നിലാമഴ: ഭാഗം 22

Nilamazha

എഴുത്തുകാരി: അനു രാജീവ്

ഹർഷേട്ടാ......." ആൻ സ്വപ്നത്തിൽ നിന്നും ഞെട്ടിയുണർന്നു.. അവളുടെ കയ്യും കാലും വിറക്കുന്നുണ്ടായിരുന്നു.. ശരീരമാകെ തളർച്ച ബാധിച്ച പോലെ.. ശബ്ദം പുറത്തേക്ക് വരാതായപ്പോഴാണ് അവൾക്ക് മനസ്സിലായത് താൻ നിലവിളിച്ചത് സ്വപ്നത്തിലായിരുന്നു എന്ന്.. അവൾ പതിയെ സൈഡിലേക്ക് നോക്കി കുഞ്ഞും അവൾക്ക് അപ്പുറത്തായി ദേവയാനിയും കിടന്നുറങ്ങുന്നുണ്ട് . ആൻ പതിയെ കട്ടിലിൽ നിന്നും എഴുന്നേറ്റു വാതിൽ തുറന്നു പുറത്തേക്കിറങ്ങി.. കൈകാലുകൾ ഇപ്പോഴും വിറയ്ക്കുന്നു.. പല രാത്രികളിലും ആ മുഖം താൻ ചിന്തിച്ച് കിടന്നിട്ടുണ്ട്.. ഓർമ്മകളിൽ കൊണ്ടുവരാറുണ്ട്.. പക്ഷേ ഇങ്ങനെ യാതൊരു ബന്ധവുമില്ലാത്ത ഒരു സ്വപ്നം. ആ സ്വപ്നത്തിൽ നിലവിളിച്ചത് താനായിരുന്നു... നടന്നിട്ടില്ലാത്ത കാര്യം നടന്നതുപോലെ സ്വപ്നത്തിൽ കാണുന്നു.. ഇതിന്റെയൊക്കെ അർത്ഥമെന്താണ്... അവൾ പതിയെ ഹാളിലെ ജനാല തുറന്നിട്ടു.. ചെറിയ മഴച്ചാറലും തണുപ്പും.. അവൾ പതിയെ കണ്ണുകളടച്ചു..

തകർത്തു പെയ്യുന്ന മഴയും തന്നെ വാരിപ്പുണരുന്ന കൈകളും, കഴുത്തിലൂടെ അരിച്ചുകയറുന്ന ചുണ്ടുകളും, കുറുകലുകളും, പ്രണയ ചുംബനങ്ങളും വിയർപ്പ് തുള്ളികളും... വെറുമൊരു മഴത്തുള്ളികൾ നൽകുന്ന ഓർമകളാണ്.. ചുവന്ന നിറം കാഴ്ചയിൽ പടർന്നു.. ഒപ്പം വയർ തുളഞ്ഞു കയറിയ കത്തിയും.. അവൾ ഞെട്ടി കണ്ണുകൾ തുറന്നു.. വല്ലാത്ത അസ്വസ്ഥത.. കാലം തനിക്കു മുന്നിൽ ഇനിയും പ്രതീക്ഷകൾ നൽകുകയാണോ.. ഇനിയൊരു പക്ഷേ തന്റെ ഹർഷേട്ടൻ എവിടെയെങ്കിലും.... ചിന്തകൾ നീളും മുന്നേ ഓർമ്മയിൽ തെളിഞ്ഞു വെള്ള പുതപ്പിച്ച മൃതശരീരം.. അവൾ തലയ്ക്ക് കൈ കൊടുത്ത് സോഫയിലേക്കിരുന്നു.. ശക്തമായിടിക്കുന്ന ഹൃദയത്തെ ശാന്തമാക്കാൻ കഴിയാതെ, ഒന്നുറങ്ങാൻ സാധിക്കാതെ അവൾ അവിടെ ഇരുന്ന് തന്നെ നേരം വെളുപ്പിച്ചു.. ___❤️

