നിലാമഴ: ഭാഗം 25

Nilamazha

എഴുത്തുകാരി: അനു രാജീവ്

ആൻ ഭയത്തോടെ പുറകിലേക്ക് കാലടികൾ വച്ചു.. വിഷ്ണുവിന്റെ മുഖത്തെ ക്രൂരതയും ഇത്രയും നേരം അവനിൽ നിന്നും കേട്ട വാക്കുകളും ഉൾക്കൊള്ളാൻ അപ്പോഴും അവൾക്ക് സാധിച്ചിരുന്നില്ല.. "എന്റെ കുഞ്ഞിനെയോർത്തെങ്കിലും എന്നെ വെറുതെ വിടണം.. മരിക്കാൻ ഭയമുണ്ടായിട്ടല്ല... ഞാൻ ഇല്ലാതായാൽ എന്റെ മോളും എന്നെപ്പോലെ അനാഥയായി ജീവിക്കേണ്ടി വരും...." അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.... വിഷ്ണു അവൾക്കടുത്തേക്ക് വന്നു നിന്നു.. "കരയല്ലേ ആൻ.. നീ കരഞ്ഞാൽ എനിക്ക് സഹിക്കാൻ പറ്റില്ല... നിന്നെ എനിക്ക് അത്രക്കിഷ്ട്ടാ.. നീ എന്റെ കൂടെ ജീവിക്കാമെന്ന് പറ... നിന്നെ നുള്ളി നോവിക്കില്ല ഞാൻ.. എന്റെ മോളേ പോലെ ഞാൻ നോക്കിക്കോളാം നച്ചൂട്ടിയെ... നീ എന്റെ കൂടെ ജീവിക്ക് ആൻ..." അവൾ തൊഴുതു കൊണ്ട് പൊട്ടികരഞ്ഞു. . കുഞ്ഞിനെ ചേർത്ത് പിടിച്ച് അവൾ ചുമര് ചാരി നിലത്തിരുന്നു... "ആൻ... പ്ലീസ്... ഒന്നാലോചിച്ചു നോക്ക്.. നമുക്ക് ജീവിക്കാം . സന്തോഷത്തോടെ.. എല്ലാം മറന്ന്.." അവൾ പൊട്ടികരഞ്ഞു കൊണ്ട് നിഷേധാർഥത്തിൽ തലയാട്ടി.. അവൻ കത്തിയിൽ പിടി മുറുക്കി.. "നിന്നെ കൊല്ലാൻ എനിക്ക് പറ്റില്ല ആൻ.. നിനക്കിഷ്ടമില്ലെങ്കിലും നീ എന്റെ കൂടെ ജീവിക്കണം. ഇല്ലെങ്കിൽ........." അവൻ ആനിന്റെ മടിയിൽ പറ്റി ഇരിക്കുന്ന കുഞ്ഞിന്റെ മുടിയിൽ പിടിച്ച് നിലത്തേക്ക് വലിച്ചിട്ടു..

ആൻ ഞെട്ടി തരിച്ചു പോയി.. എന്റെ കുഞ്ഞ്... അവൾ കയ്യെത്തി പിടിക്കാൻ ശ്രമിക്കുമ്പോഴേക്കും അവൻ കുഞ്ഞിനെ പിറകിലേക്ക് വലിച്ചു... ആൻ വേഗത്തിൽ എഴുന്നേറ്റു... എന്റെ കുഞ്ഞിനെ ഒന്നും ചെയ്യല്ലേ.. "ഒന്നും ചെയ്യില്ല ആൻ.. ഇത് നമ്മുടെ കുഞ്ഞല്ലേ... നീ റെഡി ആയി വാ. നമുക്ക് പോവാം... കുഞ്ഞിനേയും നിന്നെയും ഞാൻ നോക്കിക്കോളാം." ആൻ സ്വയം തലക്കടിച്ചു കരഞ്ഞു.. മനസിലാക്കാൻ പറ്റിയില്ലാലോ.. തന്റെ ജീവനെ ഇല്ലാതാക്കിയവൻ കൂടെ തന്നെ ഉണ്ടായിട്ടും അതറിയാൻ കഴിഞ്ഞില്ലാ ലോ.. ഉള്ളു പിളരുന്ന വേദനയോടെ അവൻ അവന്റെ മുഖത്തേക്ക് നോക്കി.. "വരാം...." അവളുടെ ആ ഒരു വാക്കിൽ അവന്റെ മുഖം വിടർന്നു. കുഞ്ഞിന്റെ മേലെയുള്ള പിടുത്തം അയഞ്ഞു.. കുഞ്ഞു കരഞ്ഞു കൊണ്ട് ആനിനടുത്തേക്കോടി .. അവൾ കുഞ്ഞിനെ കയ്യിലെടുത്തു.. ആ കുഞ്ഞി കൈകൾ ആനിന്റെ കവിളിനെ നനയിച്ച കണ്ണുനീരിനെ തുടച്ചുനീക്കി.. ആൻ അവളെ നോക്കി പുഞ്ചിരിച്ചു.. മനസ്സിൽ എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ച് അവൾ റൂമിനകത്തേക്ക് നടന്നു.

