോക്കി അവൻ ആ ഫോൺ നെഞ്ചിലേക്ക് ചേർത്ത് വച്ച് കണ്ണുകളടച്ചു... ❤️❤️❤️ രാവിലെ എഴുന്നേൽക്കുമ്പോൾ ഒരുപാട് സമയം വൈകിയിരുന്നു...

അവൾ പെട്ടെന്ന് റൂമിൽ നിന്നും പുറത്തേക്കിറങ്ങി.. സോഫയിൽ തലയണ മാത്രം കിടപ്പുണ്ട്.. കിച്ചണിൽ നിന്നും കുക്കറിന്റെ ശബ്ദം കേട്ട് അവൾ അങ്ങോട്ട് നടന്നു.. അവിടുത്തെ കാഴ്ച്ച കണ്ട് അവളുടെ ചുണ്ടുകൾ പുഞ്ചിരിച്ചു... ഒരു സ്റ്റവിൽ കുക്കർ ഉണ്ട്.. ചോറാണെന്ന് തോന്നുന്നു... മറ്റേ സ്റ്റവിൽ ഉള്ള പാത്രത്തിലേക്ക് കറിക്ക് വേണ്ട കൂട്ട് മിക്സി ജാറിൽ നിന്നും ഒഴിച്ച് ഇളക്കികൊണ്ടിരിക്കുന്ന ഹർഷിത്.. അവൾ അകത്തേക്ക് കടന്നു... അവളുടെ സാമിപ്യമറിഞ്ഞ പോലെ അവൻ തിരിഞ്ഞു നോക്കി അവളെ കണ്ടതും മനോഹരമായി പുഞ്ചിരിച്ചു.. "ഇപ്പൊ ചായ ചൂടാക്കി തരാം.." അവൻ അടുപ്പിൽനിന്നും കറി പാത്രം താഴെ വച്ച് നേരത്തെ ഉണ്ടാക്കിവെച്ച ചായ സ്റ്റവിലേക്ക് വെച്ചു... "ഞാൻ ചെയ്യുമായിരുന്നല്ലോ.." "എന്ത്?" "അല്ലാ.. ചോറും കറിയുമൊക്കെ.." "ഇപ്പൊ തത്കാലം എനിക്കും പണിയൊന്നുമില്ലല്ലോ.. പിന്നെ നീ ഉറങ്ങുവല്ലേ.. ഒരു ചായക്ക് വേണ്ടി എഴുന്നേൽപ്പിക്കണ്ട കാര്യമുണ്ടോ..?" പറയുന്നതിനോടൊപ്പം ചൂടായ ചായ ഗ്ലാസിലേക്ക് പകർത്തി ഹർഷിത് അവളുടെ കയ്യിലേക്ക് കൊടുത്തു.. അവൾ ഒന്നും മിണ്ടാതെ അവന്റെ കയ്യിൽ നിന്നും ആ ഗ്ലാസ് വാങ്ങി ചുണ്ടോടു ചേർത്തു... ഓരോ ദിവസം കഴിയുംതോറും അത്ഭുതമായി തോന്നുന്നു ഈ മനുഷ്യൻ..

