നിലാമഴ: ഭാഗം 13

Nilamazha

എഴുത്തുകാരി: അനു രാജീവ്

ആരവ് മുന്നോട്ട് വന്നു... ആനിന്റെ കയ്യിൽ പിടിച്ചെഴുന്നേൽപ്പിച്ചു.. അവളാകെ തളർന്നിരുന്നു... അപ്പോഴും ആ കണ്ണുനീരിൽ കുതിർന്ന മിഴികളിൽ അത്ഭുതം ബാക്കിയായിരുന്നു.. ആരവ് ആനിന്റെ കയ്യിൽ മുറുകെ പിടിച്ച് ഗേറ്റിനടുത്തേക്ക് വന്നു... ഒന്ന് നോക്കിയതും വാച്ച്മാൻ ഗേറ്റ് തുറന്നു കൊടുത്തു... അത്രയും നേരം ശൗര്യത്തോടെ കുരച്ചുകൊണ്ടിരുന്ന നായ അവന്റെ കാലിന് ചുറ്റും പമ്മി പതുങ്ങി... പുറത്തേക്കോടാൻ നിന്ന കുഞ്ഞിനെ പിടിച്ചു നിർത്തിയ പണിക്കാരന്റെ കൈകൾ തനിയെ അയഞ്ഞു.. അയാളുടെ കയ്യിൽ നിന്നും കുഞ്ഞ് താഴെക്കിറങ്ങി... കരഞ്ഞ കുഞ്ഞു മുഖം വീർപ്പിച്ച് അവൾ പുറത്തേക്കിറങ്ങിയതും തന്റെ അമ്മയുടെ കയ്യും പിടിച്ച് അകത്തേക്ക് വരുന്ന ആളെ കണ്ട് അവൾ സ്റ്റെപ്പുകൾ ഓടിയിറങ്ങി മുറ്റത്ത് വന്നു നിന്നു.. "അച്ഛാ.........." ആരവ് ആനിന്റെ കയ്യിലേ പിടി വിട്ടു.. ആ വിളിയിൽ ആനും ആരവും ഉൾപ്പടെ എല്ലാവരും ഞെട്ടി.. നച്ചൂട്ടി ഓടി വന്ന് ആരവിന്റെ കയ്യിലേക്ക് കയറി..

ആരവ് കുനിഞ്ഞ് കുഞ്ഞിനെയെടുത്തു.. അവൾ ഇരുകൈയും അവന്റെ കഴുത്തിലൂടെ ചുറ്റിപ്പിടിച്ചു തോളിൽ മുഖമമർത്തി കിടന്നു... കുഞ്ഞ് വിറയ്ക്കുന്നുണ്ടായിരുന്നു.. അവൾ പതിയെ കരഞ്ഞ മുഖം ഉയർത്തി ആരവിനെ നോക്കി.... "അച്ഛാ.. അച്ചേടെ അച്ചാച്ചൻ ചീത്തയാ... മോളേ പിടിച്ചു വച്ചാൻ നോക്കി.. അമ്മേനെ കയ്യിൽ പിച്ച് വലിച്ചോണ്ട് പോയി പുരത്തോട്ട് ഇട്ട് ഗെറ്റ് അടച്ചു. നച്ചൂട്ടിയെ മാത്തരം അമ്മേടെ കൂടെ വിട്ടില്ല.. ദേ ഇബടെ പിടിച്ച് അമത്തി ആ മാമൻ.." അവൾ കുഞ്ഞു കയ്യിൽ പതിഞ്ഞുകിടക്കുന്ന കൈപാടുകൾ കാണിച്ച് പരാതി പോലെ ആരവിനോട് പറഞ്ഞു.. ആരവ് കുഞ്ഞിന്റെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്ത് അവളെ ആനിന്റെ കയ്യിലേക്ക് കൊടുത്തു.. ആൻ അപ്പോഴും അമ്പരപ്പ് മാറാതെ നിൽക്കുകയായിരുന്നു.. ആരവ് മുന്നോട്ട് ഒരടി വച്ചതും പണിക്കാരിൽ അല്പം തടിമിടുക്കുള്ള ഒരുത്തൻ മുന്നോട്ട് വന്നു. "കുഞ്ഞേ. അച്ഛൻ പറഞ്ഞിട്ട് ചെയ്തതാ. കുഞ്ഞ് പ്രശ്നമൊന്നും പ്ടെ ⚡️ ആആആആ..... ബാക്കി പറയും മുന്നേ അവൻ നിലത്തേക്ക് മുഖമടിച്ചു വീണിരുന്നു..