ഇരുമ്പ് സെല്ലിൽ ലാത്തി കൊണ്ടുള്ള അടിയുടെ ശബ്ദം കേട്ടാണ് ആരവ് ഉണർന്നത്.. എഴുന്നേറ്റ് എല്ലാവരോടൊപ്പവും പോയി കുളി കഴിഞ്ഞ് കിച്ചണിലേക്ക് പോയി. എല്ലാവരും ഭക്ഷണം ഉണ്ടാക്കാനുള്ള തിരക്കിലായിരുന്നു. ഓരോ സെക്ഷനായിരുന്ന് ഊണിനുള്ളതും കാലത്തേക്കുള്ളതും ഉണ്ടാക്കുന്നുണ്ടായിരുന്നു.. കോൺസ്റ്റബിൾ പറഞ്ഞതനുസരിച്ച് കഷ്ണം മുറിക്കുന്നവരുടെ കൂടെ പോയി ആരവും ഇരുന്നു... 5 മിനിറ്റ് കഴിയും മുൻപേ ബാക്കിയുള്ളവരും കൂടെ അതിനകത്തേക്ക് വന്ന്.. ആ വന്നവരുടെ കൂട്ടത്തിൽ തേജസും ഉണ്ടായിരുന്നു. അവൻ മാവ് കുഴക്കുന്നിടത്തു പോയി നിൽക്കുന്നത് കണ്ട് ആരവ് പതിയെ ഇരുന്നിടത്തു നിന്നും എഴുന്നേറ്റു.. അവന്റെ നോട്ടം ആരവ് നിന്നിടത്തേക്ക് നീണ്ടു.. ആരവിനെ കണ്ട തേജസ്സിന്റെ മുഖത്ത് അത്ഭുതമായിരുന്നു.. എന്നാൽ അവിടെ രണ്ടു പോലീസുകാർ ഉള്ളതുകൊണ്ട് തന്നെ ഒന്നും സംസാരിക്കാൻ കഴിയില്ല എന്ന് ഇരുവർക്കും അറിയാമായിരുന്നു..

അതുകൊണ്ട് തന്നെ രണ്ടുപേരും കണ്ണുകൊണ്ട് സിഗ്നൽ കാണിച്ച് തങ്ങളുടെ ജോലികളിൽ ഏർപ്പെട്ടു . പണിയെല്ലാം കഴിഞ്ഞ് ഉച്ചയോടടുത്തപ്പോൾ എല്ലാവരെയും കോമ്പൗണ്ട് വൃത്തിയാക്കാൻ വിട്ടു.. ആരവ് പതിയെ തേജസ്സിനടുത്തേക്ക് പോയി. അവൻ പുല്ലുപറിക്കുകയായിരുന്നു.. ആരവും അവനടുത്തുപോയി ഓരോ പുല്ലുകളായി പറച്ചിടാൻ തുടങ്ങി.. "പറ....." ആരവ് നിലത്തു നോക്കി തന്നെ തേജസ്സിനോട് പറഞ്ഞു.. "പേര് ശരവണൻ... നമ്പർ 214 ഇവിടെ വന്നിട്ട് രണ്ടാഴ്ച്ച ആയിന്ന അറിഞ്ഞത്.. കഞ്ചാവ് കേസാ.. തമിഴ്നാട്ടിലേക്ക് കടത്തുകയായിരുന്നു.. വാളയാറിന്ന് പൊക്കി . കൂടെ 5 പേരുണ്ട്... നേരിട്ട് ഇടപെടുന്നത് റിസ്കാ... "അത് ഞാൻ നോക്കിക്കോളാം.." "ആരവ്.. നീ എന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നത്...? അബദ്ധമായി എന്നെ ഞാൻ പറയു.. ഇതിനുള്ളിൽ വച്ച് അവനെ ഒന്ന് തൊടാൻ പോലും നിനക്ക് പറ്റില്ല... നീ തപ്പി അലയണ്ട എന്ന് കരുതിയാ അവനെ തിരിച്ചറിഞ്ഞപ്പോ തന്നെ വിളിച്ച് പറഞ്ഞത്.. 6 മാസം കാത്തിരുന്നതാണെങ്കിൽ പുറത്ത് കിട്ടില്ലായിരുന്നോ???"

