നിലാമഴ: ഭാഗം 18

Nilamazha

എഴുത്തുകാരി: അനു രാജീവ്

അവൾ പതിയെ ബെഡിലേക്കിരുന്നു.. ഡോക്ടർ കണ്ണുകാണിച്ചതും നഴ്സുമാർ അവിടെ വീണുകിടന്ന സാധനങ്ങളൊക്കെ അടുക്കി പെറുക്കി വച്ചുകൊണ്ടിരുന്നു... "മോളേ...." അവളുടെ കരഞ്ഞു വീർത്ത മുഖവും വീങ്ങിയ കൺപോളകളും കണ്ട് ഡോക്ടർ സൗമ്യമായി അവളെ വിളിച്ചു.. ആ മിഴികൾ മാത്രം ഡോക്ടറിന്റെ മുഖത്തേക്ക് ചലിച്ചു.. "എന്താ മോൾടെ പ്രശ്നം എന്നെനിക്കറിയില്ല... വിവാഹം കഴിഞ്ഞതാണോ..?" അവൾ പതിയെ തലയാട്ടി.. "ഹസ്ബൻഡ് എവിടെ...?" അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകി. "കരയണ്ട.. മോളേ ഇവിടെ കൊണ്ട് വന്നവർ പറഞ്ഞത് മോള് മനഃപൂർവം അവരുടെ വണ്ടിക്ക് മുന്നിലേക്ക് ചാടി എന്നാണ്.. ശരിയാണോ....." അവളുടെ മൗനത്തിലുണ്ടായിരുന്നു അവർക്ക് വേണ്ട ഉത്തരം.. "എന്തിനാ ഇങ്ങനെ ചെയ്തത് എന്നെനിക്കറിയില്ല... അറിയുകയും വേണ്ട.. പക്ഷെ ഉള്ളിൽ ഒരു ജീവൻ തുടിക്കുന്നുണ്ട്.... ഒരു കുഞ്ഞിനു വേണ്ടി കഷ്ടപ്പെടുന്ന ഒരുപാട് പേരെ എനിക്കറിയാം.. കുട്ടിയുടെ പ്രവർത്തിയിലൂടെ ഒരു കുഞ്ഞിനെ കൂടി ഇല്ലാതാക്കരുത്.." അവൾ അനങ്ങിയില്ല... "

കുട്ടിയെ കൊണ്ടു വന്നവർ ബില്ല് സെറ്റിൽ ചെയ്തിട്ടുണ്ട്.. ഇന്നോ നാളെയോ ഡിസ്ചാർജ് ചെയ്യാം.. " ഡോക്ടർ പുറത്ത് പോയിട്ടും അവൾ അതേ ഇരിപ്പ് തുടർന്നു... എല്ലാം നഷ്ടപ്പെട്ടു എന്ന് കരുതിയിടത്തുനിന്നും ജീവിക്കാനായി ദൈവം ബാക്കി വച്ച കാരണം... അവളുടെ കൈകൾ സ്വന്തം വയറിൽ അമർന്നു.. ജീവിക്കണം... ഞങ്ങളുടെ കുഞ്ഞിന് വേണ്ടി.. നഴ്സ് വന്നതും അവൾ ഡിസ്ചാർജ് ആവശ്യപ്പെട്ടു.. നിർബന്ധം പിടിച്ചപ്പോൾ കുറച്ചു മുന്നേ കാണിച്ചു കൂട്ടിയതെല്ലാം ഓർത്ത നഴ്സ് ഉടനെ തന്നെ ഡോക്ടറെ കൂട്ടിക്കൊണ്ടുവന്ന് ഡിസ്ചാർജ് എഴുതി കൊടുത്തു.. മുന്നിൽ ഒരു ലക്ഷ്യവുമില്ല.. ഒരിക്കലും എന്റെ കുഞ്ഞ് എന്നെ പോലെ അനാഥയായി വളരരുത്.. അവന് സ്വന്തവും ബന്ധങ്ങളുമെല്ലാം ഉണ്ടാവണം.. ഓട്ടോയിൽ കയറി ആ ഇരുനില വീടിനുമുന്നിൽ വന്നിറങ്ങി.. അവളുടെ രൂപം കണ്ടിട്ടാവണം വാച്ച്മാൻ ഉടൻ തന്നെ ഗേറ്റ് തുറന്നു കൊടുത്തു.. അവൾ അകത്തേക്ക് നടന്നു..