"നിന്റെ ടെൻത്ത് സർട്ടിഫിക്കറ്റ് കയ്യിലുണ്ടോ..?" "ഹ്മ്മ്.." "അതും ആധാർകാർഡും ഒന്ന് വേണം ട്ടോ.." "എന്തിനാ.." "മാര്യേജ് രജിസ്റ്റർ ചെയ്യാൻ ചില ഫോർമാലിറ്റീസ് ഒക്കെ ഉണ്ട്..." "ഇന്ന് നമ്മടെ കല്യാണമാണോ???" അവൾ ഞെട്ടലോടെ ചോദിച്ചത് കേട്ട് അവൻ ചിരിച്ചു.. "അങ്ങനെ ഇന്നെന്നെ പ്ലാൻ ചെയ്ത് ഇന്നെന്നെ കല്യാണം കഴിക്കലൊക്കെ സിനിമയിലെ നടക്കൂ.. ഇന്ന് പോയി അപ്ലൈ ചെയ്യണം.. മിനിമം 24 ദിവസത്തെ നോട്ടീസ് പിരീഡ് ഉണ്ട്.. അത് കഴിഞ്ഞേ രെജിസ്ട്രേഷൻ നടക്കൂ.. അപ്പോഴേക്കും നിന്റെ exams തീരില്ലേ..." "ഹ്മ്മ്....." "ഹ്മ്മ്.. ഓക്കേ.. ഞാൻ കുറച്ച് കഴിഞ്ഞ് രജിസ്റ്റർ ഓഫീസിൽ പോയി ഫോർമാലിറ്റീസ് ഒക്കെ തീർത്തിട്ട് വരാം.. എങ്ങോട്ടും പോവരുത്.. എന്തെങ്കിലും എടുത്ത് വച്ചിരുന്ന് പഠിക്കാൻ നോക്ക്.." "ഹ്മ്മ്മ്..." അവൾ ഒന്ന് അലസമായി മൂളി.. "പല്ല് തേച്ചില്ല ലോ..." "ങേ..?" "ബ്രഷ് ചെയ്തോന്ന്?" "മ്ച്ചും..." "ബാത്‌റൂമിൽ പുതിയ ബ്രഷ് വച്ചിട്ടുണ്ട്.. പോയി ഫ്രഷ് ആയിട്ട് വാ.. എന്നിട്ട് കഴിക്കാം....." "ഹ്മ്മ്..." അവൾ ചായ ഗ്ലാസ് സ്ലാബിലേക്ക് വെച്ച് വളിച്ച ചിരിയും ചിരിച്ച് പതുക്കെ അടുക്കളയിൽ നിന്നും പുറത്തേക്കിറങ്ങി... കുളി കഴിഞ്ഞു വന്നതും ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു.. പുറത്തേക്ക് പോകരുത് എന്ന് ഒന്നുകൂടി ഓർമ്മിപ്പിച്ച് അവൻ രജിസ്റ്റർ ഓഫീസിലേക്ക് പോയി..

കുറച്ചു നേരം ബുക്ക് തുറന്നു വെച്ച് വായിച്ചെങ്കിലും അവളുടെ മനസ്സു മുഴുവൻ തനുവിന്റെ മുഖമായിരുന്നു ... കഴിഞ്ഞ എക്സാം വരെ ഒരുമിച്ചായിരുന്നു എല്ലാം.. ഇത്രവേഗം അവൾക്ക് അന്യയായി മാറിയോ താൻ... ഒന്ന് പുറത്ത് പോവാൻ തോന്നി. ഒരു തവണ തനുവിനോട് സംസാരിച്ചാൽ എല്ലാം ശരിയാവും എന്ന ചിന്ത.. അവൾ മുന്നിലുള്ള ബുക്ക് മടക്കി പതിയെ എഴുന്നേറ്റു.. പുറത്തു പോകരുത് എന്ന് ഹർഷിത് രണ്ടുമൂന്നു തവണ പറഞ്ഞത് ഓർമ്മ വന്നു.. മുൻവശത്തെ വാതിലിനു മുന്നിൽ നിന്ന് അവൾ ഒന്നുകൂടി ചിന്തിച്ചു... ചിന്തകളെ മാറ്റിനിർത്തി ഡോറിൽ കൈവച്ചു.. ____❤️ "അമ്മാ...." കുഞ്ഞിന്റെ ശബ്ദം കേട്ട് അവൾ ചിന്തകളിൽ നിന്നും ഉണർന്നു.. ഒരു പ്ലേറ്റ് നിറയെ മുറിച്ച് കുഞ്ഞു കഷ്ണങ്ങളാക്കിയ മാമ്പഴം കയ്യിൽ പിടിച്ച് തന്നെ നോക്കി നിൽക്കുകയാണ് നച്ചൂട്ടി... മുഖത്തും ഉടുപ്പിലും എല്ലാം നേരത്തെ കഴിച്ച മാമ്പഴത്തിലെ അവശേഷിപ്പുകൾ ബാക്കിയുണ്ട്.. അപ്പോഴാണ് ആനിനും മനസ്സിലായത് തന്നോട് ഓരോന്ന് ചോദിച്ചു കൊണ്ടിരുന്ന കുഞ്ഞ് പുറത്തേക്ക് പോയതോ, ഇത്രനേരം എവിടെയായിരുന്നു എന്നതോ താൻ ശ്രദ്ധിച്ചില്ല എന്ന്.. അവൾ വേഗം ബെഡിൽ നിന്നും എഴുന്നേറ്റു.. "എന്താ മോളെ ഇത്. ഉടുപ്പിൽ ഒക്കെ ആക്കിയല്ലോ.."