"എനിക്കത്ര സമയമില്ല... ഇനി 14 ദിവസമെ ഇതിനകത്തുള്ളൂ. അതിനുള്ളിൽ ആരാണതിന് പിന്നിൽ എന്ന് കണ്ടെത്തണം.. അതിനുള്ള അവസാന വഴിയാ ഇത്...." "ഹ്മ്മ്.. എനിക്കുറപ്പാ ഇതവൻ തന്നെയാ.. ചിലപ്പോ കൂടെയുള്ളവന്മാർ തന്നെയാവും അന്നും വന്നത്... അത്രക്ക് കട്ട ഗ്യാങാ..." "ഹ്മ്മ്.. ഞാൻ നോക്കിക്കോളാം..." "ദേ... ആ വരുന്നവൻ അവരിൽ ഒരുത്തനാ...." തേജസിന്റെ നോട്ടത്തിന് പുറകെ ആരവിന്റെ കണ്ണും പാഞ്ഞു... മെലിഞ്ഞ് എല്ലിച്ച ശരീരവും നീട്ടിവളർത്തിയ മുടിയും പല്ലിൽ പാൻമസാല കറയും ആരെയും കൂസാത്ത പ്രകൃതവുമുള്ള ഒരുത്തൻ വരാന്തയിലൂടെ നടന്നു വരുന്നുണ്ടായിരുന്നു.. .......❤️ അന്ന് തന്നെ എല്ലാവരെയും കാണണം എന്ന് കരുതിയെങ്കിലും സാധിച്ചില്ല... പക്ഷെ പ്രധാന കക്ഷിയെ കിട്ടി.. ശരവണൻ.. മുട്ടോളം കയ്യുള്ള വെള്ള യൂണിഫോമിൽ അവന്റെ കയ്യിൽ കുത്തിയ പച്ച മാത്രം മതിയായിരുന്നു തേജസ് പറഞ്ഞ വ്യക്തി ഇത് തന്നെയാണെന്ന് ആരവിനുറപ്പിക്കാൻ... ആരവ് അവരെ നിരീക്ഷിച്ചു കൊണ്ടേയിരുന്നു...

പോലീസുകാരെയല്ലാതെ അവർ മറ്റാരെയും ശ്രദ്ധിക്കുന്നു പോലുമില്ല.. പോലീസുകാർ കൊടുക്കുന്ന ജോലി പോലും മറ്റുള്ളവരെ ഏൽപ്പിച്ച് അവർ പണി ചെയ്യുന്നത് മാറി നിന്ന് കണ്ട് രസിക്കും... അവരെ പേടിച്ച് ആരും പോലീസിനോട് പറയാനും തയ്യാറാവുന്നില്ല... ആകെ മൊത്തത്തിൽ എല്ലാവരെയും പേടിപ്പിച്ച് ഒരു ജോലിയും ചെയ്യാതെ തിന്നു കുടിച്ചു കഴിയാൻ ഒരിടം.. അതായിരുന്നു അവർക്ക് ജയിൽ.. ആ രണ്ടുദിവസം ആരവ് അവരുടെ പ്രവർത്തികളെ വീക്ഷിച്ചു കൊണ്ടേയിരുന്നു... മൂന്നാം ദിവസം അവൻ ഇടപെടാൻ തീരുമാനിച്ചു.. ____❤️ (ദേവയാനി ആരാണെന്ന് മറന്നു പോയെന്ന് പറഞ്ഞവർക്ക്, വിജയച്ഛൻ എന്നൊരു ക്യാരക്ടർ വന്നിരുന്നു.. ആൾടെ മകളാണ്. ഹർഷിന്റെ ഫ്രണ്ട്.. Part :16) ആനിന് വല്ലാത്ത വീർപ്പുമുട്ടൽ അനുഭവപ്പെടാൻ തുടങ്ങി.. ആരവിനെ കുറിച്ച് ഒരു വിവരവും ഇല്ല.. പോയിട്ട് അഞ്ചു ദിവസം കഴിഞ്ഞിരിക്കുന്നു.. ഒരു തവണ പോലും വിളിച്ചില്ല.. തന്നെക്കുറിച്ചോ കുഞ്ഞിനെക്കുറിച്ചോ അന്വേഷിച്ചില്ല.. എന്തെങ്കിലും അപകടം പറ്റി കാണുമോ...

