നിലാമഴ: ഭാഗം 16

Nilamazha

എഴുത്തുകാരി: അനു രാജീവ്

തന്റെ നെഞ്ചിൽ പറ്റിച്ചേർന്നു കിടക്കുന്ന ആനിനെ അവൻ ഒന്നൂടെ ചേർത്തു പിടിച്ചു.. ആ നെറ്റിയിൽ ചുംബിച്ചു... ആ ചുംബനം തിരിച്ചറിഞ്ഞ പോലെ അവൾ ഉറക്കത്തിൽ നിന്നും എഴുന്നേറ്റു.. കണ്ണുകൾ തുറക്കുമ്പോൾ തന്നെ തന്നെ നോക്കി കിടക്കുന്ന ഹർഷിനെ കണ്ടു അവളൊന്നു പുഞ്ചിരിച്ചു.. ഭാവഭേതമില്ലാത്ത അവന്റെ നോട്ടത്തിന്റെ അർത്ഥം മനസ്സിലാവാതെയായപ്പോൾ അവൾ ഒരു പിരികം എന്താണെന്ന ഭാവത്തിൽ നോക്കി... "Sorry..." അവളുടെ നെറ്റി ചുളിഞ്ഞു.. "എന്തിന്??" "ഞാൻ ഇന്നലെ.... വേണമെന്ന് വച്ചിട്ടല്ല.. സംരക്ഷിക്കാൻ കൊണ്ട് വന്നിട്ട്.. അവൻ വാക്കുകൾക്കായി പരതി.. മറുപടിയെന്നോണം അവൾ അവനെ ഒന്നു കൂടി പുണർന്നു.. "കുടിച്ചിരുന്നത് കൊണ്ടാണോ ഈ കുറ്റബോധം.? എനിക്ക് നല്ല ബോധമുണ്ടായിരുന്നു.." കുറുമ്പായിരുന്നു ശബ്ദത്തിൽ... അവന്റെ കൈകളും അവളെ തിരികെ പുണർന്നു.. അൽപനേരം കഴിഞ്ഞപ്പോൾ അവൾ വീണ്ടും ഉറങ്ങിപ്പോയി.. പിന്നീട് എഴുന്നേറ്റപ്പോൾ കൂടെ ഹർഷിത് ഉണ്ടായിരുന്നില്ല...

അവൾ വേഗം ബെഡിൽ നിന്നിറങ്ങി ഡ്രസ്സ് എടുത്തിട്ട് പുറത്തേക്കിറങ്ങി. അടുക്കളയിൽ നിന്ന് ശബ്ദം കേട്ടപ്പോൾ തന്നെ അവൾക്കറിയാമായിരുന്നു അവിടെ ഉണ്ടാവും എന്ന്.. പോകുമ്പോൾ ആള് പൊരിഞ്ഞ കുക്കിംഗിൽ ആയിരുന്നു... അവളെ കണ്ടതും പതിവു പുഞ്ചിരി സമ്മാനിച്ചു.. തിരികെയുള്ള അവളുടെ ചിരിയിൽ നാണവും കലർന്നിരുന്നു.. അന്ന് മുഴുവൻ അവർ ഒരുമിച്ച് ആ വീട്ടിൽ സമയം ചിലവഴിച്ചു... അൽപനേരം പഠിക്കാനും, ബാക്കി സമയം പ്രണയിക്കാനും... പിറ്റേന്ന് രാവിലെ അവർ കോളേജിലേക്ക് തിരിച്ചു.. കാറിൽ കയറിയത് മുതൽ മുഖം വീർപ്പിച്ചിരിക്കുന്ന ആനിനെ നോക്കി ഹർഷിത് ചിരിച്ചു.. "നീ എക്സാമിനല്ലേ പോകുന്നെ... 10 ദിവസം കഴിഞ്ഞാ അങ്ങോട്ട് തന്നെ തിരിച്ചു വരും.. പിന്നെന്താടീ.." അവൾ ഒന്നും മിണ്ടിയില്ല... " വേണ്ടാത്ത ചിന്തകളൊക്കെ കളഞ്ഞ് എക്സാം നന്നായി എഴുതാൻ നോക്ക്..." "ഹ്മ്മ്..." അവൾ അവന്റെ നെഞ്ചിലേക്ക് ചാരി കിടന്നു.. അവൻ അവളുടെ നെറുകയിൽ ചുംബിച്ചു... ഹോസ്റ്റലിനു മുന്നിൽ വണ്ടി നിർത്തിയപ്പോഴും വാർഡനോട് കാര്യം പറഞ്ഞ് അകത്തേക്കു കയറ്റി വിടുമ്പോഴും അവളിൽ വേദനയായിരുന്നു.. ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാൻ മനസ്സ് സമ്മതിക്കാത്ത പോലെ.

