നിലാമഴ: ഭാഗം 19

Nilamazha

എഴുത്തുകാരി: അനു രാജീവ്

രാവിലെ ഉണരുമ്പോൾ തലക്ക് വല്ലാത്ത പെരുക്കം തോന്നി അവൾക്ക്.. രാത്രി ഒഴുക്കിയ കണ്ണുനീർ പാടുകൾ വറ്റിവരണ്ടിരിക്കുന്നു. ഉറങ്ങുന്ന കുഞ്ഞിനെ ഉണർത്താതെ അവൾ കട്ടിലിൽ നിന്നും എഴുന്നേറ്റ് പുറത്തേക്ക് നടന്നു.. പോയി മുഖം കഴുകി ഹാളിലേക്ക് വന്നപ്പോഴാണ് മുൻവശത്തെ ഡോർ തുറന്ന് കിടക്കുന്നത് ശ്രദ്ധിച്ചത്... ഒരു നിമിഷം ആലോചിച്ചു നിന്നതിനു ശേഷം ആരവ് കിടക്കാറുള്ള മുറിയിലേക്ക് നീങ്ങി.. അവിടെ അവൻ ഇല്ല എന്ന് കണ്ടതും കാലത്ത് എഴുന്നേറ്റ് എങ്ങോട്ടെങ്കിലും പോയതാവാം എന്ന ചിന്തയോടെ അവൾ അടുക്കളയിലേക്ക് പോയി.. തിളച്ച ചായ ഗ്ലാസ്സിലേക്ക് പകർത്തികൊണ്ടിരിക്കുമ്പോഴേക്കും പുറത്ത് ഹോൺ ശബ്ദം കേട്ടു... അവൾ ഒരു ഗ്ലാസ്‌ കൂടെ എടുത്ത് അതിലേക്കും ചായ പകർത്തി.. അപ്പോഴേക്കും മുൻവശത്തെ ഡോർ തുറക്കുന്ന ശബ്ദം കേട്ടു.. അവൾ ചായയെടുത്തു ഹാളിലേക്ക് ചെന്നു.. അവൻ അവളെ കണ്ടതും പുഞ്ചിരിച്ചു..

അവൾ ചായ അവന് നേരെ നീട്ടി.. എങ്ങോട്ട് പോയെന്ന് ചോദിക്കും എന്ന് കരുതിയെങ്കിലും അവളൊന്നും മിണ്ടാതെ ചായ ഗ്ലാസും എടുത്ത് പുറത്തെ വരാന്തയിൽ പോയിരുന്നു.. ഒന്ന് നെടുവീർപ്പിട്ട് അവനും മുൻവശത്തു പോയി കുറച്ച് മാറിയിരുന്നു.. "മരിയ... " അവൾ അവനെ നോക്കി.. "നമുക്കിന്ന് ഒരിടം വരെ പോണം..." "എങ്ങോട്ട്..." "പറയാം...." അവൾ പിന്നെയൊന്നും ചോദിച്ചില്ല.. "അച്ഛേ...." പുറകിൽ നിന്നും ശബ്ദം കേട്ട് രണ്ടാളും തിരിഞ്ഞു നോക്കി.. കണ്ണുതിരുമ്മി ഉറക്കക്ഷീണത്തോടെ കുഞ്ഞുടുപ്പിട്ട് നിൽക്കുന്ന നച്ചൂട്ടിയെ കണ്ട് രണ്ടാളുടെയും മുഖം വിടർന്നു.. ആൻ ചായ ഗ്ലാസ്‌ താഴേക്ക് വച്ച് കുഞ്ഞിന് നേരെ കൈനീട്ടി... ആരവ് അവളെ നോക്കി ചിരിച്ചു... അവൾ ചിരിയോടെ ആരവിന്റെ മടിയിലേക്ക് ചാടിക്കേറി ഇരുന്നു... ആനിന്റെ മുഖം വാടി.. അത് ആരവ് ശ്രദ്ധിക്കുകയും ചെയ്തു.. നച്ചൂട്ടി ആരവിന്റെ മീശയിലും താടിയിലുമൊക്കെ തഴുകികൊണ്ട് എന്തൊക്കെയോ പറഞ്ഞു കൊണ്ടിരിക്കുന്നുണ്ടായിരുന്നു.... .

