നിലാമഴ: ഭാഗം 20

Nilamazha

എഴുത്തുകാരി: അനു രാജീവ്

ആനിനെ വീട്ടിൽ കൊണ്ടാക്കി ആരവ് അങ്ങോട്ട് തന്നെ തിരിച്ചു വന്നു... തേജസ്‌ അകത്തേക്ക് കയറി വരുന്ന ആരവിനെ കണ്ടതും രണ്ടടി പുറകോട്ട് നിരങ്ങി. ആരവ് ചെയർ വലിച്ച് അവന് മുന്നിലിട്ട് അവിടെ ഇരുന്നു.. "ഞാനാരാണെന്ന് മനസിലായോ..." വേറെ എന്തോ പ്രതീക്ഷിച്ചിരുന്ന പോലെ തേജസിന്റെ മുഖത്ത് സംശയം നിറഞ്ഞു.. "മരിയ എന്റെ പേര് വിളിച്ചത് കേട്ടില്ലേ??" തേജസ്‌ മനസിലാവാത്ത പോലെ തലയാട്ടി.. "ആരവ്....." മുഖത്ത് അത്ഭുതം നിറഞ്ഞെങ്കിലും ഉടനെ തേജസ്‌ തല താഴ്ത്തി... "നീ എന്റെ ഫ്രണ്ടായിരുന്നു തേജസ്‌..... ഇവിടുന്ന് പോവുമ്പോ ഞാനാ ഹർഷിനെ നിനക്ക് പരിചയപെടുത്തിയത്.. തെറ്റായി പോയി അല്ലെടാ..?" തേജസിന് ഒന്നും പറയാനുണ്ടായിരുന്നില്ല.. "എങ്ങനെ തോന്നി കൂടെപ്പിറപ്പിനെ പോലെ കൊണ്ട് നടന്നവനെ പുറകിൽ നിന്ന് കുത്താൻ..." വീണ്ടും നിശബ്ദത.. "നിനക്ക് വേണ്ടിയുള്ള ആളുകൾ പുറപ്പെട്ടിട്ടുണ്ട്.. ഇനി എനിക്ക് ഒരു കാര്യം മാത്രം അറിഞ്ഞാൽ മതി ..

അന്ന് ഹർഷിനെ തീർക്കാൻ വന്നവരിൽ ആരെയെങ്കിലും നിനക്കറിയോ???" തേജസ്‌ അവന്റെ മുഖത്തേക്ക് നോക്കി.. പിന്നെ ഇല്ല എന്ന് തലയാട്ടി.. "ആലോചിച്ചു നോക്ക്.. ഇത് വരെ ചെയ്ത പാപങ്ങൾക്കുള്ള പരിഹാരമായിട്ടെങ്കിലും.." "അറിയില്ല.. എനിക്ക് പരിചയമുള്ള ആരും ആയിരുന്നില്ല അത്. വെളിയിലുള്ള ഏതോ ടീം ആണ്.." അവസാന പ്രതീക്ഷയും നഷ്ട്ടമായി എന്ന ചിന്തയിൽ ആരവ് ചെയർ തട്ടി തെറിപ്പിച്ച് അവിടെ നിന്നും എഴുന്നേറ്റു.. "ആരവ്...." തേജസിന്റെ ശബ്ദം കേട്ട് ആരവ് തിരിഞ്ഞു നോക്കി.. "അന്ന് ഹർഷിനെ പുറകിൽ നിന്നും ഒരുത്തൻ അടിച്ചു വീഴ്ത്തിയായിരുന്നു.. ഞങ്ങൾ പാസ് ചെയ്യുമ്പോ കണ്ട കാഴ്ച അതായിരുന്നു.. ആ അടിച്ചവന്റെ കയ്യിൽ ഒരു തൃശൂലത്തിന്റെ പച്ച കുത്തിയിരുന്നു.. റ്റാറ്റൂ അടിച്ചതല്ല.. പണ്ടത്തെ പച്ച കുത്തൽ പോലെയുണ്ടായിരുന്നു അത് കാണാൻ.... എനിക്കിത് ഓർമ വരാൻ കാരണം ഞാനയാളെ വീണ്ടും കണ്ടിരുന്നു..." "എവിടുന്ന്...??"

