നിലാമഴ: ഭാഗം 24

Nilamazha

എഴുത്തുകാരി: അനു രാജീവ്

ആനിന് ആ രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല.. ഈ നശിച്ച നാട്ടിലേക്ക് വരേണ്ടിയിരുന്നില്ല.. അവൾ കുഞ്ഞിനെ നോക്കി... ഇത്ര നേരം ദേവേച്ചിയുടെ കൂടെ കളിച്ച് ഇപ്പൊ ഉറങ്ങിയതേ ഉള്ളു.. ചേച്ചി അവിടെ ഇരുന്ന് ഏതൊക്കെയോ പുസ്തകം വായിക്കുന്നുണ്ട്.. ഹർഷേട്ടൻ പണ്ടെന്നോ പറഞ്ഞിട്ടുണ്ട്, താഴെ വീണു കിടക്കുന്ന ഒരു പേപ്പർതുണ്ട് പോലും വെറുതെ വിടില്ല, തനി പുസ്തകപ്പുഴു ആണെന്ന്.. ശരിയാണെന്ന് തോന്നി... അവിടെയിരിക്കുന്ന ഏതോ ഒരു പുസ്തകം എടുത്ത് മറിച്ച് നോക്കിയതാണ്, ഇപ്പോൾ ഇരുന്ന് വായനയിലാണ്.. ആൻ ഒന്ന് പുഞ്ചിരിച്ചു.. എന്നാലും എന്തായിരിക്കും ഇതുവരെ ഒരു വിവാഹത്തിനു മുതിരാതിരുന്നത്.. ഹർഷേട്ടന്റെ പ്രായം എന്നുപറയുമ്പോൾ 30 വയസ്സ് കഴിഞ്ഞിരിക്കും.. വിവാഹത്തെ പറ്റി പറയുമ്പോൾ ആ മുഖത്ത് നിറയുന്ന വേദന... ഒരുപാട് ചോദ്യചിഹ്നങ്ങൾ ഇനിയും ബാക്കിയാണ്..

ചിന്തകൾ നീളുമ്പോഴേക്കും ദേവയാനി ബുക്ക് മടക്കി അവിടെ നിന്നും എഴുന്നേറ്റു. " കിടക്കാം ആൻ... " അവൾ തലയാട്ടി.. രണ്ടാളും കുഞ്ഞിനിരു വശത്തുമായി കിടന്നു... വല്ലാത്ത ധൈര്യം ആണ് ഈ സാമിപ്യം.. ആൻ ദേവയാനിയെ നോക്കി.. നാളെ രാവിലെ ചേച്ചിയും അച്ചനും ദേവേച്ചിയുടെ അമ്മയുടെ നാട്ടിലേക്ക് പോവുകയാണെന്നു പറഞ്ഞു.. അമ്മയുടെ വീടിന്റെ പാർട്ടീഷനോ മറ്റോ ആണ്... മറ്റന്നാൾ തിരിച്ചെത്തും.. ഒരു ദിവസമാണെങ്കിൽ പോലും എന്തോ വല്ലാത്ത പേടി തോന്നുന്നു.. വീണ്ടും ഒറ്റയ്ക്കാകുംപോലെ.. ആരവെങ്കിലും വന്നാൽ മതിയായിരുന്നു... ആലോചിക്കുന്തോറും വല്ലാത്ത അസ്വസ്ഥത. ആയിരം ചിന്തകളോടെ അവൾ കണ്ണടച്ചു.. ___❤️ രാവിലെ നേരത്തെ തന്നെ ദേവയാനി അവിടെ നിന്നും ഇറങ്ങി.. കാലത്ത് 6 മണിക്കുള്ള ബസിൽ പോയാലേ റെയിൽവേ സ്റ്റേഷനിൽ 7.15 നെങ്കിലും എത്തൂ.