എക്സാം എഴുതിയില്ലെങ്കിലും ഡിഗ്രി കിട്ടിയില്ലെങ്കിലും കുഴപ്പമില്ല.. പക്ഷേ... യാത്ര പറഞ്ഞിറങ്ങുന്നവനെ നോക്കി നിൽക്കേ അവളുടെ മിഴികൾ ഈറനണിഞ്ഞു.. മുറിയിലേക്ക് നടക്കുമ്പോഴാണ് അടുത്ത പ്രശ്നം മനസ്സിലേക്ക് വന്നത്... തനു.... ഇറങ്ങുമ്പോൾ അങ്ങോട്ട് നോക്കിയിരുന്നുവെങ്കിലും പുറത്ത് തേജസേട്ടന്റെ വണ്ടി കണ്ടില്ല.. ഊഹം ശരിയാണെങ്കിൽ അവൾ നേരത്തെ ഹോസ്റ്റലിൽ എത്തിയിട്ടുണ്ടാകും.. തന്നെ അവിടെ കണ്ട സാഹചര്യവും അവളുടെ പ്രതികരണവും എല്ലാം ആനിന്റെ മനസ്സിലേക്ക് കടന്നു വന്നു.. മുറിക്കു മുന്നിലെത്തി ഡോർ തുറക്കണോ എന്നാലോചിച്ച് വീണ്ടും ഒരു നിമിഷം അവിടെ തന്നെ നിന്നു... എന്തും സംഭവിക്കട്ടെ നേരിടാം എന്ന ചിന്തയോടെ അവൾ ഡോർ തുറന്നു... അകത്തു സംഗീതയും ഹെലനും മാത്രമേ ഉണ്ടായിരുന്നുള്ളൂ... ആനിനെ കണ്ടതും അവരുടെ മുഖം വിടർന്നു.. രണ്ടാളും എഴുന്നേറ്റ് ഓടിവന്ന് ആനിനെ കെട്ടിപ്പിടിച്ചു.. അവരുടെ സന്തോഷത്തിൽ നിന്നു തന്നെ അവർ തന്നെ ഒരുപാട് മിസ്സ് ചെയ്തിരുന്നു എന്ന് ആനിന് മനസ്സിലായി...

തന്റെ കയ്യിൽ ഫോൺ ഇല്ലാത്തതുകൊണ്ട് ഒരു തവണ പോലും അവരെ വിളിച്ചില്ലല്ലോ എന്നോർക്കേ അവൾക്ക് വിഷമം തോന്നി.. "തനു എവിടെ?" ആനിന്റെ ചോദ്യംകേട്ട് ഇരുവരും മുഖത്തോട് മുഖം നോക്കി... " അവൾ റൂം മാറി... " "എന്തിന്? ഞാൻ ഉള്ളതുകൊണ്ടാണോ.." ആനിന്റെ മുഖത്ത് സങ്കടം നിഴലിച്ചു.. "അങ്ങനെയൊന്നുമല്ല പെണ്ണേ.. നീ അതൊന്നും മനസ്സിലിട്ട് കുഴപ്പിക്കണ്ട..." "എടീ എന്നാലും... തനു.. ഞാൻ ഒന്നു പോയി സംസാരിക്കട്ടെ..?" അവളുടെ ചോദ്യം കേട്ട് ഹെലന്റെ മുഖത്ത് പുച്ഛം നിറഞ്ഞു... "ആഹ്.. പോയി സംസാരിക്ക്... നീ ഇങ്ങനെ ആയിപ്പോയല്ലോ??.. കഷ്ടം.. അവൾക്ക് ഇപ്പോൾ നിന്നോട് ശത്രുതയാ.. നിന്നെക്കുറിച്ച് എന്തൊക്കെയോ വേണ്ടാത്തത് പറഞ്ഞു നടക്കുന്നുണ്ട്.." "ഹെലൻ നീ മിണ്ടാതിരിക്ക്.. അങ്ങനെയൊന്നുമില്ലെടീ.. അവൾക്ക് നിന്നോട് നല്ല ദേഷ്യം ഉണ്ട്.. അത് എങ്ങനെയെങ്കിലും പ്രകടിപ്പിക്കണ്ടേ.. എക്സാം തീരട്ടെ. നമുക്ക് സംസാരിക്കാം.. ഇതൊന്നും കാര്യമാക്കണ്ട.." ഹെലനെ വിലക്കികൊണ്ട് സംഗീത പറഞ്ഞത് കേട്ട് ആൻ നിശ്വസിച്ചുകൊണ്ട് ബെഡിലേക്കിരുന്നു...