അവന്റെ നിലവിളി കേട്ട് നച്ചൂട്ടി ആനിന്റെ തോളിൽ മുഖമമർത്തി കിടന്നു.. "ദൈവം തമ്പുരാൻ വന്നു പറഞ്ഞാലും നെറികേടാണേൽ ചെയ്യരുത്... മനസിലായോ ടാ .............. മോനെ... " ആരവ് അടുത്ത അടി എടുത്തുവയ്ക്കുമ്പോഴേക്കും ബാക്കിയുള്ള പണിക്കാർ പുറകിലേക്ക് മാറി നിന്നു... കുറച്ചു മുന്നേ കുഞ്ഞ് ചൂണ്ടിക്കാണിച്ച ആളിനടുത്തേക്കാണ് ആരവ് പോയത് . അയാൾ ഭയംകൊണ്ട് ചുറ്റും നോക്കിക്കൊണ്ടിരുന്നു.. അകത്തുനിന്നും ആരെയോ പ്രതീക്ഷിക്കുന്നപോലെ അങ്ങോട്ടും ഇടയ്ക്ക് നോക്കുന്നുണ്ട്.. ആരവ് അയാളുടെ വലതു കൈയിൽ പിടിച്ചു.. അയാൾ ഞെട്ടി... ആ കൈ അമർത്തി പുറകിലേക്ക് മടക്കി... വേദന കൊണ്ട് അയാളുടെ മുഖം ചുളിഞ്ഞു.. വേദന സഹിക്കാതെ വന്നപ്പോൾ ഉച്ചത്തിലുള്ള നിലവിളി ശബ്ദം പുറത്തേക്ക് വന്നു... "ആരവ്......." ആ ഗാംഭീര്യമുള്ള ശബ്ദം അവിടെ മുഴങ്ങുമ്പോഴേക്കും അവൻ അയാളുടെ കയ്യിലേ പിടുത്തം വിട്ട് ദേഷ്യത്തോടെ നിൽക്കുന്ന ദേവരാജിന് നേരെ തിരിഞ്ഞു..

"നിങ്ങളുടെ ശബ്ദത്തിൽ എന്റെ പേര് പോലും കേൾക്കാൻ എനിക്ക് താല്പര്യമില്ല... ഒരു മിനിറ്റിന്റെ വ്യത്യാസത്തിൽ ജനിച്ചതാണെങ്കിലും അവനെനിക്ക് ഏട്ടൻ തന്നെയായിരുന്നു.. അവനെ ഇല്ലാതാക്കാൻ എന്ന് നിങ്ങൾ ആളുകളെ അയച്ചോ, അന്ന് തീർന്നു നിങ്ങളും ഞാനും തമ്മിലുള്ള ബന്ധം.. ഇനി ഒരിക്കലും ഈ നാട്ടിൽ കാലുകുത്തില്ല എന്ന് കരുതിയതാണ്.. ഇപ്പോൾ വന്നത് ഇവർക്ക് വേണ്ടിയാ..." ആനിനെയും കുഞ്ഞിനേയും ചൂണ്ടി ആരവ് പറയുമ്പോൾ മുഖത്തെ ദേഷ്യം ഒട്ടും കുറയാതെ ദേവരാജും, അടുത്തുതന്നെ സാരി വായിൽ തിരുകി കരഞ്ഞുകൊണ്ട് ലക്ഷ്മിയും ഉണ്ടായിരുന്നു.. "ഇത്രയും വർഷം കഴിഞ്ഞിട്ടും നിങ്ങളുടെ ഉള്ളിലെ ക്രൂരത മാത്രം കുറഞ്ഞില്ല അല്ലേ.. കഷ്ടം.. നിങ്ങൾ ഇതിനൊക്കെ അനുഭവിക്കും... അന്ന് തിരിഞ്ഞുനോക്കാൻ ഈ പട്ടി പോലും കാണില്ല... ഓർത്തോ.." ആരവ് ആനിന്റെ കയ്യിൽ പിടിച്ച് പുറത്തേക്ക് നടന്നു... കാറിന്റെ ഡോർ തുറന്ന് കൊടുത്തതും ആൻ യാന്ത്രികമായി അകത്തേക്ക് കയറി..

ആരവ് ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയിരുന്നു.. വണ്ടി അവിടെ നിന്നും മുന്നോട്ട് നീങ്ങി... ആനിന്റെ കണ്ണുകൾ അപ്പോഴും നിറഞ്ഞു കൊണ്ടിരിക്കുന്നുണ്ടായിരുന്നു.. എന്താണ് സംഭവിച്ചത് എന്ന് ഇപ്പോഴും മനസ്സിലാകുന്നില്ല.. ഒരു നിമിഷം കൊണ്ട് എല്ലാം നഷ്ടമായി എന്നു കരുതി.. തനിക്ക് സ്വന്തമെന്നു പറയാൻ ആരുമില്ലാത്ത നാട്ടിലേക്ക് എന്ത് വിശ്വസിച്ചാണ് താൻ വന്നത്? ആരോട് പറയുമായിരുന്നു? എന്ത് ചെയ്യുമായിരുന്നു? കുഞ്ഞിനെയും കൂടി നഷ്ടമായാൽ പിന്നെ ഒരിക്കലും ജീവിച്ചിരിക്കില്ലായിരുന്നു.. എല്ലാം തിരിച്ചു കിട്ടി എന്ന് വിശ്വസിക്കാൻ ഇപ്പോഴും മനസ്സ് വിസമ്മതിക്കും പോലെ.. അവൾ തന്റെ നെഞ്ചിൽ കിടക്കുന്ന മോളെ ഒന്നുകൂടി നോക്കി.. നെറ്റിയിൽ ചുംബിച്ചു.... അവളെ ഒന്നു കൂടി ചേർത്തു പുണർന്നു.. ആശ്വാസത്തോടെ നിശ്വസിച്ചു.. കണ്ണുകളടച്ച് സീറ്റിലേക്ക് ചാരികിടന്നു... ഒരു 5 മിനിറ്റ് കൂടി വേണ്ടി വന്നു അവൾക്ക് സാധാരണനിലയിലെത്താൻ... നോട്ടം ആരവിലേക്കായി.. കുഞ്ഞ് അച്ഛാ എന്ന് വിളിച്ചത് അവൾക്ക് ഓർമ്മ വന്നു... എന്തു പറയും താൻ? ഇത് നിന്റെ അച്ഛനല്ല എന്നോ? അച്ഛന്റെ അതേ രൂപമുള്ള മറ്റൊരാളാണെന്നോ..? എന്ത് പറയും എന്റെ കുഞ്ഞിനോട്... വീണ്ടും ആ അമ്മമനം വിങ്ങി..

