നിലാമഴ: ഭാഗം 21

Nilamazha

എഴുത്തുകാരി: അനു രാജീവ്

"അച്ഛ വരൂലോ.. മോൾക്കറിയാം.. എന്റെ അച്ഛ വേം വരും... " ആൻ ഒന്ന് ചിരിച്ചു.. അവളുടെ പ്രതീക്ഷകളെ തല്ലിക്കെടുത്താൻ ആനിന് തോന്നിയില്ല.. അവൾ കുഞ്ഞിനെയുമെടുത്ത് അകത്തേക്ക് നടന്നു.. ____❤️ "ആശാനെ..... പൂയ്....." ആരവ് ഫോൺ ചെവിയിലേക്ക് ചേർത്ത് ഉച്ചത്തിൽ കൂകി... "നീ കുടിച്ചിട്ടുണ്ടോടാ..." മറുഭാഗത്ത് നിന്നും വന്ന ആ ശബ്ദം കേട്ട് ആരവ് ചിരിച്ചു.. " ഒരൊറ്റ വാക്ക് കേട്ടിട്ട് കുടിച്ചോ ഇല്ലയോന്ന് പറയാൻ എന്റെ ആശാനെ കൊണ്ടേ പറ്റൂ... " "നീ ഒരുപാട് പതപ്പിക്കണ്ടാ... അവിടെ ആനും കുഞ്ഞും മാത്രമല്ലേ ഉള്ളൂ.. ഇങ്ങനെ കുടിച്ച് കൂത്താടി നടക്കാനാണോടാ ചെക്കാ നീ ചാടി തുള്ളി പോയത്.." "ഞാൻ വേറൊരു സ്ഥലത്താ ആശാനെ....." "അപ്പൊ അവരോ..??" "വീട്ടിൽ.. അങ്ങ് ദൂരെ..." "ഒറ്റക്കാക്കിയിട്ട് എവിടെ തെണ്ടാൻ പോയതാടാ.." "ഒറ്റക്ക് ജീവിച്ചവളാ ആശാനെ.. അങ്ങനെയൊന്നും തളരില്ല.. ഞാനവിടെ ഇല്ലാത്തത് ഇപ്പൊ ആശ്വാസമായി തോന്നുന്നുണ്ടാവും..." മറുഭാഗത്ത് നിന്നും മറുപടിയൊന്നും വന്നില്ല.. "ആശാനെ...." "പറയടാ...." "കുറച്ച് കാര്യങ്ങൾ കണ്ടുപിടിക്കാനുണ്ട്.... 2 ദിവസം കഴിഞ്ഞേ നാട്ടിലേക്കുള്ളു... ഒരു കണ്ണ് കടം വേണമായിരുന്നു..." "ഹ ഹ ഹ ഹാ.. ഒന്നല്ല രണ്ടു കണ്ണും ഉണ്ടാവും.. ധൈര്യായിട്ട് കാര്യം തീർത്തിട്ട് വാടാ ചെക്കാ..."