"നിൽക്കടി അവിടെ..." ആ ശബ്ദം കേട്ട് അവളുടെ കാലുകൾ നിശ്ചലമായി.. "അമ്മേ... ഞാൻ...." "അമ്മയോ.. ആരുടെ അമ്മ... നീ ഒറ്റ ഒരുത്തി കാരണമാടി എന്റെ കുഞ്ഞിന് ഈ ഗതി വന്നത്... നിന്നെ കണ്ടില്ലായിരുന്നെങ്കിൽ എന്റെ മോൻ ഇന്ന് ഞങ്ങളുടെ കൂടെ ഇവിടെ ഉണ്ടായേനെ.. എന്ന് നിന്നെകണ്ടോ അന്നവൻ ഞങ്ങളോട് പിണങ്ങി ഇവിടെനിന്നും ഇറങ്ങിപ്പോയി... നിന്റെ കഴുത്തിൽ താലി കെട്ടി മണിക്കൂറുകൾ തീരും മുന്നേ എന്റെ മോനെ കൊലക്ക് കൊടുത്തില്ലേ നാശം പിടിച്ചവളെ... അവന്റെ ശവശരീരം പോലും ഇങ്ങോട്ട് കൊണ്ടുവരാൻ സമ്മതിച്ചില്ല ആ മനുഷ്യൻ.. അനാഥശവം പോലെ എന്റെ മോൻ... ഒന്ന് അവസാനമായി കാണാൻ പോലും കഴിഞ്ഞില്ല ഈ പെറ്റവയറിന്.... നീയൊന്നും ഗുണം പിടിക്കില്ലടീ..." " ഞാൻ... ഞാൻ അല്ലാ മ്മാ... എനിക്ക് ഒന്നും അറിയില്ല.." "നിന്ന് കള്ള കണ്ണീരൊഴുക്കാതെ ഇറങ്ങി പോടീ ഇവിടന്ന്.. അദ്ദേഹം നിന്നെ കണ്ടാൽ തീർത്തോളാൻ പറഞ്ഞു ആളുകളെ ഏർപ്പാടാക്കിയിട്ടുണ്ട്... അദ്ദേഹം വരും മുന്നേ പോവാൻ നോക്ക്.." " അമ്മ.. ഞാൻ.. ഞാനിങ്ങോട്ട് വന്നത്.. എന്റെ കുഞ്ഞ്.. "

പറയുന്നതിനോടൊപ്പം അവളുടെ കൈകൾ വയറിൽ പതിഞ്ഞു.. "ഓഹ് അപ്പൊ ഇതും ഉണ്ടോ? കണ്ടവനെ നിരങ്ങി വയറ്റിൽ ഉണ്ടാക്കിയിട്ട് എന്റെ മോൻ മരിച്ചപ്പോ അവന്റെ തലയിൽ ഇടാന്ന് കരുതിയോ... അപ്പൊ പിന്നെ സ്വത്തുക്കളെല്ലാം അടിച്ചു മാറ്റാലോ.... ഏതവനാണോ ഉണ്ടാക്കി തന്നത് അവന്റടുത്തു പോയി ഒഴുക്ക് നിന്റെ പൂങ്കണ്ണീര്... അതെങ്ങനെയാ... നല്ല തന്തക്കും തള്ളക്കും ജനിച്ചതാണെങ്കിൽ ഇങ്ങനെ ആണുങ്ങളെ കറക്കി വയറ്റിലും വായിലും ഉണ്ടാക്കി നിക്കോ...ഏതവന്റെ വിഴുപ്പാടി ഇത്..?" "മതി.. നിർത്ത്.... എന്റെ കുഞ്ഞ് ആരുടേയാണെന്ന് എനിക്ക് മാത്രമേ അറിയൂ.. അത് നിങ്ങളെയൊന്നും ബോധിപ്പിക്കണ്ട ആവശ്യം എനിക്കില്ല.. ഇനി വരില്ല ഇങ്ങോട്ട്.. ഒരവകാശവും വേണ്ട.. ഞാൻ വളർത്തിക്കോളാം.... ഒറ്റക്ക്..." കരഞ്ഞു കൊണ്ട് അവൾ ആ പടിയിറങ്ങി.. പറഞ്ഞ വാക്കുകൾ ശരം കണക്കെ ഹൃദയത്തെ കീറിമുറിച്ചിരിക്കുന്നു.. പിഴച്ചുണ്ടായതാണെന്നോ..? അല്ല.. എന്റെ പ്രണയത്തിലുണ്ടായതാണ്❤️ ആരുമില്ലാത്ത വഴിയിലൂടെ ഒരുപാട് ദൂരം മുന്നോട്ട് നടന്നു... കാലുകൾ തളരാൻ തുടങ്ങി... ദാഹിക്കുന്നു.. ഇരുട്ട് പകലിനെ വിഴുങ്ങി തുടങ്ങി....

വഴിവിളക്കുകൾ തെളിഞ്ഞിട്ടുണ്ട്.. കുറച്ച് കൂടെ മുന്നോട്ടു നടന്നപ്പോൾ വഴിയോരത്തായി സ്ഥാപിച്ചിട്ടുള്ള പഞ്ചായത്ത് പൈപ്പിലേക്ക് നോട്ടമെത്തി... പതിയെ റോഡ് ക്രോസ് ചെയ്ത് പൈപ്പിനടുത്തേക്ക് പോയി.. വെള്ളം കുടിക്കാനായി കുനിയുമ്പോഴേക്കും മുടിയിൽ ആരോ പിടുത്തമിട്ടിരുന്നു... "ആാാാ..." വേദന കൊണ്ട് അവളുടെ മുഖം ചുളിഞ്ഞു... തിരിഞ്ഞു നോക്കാൻ പോലും സാധിക്കാത്ത വിധം മുറുകെയുള്ള പിടുത്തത്തിൽ അവൾ വേദന കൊണ്ട് പിടഞ്ഞു പോയി... "തൂക്കിയിടെടുത്തു വണ്ടിയിലിടടാ അവളെ..." കൂടെയുള്ള ഒരു തടിമാടൻ പറഞ്ഞത് കേട്ടതും മുടിയിൽ പിടിച്ചവൻ അവളെ ദൂരെ നിർത്തിയിട്ട ഒമിനിയിലേക്ക് വലിച്ചു കൊണ്ട് പോയി.. തളർച്ചയും ദാഹവും വേദനയും ഭയവും... അയാളുടെ കൈ ഒന്ന് അയഞ്ഞ അടുത്ത സെക്കൻഡിൽ എവിടെന്നോ കിട്ടിയ ബലത്തിൽ അവൾ അയാളെ തള്ളി മാറ്റി മുന്നോട്ടോടി... പിറകെ അവരും... രക്ഷപെടാൻ സാധിക്കുമെന്ന് യാതൊരുറപ്പും ഇല്ലെങ്കിലും തന്റെ ഉദരത്തെ രക്ഷിക്കണം എന്ന ആഗ്രഹത്താൽ അവളുടെ കാലുകളുടെ വേഗതയേറി.. മുന്നിൽ പ്രതീക്ഷിക്കാതെ വന്ന കാറിൽ മുട്ടി അവൾ നിന്നു..