. ഇനിയും അതിനെക്കുറിച്ച് ചിന്തിച്ചിരുന്നിട്ട് കാര്യമില്ല എന്ന് ആനിന് തന്നെ സ്വയം ബോധ്യപ്പെട്ടപ്പോൾ അവൾ ആ കാര്യം മനപൂർവ്വം മറന്നു.. മൂവരും ചേർന്ന് അന്നു മുഴുവൻ എക്സാമിനുള്ള പ്രിപ്പറേഷൻസ് ചെയ്തു.. റൂമിൽ നിന്നും അധികം പുറത്തിറങ്ങാത്തതുകൊണ്ട് തന്നെ തനുവിനെ കണ്ടില്ല.. ഓരോദിവസം ഇടവിട്ടായിരുന്നു എക്സാം ഡേറ്റ്.. 5 സബ്ജെക്ട്. ആകെ 10 ദിവസം... ഓരോ ദിവസം ഗ്യാപ് കിട്ടുന്നത് കൊണ്ട് prepare ചെയ്യാനും ടൈം കിട്ടും.. ആദ്യത്തെ എക്സാം ദിവസം വൈകുന്നേരം ഹർഷിത്തിനെ വിളിച്ച് ആൻ അല്പ നേരം സംസാരിച്ചു . പിന്നീടുള്ള ദിവസങ്ങളിൽ പഠിത്തത്തിൽ നിന്ന് അവളുടെ ശ്രദ്ധ മാറാതിരിക്കാൻ ഹർഷിത് മനപൂർവ്വം അവളിൽ നിന്നും അകന്നു.. കാര്യം തുറന്നു പറഞ്ഞതു കൊണ്ട് ആനിനും അതാണ് ശരി എന്ന് തോന്നി.. അതിനേക്കാളേറെ വിളിക്കുംതോറും, സംസാരിക്കുംതോറും, കാണാനുള്ള ആഗ്രഹം കൂടി വരുമെന്നും തോന്നിയത് കൊണ്ട് അവൾ പിന്നീട് വിളിച്ചില്ല... 3 എക്സാം കൂടെ തീർന്നു... അവസാനത്തെ എക്സാം ദിവസം രാവിലെ അവൾ ഒരുപാട് തവണ ട്രൈ ചെയ്തെങ്കിലും കോൾ കണക്ട് ആവുന്നുണ്ടായിരുന്നില്ല.. നിരാശയോടെ ഫോൺ സംഗീതയുടെ കയ്യിലേക്ക് കൊടുത്ത് അവൾ എക്സാം ഹാളിലേക്ക് കയറി..

എക്സാം എഴുതി തീർത്ത് വേഗം പുറത്തിറങ്ങി സംഗീതയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു... ഫോൺ വാങ്ങി തന്നപ്പോൾ വേണ്ട എന്ന് പറയാൻ തോന്നിയ നിമിഷത്തെ സ്വയം ശപിച്ചുകൊണ്ട് അവൾ അവിടെ സംഗീതയ്ക്ക് വേണ്ടി കാത്തു നിന്നു.. സംഗീത വന്നതും ഫോൺ കയ്യിൽ നിന്നും പിടിച്ചു വാങ്ങി ഒരുപാട് തവണ കോൾ ചെയ്തു നോക്കി... കണക്ട് ആവുന്നുണ്ടായിരുന്നില്ല. അവൾക്ക് സങ്കടം തോന്നി... അല്പസമയം കഴിഞ്ഞതും ഹർഷിന്റെ ഫോണിൽ നിന്നും കോൾ വന്നു.. അവൾ ആവേശത്തോടെ സന്തോഷത്തോടെ അറ്റന്റ് ചെയ്ത് ചെവിയിലേക്ക് ചേർത്തു.. വിശേഷങ്ങളൊന്നും ചോദിക്കാതെ രാവിലെ റെഡിയായി നിൽക്കാൻ പറഞ്ഞ് കോൾ കട്ടാക്കി.. അവൾക്ക് കരയാൻ തോന്നി .. പൊട്ടിക്കരയാൻ.. ഇങ്ങോട്ടു വരട്ടെ ശരിയാക്കി കൊടുക്കാം മനസ്സിൽ ചിന്തിച്ച് അവർ ഹോസ്റ്റലിലേക്ക് പോയി.. എക്സാം എല്ലാം തീർന്നതുകൊണ്ട് തന്നെ അന്നു മുഴുവൻ പാട്ടുപാടിയും കളിച്ചും അവസാനദിവസം ആഘോഷിച്ചു... പിറ്റേന്ന് രാവിലെ എല്ലാവരും നാട്ടിലേക്ക് മടങ്ങുമായിരുന്നു. . ഹോസ്റ്റലിലെ കുട്ടികളെല്ലാം ടെറസിൽ ഒത്തുചേർന്ന് ഒരുപാട് പരിപാടികൾ ഒക്കെ ഉണ്ടായിരുന്നു...