"ഹ്മ്മ്... ശരി.. അപ്പൊ വിളിക്കാ..." "ഹ്മ്മ്...." കാൾ കട്ടാക്കി അവൻ ആകാശത്തേക്ക് നോക്കി.. "എന്നെ തനിച്ചാക്കി മുകളിൽ പോയിരുന്ന് സുഖിക്കുവാണെല്ലടാ കഴുവേറിടെ മോനെ...." ആകാശത്തിൽ മിന്നി ചിമ്മി നിൽക്കുന്ന നക്ഷത്രത്തെ നോക്കി അവനത് പറയുമ്പോൾ ചുണ്ടുകളിൽ പുഞ്ചിരിയായിരുന്നു.. കണ്ണുകളിൽ നനവും... ____❤️ 2 ദിവസം ആ ഏരിയ മുഴുവൻ അവരാൽ കഴിയുന്ന വിധം അരിച്ചു പെറുക്കിയെങ്കിലും അങ്ങനെയൊരാളെ കുറിച്ച് ഒരു സൂചനയും ലഭിച്ചില്ല.. അവരും അധികമൊന്നും പ്രതീക്ഷിക്കാത്തത് കൊണ്ട് നിരാശയും തോന്നിയില്ല.. കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടും ഫലമൊന്നും കാണാതായപ്പോൾ ഇനിയും അവരെ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി ആരവ് നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചു.. നാട്ടിലാണെങ്കിൽ നച്ചൂട്ടി അച്ഛയെ കാണണമെന്നു പറഞ്ഞ് വാശിപിടിക്കാൻ തുടങ്ങിയിരുന്നു.. അവളെ സമാധാനിപ്പിക്കാൻ ആൻ പെടാപാടു പെടുകയായിരുന്നു.. ഒന്ന് വിളിക്കാൻ ആരവിന്റെ നമ്പർ പോലും ആനിന്റെ കൈവശം ഉണ്ടായിരുന്നില്ല.. ദിവസം കടന്നു പോവാൻ പോലും അവർ ഒരുപാട് ബുദ്ധിമുട്ടി..

ആരവ് തിരിച്ചു നാട്ടിലേക്ക് മടങ്ങി.. വീടെത്താനാവുമ്പോഴേക്കും ആരവിന് ഒരു കാൾ വന്നു... അവൻ വണ്ടി സൈഡിലേക്ക് ഒതുക്കി കാൾ അറ്റന്റ് ചെയ്തു.. അതിൽ നിന്നും കേട്ട വാക്കുകൾ അവൻ ആഗ്രഹിച്ചിരുന്നവയായിരുന്നു എന്ന് അവന്റെ മുഖത്ത് നിന്നും മനസിലാക്കാമായിരുന്നു.. കാൾ കട്ട്‌ ചെയ്ത് ഫോൺ പോക്കറ്റിലേക്കിട്ട് ഒന്ന് ചുറ്റും നോക്കി.. എന്തോ കണ്ട പോലെ മീശ പിരിച്ചു.. ഫോൺ എടുത്ത് മറ്റൊരു നമ്പറിലേക്ക് ഡയൽ ചെയ്തു.. "ആശാനെ.. ആ രണ്ട് കണ്ണ് 15 ദിവസത്തിക്ക് വേണേ..." എന്താടാ നീ ചെയ്യാൻ പോവുന്നെ.. "ഞാൻ വിളിക്കാം.. ഇറക്കാൻ വന്നാ മതി.." "എവിടന്ന്...???" "ഫോൺ വക്കാശാനേ... ഇല്ലേൽ ഈ ചാൻസ് മിസ്സാകും.." പറയുന്നതിനോടൊപ്പം കോൾ കട്ട് ചെയ്ത് ഫോൺ പോക്കറ്റിലിട്ട് കൈ ഗിയറിൽ അമർന്നു.. വഴിയോരത്ത് കരിമ്പ് ജ്യൂസ്‌ കുടിക്കാൻ നിൽക്കുന്ന പോലീസുകാരെ ലക്ഷ്യമാക്കി വണ്ടി നീങ്ങി.. '''''പ്ടോ ⚡️ പോലീസ് ജീപ്പിന് പുറകിൽ ഒരറ്റ അലക്ക്.. പോലീസുകാർ ഞെട്ടി ജീപ്പിനടുത്തേക്കോടി വന്നു. ആരവിനെ പിടിച്ചിറക്കി. അവൻ അവരോട് കുറച്ച് എതിർത്തു സംസാരിച്ചു..