അവളുടെ അച്ഛാ അച്ഛാ എന്ന വിളി കൂടി ആയപ്പോൾ ആൻ എഴുന്നേറ്റ് അകത്തേക്ക് നടന്നു.. ആരവും ചിരിയോടെ കുഞ്ഞിനെയുമെടുത്തു പുറകെ ചെന്നു... അടുക്കളയിൽ നിന്നും വലിയ ശബ്ദത്തിലുള്ള പാത്രങ്ങളുടെ ഒച്ച കേട്ട് ആരവ് അകത്തേക്ക് തലയിട്ട് നോക്കി.. ആരോടോ ഉള്ള ദേഷ്യം പോലെ ഓരോ പാത്രം വലിച്ചിട്ട് തേച്ചുകൊണ്ടിരിക്കുകയായിരുന്നു അവൾ.. ആരവ് കുഞ്ഞിനെ താഴെ നിർത്തി അകത്തേക്ക് കടന്നു.. പെട്ടെന്ന് പുറകിൽ ആരോ വന്നത് പോലെ തോന്നിയതും അവളുടെ കയ്യിലേ പ്ലേറ്റ് താഴെ വീണു. ഒന്ന് ഞെട്ടികൊണ്ട് പുറകോട്ട് മാറിയവളെ കണ്ട് ആരവ് നെറ്റിചുളിച്ചു.. അവളുടെ മുഖത്തെ പരിഭ്രമം കണ്ട് ചിരിയോടെ അവൻ പാത്രം കയ്യിലെക്കെടുത്തു.. ഒന്നും മിണ്ടാതെ പാത്രങ്ങളോരോന്നായി കഴുകിയെടുക്കുന്ന ആരവിനെ ഒന്ന് നോക്കി ആൻ പുറത്തേക്ക് നടന്നു... കുഞ്ഞിനെ എടുത്ത് ബ്രഷ് ചെയ്യിച്ചു.. അവളെ എണ്ണതേപ്പിച്ചു നിർത്തി, അലക്കി, കുളിച്ചു.. അൽപ്പസമയം കഴിഞ്ഞ് കുഞ്ഞിനേയും കുളിപ്പിച്ച് അകത്തേക്ക് വരുമ്പോഴേക്കും ആരവ് അവിടെ ഉണ്ടായിരുന്നില്ല... അവൾ ഒന്ന് ചിന്തിച്ച് നേരെ അടുക്കളയിലേക്ക് നടന്നു.. ______❤️

പുറത്ത് പെയ്യുന്ന മഴയിലേക്ക് നോക്കിയിരിക്കുകയായിരുന്നു ആരവ്.. അൽപ്പ സമയത്തിന് മുൻപ് സംഭവിച്ച കാര്യങ്ങൾ അവന്റെ മനസിലേക്ക് കടന്നു വന്നു.. ❤️❤️❤️ നല്ല മഞ്ഞു വീഴുന്ന പ്രഭാതം... ഒപ്പം മഴക്കാറും, ചാറ്റൽ മഴ പെയ്യുന്നുണ്ടോ എന്നും സംശയമുണ്ട്... ബൈക്ക് ഒരു കനാൽ വരമ്പിലൂടെ നീങ്ങി.. കാർ പോകാൻ മാത്രം വീതിയില്ലാത്ത വഴിയായത് കൊണ്ട് കൂടെ പഠിച്ചവന്റെ ബൈക്കും വാങ്ങിയാണ് ഇറങ്ങിയത്.. വണ്ടി നിന്നത് ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ഒരു വീടിനു മുന്നിലാണ്... ഒറ്റപ്പെട്ട സ്ഥലം... ചെറുപ്പത്തിൽ മുതിർന്ന ആളുകൾ ചീട്ടുകളിക്കാനും കള്ളുകുടിക്കാനും ഉപയോഗിച്ചിരുന്ന വീടാണ്.. പണ്ട് അവർ ഒളിപ്പിച്ചു വച്ച ചീട്ടുകെട്ടുകൾ കാണാതെ എടുത്തോണ്ട് പോവാൻ ഇവിടെ വന്നിട്ടുണ്ട്. ഇപ്പൊ കഞ്ചാവടിച്ച് കെറങ്ങി കിടക്കാനും, പെണ്ണുങ്ങളെ കൊണ്ട് വന്ന് ഉല്ലസിക്കാനും വേണ്ടിയുള്ള ഇടമായി... ബൈക്ക് അവിടെ നിർത്തി അവൻ അകത്തേക്ക് നടന്നു.. ജീവൻ... അവനെ തപ്പി ഇറങ്ങിയതാണ്.. പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ഫുട്ബോൾ ടീമിൽ ഉണ്ടായിരുന്നു.. വന്ന അന്ന് തന്നെ, തന്റെ മൂന്നിൽ വന്നവരിൽ അവന്റെ മുഖം മാത്രം തിരിച്ചറിയാൻ കഴിഞ്ഞു..

കുറച്ച് കാലം നാട്ടിൽ ഇല്ലായിരുന്നതിനാൽ അന്വേഷിക്കാൻ കുറച്ച് ബുദ്ധിമുട്ടി.. പേര് കിട്ടിയപ്പോ തൊട്ട് ആളെ അന്വേഷിച്ച് നടക്കലായിരുന്നു... രാവിലെ ഇതിന്റെ ഉള്ളിൽ അടയിരുപ്പുണ്ടാവും എന്നറിഞ്ഞു.. രാത്രി കിടപ്പ് ഇതിനുള്ളിലാവും.... അവൻ മരത്തിന്റെ ചിതലരിച്ച വാതിൽ തള്ളിതുറന്നു... അവിടവിടെയായി ഒഴിഞ്ഞ ബിയർ കുപ്പികളും കത്തിച്ചു തീർത്ത സിഗരറ്റും ചുരുട്ടും... അവൻ പതിയെ അകത്തേക്ക് കയറി... തറയൊക്കെ ഇടിഞ്ഞു പൊളിഞ്ഞിരിക്കുന്നു... നീണ്ട ഹാളിൽ നിന്നും ആകെ രണ്ടു മുറി... ചുമരിലൂടെ വിണ്ടുകീറിയ പാടുകൾ.. അവൻ അതിൽ ഒരു മുറിക്കകത്തേക്ക് കയറി.. അകം ശൂന്യമായിരുന്നു.. അടുത്ത മുറിയിലേക്ക് കയറിയപ്പോൾ കണ്ടു ലുങ്കി നിലത്ത് വിരിച്ചു കമഴ്ന്നു കിടക്കുന്നവനെ.. നടുമ്പുറം നോക്കി ഒരു ചവിട്ടായിരുന്നു.. അവൻ ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റു... തെറി വിളിച്ചു തിരിഞ്ഞവൻ ആരവിനെ കണ്ടതും ഒന്ന് പകച്ചു...