തനു മാത്രം എല്ലാത്തിൽ നിന്നും ഒഴിഞ്ഞു മാറി നിന്നത് മൂവരും ശ്രദ്ധിച്ചു.. അന്ന് കിടക്കുമ്പോഴാണ് ആൻ ആ കാര്യം ഹെലനെയും സംഗീതയും അറിയിച്ചത്.. മറ്റന്നാൾ തന്റെ വിവാഹം ആണെന്ന്.. അവർക്ക് അല്പം പരിഭവം തോന്നിയെങ്കിലും ഇനി എന്നും ഞങ്ങളുടെ പ്രിയ കൂട്ടുകാരി സന്തോഷമായിരിക്കും എന്നാലോചിച്ച് അവർ ആ പരിഭവം മറച്ച് അവളുടെ സന്തോഷത്തിൽ ഒത്തുചേർന്നു.. രാവിലെ എഴുന്നേറ്റപ്പോൾ മുതൽ ആൻ ഹർഷിനെ കാണാനുള്ള ആവേശത്തിലായിരുന്നു... മുകളിൽ നിന്നും റോഡിലൂടെ പോകുന്ന ഓരോ വണ്ടികളും നോക്കി നിൽക്കും.. വിളിക്കുമ്പോൾ കോൾ എടുക്കുന്നുണ്ടായിരുന്നില്ല.. ഹോസ്റ്റലിലെ ഓരോ കുട്ടികളുടെ വീട്ടിൽ നിന്നും ആളുകൾ വന്നു വിളിച്ചിട്ട് പോയി.. ബസിന് പോവണ്ടവരൊക്കെ നേരത്തെ ഹോസ്റ്റലിൽ നിന്നും ഇറങ്ങിയിരുന്നു... സംഗീതയും ഹെലനും പോകേണ്ട സമയമായി. എന്നിട്ടും ഹർഷിത് വരാതായപ്പോൾ ആനിന് സങ്കടം വന്നു..തേജസേട്ടൻ വന്ന് തനുവിനെയും കൂട്ടിക്കൊണ്ടുപോയി. സമയം നീങ്ങിക്കൊണ്ടിരിക്കെ അവളുടെ ഉള്ളിൽ അകാരണമായ ഭയം നിറഞ്ഞു... ദൂരെ നിന്നും വരുന്ന ചുവന്ന കാർ അവളുടെ കണ്ണുകളിൽ തിളക്കമുണ്ടാക്കി...

പാക്ക് ചെയ്തു വെച്ച ബാഗ് എടുത്ത് ഹോസ്റ്റലിൽ നിന്നും ഇറങ്ങി റോഡിലേക്ക് ഓടി.. കാറിനടുത്തുചെന്ന് കുനിഞ്ഞു നോക്കിയതും അവളുടെ മുഖത്തെ ചിരി മാഞ്ഞു.. " വിഷ്ണു... വിഷ്ണുഏട്ടനോ.. ഹർഷേട്ടനെവിടെ?" "നീ കയറ്.. പറയാം " ആ മറുപടിയാണ് അവളെ കൂടുതൽ ഭയത്തിലാഴ്ത്തിയത്... അവളുടെ കൈ കാലുകൾ വിറക്കുന്നുണ്ടായിരുന്നു. എന്തെങ്കിലും പറ്റി കാണുമോ... കഴുത്തിൽ കുരിശിനൊപ്പം കിടക്കുന്ന ഓം എന്നെഴുതിയ ലോക്കറ്റിൽ അവൾ മുറുകെപ്പിടിച്ചു... "വിഷ്ണുവേട്ടാ.. എന്താ പറ്റിയെ..? ഹർഷേട്ടൻ എവിടെ..?" "അവന്.... ഒരു ചെറിയ ആക്‌സിഡന്റ്. കുഴപ്പമില്ല.. ഇത്രയും ദൂരം ഡ്രൈവ് ചെയ്യേണ്ടേ എന്ന് കരുതി ഞാൻ വന്നുന്നേയുള്ളൂ.. " "എങ്ങനെ.. എന്ത് പറ്റിയതാ. എന്നോട്.. എന്താ പറയാഞ്ഞേ..??" "എക്സാം ആയത് കൊണ്ട് ടെൻഷനാക്കണ്ട എന്ന് ഹർഷ് തന്നെയാ പറഞ്ഞത്... താനിങ്ങനെ അപ്സെറ്റാവല്ലേ. അവൻ ഓക്കേ ആണ്..." കരഞ്ഞോണ്ടിരിക്കുന്ന ആനിനെ നോക്കി വിഷ്ണു പറഞ്ഞു... എന്നാൽ അവൾ ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല.. ഒരു ഭാഗത്ത് അവന് എന്തുപറ്റി എന്നറിയാത്തതുകൊണ്ട് ഉള്ള ഭയവും ടെൻഷനും മറുഭാഗത്ത് തന്നോടൊന്ന് പറഞ്ഞില്ലല്ലോ എന്ന പരിഭവവും വേദനയും.. രണ്ടു മണിക്കൂർ യാത്ര അറിഞ്ഞത് പോലുമില്ല..