ആളുകൾ കൂടി.. ആളപായം ഒന്നുമില്ലെങ്കിലും ജീപ്പിന്റെ അവസ്ഥ ദയനീയമായിരുന്നു.. പോലീസുകാർ അവനെയും വണ്ടിയെയും സ്റ്റേഷനിലേക്ക് കൊണ്ട് പോയി. ജാമ്യം നിൽക്കാൻ ആരുമില്ല എന്നറിയിച്ചപ്പോൾ റിമാൻഡ് ചെയ്തു... അല്ല ചെയ്യിച്ചു.. _____❤️ ആനിന് മനസ്സിന് വല്ലാത്ത അസ്വസ്ഥത തോന്നി... വേണ്ടപ്പെട്ട ആർക്കോ എന്തോ സംഭവിച്ച പോലെ.. കുറേ കാലമായി ദൈവത്തെ മറന്ന മട്ടായിരുന്നു.. അല്ലെങ്കിലും പ്രിയപ്പെട്ടതെല്ലാം നഷ്ടമായവൾ ദൈവത്തിൽ വിശ്വസിക്കുമോ? കഴിഞ്ഞ കുറേ വർഷങ്ങളായി അമ്പലമോ പള്ളിയോ ഒന്നും കണ്ടിട്ടില്ല.. എന്തോ ഇന്ന് പോവണമെന്നൊരു തോന്നൽ.. അവൾ കുഞ്ഞിനെയുമൊരുക്കി പുറത്തേക്കിറങ്ങി.. ഈ നാടിന്റെ ഓരോ കോണും തനിക്കറിയാം... അവൾ പോകുന്ന വഴിയിലെല്ലാം ഒരായിരം ഓർമ്മകൾ അവൾക്കായി ബാക്കി വച്ചിരുന്നു അവൻ.. വൈകുന്നേര സമയമായത് കൊണ്ട് വഴിയിലും കവലയിലുമൊക്കെ അത്യാവശ്യം തിരക്കുണ്ടായിരുന്നു.. അധികമാർക്കും അവളെ അറിയാത്തതുകൊണ്ട് ആരും ശ്രദ്ധിച്ചില്ല.. നേരെ പോയത് അമ്പലത്തിലേക്കായിരുന്നു..

ഒരുനിമിഷം കറുപ്പും കറുപ്പുമണിഞ്ഞ് കെട്ടുനിറക്കാനിരിക്കുന്ന ഹർഷനെ അവൾ കണ്ടു... കണ്ണുചിമ്മി തുറക്കും മുന്നേ ആ രൂപം മാഞ്ഞുപോയി.. കൺകോണിലെ നനവിനെ മറക്കാനെന്ന വണ്ണം കുഞ്ഞിനെ കയ്യിലേക്കെടുത്ത് അവൾ അകത്തേക്ക് കയറി.. കുഞ്ഞ് ചുറ്റും നോക്കുന്നുണ്ട്.. കുഞ്ഞിനിത് ആദ്യത്തെ അനുഭവമാണ്.. ആൻ കുഞ്ഞിനോട് തൊഴാൻ പറഞ്ഞു. ആരുഷി വൈകുന്നേരം വിളക്ക് കത്തിച്ച് തൊഴുതുന്നത് കണ്ടിട്ടുള്ളത് കൊണ്ട് കുഞ്ഞ് ഇരുകൈകളും കൂപ്പി.. അവിടത്തെ അന്തരീക്ഷം ആനിന്റെ പിടക്കുന്ന ഹൃദയത്തിന് ആശ്വാസം നൽകി.. കുറച്ച് നേരം കഴിഞ്ഞതും അവൾക്ക് ആരോ തന്നെ ശ്രദ്ധിക്കുന്നതായി തോന്നി. പിന്നെ അധികനേരം നിൽക്കാതെ കുഞ്ഞിനെയുമെടുത്ത് വേഗം പുറത്തേക്കിറങ്ങി... വന്ന വഴിയിലൂടെ വേഗത്തിൽ നടക്കുമ്പോൾ ക്രോസ്സ് ചെയ്തുപോകുന്ന വണ്ടികളിലെ ആളുകളെല്ലാം അവരെ നോക്കുന്നത് പോലെയും, മറ്റാരൊക്കെയോ ശ്രദ്ധിക്കുന്നത് പോലെയും അവൾക്ക് തോന്നി.. ഉള്ളിൽ ഭയം ഉരുണ്ടുകൂടി . നടത്തത്തിന് വേഗതയേറി.. പുറത്തേക്ക് വന്നത് അബദ്ധമായോ എന്നുപോലും തോന്നി.. എന്തെങ്കിലും സംഭവിച്ചാൽ ആരെ വിളിച്ചു പറയും.. ആരവിന്റെ നമ്പർ പോലും കയ്യിലില്ല.... തന്റെ നമ്പർ കയ്യിലുണ്ടല്ലോ..

