നിലാമഴ: ഭാഗം 17

Nilamazha

എഴുത്തുകാരി: അനു രാജീവ്

ഇരുട്ടിൽ നിറഞ്ഞുനിൽക്കുന്ന ചുവപ്പ്.. അത് സഖാവിന്റെ കയ്യിലുണ്ടായിരുന്ന ചെങ്കൊടിയായിരുന്നില്ല... കഴുത്തിൽ നിന്നും മഴവെള്ളത്തിൽ കലർന്നിറങ്ങിയ ചോരയായിരുന്നു.. വെള്ള ഷർട്ടിലും മുണ്ടിലും ചളിയോടൊപ്പം ചുവന്ന ചോരത്തുള്ളികളും നിറഞ്ഞിരിക്കുന്നു... ആആആആ.... അവൾ അലറിക്കൊണ്ട് എഴുന്നേറ്റിരുന്നു.. സ്ഥലം ഏതാണെന്ന് മനസ്സിലായില്ല... സ്വയമൊന്ന് നോക്കി... കല്യാണം വേഷം തന്നെയാണ്.. ഇരുട്ടുനിറഞ്ഞ മുറി ഒന്നും മനസ്സിലാകുന്നില്ല.. എല്ലാം സ്വപ്നമായിരിക്കണേ എന്ന് മനസ്സുരുകി പ്രാർത്ഥിക്കുന്നതിനോടൊപ്പം പൊട്ടിക്കരഞ്ഞുപോയി അവൾ... ഇരിക്കുന്നത് ബെഡിൽ ആണെന്ന് മനസ്സിലായപ്പോൾ കൈകൊണ്ട് പരതി പതിയെ താഴേക്കിറങ്ങി.. വാതിൽ കണ്ടുപിടിക്കാൻ അല്പസമയമെടുത്തു... പരിചിതമായ സ്ഥലമല്ല എന്നുറപ്പാണ്... കൈ കൊണ്ട് വാതിലിൽ തട്ടി അവൾ അലറി വിളിച്ചു... വാതിൽ തുറക്കാൻ പറഞ്ഞ് കരഞ്ഞുകൊണ്ടിരുന്നു... ആരും പ്രതികരിക്കുന്നില്ല എന്ന് മനസ്സിലായപ്പോൾ തളർന്നു കൊണ്ട് താഴെ ഇരുന്നു...

വീണ്ടും ആ നിമിഷത്തെ മനസ്സിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചു... ആ കത്തിയുടെ തിളക്കം. അത് ഹർഷിന്റെ കഴുത്തിൽ വരഞ്ഞ നിമിഷം... തല പുറകിലേക്ക് താഴ്ന്ന് വെള്ളത്തിലേക്ക് വീണത്.. ചെളിവെള്ളത്തിൽ കലർന്ന ചുവപ്പ്.. കണ്ടത് സത്യമാണ്.. ഹർഷേട്ടൻ.... "ഹർഷേട്ടാ.... ഹ.. ഹർഷേട്ടാ...ആആആആആ..." സ്വയം നെറ്റിക്കടിച്ചു അലറികരഞ്ഞു.. തൊണ്ട പൊട്ടുമാറുച്ചത്തിൽ.. വീണ്ടും ബോധം മറഞ്ഞ് അവൾ നിലത്തേക്ക് വീണു .. വരണ്ട ചുണ്ടുകൾ അപ്പോഴും അവന്റെ നാമം ഉരുവിട്ടുകൊണ്ടിരുന്നു... അൽപസമയത്തിനുശേഷം തന്റെ ശരീരം വായുവിൽ ഉയരുന്നത് പോലെ തോന്നി അവൾക്ക്.. പക്ഷേ കണ്ണുതുറക്കാനായില്ല.. കുറച്ച് സമയം കൂടി നീങ്ങി.. പരിചിതമല്ലാത്ത ഒരു ശബ്ദം കേട്ട് അവൾ കഷ്ടപ്പെട്ട് കണ്ണു വലിച്ചു തുറന്നു... ഏതോ ഒരാൾ.. അവൾക്ക് ഭയം തോന്നിയെങ്കിലും ഒന്നനങ്ങാൻ പോലും സാധിക്കുന്നുണ്ടായിരുന്നില്ല.. "എന്തെങ്കിലും വേണോ??" "ഹർ...ഹർഷേട്ടൻ..." "അവൻ ജീവനോടെയില്ല......"