അവിടെന്ന് 7.30 നുള്ള ട്രെയിൻ ബുക്ക്‌ ചെയ്തിട്ടുണ്ട്.. പുലർച്ചെ എഴുന്നേറ്റ് ദേവയാനിയെ യാത്രയാക്കി ആൻ വീണ്ടും വന്നു കിടന്നു.. അല്പം വൈകിയാണ് എഴുന്നേറ്റത്.. വേഗം കാലത്തെ പണികളൊക്കെ തീർത്തു.. കുഞ്ഞിനെ എഴുന്നേൽപ്പിച്ച് ബ്രഷ് ചെയ്യിച്ച്, കുളിപ്പിച്ച്, ഒരുക്കി ഭക്ഷണം കൊടുത്തു.. അതിന് കാത്തു നിന്ന പോലെ അവൾ തനുവിന്റെ വീട്ടിലേക്കോടി.. ആനും കൂടെ പോയി .. അല്പസമയം അവിടെ ചിലവഴിച്ചപ്പോൾ തന്നെ അവൾക്ക് വല്ലാത്ത ആശ്വാസം തോന്നി... തേജസിന്റെ ഭാര്യ ആ കുട്ടിയുടെ വീട്ടിലേക്ക് പോയിരുന്നു... തനുവിന്റെ അമ്മയും അച്ഛനും മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു.. ഉച്ചക്ക് ഭക്ഷണവും കഴിച്ചിട്ടാണ് അവർ തിരികെ വീട്ടിൽ വന്നത്... കുറച്ചു കഴിഞ്ഞതും ആൻ രാത്രിക്ക് വേണ്ട ഭക്ഷണമൊക്കെ ഉണ്ടാക്കി വച്ചു... സന്ധ്യാ സമയമായത് കൊണ്ട് അവൾ പുറത്ത് വന്നു.. നല്ല കാറ്റുണ്ട്..

കുഞ്ഞ് മുറ്റത്ത് കളിക്കുന്നുണ്ട്... ആൻ ഉമ്മറപ്പടിയിൽ ഇരുന്നു.. പതിവ് പോലെ കൂട്ടിന് പ്രിയപെട്ടവന്റെ ഓർമകളും.. പെട്ടെന്ന് ഗേറ്റ് കടന്ന് ഒരു കാർ അകത്തേക്ക് വന്നു.. ഏതോ ചിന്തയിലിരുന്ന ആൻ ഒന്ന് ഞെട്ടി.. സംശയത്തോടെ അവൾ എഴുന്നേറ്റ് മുറ്റത്തേക്കിറങ്ങി.. കാറിൽ നിന്നിറങ്ങിയ ആളെ കണ്ട് അവളുടെയും കുഞ്ഞിന്റെയും മുഖം വിടർന്നു.. ____❤️ എഴുന്നേറ്റപ്പോൾ തൊട്ട് ആരവ് 10 മണി ആവാനുള്ള കാത്തിരിപ്പിലായിരുന്നു.. Food കഴിച്ച് കഴിഞ്ഞു പുറത്തേക്ക് വിട്ടാലേ കോൾ ചെയ്യാൻ പറ്റൂ.. അതും പരിചയമുള്ള ഒരു പോലീസുകാരന്റെ സഹായത്തോടെ.. ഫോൺ കിട്ടിയതും ഒരു നിമിഷം ചിന്തിച്ചു.. ആനിനെ വിളിക്കാൻ തോന്നിയെങ്കിലും അതല്ല അത്യാവശ്യം എന്ന് മനസിലാക്കി മറ്റൊരു നമ്പറിലേക്ക് കാൾ ചെയ്തു. പക്ഷെ കണക്ട് ആവുന്നുണ്ടായിരുന്നില്ല.. വീണ്ടും വീണ്ടും ട്രൈ ചെയ്തു കൊണ്ടേയിരുന്നു..

കണക്ട് ആവാതെ വന്നപ്പോൾ ദേഷ്യത്തോടെ അവൻ മുഷ്ടി ചുരുട്ടി കണ്ണുകൾ ഇറുകെയടച്ചു.. അങ്ങോട്ട് ആരോ വരുന്ന ശബ്ദം കേട്ട പോലീസുകാരൻ അവന്റെ കയ്യിൽ നിന്നും ഫോൺ വാങ്ങി വേഗം അവിടെ നിന്നും മാറി... ആരവ് എന്ത് ചെയ്യണമെന്നറിയാതെ തിരിച്ച് ഗ്രൗണ്ടിലേക്ക് തന്നെ പോയി.. വൈകുന്നേരം വരെ ഫോൺ കിട്ടിയില്ല... ഒന്നും സംഭവിക്കില്ല എന്ന വിശ്വാസത്തിൽ അവൻ സെല്ലിലേക്ക് നടന്നു.. ____❤️ "വിശ്നുഅങ്കിൽ....." കുഞ്ഞ് വേഗം അവനടുത്തേക്കൊടി.. ആൻ അപ്പോഴും അനങ്ങാതെ നിന്നു.. ചെറുചിരിയോടെ.. വിഷ്ണു കുഞ്ഞിനെ കയ്യിലെടുത്തു കൊണ്ട് ആനിന് നേരെ വന്നു... "ആൻ.. നാട്ടിലേക്ക് വന്നു എന്നറിഞ്ഞപ്പോ ഇങ്ങോട്ടാവും എന്ന് കരുതിയില്ല....." ആൻ വെറുതെ ഒന്ന് ചിരിച്ചു.. "ഞാൻ ഇന്നലെയാ ഇങ്ങോട്ട് വന്നത്.. അച്ഛന്റെ വീട് കോയമ്പത്തൂരാ.. അവിടെയായിരുന്നു.. ഇന്നലെ വന്നപ്പോ അമ്മായിയാ പറഞ്ഞത് ഹർഷും വൈഫും വന്നിട്ടുണ്ടെന്ന്... ഞെട്ടിപ്പോയി ഞാൻ.. എങ്ങനെയാണെന്ന് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടിയില്ല..