നിലത്ത് കിടന്ന ലുങ്കി എടുക്കാൻ കുനിയുമ്പോഴേക്കും ആരവ് അവന്റെ തല പിടിച്ച് അവിടെയുള്ള തുരുമ്പിച്ച ടേബിളിലേക്കിടിച്ചു.. "ആആ ...." അവൻ അലറിക്കൊണ്ട് നെറ്റിയിൽ തൊട്ട് നോക്കി.. കയ്യിൽ പടർന്ന ചോര കണ്ട് അവൻ പല്ലുകടിച്ചു കൊണ്ട് ആരവിന് നേരെ ഓങ്ങി ചവിട്ടി... ആരവ് അവന്റെ കാലിൽ പിടിച്ച് തിരിച്ചു.. അവൻ വേദന കൊണ്ട് അലറി.. ചുമരിന് മുകളിൽ വച്ചിരിക്കുന്ന കൂർത്ത കമ്പി ആരവ് കയ്യിലെക്കെടുത്തു.. അതവന്റെ കാലിലെ മസിലിലേക്ക് കുത്തിയിറക്കി... ജീവൻ വേദന കൊണ്ട് അലറികരഞ്ഞു.. കുത്തിയിടത്തു നിന്നും ആ കമ്പി ദശയിലൂടെ വലിച്ചു കീറി.. അലറൽ ഒന്നൊതുങ്ങിയതും ആരവ് അവന്റെ മുഖത്തേക്ക് നോക്കി.. "ആരയച്ചു??? എന്തിന്???" ആരവിന്റെ ചോദ്യത്തിന് ഉത്തരം പറയാൻ പോലും അവന് കരച്ചിലിനിടയിൽ കഴിയുന്നുണ്ടായിരുന്നില്ല.. "തേ... തേജസ്‌.. ആാാാാ.. തേജസ്സ്......" ആരവ് ആ കമ്പി അവന്റെ കാലിൽ നിന്നും പറിച്ചെടുത്തു.. അവൻ പിടച്ചിലോടെ താഴെ വീണു.. ആരവ് അവന് നേരെ ഇരുന്നു.. "എന്തിന്...??" "എ...എന്തിനാണെന്നറിയില്ല..."

ആരവ് രക്തംപുരണ്ട കമ്പി വീണ്ടും കയ്യിലേക്ക് എടുത്തു.. "സത്യമായിട്ടും അറിയില്ല.. കൂടെ പഠിച്ചതായത് കൊണ്ട് പറഞ്ഞപ്പോ ചെയ്തെന്നേ ഉള്ളൂ.. സത്യമായിട്ടും എന്തിനാണെന്നറിയില്ല..," അവൻ പേടിയോടെ പുറകിലേക്ക് നിരങ്ങി കൊണ്ട് പറഞ്ഞു.. ആരവ് ആ കമ്പി അവിടെ തന്നെ ഇട്ട് പുറത്തേക്ക് നടന്നു. തേജസ്‌.. പ്രതീക്ഷിക്കാത്തൊരു പേര് .. പുറത്തിറങ്ങിയതും ഫോണെടുത്ത് ആർക്കോ ഡയൽ ചെയ്തു.. "ആശാനേ.. ഒരാളെ പൊക്കണം..." മറുപടി കേട്ടിട്ടെന്നോണം മീശ പിരിച്ചു വച്ച് അവനൊന്ന് ചിരിച്ചു.. --------------❤️ ആൻ അടുക്കളയിലെ ജോലി തീർത്ത് മുറിയിലേക്ക് പോകുമ്പോഴേക്കും ആരവ് റെഡി ആയി ഹാളിൽ ഇരിപ്പുണ്ടായിരുന്നു.. അവൾ പോയി ഡ്രസ്സ്‌ മാറ്റി കുഞ്ഞിനേയും ഒരുക്കി.. ആരവ് കുഞ്ഞിനെയുമെടുത്തു കാറിലേക്ക് കയറി.. ആൻ അവന് പുറകെ പോയി കോഡ്രൈവിങ് സീറ്റിൽ ഇരുന്നു.. കാർ മുന്നോട്ട് നീങ്ങിയിട്ടും ആനിൽ നിന്നും ഒരു വാക്ക് പോലും പുറത്തോട്ട് വന്നില്ല.. എങ്ങോട്ടാണെന്ന് ചോദിച്ചില്ല.. വണ്ടി പോയി നിന്നത് ഒരു കമ്പനിക്ക് മുന്നിലാണ്.. പുറത്ത് കൂട്ടിയിട്ടിരിക്കുന്ന ചാക്കുകെട്ടുകളിൽ നിന്നും അതൊരു പ്ലാസ്റ്റിക് കമ്പനിയാണെന്ന് ആൻ ഊഹിച്ചു.. അവൾ ചുറ്റും നോക്കി. അടുത്തെങ്ങും മറ്റു സ്ഥാപനങ്ങളോ വീടുകളോ ഇല്ല എന്നവൾക്ക് മനസ്സിലായി. "മരിയ.." അവൾ ആരവിന്റെ മുഖത്തേക്ക് നോക്കി.