അവൾ കുഞ്ഞിന്റെ കയ്യിൽ നിന്നും പ്ലേറ്റ് വാങ്ങി ടേബിളിലേക്ക് വച്ച് ആ മുഖം തുടച്ചു കൊടുത്തു കൊണ്ട് പറഞ്ഞു.. "അച്ഛേമ്മ തന്നയാ.. നല്ല ടേസ്റ്റ് ഉണ്ടമ്മാ. കയ്ച്ചു നോക്കിയേ..." ആൻ ചിരിച്ചു.. കുഞ്ഞിനെ പിടിച്ചു മടിയിലിരുത്തി.. " മോൾക്കിവിടെയൊക്കെ ഇഷ്ട്ടായോ..?? " "നല്ല ഇഷ്ട്ടമാ.. അച്ഛേമ്മ നല്ലതാ.. അച്ചാച്ഛയേ കാനുമ്പോ നച്ചൂട്ടിക്ക് പേടിയാവുനു മ്മാ..." "കുഞ്ഞെന്തിനാ പേടിക്കുന്നെ..? മോൾടെ അച്ചാച്ചയാ.." "ഹ്മ്മ്.. അച്ഛാ എപ്പോയാ വരുന്നേ...?" വീണ്ടും വീണ്ടും തന്റെ മുന്നിൽ വന്ന് നിൽക്കുന്ന ചോദ്യം.. ആ ചോദ്യത്തിന് മാത്രമുള്ള ഉത്തരം തന്റെ കയ്യിൽ ഇല്ല.. "വരും.. കുറേ ദിവസം കഴിയുമ്പോ..." "ഹ്മ്മ്.. അപ്പൊ നാനീ മാമ്പയം അച്ചക്ക് എത്തു വക്കട്ടെ.. പിഡ്ജില്.." അവൾ കുഞ്ഞിനെ ചേർത്ത് പിടിച്ചു... "അമ്മ എന്തിനാ കയ്യുന്നേ.. അമ്മ എത്തോ.. മാമ്പയം എല്ലാം എത്തോ.. അച്ഛ വരുമ്പോ വേരെ വാങ്ങി കൊക്കാം.." അവൾ ചുണ്ട് കടിച്ചു പിടിച്ച് തലയാട്ടി... "പിന്നേ.. കൂട്ടില് വല്യ ഡോഗ് ഉണ്ട്.. കണ്ടാ പേടിയാവും... നച്ചൂട്ടിയെ കണ്ടപ്പോ വലിയ വായിൽ ബൗ ബൗ പറഞ്ഞു.. വാ.. അമ്മക്ക് കാനിച്ചു തരാം...." കുഞ്ഞ് അവളുടെ കയ്യിൽ പിടിച്ചു വലിച്ച് പുറത്തേക്ക് കൊണ്ട് പോയി... ❤️❤️❤️

3 ദിവസങ്ങൾ കടന്നു പോയതറിഞ്ഞില്ല..... കുഞ്ഞ് അച്ഛമ്മയോടും അച്ചാച്ചനോടും അടുത്തു.. അവരുടെ സന്തോഷത്തിന് അളവില്ലായിരുന്നു... ആ സന്തോഷം ആനിൽ ഭീതിയുണർത്തി.. അടുത്ത ദിവസം ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ അവൾ ആക്കാര്യം അവതരിപ്പിച്ചു.. "ഞങ്ങൾ നാളെ മടങ്ങും..." അവളുടെ വാക്കുകൾ കേട്ട് ലക്ഷ്മിയും ദേവരാജും ഭക്ഷണം കഴിക്കുന്നത് നിർത്തി.. ലക്ഷ്മി അയാളുടെ മുഖത്തേക്ക് ഒന്ന് നോക്കി.. "ഇത്ര വേഗം.. കുറച്ച് കൂടെ കഴിഞ്ഞിട്ട് പോരെ മോളേ.?." "അതിന് ഇവരെന്തിനാ പോകുന്നത്. എന്റെ മരുമകളെയും പേരകുട്ടിയെയും നോക്കാനുള്ള ആസ്തിയൊക്കെ ഇപ്പോഴും എന്റെ കയ്യിൽ ഉണ്ട്.." ലക്ഷ്മിയുടെ ചോദ്യത്തിന് ആൻ ഉത്തരം നൽകും മുന്നേ ദേവരാജ് അയാളുടെ അഭിപ്രായം മുന്നോട്ടുവച്ചു.. "പോവണം അച്ഛാ.... മോൾടെ സ്കൂളിൽ നിന്നും പെർമിഷൻ കിട്ടാൻ അല്പം കഷ്ടപ്പെട്ടു. പിന്നെ എനിക്കും ഒരുപാട് ദിവസം ലീവ് ഇല്ല.. നാളേക്ക് ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്.. ഞങ്ങൾ നാളെ മടങ്ങും..." അവൾ പ്ലേറ്റ് എടുത്ത് അടുക്കളയിലേക്ക് പോയി. അത്രയും ദിവസം കളിയും ചിരിയും നിറഞ്ഞിരുന്ന വീട് ഒരു ദിവസം കൊണ്ട് മൂകമായി... രാത്രി ഒന്നുകൂടി സംസാരിക്കാനായി ആനിന്റെ മുറിയിലേക്ക് വന്ന ലക്ഷ്മി,

തുണിയെല്ലാം മടക്കി പാക്ക് ചെയ്യുന്ന ആനിനെ കണ്ട് നിരാശയോടെ തിരിച്ചു പോയി... രാവിലെ എഴുന്നേറ്റതും ഞാൻ കുളിച്ച് റെഡിയായി.. കുഞ്ഞിനെ നോക്കി പുറത്തേക്കിറങ്ങിയപ്പോൾ കണ്ടത് ദേവരാജ്നോടൊപ്പം കളിച്ചുകൊണ്ടിരിക്കുന്ന നച്ചൂട്ടിയെയാണ്.. "മോളേ.. വാ കുളിക്കാം.. റെഡി ആവ്. പോവണ്ടേ..?' അവൾ അച്ചാച്ചന്റെ കയ്യിൽ നിന്നും പിടി വിട്ട് ആനിനടുത്തേക്ക് ഓടി.. അയാൾ ഇരുന്ന കസേരയിൽ നിന്നും എഴുന്നേറ്റു.. "നീ പൊയ്ക്കോ.. കുഞ്ഞിനെ കൊണ്ട് പോവണ്ട..." തിരിഞ്ഞുനടക്കാൻ ഒരുങ്ങിയ ആൻ അയാളുടെ വാക്കുകൾ കേട്ട് നിന്നു.. "എന്താ...?" "നീ എവിടേക്ക് വേണമെങ്കിലും പൊയ്ക്കോ.. എന്റെ മകന്റെ കുഞ്ഞിനെ ഇവിടെ നിർത്തിക്കോണം" അവളുടെ മുഖം മാറി.. അയാളെ കാര്യമാക്കാതെ അവൾ വേഗം കുഞ്ഞിനെയുംകൊണ്ട് റൂമിലേക്ക് പോയി... കുളിപ്പിക്കാൻ ഒന്നും നിൽക്കാതെ വേഗം അവളുടെ ഉടുപ്പ് മാറ്റി കൊടുത്തു.. ഉള്ളിൽ ഭയം വല്ലാതെ പിടിമുറുക്കാൻ തുടങ്ങിയിരുന്നു.. ബാഗുമെടുത്ത് പുറത്തേക്കിറങ്ങാൻ നിൽക്കുമ്പോഴേക്കും ഹാളിൽ നിൽക്കുന്ന പണിക്കാരെ കണ്ട് അവളൊന്നു ഞെട്ടി...