പിന്നെയാ ആരവിന്റെ കാര്യം ഓർമ വന്നത്... അവനെവിടെ???" "ഇവിടെയില്ല.. ആരെയോ കാണാൻ പോയതാ.." "കാലത്തോ??" "അല്ല.. പോയിട്ട് കുറച്ച് ദിവസമായി..." "ഹ്മ്മ്.. അകത്തേക്ക് കയറാലോ ലേ..." "ഓഹ്. ഐആം സോറി.. അകത്തേക്ക് വാ ..." ആൻ മുന്നിലും കുഞ്ഞിനെയുമെടുത്ത് വിഷ്ണു പുറകിലുമായി അകത്തേക്ക് കയറി.. "വിഷ്ണു ഇരിക്ക്.. ഞാൻ കുടിക്കാനെന്തെങ്കിലും എടുക്കാം.." "ദൃതി വേണ്ട ആൻ.. ഞാൻ വീട്ടിൽ യാത്ര പറഞ്ഞിട്ടിറങ്ങിയതാ.. നേരെ ബാംഗ്ലൂർ.. നിങ്ങളോടും ഒന്ന് പറയാം എന്ന് കരുതി.. ഇനി എപ്പോഴാ അങ്ങോട്ട്..??" "തീരുമാനിച്ചിട്ടില്ല വിഷ്ണു." "എന്റെ കൂടെ വരുന്നോ.. ഇപ്പൊ എന്തായാലും ഇവിടെ ഒറ്റക്കല്ലേ..." "ഇല്ല വിഷ്ണു... എന്തായാലും ആരവ് വരട്ടെ.." ആൻ കുടിക്കാനെടുക്കാൻ കിച്ചണിലേക്ക് പോയി.. ഫ്രിഡ്ജിൽ നിന്നും പാലെടുത്ത് പാത്രത്തിലൊഴിച്ച് അടുപ്പിൽ വച്ചു... തന്റെ ജീവിതത്തിൽ വിഷ്ണുവിന്റെ സ്ഥാനം വാക്കുകൾക്കതീതമാണ്.. ഒന്നുമില്ലാതെ ആരുമില്ലാതെ ഒറ്റക്ക് നിന്നിടത്തു നിന്നും അഭയം നൽകി.. 9 മാസം കൂടെപ്പിറപ്പിനെ പോലെ കൂടെ നിന്ന് സംരക്ഷിച്ചു...

അന്ന് യാത്ര പോലും പറയാൻ സാധിക്കാതെ അവിടെനിന്നും ഇറങ്ങി ഓടുമ്പോൾ വീണ്ടും വിഷ്ണുവിനെ കാണാൻ കഴിയുമെന്ന് സ്വപ്നത്തിൽപോലും ചിന്തിച്ചിരുന്നില്ല. മൂന്നു വർഷങ്ങൾക്കുശേഷം വീണ്ടും ബാംഗ്ലൂരിൽ വച്ച് അപ്രതീക്ഷിതമായി കാണുമ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത വണ്ണം സന്തോഷമായിരുന്നു മനസ്സിൽ.. താൻ വർക്ക് ചെയ്യുന്ന ബാങ്കിൽ തന്നെ മാനേജ്മെന്റ് വഴി കയറിയത് കൊണ്ട്, തന്നെ അസിസ്റ്റ് ചെയ്യാൻ വന്നതായിരുന്നു... വിഷ്ണുവേട്ടൻ എന്ന വിളി മറ്റുള്ളവരുടെ മുന്നിൽ അടുപ്പം കാണിക്കും എന്നറിയാവുന്നതു കൊണ്ട് പതിയെ വിഷ്ണു എന്നാക്കി.. പിന്നീട് ഇതുവരെ കൂടെയുണ്ടായിരുന്നു.. എല്ലാ കഷ്ടങ്ങളിലും.. ആരുഷി കഴിഞ്ഞാൽ എന്തെങ്കിലും ആരോടും പറയുമെന്നുണ്ടെങ്കിൽ അത് വിഷ്ണുവിനോട് മാത്രമാണ്.... പാല് തിളച്ചു പൊന്തി വന്നു.. വേഗം അടുപ്പ് സിം ചെയ്ത് കോഫീ പൌഡർ എടുത്തിട്ട് മധുരവും ചേർത്ത് ഗ്ലാസ്സിലേക്ക് പകർന്ന് ഹാളിലേക്ക് കൊണ്ടുപോകുമ്പോൾ മോളും വിഷ്ണുവും ഭയങ്കര സംസാരത്തിലായിരുന്നു..