"ഇല്ല... ഞാൻ വിശ്വസിക്കില്ല... " "നിന്നെ വിശ്വസിപ്പിക്കണ്ട ആവശ്യം എനിക്കില്ല... " " നിങ്ങളാരാ?? എന്നെ എന്റെ ഹർഷേട്ടന്റടുത്തേക്ക് കൊണ്ടുപോ.. പ്ലീസ്.. ആരാ നിങ്ങൾ? എന്റെ ഹാർഷേട്ടനെ എനിക്കൊന്ന് കാണണം... എനിക്കറിയാം ഒന്നും പറ്റിയിട്ടില്ല എന്ന്.. . എല്ലാവരും എന്നെ പറഞ്ഞു പറ്റിക്കുവാ... എന്റെ ഹർഷേട്ടന് എന്നെ വിട്ട് എങ്ങോട്ടും പോവാൻ പറ്റില്ല... എനിക്കറിയാം... ഒന്നും പറ്റിയിട്ടില്ല ... " അവൾ പുലമ്പികൊണ്ടിരിക്കുന്നത് കണ്ട് അയാൾ പുറത്തേക്ക് പോയി.. അല്പസമയത്തിനു ശേഷം തിരികെ വന്നു.. അപ്പോഴും അവൾ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരിക്കുന്നുണ്ടായിരുന്നു.. സമനിലതെറ്റിയ പോലെ.. കണ്ണുകൾ ഒഴുകിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു.. " വാ.. " അയാൾ അവളുടെ കയ്യിൽ പിടിച്ച് എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു.. അവൾ കൈ തട്ടിമാറ്റി പുറകിലേക്ക് നീങ്ങി.. കണ്ണുകളിൽ ഭയമായിരുന്നു... "നിന്റെ ഹർഷേട്ടനെ കാണിച്ചുതരാം..." ആ വാക്കുകൾ കേട്ടതും അവൾ എഴുന്നേറ്റു.. അതുവരെ ഇല്ലാത്തൊരു ഊർജമായിരുന്നു അപ്പോൾ..

അയാളെ പിന്തുടർന്നു പുറത്തേക്ക് നടന്നു.. കണ്ണുകൾ ചുറ്റും പരതി.. കാടുപിടിച്ചുകിടക്കുന്ന സ്ഥലത്തിനു നടുവിലുള്ള ഓടിട്ട ഒരു വീട്.. ചുറ്റും റബ്ബർ കാട്.. ഒരു മനുഷ്യൻ പോലും അടുത്തില്ല എന്ന് അവൾ ഭയത്തോടെ ഓർത്തു... ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയിരിക്കുന്ന മനുഷ്യനെ നോക്കി.. മുൻപെങ്ങും കണ്ടപോലെ ഇല്ല.. ചോദ്യങ്ങൾ ഒരുപാട് മനസ്സിലുണ്ടെങ്കിലും ഹർഷിനെ കാണണമെന്ന ആഗ്രഹം മുന്നിട്ടുനിന്നു.. വേഗം അയാളോടൊപ്പം കയറിയിരുന്നു... കാർ അവിടെനിന്നും നീങ്ങി.. നേരെ പോയി നിന്നത് ഗവൺമെന്റ് ആശുപത്രിക്ക് മുന്നിലാണ്.. ഉള്ളിൽ അപ്പോഴും പ്രതീക്ഷ ബാക്കിയുണ്ടായിരുന്നു.. ഒന്നും പറ്റില്ല.. അവർ സ്വയം ആശ്വസിപ്പിച്ചു കൊണ്ട് ഹോസ്പിറ്റലിനുള്ളിലേക്ക് നടക്കാൻ ആഞ്ഞു.. അപ്പോഴേക്കും അയാളുടെ കൈകൾ അവളുടെ കൈകളിൽ പിടുത്തം ഇട്ടിരുന്നു.. അവളെ വലിച്ച് ആശുപത്രിക്ക് സൈഡിലൂടെ നടന്നു നീങ്ങി.. എങ്ങോട്ടാണെന്ന് മനസ്സിലാകാതെ അവൾ ചുറ്റും നോക്കി കൊണ്ടിരുന്നു...