ഒരു ദിവസം ദേവേച്ചി കൂടെ നിന്നത് കൊണ്ട് ഒറ്റപ്പെടൽ അനുഭവപ്പെട്ടില്ല.. എന്നാൽ ചേച്ചി മടങ്ങിയപ്പോൾ തൊട്ട് വീണ്ടും വല്ലാത്ത ഭയം തോന്നുന്നു... എന്തുകൊണ്ടാ വൈകുന്നത് എന്നൊന്ന് പറഞ്ഞൂടെ.. കുഞ്ഞിനുവേണ്ടിയെങ്കിലും... "അമ്മേ.... " ശബ്ദം കേട്ട് ആൻ തിരിഞ്ഞു നോക്കി. "അച്ഛ എപ്പോയ വരാ..." ആൻ കൃത്രിമമായി ഉണ്ടാക്കിയ ചിരിയോടെ അവൾക്കരികിലേക്ക് നടന്നു.. കുഞ്ഞിനെ എടുത്ത് സോഫയിൽ ഇരുന്നു. "വേഗം വരും ട്ടൊ..." "നൊണ പരയണ്ട.. മോളേ ഒറ്റക്കാക്കീട്ട് അച്ഛ പോയി ലേ.... ഇനി വരൂലാ ലേ..." അവൾ കരയാൻ വിതുമ്പി.. "ആര് പറഞ്ഞു. വരും.. അച്ഛക്ക് കുറേ പണിയുള്ളത് കൊണ്ടല്ലേ.. എന്റെ കുഞ്ഞ് വിഷമിക്കണ്ടാട്ടോ..." കുഞ്ഞിനെ നെഞ്ചോട് ചേർത്തു പിടിക്കുമ്പോഴും ആരവിൻറെ വാക്കുകളായിരുന്നു മനസ്സിൽ.. തന്നോട് പറഞ്ഞ ദിവസവും തീരാറായിരിക്കുന്നു... ബാങ്കിൽ അപ്ലൈ ചെയ്ത ലീവ് തീരാൻ ഇനി വെറും നാല് ദിവസമേ ബാക്കിയുള്ളൂ.. കുഞ്ഞിന്റെ സ്കൂളിലേ ലീവും എന്ത് ചെയ്യണമെന്നറിയില്ല.. ഒരു വിവരവും അറിയുന്നില്ലല്ലോ...