ആനിനെ ഒന്ന് നോക്കി ചിരിച്ച് വിഷ്ണു അവളുടെ കയ്യിൽ നിന്നും കോഫീ കപ്പ് വാങ്ങി ചുണ്ടോട് ചേർത്തു.. കുറച്ചു നേരം കൂടി അവിടെയിരുന്ന് നേരം ഇരുട്ടിയപ്പോൾ വിഷ്ണു പതിയെ എഴുന്നേറ്റു.. " എന്നാൽ ശരി ആൻ.. അവിടെ വച്ച് കാണാം..." ആൻ ചിരിയോടെ തലയാട്ടി.. വിഷ്ണു കാറിന്റെ കീയുമെടുത്ത് പുറത്തേക്കിറങ്ങി.. കുഞ്ഞിനെയുമെടുത്ത് ആൻ പുറകിലും.. വിഷ്ണു ഫ്രണ്ട് ഡോർ തുറന്ന് കാറിലേക്ക് കയറി ഇരുന്നു. കുഞ്ഞ് ആനിന്റെ ഇടുപ്പിൽ ഇരുന്ന് വിഷ്ണുവിന് നേരെ കൈവീശി കാണിച്ചു.. വിഷ്ണു ചിരിയോടെ വണ്ടി സ്റ്റാർട്ട് ആക്കി.. എന്നാൽ ചെറിയൊരു ഇരമ്പലോടെ വണ്ടി ഓഫായി.... രണ്ടുമൂന്നു തവണ ശ്രമിച്ചെങ്കിലും വണ്ടി സ്റ്റാർട്ട് ആവുന്നുണ്ടായിരുന്നില്ല.. അവൻ വണ്ടിയിൽ നിന്നും ഇറങ്ങി ബംബർ തുറന്നുനോക്കി.. "എന്ത് പറ്റി വിഷ്ണു??" "അറിയില്ല ആൻ..." അവൻ കാറിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ചു കൊണ്ട് പറഞ്ഞു..

"ഇനിയെന്ത് ചെയ്യും.. വല്ല വർക്ക്ഷോപ്പ്കാരെയും വിളിക്കാൻ നോക്കൂ.." " പഴയപോലെയല്ല ആൻ എനിക്കിപ്പോ ഇവിടെ വലിയ കോൺടാക്ട് ഒന്നുമില്ല.. ഈ നേരത്ത് ആരെയെങ്കിലും വിളിച്ചു വരുത്തണമെങ്കിൽ നേരത്തെ പരിചയം വേണം.. ഇനി കാലത്തെ എന്തെങ്കിലും നടക്കൂ.. " ആൻ ഒന്നും മിണ്ടിയില്ല.. "വീട്ടിലാണെങ്കിൽ അവരോടൊക്കെ യാത്ര പറഞ്ഞ് ഇറങ്ങിയതാ.. ഇനി തിരിച്ചു ചെന്നാൽ...." വിഷ്ണു വല്ലാത്ത ടെൻഷനോടെ പറയുന്നത് കേട്ട് ആൻ പുഞ്ചിരിച്ചു.. " കാലത്ത് ആരെയെങ്കിലും വിളിച്ചു വന്നു നേരെയാക്കാവുന്നതല്ലേയുള്ളൂ.. ഇന്നിവിടെ നിൽക്കാലോ... " "തനിക്ക് പ്രശ്നമൊന്നുമില്ലാലോ..." "ഏയ്‌.. എന്താ ഇങ്ങനെ ചോദിക്കുന്നേ.. അകത്തേക്ക് വാ.." ആൻ ചിരിയോടെ വീണ്ടും അകത്തേക്ക് കയറിപ്പോയി... അവളുടെ പിന്നഴക് നോക്കി നിഗൂഡമായ ചിരിയോടെ വിഷ്ണുവും.. ___❤️ രാത്രിക്കുള്ള ഭക്ഷണം ടേബിളിലേക്കെടുത്തു വച്ച് ആൻ പ്ലേറ്റിലേക്ക് വിളമ്പി കൊടുത്തു.. ഒരു ഡാർക്ക്‌ ബ്ലൂ സ്ലീവ് ലെസ്സ് ലോങ്ങ്‌ ഫ്രോക്കായിരുന്നു അവളുടെ വേഷം.