കോയമ്പത്തൂർ.. ജെല്ലിക്കെട്ടിനു പോയിരുന്നപ്പോ... അത്...... ആഹ്.. ചെട്ടിപ്പാളയം.. അതാ ആ സ്ഥലത്തിന്റെ പേര്... " അപ്പോഴേക്കും പോലീസ് ജീപ്പിന്റെ ശബ്ദം കേട്ട് ഇരുവരും പുറത്തേക്ക് ശ്രദ്ധിച്ചു.. പോലീസുകാർ അകത്തേക്ക് കയറി.. ആരവ് കയ്യിലുള്ള വീഡിയോന്റെ കോപ്പി അവർക്ക് കൈമാറി.. അപ്പോൾ തന്നെ അവർ തേജസിനെ അറസ്റ്റ് ചെയ്തു കൊണ്ട് പോയി.. ചെട്ടിപ്പാളയം.... ആരവ് സ്വയം പറഞ്ഞു... ____❤️ ആൻ വല്ലാത്തൊരു അവസ്ഥയിലായിരുന്നു.. ആരവ് വീട്ടിൽ കൊണ്ടാക്കിയിട്ട് പോയത് അവൾക്ക് ആശ്വാസം നൽകി.. ഒരുപാട് നേരം മനസ് വിട്ട് കരഞ്ഞു.. തനുവിന്റെ വീട്ടിൽ പോയ അന്ന് മുതലുള്ള കാര്യങ്ങൾ മനസ്സിൽ വന്നു.. തേജസേട്ടന്റെ നോട്ടത്തിലോ പ്രവർത്തികളിലോ പ്രണയം കാണാൻ തനിക്ക് കഴിഞ്ഞില്ല... ശ്രദ്ധിച്ചില്ല എന്ന് പറയുന്നതാവും ശരി.. അങ്ങോട്ട് പോയ ദിവസം ശരിക്കും തനിക്ക് ഓർമ പോലുമില്ല.

ഇനി ഒരിക്കലും ഹർഷേട്ടനെ കാണാൻ കഴിയില്ലെന്ന് കരുതി കരഞ്ഞു തീർത്ത ദിവസമായിരുന്നു അന്ന്.. തേജസേട്ടനെ ആദ്യമായി കണ്ടന്ന് ഒന്ന് ചിരിക്കാൻ പോലും താൻ മറന്നിരുന്നു... തന്നെ ശ്രദ്ധിച്ചിരുന്ന കണ്ണുകളെ ഒരു തവണ പോലും നോക്കാൻ തനിക്ക് കഴിഞ്ഞിരുന്നില്ല.. അല്ലെങ്കിലും ഹർഷേട്ടനെ കണ്ടതിനു ശേഷമല്ലേ താൻ കാഴ്ചകൾ കണ്ടു തുടങ്ങിയത്.. അപ്പോഴും തേജസേട്ടന്റെ പ്രണയം മാത്രം കണ്ടില്ലല്ലോ...? അവൾ നിറഞ്ഞ കണ്ണുകൾ തുടച്ചു... "അമ്മേ...." ആൻ മിഴികളുയർത്തി കുഞ്ഞിനെ നോക്കി.. "എന്തിനാ കയ്യുന്നേ...?" ആൻ ഒന്നുമില്ല എന്നപോലെ തലയാട്ടി.. "അച്ഛ എന്തിനാ ആ അങ്കിലിനെ അടിച്ചേ?? പാവം അങ്കിലല്ലേ വേനിച്ചിട്ടുണ്ടാവൂല്ലേ..." കുഞ്ഞ് സങ്കടത്തോടെ പറയുന്നത് കേട്ട് ആൻ അവളെ പിടിച്ചു മടിയിലേക്കിരുത്തി. "അത് പാവം അങ്കിളല്ല.. ദുഷ്ട്ടനാ.. അതോണ്ടാ അച്ഛ.. ആരവ് അടിച്ചത്..." കുഞ്ഞ് ആനിന്റെ നെഞ്ചിലേക്ക് ചേർന്ന് ചാരി കിടന്നു.. ആൻ തന്റെ നാവിൽ നിന്നും വന്ന വാക്കിൽ കുരുങ്ങി നിൽക്കുകയായിരുന്നു.. കേട്ടാൽ തന്നെ അലോസരപ്പെടുത്തികൊണ്ടിരുന്ന വാക്ക് തന്നിൽ നിന്നും....