വണ്ടി മുന്നോട്ട് നീങ്ങുന്നുണ്ട്.. എങ്ങോട്ടാണെന്ന് ചോദിക്കണം എന്നുണ്ട്.. പക്ഷേ വാക്കുകൾ ഒന്നും പുറത്തേക്ക് വരുന്നില്ല.. ഭയം കൊണ്ടാണോ അതോ മറ്റെന്തെങ്കിലും? അവൾ കുറച്ചു നേരം കൂടി ആരവിനെ നോക്കിയിരുന്നു.. ഇനിയൊരിക്കലും കാണാൻ കഴിയില്ല എന്ന് മനസ്സിൽ അടിവരയിട്ടുവച്ച രൂപം ഇതാ തന്റെ മുന്നിൽ.. പക്ഷേ ഹർഷേട്ടന്റെ യാതൊരു ഭാവവും ആ മുഖത്തില്ല.. ഹർഷേട്ടന്റെ മുഖത്തുണ്ടായിരുന്ന കള്ളച്ചിരിക്ക് പകരം ഗൗരവം, തന്റെ പ്രിയപ്പെട്ട നുണക്കുഴികളെ ഒളിപ്പിച്ചുവെച്ച തിങ്ങി നിറഞ്ഞ താടി ഇല്ല.. തന്നെ ഇക്കിളികൂട്ടിയിരുന്ന പിരിച്ചു വച്ച മീശയില്ല... മന്ത്രിപുത്രനായിട്ടും ഇട്ടിരുന്ന കോട്ടൻ ഷർട്ടിന്റെയും വെള്ളമുണ്ടിന്റെയും എളിമയില്ല.. ഒരു തവണ കൂടി ഒന്ന് കാണാൻ കഴിഞ്ഞെങ്കിൽ.. ആഗ്രഹിച്ചുപോകുന്നു.. ഇനിയും ആ മുഖത്തേക്ക് നോക്കി ഇരുന്നാൽ ഒരിക്കലും കിട്ടില്ല എന്നുറപ്പിച്ച് മറന്നതെല്ലാം വീണ്ടും ആഗ്രഹിച്ചുപോകും... വേണ്ട.. അവൾ നോട്ടം മാറ്റി.. കൺകോണിൽ ഇറ്റു വീഴാൻ തുടങ്ങിയ കണ്ണുനീർത്തുള്ളിയെ പുറം കൈകൊണ്ടു തുടച്ചു മാറ്റി.. "മരിയ....." പുതുമയുള്ള വിളി... അവൾ ആരവിനെ നോക്കി.. "എനിക്കറിയുന്ന ആൻമരിയ ഇങ്ങനെയായിരുന്നു.. ഹർഷിത് പറഞ്ഞു തന്നിട്ടുള്ള തൊട്ടാവാടി...

പക്ഷേ കഴിഞ്ഞ അഞ്ചു വർഷങ്ങൾ കൊണ്ട് ആൻമരിയക്ക് യാതൊരു മാറ്റവും വന്നിട്ടില്ല എന്ന് പറഞ്ഞാൽ ഞാൻ വിശ്വസിക്കില്ല.. താങ്ങാൻ ആരുമില്ല എന്നറിയുമ്പോൾ തളരും.. സ്വാഭാവികമാണ്.. 10 മാസം ഈ നാട്ടിൽ കിടന്ന് പൊരുതിയില്ലേ.. ഒറ്റക്ക്.. ആ ആൻമരിയക്ക് തളരാനാവില്ല..." അവൾ എല്ലാം കേട്ടിരുന്നു.. ഉത്തരമില്ല.. ഹർഷിന്റെ കാർ ആ വീട്ടിലേക്ക് കയറി നിന്നു.. ആനിന്റെ കണ്ണുകളിൽ അത്ഭുതം... ആരവ് ഒന്നും പറയാതെ തന്നെ ആൻ ഡോർ തുറന്നു പുറത്തേക്കിറങ്ങി.. തൊട്ടപ്പുറത്ത് നിൽക്കുന്ന തനുവിന്റെ വീട്ടിലേക്ക് നോക്കി.. പെയിന്റിന്റെ കളർ മാറിയിരിക്കുന്നു എന്നല്ലാതെ ആ വീടിന് യാതൊരു മാറ്റവും വന്നിട്ടില്ല.. പണ്ട് പുറത്തുനിൽക്കുന്ന തേജസിന്റെ ബൈക്കിന്റെ സ്ഥാനത്ത് ഒരു കാറും സ്കൂട്ടറും നിൽക്കുന്നുണ്ട്.. ആരെയെങ്കിലും കാണാനാവുമോ എന്ന് പ്രതീക്ഷിച്ച് അവൾ ആ വാതിൽക്കലേക്ക് കണ്ണുനട്ടു നിന്നു.. "മരിയ..." "ആഹ്.." അവൾ ആരവിനെ നോക്കി.. "വാ..." "നമ്മളെന്തിനാ ഇങ്ങോട്ട് വന്നത്.. ബാംഗ്ലൂരിലേക്ക് തിരിച്ച് പോവണം..."