കുഞ്ഞിനെ ബെഡിൽ ഇരുത്തി ഓരോ വസ്ത്രങ്ങളായി എടുത്ത് ബാഗിൽ നിറച്ചു.. "മ്മേ.. നമ്മ എങ്ങോറ്റാ പോവുന്നെ.. വിഷ്ണൂങ്കിൽ ചീത്തയാ.. നമക്ക് അച്ഛയെ വിളിക്കാ..." ആൻ കുഞ്ഞിനെ നോക്കി പുഞ്ചിരിച്ചു.. " അമ്മ മോളോട് അന്നേ പറഞ്ഞില്ലേ.. നമുക്ക് ആരുമില്ല എന്ന്.. നമുക്ക് ആരുമില്ലടാ... " അവൾ വിതുമ്പലോടെ കുഞ്ഞിനെ നെഞ്ചോട് ചേർത്തു... ബാഗുമെടുത്തു പുറത്തേക്ക് വന്നു.. അവിടെ വിഷ്ണു അക്ഷമനായി കാത്തിരിപ്പുണ്ടായിരുന്നു.. ബാഗുമായി വരുന്ന ആനിനെ കണ്ടതും അവന്റെ മുഖം തെളിഞ്ഞു . പുറത്ത് നല്ല മഴ പെയ്യാൻ തുടങ്ങിയിരുന്നു.. ആനിന്റെ കയ്യിൽ നിന്നും ബാഗ് വാങ്ങി വിഷ്ണു പുറത്തേക്ക് നടന്നു... പുറകെ കുഞ്ഞിനെ തോളിൽ കിടത്തി ആനും. അവൻ കൈകൊണ്ട് തലമറച്ച് ഓടിപ്പോയി കാർ തുറന്ന് ബാഗ് കാറിനകത്തേക്ക് വച്ചു.. ശേഷം കാറിനകത്ത് നിന്നും കുടയെടുത്തു വീണ്ടും വീടിനു മുന്നിലേക്ക് വന്നു.. കുടനിവർത്തി ആനിനു നേരെ നീട്ടി... അവൾ കുഞ്ഞിനെ ചേർത്തു പിടിച്ച് അവൻ നിൽക്കുന്ന പടിയിലേക്കിറങ്ങി.. ഇടതു തോളിൽ കുഞ്ഞും വലതു ഭാഗത്ത് വിഷ്ണുവും... അവളെ ചേർത്തുപിടിച്ച് വിഷ്ണു പടികൾ ഇറങ്ങി.. അവൻ സ്പർശിച്ച ശരീരഭാഗം വെന്തുരുകും പോലെ തോന്നി അവൾക്ക്.. മിന്നലിന്റെ വെളിച്ചം ആനിന്റെ മുഖഭാവത്തെ വ്യക്തമാക്കി...