വിഷ്ണു കഴിക്കാൻ മറന്ന് ആനിനെ തന്നെ നോക്കി ഇരുന്നു.. കുഞ്ഞിനെ കഴിപ്പിക്കുന്നതിനിടയിൽ അവളതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. . "ആൻ...." "മ്മ്...." ആൻ അവനെ നോക്കാതെ ഒന്ന് മൂളി.. "Will you marry me?" ആൻ കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നത് നിർത്തി.. "എന്താ വിഷ്ണു??" അവൾ നെറ്റിചുളിച്ചു.. "ഞാൻ നിന്നെ കല്യാണം കഴിച്ചോട്ടെ...?" ആൻ പ്ലേറ്റ് ടേബിളിലേക്ക് വച്ചു.. "എന്താ സംസാരിക്കുന്നത് എന്ന ബോധമുണ്ടോ വിഷ്ണുവിന്. ഇന്നിവിടെ താമസിക്കാൻ സമ്മതിച്ചിട്ടുണ്ടെങ്കിൽ അത് തന്റെ മേലെയുള്ള വിശ്വാസം കൊണ്ടാണ്.. ആൻ മരിയ ക്ക് ഒരു അവകാശിയെ ഉള്ളൂ.. അത് ഹർഷിതാ.. ജീവനോടെയുണ്ടെങ്കിലും ഇല്ലെങ്കിലും..." പറഞ്ഞു തീരുമ്പോൾ വിഷ്ണുവിന്റെ മുഖം താഴ്ന്നിരുന്നു.. ചോദിച്ചതിന്റെ കുറ്റബോധമായിരിക്കാം എന്ന് കരുതിയ ആനിന്റെ ചിന്തകളെ മാറ്റിമറിച്ചു കൊണ്ട് അവൻ ടേബിളിൽ വച്ച പ്ലേറ്റുകൾ മുഴുവൻ തട്ടി തെറിപ്പിച്ചു.. ആൻ ഞെട്ടി വിറച്ചു.. കുഞ്ഞ് പേടിച്ച് ആനിന്റെ മടിയിൽ മുഖമൊളിപ്പിച്ചു.....

"അവൻ ചത്തുപോയില്ലേ. ഇനിയും അവനെ മറക്കാൻ എത്ര കാലം വേണം നിനക്ക്..." വിഷ്ണുവിന്റെ ഭാവമാറ്റത്തിൽ പകച്ചുനിന്ന ആനിന് വാക്കുകളൊന്നും കിട്ടുന്നുണ്ടായിരുന്നില്ല.. "ഇരിക്ക്...." ആൻ അനങ്ങാതെ നിന്നു.. "ഇരിക്കടി...." ആ അലർച്ചയിൽ ആൻ പെട്ടെന്ന് ചെയറിലേക്കിരുന്നു.. കുഞ്ഞ് അവളുടെ മടിയിൽ തല വച്ച് കിടന്നു.. "ആൻ..... നിന്നെ ആദ്യമായി കണ്ടത് ഞാനായിരുന്നടി... അന്ന്.. അന്ന് നിന്റെ കണ്ണിൽ എന്റെ രൂപം നിറഞ്ഞു നിന്നിരുന്നു.." അവൻ പറയുന്നതിനെ പൊരുൾ മനസ്സിലാകാതെ ആൻ കുഴഞ്ഞു.. "നിനക്കോർമ്മയുണ്ടോ.. നീ ആദ്യമായി കോളേജിലേക്ക് വന്ന ദിവസം.. അന്ന് ഫ്രഷേഴ്സ് ഡേ ആയിരുന്നു.. നീ ഹാളിലേക്ക് കയറി വരുമ്പോൾ സ്റ്റേജിൽ എന്റെ പാട്ടായിരുന്നു.. എന്നെ കണ്ട നിന്റെ കണ്ണിൽ അത്ഭുതമായിരുന്നു ആരാധനയായിരുന്നു.. ആ കൂട്ടത്തിൽ ഞാൻ കണ്ടത് നിന്നെ മാത്രമായിരുന്നു ആൻ.. അവിടെക്കാ അവന്റെ കടന്നു വരവ്. The great ഹർഷിത് ദേവരാജ്.. മന്ത്രിപുത്രൻ. കാശുകാരൻ..