അവൾ കുഞ്ഞിനെ ഒന്നുകൂടെ മുറുകെ പിടിച്ചു.. "മോളേ...." "ന്റാ മ്മേ..." "ആരവ് നിന്റെ അച്ഛനല്ല..." "എന്നെ പറ്റിച്ചണ്ട..." കുഞ്ഞ് ചിരിയോടെ ആനിന്റെ കയ്യിൽ പതിയെ നുള്ളി .. "നിന്റെ പേരെന്താ..." "നച്ചൂറ്റി .." "സ്കൂളിലെ പേര്?" "നികാരിക ഹർഷിറ്റ്.." "അപ്പോ ഈ ഹർഷിത് ആരാ??" "ഇന്ന് ആ ദുഷ്റ്റൻ അങ്കിൽ പഞ്ഞപ്പോ മോള് കേട്ടല്ലോ ഈ പേര്.." "ഹർഷിത്.. അതാ മോൾടെ അച്ഛന്റെ പേര്..." "മോളേപ്പോലെ രണ്ടുപേരുന്റൊ അച്ഛനും.. " "മോൾക്ക് പറഞ്ഞത് മനസിലായില്ലേ..ആരവ് നിന്റെ അച്ഛനല്ല..." കുഞ്ഞിന്റെ മുഖത്തെ ചിരി പതിയെ മാഞ്ഞു... കുഞ്ഞിചുണ്ടുകൾ വിതുമ്പി.. "ന്റെ അച്ഛയാ.. എനിക്കി ആഷി ഫോട്ടോ കാനിച്ചു തന്നല്ലോ.. അതാ എന്റെ അച്ഛാന്ന്.. പിന്നെയെ അച്ഛ തന്നെ പഞ്ഞല്ലോ മോൾടെ അച്ഛയാന്ന്... അമ്മ മോളേ ശങ്കടപ്പെത്താൻ വേണ്ടി പയ്യുവാ... മോള് അമ്മയോട് മിണ്ടൂല. .." കുഞ്ഞ് ആനിന്റെ മടിയിൽ നിന്നും ഉരുതിയിറങ്ങി മുറിയിലേക്കോടി.. ആൻ പുറകെ പോവാൻ നിന്നെങ്കിലും എന്തോ തോന്നിയില്ല.. ആരുഷിയെ വിളിച്ചു സംസാരിക്കണം.. എന്നാലേ അല്പമെങ്കിലും സമാധാനം കിട്ടൂ..

ആൻ ചിന്തകളോടെ ചാർജ് കുത്തിയിട്ട ഫോൺ കയ്യിലെടുത്തു.. ആൻ ആരുഷിയെ വിളിച്ച് ഉണ്ടായതെല്ലാം പറഞ്ഞു.. ആരുഷിക്കും സമാധാനം തോന്നി.. ഇന്നലെ തനുവിന്റെ കാര്യം പറഞ്ഞ് കുറ്റബോധം കൊണ്ട് നീറിപുകഞ്ഞവളാണ്.. ആ കുറ്റബോധം ഇല്ലാതായിരിക്കുന്നു.. കൂട്ടുകാരിയെ നഷ്ട്ടമായവളുടെ വേദനയാണ് ആരുഷിക്ക് ആനിൽ കാണാൻ കഴിഞ്ഞത്... ആരുഷി അവളെ ആശ്വസിപ്പിച്ചു.. ഒപ്പം മോളോട് ആരവിന്റെ കാര്യം പറഞ്ഞതിന് വഴക്കും പറഞ്ഞു.. ആനിനും തോന്നി.. കുഞ്ഞാണ്.. അവൾ ഒരുപാട് ആഗ്രഹിച്ച ഒന്നിനെയാണ് കയ്യിൽ കിട്ടിയിരിക്കുന്നത്.. പെട്ടെന്നൊരു ദിവസം അത് അവളുടേതല്ല എന്ന് പറഞ്ഞാൽ ആ മനസ്സ് എത്രമാത്രം വേദനിക്കും.. താനത് ചിന്തിച്ചില്ലല്ലോ.. ഫോൺ കട്ട്‌ ആക്കി മുറിയിലേക്ക് പോവാൻ നിക്കുമ്പോഴേക്കും പുറത്ത് വണ്ടി വന്ന ശബ്ദം കേട്ട് ആൻ വാതിൽ തുറക്കാൻ പോയി.. ആൻ വാതിൽ തുറന്നതും അവളെക്കാൾ മുന്നേ കൈക്കടിയിലൂടെ നച്ചൂട്ടി പുറത്തേക്കോടി.. ഇവളെങ്ങനെ ഇവിടെയെത്തി എന്ന് മനസിലാകാതെ ആൻ തിരിഞ്ഞും സൈഡിലേക്കുമൊക്കെ ഒന്ന് നോക്കി.