ദേഷ്യം കൊണ്ട് ചുവന്നിരുന്നു ആ മുഖം.. കുഞ്ഞിനെ പൊതിഞ്ഞു പിടിച്ചിരിക്കുന്ന കൈയിൽ ഒളിപ്പിച്ച കത്തി പുറത്തേക്കെടുക്കുമ്പോൾ ഉള്ളിലെ ഭയത്തേക്കാളേറെ തന്റെ ജീവനെ ഇല്ലാതാക്കിയവനോടുള്ള പക മുന്നിട്ടുനിന്നു... ഡോർ തുറക്കാൻ കുനിഞ്ഞ വിഷ്ണുവിന്റെ മുതുകിൽ ആ കത്തി തുളഞ്ഞുകയറി.. "അആഹ്...." അവൻ പെട്ടെന്ന് തിരിഞ്ഞു നോക്കി... കയ്യിലേ കുട താഴെ വീണു പോയി.. മുതുകിൽ കൈ വച്ച് അവൻ കണ്ണിറുകെ ചിമ്മി.. കണ്ണ് തുറക്കുമ്പോൾ മഴവെള്ളം ഒലിച്ചിറങ്ങുന്ന കൺപീലികൾക്കിടയിലൂടെ അവൻ കണ്ടു.. രക്തം പുരണ്ട കത്തിയുമായി നിൽക്കുന്ന ആനിനെ.. അവന്റെ മുഖം ദേഷ്യം കൊണ്ട് കുറുകി.. ഒരു കൈ മടക്കി മുതുകിൽ അമർത്തി പിടിച്ച് മറുകൈ കൊണ്ട് ആനിന്റെ കഴുത്തിൽ പിടുത്തമിട്ടു. പെട്ടെന്നായത് കൊണ്ട് അവൾക്ക് ഒഴിഞ്ഞു മാറാൻ കഴിഞ്ഞില്ല... അവൾ കുതറിയെങ്കിലും അവന്റെ പിടുത്തത്തിൽ നിന്നും രക്ഷപ്പെടുന്നത് അത്ര എളുപ്പമായിരുന്നില്ല.. അവന്റെ പിടുത്തം മുറിക്കുന്നതിനനുസരിച്ച് അവൾ പിടഞ്ഞുകൊണ്ടിരുന്നു.. കുഞിനെ പിടിച്ച കൈ അയഞ്ഞു.

കുഞ്ഞ് താഴെക്കിറങ്ങി കരഞ്ഞുകൊണ്ട് വിഷ്ണുവിന്റെ കാലിൽ പിടിച്ച് വലിച്ചു.. ആനിന് ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് തോന്നി.. അവൾ തോറ്റുകൊടുക്കാൻ തയ്യാറായിരുന്നില്ല.. കത്തി ഒന്നുകൂടി മുറുകെ പിടിച്ച് അവന്റെ വയറിലൂടെ വരഞ്ഞു.. അവന്റെ പിടുത്തം ഒരു നിമിഷം അയഞ്ഞെങ്കിലും അവൻ വീണ്ടും കഴുത്തിലെ പിടിമുറുക്കി.. അവൾ വീണ്ടും വീണ്ടും വരഞ്ഞുകൊണ്ടിരുന്നു... ബോധം മറയുന്നത് വരെയും.. അവളുടെ കണ്ണുകൾ മുകളിലേക്ക് മറഞ്ഞു.. അവൾ പുറകിലേക്ക് പതിച്ചു.. മുഴുവനായി ബോധം മറയും മുന്നേ തന്നെ ആരോ താങ്ങി എടുക്കുന്നത് അവളറിഞ്ഞു.... ___❤️ "ആൻ... ആൻ....." അവൾ പതിയെ കണ്ണുതുറന്നു. മുന്നിൽ നിൽക്കുന്ന ആളെ കണ്ട് അവളുടെ നെറ്റി ചുളിഞ്ഞു.. പക്ഷെ നിമിഷങ്ങൾക്കകം ആ മുഖം അത്ഭുതം കൊണ്ടു വിടർന്നു.. വിശ്വസിക്കാൻ കഴിയാതെ അവൾ എഴുന്നേറ്റിരുന്നു ചുറ്റും നോക്കി.. സൈഡിൽ ഇട്ട ചെയറിലിരുന്ന് റൂബിക്സ് ക്യൂബ് കറക്കി കൊണ്ടിരിക്കുന്ന മോളെ കണ്ടപ്പോൾ അവൾക്ക് പകുതി ആശ്വാസം തോന്നി.. ഒറ്റനോട്ടത്തിൽ അതൊരു ആശുപത്രി ആണെന്നും മനസ്സിലായി..