വീടിനു മുന്നിൽ വണ്ടി നിന്നപ്പോഴാണ് സ്ഥലം എത്തി എന്നവൾക്ക് മനസ്സിലായത്.. ഇറങ്ങി അകത്തേക്ക് ഒരു ഓട്ടമായിരുന്നു.. നേരെ ബെഡ്റൂമിലേക്ക് കയറി നോക്കുമ്പോൾ കണ്ടു നെറ്റിയിൽ ബാൻഡേയ്ടൊക്കെ ഒട്ടിച്ച് ബെഡിൽ ചാരി ഇരിക്കുന്ന ഹർഷിനെ.. അവളെ കണ്ടതും അവന്റെ മുഖം വിടർന്നു.. അവളുടെ കരഞ്ഞു തിണർത്ത കണ്ണുകളും ചുവന്ന കവിളും അവന്റെ മുഖത്തെ തെളിച്ചത്തെ ഇല്ലാതാക്കി.. അവൾ ഓടിപ്പോയി അവന്റെ നെഞ്ചിലേക്ക് ആഞ്ഞു പുണർന്നു.. അവൻ ഒന്നു പുറകോട്ട് ആഞ്ഞതും വേദനകൊണ്ട് ശബ്ദമുണ്ടാക്കിപ്പോയി.. അവൾ ഞെട്ടി അവന്റെ നെഞ്ചിൽ നിന്നും അകന്നു മാറി.. അവനിൽ നിന്നും വന്ന ശബ്ദത്തിനർത്ഥം മനസ്സിലാകാതെ അവൾ എഴുന്നേറ്റു.. അവൻ കൈ കൊണ്ട് തടയാൻ നോക്കിയെങ്കിലും അവൾ ബലമായി അവന്റെ ഷർട്ട് ഉയർത്തി മാറ്റി.. പുറത്ത് നീളത്തിൽ വെട്ടുകൊണ്ട പോലെ മുറിവ് കണ്ട് അവൾ അന്ധാളിപ്പോടെ അവന്റെ മുഖത്തേക്ക് നോക്കി... " എന്താ.. എന്താ ഇത്.. ആക്‌സിഡന്റ് ആണെന്ന് പറഞ്ഞിട്ട്... എങ്ങനെയാ... "

വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല അവൾക്ക്.. "നീ ഇവിടെ ഇരിക്ക്.. പറയാം.." അവളുടെ കയ്യിൽ പിടിച്ച് അവൻ അടുത്തിരുത്തി.. " ആരാണെന്നറിയില്ല .. രാത്രി വിജയച്ഛന്റെ കടയിൽ നിക്കുമ്പോ ബൈക്കിൽ വന്ന് പുറകിലൂടെ വെട്ടിയതാണ്... അവനെ കയ്യിൽ കിട്ടിയെങ്കിലും ഒന്നും പറയിപ്പിക്കാൻ പറ്റിയില്ല.. അന്വേഷിക്കുന്നുണ്ട്.. നമ്മടെ പ്രൊഫസറിന്റെ പണി ആണെന്ന് തോന്നുന്നു... അയാളും മിസ്സിംഗ് ആണ്..." അവൾക്കൊന്നും മനസിലാവുന്നുണ്ടായിരുന്നില്ല... ഉള്ളിൽ ആ മുറിവ് മാത്രം തെളിഞ്ഞു നിന്നു.. അവൾ കരഞ്ഞു കൊണ്ട് പതിയെ അവനെ പുണർന്നു.. അവൻ ചിരിച്ചതേയുള്ളൂ.. " നീ ഇങ്ങനെയായാൽ ശരിയാവില്ലാട്ടോ. ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു? ഒരു സഖാവിന്റെ ഭാര്യയല്ലെടി നീ.. കൊല്ലാൻ വരുന്നത് ആരാ എന്തിനാ എന്നൊന്നും എനിക്ക് പോലും അറിയുന്നില്ല.. നീ കുറച്ചൂടെ ബോൾഡാവണം പെണ്ണേ.. ഞാൻ മരിച്ചാലും തന്റേടത്തോടെ എന്റെ മക്കളെയൊക്കെ വളർത്തി ജീവിക്കണ്ടേ..? "