അവൾ ഒന്നും മിണ്ടാതെ കുഞ്ഞിന്റെ കൈയും പിടിച്ച് അവരെയും മറികടന്ന് പോവാൻ നിൽക്കുമ്പോഴേക്കും അയാളുടെ ശബ്ദം അവിടെ ഉയർന്നിരുന്നു.. "കുഞ്ഞിനെ ഇവിടെ നിർത്തി അവളെ പടിക്ക് പുറത്തേക്ക് തള്ളടാ..." ആ വാക്കുകൾ കേട്ട് അവൾ കുഞ്ഞിനെ ചേർത്ത് പിടിച്ചു.. അവരിൽ രണ്ടുപേർ മുന്നോട്ട് വന്ന് കുഞ്ഞിനെ അവളിൽ നിന്നും അടർത്തി മാറ്റി.. അപ്പോഴേക്കും കുഞ്ഞ് പേടിച്ചു കരയാൻ തുടങ്ങിയിരുന്നു.. അവളും ബലം പ്രയോഗിച്ച് അവരുടെ കൈ വിടുവിക്കാൻ ശ്രമിച്ചു എങ്കിലും അവർ ആനിനെ കയ്യിൽ പിടിച്ചു വലിച്ച് മുറ്റത്തുകൂടി പുറത്തേക്ക് കൊണ്ട് പോയി.. ഗേറ്റിനു പുറത്തേക്ക് തള്ളി വാതിലടച്ചു.. അവൾ ഗേറ്റിൽ ആഞ്ഞു തല്ലി.. അവളുടെ കരച്ചിൽ അവിടമാകെ മുഴങ്ങി കേട്ടു... അപ്പോഴേക്കും കൂട്ടിൽ നിന്നും നായയെ അഴിച്ചു വിട്ടിരുന്നു...

ആനിന്റെ ശബ്ദം കേട്ട് നായ ഗേറ്റിനു മുന്നിൽ നിന്ന് വിടവിലൂടെ ആനിനെ നോക്കി കുരച്ചു കൊണ്ടേയിരുന്നു.. ആ ശബ്ദത്തിൽ അവളുടെ കരച്ചിൽ മുങ്ങിപ്പോയി.. എന്തു ചെയ്യും ആരോടു പറയും എന്നറിയാതെ അവൾ ഉരുകി... ഇങ്ങോട്ടു വരാൻ തോന്നിയ നിമിഷത്തെ സ്വയം ശപിച്ചു തലയ്ക്കടിച്ചു കരഞ്ഞു.. കയ്യിൽ ഫോൺ പോലും ഇല്ല എന്ന് ആലോചിച്ചപ്പോൾ അവൾ മുടിയിൽ കൈകോർത്തു വലിച്ച് വെറും പൊട്ടികരഞ്ഞു വെറും നിലത്തേക്കിരുന്നു... അവൾക്ക് മുന്നിൽ ഒരു ബ്ലാക്ക് ഓഡി കാർ വന്ന് നിന്നു... അതിൽ നിന്നും ഷൂസ് ഇട്ട രണ്ട് കാലുകൾ പുറത്തേക്കിറങ്ങി... കാറിന്റെ ഡോർ അടയുന്ന ശബ്ദം കേട്ട് അവൾ പതിയെ തലയുയർത്തി.. വൈറ്റ് ഷൂസും ഐസ്ബ്ലൂ ജീനും വൈറ്റ് ഷർട്ടും.. ആ നോട്ടം മുഖത്തിലേക്കെത്തി.. അവളുടെ കണ്ണുകൾ വിടർന്നു.. അത്ഭുതവും ആശ്വാസവും... "ആരവ്....."............ തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story