സ്റ്റെപ് കയറി വരുന്ന ആരവിനടുത്തേക്ക് നച്ചൂട്ടി ഓടി പോയി... ആരവ് വേഗം കുനിഞ്ഞ് കുഞ്ഞിനെയെടുത്തു.. "അച്ഛേ......" കുഞ്ഞ് ഇരുകൈ കൊണ്ടും അവന്റെ തോളിലൂടെ ചുറ്റി പിടിച്ചു തോളിൽ മുഖമമർത്തി.. "എന്താ മോളേ..." ആരവ് അവളുടെ മുടിയിൽ തലോടികൊണ്ട് ചോദിച്ചു. കുഞ്ഞ് സങ്കടത്തോടെ മുഖമുയർത്തി ആരവിന്റെ മുഖത്തേക്ക് നോക്കി.. "മോൾടെ അച്ഛയല്ലേ..." ആ ചോദ്യം ആരവിന്റെ ഉള്ളിൽ വിറയലുണ്ടാക്കി.. "അതെ.. അതേലോ..... മോൾടെ അച്ഛയാ..." "അമ്മ പരഞ്ഞു.. മോൾടെ അച്ഛ വേറെ ആണെന്ന്. ഇത് മോൾടെ അച്ഛ അല്ലാന്ന്..." പറയുന്നതിനോടൊപ്പം കുഞ്ഞ് വീണ്ടും അവന്റെ തോളിലേക്ക് ചാഞ്ഞു.. ആരവ് ആനിനെ നോക്കി.. ആൻ ആരവിനെ തന്നെ നോക്കി നിൽക്കുകയായിരുന്നു.. അവന്റെ മുഖത്തെ ഭാവമാറ്റങ്ങൾ ശ്രദ്ധിക്കുകയായിരുന്നു.. കുഞ്ഞിനെ കണ്ടപ്പോഴുള്ള സന്തോഷം. അവളെ എടുത്തപ്പോഴുണ്ടായിരുന്ന വാത്സല്യം.. അവളുടെ വാടിയ ശബ്ദം കേട്ടപ്പോഴുണ്ടായ അസ്വസ്ഥത. അച്ഛയല്ലേ എന്ന് ചോദിച്ചപ്പോഴുണ്ടായ അമ്പരപ്പ്.. കുഞ്ഞിന്റെ മുഖത്തെ സങ്കടം കണ്ടപ്പോഴുണ്ടായ വേദന..

ഇപ്പോൾ, തന്നെ നോക്കുമ്പോൾ, ആ മുഖത്ത് നിറഞ്ഞു നിൽക്കുന്ന ദയനീയത.. ആൻ ഒന്നും മിണ്ടിയില്ല.. തിരികെ അകത്തേക്ക് നടന്നു.. അവൻ മുഖം അൽപ്പം ചരിച്ച് കുഞ്ഞിന്റെ കവിളിൽ ഉമ്മ വച്ചു.. അവൾ ഇടക്കണ്ണിട്ട് നോക്കി... "മോൾടെ അച്ഛയാ ട്ടൊ..." അവളുടെ കുഞ്ഞി ചുണ്ടുകൾ പുഞ്ചിരിച്ചു.. അത് മതിയായിരുന്നു അവന്.. ____❤️ ഇന്ന് തന്നെ കോയമ്പത്തൂരിലേക്ക് പോകണമെന്ന് ആരവ് തീരുമാനിച്ചിരുന്നു... അത് ആനിനോട് സൂചിപ്പിച്ചെങ്കിലും അവളിൽ നിന്നും യാതൊരു പ്രതികരണവും ഉണ്ടായിരുന്നില്ല.. പ്രതീക്ഷിച്ചതായതുകൊണ്ട് ആരവിനും ഒന്നും തോന്നിയില്ല.. എന്നാൽ കുഞ്ഞ് മാത്രം കൂടെ പോകണം എന്നുപറഞ്ഞ് വാശി പിടിച്ചു കൊണ്ടിരുന്നു.. "നല്ല കുഞ്ഞല്ലേ.. അച്ഛ വേഗം വരാം .." "മേണ്ട.. നാനും വരും.." "മോളേ കൊണ്ടുപോകാൻ പറ്റാത്ത സ്ഥലമായതുകൊണ്ടല്ലേ.." "അമ്മേ പേടിച്ചിട്ട് അച്ഛ പിന്നേം നച്ചൂട്ടിയെ തനിച്ചാക്കി പോവാനാനെങ്കിലോ.. എങ്ങോറ്റാനേലും നാനും വരും..." "അച്ഛ മോളേ വിട്ട് എങ്ങോട്ടും പോവില്ലടാ.. അച്ഛേ വിശ്വാസമില്ലേ മോൾക്ക്..." നച്ചൂട്ടി ഒരു നിമിഷം ആലോചിച്ചു നിന്നു..