പറഞ്ഞു തീരും മുൻപേ അവൻ പുണർന്ന കൈകളെ തട്ടിമാറ്റി അവൾ എഴുന്നേറ്റുനിന്നു... " അങ്ങനെ ഹർഷേട്ടൻ മരിച്ചിട്ട് എനിക്ക് ജീവിക്കണ്ടെങ്കിലോ?? " "ജീവിക്കണം.. മരിക്കാൻ ഒരു കാരണമേ വേണ്ടു... ആയുസ്സ് തീരുന്നു എന്ന കാരണം... ജീവിക്കാൻ ആയിരം കാരണങ്ങൾ ഉണ്ടാവും... നമുക്ക് വേണ്ടി ആരെങ്കിലുമൊക്കെ ഉണ്ടാവും.. ഉണ്ടാവണം.. " "എനിക്ക്.. എനിക്കാരാ ഉള്ളെ.. നിങ്ങളല്ലാതെ വേറെ ആരാ...?" അവൾ വീണ്ടും കരയാൻ തുടങ്ങിയതും അവൻ ആ സംസാരം അവസാനിപ്പിച്ച് എഴുന്നേറ്റ് അവളെ മുറുകെ ചേർത്ത് പിടിച്ചു... എക്സാമിന് മുന്നേ തന്നെ ഡ്രസ്സും ആവശ്യമുള്ള സാധനങ്ങളുമൊക്കെ വാങ്ങിയിരുന്നത് കൊണ്ട് അവർക്ക് അന്ന് പ്രത്യേകിച്ച് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.. സാക്ഷിയായി ഒപ്പിടാൻ വിഷ്ണുവും തേജസും വിജയച്ഛനും അയാളുടെ മകളും വരുമെന്ന് പറഞ്ഞിരുന്നു... വിജയച്ഛനെ കുറിച്ചും മകൾ ദേവയാനിയെ കുറിച്ചും ഹർഷിത് വാതോരാതെ സംസാരിക്കാറുണ്ടെങ്കിലും ആൻ അവരെ അത് വരെ കണ്ടിരുന്നില്ല... നാളെ കാണാം എന്ന സന്തോഷവും അവളിൽ ഉണ്ടായിരുന്നു.. വിജയച്ഛൻ വർഷങ്ങളായി ആ നാട്ടിൽ ചായക്കട നടത്തുന്ന വ്യക്തിയാണ്.. ആ നാട്ടിലെ എല്ലാവരുമായി നല്ല അടുപ്പം സൂക്ഷിക്കുന്ന ഒരു നല്ല മനുഷ്യൻ... ഹർഷിന് സ്വന്തം അച്ഛനെക്കാളും ഇഷ്ടം അദ്ദേഹത്തെയാണ്.. ഒരേ ഒരു മകൾ ദേവയാനി.. പ്രായം ഹർഷിനൊപ്പമാണ് .. അവർ കളിക്കൂട്ടുകാരാണ്.. ❤️❤️❤️

. രാവിലെ എഴുന്നേറ്റ് കുളി കഴിഞ്ഞു വന്ന് ആൻ കണ്ണാടിക്കു മുന്നിൽ നിന്നു.. ഇന്ന് തന്റെ വിവാഹമാണ്.. അവൾ ചുവന്ന നിറത്തിലുള്ള സാരി എടുത്തു കയ്യിൽ പിടിച്ചു. ഇട്ടിരുന്ന ഡ്രസ്സ് അഴിച്ചു മാറ്റി സാരി ചുറ്റാൻ തുടങ്ങി.. വയറിൽ പതിഞ്ഞ കൈകളുടെ ചൂട് ശരീരമാകെ പടർന്നു.. കഴുത്തിൽ പതിച്ച നിശ്വാസം ഉടലിനെ കുളിരണിയിച്ചു.. ഇറക്കി വെട്ടിയ ബ്ലൗസിന്റെ പുറംകഴുത്തിൽ പതിഞ്ഞ ചുണ്ടുകളിൽ അവളൊന്ന് പുളഞ്ഞു.. "ഹർഷേട്ടാ.. കളിക്കാതെ പോയി കുളിച്ച് ഡ്രസ്സ്‌ മാറ്റാൻ നോക്കിയേ.. " "ഹ്മ്മ്.. പോയിട്ട് വന്നിട്ട് കളിക്കാം ലേ..." അവൻ ഒരു കണ്ണടച്ചു കൊണ്ട് ചോദിച്ചത് കേട്ട് അവൾ അവനെ കൂർപ്പിച്ചു നോക്കി... അവൻ കള്ള ചിരിയോടെ വയറിൽ ഒന്ന് അമർത്തി പിച്ചി പുറത്തേക്കിറങ്ങി.. വേദനയിൽ ചുളിഞ്ഞ മുഖം അവൻ മറഞ്ഞതും നാണത്താൽ ചുവന്നു.. വാങ്ങിവച്ച മുല്ലപ്പൂ കൂടി മുടിയിലേക്ക് കുത്തി വയ്ക്കുമ്പോഴേക്കും പുറത്ത് കാർ വന്നു നിന്നു. അവൾ പുറത്തേക്കിറങ്ങി..