"വാ..." അവളോട് പറഞ്ഞു കൊണ്ട് അവൻ കുഞ്ഞിനേയുമെടുത്ത് അകത്തേക്ക് നടന്നു... വലിയ കമ്പനിയായിരുന്നു അത്.. ഒരുഭാഗത്ത് മുഴുവൻ പഴയ പ്ലാസ്റ്റിക്കുകളും പ്ലാസ്റ്റിക് ഉല്പന്നങ്ങളും.. അത് ഡിമെറ്റീരിയലൈസ് ചെയ്യുന്ന മെഷീനുകളും മറ്റും മറുഭാഗത്ത്. ഫൈനൽ പ്രൊഡക്ട് വരുന്ന ഒരിടം ഏറ്റവും അറ്റത്ത്.. അവർ അങ്ങോട്ട് നടന്നു.. അവിടെ ഒരു മൂലയിൽ കെട്ടിയിട്ടിരിക്കുന്ന വ്യക്തിയെ കണ്ട ആനിന്റെ നെറ്റിച്ചുളിഞ്ഞു.. ഒരു നിമിഷം കൊണ്ട് ആളെ മനസ്സിലായ ആൻ വേഗം അവനടുത്തേക്ക് ഓടി.. "തേജസേട്ടാ...." മുഖത്തും ശരീരത്തും മറ്റും ഇടികൊണ്ടതിന്റെ ചതവുകളും പാടുകളും കണ്ട് അവൾ അന്തിച്ചു പോയി.. വെപ്രാളത്തോടെ കുലുക്കി വിളിച്ചതും അവന്റെ മുഖം വേദനകൊണ്ട് ചുളിഞ്ഞത് കണ്ട് ആൻ വേഗം അവന്റെ മേലെയുള്ള കൈകൾ പിൻവലിച്ചു.. ദേഷ്യത്തോടെ തിരിഞ്ഞു നോക്കി.. "ആരവ്.. എന്താ ഇത്???" അവൾ ദേഷ്യം കൊണ്ട് വിറക്കുകയായിരുന്നു.. എന്നാൽ ആരവ് അവളെ തന്നെ നോക്കി നിന്നു... ആദ്യമായി ആ മുഖത്തെ ശൗര്യം കണ്ടതിലുള്ള അത്ഭുതം, ദേഷ്യം കണ്ടതിലുള്ള സന്തോഷം, എല്ലാത്തെക്കാളുമുപരി തന്റെ പേര് വിളിച്ചിരിക്കുന്നു..

മുഖത്ത് നോക്കി സംസാരിച്ചിരിക്കുന്നു... അവന്റെ നോട്ടം കണ്ട് അവൾ അവിടെ നിന്നും എഴുന്നേറ്റു.. "ആരവ്.. തേജസേട്ടനെ എന്തിനാ അടിച്ചതെന്നാ ചോദിച്ചത്.. ഈ മനുഷ്യൻ എന്ത് തെറ്റാ ചെയ്തത്..? അവരുടെ കുടുംബത്തിന് ഇനിയും ഒരു സങ്കടം കൊടുക്കരുത്.. ഞാൻ കാരണമാ എന്റെ തനു... ആ അമ്മയുടെ കണ്ണുനീർ ഇനിയും വീഴ്ത്തിയാൽ ഞാൻ ഒരിക്കലും നന്നാവില്ല.. തേജസേട്ടനെ അഴിച്ചു വിട്..." കണ്ണുകൾ നിറഞ്ഞെങ്കിലും വാക്കുകളിൽ ദേഷ്യം തന്നെയായിരുന്നു... ചിരിയോടെ ആരവ് തേജസിനടുത്തേക്ക് പോയി.. ഇപ്പോൾ അഴിച്ചുവിടും എന്ന് കരുതി ആനും അവരെ തന്നെ നോക്കി നിന്നു.. എന്നാൽ തേജസ്സിനടുത്ത് കാലൂന്നി ഇരുന്ന ആരവ് അവന്റെ കയ്യിൽ കൈകോർത്തുപിടിച്ച് ഒരൊറ്റ മടക്കലായിരുന്നു.. അവന്റെ അലർച്ച കേട്ട കുഞ്ഞ് പേടിച്ച് ആനിന്റെ അടുത്തേക്ക് ഓടി വന്ന് അവളുടെ കാലിൽ ചുറ്റി പിടിച്ചു.. ആൻ എന്താണ് സംഭവിച്ചതെന്ന് മനസിലാകാതെ കണ്ണുകളടച്ച് ആ നിമിഷം മനസിലേക്ക് കൊണ്ടുവന്നു... കൈവിരലുകൾ ഒടിയുന്ന ശബ്ദത്തോടൊപ്പം അവന്റെ അലറും കൂടിയാണ് കേട്ടത് എന്നാലോചിച്ചപ്പോൾ ആനിന്റെ ശരീരമാകെ വിറച്ചു..