പെട്ടെന്ന് ബ്രേക്ക്‌ ചവിട്ടി നിർത്തിയ കാറിൽ നിന്നും ഇറങ്ങിയ വ്യക്തിയെ കണ്ട് അവൾക്ക് ജീവൻ തിരിച്ചു കിട്ടിയ പോലെ തോന്നി. "ആൻ...." "വിഷ്ണുവേട്ടാ... അവര്..." അവൾ ഭയത്തോടെ വെപ്രാളത്തോടെ അവനോട് എന്തൊക്കെയോ പറയാൻ ശ്രമിച്ചു കൊണ്ടിരുന്നു.. അപകടം മനസിലാക്കി വിഷ്ണു അവളെ വേഗം കാറിലേക്ക് കയറ്റിയിരുത്തി അവിടെ നിന്നും വണ്ടി പായിച്ചു.. ഒന്നും മിണ്ടാതെ, ഇമചിമ്മാതെ പുറത്തേക്ക് കണ്ണുംനട്ടിരിക്കുന്നവളെ കണ്ട് വിഷ്ണുവിന് ഭയം തോന്നി.. "ആൻ...." "ആഹ്..." "എനിക്കറിയാം നിന്റെ അവസ്ഥ.. ഇങ്ങനെ വിഷമിച്ചിരിക്കല്ലേ.. ദൈവം എന്തെങ്കിലും നമ്മടെ കയ്യിൽ നിന്നും പറിച്ചെടുക്കുന്നുണ്ടെങ്കിൽ അതിനേക്കാൾ മൂല്യമുള്ള ഒന്നിനെ കരുതിവച്ചിട്ടുണ്ടാവും....." അവൾ പുഞ്ചിരിച്ചു. "എനിക്ക് നഷ്ട്ടമായതിനേക്കാൾ മൂല്യമുള്ള മറ്റൊന്നും ഈ ജീവിതത്തിൽ ഇല്ല വിഷ്ണുവേട്ടാ... പക്ഷെ ആശ്വസിക്കാൻ ഒന്ന് തന്നിട്ടുണ്ട്..." വിഷ്ണു നെറ്റിചുളിച്ചു. "ഞങ്ങടെ കുഞ്ഞ്..." പറയുമ്പോൾ ആ മുഖത്ത് പുഞ്ചിരിയായിരുന്നു... ആദ്യം അമ്പരപ്പ് നിറഞ്ഞ വിഷ്ണുവിന്റെ മുഖത്തിലും പിന്നീട് സന്തോഷം നിറഞ്ഞു..

"എനിക്ക് ജീവിക്കണം വിഷ്ണുവേട്ടാ.. ഈ കുഞ്ഞിന് ജന്മം നൽകുന്നത് വരെയെങ്കിലും.." " നീ വേണ്ടാത്തതൊന്നും ചിന്തിക്കേണ്ട.. ഒരുപാട് കാലം ജീവിക്കണം നീ... " " നമ്മൾ എങ്ങോട്ടാ പോകുന്നേ? " "എനിക്കറിയില്ല.. പക്ഷെ നിന്നെ ആരുടേയും കണ്ണിൽ പെടാത്ത ഒരിടത്ത് താമസിപ്പിച്ചെ പറ്റൂ.. നീ ഹർഷിന്റെ വീട്ടിലേക്ക് പോയിരുന്നോ?? പ്രെഗ്നന്റ് ആണെന്ന് അവിടെ പറഞ്ഞോ..?" "ഹ്മ്മ്..പറയണ്ടേ..?." "എന്ത് അബദ്ധമാ നീ കാണിച്ചത്..? അയാൾ കുറുക്കന്റെ ബുദ്ധിയുള്ള മനുഷ്യനാ.. ഹർഷിനെ മരണം പുറത്തു പറഞ്ഞാൽ അവന്റെ വിവാഹവും എല്ലാവരും അറിയും എന്നറിയാവുന്നത് കൊണ്ടാണ് സ്വന്തം മകന്റെ ശരീരം പോലും വീട്ടിലേക്ക് കൊണ്ടു വരാതിരുന്നത്.. മക്കളെക്കാൾ അഭിമാനത്തെ വലുതായി കാണുന്ന മനുഷ്യൻ.. ഹർഷിന്റെ കുഞ്ഞ് നിന്റെ വയറ്റിൽ ഉണ്ടെന്ന് കൂടെ അറിഞ്ഞിട്ടുണ്ടെങ്കിൽ അതിനെ നശിപ്പിക്കാനായിരിക്കും അയാൾ കണക്ക്കൂട്ടിയിട്ടുണ്ടാവുക. നിന്റെ പുറകെ വന്ന ആളുകൾ ദേവരാജ് അയച്ചതാവാൻ തന്നെയാണ് സാധ്യത..." അവൾ ഒന്നും മിണ്ടിയില്ല.. പറഞ്ഞതിൽ സത്യമുണ്ടാവാം എന്നവൾക്കറിയാമായിരുന്നു..