കാറിൽ നിന്നും വിഷ്ണുവും തേജസ്സും ഇറങ്ങി പുറകിലെ സീറ്റിൽ നിന്നും വിജയച്ഛനും ദേവയാനിയും ഇറങ്ങി.. ചുവന്ന സാരിയും പൊട്ടും മുല്ലപ്പൂവും, ആനിനെ കാണാൻ ശരിക്കും ഒരു കല്യാണ പെണ്ണിന്റെ ചന്തമായിരുന്നു.. ദേവയാനി മുന്നോട്ട് വന്ന് അവളെ പരിചയപെട്ടു.. അവർ പെട്ടെന്ന് തന്നെ അടുത്തു.. തനുവിന്റെ അവസ്ഥ അറിയാത്തതുകൊണ്ട് തേജസിനെ ഫേസ് ചെയ്യാൻ മാത്രം ആൻ അല്പം ബുദ്ധിമുട്ടി.. വിജയച്ഛനെ കുറിച്ച് ഹർഷിത് പറഞ്ഞു പറഞ്ഞ് ആ രൂപം മാത്രം ആനിന്റെ മനസ്സിൽ വ്യക്തമായി ഉണ്ടായിരുന്നു പറഞ്ഞതിൽ നിന്നും അല്പം പോലും മാറ്റം വരാതെ അതുതന്നെയായിരുന്നു ആ മനുഷ്യൻ.. ഹർഷും റെഡിയായി വന്നതും അവർ രണ്ടു കാറിലായി രജിസ്റ്റർ ഓഫീസിലേക്ക് തിരിച്ചു.. വെളുത്ത പുകച്ചുരുളുകൾ കരിമേഘങ്ങൾക്ക് വഴിമാറിക്കൊടുത്തു. മാനം ഇരുണ്ടു കൂടി.. ആനിന്റെ കണ്ണ് ആകാശത്തിലേക്കു പതിച്ചു നല്ലൊരു ദിവസമായിട്ട് രാവിലെതന്നെ ആർത്തു പെയ്യാൻ വെമ്പി നിൽക്കുന്ന മഴയെ അവൾ പരിഭവത്തോടെ നോക്കി.. രജിസ്റ്റർ ഓഫീസിന്റെ മുറ്റത്ത് കാർ വന്നു നിൽക്കുമ്പോഴേക്കും തുള്ളിക്കൊരു കുടം കണക്കെ മഴ ആർത്തു പെയ്യാൻ തുടങ്ങിയിരുന്നു..

നേരത്തെ കരുതിവച്ച കുടനിവർത്തി ആനും ഹർഷും ഓഫീസിനകത്തേക്ക് കയറി.. കുട മടക്കി ഒരു സൈഡിൽ ചാരി വച്ചു.. നനഞ്ഞ ചെരുപ്പ് പുറത്ത് അഴിച്ചുവെച്ച് ചവിട്ടിയിൽ കാലു നന്നായി തുടച്ച് വെള്ള ടൈൽസ് പാകിയ തറയിൽ ചവിട്ടി അവർ അകത്തേക്ക് കയറി. അവിടുത്തെ ഫോർമാലിറ്റീസ് തീർത്ത് രണ്ടു പേർ അവിടെ ഉണ്ടായിരുന്നു.. അരുൺ, വിവേക്.. ഹർഷിത് അവരെ ആനിന് പരിചയപ്പെടുത്തി.. നാട്ടിലെ കൂട്ടുകാരായതുകൊണ്ട് തന്നെ അവരെ മുൻപ് കണ്ടിരുന്നില്ല.. രജിസ്ട്രാർ കടമയ്ക്ക് വേണ്ടി എന്നപോലെ രണ്ടുപേരുടെയും സമ്മതം ചോദിച്ചു കൊണ്ട് രജിസ്റ്റർ ബുക്കിൽ സൈൻ ചെയ്യാൻ പറഞ്ഞു... ഇരുവരും നിറഞ്ഞ മനസ്സോടെ , മുഖത്ത് തെളിഞ്ഞ ചിരിയോടെ ഒപ്പ് വച്ചു.. തേജസ് കൊണ്ടുവന്ന ഹാരം ഇരുവരും പരസ്പരം അണിഞ്ഞു കൊടുത്തു. നല്ല ദിവസം നോക്കി താലിക്കെട്ടാം എന്നും അവിടെവെച്ച് തന്നെ തീരുമാനിച്ചു.. മാലയൂരി കയ്യിൽ പിടിച്ച് അവർ അവിടെ നിന്നും ഇറങ്ങി... മനസ്സ് സന്തോഷം കൊണ്ട് മതിമറന്നിരിക്കുകയായിരുന്നു...