പിന്നെ the damn handsome.. എല്ലാ പെൺപിള്ളേരെയും പോലെ നിന്റെ ശ്രദ്ധയും അവനിലേക്ക് പോയി. അവന്റെ അടി കാണുന്നതിനിടയിൽ എന്റെ പാട്ട് ശ്രദ്ധിക്കാതെയായി.. എന്നെ കണ്ടപ്പോൾ വിടർന്ന നിന്റെ കണ്ണുകൾ പിന്നീട് എന്റെ നേരെ വന്നില്ല.. അന്ന് തൊട്ട് അവനെ അന്വേഷിച്ചു നടക്കുന്ന നിന്നെ ഞാൻ ശ്രദ്ധിച്ചിരുന്നു .. സസ്പെൻഷൻ കഴിഞ്ഞ് വന്ന ദിവസം അവൻ നിന്റെ ക്ലാസിലേക്ക് വന്നപ്പോൾ നിന്റെ മുഖത്തുണ്ടായ ഭാവം ഒരു തരം ആഹ്ലാദമായിരുന്നു.. പാർട്ടിയിൽ ചേരാനെന്നും പറഞ്ഞ് നീ അവന്റെ കൂടെ ലൈബ്രറിയിലേക്ക് വന്നത് ഓർമ്മയുണ്ടോ.. അന്ന് ഞാൻ അവിടെ ഉണ്ടായിരുന്നു.. ഞാനാ നിന്റെ പേരെഴുതിയത്. പക്ഷേ നിന്റെ കണ്ണുകൾ നടന്നകലുന്ന ഹർഷിലേക്കായിരുന്നു.. നിനക്കവനോടുള്ള പ്രണയം അവനറിയും മുന്നേ ഞാൻ മനസ്സിലാക്കിയിരുന്നു.. പക്ഷെ നിന്നെ മറക്കാൻ കഴിഞ്ഞില്ല ആൻ.. അവനെ സ്നേഹിക്കുന്ന 100 പെൺകുട്ടികളിൽ ഒരാളാണ് നീയും..

അവൻ ഒരിക്കലും നിന്നെ തിരിച്ച് സ്നേഹിക്കില്ല എന്ന് കരുതി.. ആരോരുമില്ലാത്ത ഒരു ക്രിസ്ത്യാനി പെൺകുട്ടിയേ അവനൊന്നു നോക്കുക പോലുമില്ല എന്ന് കരുതി.. ഞങ്ങളുടെ സെന്റ് ഓഫ്‌ കഴിഞ്ഞ ദിവസം നീ അവനെ തേടി വന്നില്ലേ.. അന്ന് നിന്നെ സ്റ്റാഫ് റൂമിലേക്ക് പറഞ്ഞയച്ചത് മനപ്പൂർവ്വമായിരുന്നു.. നീ അവനെ കാണാതിരിക്കാൻ.. അവനെയും കൊണ്ട് കോളേജ് കോമ്പൗണ്ട് കടന്നതിനു ശേഷം വെറുതെ ഞാൻ അവനോട് നീ കാണാൻ വന്നിരുന്ന കാര്യം ഒന്ന് സൂചിപ്പിച്ചു... അവിടെത്തന്നെ ബൈക്ക് നിർത്തിച്ച് ആ മഴയത്ത് അവൻ കോളേജിലേക്ക് തിരികെ ഓടി വന്നു... അന്നെനിക്ക് മനസ്സിലായി അവന്റെ മനസ്സിൽ നിന്റെ സ്ഥാനമെന്താണെന്ന്... അന്ന് അവന്റെ പുറകെ ഞാനും വന്നു കോളേജിലേക്ക് ആ പെരുമഴയത്ത് പൊട്ടിക്കരയുന്ന നിന്നെ കണ്ടപ്പോൾ അവന്റെ ചങ്ക് പിടഞ്ഞത് കൂടെ നിന്ന എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു.. അന്ന് അവന്റെയൊപ്പം ഞാനും പോയി അവന്റെ വീട്ടിലേക്ക്.. ആ ദിവസം തന്നെ നിന്റെ കാര്യം അവൻ വീട്ടിലവതരിപ്പിച്ചു..

നല്ല എതിർപ്പായിരുന്നു.. നിന്നോടൊന്ന് തുറന്നു പോലും പറയാതെ അവൻ നിനക്കുവേണ്ടി ആ വീട്ടിൽ നിന്നും പിണങ്ങി ഇറങ്ങി.. അതിന് ശേഷം pg ക്ലാസ്സ്‌ തുടങ്ങാനുള്ള കാത്തിരിപ്പായിരുന്നു.. ക്ലാസ്സ് തുടങ്ങിയ അന്ന് തന്നെ അവനെ തേടി നീ ഞങ്ങളുടെ ബ്ലോക്കിലേക്ക് വന്നു... ഓരോ ദിവസവും അവനു വേണ്ടി ക്ലാസ്സ്‌ കഴിഞ്ഞിട്ടും ഗ്രൗണ്ടിൽ കാത്തിരുന്നു... അവന് വേണ്ടി ഒരു കവിത ചൊല്ലി തന്നെ പ്രൊപ്പോസ് ചെയ്തു.. അവൻ അവന്റെ ഇഷ്ടം തുറന്നു പറഞ്ഞപ്പോൾ രണ്ടുകയ്യും നീട്ടി സ്വീകരിച്ചു.. മഠത്തിൽ നിന്നും അവന്റെ കൂടെ ഇറങ്ങിപ്പോയി.. നിങ്ങളുടെ പ്രണയകാലം.. ഞാൻ എങ്ങനെ സഹിക്കും ആൻ.. എല്ലാം നഷ്ടപ്പെട്ട് വിധിയെ പഴിച്ച് ജീവിക്കണോ??? എനിക്ക് പറ്റില്ലായിരുന്നു.. വിവാഹം നടത്താൻ സമ്മതിക്കില്ല എന്ന് ഞാൻ നേരത്തെ ഉറപ്പിച്ചു.... പക്ഷെ സാധിച്ചില്ല.. വിവാഹം കഴിഞ്ഞു..