ഒരിക്കൽ ഹർഷ് തന്നെ പറഞ്ഞിട്ടുണ്ട് അവന്റെ അച്ഛനെ കുറിച്ച്, മറ്റെന്തിനേക്കാളും അയാൾക്ക് അഭിമാനം ആണ് വലുത് എന്ന്.. അൽപ്പനേരത്തെ യാത്രയ്ക്ക് ശേഷം കാർ ഒരു ഓടിട്ട വീടിനു മുന്നിൽ നിർത്തി.. അധികം ആൾതാമസം ഒന്നുമില്ലാത്ത പ്രദേശം.. ഓരോ വീടുകൾക്കിടയിലും 500 മീറ്റർ അകലമെങ്കിലും ഉണ്ട്.. വാതിൽ തുറന്ന് പുറത്തേക്ക് വന്നത് ഒരു മധ്യവയസ്കയായ സ്ത്രീയാണ്.. വിഷ്ണു അവരോട് മാറിനിന്ന് എന്തൊക്കെയോ പറയുന്നത് ആൻ ശ്രദ്ധിച്ചു.. "ഹർഷോട പോണ്ടാട്ടിയാ...??" പെട്ടെന്ന് തമിഴ് കേട്ടതുകൊണ്ട് അവൾ ഒന്ന് പകച്ചുനിന്നു.പിന്നീട് അതേ എന്ന് തലയാട്ടി.. "എൻ പേര് സെൽവി.. വീട് കോയമ്പത്തൂർ.. ഇങ്ക വന്ത് ഒൻട്ര വറുഷോം ആച്ച്.. ഇവ എല്ലാം സൊല്ലിട്ടാ.. നീ ഇങ്ക എവളവ് നാൾ വേണാ തങ്കിക്കലാം.. ഇവങ്ക എല്ലാം എനക്ക് എൻ പുള്ള മാതിരി.. അപ്ടി പാത്താ നീയും എനക്ക് പൊണ്ണ് താ.. ഉള്ള വാമാ.." ആൻ വിഷ്‌ണുവിനെ നോക്കി... "സെൽവി അക്ക നിന്നെ നോക്കിക്കോളും...

ഇങ്ങനെ ഒരവസ്ഥയിൽ ഒറ്റക്ക് നിന്നെ എവിടെയും താമസിപ്പിച്ചാൽ ശരിയാവില്ല... നിന്റെ സാധനങ്ങളൊക്കെ ഇവിടെ എത്തിക്കാം... പേടിക്കണ്ട ആൻ.... എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിച്ചാ മതി.. ഞാൻ ഇറങ്ങട്ടെ... " അവൾ തലയാട്ടി.. വിഷ്‌ണുവിന്റെ കാർ കണ്മുന്നിൽ നിന്നും മറയുന്നത് വരെ അവൾ അവിടെ നിന്നു... ശേഷം സെൽവിയുടെ കൂടെ അകത്തേക്ക് പോയി.. സംസാര പ്രിയയായിരുന്നു സെൽവി.. അവർ വാതോരാതെ സംസാരിച്ചു കൊണ്ടിരുന്നു.. പകുതിയൊന്നും മനസിലായില്ലെങ്കിലും ആൻ നല്ലൊരു കേൾവിക്കാരിയായി... ദിവസങ്ങൾ കടന്നു പോയി.. ചെക്കപ്പ് ചെയ്യാൻ പോവേണ്ടത്തിന്റെ തലേ ദിവസം വിഷ്‌ണു കുറച്ച് സാധനങ്ങളും ക്യാഷും കൊണ്ട് വന്ന് അവരെ ഏൽപ്പിച്ചു... അവൾ സെൽവിയോടൊപ്പം തന്നെ ഗവണ്മെന്റ് ആശുപത്രിയിൽ പോയി കാണിച്ചു. പുറംലോകവുമായുള്ള അവളുടെ ബന്ധം മാസാമാസമുള്ള ആശുപത്രിയിൽ പോക്ക് മാത്രമായി ഒതുങ്ങി. ഒന്നിനോടും താല്പര്യമില്ലാതെ അധികം സംസാരിക്കാതെ ചിരിക്കാൻ പോലും മറന്നു പോയ നാളുകൾ.. ___❤️