അവൾ വീണ്ടും മുന്നിൽ നിൽക്കുന്നയാളെ നോക്കി.. കണ്ണുകളെ വിശ്വസിക്കണോ വേണ്ടയോ എന്നറിയുന്നില്ല.. "എന്താ ആൻ ഇങ്ങനെ നോക്കുന്നത്..? വിശ്വസിച്ചോളൂ.. ഞാൻ തന്നെയാ.. നമ്മൾ കുറച്ചുദിവസം ഒരുമിച്ച് ഉണ്ടായിരുന്നല്ലോ.. അപ്പോഴൊന്നും പരിചയപ്പെടാൻ സാധിച്ചിരുന്നില്ല. അങ്ങനെയൊരു സാഹചര്യത്തിലായിരുന്നില്ലഎന്നതാണ് ശരി.. ഞാൻ സ്റ്റീഫൻ.. താൻ എഴുന്നേൽക്കാൻ വേണ്ടി വെയിറ്റ് ചെയ്തതാ.. മോളെ ഒറ്റയ്ക്കാക്കിയിട്ട് പോകണ്ട എന്ന് കരുതി.. ഇന്ന് തന്നെ വീട്ടിലേക്ക് പോവാം.. വേറെ പ്രോബ്ലം ഒന്നുമില്ല.. ഞാൻ പോയി കഴിക്കാൻ എന്തെങ്കിലും വാങ്ങിയിട്ട് വരാം..," അയാൾ ഇളം ചിരിയോടെ പുറത്തേക്ക് നടന്നു.. ആനിന് ഇതെല്ലാം സ്വപ്നമാണോ എന്ന് തോന്നി.. അവൾക്ക് മണിക്കൂറുകൾ മുൻപ് വിഷ്ണു പറഞ്ഞ വാചകം ഓർമ്മയിലേക്ക് വന്നു.. ആ ദിവസം വിഷ്ണു അവിടെ എത്തുമ്പോഴേക്കും താൻ അവിടെ ഉണ്ടായിരുന്നില്ല എന്ന്.. അന്ന് ഹർഷേട്ടന്റെ രക്തം മാത്രമാണ് അവസാനമായി ഓർമ്മയിലുള്ളത്... ബോധമറ്റ് താഴെവീണ താൻ എഴുന്നേറ്റത് മറ്റൊരിടത്തായിരുന്നു..