എന്ത് ചെയ്യണം.. ഇവിടെ നിൽക്കണോ അതോ ബാംഗ്ലൂരിലേക്ക് മടങ്ങണോ??? ചിന്തകൾ നീളുമ്പോഴേക്കും അകത്തുനിന്നും ഫോണിന്റെ ശബ്ദം കേട്ട് അവൾ കുഞ്ഞിനെ അവിടെ ഇരുത്തി ബെഡ്റൂമിലേക്ക് നടന്നു.. ചാർജ് കുത്തിയിട്ട ഫോൺ കയ്യിലെടുക്കുമ്പോൾ പരിചയമില്ലാത്തൊരു നമ്പറായിരുന്നു കണ്ടത്.. അവൾ സംശയത്തോടെ കാൾ അറ്റന്റ് ചെയ്തു. നിശബ്ദതയെ ഭേധിച്ച് ആ ശബ്ദം അവളുടെ കാതുകളിൽ മുഴങ്ങി.. "മരിയ..." ആ ഒരു വാക്കിൽ അതുവരെ മനസ്സിനെ അലട്ടിയിരുന്ന എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരം ലഭിച്ചതുപോലെ തോന്നിയവൾക്ക്.. "മരിയ...." "ഹാ....." "അറിയിക്കാൻ പറ്റിയില്ല. സോറി.. വരാൻ കുറച്ചു കൂടി ലേറ്റ് ആവും... താൻ പോവരുത്.. അവിടെ ഉണ്ടാവണം.. മോള് കരയുന്നുണ്ടാവും.. അറിയാം.. അച്ഛ വരും എന്ന് പറ... കുഞ്ഞിനെ ശ്രദ്ധിക്ക്...." ഒരു വാക്ക് പോലും പറയാൻ സമ്മതിക്കാതെ കാൾ കട്ടായി.. അല്ലെങ്കിലും അവൾക്ക് പറയാൻ വാക്കുകൾ ഉണ്ടായിരുന്നില്ല.. ആൻ ഫോൺ ചെവിയിൽ നിന്നും മാറ്റാതെ ഒരേ നിൽപ്പ് നിന്നു...

"അമ്മേ.." അവൾ തിരിഞ്ഞു നോക്കി.. കുഞ്ഞിനെ നോക്കി ചിരിച്ചു.. "അച്ഛയാ വിളിച്ചത്.. വേഗം വരാമെന്ന് പറഞ്ഞിട്ടുണ്ട്..." കുഞ്ഞിന്റെ മുഖം വിടർന്നു.. "ശരിക്കും...." "ഹ്മ്മ്... ശരിക്കും...." "ന്നിട്ടെന്താ മോൾക്ക് ഫോൺ തരാഞ്ഞേ...??" "അച്ഛ ഇപ്പൊ നല്ല തിരക്കിലാ.. പിന്നെ വിളിക്കുംട്ടോ.." "പിന്നെ വിളിക്കുമ്പോ മോൾക്ക് ആദ്യം ഫോൺ തെരനെ..." "ഹ്മ്മ്.. തരാം..." അവൾ ചിരിച്ചു.. പതിവ് പ്രതീക്ഷകളോടെ.. _____❤️ "അപ്പോഴേക്കും തളർന്നോ... ദേ. ഈ തൂമ്പയെടുത്തോ.. ഭാരം കുറവാ... ഇത് കൊണ്ട് ദേ ആ ഭാഗത്ത് പോയി നന്നായി ആഞ്ഞു വെട്ടടോ..." തളർന്നു മണ്ണിൽ ഊന്നിയിരിക്കുന്ന പ്രായം ചെന്ന മനുഷ്യന് നേരെ കയ്യിലേ തൂമ്പ നീട്ടി കൊണ്ട് ആ കൂട്ടത്തിലെ ഒരുത്തൻ പറയുന്നത് കേട്ട് ആരവ് താൻ ചെയ്ത് കൊണ്ടിരുന്ന പണി നിർത്തി അവനടുത്തേക്ക് പോയി. "ഞാൻ ചെയ്താ മതിയോ..??" ശബ്ദം കേട്ട് അവൻ തിരിഞ്ഞു നോക്കി..