എന്നിട്ടും രണ്ട് ദിവസമായി ഒന്നു വിളിച്ചു നോക്കാനെങ്കിലും തോന്നിയോ ? ചിന്തകൾ നീളും മുന്നേ വീടിനു മുന്നിലെത്തി.. വേഗം അകത്തേക്ക് കയറി വാതിൽ ചാരി വയ്ക്കുമ്പോൾ ഗേറ്റിനു പുറത്ത് നിർത്തിയിട്ടിരിക്കുന്ന ബൈക്കിൽ ഹെൽമെറ്റ് ധരിച്ച ഒരാളുണ്ടായിരുന്നു.. അവൾ ശ്രദ്ധിക്കുന്നു എന്ന് മനസ്സിലായതും അയാൾ വേഗം ബൈക്കെടുത്ത് അവിടെ നിന്നും പോയി... ആൻ വേഗം വാതിലടച്ചു കുറ്റിയിട്ടു.. ആരൊക്കെയോ ഉണ്ട് ചുറ്റും.. ഭയപ്പെടുത്താൻ പാകത്തിന് എന്തൊക്കെയോ നിഗൂഢതകൾ.. __❤️ District jail palakkad.. കവാടത്തിലെഴുതിയ വാക്കുകളിലേക്ക് നോക്കി ആരവ് അകത്തേക്ക് നടന്നു.. "ചെറിയ കേസ് അല്ലെ ഉള്ളു.. ആരെയെങ്കിലും വിളിച്ച് ഒത്തുതീർപ്പാക്കാതെ ഇതിനകത്തേക്ക് വന്നതെന്തിനാടാ കൊച്ചനെ..?" എഴുതാനിരിക്കുന്നതിൽ അല്പം പ്രായം തോന്നിക്കുന്ന പോലീസുകാരൻ ആരവിനോട് ചോദിച്ചത് കേട്ട് അവനൊന്നു ചിരിച്ചു.. ഒപ്പിട്ടു കഴിഞ്ഞതും മറ്റൊരു പോലീസുകാരൻ സൈഡ് നിന്നും ഒരു പ്ലേറ്റും പായയും അവനെടുത്തു നൽകി.. ഒപ്പം ഒരു ജോഡി വെള്ളവസ്ത്രവും.. അത് ധരിച്ചതും അവന്റെ ഷർട്ടും ജീൻസും ചെയ്നും വാച്ചും മൊബൈലുമൊക്കെ ഒരു കവറിൽ പാക്ക് ചെയ്ത് പോലീസുകാർ കൊണ്ട് പോയി.. പായും പ്ലേറ്റും വാങ്ങി ആരവ് അതിനകത്തേക്ക് കടന്നു...