ആനും ഹർഷും ഒരു കാറിൽ കയറി. ബാക്കിയുള്ളവർ മുന്നിൽ പോയി.. അവിടെയെത്തുമ്പോഴേക്കും നിലവിളക്ക് എല്ലാം സെറ്റ് ചെയ്ത് ദേവയാനി നിൽപ്പുണ്ടായിരുന്നു.. ആനിനെ അകത്തേക്ക് വിളക്ക് കൊടുത്ത് സ്വീകരിച്ചതിനു ശേഷമാണ് എല്ലാവരും മടങ്ങിയത്.. ചെവി അടഞ്ഞു പോകും തരത്തിലുള്ള ഇടിയൊച്ചയും മഴയുമായിരുന്നു.. അവരെല്ലാം മടങ്ങിയതും തിരിച്ച് വീടിനകത്തേക്ക് കയറാൻ നിൽക്കുമ്പോഴേക്കും ചീറിപ്പാഞ്ഞുകൊണ്ട് ഒരു ജീപ്പ് അകത്തേക്ക് വന്നു... കയ്യിൽ ആയുധങ്ങളുമായി വണ്ടിയിൽ നിന്നും ഇറങ്ങിയവരെ കണ്ട് ആൻ പേടിച്ച് ഹർഷിന്റെ കയ്യിൽ പിടിച്ചു.. "നീ അകത്തേക്ക് പോ..." അവൾ നിഷേധാർത്ഥത്തിൽ തലയാട്ടി.. "പോ......." "ഹർഷേട്ടാ..... " "എന്ത് ശബ്ദം കേട്ടാലും പുറത്തേക്ക് വരരുത്... പോ..... " അവന്റെ അവസാനത്തെ അലറലിൽ പേടിച്ച് അവൾ അകത്തേക്ക് നടന്നു വരുമ്പോഴും കണ്ണുനിറയെ അവന്റെ രൂപം മാത്രം നോക്കി നിന്നു.. വാതിലടച്ച് അവൾ തേങ്ങി കരഞ്ഞുകൊണ്ട് ഡോറിലൂടെ ഉണർന്നിരുന്നു രണ്ടു മിനിറ്റ് കഴിഞ്ഞു കാണും പെട്ടെന്ന് എന്തോ ഓർത്ത പോലെ എഴുന്നേറ്റ് അകത്തേക്കോടി..

ഡൈനിങ് ടേബിളിനു മുകളിൽ വച്ച ഹർഷിന്റെ ഫോൺ ഫോൺ കയ്യിലെടുത്ത് ഓപ്പൺ ചെയ്ത് വിഷ്ണുവിനെ വിളിച്ചു നോക്കി... ഔട്ടോഫ് നെറ്റ്‌വർക്ക് കവറേജ് ഏരിയ എന്നാണ് കേട്ടത്.. തേജസിനെ വിളിച്ചു നോക്കി.. അതും not reachable.. അവൾ തേങ്ങി കരഞ്ഞു കൊണ്ട് വീണ്ടും വിഷ്ണുവിനെ ട്രൈ ചെയ്തു.. അപ്പോൾ കാൾ റിങ്ങ് ചെയ്തു.. രണ്ടു റിങ്ങിനു ശേഷം വിഷ്ണു കോൾ അറ്റൻഡ് ചെയ്തു "എന്താടാ..." "വിഷ്‌ണുവേട്ടാ.. ഇത്. ഇത് ഞാനാ.. ഇവിടെ ഹർഷേട്ടൻ.. ആരൊക്കെയോ അടിക്കാൻ വന്നിട്ടുണ്ട്.. വേഗം വരാവോ... എനിക്ക്.... എനിക്ക് പേടിയാവുന്നു...". "ടെൻഷനാവല്ലേ.. ഞാനിപ്പോ വരാം.. ".. അവൾക്ക് ആ മറുപടി എന്തെന്നില്ലാത്ത ആശ്വാസം നൽകി... അവൾ പോയി ഡോർ തുറക്കാൻ നിന്നു.. ഹർഷിന്റെ വാക്കുകൾ ഓർമ വന്നെങ്കിലും തുറക്കാതിരിക്കാൻ അവൾക്ക് കഴിഞ്ഞില്ല.. പതിയെ ഡോർ തുറന്ന് നോക്കുമ്പോഴേക്കും കണ്ട കാഴ്ച്ച തന്റെ മുന്നിൽ കഴുത്തിലൂടെ വെട്ട് കൊണ്ട് പുറകിലേക്ക് വീഴുന്ന ഹർഷിനെയാണ്.. തെറിച്ച ചോര കണ്മുന്നിൽ മഴയത്ത് ഒഴുകി പരന്നു... ആ കാഴ്ച്ച മാത്രം അവളുടെ കൃഷ്ണമണികളിൽ നിറഞ്ഞു.. . മുറ്റത്തെ തളംകെട്ടി നിന്ന ചളി വെള്ളത്തിലേക്ക് ഹർഷിത് മറിഞ്ഞു... ചെളിവെള്ളത്തിൽ ചോര കലർന്നു. ആ കാഴ്ച കണ്ണിൽ ഒന്നുകൂടെ പതിയുമ്പോഴേക്കും അവൾ ബോധം മറഞ്ഞ് പുറകിലേക്ക് മലർന്നടിച്ചു വീണിരുന്നു.......... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story