"ശിവ... യാർടാ അത്..." തൂമ്പയും പിടിച്ചു നിൽക്കുന്നവനോട് ശരവണൻ ചോദിച്ചു.. "ഏതോ പുതിയ പയ്യനാ അണ്ണാ... " ശരവണനോട് പറഞ് ശിവൻ ആരവിനെ നോക്കി.. "നീ ചെയ്യും ലേ..." "ഹ്മ്മ്.. ചെയ്യും..." ആരവ് കൂസലില്ലാതെ മറുപടി കൊടുത്തു.. "ഇന്നാ പിടിച്ചോ.." കയ്യിലേ തൂമ്പ ആരവിന് നേരെ നീട്ടി കൊണ്ട് ശിവ പുച്ഛത്തോടെ ചിരിച്ചു.. ആരവ് അത് വാങ്ങി... എല്ലാവരും പണി നിർത്തി ഇവരിൽ തന്നെ ശ്രദ്ധിക്കുകയായിരുന്നു.. ആരവ് അത് കയ്യിൽ വാങ്ങി വെട്ടാൻ പാകത്തിന് പിടിച്ച് തന്നവന്റെ കാലിൽ തന്നെ ഓങ്ങി വെട്ടി.. "ആാാാാ............" അവൻ വേദന കൊണ്ട് അലറി.. എല്ലാവരും ഞെട്ടി.. അവന്റെ കാലിൽ നിന്നും ചോര ഒലിച്ചിറങ്ങി. അവന്റെ കൂടെയുണ്ടാരുന്നവർ ഓടി വന്ന് കാല് പിടിച്ചു നോക്കി... വിരലുകൾക്ക് തൊട്ട് മുകളിലായി നെടുനീളത്തിൽ പൊളിഞ്ഞിരുന്നു... ആ മെലിഞ്ഞവൻ ദേഷ്യത്തോടെ എഴുന്നേറ്റ് ആരവിന്റെ കോളറിൽ പിടിക്കാൻ വന്നു.. അവൻ ആ കൈ തട്ടിമാറ്റി.. അപ്പോഴേക്കും പോലീസുകാർ ഓടി വന്നു.. "എന്താടാ ഇവിടെ പ്രശ്നം...????""

"സാറേ... ദേ.. ഇവൻ.....' ആ മെലിഞ്ഞവൻ കാര്യം പറയാൻ നിൽക്കുമ്പോഴേക്കും ശരവണൻ അവന്റെ കയ്യിൽ പിടിച്ചു വലിച്ച് മാറ്റി.. "ഒന്നുല്ല സാറേ.. കയ്കോട്ട് കാലിൽ കൊണ്ടതാ.. ഞങ്ങള് നോക്കിക്കോളാം.." ആരവിനെ ഒന്നിരുത്തി നോക്കി കാല് മുറിഞ്ഞവനെയും ബാക്കി പരിവാരങ്ങളെയും കൂട്ടി ശരവണൻ അവിടെ നിന്നും നടന്നു നീങ്ങി... "എന്തിനാ അണ്ണാ അവനെ വെറുതെ വിട്ടത്..." ആ മെലിഞ്ഞവൻ അല്പം ദേഷ്യത്തോടെ ചോദിച്ചു... "പോലീസുകാർ കാര്യം അറിഞ്ഞാൽ അത് നമുക്കും പ്രശ്നമാടാ.. അവനെ ഒറ്റക്ക് കിട്ടും.. അന്ന് ശരിയാക്കാം..." _____❤️ ഓഗസ്റ്റ് 15 അന്ന് ജയിലിലാകെ പ്രോഗ്രാമും തിരക്കുമായിരുന്നു... തോരണങ്ങൾ തൂക്കാനും മറ്റുമായി എല്ലാവരും ഗ്രൗണ്ടിലാണ്.. കഴിഞ്ഞ 10 ദിവസം കൊണ്ട് തന്നെ അവിടെയുള്ള മിക്കവരുടെയും പ്രിയപെട്ടവനായി കഴിഞ്ഞിരുന്നു ആരവ്.. ഓരോരുത്തരോടും ചിരിച്ചു സംസാരിച്ചുകൊണ്ടിരിക്കുന്ന ആരവിനെ നോക്കി കൊണ്ട് നിൽക്കുകയായിരുന്നു ആ ആറുപേർ.. കഴിഞ്ഞ 10 ദിവസത്തിൽ ആരവ് കാരണം പലയിടങ്ങളിലും പരാചയപ്പെടേണ്ടി വന്നു..