ഒൻപതാം മാസത്തെ ചെക്കപ്പ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി ഓട്ടോക്ക് പുറകെ വരുന്ന ജിപ്സി ആൻ ശ്രദ്ധിച്ചു.. ഉൾഗ്രാമപ്രദേശമായത് കൊണ്ട് തന്നെ അധികം വിലകൂടിയ വണ്ടികളൊന്നും ആ ഭാഗത്തേക്ക് വരില്ലായിരുന്നു.. "അക്ക.. പുറകിൽ ഏതോ വണ്ടി വരുന്നുണ്ട്.." ആൻ പറഞ്ഞത് കേട്ട് സെൽവി തിരിഞ്ഞു നോക്കി.. "ഏപ്പാ.. കൊഞ്ചോം സീക്കിരം പോയേ..." ഓട്ടോക്കാരന്റെ തോളിൽ തട്ടി കൊണ്ട് സെൽവി വെപ്രാളത്തോടെ പറഞ്ഞു.. സമയം വൈകുന്നേരമായി തുടങ്ങിയിരുന്നു.. ആശുപത്രിയിൽ നിന്നും ഇറങ്ങുമ്പോൾ തന്നെ ഉച്ച കഴിഞ്ഞിരുന്നു... പുറത്തുനിന്നും ഭക്ഷണമൊക്കെ കഴിച്ച് അൽപ്പനേരം പാർക്കിൽ കാറ്റുകൊള്ളാൻ ഇരുന്നിട്ടൊക്കെയാണ് അവർ മടങ്ങിയത്.. ടൗണിൽ നിന്നും ഏതാണ്ട് രണ്ടുമണിക്കൂറോളം ഉള്ളിലേക്കാണ് ആ ഗ്രാമം.. ഇരുട്ട് വീണു തുടങ്ങിയിരുന്നു.... ആനിന്റെ ഉള്ളിലും ഭയം തോന്നിത്തുടങ്ങി.. അവൾ ഇരു കൈയാലും വീർത്തു നിൽക്കുന്ന വയറിനെ പുൽകി... അവരുടെ വീട്ടിൽ നിന്നും ഏതാണ്ട് 200 കിലോമീറ്റർ മാറി ഓട്ടോയെ നിർത്തിച്ചു.

സെൽവി ഇറങ്ങി വേഗം പൈസ കൊടുത്ത് ആനിന്റെ കൈ പിടിച്ച് ഒരു നടവഴിയിലൂടെ വേഗത്തിൽ നടന്നു.. ഒരു വലിയ മരത്തിനു പുറകിൽ പോയി നിന്നു... ഓട്ടോക്ക് പുറകെ പോയ ജിപ്സിയെ കണ്ട് ഇരുവരും ആശ്വസിച്ചു... അവിടെ നിന്നും ഒരു മേട് കയറിയിറങ്ങിയപ്പോൾ അവർ താമസിച്ചിരുന്ന വീടെത്തി.. അപ്പോഴേക്കും ആൻ നന്നേ ക്ഷീണിച്ചിരുന്നു.. നല്ല മഴയുടെ ലക്ഷണവും.. സെൽവി ഉണങ്ങാനിട്ട തുണികളും മറ്റും പുറത്ത് നിന്നും എടുക്കുമ്പോഴാണ് കുറച്ച് മാറി ഇന്റിക്കേറ്റർ കത്തിച്ചു നിൽക്കുന്ന ജിപ്സിയെ വീണ്ടും കണ്ടത്.. അവർ കയ്യിലേ തുണികൾ മുറുകെ പിടിച്ച് വേഗത്തിൽ അകത്തേക്കോടി.. "അവങ്ക പോകലന് നിനക്കിറെമ്മ.... അന്ത വണ്ടി അങ്കയെ നിക്കിറേ..." സെൽവി പറഞ്ഞത് കേട്ട് ആൻ വേഗം എഴുന്നേറ്റു. അവൾ ജനലിലൂടെ നോക്കുമ്പോൾ ജിപ്സിയിൽ നിന്നും ഇറങ്ങിയ ആളുകളെയാണ് കണ്ടത്... അവരുടെ രൂപത്തിൽ നിന്ന് തന്നെ അവൾക്ക് തൊട്ടടുത്തെത്തി നിൽക്കുന്നത് അപകടമാണ് എന്ന് മനസിലായിരുന്നു..