പക്ഷെ നിങ്ങളെ പിരിക്കാൻ കഴിഞ്ഞു.. എന്നെന്നേക്കുമായി... മനസിലായില്ല അല്ലെ... ഹർഷിനെ കൊന്നത് എന്റെ ആളുകളാ... ഞാൻ ഏൽപ്പിച്ച ആളുകൾ...... " ആൻ തറഞ്ഞിരുന്നു. ചുറ്റും ഒരു മൂളൽ മാത്രം.. തല പെരുക്കുന്നു.. ഒന്നും മനസിലാവുന്നില്ല... "ആൻ...." അവളൊന്ന് ഞെട്ടി അവന്റെ മുഖത്ത് നോക്കി.. "നിനക്ക് വേണ്ടിയാ ആൻ.. എല്ലാം നിനക്ക് വേണ്ടിയാ... അവൻ എന്റെ ആത്മാർത്ഥ സുഹൃത്തായിരുന്നില്ലേ.. എന്നിട്ടും ഞാനവനെ കൊന്നില്ലേ.. നിനക്ക് വേണ്ടിയാ... അത്രയ്ക്കും എനിക്ക് നിന്നെ ഇഷ്ടമാ ആൻ..." അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി... "അന്ന് നീയെന്നെ വിളിച്ചതോർമ്മയുണ്ടോ .. പുറത്ത് ആരൊക്കെയോ വന്നെന്ന് പറഞ്ഞ്.. എന്റെ ആളുകളുടെ പണി തീരട്ടെ എന്ന് കരുതി അന്ന് മനപ്പൂർവം ഞാൻ വൈകിയ വന്നത്.. പക്ഷേ അന്നവിടെ മറ്റെന്തോ സംഭവിച്ചു... ഞാൻ എത്തുമ്പോഴേക്കും നിന്നെ മറ്റാരോ അവിടെ നിന്നും കൊണ്ടുപോയി... നിന്നെ കാണാതെ ഒരു ഭ്രാന്തനെപ്പോലെ അലയുകയായിരുന്നു ഞാൻ.. 15 ദിവസം... ശരിക്കും ഭ്രാന്തയേനെ എനിക്ക്...

പക്ഷേ അന്നും ദൈവം എന്റെ കൂടെ ആയിരുന്നു.. ഹോസ്പിറ്റലിൽ നിന്നും വന്ന നീ എന്റെ വണ്ടിക്ക് മുന്നിൽ തന്നെ ചാടി.. എന്റെ കണക്കുകൂട്ടലുകൾ പിഴച്ചത് ഒരേയൊരു ഭാഗത്താ.. നിന്റെ വയറ്റിൽ അവന്റെ കുഞ്ഞ്.. നേരത്തെ ഒരുമിച്ച് ജീവിച്ചു തുടങ്ങി എന്ന് മനസിലാക്കാൻ വൈകി.. അവിടെ വില്ലൻ കളിച്ചാൽ നീ എന്നെ വെറുക്കും എന്നറിയാവുന്നത് കൊണ്ട് രക്ഷകനായി കൂടെ നിന്നു. ഒൻപതു മാസം നീ പോയി കാണിച്ച ഡോക്ടറുണ്ടല്ലോ, അത് എന്റെ ആളായിരുന്നു... നീ അവിടെ തന്നെ പ്രസവിച്ചതാണെങ്കിൽ നിന്നെ കുഞ്ഞ് ഒരു ചാപിള്ളയായി ജനിച്ചേനെ..." ആൻ ടേബിളിൽ കയ്യൂന്നി തലതാഴ്ത്തി... "പക്ഷെ.. അവിടെ ഹർഷിന്റെ അച്ഛന്റെ രൂപത്തിൽ ഭാഗ്യം നിന്നെ തുണച്ചു.. ഹർഷിന്റെ കുഞ്ഞിനെയുമെടുത്ത് അവകാശം ചോദിക്കാൻ വന്നാലോ എന്ന പേടി കൊണ്ടും, അയാളുടെ അഭിമാനത്തിനു കോട്ടം തട്ടുമോ എന്ന് ചിന്തിച്ചും അന്ന് അയാൾ നിന്നെ കൊല്ലാൻ അവിടേക്ക് ആളുകളെ അയച്ചു...