പല ജോലികളും സ്വയം ചെയ്യേണ്ടി വന്നു.. ആരവിനെ കാണുംതോറും അവർക്ക് അവനോടുള്ള ദേഷ്യം വർദ്ധിച്ചുകൊണ്ടേയിരുന്നു... ആരവ് തോരണങ്ങൾ എടുക്കാൻ സ്റ്റോറിലേക്ക് നടന്നു.. തനിച്ചു കിട്ടാൻ അവസരം നോക്കി നിന്നവർക്ക് ഇതിലും നല്ല ചാൻസ് വേറെ ഉണ്ടായിരുന്നില്ല.. അവരും ആരവിനെ പിന്തുടർന്നു.. രണ്ടു ബ്ലോക്കുകൾക്കിടയിലൂടെ പോവണം സ്റ്റോറിലേക്ക്.. ആ ബ്ലോക്ക്‌ തീർന്നാൽ അവിടെ പോലീസ് ഉണ്ടാവുമെന്നറിയാവുന്നത് കൊണ്ട് രണ്ടാമത്തെ ബ്ലോക്കിലേക്ക് കടക്കും മുന്നേ അവന്മാർ ആരവിനെ പിടിച്ചു.. ആരവ് കുതറാൻ നോക്കിയെങ്കിലും അവന്മാർ ബലമായി പിടിച്ചു വലിച്ച് ബാത്‌റൂമിനു സൈഡിലേക്ക് കൊണ്ട് പോയി.. ഒരു ബാത്‌റൂമിനുള്ളിലേക്ക് അവനെ വലിച്ചു കയറ്റി കൂടെ ആറുപേരും കയറി... അവനെ ചുറ്റി നിൽക്കുന്ന ഓരോരുത്തരെയും ആരവ് മാറി മാറി നോക്കി.. "ഇത്ര നേരം ഭയങ്കര കൂതറലും കുത്തലുമൊക്കെയായിരുന്നല്ലോ... ഇപ്പൊ ഇവനെന്താടാ അനങ്ങാതെ നിക്കുന്നെ..??"

ചുരുണ്ട മുടിയുള്ള ഒരുത്തൻ ആരവിന്റെ നെഞ്ചിലേക്ക് കൈ വച്ച് കളിയാക്കി കൊണ്ട് മറ്റുള്ളവരെ നോക്കി.. എല്ലാവരും ചിരിയോടെ ആ ചുരുണ്ട മുടിക്കാരനെ നോക്കി... പെട്ടെന്ന് അവന്റെ മുഖത്തെ ചിരി നിലച്ചു... തുറിച്ച കണ്ണുകളോടെ അവൻ പതിയെ തിരിഞ്ഞ് ആരവിന്റെ നെഞ്ചിൽ വച്ച കയ്യിലേക്ക് നോക്കി... ദശയിൽ കുത്തി നിർത്തിയിരിക്കുന്ന കത്രികയിലേക്ക് നോക്കിയതും അവൻ പേടിയോടെ പിന്നോട്ട് നീങ്ങി.. അവൻ നീങ്ങിയ അതെ വേഗത്തിൽ ആരവ് അവന്റെ കൈത്തണ്ടയിൽ കുത്തിയിറക്കിയ കത്രിക ഊരിയെടുത്തു... രക്തമൊഴുകുന്ന കയ്യിൽ അമർത്തി പിടിച്ച് അവൻ മറ്റുള്ളവരെ നോക്കി.. അവരും അമ്പരപ്പിലായിരുന്നു.. ഇങ്ങനെയൊന്ന് അവരാരും പ്രതീക്ഷിച്ചില്ല.. ആദ്യത്തെ ഞെട്ടൽ മാറിയതും അതിൽ ഒരുത്തൻ ആരവിനെ അടിക്കാനായി മുന്നോട്ട് വന്നു... അവൻ കയ്യോങ്ങുമ്പോഴേക്കും ആരവ് ആ കയ്യിൽ പിടിച്ച് പുറകിലോട്ട് തിരിച്ച് ഷോൾഡറിൽ കത്രിക കുത്തിയിറക്കി... അവൻ വേദന കൊണ്ട് അലറി...