വേഗം ഫോണെടുത്ത് വിഷ്ണുവിന്റെ നമ്പറിലേക്ക് ട്രൈ ചെയ്തെങ്കിലും നോട്ട് റീച്ചബിൾ എന്നായിരുന്നു മറുപടി... അവളുടെ നോട്ടം വീണ്ടും പുറത്തേക്കായി.. കയ്യിലേ കത്തി ഷർട്ടിനു പുറകിലേക്ക് തിരുകി ഒരുത്തനും അവന് പുറകെ വരിവരിയായി ആറേഴു പേരും.. "ഏമാ.. നീ സീക്കിറം ഇങ്കിറുന്ത് തപ്പിച്ചിട്.. അവങ്ക ഉന്ന തേടിതാ വറാങ്ക.. സീക്കിറം പോമ..." "സെൽവി അക്ക.. ഞാൻ.." "അഴുതുട്ടെ ഇരുന്ത് എന്ത പ്രയോജനമും കേടായാത് മാ.. ഉൻ പുരുഷൻ മട്ടുംതാ ഉന്നവിട്ടു പോന.. ഉൻ കൊഴന്തയ കാപ്പാത്ത്റത് ഉൻ കയ്യിലതാ ഇറ്ക്ക്.. എപ്പിടിയാവത് തപ്പിച്ചിട്..." അവൾ നിറഞ്ഞ കണ്ണുകൾ തുടച്ച് പുറകിലെ വാതിലിലൂടെ പുറത്തേക്ക് കടന്നു... അതേസമയംതന്നെ മുൻവശത്തെ വാതിലിൽ ആരോ ആഞ്ഞുകൊട്ടി തുടങ്ങിയിരുന്നു.. അവൾക്ക് നേരിയ ഭയം തോന്നിയെങ്കിലും കാലുകൾ ഇടയില്ല.. പുല്ലുകൾ മുട്ടോളം വളർന്നുനിൽക്കുന്ന കാട്ടിലൂടെ അവളുടെ കാലുകൾ അതിവേഗത്തിൽ ചലിച്ചു.. ഭൂമിയെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് വെട്ടിയ ഇടിയോടൊപ്പം കനത്ത മഴത്തുള്ളികൾ നിലത്തേക്ക് പതിച്ചു തുടങ്ങി ..