"ഒരഞ്ചു ദിവസം. ഇവിടെ നിൽക്കണം... 10 ദിവസത്തെ ലീവില്ലേ?" അവൾ ഞെട്ടി.. " എനിക്കറിയാം 10 ദിവസം ലീവ് എടുത്തിട്ട് വന്നതാണെന്ന്.. അയാളെ പേടിച്ചാണ് നാലാം ദിവസം തന്നെ പോകാൻ പുറപ്പെട്ടതെന്ന്... എന്തായാലും വന്നില്ലേ.. ഒരഞ്ചു ദിവസം കൂടി ഇവിടെ നിൽക്കണം.." ' "പക്ഷേ.. അത് ശരിയാവില്ല.." "ഞാൻ ഉള്ളതുകൊണ്ടാണോ?? ഹർഷിത് മരിച്ചെന്ന് ഇവിടെ മറ്റാർക്കും അറിയില്ല.. തന്റെ കൂടെ എവിടെയോ ജീവിക്കുന്നുണ്ട് എന്ന് തന്നെയാണ് ഇവിടെയുള്ളവരുടെയെല്ലാം വിചാരം.. അതുകൊണ്ട് ആരും തെറ്റിദ്ധരിക്കും എന്ന് കരുതണ്ട.." "നീ എന്തൊക്കെയോ പറയുന്നത്?? അതൊന്നും ശരിയാവില്ല.. പോണം.." ആൻ വാശിപിടിച്ചു.. "ഹർഷിനെ ഇല്ലാതാക്കിയവർ.. പുറകിൽ നിന്ന് കുത്തിയ ആരോ. ഇവിടെ തന്നെയുണ്ട്.. നിനക്ക് നിന്റെ ഭർത്താവിനെ കൊന്നവരോടുള്ള വികാരം എന്താണെന്ന് എനിക്കറിയില്ല.. പക്ഷേ എനിക്ക് എന്റെ കൂടപ്പിറപ്പിനെ ഇല്ലാതാക്കിയവരെ ഇതാക്കണം.. ഞാനിവിടെ ഹർഷിതായി നിൽക്കും... ഹർഷിത് ജീവനോടെയുണ്ടെന്നറിയുമ്പോൾ അവർ വീണ്ടും വരും.. വരുത്തണം... പറ്റുമെങ്കിൽ കൂടെ നിൽക്ക്.." ആരവ് കുഞ്ഞിനെയുമെടുത്ത് അകത്തേക്ക് നടന്നു... ആൻ അനങ്ങാതെ നിന്നു...

ഒരായിരം വട്ടം ചിന്തിച്ചുകാണും ഇങ്ങോട്ട് വരണം, ഹർഷേട്ടനെ ഇല്ലാതാക്കിയവരെ വെട്ടിനുറുക്കി കൊല്ലണം എന്നൊക്കെ.. പക്ഷേ കുഞ്ഞിന്റെ മുഖം ആലോചിക്കുമ്പോൾ.. അവൾക്ക് മറ്റാരുണ്ട്.. എന്റെ മോൾ ഒരിക്കലും തന്നെപ്പോലെ അനാഥയായി വളരരുത്... ചോദിക്കാനും പറയാനും ആരുമില്ലാത്തവളാവരുത്.. വാതിൽ വലിയ ശബ്ദത്തോടെ തുറക്കപ്പെട്ടു.. പഴകിയ മണം.. ആൻ കണ്ണുകളടച്ചു. ആ വീട്ടിൽ നിന്നും ആരുടെയൊക്കെയോ ചിരികൾ.. തന്റെ ജീവിതത്തിലെ സന്തോഷം നിറഞ്ഞ ദിനങ്ങൾ... വീണ്ടും കണ്ണുകൾ നിറയാനൊരുങ്ങുന്നു.. അതിന് ഇതുവരെ കണ്ണുകൾ തോർന്നിട്ടില്ലല്ലോ..! അവൾ അകത്തേക്ക് കടന്നു.. ഒന്നിനും മാറ്റം വന്നിട്ടില്ല... കുഞ്ഞ് ആരവിന്റെ കയ്യിൽ നിന്നും ഇറങ്ങി ഓരോ ഭാഗത്തായി ഓടി കളിക്കുന്നുണ്ട്.. ആരവിനെ നോക്കിയുള്ള അവളുടെ അച്ഛാ എന്ന വിളി മാത്രം ആനിന് അസഹനീയമായി തോന്നി.. നടുത്തളത്തിൽ കെട്ടിനിൽക്കുന്ന വെള്ളത്തിലേക്ക് കണ്ണുകൾ പാഞ്ഞു... പഴയ ഓർമകളിലേക്ക് മനസ്സും... ____❤️

ഹർഷിന്റെ വാക്കുകൾ ഓർമ്മ വന്നെങ്കിലും ഒന്ന് തനുവിനെ കാണണം എന്ന് തന്നെ ആൻ തീരുമാനിച്ചു... കൊളുത്തു മാറ്റി പതിയെ വാതിൽ തുറന്നു .. പുറത്തേക്കിറങ്ങിയതും ആദ്യം നോക്കിയത് തനുവിന്റെ വീട്ടിലേക്കാണ്.. പുറത്ത് ആരും ഉണ്ടായിരുന്നില്ല... അവൾ മുറ്റത്തേക്കിറങ്ങി ഗേറ്റ് കടന്ന് റോഡിലേക്കിറങ്ങി.. തനുവിനെ വീടിനു മുന്നിലെ ഗേറ്റ് തുറന്ന് അകത്തേക്ക് കടന്നു.. കോളിംഗ് ബെൽ അടിച്ചതും തനുവിന്റെ അമ്മ വന്ന് വാതിൽ തുറന്നു... അവൾക്ക് ചിരിക്കണോ വേണ്ടയോ എന്ന് പോലും അറിയുന്നുണ്ടായിരുന്നില്ല.. അവളുടെ അവസ്ഥ മനസ്സിലാക്കി അമ്മ അവൾക്കടുത്തേക്ക് വന്നു... ആനിന്റെ മുഖത്ത് തലോടി.. "ഞാനറിഞ്ഞു മോളെ എല്ലാം.. തേജസ് പറഞ്ഞു.. എന്തായാലും നന്നായി.. എല്ലാം നല്ലതിനാകും.." അവൾ ഒന്ന് ചിരിച്ചു.. "തനു എവിടെ?? " " അവൾ മുറിയിലുണ്ട്.. ഇന്നലെ വന്നപ്പോൾ തൊട്ട് തുടങ്ങിയ കിടത്തമാണ്.. എന്തുപറ്റി ആവോ? അവിടെ എന്തെങ്കിലും പ്രശ്നമുണ്ടോ മോളെ?? " "ഇല്ല.. അ...അറിയില്ല അമ്മ"