പിന്നെ കുഞ്ഞിക്കൈകൾ അവനു നേരെ നീട്ടി.. "പ്രോമിശ്..." "പ്രോമിസ്.. അച്ഛ മോളേ വിട്ട് എങ്ങും പോവില്ല..." കുഞ്ഞിക്കൈകളിൽ ചേർന്ന അവന്റെ കയ്യിൽ നോക്കി ഒന്ന് ചിരിച്ച് കുഞ്ഞ് മുട്ടിലിരിക്കുന്നവനെ പുണർന്നു... "ഉമ്മാ...." കവിളിൽ ഒരു ഉമ്മയും കൊടുത്തു.. അവൻ തിരിച്ചും.. സമയം കളയാതെ ആനിനെ നോക്കി ഒന്നു തലയാട്ടി അവൻ അവിടെ നിന്നും ഇറങ്ങി.. വണ്ടി കിലോമീറ്ററുകൾ താണ്ടി മുന്നോട്ട് കുതിച്ചു.. വെറുമൊരു സ്ഥലവും കയ്യിലെ അടയാളവും വെച്ച് എങ്ങനെ തിരഞ്ഞു കണ്ടു പിടിക്കാനാണ് എന്നവൻ ചിന്തിക്കാതിരുന്നില്ല.. പേരും രൂപവും ഒന്നും അറിയാത്ത ഒരാളെ കണ്ടു പിടിക്കുക എന്നത് അസാധ്യമാണ് എന്ന് ഉറപ്പുണ്ടെങ്കിലും ലക്ഷ്യത്തിലേക്ക് എത്താനുള്ള ഒരു കണ്ണി പോലും നഷ്ടമാകരുത് എന്നവൻ ആഗ്രഹിച്ചിരുന്നു.. കോയമ്പത്തൂരിൽ വർക്ക് ചെയ്യുന്ന ഫ്രണ്ട്സിനെ വിളിച്ച് ആ സ്ഥലത്തെക്കുറിച്ചും അവിടുത്തെ ആളുകളെ കുറിച്ചും ഒക്കെ ഏകദേശം ധാരണയുണ്ടാക്കി.. ഒരുപാട് ആളുകൾ തിങ്ങിപ്പാർത്ത് ജീവിക്കുന്ന സ്ഥലമാണത് എന്നത് വീണ്ടും നിരാശ നൽകിയെങ്കിലും പിന്മാറാൻ അവൻ തയ്യാറായില്ല..