കണ്ണുകൾ ചുറ്റും ആരെയൊക്കെയോ തേടി.. പക്ഷെ അവിടെയൊന്നും ഒരാൾ പോലും ഉണ്ടായിരുന്നില്ല... "നടക്കടാ...." കൂടെയുള്ള പോലീസുകാരൻ ശബ്ദമുയർത്തി... അവൻ ഗ്രൗണ്ടിൽ നിന്നും വരാന്തയിലേക്ക് കയറി.. ചെറിയ സ്ഥലമാണ്.. ആകെ 300 ൽ കുറവ് ജയിൽപ്പുള്ളികളെ അവിടെ ഉണ്ടാവൂ.. നേരെ പോയി സെല്ല് കാണിച്ചു കൊടുത്തതിനു ശേഷം കൊണ്ട് പോയത് ജയിലിനു പുറകിലെ കൃഷിയിടത്തേക്കാണ്... എല്ലാവരും അവിടെയുണ്ടായിരുന്നു.... തരിശായ നിലത്ത് ഒരുപാട് പച്ചക്കറി കൃഷികൾ... എല്ലാവരും തടമെടുക്കലും മണ്ണുക്കൂട്ടലുമൊക്കെയായി തിരക്കിലാണ്. വെയിൽ താഴ്ന്നു വരുന്ന നേരമായത് കൊണ്ട് വിയർത്തൊലിച്ചാണ് ഓരോരുത്തരുടെയും നിൽപ്പ്.. ഒരാളെ പറഞ്ഞേൽപ്പിച്ച് പോലീസുകാരൻ അവിടെ നിന്നും പോയി.. അയാൾ വന്ന് ഒരു കയ്‌ക്കോട്ട് ആരവിന്റെ കയ്യിലേക്ക് കൊടുത്തു.. കപ്പയ്ക്ക് തടമെടുക്കുന്നിടത്തു പോയി അവനും മണ്ണുവെട്ടി കൂട്ടി.. കണ്ണുകൾ അപ്പോഴും ആരെയോ തിരഞ്ഞു കൊണ്ടിരിക്കുന്നുണ്ടായിരുന്നു.. പ്രതീക്ഷിച്ച ആളെ കാണാതായപ്പോൾ അവന് ദേഷ്യം വരാൻ തുടങ്ങി..

"ആരെയാ മോനെ നോക്കുന്നെ...?" ശബ്ദം കേട്ട് ആരവ് തിരിഞ്ഞു നോക്കി.. വയസായ ഒരു മനുഷ്യൻ.. 60 വയസെങ്കിലും കാണും.. ശോഷിച്ച ശരീരം... ആരവ് ആരെയുമില്ല എന്ന അർത്ഥത്തിൽ തലയാട്ടി.. "കുറച്ച് പേരെ ഇവിടെയുള്ളു. ബാക്കിയുള്ളവർ ഭക്ഷണം ഉണ്ടാക്കാനുള്ള തിരക്കിലാ..." അത് കേട്ടതും ആരവിന്റെ മുഖം തെളിഞ്ഞു.. "ഹ ഹാ.. നിന്നെ കണ്ടപ്പോഴേ തോന്നി ആരെയോ അന്വേഷിച്ചു വന്നതാണെന്ന്.. ആ പോലീസുകാരൻ പറയുന്നത് കേട്ടു പോലീസ് ജീപ്പിൽ വണ്ടിയിടിച്ചതിനാ ഇങ്ങോട്ട് വന്നതെന്ന്.. പോലീസിനെന്തെങ്കിലും കൈമടക്ക് കൊടുത്ത് ഒതുക്കി തീർക്കേണ്ടതിനു ജയിൽ വരെ വരണെങ്കിൽ വെറുതെയാവില്ലല്ലോ..." അവൻ ഒന്ന് പുഞ്ചിരിച്ചു.. അയാൾ തുടർന്നു. "വൈകുന്നേരം കുളിയൊക്കെ ഒരുമിച്ചാ.. അപ്പൊ എല്ലാവന്മാരും പുറകിലേക്ക് വരും.. അപ്പൊ കിട്ടും അന്വേഷിച്ച ആളിനെ..." പറഞ്ഞുകൊണ്ട് അയാൾ തിരിഞ്ഞു നടന്നു.. "അച്ഛാ...." അയാൾ തിരിഞ്ഞു നോക്കി.. "പറ മോനെ..." "അച്ഛനെന്ത് ചെയ്തിട്ടാ ഇതിനകത്ത്? അതും ഈ പ്രായത്തിൽ..."