അന്ന് തന്റെ മുന്നിലുണ്ടായിരുന്ന അതേ മുഖമാണ് ഇന്നും മയക്കത്തിൽ നിന്നും തെളിയുമ്പോൾ തന്റെ മുന്നിൽ വന്നു നിന്നത്.. വിശ്വസിക്കാൻ കഴിയുന്നില്ല.. പലപ്പോഴും ചിന്തിച്ചിട്ടുണ്ട് തന്റെ ജീവിതത്തിൽ യാതൊരു മുൻ പരിചയവും ഇല്ലാത്ത ഒരു വ്യക്തി കുറച്ചുദിവസമെങ്കിൽ കുറച്ചുദിവസം എന്തിനു തന്നെ സംരക്ഷിക്കണം ആരാണയാൾ എന്ന്.. അതിനുള്ള ഉത്തരവുമായി വന്നതാണോ ഇപ്പോൾ? വിഷ്ണു.. അവൻ മരിച്ചിട്ടുണ്ടാവുമോ.. ഇയാളെങ്ങനെ അവിടെയെത്തി.. "അമ്മേ...." അവൾ ഞെട്ടി കുഞ്ഞിന്റെ മുഖത്ത് നോക്കി.. "അമ്മേടെ ഉവ്വാവു മാറിയോ...?" ആൻ ചെറുതായൊന്ന് പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി... "ഇപ്പോ ഇവിടെയുണ്ടായിരുന്ന അങ്കിൾ ആരാ മോളേ..??" "അതോ. ആ അങ്കിലാ ഇന്നലെ ഓടി വന്ന് അമ്മയെ ഹോഷ്പിറ്റലിൽ കൊണ്ടൊന്നത്.. മോള് പേടിച്ചു പോയി. അമ്മ ഉറങ്ങിയ പോലെ കിന്നു. കൊരെ നേരം.. മോളെത്തര പ്രാശ്യം വിളിച്ചുന്നു അറിയോ..?? ആ അങ്കില് കാറിൽ അമ്മേ കിത്തി മോളേം കൊണ്ടൊന്നു.." "വിഷ്ണു...?" "ശീഫൻ അങ്കിൽ വിഷ്ണൂങ്കിലിനെ ഇടിച്ചിട്ടു. അപ്പോയെക്കും വേറൊരു വണ്ടി വന്നു.. കൊറേ അങ്കിലുമാരും.. എന്നിട്ട് വിഷ്ണു അങ്കിലിനെ കൊണ്ടോയി.. ശീഫൻ അങ്കിലിനെ ഇടിച്ചു.." അപ്പോഴേക്കും ഡോർ നോക്ക് ചെയ്ത് സ്റ്റീഫൻ അകത്തേക്ക് വന്നു.. "വിഷ്ണു എവിടെ??"

.നിങ്ങളെന്തിനാ എന്നെ പ്രോട്ടക്ട് ചെയ്യുന്നത്..? ആര് പറഞ്ഞിട്ടാ നിങ്ങളവിടെ എത്തിയത്?? " "പതിയെ പതിയെ ചോദിക്ക് ആൻ.. എല്ലാത്തിന്റെയും ഉത്തരം നിനക്ക് അധികം വൈകാതെ കിട്ടും.. ഇപ്പൊ ഈ ഫുഡ്‌ കഴിക്ക്.." അവൾ ദേഷ്യത്തോടെ മുഖം തിരിച്ചു "ആൻ.. ഞാൻ നിന്റെ ശത്രുവല്ല.." "വിഷ്ണു എവിടെ??" അവൻ ചിരിച്ചു.. "അവൻ രക്ഷപെട്ടു ആൻ.. അല്ലെങ്കിലും നിന്റെ കൈ കൊണ്ട് ചാവേണ്ടവനല്ല അവൻ.. അതിന് അവകാശം ഉള്ളയാൾ വരുന്നേയുള്ളൂ.." ഇനിയും ചോദിച്ചിട്ട് കാര്യമില്ല എന്ന് ആനിന് മനസ്സിലായപ്പോൾ അവൻ വാങ്ങിയിട്ട് വന്ന ഫുഡ് എടുത്ത് കുഞ്ഞിനു കൊടുക്കാൻ തുടങ്ങി.. അൽപസമയം കഴിഞ്ഞ് ഡോക്ടർ വന്നതും ഡിസ്ചാർജ് ചെയ്തു കൊടുത്തു.. അവർ വീട്ടിലേക്ക് മടങ്ങി.. അവൾ പിന്നീട് മറ്റൊന്നും ചോദിച്ചില്ല.. എല്ലാത്തിന് പുറകിലും ഓരോ കാരണങ്ങളുണ്ട് നമ്മളറിയാത്ത, നമുക്ക് മുന്നിൽ തെളിയാത്ത കാരണങ്ങൾ.. ____❤️ താൻ മരിക്കുന്നതിന് മുന്നേ അവനെ ഇല്ലാതാക്കണമെന്ന് മാത്രമേ ചിന്തിച്ചുള്ളൂ.. അതിനിടയിൽ തന്റെ കുഞ്ഞിനെ കുറിച്ച് മറന്നുപോയി.. താൻ ജയിലിൽ പോയിരുന്നെങ്കിൽ തന്റെ കുഞ്ഞ്..

