നിലാമഴ: ഭാഗം 26

Nilamazha

എഴുത്തുകാരി: അനു രാജീവ്

കുഞ്ഞ് പുറത്തേക്കിറങ്ങാൻ കാത്തു നിന്ന പോലെ എവിടെ നിന്നോ ചീറി വന്ന വണ്ടി കുഞ്ഞിന് തൊട്ടുമുന്നിലായി നിന്നു.. അതിൽ നിന്നും ഒരാൾ പുറത്തിറങ്ങി.. നിലത്തുവീണ ബോൾ എടുക്കാൻ കുനിഞ്ഞ കുഞ്ഞ് മുന്നിൽ രണ്ടു കാലുകൾ കണ്ട് പതിയെ മുകളിലേക്ക് നോക്കി.. അവളുടെ നോട്ടം മുകളിലേക്കെത്തുമ്പോഴേക്കും അയാൾ നിലത്തു നിന്നും കുഞ്ഞിനെ എടുത്ത് വണ്ടിയിലേക്കിട്ടു.. അവൾ ഉച്ചത്തിൽ വിളിച്ചുകൂവിയെങ്കിലും നിമിഷനേരംകൊണ്ട് വണ്ടി അവിടെ നിന്നും പാഞ്ഞുപോയി.. സ്റ്റീഫൻ ഗേറ്റിനു പുറത്തേക്കെത്തുമ്പോഴേക്കും കാർ കാണാമറയത്തെത്തിയിരുന്നു... കുഞ്ഞിന്റെ കരച്ചിൽ കേട്ടാണ് സ്റ്റീഫൻ കുഞ്ഞ് പുറത്ത് പോയത് അറിഞ്ഞതുതന്നെ.. അവൻ എത്തുമ്പോഴേക്കും കുഞ്ഞിനെ എടുത്ത് ആ കാർ പാഞ്ഞിരുന്നു.. ടെൻഷനോടെ വണ്ടിയുടെ കീ എടുക്കാൻ വന്ന സ്റ്റീഫൻ കാണുന്നത് കണ്ണുനിറച്ച് തറഞ്ഞു നിൽക്കുന്ന ആനിനെയാണ്.. അവളോട് എന്തുപറയണമെന്നറിയാതെ സ്റ്റീഫൻ വേഗം അകത്തേക്കോടി വണ്ടിയുടെ കീ എടുത്തിട്ട് വന്നു.. "ആൻ കേറ്... " അടുത്തുനിൽക്കുന്ന ദേവയാനിയെ ഒന്ന് നോക്കി ദൃതിയിൽ ആനിനോട് പറഞ്ഞുകൊണ്ട് സ്റ്റീഫൻ കാറിലേക്ക് കയറി.. ദേവയാനി വേഗം വേറെ ഡോർ തുറന്ന് ആനിനെ അകത്തേക്ക് കയറ്റി..

അവിടെനിന്നും വണ്ടി പരമാവധി വേഗത്തിൽ പുറത്തേക്ക് പാഞ്ഞു.. "സ്റ്റീഫൻ എന്റെ കുഞ്ഞ്..." "പേടിക്കണ്ട ആൻ.. ഒന്നും സംഭവിക്കില്ല..." സ്റ്റീഫൻ ഫോണെടുത്ത് ആരെയോ വിളിക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു.. അവർ എടുക്കാതെയായപ്പോൾ മെസ്സേജ് അയച്ചതിനു ശേഷം വീണ്ടും ഡ്രൈവിങ്ങിൽ ശ്രദ്ധകേന്ദ്രീകരിച്ചു... ആൻ കരഞ്ഞു കൊണ്ട് കൈകൂപ്പി മനസ്സിൽ ദൈവത്തെ വിളിച്ചുകൊണ്ടിരുന്നു.. ഇതിനും മാത്രം അനുഭവിക്കാൻ മാത്രം പാപമൊന്നും ഞാൻ ചെയ്തിട്ടില്ലല്ലോ ദൈവമേ.. എന്നിട്ടും എനിക്ക് മാത്രം... അവൾ ഏങ്ങി കരഞ്ഞു.. പെട്ടെന്ന് സ്റ്റീഫന്റെ മൊബൈലിലേക്ക് ഒരു മെസ്സേജ് വന്നു.. " ആൻ. അതെന്താണെന്ന് നോക്ക്.. " അവൾ ഫോൺ എടുത്ത് വാട്സ്ആപ്പ് തുറന്നു നോക്കി... ഒരു ലൊക്കേഷനായിരുന്നു വന്നിരിക്കുന്നത്... ആ കോൺടാക്ട് നെയിം കണ്ട് അവൾ നെറ്റിചുളിച്ചു.. "ഒരു ലൊക്കേഷനാണ്.. സഖാവ് എന്ന നമ്പറിൽ നിന്ന്..." "ലൊക്കേഷൻ open ചെയ്യ്." ആ മെസ്സേജിൽ തൊട്ടതും ചെയ്തതും അത് നേരെ മാപ്പിലേക്ക് കണക്ട്ടായി.. ആനിന് അല്പം ധൈര്യം തോന്നി.. അവൾ കണ്ണുതുടച്ച് നേരെയിരുന്നു..