കണ്ണുതുറന്നു നോക്കിയപ്പോൾ കണ്ടത് വേദനകൊണ്ട് പിടഞ്ഞു കൊണ്ടിരിക്കുന്ന തേജസിനെയാണ്.. "ആരവ്...." ആൻ ഒന്നുകൂടി വിളിച്ചെങ്കിലും ശബ്ദം മുഴുവനായും പുറത്തേക്ക് വരുന്നുണ്ടായിരുന്നില്ല.. "പറയടാ.......... മോനെ.. എന്തിനാ എന്നെ കൊല്ലാൻ ആളെ വിട്ടത്.. എന്നെ കൊന്നിട്ട് നിനക്കെന്താടാ കിട്ടാനുള്ളത്...," ഇത്തവണ ആൻ ഞെട്ടി.. ഇത് ആരവാണെന്ന് തേജസ്‌ അറിയാൻ യാതൊരു സാധ്യതയുമില്ല എന്ന് ആനിന് അറിയാമായിരുന്നു.. ഇത് ആരവാണെന്ന് അറിഞ്ഞിട്ടില്ലെങ്കിൽ തേജസ് എന്തിന് കൊല്ലാൻ ആളെ വിടണം? ഹർഷേട്ടനെ കൊല്ലാനോ??? അവളുടെ മനസ്സിൽ ആ ചോദ്യം ഓടിക്കൊണ്ടേയിരുന്നു. ആരവ് അവന്റെ മറു കയ്യിൽ പിടിച്ചു.. തേജസ്‌ പേടികൊണ്ട് അവന്റെ പിടുത്തത്തിൽ നിന്നും കൈ കുതറാൻ ശ്രമിച്ചുകൊണ്ടേയിരുന്നു.. പക്ഷേ അവനെക്കൊണ്ട് സാധിക്കുന്നുണ്ടായിരുന്നില്ല.. "പറയടാ.. നിനക്കെന്നെ കൊന്നിട്ട് എന്ത് കിട്ടാനാ???"

തേജസ് സർവ്വശക്തിയുമെടുത്ത് ആരവിനെ പുറകിലേക്ക് തള്ളി ... "സമാധാനം....." അതൊരു അലറലായിരുന്നു. ആരവിനും ആനിനും ഒന്നും മനസ്സിലായില്ല എന്ന് അവരുടെ മുഖഭാവത്തിൽ നിന്നുതന്നെ വ്യക്തമായിരുന്നു.. തേജസ് തുടർന്നു.. "ഇവളുണ്ടല്ലോ.. ഇവളെന്റെ പ്രാണനായിരുന്നു.." തന്റെ നേരെ ചൂണ്ടിയ കൈ ആനിന്റെ ഹൃദയത്തിൽ പ്രതീക്ഷിക്കാത്തൊരു ആഘാതമായിരുന്നു.. " നീ സ്നേഹിക്കുന്നതിനു മുന്നേ ഇവളെ മനസ്സിൽ കൊണ്ടു നടന്നവനാ ഞാൻ.. എന്റെ അനിയത്തിയുടെ വാക്കുകളിലൂടെ.. ഇവളെ ആദ്യമായി കാണാൻ പോയപ്പോൾ എന്റെ ഉള്ളിലുണ്ടായിരുന്ന വികാരം എന്താണെന്ന് എനിക്ക് പോലും പറഞ്ഞറിയിക്കാൻ പറ്റില്ല.. അന്ന് ഹോസ്റ്റലിൽ വെച്ച് അവളെ കൂടെ കൂട്ടിയപ്പോൾ, എന്റെ വീട്ടിൽ വന്നത് തങ്ങിയപ്പോൾ, എന്റെ അച്ഛനെയും അമ്മയെയും സ്വന്തം അച്ഛനമ്മമാരെപ്പോലെ കണ്ട് ഞങ്ങളിൽ ഒരാളായി കഴിഞ്ഞപ്പോൾ... ഞാൻ എത്ര സ്വപ്നം കണ്ടെന്നറിയോ നിനക്ക്...

എല്ലാം ഒരു നിമിഷം കൊണ്ടാ നീ തകർന്നത്... നിനക്ക് അവളെ ഇഷ്ടമാണെന്ന് ഞാനറിഞ്ഞപ്പോ മുതൽ ഇന്നലെ വരെ ഞാൻ ഉറങ്ങിയിട്ടില്ല.. അറിഞ്ഞ കുറച്ചു ദിവസങ്ങളിൽ മനസിന്റെ സമനില തെറ്റിയ അവസ്ഥയായിരുന്നു... നിങ്ങളെ എങ്ങനെ പിരിക്കാം എന്നായിരുന്നു ആദ്യം എന്റെ ചിന്തയിൽ മുഴുവൻ.. പക്ഷേ അന്ന് പ്രതീക്ഷിക്കാതെയാ നീ അവളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു കൂടെ താമസിപ്പിച്ചത്.. അപ്പോഴും ഞാൻ ക്ഷമിച്ചിരുന്നു. വിവാഹംവരെ സമയമുണ്ടല്ലോ എന്ന് കരുതി.. അതിനിടയിലാണ് എന്റെ തനുവിന് നിന്നോടുള്ള ഇഷ്ടം ഞാൻ അറിഞ്ഞത്.. നിങ്ങളുടെ വിവാഹം മുടക്കിയാൽ അവൾക്ക് നിന്നെ കൊടുക്കണം എന്നായിരുന്നു ആദ്യത്തെ ചിന്ത.. പക്ഷേ അത് ഏതു വിധത്തിലും നടക്കാതെ വന്നപ്പോൾ നിന്നെ കൊല്ലാൻ പ്ലാനിട്ടു.. അവളറിയാതെ.. അന്നും നിന്നെ കൊല്ലാൻ ആളെ വിട്ടത് ഞാനായിരുന്നു.. പക്ഷേ ഭാഗ്യം നിന്റെ കൂടെയായിരുന്നു.. അന്ന് നീ രക്ഷപ്പെട്ടു..