അവൾ പതറി കൊണ്ട് മറുപടി കൊടുത്ത് അകത്തേക്ക് കയറി.. തനുവിന്റെ മുറി ലക്ഷ്യമാക്കി നടക്കുമ്പോൾ കാലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു.. പതിയെ ഹാൻഡിലിൽ പിടിച്ച് ഡോർ തുറന്നു.. ബെഡ്ഡിൽ കമിഴ്ന്നു കിടക്കുന്ന തനുവിനെ കണ്ട് ആൻ അൽപ നേരം അനങ്ങാതെ നിന്നു... "തനു..." അവൾ മിണ്ടിയില്ല... ആൻ അകത്തേക്കു നടന്ന് ബെഡിലേക്ക് ഇരുന്നു... തനുവിന്റെ തോളിൽ കൈവച്ചു.. " എടീ.. എനിക്ക് വേറെ വഴിയുണ്ടായിരുന്നില്ല.. മദർ പുലർച്ചെ തന്നെ എന്നെ ഇറക്കി വിട്ടു.. ഹർഷേട്ടന്റെ കൂടെ ഇങ്ങോട്ട് വരികയല്ലാതെ മറ്റൊരു വഴിയും ഇല്ലായിരുന്നു.. നീ പറഞ്ഞപോലെ ഒരു നിമിഷം കൊണ്ട് അങ്ങേരെ മറക്കാൻ എന്നെക്കൊണ്ട് പറ്റില്ല ടീ.. അതിലും ഭേദം ഞാൻ മരിക്കുന്നതാ.... " "എന്നാൽ നിനക്ക് ചത്തൂടെ" തനു എഴുന്നേറ്റിരുന്നു.. "തനൂ..." " വേണ്ടാ ഇനി നീ എന്നെ അങ്ങനെ വിളിക്കണ്ട.. എനിക്ക് നിന്നെ കാണണ്ട. എന്റെ കണ്മുൻപിൽ നിന്ന് പോ ആൻ.. " "തനൂ.." "പോ......" തനുവിന്റെ അലറൽ കേട്ട് ആൻ എഴുന്നേറ്റു... തന്നെ ശ്രദ്ധിക്കുന്നില്ല എന്ന് മനസ്സിലായപ്പോൾ ആൻ പതിയെ പുറത്തേക്ക് നടന്നു.. അമ്മയോട് യാത്ര പറഞ്ഞ് തറവാട് വീടിലേക്ക് തിരികെ പോയി..

വാതിലടച്ച് തിരിയുമ്പോഴേക്കും പുറത്ത് വണ്ടി വന്നു നിന്ന ശബ്ദം കേട്ട് ഹർഷിത് ആണെന്നുകരുതി ആൻ വേഗം വാതിൽ തുറന്നു.. മുറ്റത്ത് നിർത്തിയിട്ടിരുന്ന സ്കോർപിയോയിൽ നിന്നിറങ്ങിയ ആളുകളെ കണ്ട് അവളുടെ മുഖത്തെ തെളിച്ചം മാഞ്ഞു.. അവർ ഒന്നും ചോദിക്കാതെ അകത്തേക്ക് കയറി വന്നു.. ഒരുത്തൻ പടിയിൽ വച്ച ചെടിചട്ടി ചവിട്ടി താഴെയിട്ടു.. ആൻ ഞെട്ടി.... ഒന്നും ആലോചിക്കാതെ വാതിൽ തുറക്കാൻ തോന്നിയ നിമിഷത്തെ സ്വയം ശപിച്ചു കൊണ്ട് അവൾ പുറകിലേക്ക് കാലടി വച്ചു.. അവന്മാർ അവളെ കടന്ന് അകത്തേക്കു കയറി.. ഒരുത്തൻ ഓരോ മുറിയിലും കയറി ആരെയോ തപ്പി ഇറങ്ങുന്നുണ്ടായിരുന്നു.. "എവിടെടീ നിന്റെ മറ്റവൻ??" അതിലെ ഒരു തടിമാടൻ വഷളൻ ചിരിയോടെ അവളുടെ അടുത്ത് വന്നു ചോദിച്ചു.. ആൻ ഞെട്ടി ഒരടി പുറകിലേക്കു മാറി.. "ഇവിടെ.. ഇവിടെ ഇല്ല..." "വിളിച്ചു വരുത്ത്..." "എൻ.. എന്റെയിൽ ഫോണില്ല.." "ഓഹോ.. എന്നാൽ പിന്നെ അവൻ വരുമ്പോ വരട്ടെ.. അത് വരെ നമുക്കൊന്ന് കൂടാന്നെ. " അയാൾ അവളുടെ അടുത്തേക്ക് നീങ്ങി. അവൾ വിറച്ചു കൊണ്ട് പുറകിലേക്ക് അടികൾ വച്ചു.. അയാൾ അവളുടെ ഷാൾ വലിച്ചെടുത്തു.. അത് കണ്ട് ബാക്കിയുള്ളവരെല്ലാം പൊട്ടി ചിരിച്ചു..