അന്ന് പേടിച്ചോടിയ നീ എന്റെ കയ്യിൽ നിന്നും രക്ഷപ്പെട്ടു.. പിന്നെയും നിന്നെ തേടിയുള്ള അലച്ചിലായിരുന്നു.. രണ്ടു വർഷം.. നീ എവിടെയാണെന്ന് മനസ്സിലായപ്പോൾ കാശ് കൊടുത്ത് കഷ്ടപ്പെട്ട് ആ ബാങ്കിൽ തന്നെ ജോലി വാങ്ങിയത്, കുഞ്ഞുണ്ടെങ്കിലും നിന്നെ സ്വന്തമാക്കണം എന്ന ആഗ്രഹത്തോടെയാണ്.. പക്ഷേ നീ എന്താ ചെയ്തത്.. വിഷ്ണുവേട്ടൻ എന്ന് വിളിച്ചു കൊണ്ടിരുന്ന നീ പേരിൽ പോലും അകലം പാലിച്ചു.. കഴിഞ്ഞ മൂന്നുവർഷമായി നിന്നോടടുക്കാൻ കഷ്ടപ്പെട്ട് കൊണ്ടിരിക്കുവാ ആൻ.. മതിയായെനിക്ക്.. ഇപ്പൊ പുതിയ തടസ്സം.. ആരവ്.. എവിടന്ന് വന്നു അവൻ.. വേണ്ട.. നിനക്കിനി ആരും വേണ്ട.. നിന്നെയും കുഞ്ഞിനേയും ഞാൻ നോക്കാം.. ഹർഷിത് മരിച്ചു.. എന്റെ കൂടെ ജീവിക്ക് ആൻ.. എന്റെ കൂടെ.. " വിഷ്ണു അവിടെ നിന്നും എഴുന്നേറ്റ് ആൻ ഇരിക്കുന്ന ഭാഗത്തേക്ക് വന്നു.. അവളുടെ കയ്യിൽ പിടിച്ച് എഴുന്നേൽപ്പിച്ചു.. ആൻ വിറച്ചുകൊണ്ട് കൈ കുടഞ്ഞ് പുറകിലേക്ക് മാറി.. കേട്ടതൊന്നും ഉൾക്കൊള്ളാനോ വിശ്വസിക്കാനോ അവൾക്ക് സാധിക്കുന്നുണ്ടായിരുന്നില്ല..

നിറഞ്ഞൊഴുകിയ കണ്ണുനീരിനെ പുറം കൈകൊണ്ട് തുടച്ച് അവൾ കുഞ്ഞിനെ എടുത്തു.. "പോ..... പുറത്തേക്ക് പോ...." പേടികൊണ്ട് വാക്കുകൾ വരുന്നുണ്ടായിരുന്നില്ല. എങ്കിലും ധൈര്യം സംഭരിച്ച് അവൾ പുറത്തേക്ക് കൈചൂണ്ടി.. വിഷ്ണു ചിരിച്ചു.. "ഞാൻ പോവാം. പക്ഷെ കൂടെ നീയുമുണ്ടാകും..." "ഞാൻ എങ്ങോട്ടും ഇല്ല.. നീ പോ ഇല്ലെങ്കിൽ ഞാൻ ഒച്ചയുണ്ടാക്കും..." " എനിക്കറിയാമായിരുന്നു ഞാൻ എല്ലാം പറഞ്ഞു കഴിഞ്ഞാൽ നീ ഒരിക്കലും എന്നെ സ്വീകരിക്കില്ല എന്ന്. പക്ഷേ ഇനിയും ഉള്ളിൽ കൊണ്ടു നടക്കാൻ വയ്യ. വല്ലാത്ത ഭാരം.. വേണ്ട.. നീയെന്നെ സ്വീകരിക്കേണ്ട.. ഒരുമിച്ച് ജീവിക്കാനല്ലേ ബുദ്ധിമുട്ടുള്ളു.. നമുക്ക് മരിക്കാം ആൻ... " അവൻ ടേബിളിൽ ഫ്രൂട്ട്സിന് മുകളിൽ വച്ച കത്തി കയ്യിലേക്കെടുത്തു.. ആൻ കുഞ്ഞിനെ നെഞ്ചോട് ചേർത്തുപിടിച്ച് പുറകിലേക്ക് കാലടികൾ വച്ചു............. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story