നിന്റെ വിവാഹം വരെ എത്തി കാര്യങ്ങൾ. വിവാഹം കഴിഞ്ഞ അന്ന് വീടെത്തുമ്പോഴേക്കും നിങ്ങളെ തീർക്കാനായിരുന്നു അടുത്ത പ്ലാൻ.. പക്ഷേ അത് തനു അറിഞ്ഞു. അവൾക്ക് നിന്നോട് ആഘാതമായ പ്രണയമായിരുന്നു.., " തേജസിന്റെ ചുണ്ടിന്റെ കോണിൽ നിറഞ്ഞത് പുച്ഛമായിരുന്നു . ആരവ് ആനിന്റെ മുഖത്തേക്ക് നോക്കി.. ഒരുതരം അമ്പരപ്പായിരുന്നു അവളുടെ മുഖത്ത്.. തേജസിന്റെ മനസിലേക്ക് ആ ദിവസം കടന്നു വന്നു.. ❤️❤️❤️ രജിസ്റ്റർ ഓഫീസിൽ നിന്നും അവർ മടങ്ങുന്ന സമയം മനസ്സിലാക്കി അവൻ കൂടെയുള്ളവരോട് ഫോൺ ചെയ്ത് വിവരം പറഞ്ഞു. "ടാ.. അരമണിക്കൂർ കൊണ്ട് അവർ ഇവിടെ എത്തും.. അപ്പോഴേക്കും നിങ്ങൾ തയ്യാറായി നിൽക്കണം. അവനെ കൊല്ലുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.. നിങ്ങളെയൊക്കെ തീർക്കാൻ അവന് മിനിറ്റുകൾ മതി.. ചതിയെ നടക്കൂ.. കൂടെ നിന്ന് പുറകിൽനിന്നും കുത്താം.. ഞാൻ ഇറങ്ങുന്നു.. ഇപ്പൊ എത്താം.."

ഫോൺ കട്ടാക്കി റൂമിൽ നിന്നും പുറത്തേക്കിറങ്ങുമ്പോൾ കണ്ടത് അവിടെ കണ്ണുകൾ നിറച്ചു തന്നെ നോക്കി നിൽക്കുന്ന തനുവിനെയാണ്.. അവളുടെ മുഖഭാവത്തിൽ നിന്ന് തന്നെ അവൾ എല്ലാം കേട്ടു എന്നവന് മനസ്സിലായി.. "ഏട്ടാ... എന്തൊക്കെയാ നീ ഈ ചെയ്യുന്നേ.. ഹർഷേട്ടൻ നിന്റെ ഫ്രണ്ടാ..." അവൾ പിടിച്ച കൈ തട്ടിമാറ്റി അവൻ മുന്നോട്ടു നടന്നു. അവൾ പുറകിൽ വന്നു വീണ്ടും അവന്റെ കയ്യിൽ പിടുത്തമിട്ടു.. "ഏട്ടാ.. നിൽക്ക്.. ഹർഷേട്ടനെ ഒന്നും ചെയ്യല്ലേ.. എനിക്ക് സഹിക്കാൻ പറ്റില്ല..." " അവൻ ആനിന്റെ കൂടെ നമ്മുടെ മുന്നിൽ ജീവിക്കുന്നത് നിനക്ക് സഹിക്കാൻ പറ്റുമോ?? അതിലും ബേധമല്ലേ അവനെ ഇല്ലാതാക്കുന്നത്.." " വേണ്ട ഏട്ടാ..ഞാൻ സമ്മതിക്കില്ല.. എനിക്ക് കിട്ടിയില്ലെങ്കിലും കുഴപ്പമില്ല, അവർ ജീവിച്ചോട്ടെ.. എന്റെ ഹർഷേട്ടൻ ജീവനോടെ ഉണ്ടായാൽ മതി എനിക്ക്... ഹർഷേട്ടൻ സന്തോഷത്തോടെ ജീവിച്ചാൽ മതി..." അതുവരെ മയത്തിൽ സംസാരിച്ചുകൊണ്ടിരുന്ന തേജസിന്റെ മുഖം പെട്ടെന്ന് മാറി.. അവളുടെ കൈ കുടഞ്ഞെറിഞ്ഞ് കഴുത്തിൽ പോക്കി പിടിച്ചു.. "അപ്പൊ ഞാനോ.. ഞാൻ ജീവിക്കണ്ടേ??