കാഴ്ച്ചയെ മറയ്ക്കും വിധം അലറിപെയ്യുന്ന മഴയിൽ അവളുടെ കാലുകൾ വേഗത്തിൽ ചലിച്ചുകൊണ്ടിരുന്നു. കിതപ്പും തണുപ്പും ദാഹവും അവളെ തളർത്തി.. അല്പദൂരം പിന്നിടുമ്പോഴേക്കും തളർച്ചയോടെ അവൾ നിലത്തേക്കിരുന്നു.. എത്രനേരം എന്നറിയില്ല.. പെട്ടെന്നാരുടെയോ ശബ്ദം കേട്ട് അവൾ കണ്ണുകൾ വലിച്ചു തുറന്നു.. തേടി വന്നവർ തനിക്കടുത്തെത്തി എന്ന ബോധം അവളുടെ ഉള്ളിലെ ഭയത്തെ ഉണർത്തി... ഇരു കൈയ്യായാലും വയറിനെ പൊതിഞ്ഞു പിടിച്ചുകൊണ്ട് അവൾ എഴുന്നേറ്റു.. വീണ്ടും ഒരുതരം പരക്കംപാച്ചിലായിരുന്നു .. ആരാണ് പിന്തുടരുന്നത് എന്ന് പോലും അറിയാതെ ഓടി ഒളിക്കേണ്ടി വരുന്ന അവസ്ഥ.. എന്തിനെന്നറിയാതെ അപ്പോഴും മഴത്തുള്ളികൾ വേദന നൽകിക്കൊണ്ട് അവൾക്കു മേൽ പതിച്ചു കൊണ്ടിരുന്നു.. കാട്ടു പ്രദേശത്തു നിന്നും നേരെ ഇറങ്ങിയത് ഒരു ടാറിട്ട റോഡിലേക്കായിരുന്നു... ചളി ഭാഗം മാറിയപ്പോൾ തന്നെ അവളുടെ കാലുകൾക്ക് വേഗതയേറി തുടങ്ങി.. ഏതെങ്കിലുമൊരു വണ്ടി വരും തന്നെ രക്ഷിക്കും എന്ന പ്രതീക്ഷയിൽ അവൾ വേഗത്തിൽ നടന്നു..

അൽപ്പം ദൂരെ എത്തുമ്പോഴേക്കും പുറകിൽ വന്നവർ അവളെ കണ്ടിരുന്നു. "പിടിച്ചോണ്ട് വാടാ അവളെ.." അതിലൊരുത്തൻ പറഞ്ഞത് കേട്ട് അവൾ ഞെട്ടിപ്പോയി... ഒരു ജംഗ്ഷനിൽ നിന്നും മൂന്നു വഴിക്ക് റോഡ് പിരിയുന്നുണ്ടായിരുന്നു.. അവൾ വേഗത്തിലോടി ഇടതുവശത്തുള്ള റോഡിലേക്ക് കയറി.. കുറച്ച് മുന്നോട്ട് നീങ്ങിയതും കണ്ട കല്ലിനു പുറകിൽ ഒളിച്ചിരുന്നു .. ശരീരം വിറക്കുന്നുണ്ടായിരുന്നു... അവിടെ നിന്നാണ് അവൾ ആ അമ്പലത്തിൽ കയറി ഒളിച്ചതും അവിടെ നിന്നും റെയിൽവേ സ്റ്റേഷനിലേക്ക് പോയതും അവിടെ വച്ച് സ്റ്റേഷൻ മാസ്റ്ററിന്റെ സഹായത്തോടെ രക്ഷപെട്ടതും..( 1st പാർട്ടിൽ ഉള്ള കാര്യങ്ങൾ ) അവിടെനിന്നും അവൾക്ക് കിട്ടിയ സുഹൃത്താണ് ആരുഷി... സൗഹൃദങ്ങൾ എന്നും അത്ഭുതമാണ്.. എല്ലാം നഷ്ട്ടമായവളിൽ നിന്നും ആരുഷി ആനിനെ വാർത്തെടുത്തു... വീണ്ടും പുതുജീവൻ നൽകി.. കൂട്ടായി കൂടെ കൂടി.. സങ്കടങ്ങൾക്കുള്ള മരുന്നായി.. ലക്ഷ്യബോധം നൽകി.. പ്രസവവും അവിടെ നിന്നുള്ള ജീവിതവും.. ഇതിലും കൂടുതൽ മറ്റൊന്നും വരാനില്ല എന്ന തിരിച്ചറിവ്... കുഞ്ഞിന് വേണ്ടിയുള്ള ജീവിതം... ജോലി എന്ന ലക്ഷ്യം.. എല്ലാം മാറി... സഖാവിന്റെ ഓർമ്മകൾ മാത്രം മാറാതെ മറയാതെ കൂടുതൽ തെളിമയോടെ ഈ ഹൃദയത്തിൽ....... അവൾ തന്റെ ഇരുകൈകളും ഹൃദയത്തോട് ചേർത്തു വച്ചു... ചുവപ്പായിരുന്നു ഹൃദയത്തിൽ.. ചെങ്കൊടി ചുവപ്പ്............. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story