"കുറ്റം ചെയ്യാൻ പ്രായമൊക്കെ ഉണ്ടോ മോനെ...?" അയാൾ ഒരു ചിരിയോടെ തിരിഞ്ഞു നടന്നു... അവൻ ചിന്തകളോടെ വീണ്ടും പണിയിലേക്ക് തിരിഞ്ഞു. കുറച്ച് സമയം കഴിഞ്ഞതും ഒരു ഡ്രിൽ ശബ്ദം മുഴങ്ങി.. എല്ലാവരും പണിയായുധങ്ങളുമെടുത്ത് ജയിലിനു പുറകുവശത്തുകൂടെ നടന്നു... കയ്ക്കോട്ടും അരിവാളുമൊക്കെ കഴുകി വൃത്തിയാക്കി മാറ്റിവച്ചു. രണ്ടു വലിയ ടാങ്ക് നിറയെ വെള്ളം നിറച്ചു വച്ചിരുന്നു... ഓരോരുത്തരും അതിനടുത്തേക്ക് പോയി ഡ്രസ്സഴിച്ചു കുളിക്കാനും കയ്യും കാലും കഴുകാനും കുറച്ച് പേർ അലക്കാനുമൊക്കെ തുടങ്ങി.. ആരവ് ഓരോരുത്തരെയായി നോക്കി മാറിനിന്നു... പ്രതീക്ഷിച്ചതെന്തോ കണ്ട പോലെ അവന്റെ മുഖം വിടർന്നു.. "തേജസ്‌....." തേജസിനടുത്തേക്ക് നീങ്ങാൻ തുടങ്ങുമ്പോഴേക്കും പോലീസ് വന്ന് അലക്കിയവരെയും കുളിച്ചവരെയുമൊക്കെ സെല്ലിലേക്ക് പറഞ്ഞയച്ചു.. തേജസാണെങ്കിൽ ആരവിനെ ശ്രദ്ധിച്ചുമില്ല.. ഒരു സെല്ലിൽ രണ്ടുപേരായിരുന്നു ഉണ്ടായിരുന്നത്. കൂടെ ഉണ്ടായിരുന്നത് ഒരു 40 വയസ്സ് പ്രായം വരുന്ന ബാങ്കിൽ വർക്ക്‌ ചെയ്തിരുന്ന വ്യക്തിയായിരുന്നു.. ആരോ കള്ളക്കേസിൽ കുടുക്കിയപ്പോൾ വന്നു പെട്ടതാണ്.. അയാൾ ഓരോന്നു പറഞ്ഞു കൊണ്ടിരിക്കുമ്പോഴും ആരുവിന്റെ മനസ്സിൽ തേജസിനോട് സംസാരിക്കാൻ പറ്റിയില്ലല്ലോ എന്ന ചിന്തയായിരുന്നു...

ഭക്ഷണം കഴിക്കുമ്പോഴും ഓരോ സെക്ഷനായാണ് കഴിക്കാൻ ഇരുത്തിയത്.. അപ്പോഴും കാണാൻ കഴിഞ്ഞില്ല. അങ്ങനെ ആ ദിവസം കടന്നുപോയി.. __❤️ രാത്രി പെട്ടെന്ന് ഡോറിൽ ആരോ തട്ടുന്നത് പോലെ തോന്നിയപ്പോൾ ആൻ അടുക്കളയിലെ പണി നിർത്തി ഒരു നിമിഷം ചെവിയോർത്തു.. വീണ്ടും ഡോറിൽ മുട്ടുന്ന ശബ്ദം കേട്ട് ആൻ ഹാളിലേക്ക് വന്നു നോക്കി.. സമയം എട്ടു കഴിഞ്ഞിരിക്കുന്നു. കുഞ്ഞ് കുറച്ചുനേരം അച്ഛനെ കാണണം എന്ന് പറഞ്ഞു വാശി പിടിച്ചു കരഞ്ഞു കരഞ്ഞുറങ്ങി.. ആന്റി മനസ്സിൽ വല്ലാത്ത ഭയം തോന്നി... വീണ്ടും ഡോറിൽ തട്ടു കേൾക്കുന്നതിനോടൊപ്പം ഒരു സ്ത്രീ ശബ്ദം കൂടി ഉയർന്നു.. "ആൻ.. ഇത് ഞാനാ ദേവയാനി..." ആൻ ഒരു നിമിഷം നിന്നു.. ദേവയാനി.. അവൾ വേഗം പോയി വാതിൽ തുറന്നു... മുന്നിൽ നിൽക്കുന്ന ദേവയാനിയെ കണ്ടതും വേഗം സന്തോഷത്താൽ പുണർന്നു.. ശരിക്കും തനിച്ചായി കൂടെ ആരുമില്ല എന്നൊക്കെ തോന്നിയിടത്തു നിന്നും ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കൂടിക്കാഴ്ച്ച.. "എന്ത് പറ്റി ആൻ?? പേടിച്ചു പോയോ.." അവൾ ചിരിയോടെ ഇല്ല എന്ന് തലയാട്ടി.. "അകത്തേക്ക് വരാവോ...?"