അവരുടെ കാലുകൾ ചെന്നുനിന്നത് മോർച്ചറിക്ക് മുന്നിലാണ്.. അവൾ പകച്ചുപോയി... കരുതുന്ന പോലെ ഒന്നും സംഭവിച്ചിരിക്കരുതേ എന്ന് ഒന്നുകൂടെ മനസ്സുരുകി പ്രാർത്ഥിച്ചു... അയാൾ മോർച്ചറിക്ക് വെളിയിൽ നിൽക്കുന്ന കാക്കി അണിഞ്ഞ വ്യക്തിയോട് എന്തോ പറയുന്നത് അവൾ ശ്രദ്ധിച്ചു.. തിരികെ വന്ന് അവളെയും കൊണ്ട് ആ വരാന്തയിലൂടെ അൽപം മുന്നോട്ടു പോയി... ഒരു സൈഡിൽ വെള്ളപുതച്ച് കിടത്തിയിരിക്കുന്ന മൃതശരീരത്തിനടുത്തേക്കാണ് അയാൾ അവളെ കൊണ്ടുപോയത്.. ആ പെണ്ണിന്റെ കൈ കാലുകൾ വിറക്കുന്നുണ്ടായിരുന്നു.. കണ്ണുകൾ നിറഞ്ഞിട്ടുണ്ട്.. ഒന്നും കാണാൻ കഴിയുന്നുണ്ടായിരുന്നില്ല... മൃതശരീരത്തിന്റെ മുഖത്തുനിന്നും വെള്ളത്തുണി എടുത്തുമാറ്റി... ഒരു നിമിഷമേ നോക്കിയുള്ളൂ... തന്റെ പ്രണയം... ജീവനില്ലാതെ.. കണ്ണുകളിൽ ഉരുണ്ടുകൂടിയ കണ്ണുനീർ ആ മുഖത്തേക്ക് ഇറ്റ് വീണു... അതിനോടൊപ്പം അവളും തളർന്ന് അവന്റെ ശരീരത്തിന് മുകളിലേക്ക് പതിച്ചു... അപ്പോഴേക്കും അയാൾ അവളെ താങ്ങി പിടിച്ചിരുന്നു.. കണ്ണു തുറക്കുമ്പോൾ വീണ്ടും ആ ഇരുട്ടു മുറിയിലായിരുന്നു.. ജനാലകൾ തുറന്നിട്ടുണ്ട്.. അതിലൂടെ വരുന്ന ചെറിയ വെളിച്ചം മാത്രം.. കയ്യിൽ വല്ലാത്ത വേദന..

മരവിപ്പ്. കയ്യിലൂടെ കുത്തി ഇറങ്ങിയ സൂചിയിലേക്ക് കണ്ണുകൾ പോയി.. പതിയെ മുകളിലേക്കും.. ട്രിപ്പ് കയറുന്നുണ്ട്.. പെട്ടെന്ന് മനസ്സിലേക്ക് ആ മുഖം കടന്നുവന്നു... കരയാൻ സാധിക്കുന്നില്ല.. തൊണ്ട വരണ്ടിരിക്കുന്നു... തേങ്ങൽ മാത്രം പുറത്തേക്ക് വന്നു... ഒന്നും ഉൾക്കൊള്ളാൻ സാധിക്കുന്നില്ല.. സ്വപ്നമായിരുന്നോ?? ആയിരിക്കും.. അല്ലാതെ എന്നെ വിട്ടു പോകാൻ പറ്റോ?? ഏയ്‌.. സ്വപ്നം കണ്ടതാ... മനസ്സിനെ നുണകൾ പറഞ്ഞു വിശ്വസിപ്പിക്കാൻ ശ്രമിക്കുമ്പോഴും സത്യം അവളുടെ ഹൃദയത്തെ കീറിമുറിച്ചു... വയ്യ.. കണ്ണു തുറക്കാൻ പോലും സാധിക്കുന്നില്ല.. കാഴ്ചകൾ പോലും അരോചകമായി തോന്നുന്നു... വീണ്ടും ആ മിഴികൾ അടഞ്ഞുപോയി.. ഭക്ഷണം കഴിക്കാൻ പറയുന്നതും തന്റെ പേര് ഉരുവിടുന്നതുമെല്ലാം വേറെ ഏതോ ലോകത്ത് എന്നപോലെ കേൾക്കുന്നുണ്ട്.. താനും മരിച്ചു പോയോ..? ഒന്നിനും സാധിക്കുന്നില്ല..