സ്ട്രെയിറ്റ് ഹൈവേ വഴിയുള്ള യാത്ര ആയതുകൊണ്ട് വേറെ ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടായിരുന്നില്ല... ചെട്ടിപ്പാളയം എത്തി എന്ന് മനസിലായപ്പോൾ അവിടെയൊരു മാരിയമ്മൻ കോവിലിനു സൈഡിലായി അവൻ വണ്ടി ഒതുക്കി.. മാരിയമ്മൻ തമിഴ് ഗാനങ്ങൾ അവിടെ നിന്നും ഉച്ചത്തിൽ കേൾക്കാമായിരുന്നു... അല്പനേരം കഴിയുമ്പോഴേക്കും അവന് തൊട്ടടുത്തായി മറ്റൊരു കാർ വന്നു നിന്നു.. അതിൽ നിന്നും ഒരു യുവാവ് ഇറങ്ങി വന്നു കൂടെ ഒരു പെൺകുട്ടിയും.. "ജയ്... എത്ര കാലമായട കണ്ടിട്ട്.. " ആരവ് വേഗം കാറിൽ നിന്നുമിറങ്ങി മുന്നോട്ട് പോയി ആ യുവാവിനെ കെട്ടിപിടിച്ചു... "ഹായ്‌ ദിവ്യ.." ആരവ് ആ പെൺകുട്ടിയെ നോക്കി ചിരിച്ചു.. അവൾ തിരിച്ചും.. "എന്തായടാ..." "നീ വിചാരിക്കുന്നതുപോലെയ ല്ലാ കാര്യങ്ങൾ.. ഈ ഏരിയയിൽ മാത്രം ഇരുന്നൂറിൽപ്പരം വീടുകളുണ്ട്... കൂടുതലും ക്രിമിനൽ ബാഗ്രൗണ്ട് ഉള്ളവർ.. ഇവിടുന്ന് ഒരുത്തനെ കണ്ടുപിടിക്കുക എന്നത് നടക്കുമെന്ന് തോന്നുന്നില്ല... ലാസ്റ്റ് ഒരു പേർസെന്റേജ് ചാൻസിൽ കണ്ടു പിടിച്ചാൽ പോലും ഇവിടെ നിന്നും കൂട്ടിക്കൊണ്ടു പോകാൻ പറ്റില്ല.. എന്തിന് ഒന്ന് തൊടാൻ പോലും പറ്റില്ല..."

ആരവ് ഒന്ന് ചുറ്റും നോക്കി.. തെരുവു മുഴുവൻ വഴി വിൽപനക്കാരും, സ്ത്രീകളും.. ഓരോ ഭാഗത്തായി കുറച്ചു കുട്ടികൾ കളിക്കുന്നുണ്ട്.. കാണുമ്പോൾ തന്നെ എന്തോ ഒരു മിസ്റ്റേക്ക്.. ആരൊക്കെയോ ശ്രദ്ധിക്കുന്ന പോലെ... ജയ് തിരിഞ്ഞുനോക്കി.. ഒരു ഷെയർ ഓട്ടോയിൽ ഇരിക്കുന്ന നാലഞ്ചു ചെറുപ്പക്കാർ അവരെ തന്നെ ശ്രദ്ധിക്കുകയും കുശുകുശുക്കുകയും ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടതും ജയ് ദിവ്യയെ നോക്കി കണ്ണുകാണിച്ചു.. അവൾ കാറിലേക്ക് കയറിയിരുന്നു.. "ടാ.. ഇനിയും ഇവിടെ നിൽക്കുന്നത് ശരിയാവില്ല.. കുറച്ചുനേരം ഇവിടെ നിന്നു കഴിഞ്ഞാൽ അവന്മാർ ശ്രദ്ധിക്കും.. വന്നു കാര്യങ്ങൾ ചോദിക്കും.. ഒരാവശ്യവുമില്ലാതെയാണ് നിൽക്കുന്നത് എന്നറിഞ്ഞാൽ വഴക്കുണ്ടാക്കും.. വാ പോവാം.." ജയ് വേഗം പോയി കാറിലേക്ക് കയറി... ആരവ് ഓട്ടോയിൽ ഇരിക്കുന്നവരെ ഒന്ന് നോക്കി അവന്റെ കാറിലേക്ക് കയറി, ജയ് ടെ കാറിനെ ഫോളോ ചെയ്തു.. അന്ന് അവരുടെ നിർബന്ധപ്രകാരം ജയ്ടെ വീട്ടിൽ തന്നെ തങ്ങി.. ആനിനെ ഒന്ന് വിളിച്ചു നോക്കണം എന്നുണ്ടായിരുന്നെങ്കിലും എന്തോ ചെയ്തില്ല.. "എന്താടാ ഫോണും നോക്കി കിടക്കുന്നെ..