ഗെയറ്റിനടുത്തേക്ക് കണ്ണു പായിച്ചു നിൽക്കുന്ന ആനിനെ തട്ടി ദേവയാനി ചോദിച്ചു.. "ഹാ.. വായോ.. ചേച്ചി ഒറ്റക്കെ ഉള്ളോ..?" "ഹ്മ്മ്..." അവൾ ചിരിയോടെ ദേവയാനിയെ അകത്തേക്ക് വിളിച്ചു കൊണ്ടുപോയി.. " വരുമ്പോൾ ചിന്തിച്ചിരുന്നു, ചേച്ചിയെ കാണാൻ പറ്റുമോ എന്ന്.. പക്ഷേ ഇങ്ങനെയൊരു എൻട്രി പ്രതീക്ഷിച്ചില്ല.. " ദേവയാനി ഒന്ന് ചിരിച്ചു.. "ഹർഷെവിടെ?" ആ ചോദ്യത്തിൽ ആനിന്റെ മുഖത്തെ ചിരി മാഞ്ഞു... "ആരെയോ കാണാൻ പോയിരിക്കുവാ. 2 ദിവസം കഴിയും വരാൻ...." ആൻ മുഖത്ത് നോക്കാതെ പറഞ്ഞൊപ്പിച്ചു.. "മോളോ?" അടുത്ത ചോദ്യം വന്നു.. "അവളുറങ്ങി ചേച്ചി... ഈ നേരത്ത് എങ്ങനെയാ..." " ഇവിടെ അടുത്തൊരു കല്യാണ ഫങ്ക്ഷൻ ഉണ്ടായിരുന്നു... നാളെയാ കല്യാണം.. ഇന്ന് മെഹന്ദിയും മറ്റു പരിപാടികളും ഒക്കെയായിരുന്നു.. ഈ നേരമായി ഇറങ്ങാൻ.. പോവുമ്പോ ഭാസ്‌ക്കരേട്ടന്റെ ഓട്ടോയിൽ പോയി.. വരുമ്പോൾ പിന്നെ ഇവിടത്തെ ചേച്ചിമാർ ഒക്കെ ഉണ്ടായിരുന്നു.. അതാ നടന്നത്.. ഇവിടെ എത്തിയപ്പോഴാ അച്ഛൻ നിങ്ങൾ വന്ന കാര്യം പറഞ്ഞത് ഓർമ്മ വന്നത്.. ഒന്ന് കാണാം എന്ന് കരുതി കയറിയതാടാ.. "