അവൾ കരഞ്ഞു കൊണ്ട് അകത്തേക്ക് ഓടി മുറിയിലേക്ക് കയറാൻ നിൽക്കുമ്പോഴേക്കും പുറകിൽ നിന്നും അലറിയുള്ള കരച്ചിൽ കേട്ട് അവളുടെ കാലുകൾ നിശ്ചലമായി... അവൾ തിരിഞ്ഞു നോക്കി.. തന്റെ ഷാൾ വലിച്ചെടുത്തവന്റെ കഴുത്തിലൂടെ അതേ ഷാൾ ഇട്ട് മുറുക്കി ചുരുട്ടി പിടിച്ചിരിക്കുന്ന ഹർഷിനെ കണ്ട് അവൾ കരഞ്ഞുപോയി. അവൾ ഹർഷിനടുത്തേക്ക് പാഞ്ഞു പോയി അവനെ ചുറ്റിപ്പിടിച്ചു.. ഷാൾ കഴുത്തിലിട്ട് മുറുക്കിയവന്റെ കാലിൽ ചവിട്ടി വീഴ്ത്തി അവൻ ഇരുകയ്യാലും അവളെ പുണർന്നു.. പേടി കൊണ്ടോ, ആശ്വാസം കൊണ്ടോ, അവൾ തേങ്ങുന്നുണ്ടായിരുന്നു.. "പേടിക്കണ്ടടീ... ഞാനില്ലേ..." അവൾ കണ്ണു തുടച്ച് മുഖമുയർത്തി അവന്റെ മുഖത്തേക്ക് നോക്കി.. ഒരുകണ്ണിറുക്കികൊണ്ടുള്ള ആ നോട്ടത്തിൽ അവളുടെ മുഖത്തിൽ പുഞ്ചിരി വിടർന്നു... "ഇവർക്കെന്താ വേണ്ടതെന്നു ചോദിക്കട്ടെ.. നീ ഇത്തിരി മാറി നിക്ക്.." അവൾ കുഞ്ഞു കുട്ടികളെ പോലെ തലയാട്ടി സൈഡിലേക്ക് മാറി നിന്നു.. അതുവരെ അവന്റെ മുഖത്തുണ്ടായിരുന്ന ചിരിമാഞ്ഞു..

മുണ്ട് മടക്കി കുത്തി മീശപിരിച്ച് നെഞ്ചുവിരിച്ചു നിന്നതും അത് വരെ ഭാവഭേദമന്യേ നിന്നവരുടെ മുഖത്തിലെല്ലാം ഭയം നിറഞ്ഞു.. ഒരൊറ്റ അടിയിൽ മുന്നിൽ നിന്നവൻ വായുവിൽ പറന്ന് നിലത്തേക്ക് കമിഴ്ന്നടിച്ചു വീണു... ബാക്കിയുള്ളവരെല്ലാം ഞെട്ടി.. "ആരയച്ചു? എന്തിന് വന്നു..??" ഹർഷിത്തിന്റെ ചോദ്യത്തിന് ആരും മിണ്ടാതായപ്പോൾ അവൻ അവിടെയുണ്ടായിരുന്ന സ്റ്റൂൾ എടുത്ത് നിലത്ത് വീണുകിടന്നവന്റെ നടുവിലിട്ട് ഒന്ന് കൊടുത്തു... അവൻ വേദന കൊണ്ട് അലറി.. ഹർഷിത് നിലത്തു വീണു കിടന്ന സ്റ്റൂളിന്റെ കാലുകൾ രണ്ടെണ്ണം കയ്യിലെടുത്തു.. ബാക്കിയുള്ളതിൽ ഒരുത്തൻ അത് കണ്ടതും വാതിൽ കടന്ന് പുറത്തോട്ടോടി... അവനു പുറകെ ഓടാൻ നിന്നവന്റെ കാലിലേക്ക് ഹർഷിത് തന്റെ കയ്യിലെ സ്റ്റൂളിന്റെ കഷ്ണം എറിഞ്ഞുവീഴ്ത്തി... ബാക്കിയുണ്ടായിരുന്ന രണ്ടു പേർ പരസ്പരം ഭയത്തോടെ നോക്കി... ഹർഷിത് അവർക്കരികിലേക്ക് പോവാൻ നിന്നതും ഒരുത്തൻ നിലത്തേക്ക് കമഴ്ന്നു കിടന്നു.. കാലിൽ വീഴും പോലെ.. മറ്റൊരുത്തൻ ഹർഷിത്തിനെ നോക്കി.. "അത് അലക്സ്. അലക്സ് അയച്ചതാ.. അലക്സാ.. പ്ലാമഠത്തിൽ അലക്സ്. ..." അവൻ പേടി കൊണ്ട് വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരുന്നു....