അവൾ ബെഡിൽ കിടന്നുറങ്ങുന്ന കുഞ്ഞിനെ നോക്കി. വന്നിട്ട് മണിക്കൂറുകളായി... സ്റ്റീഫൻ ഫുഡ്‌ വാങ്ങാൻ പോയി.. ആൻ ചിന്തിച്ച് ചിന്തിച്ച് ഭ്രാന്തു പിടിക്കുന്ന അവസ്ഥയിലെത്തി. കുഞ്ഞിനെ ചേർത്ത് പിടിച്ച് അവളും പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു... _❤️ എഴുന്നേൽക്കുമ്പോൾ വൈകുന്നേരമായിരിക്കുന്നു.. സ്റ്റീഫൻ വാങ്ങിക്കൊണ്ടുവന്ന ഉച്ചഭക്ഷണം കെട്ടഴിക്കാതെ മേശക്കു മുകളിൽ വച്ചിട്ടുണ്ട്.. അടുത്ത് കുഞ്ഞില്ല എന്ന് മനസിലായതും ഉള്ളൊന്ന് പിടഞ്ഞു. അവൾ വേഗം എഴുന്നേറ്റ് പുറത്തേക്ക് പോയി.. ഗേറ്റിൽ തൂങ്ങി നിൽക്കുന്ന കുഞ്ഞും അവൾ വീഴാതിരിക്കാനെന്ന പോലെ അവൾക്കടുത്തായി നിൽക്കുന്ന സ്റ്റീഫനെയും കണ്ടപ്പോഴാണ് ആനിന് ആശ്വാസം തോന്നിയത്. അന്ന് സ്റ്റീഫൻ കാവലിനെന്ന പോലെ പുറത്ത് കിടക്കുമ്പോഴും ഉള്ളിൽ ഒരായിരം ചോദ്യങ്ങൾ ബാക്കിയായിരുന്നു.. വീണ്ടും ഒരു ദിവസം കൂടി കടന്നു പോയി.. ഇനിയും ആർക്കെന്നില്ലാതെ ഇവിടെ നിൽക്കുന്നതിൽ അർത്ഥമില്ല എന്ന് ചിന്തിച്ച് ആൻ ബാംഗ്ലൂരിലേക്കുള്ള ടിക്കറ്റ് ബുക്ക്‌ ചെയ്തു.. സ്റ്റീഫെൻ എത്ര പറഞ്ഞിട്ടും കേൾക്കാതെ അവൾ മടങ്ങാനൊരുങ്ങി.. കുഞ്ഞിന്റെ കയ്യും പിടിച്ച് മുറ്റത്തേക്കിറങ്ങിയതും അവിടെ ഒരു ഓട്ടോ വന്നു നിന്നു.. അതിൽ നിന്നും ഇറങ്ങി വരുന്നയാളെ കണ്ട് ആനിന്റെ മുഖം വിടർന്നു.. "ദേവേച്ചി..." "നീ എവിടെക്കാ..??"