എനിക്ക് വേണം ആനിനെ.. അവളെ നഷ്ടപ്പെടുന്നത് ചിന്തിക്കാൻപോലും പറ്റില്ല എനിക്ക്... മനസിലായോടി.." കഴുത്തിൽ നിന്നുമുള്ള പിടി വിട്ട് അവൻ വീണ്ടും വാതിലിനടുത്തേക്ക് പോയി.. അവൾ പുറകെ പോയി അവന്റെ കയ്യിൽ പിടിച്ച് വലിച്ചു.. "ഞാൻ സമ്മതിക്കില്ല. ഏട്ടനെ ഇവിടുന്ന് പോകാൻ ഞാൻ സമ്മതിക്കില്ല.. ബലംപ്രയോഗിച്ച് പോകാനാണ് ഉദ്ദേശമെങ്കിൽ പോയ ഉടനെ ഹർഷേട്ടനെ വിളിച്ച് ഞാൻ എല്ലാം പറയും..." തേജസിന്റെ മുഖത്ത് ക്രൂരത നിറഞ്ഞു.. സ്വന്തം അനിയത്തി ആണെന്ന് പോലും ഓർക്കാതെ അവന്റെ കൈകൾ അവളുടെ കഴുത്തിൽ അമർന്നു... ചുമരിലേക്ക് ചേർത്തുനിർത്തി അവളുടെ കഴുത്തുഞെരിച്ചു.. അവൾ കൈ കഴുത്തിൽ നിന്നും എടുത്തു മാറ്റാൻ ശ്രമിച്ചെങ്കിലും സാധിക്കുന്നുണ്ടായിരുന്നില്ല... അവൾ കുറച്ച് നേരം പിടഞ്ഞു.. കണ്ണുകൾ പുറത്തേക്കുന്തി വന്നു.. കൈകൾകൊണ്ട് അവന്റെ ഷർട്ടിലും കയ്യിലും പിടുത്തമിടാൻ നോക്കി.. പിടഞ്ഞു കൊണ്ടിരുന്ന ശരീരം നിശ്ചലമായി. കല്യാണത്തിനു പോയ അച്ഛനും അമ്മയും തിരികെ വരും മുന്നേ അവൻ അവളുടെ കഴുത്തിൽ കുരുക്കിട്ട് അവളുടെ മുറിയിലേക്ക് കൊണ്ടുപോയി ഫാനിൽ കെട്ടിത്തൂക്കി .

വീട് പുറത്തുനിന്നും പൂട്ടി ചാവി ജനലു വഴി അകത്തേക്കിട്ടു. അതിനുശേഷം ഒന്നുമറിയാത്തപോലെ അവിടെനിന്നും വണ്ടിയെടുത്ത് കൊല്ലാൻ ആളെ ഏൽപ്പിച്ചവരുടെ അടുത്തേക്ക് പോയി... "🌸 തറഞ്ഞു നിന്ന ആനിന്റെ കണ്ണിൽ നിന്നും കണ്ണുനീർ നിലംപതിച്ചു.. തളർന്നു പോയി അവൾ... തേജസ്‌ ആരവിനെ നോക്കി.. അതെ ക്രൂരത തന്നെയായിരുന്നു അപ്പോഴും അവന്റെ മുഖത്ത്... "പക്ഷെ അന്ന് എനിക്ക് നിന്നെ കൊല്ലാൻ പറ്റിയില്ല... ഞങ്ങൾ വരുന്നതിനു മുന്നേ അവിടെ മറ്റാരൊക്കെയോ ഉണ്ടായിരുന്നു.... ആ മഴയത്ത് അവരെല്ലാം ചേർന്ന് നിന്നെ അടിച്ചിടുന്നത് കണ്ട നിർവൃതിയിലാ ഞാനന്നു മടങ്ങിയത്.. ഞാൻ ചെയ്യേണ്ട പണി വേറാരോ വെടുപ്പായി ചെയ്യും എന്ന് കരുതി.. അവിടെ എനിക്ക് തെറ്റുപറ്റി.. ഇന്ന് എന്റെ മുന്നിൽ ഇങ്ങനെ വന്നു നിൽക്കുമെന്നു ഞാൻ കരുതിയില്ല..." ആനിന്റെ തോളിൽ കിടന്ന കുഞ്ഞ് പതിയെ മുഖമുയർത്തി.. കുഞ്ഞികൈ കൊണ്ട് ആനിന്റെ കണ്ണുകളിൽ നിന്നുതിർന്ന കണ്ണുനീർ തുടച്ചു കൊടുത്തു.. ആൻ പെട്ടന്നൊന്ന് ഞെട്ടി കുഞ്ഞിന്റെ മുഖത്തേക്ക് നോക്കി...