ഹർഷിത് നിലത്ത് വീണു കിടക്കുന്നവനെ ഒന്ന് കൂടെ ചവിട്ടി അവിടെയുള്ള സോഫയിലേക്കിരുന്നു.. "അവനോട് പറ, ഇനി ആളെ അയക്കുമ്പോ കുറച്ചൂടെ തണ്ടെല്ലിന് ഉറപ്പുള്ളവന്മാരെ അയക്കാൻ.." ബോധമുള്ള മൂന്ന് പേരും വേഗം തലയാട്ടി.. മുന്നിൽ ചോരയൊലിപ്പിച്ച് കിടക്കുന്നവനെ എടുക്കാനായി മൂന്ന് പേരും മുന്നോട്ട് വന്നു.. ഹർഷിത് ഇരുന്നിടത് നിന്നും എഴുന്നേറ്റതും അവർ അവിടെ തന്നെ നിന്നു... "ഇവനെ ഈ പരുവത്തിലാക്കിയത് എന്റെ പെണ്ണിനെ നോക്കിയത് കൊണ്ടാ.... എന്റെ വീട്ടിൽ കേറി വന്ന് എന്റെ പെണ്ണിനെ തൊടണെങ്കിൽ എന്നെ കൊന്നിട്ടായിരിക്കണം.. പെറുക്കി കൊണ്ട് പോടാ ഇവനെ..." ഹർഷിത്തിന്റെ ശബ്ദത്തിൽ ഭയന്ന് മൂന്നാളും ചേർന്ന് നിലത്തുകിടന്നവനെ എടുത്ത് കൊണ്ട് പോയി... ഹർഷിത് തിരിഞ്ഞു നോക്കി.. ഒരു മൂലയിൽ നിന്ന് എന്തോ ആലോചിച്ചു കൊണ്ടിരിക്കുന്ന ആനിനെ കണ്ട് അവൻ നെറ്റിചുളിച്ചു.. അവൻ അവൾക്കടുത്തേക്ക് പോയി... "സോറി.. ഞാൻ അറിയാതെ വാതിൽ തുറന്നു പോയതാ.. വണ്ടിയുടെ ശബ്ദം കേട്ടപ്പോ ഹർഷേട്ടനാവുമെന്ന് കരുതി.." അവൾ സങ്കടത്തോടെ പറയുന്നത് കേട്ട് അവൻ നിറഞ്ഞ ചിരിയോടെ അവളെ ചേർത്ത് പിടിച്ചു..

"സാരമില്ല.. എനിക്കറിയായിരുന്നു നീ എന്തേലും ഒപ്പിക്കുമെന്ന്.. അത് കൊണ്ട് എല്ലാം വിഷ്ണുവിനെ ഏൽപ്പിച്ച് ഞാൻ വേഗം ഇങ്ങു പോന്നു..." "ഹ്മ്മ്.." "വല്ലതും പഠിച്ചോ..?" "മ്ച്ചും.." "പഠിപ്പിച്ചു തരട്ടെ.." അവൾ മുഖമുയർത്തി അവനെ നോക്കി.. "കമ്പ്യൂട്ടർ സയൻസ്കാരൻ ബികോം സബ്ജെക്ട്ൽ എന്ത് പഠിപ്പിച്ചു തരാനാ..?" "Out of syllabus എന്തെങ്കിലും??" പറയുന്നതിനോടൊപ്പം അവന്റെ വിരലുകൾ അവളുടെ ഇടുപ്പിലൂടെ ഇഴഞ്ഞുതുടങ്ങി.. "അയ്യടാ..." അവനെ തള്ളി മാറ്റി അവൾ മുറിയിലേക്ക് ഓടി.. അവൻ ചിരിയോടെ അത് നോക്കി നിന്നു.. ____❤️ അഴകുള്ള ദിനങ്ങൾ.. പ്രണയത്തിന്റെ ദിനങ്ങൾ... നല്ല മഴയുള്ള വൈകുന്നേരം.. വരാൻ വൈകും ആരുവന്നു വിളിച്ചാലും വാതിൽ തുറക്കേണ്ട എന്ന് പറഞ്ഞു സത്യം ചെയ്യിപ്പിച്ചിട്ടാണ് ഹർഷിത് പുറത്തേക്ക് പോയത്.. ഒഴിവാക്കാൻ പറ്റാത്ത ഒരു പരിപാടി ഉണ്ടായിരുന്നു.. ഒരു ബാച്ച്ലേഴ്‌സ് party.. രാത്രിക്കുള്ള ഭക്ഷണം പുറത്തു നിന്നും കൊണ്ടുവരാം എന്ന് പറഞ്ഞതുകൊണ്ട് ആൻ പഠിച്ചു കഴിഞ്ഞതും നടുതളത്തിലേക്ക് വന്നിരുന്നു... നല്ല മഴയുണ്ടായിരുന്നത് കൊണ്ട് അവിടമാകെ വെള്ളം കെട്ടികിടപ്പുണ്ടായിരുന്നു... അവൾ തൂണിൽ ചാരി കാലുനീട്ടിയിരുന്ന് ആകാശത്തേക്ക് നോക്കി..