ശരവണനൊഴിച്ചു ബാക്കി മൂന്നു പേരും മുന്നോട്ടോടി വന്ന് ആരവിന്റെ കയ്യിൽ നിന്നും മറ്റവനെ പിടിച്ചു മാറ്റാൻ ശ്രമിച്ചു.. അവന്റെ ഷോൾഡറിൽ കുത്തിയ കത്രിക വലിച്ചെടുത്ത് ബാക്കിയുള്ളതിൽ ഒരുത്തനെ പിടിച്ച് അവന്റെ കഴുത്തിൽ കത്രിക അമർത്തി.. അവൻ ഭയം കൊണ്ട് നിലവിളിച്ചു.. വേഗതയിൽ കഴുത്തിൽ അമർന്ന കത്രികയാൽ ചെറിയ പോറൽ മാത്രം ഉണ്ടാക്കികൊണ്ട് ആരവ് കൈ പിൻവലിച്ചു.... എല്ലാവരും ഒരു നിമിഷം ഞെട്ടി തരിച്ചു നിന്നു.. ശരവണൻ മുന്നോട്ട് വന്നു.. "ആരാടാ നീ....? എന്താ വേണ്ടത്... നിന്നെ ഞാൻ മുൻപെവിടെയോ കണ്ടിട്ടുണ്ട് എന്ന് എനിക്ക് നിന്നെ ഇവിടെ കണ്ട ദിവസം തന്നെ തോന്നിയതാ.....

പക്ഷെ അത് കാര്യമാക്കിയില്ല.. ഇപ്പൊ ഉറപ്പായി. നീ ഞങ്ങളിൽ ആർക്കോ വേണ്ടിയാ അകത്തേക്ക് വന്നത്.. പറ.. ആരാ.. ആരെയാ വേണ്ടത്..." ആരവ് കഴുത്തിൽ പിടിച്ചു നിർത്തിയവന് മേലെയുള്ള പിടി അയച്ചു.. "നിന്നെ...." എല്ലാവരും പരസ്പരം നോക്കി.. "ഇപ്പോഴും കാര്യം പറഞ്ഞില്ല.." ആരവ് ചിരിച്ചു. "6 വർഷങ്ങൾക്ക് മുമ്പുള്ള കാര്യമായത് കൊണ്ട് മറക്കാൻ സാധ്യതയുണ്ട്.. ഒരാളെ കൊല്ലാൻ വന്നിട്ടുണ്ടായിരുന്നു.. ഇതേ നാട്ടിൽ.. അന്ന് ഒരേ പോലെ രണ്ട് പേരെ കണ്ട് കാണണം... ഒരുത്തനെ ജീവനോടെ വിട്ടിട്ടുണ്ടാവണം.. ഒരുത്തനെ കൊന്നുകാണണം.. നീ ജീവനോടെ ബാക്കി വച്ചവനാ മുന്നിൽ നിൽക്കുന്നത്,.. കൊന്നു കളഞ്ഞത് എന്റെ ജീവനെയാടാ... കൊല്ലാൻ ഏൽപ്പിച്ചവനെ തേടി ഇപ്പൊ നിന്റെ മുന്നിൽ അവന്റെ കാലനും............ തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story