അതിനുശേഷം അവളെ ചേർത്തുപിടിച്ചു പൊട്ടിക്കരഞ്ഞു.. "നീ എന്തിനാ കരയുന്നത് ആൻ.. ഞാൻ അനുഭവിച്ച വിഷമം എത്രയാണെന്ന് നിനക്ക് ഊഹിക്കാൻ പറ്റുമോ..? അന്ന് തൊട്ട് ഞാൻ നിന്നെ തിരഞ്ഞലയാത്ത സ്ഥലമില്ല.. തനുവിനെ കൊന്നതിലുള്ള കുറ്റബോധം.. രാത്രിയൊന്നും ഉറങ്ങാൻ പറ്റാറില്ല.. നിന്നെ കണ്ടെത്താൻ കഴിയും എന്നതിലായിരുന്നു അവസാന പ്രതീക്ഷ.. പക്ഷേ.. ഒരു വർഷത്തിനു മുൻപ് എന്റെ ഒരു സുഹൃത്ത് വഴി നീ ബാംഗ്ലൂർ ഉണ്ടെന്ന് ഞാൻ കണ്ടെത്തി. നിനക്കൊരു കുഞ്ഞുണ്ടെന്നും.. എന്റെ ജീവിതത്തിലെ എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട് തകർന്നുപോയ നിമിഷത്തിലാണ് അമ്മയുടെ നിർബന്ധപ്രകാരം ഇന്ദുവിനെ വിവാഹം ചെയ്തത്.. കഴുത്തിലൊരു താലി കെട്ടി കൊടുത്തെങ്കിലും അവളുടെ കൂടെ ജീവിച്ചു തുടങ്ങിയിട്ടില്ല.. അതിനു പറ്റിയിട്ടില്ല.. എന്റെ മനസ്സ് നിറയെ നീ മാത്രമേ ഉള്ളൂ ആൻ.. ജീവിക്കാനും മരിക്കാനും പറ്റാതെ വെന്തുകൊണ്ടിരിക്കുമ്പോഴാ നിങ്ങളുടെ ഈ റീ-എൻട്രി..." തേജസ്‌ ഒന്ന് ചിരിച്ചു... " പഴയ കാര്യങ്ങൾ കുത്തി പൊക്കും എന്നു തോന്നിയത് കൊണ്ട് തന്നെയാ ഇവനെ തീർക്കാൻ വീണ്ടും ആളിനെ വിട്ടത്..

പക്ഷെ അത് വലിയ അബദ്ധമായി.. അല്ലേടാ..." അത്രയും നേരം ആനിനെ നോക്കി സംസാരിച്ചവൻ അവസാനത്തെ വാചകം പറയുമ്പോൾ മാത്രം നോട്ടം ആരവിലേക്ക് മാറ്റി... "ഇനി എന്താ പ്ലാൻ.. എന്നെ കൊല്ലാനാണോ...??? സന്തോഷം.. കൊന്നോ.." തേജസിന്റെ മുഖത്ത് വീണ്ടും പുച്ഛം.. ആരവ് അവനടുത്തു നിന്നും എഴുന്നേറ്റു.. "നിന്നെ കൊന്നിട്ട് എനിക്കെന്ത് കിട്ടാനാ.. നിനക്കുള്ള ശിക്ഷ നിയമം തരും.. കുറച്ചു മാറി ചാക്കുകൾക്കിടയിൽ വച്ചിട്ടുള്ള ക്യാമറ ആരവ് കയ്യിലേക്കെടുത്തു ... തേജസിന്റെ മുഖം മാറി.. " നിനക്ക് ദേ ഈ വീഡിയോ ശിക്ഷ തരും.. സ്വന്തം അനിയത്തിയെ കഴുത്തുഞെരിച്ചു കൊന്നതിന്.. ഈ സമൂഹം നിന്നെ കൊലയാളിയായി കാണും.. നിന്റെ വീട്ടുകാർ നിന്നെ വെറുക്കും... നാട്ടിൽ തെണ്ടി നടക്കുന്ന കൊടിച്ചി പട്ടിയുടെ വില പോലും ഈ ജീവിതത്തിൽ നിനക്കിനി ഉണ്ടാവില്ല.. നീ ചെയ്ത ക്രൂരതകൾ നിന്റെ വാക്കുകളിലൂടെ തന്നെ ലോകം അറിയും..

ഇതിലും നല്ല ശിക്ഷ നിനക്കെന്തു നൽകണം എന്ന് എനിക്കറിയില്ല.." തേജസ് ദേഷ്യം കൊണ്ട് വിറക്കുകയായിരുന്നു.. ആരവ് തരിച്ചു നിൽക്കുന്ന ആനിന്റെ അടുത്തേക്ക് വന്ന് കുഞ്ഞിനെ കയ്യിലേക്ക് എടുത്തു.. ആനിന്റെ കയ്യിൽ പിടിച്ച് പുറത്തേക്ക് നടക്കുമ്പോൾ അവനാ കരഞ്ഞു ചുവന്ന മുഖത്തേക്കൊന്നു നോക്കി. "മരിയ.." അവൾ. പതിയെ മുഖമുയർത്തി.. "നിന്റെ കൂട്ടുകാരിയെ കൊന്നത് നീയല്ല.. ഇനി ആ കുറ്റബോധത്തിന്റെ ആവശ്യമില്ല.. അത് നിന്നെ ബോധ്യപ്പെടുത്താനാണ് നിന്നെയും കൂടെ കൂട്ടിയത്..." അവൾ ഒന്നും മിണ്ടിയില്ല... വേദനകൾക്കിടയിലും ഒരാശ്വാസം അവളിൽ ബാക്കിയുണ്ടാകും എന്നവൻ വിശ്വസിച്ചു............ തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story