ആനിന്റെ കയ്യിലേ ബാഗിലേക്ക് നോക്കികൊണ്ട് ദേവയാനി ചോദിച്ചു.. ആൻ തലതാഴ്ത്തി... "ചേച്ചി.. ഞാൻ പോകുവാ.." "അപ്പൊ ഹർഷിത്...?" അവൾ ഒന്നും മിണ്ടിയില്ല.. തിരിഞ്ഞ് പുറകിൽ നിൽക്കുന്ന സ്റ്റീഫനെ നോക്കി.. എല്ലാമറിയുന്ന മറ്റൊരാൾ കൂടെ അവിടെയുണ്ട് എന്നുള്ളത് കള്ളങ്ങൾ പറഞ്ഞ നാവിനു വിലങ്ങായി... "ചേച്ചി.. എനിക്കെങ്ങനെ പറയണമെന്നറിയില്ല.. ഞാൻ കള്ളം പറയണം എന്ന് ചിന്തിച്ചതല്ലാ.. പക്ഷെ പറ്റിപ്പോയി.. അത്.. ഹർഷേട്ടൻ ...... "ജീവിച്ചിരിപ്പില്ല അല്ലെ...." അവൾ ഞെട്ടി ദേവയാനിയുടെ മുഖത്തേക്ക് നോക്കി.. "എനിക്കറിയാം ആൻ... നീ ഇന്ന് കൂടി ഇവിടെ നിക്കണം.. ആരവ് ഇന്ന് വരും.. അത് വരെയെങ്കിലും..." അവൾക്കെന്ത് പറയണമെന്നറിയുന്നുണ്ടായിരുന്നില്ല... ആരെയും മനസിലാവുന്നില്ല.. ചുറ്റും എന്തൊക്കെയാ നടക്കുന്നത്? തന്നെ കബളിപ്പിക്കുകയാണോ? സ്നേഹിച്ച എല്ലാവരും പറ്റിക്കുകയാണോ? അവൾക്ക് വിഷമം തോന്നി.. പക്ഷേ ആ വാക്കുകളെ എതിർക്കാൻ കഴിയുന്നില്ല.. ചിന്തിച്ചു നിൽക്കുന്നവളെ ശ്രദ്ധിക്കാതെ ദേവയാനി കുഞ്ഞിനെയുമെടുത്ത് അകത്തേക്ക് നടന്നു..

പോകുന്ന വഴിക്ക് സ്റ്റീഫനെ ഒന്ന് ശ്രദ്ധിക്കാൻ പോലും കൂട്ടാക്കിയില്ല.. എന്നാൽ സ്റ്റീഫന്റെ ശ്രദ്ധ ദേവയാനിയിൽ മാത്രമായിരുന്നു.. പരിചിതമല്ലാത്ത ഒരു വ്യക്തി മുന്നിൽ നിന്നിട്ടും ദേവേച്ചി എന്തേ അതിനെക്കുറിച്ച് തന്നോട് ഒന്നും ചോദിച്ചില്ല എന്നതും ആൻ ചിന്തിക്കാതിരുന്നില്ല.. ദേവയാനി അന്ന് മുഴുവൻ അവളോടൊപ്പം ഉണ്ടായിരുന്നു.. പറഞ്ഞത് പോലെ ആ ദിവസം ആരവ് വന്നില്ല.. _____❤️ പിറ്റേന്ന് രാവിലെ ആനും ദേവയാനിയും അടുക്കളയിൽ പണിയിലായിരുന്നു.. സ്റ്റീഫെൻ മുറ്റത്ത് വർക്ഔട്ട് ചെയ്യുകയായിരുന്നു.. കുഞ്ഞ് അവിടെ തന്നെ ബോൾ തട്ടി കളിക്കുന്നുണ്ട്.. ആൻ ഇടയ്ക്കിടയ്ക്ക് അടുക്കള ജനലിലൂടെ കുഞ്ഞിനെ ശ്രദ്ധിച്ചുകൊണ്ടിരുന്നു.. പെട്ടെന്ന് അവളുടെ കൈയ്യിലെ ബോൾ ഗേറ്റ് കടന്ന് പുറത്തേക്ക് പോയി.. ദേവയാനിയോട് ചിരിച്ച് സംസാരിച്ചുകൊണ്ടിരുന്ന ആൻ ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ കണ്ട കാഴ്ച ഇതാണ്.. അവളുടെ മുഖത്തെ ചിരി പതിയെ മാഞ്ഞു.. മുറ്റത്തുനിന്നും പുറത്തെ കോൺക്രീറ്റ് റോഡിലേക്ക് പോകുന്ന കുഞ്ഞിനെ കാണേ അവളുടെ ഹൃദയം ക്രമാതീതമായി മിടിച്ചു... എന്തോ ആപത്ത് നടക്കാൻ പോകുന്ന പോലെ അവളുടെ ഉള്ളു പിടച്ചു.. കുഞ്ഞ് പുറത്തേക്കിറങ്ങിയതും അവൾക്ക് നേരെ പാഞ്ഞുവരുന്ന വണ്ടി കണ്ട് ആനിന്റെ കയ്യിലെ ഗ്ലാസ്‌ താഴെ വീണുടഞ്ഞു............ തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story