നിലാവിനെ കണ്ട് അവളുടെ കണ്ണുകൾ തിളങ്ങി.... കുറച്ചേ കാണാൻ കഴിയുന്നുണ്ടായിരുന്നുള്ളൂ.. ഇട്ടിരുന്ന സ്കർട്ട് അല്പം പൊക്കി പിടിച്ച് അവൾ വെള്ളത്തിലേക്കിറങ്ങി.. വട്ടത്തിൽ നിൽക്കുന്ന പൂർണ്ണചന്ദ്രനെ കണ്ട അവളുടെ മുഖത്തിന് ആ ചന്ദ്രനെക്കാൾ ശോഭയായിരുന്നു. "എനിക്ക് വേണമെന്ന് പറഞ്ഞത് തന്നൂലെ. നീ ഒരു സംഭവാട്ടോ. Love you..." ചന്ദ്രനെ നോക്കി രണ്ട് മൂന്ന് ഫ്ലയിങ് കിസ്സ് കൊടുത്ത് അവൾ ഓരോ വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരുന്നു .. അപ്പോഴേക്കും കറുത്ത മേഘങ്ങൾ ചന്ദ്രനെ വിഴുങ്ങിയിരുന്നു.. അവൾ ആകാശത്ത് മുഴുവൻ കണ്ണുകൾകൊണ്ട് പരതി.. ഒരു നക്ഷത്രം പോലുമില്ല.. ഇടുപ്പിൽ കൈകുത്തി കാരണം ചിന്തിക്കുമ്പോഴേക്കും അവൾക്കും മേലെ മഴത്തുള്ളികൾ പൊഴിഞ്ഞു.. ഓടി മാറാൻ നോക്കിയെങ്കിലും, എന്തോ ഒന്ന് തടഞ്ഞു.. ആ മഴ നനയാം എന്ന് തോന്നി... അവൾ ആ വെള്ളത്തിൽ തന്നെ നിന്നു.. മഴത്തുള്ളികൾ അവളുടെ ഉടലിനെ പൊതിഞ്ഞു.. കണ്ണടച്ചു കൊണ്ട് അവൾ ആ കുളിരിനെ തന്നിലേക്ക് ചേർത്തു പിടിച്ചു... പുറത്തുനിന്നും ഹോണടി കേട്ട് അവൾ ഞെട്ടി കണ്ണുകൾ തുറന്നു... സ്‌കർട്ടിന്റെ അറ്റം പിഴിഞ്ഞ് അവൾ തൂണിൽ പിടിച്ച് മുകളിലേക്ക് കയറി.. വാതിലിലെ ഹോളിലൂടെ നോക്കിയപ്പോൾ നേരെ വാതിലിനു മുന്നിൽ നിൽക്കുന്ന ഹർഷിനെ കണ്ട് അവൾക്ക് ആശ്വാസമായി.. അവൾ വേഗം വാതിൽ തുറന്നു..

മുന്നിൽ നനഞ്ഞു കുളിച്ചു നിൽക്കുന്നവളെ കണ്ട് ഹർഷിത് നെറ്റിചുളിച്ചു.. അവൻ വേഗം അകത്തേക്ക് കയറി വാതിലടച്ചു... "നീ എന്താടി ഇങ്ങനെ നനഞ്ഞേക്കുന്നെ...?" "മഴ..." "അതിന്....?" "നനയാൻ തോന്നി." "2 ദിവസം കഴിഞ്ഞാ exam തുടങ്ങും.. മറന്നോ.. ഇരിക്കിവിടെ. " അവളെ പിടിച്ച് സ്റ്റൂളിലേക്ക് ഇരുത്തി സൈഡിൽ തൂക്കിയിട്ടിരുന്ന തോർത്തെടുത്ത് അവളുടെ തല തുടച്ചു കൊടുത്തു.. "പനി പിടിച്ച് കിടന്നാൽ ഒരു വർഷം പോയി കിട്ടും.. നിനക്ക് ഡിഗ്രി കംപ്ലീറ്റ് ചെയ്യാൻ ആഗ്രഹമില്ലേ?? നോക്ക്. മുഴുവൻ നനഞ്ഞു.. " അവന്റെ ശകാരത്തെ വകവയ്ക്കാതെ അവൾ എഴുന്നേറ്റ് നിന്ന് അവനെ ഇറുകെ പുണർന്നു. "അന്നമ്മോ..." "ഹ്മ്മ്മ്...." "എടി.. ഇന്ന് പ്രലോഭിപ്പിച്ചാ കൈവിട്ടും പോവുംട്ടാ.." "അതെന്താ...?" അവൾ സംശയത്തോടെ അവന്റെ മുഖത്തേക്ക് നോക്കി... മുഖത്തെ കള്ള ലക്ഷണം കണ്ട് അവൾ മുഖമുയർത്തി അവന്റെ ചുണ്ടിനടുത്തേക്ക് മുഖമടുപ്പിച്ചു.. "കുടിച്ചിട്ടുണ്ടോ..?" "കുറച്ച്... നീ വിട്ട് നിന്നെ..." അവളെ തള്ളി മാറ്റി അവൻ അല്പം മാറിനിന്നു.. "അതെന്താ ഞാൻ അടുത്ത് നിന്നാ..?." അവൾ ചുണ്ട് കൂർപ്പിച്ചു.. "ആദ്യം പോയി ഡ്രസ്സ്‌ മാറ്റിയിട്ട് വാ... ഫുഡ് കൊണ്ട് വന്നിട്ടുണ്ട്.." "വിഷയം മാറ്റണ്ട.. ഞാനിങ്ങനെ ചേർന്ന് തന്നെ നിൽക്കും..." അവൾ അവന്റെ മേലേക്ക് ചേർന്നു നിന്നു... അവൻ അവളുടെ മുഖത്തേക്ക് തന്നെ ഉറ്റുനോക്കി.. നോട്ടം ചുവന്ന ചുണ്ടുകളിൽ തങ്ങി നിന്നു. അവന്റെ നോട്ടത്തിന്റെ അർത്ഥം മനസ്സിലാക്കി അവൾ അകന്നു പോകുമ്പോഴേക്കും അവന്റെ കൈകൾ അവളെ വരിഞ്ഞുമുറുകി ആ ചുണ്ടുകളെ നുണഞ്ഞു തുടങ്ങിയിരുന്നു ........... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story