ആരെയെങ്കിലും മിസ്സ് ചെയ്യുന്നുണ്ടോ..?" റൂമിലേക്ക് ബെഡ്ഷീറ്റ് എടുത്തിട്ട് വന്ന ജയ ചോദിക്കുന്നത് കേട്ട് ആരവ് ഒന്ന് ചിരിച്ചു.. അവന്റെ ചിരിയുടെ അർത്ഥം മനസ്സിലായ പോലെ ജയ് അവന്റെ തോളിൽ കൈ വച്ചു.. "എല്ലാം ശരിയാവും..." അവൻ ബാൽക്കണിയിലേക്ക് നിന്നു.. "നാളേക്ക് കുറച്ച് പേരെ ഏർപ്പാടാക്കിയിട്ടുണ്ട്.. നമുക്ക് കഴിയുന്ന പോലെ ഒന്ന് ശ്രമിക്കാം.." "ഹ്മ്മ്..." അവനെ ശല്യപ്പെടുത്തേണ്ട എന്ന് കരുതി ജയ് ബെഡ്ഷീറ്റ് അവിടെയിട്ട് റൂമിൽ നിന്നും തിരികെപ്പോയി... ആരവ് മുടിയിഴകളിലൂടെ വിരൽ കോർത്തു.. മനസ്സ് മുഴുവൻ ഒരു തരം പക... അവൻ ഇരുകണ്ണുകളും ഇറുകെ ചുമ്മി കലുഷിതമായ മനസിനെ ശാന്തമാക്കാൻ ശ്രമിച്ചു.. അവനെ തഴുകി പോയ കാറ്റിനു പോലും ചോരയുടെ മണമായിരുന്നു.. അവൻ കണ്ണുകൾ തുറന്ന് നിലാവിനെ നോക്കി... അവളുടെ മുഖമായിരുന്നു അതിൽ തെളിഞ്ഞു നിന്നത്... _____❤️ "അമ്മേ... അതിലെ ആരുടെ ചിത്തരമാ കാണുന്നെ...??"

വട്ടത്തിൽ തെളിഞ്ഞുനിൽക്കുന്ന നിലാവിലേക്ക് കൈചൂണ്ടി നച്ചൂട്ടി ആനിനോട് ചോദിച്ചു... ആൻ ഒന്ന് പുഞ്ചിരിച്ചു... രാവിലത്തെ പിണക്കം മാറ്റിയെടുക്കാൻ തന്നെ വല്ലാതെ ബുദ്ധിമുട്ടി.. ഇനി ഇതിനും ഉത്തരം പറഞ്ഞില്ലെങ്കിൽ അവൾ വീണ്ടും പിണങ്ങും എന്ന് ആനിന് അറിയാമായിരുന്നു.. "മോള് നേരെ നോക്കിയേ... അതിൽ അമ്മയും അമ്മേടെ പുന്നാര കുഞ്ഞുമല്ലേ ഉള്ളത്..." "നമ്മളാണോ അത്.?." നച്ചൂട്ടി കുഞ്ഞു കണ്ണുകൾ വിടർത്തി അത്ഭുതത്തോടെ ആനിന്റെ മുഖത്തേക്ക് നോക്കി.. ആൻ അതെ എന്ന് തലയാട്ടി.. "അമ്മേ..." "ഹ്മ്മ്..." "അപ്പൊ അച്ഛയെവിടെ..." ആനിന്റെ കണ്ണുകൾ ആ നിലാവിന്റെ തൊട്ടടുത്തായി കൂടുതൽ പ്രകാശത്തോടെ ജ്വലിച്ചുനിൽക്കുന്ന നക്ഷത്രത്തിലേയ്ക്ക് നീങ്ങി.. ഇടക്ക് മിന്നി ചിമ്മുന്ന നക്ഷത്രം.. പക്ഷെ അതിന് മറ്റു നക്ഷത്രങ്ങളെക്കാളേറെ തിളക്കമുണ്ടായിരുന്നു.. ആനിന്റെ കൈ ആ നക്ഷത്രത്തിനു നേരെ ഉയർന്നു.. "ആ സ്റ്റാരാണോ അച്ഛ.." "ഹ്മ്മ്..." ആ നിർവികാരതയോടെ മൂളി.. "അതെന്റ അമ്മേ അച്ഛ നമ്മടെ കൂടെ നിക്കാതെ മാരി നിക്കുന്നെ..?" "അച്ഛ ദൂരെയാ.... ഒരുപാട് ദൂരെ.. " "പക്ഷെ അച്ഛ വരുല്ലോ... മോൾക്കറിയാം.. എന്റെ അച്ഛ വേം വരും... " കുഞ്ഞിന്റെ കണ്ണിൽ ആൻ കണ്ടത് പ്രതീക്ഷയായിരുന്നില്ല.. ഉറച്ച വിശ്വാസമായിരുന്നു............ തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story