"ഇരിക്ക് ചേച്ചി..." "നീ എന്നെ അഥിതി ആക്കല്ലേ..." "ഇന്നിനി പോവണ്ട.. നാളെ പോവാം.." " ഇങ്ങോട്ട് വരുമ്പോൾ ഹർഷിനെ കൊണ്ട് വീട്ടിൽ വിട്ടുതരാൻ പറയാം എന്ന് കരുതിയത്.. ഇപ്പോൾ നീ തനിച്ചാണ് എന്ന് അറിഞ്ഞ സ്ഥിതിക്ക് ഞാൻ പോകുന്നത് ശരിയല്ലല്ലോ.. ഒരു മിനിറ്റ് അച്ഛനെ വിളിച്ചു പറഞ്ഞിട്ട് വരാം.. " അവൾ ഫോണെടുത്ത് അല്പം മാറി നിന്നു.. ആനിനും സന്തോഷമായി... ആൻ ഒരുപാട് നിർബന്ധിച്ചെങ്കിലും കല്യാണവീട്ടിൽ നിന്നും കഴിച്ചത് കൊണ്ട് ദേവയാനി കഴിക്കാൻ കൂട്ടാക്കിയില്ല.. ആൻ ഭക്ഷണം കഴിക്കാത്തതിനാൽ അവൾ മാത്രം ഡൈനിംഗ് ടേബിളിൽ ഇരുന്ന് ഫുഡ് എടുത്തു കഴിക്കാൻ തുടങ്ങി.. " ചേച്ചി... " "ഹാ.. പറയടാ..." "മാര്യേജ്.....?" ആൻ അല്പം മടിയോടെ ചോദിച്ചു.. "വയസ്സ് 30 ആയി.. എന്തോ.. ഒരു കൂട്ട് വേണമെന്ന് തോന്നിയില്ല. അച്ഛന് നല്ല വിഷമമുണ്ട്.. ഓരോ കല്യാണം കൂടുമ്പോഴും അച്ഛന്റെ പരാതികെട്ട് കേൾക്കാനേ നേരമുള്ളൂ...

എനിക്കും കൂടി തോന്നണ്ടേ ആൻ..." അവളുടെ മുഖം വാടിയത് കണ്ട് ആനിന് ചോദിക്കേണ്ടിയിരുന്നില്ല എന്നു തോന്നി.. ആൻ വേഗം വിഷയം മാറ്റി.. അന്നൊരുപാട് നേരം സംസാരിച്ചിരുന്നാണ് അവർ ഉറങ്ങിയത്.. ആനിന് വല്ലാത്ത ആശ്വാസം തോന്നി.. ഉള്ളിലെ ഭയം മാഞ്ഞു പോയ പോലെ.. സമാധാനത്തോടെ അവൾ നിദ്രയിലാഴ്ന്നു.. ___❤️ ചെങ്കൽ ചൂള... ഓരോ ഭാഗത്തായി ഉയരത്തിൽ പണിതു വച്ചിരിക്കുന്ന ചെമ്മൺ കല്ലുകൾ.. ചിലതിലെല്ലാം തീ കൊടുത്തിട്ടുണ്ട്.. ചിലവയെല്ലാം തീക്കാഞ്ഞ് കാവി നിറം കൈവരിച്ചിരിക്കുന്നു.. ആരുമില്ലാത്തിടത്ത് കുറച്ചാളുകൾ കൂടി നിൽക്കുന്നു. വെളുത്ത ഷർട്ടണിഞ്ഞ വ്യക്തി തലതാഴ്ത്തി നിൽക്കുന്നു.. അടികൊണ്ട് അവന്റെ വായിൽ നിന്നും ഉമിനീരിനോടൊപ്പം കട്ട ചോരയും ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.. അടുത്തുനിൽക്കുന്നവൻ ആ വൈറ്റ് ഷർട്ട്‌ ഇട്ടവന്റെ കോളറിൽ പിടിച്ച് വയറിലേക്ക് തിളങ്ങുന്ന നീളമുള്ള ഒരു കത്തി കുത്തിയിറക്കി.. അവൻ ഒന്ന് പിടഞ്ഞുകൊണ്ട് ചുവന്ന കണ്ണുകളോടെ മുഖമുയർത്തി.. "ഹർഷേട്ടാ.................."........... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story