ഒന്നനങ്ങാൻ പോലും.. മരിച്ചാൽ മതിയായിരുന്നു.. ഒരുപാട് ദിവസങ്ങളായി കിടന്ന കിടപ്പ് തന്നെയാണ്... തന്റെ കല്യാണ സാരിക്ക് അന്ന് കുങ്കുമ ചുവപ്പായിരുന്നെങ്കിൽ ഇന്ന് രക്തത്തിന്റെ ചുവപ്പാണ്.. വെളിച്ചം അന്യമായിരിക്കുന്നു.. ആരോ ഇടക്ക് വരുന്നുണ്ട്... ഭക്ഷണം വായിലേക്ക് വച്ച് തരുന്നുണ്ട്... തലയിലെ ഭാരം കൂടിയ പോലെ.. തീരെ വയ്യ... അത് വരെ ഒന്നും മിണ്ടാതിരുന്ന ആ വ്യക്തിയോട് അന്നവൾ സംസാരിച്ചു.. "എന്തിനാ എന്നെ ഇവിടെ കൊണ്ട് വന്നത്.. എനിക്ക് പോണം...." "എങ്ങോട്ട്...". "എന്റെ ഹർഷേട്ടന്റടുത്തേക്ക്.." "നിന്റെ ബോഡി കണ്ടീഷൻ വളരെ മോശമാണ്.. നീ ഓക്കേ ആവുന്നത് വരെ നോക്കാൻ എന്നെ ഏൽപ്പിച്ചതാണ്.. അത് കഴിഞ്ഞ് നിന്നെ വിട്ടയച്ചോളാം..." "ആര്????" "അത് നിന്നെ അറിയിക്കേണ്ട കാര്യമില്ല..." "എനിക്ക് പോവണം..." "ഭക്ഷണം കഴിക്ക്...." "പറഞ്ഞത് മനസിലായില്ലേ...എനിക്ക് പോവണം.." "മരിക്കാനാണോ??" "ഞാൻ ഇനി എന്തിനാ ജീവിക്കുന്നെ???" കണ്ണുകളിൽ അഗ്നിയായിരുന്നു..

"ഇങ്ങനെ ചിന്തിക്കും എന്നറിയാവുന്നതു കൊണ്ടു തന്നെയാണ് ഈ റൂമിൽ ഒരു സാധനം പോലും അവശേഷിപ്പിക്കാതെ ഇടുന്നത്..." " ഞാൻ ജീവിച്ചാലും മരിച്ചാലും നിങ്ങൾക്കെന്താ??? എനിക്കിവിടെ നിന്നും പോവണം..." "നിനക്കൊന്നും പറ്റാതെ നോക്കാൻ എന്നെ ഏൽപ്പിച്ചതാണ്.. കൂടുതൽ സംസാരിക്കാൻ താല്പര്യമില്ല..." അയാൾ വാതിൽ ചാരി വെച്ച് പുറത്തേക്ക് പോയി.. അവൾക്കാകെ ഭ്രാന്ത് പിടിക്കുന്നുണ്ടായിരുന്നു... ഹർഷില്ലാതെ തന്നെ കൊണ്ട് ജീവിക്കാൻ കഴിയില്ല എന്ന് മറ്റാരെക്കാളും അവൾക്ക് തന്നെ അറിയാമായിരുന്നു.. ജീവൻ അവസാനിപ്പിക്കാൻ, ഈ വേദനയിൽ നിന്നും മോചനം നേടാൻ മനസ്സ് ആഗ്രഹിക്കുന്നുണ്ടെങ്കിലും പ്രാവർത്തികമാക്കാൻ തക്ക ഒന്നും ആ മുറിയിൽ ഉണ്ടായിരുന്നില്ല.. അവൾക്ക് എങ്ങനെയെങ്കിലും പുറത്തേക്ക് ഇറങ്ങണം എന്ന് തോന്നി.. രണ്ട് ദിവസം കൂടി കടന്നു പോയി... അയാളുടെ കണ്ണുവെട്ടിച്ച് അവൾ ആ രാത്രി അവിടെ നിന്നും രക്ഷപ്പെട്ടോടി... കാട്ടിലൂടെയുള്ള യാത്രയുടെ അവസാനമായി ഇറങ്ങിയത് ടാറിട്ട ചെറിയൊരു റോഡിലേക്കായിരുന്നു..

രാത്രിയെ ഭയമില്ല.. കാട്ടിൽ ഉണ്ടായിരുന്ന ജീവ ജന്തുക്കളെ ഭയമില്ല.. മനുഷ്യന്മാരെ ഭയമില്ല... കാരണം ആഗ്രഹിക്കുന്നത് മരണത്തെയാണ്.. ദൂരെ നിന്നും കേട്ട വണ്ടിയുടെ ഹോൺ ശബ്ദം വേഗത്തിൽ ചലിച്ചു കൊണ്ടിരുന്നു അവളുടെ കാലുകളെ നിശ്ചലമാക്കി.. റോഡിൽ നിന്നും അല്പം മാറിനിന്നു കണ്ണുകൾ ഇറുകെ അടച്ചു... ഹർഷിനെ കണ്ടതുമുതൽ അവന്റെ ജീവൻ പോയ നിമിഷം വരെയുള്ള ഓരോ സംഭവങ്ങളും അവളുടെ കണ്മുന്നിൽ തെളിഞ്ഞു വന്നു... വണ്ടി അടുത്തെത്തിയതും അവൾ മറ്റൊന്നും ചിന്തിക്കാതെ അതിനു മുന്നിലേക്ക് ചാടി.. അവളെ ഇടിച്ചുതെറിപ്പിച്ച് വണ്ടി ബ്രേക്ക് ചവിട്ടി അവിടെനിന്നു.. തലയിൽ നിന്നും ഒലിച്ചിറങ്ങിയ രക്തം കണ്ട് അവളുടെ ചുണ്ടുകളിൽ പുഞ്ചിരി വിരിഞ്ഞു.. രണ്ടുമൂന്നു ചെറുപ്പക്കാരായിരുന്നു വണ്ടിയിൽ ഉണ്ടായിരുന്നത് അവർ ഒന്ന് പകച്ചെങ്കിലും സമയം കളയാതെ രക്തം വാർന്നൊഴുകുന്നവളെ തൂക്കിയെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയി .. കണ്ണ് തുറക്കുമ്പോൾ മരിച്ചിട്ടില്ല എന്ന തിരിച്ചറിവ് അവളെ ഭ്രാന്തിയാക്കി.. അലറികരഞ്ഞു അവിടെയുള്ളതെല്ലാം വലിച്ചിട്ടു... "കുട്ടി.. താൻ എന്തൊക്കെയാ കാണിക്കുന്നത്... സിസ്റ്റർ.. ആ കുട്ടിയെ പിടിക്കൂ...."

ഡോക്ടറിന്റെ വാക്കുകളൊന്നും അവളുടെ കാതിൽ വീഴുന്നുണ്ടായിരുന്നില്ല.. അടുത്തേക്ക് പിടിക്കാൻ വന്ന നേഴ്സ്നു നേരെ ട്രിപ്പ്‌ കയറ്റാൻ വച്ച സ്റ്റാൻഡ് കയ്യിലെടുത്ത് തടഞ്ഞു.. "മോളേ.. ഞാൻ പറയുന്നതൊന്നു കേൾക്ക്..." ഡോക്ടർ വീണ്ടും അവളെ അനുനയിപ്പിക്കാൻ ശ്രമിച്ചു... അവൾ കരഞ്ഞുകൊണ്ട് നിഷേധാർത്ഥത്തിൽ തലയാട്ടി.. എല്ലാം നഷ്ടപ്പെട്ടവളുടെ വേദനയായിരുന്നു ആ കണ്ണുകളിൽ.. അവൾ കയ്യിലേ സ്റ്റാൻഡ് കൊണ്ട് വാൾഗ്ലാസ്‌ അടിച്ചു പൊട്ടിച്ചു... എല്ലാവരും ആ ശബ്ദത്തിൽ ഭയന്നു പുറകോട്ട് നീങ്ങി..... നിലത്തു ചിതറി കിടന്നതിൽ വലിയ ചില്ലുകഷ്ണം അവൾ കയ്യിലെടുത്തു... "എനിക്കിനി ജീവിക്കണ്ട ഡോക്ടർ.. എന്റെ പ്രാണൻ തന്നെ നഷ്ട്ടമായി. ഇത് വെറും ശവമാ..." അവൾ ചിരിയോടെ ആ ചില്ല് വയറ്റിലേക്ക് കുത്തിയിറക്കാൻ ആഞ്ഞു.. "മോളേ.. വേണ്ടാ... നീ, പ്രെഗ്നന്റാണ്..." ഡോക്ടറുടെ പരിഭ്രമത്തോടെയുള്ള വാക്കുകൾ കേട്ട് അവൾ അനങ്ങാതെ നിന്നു... കയ്യിൽ നിന്നും ആ ചില്ല് നിലത്തു വീണു ചിതറി........... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story