അവൾ ഫോൺ നോക്കി വഴി പറഞ്ഞു കൊടുക്കുന്നതിനനുസരിച്ച് സ്റ്റീഫൻ വണ്ടിയോടിച്ചു.. "സ്റ്റീഫൻ.. കുഞ്ഞുള്ളിടത്തേക്ക് തന്നെയാണോ പോവുന്നത്??" "അതെ.. ആൻ.. ആ ലൊക്കേഷനിൽ മോളുണ്ടാവും.." "അത് ഇയാൾക്കെങ്ങനെയറിയാം.. ആരാ ഈ സഖാവ്.." "നീ ഇപ്പോ കാണും ആൻ..." മറ്റൊന്നും പറയാതെ സ്റ്റീഫൻ വണ്ടിയുടെ വേഗത കൂട്ടി.. ആൻ വീണ്ടും ആ മെസ്സേജ്ലേക്ക് തന്നെ നോക്കി.. ഒരു ചെങ്കൊടിയുടെ ചിത്രമാണ് പ്രൊഫൈൽ പിക്ചർ ആയി വെച്ചിരിക്കുന്നത്.. കുഞ്ഞിനേക്കാളേറെ മനസിനെ മറ്റെന്തോ അലട്ടും പോലെ.. എന്തോ ഒരു വിങ്ങൽ.. കണ്ണുകൾ വീണ്ടും നിറഞ്ഞു വരുന്നു.. വണ്ടി നിന്നതറിഞ്ഞ് അവൾ ചുറ്റും നോക്കി... ആ കണ്ണുകൾ വിടർന്നു. മുഖത്ത് അത്ഭുതമായിരുന്നു.. "ഇറങ് ആൻ..." സ്റ്റീഫൻ പറയുന്നത് കേട്ട് ആൻ ഞെട്ടി.. അവളുടെ മുഖത്തെ ഭാവം കണ്ട് സ്റ്റീഫന് ഒന്നും മനസ്സിലായില്ല.. എന്നാൽ ഒരു ചെങ്കൽചൂളയിലാണ് താൻ ഇപ്പോൾ നിൽക്കുന്നത് എന്നത് അവളിൽ അത്ഭുതം നിറച്ചു.. സ്വപ്നത്തിൽ കണ്ട അതേ സ്ഥലം... അവൾക്കുള്ളിലൂടെ അവ്യക്തമായ ആ സ്വപ്നം കടന്നു വന്നു... കയ്യിൽ പിടിച്ച കത്തി ഒരാളുടെ വയറിൽ കുത്തിയിറക്കുന്നത്.. വായിൽ നിന്നും ചോരയൊലിപ്പിച്ചു നിൽക്കുന്ന വ്യക്തി.. ഹർഷേട്ടാ.. എന്ന വിളി.. "ആൻ വാ..."

സ്റ്റീഫൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ച് മുന്നോട്ട് നടന്നു.. ആ വലിയ സ്ഥലത്ത് നാല് ഭാഗത്തായി ഒരുക്കിയിരിക്കുന്ന ചെങ്കൽ കൂനകൾ.. അതിൽ ചിലതിൽ ഇപ്പോഴും തീ എരിയുന്നുണ്ട്.. അവളുടെ ഹൃദയം ക്രമതീതമായി മിടിക്കാൻ തുടങ്ങി.. പെട്ടെന്ന് കുഞ്ഞിന്റെ ശബ്ദം കേട്ട് അവൾ ചിന്തകളിൽ നിന്നും മുക്തമായി.. കുഞ്ഞിന്റെ കരച്ചിൽ കേൾക്കുന്ന ഭാഗത്തേക്ക് അവളുടെ കാലുകൾ വേഗത്തിൽ ചലിച്ചു. "മോളേ...... മോളേ................." ആൻ ഉച്ചത്തിൽ വിളിച്ചു.. "മ്മാ....." ആൻ നിൽക്കുന്ന ഭാഗത്ത് കല്ലിനു പുറകിൽ ഒളിച്ചിരുന്ന കുഞ്ഞ് ആനിന്റെ ശബ്ദം കേട്ട് പുറത്തേക്ക് വന്നു. ആൻ ഓടി പോയി നച്ചൂട്ടിയെ വാരിപ്പുണർന്നു.. മുഖം മുഴുവൻ ചുംബനങ്ങൾ കൊണ്ട് മൂടി.. "അമ്മ.. കയ്യണ്ട.. അച്ഛ വന്നൂലോ മോളേ രശ്ശിക്കാൻ.. സൂപ്പർഹീറോ പോലെ..." കുഞ്ഞ് കൈകൊട്ടി കൊണ്ട് പറയുന്നത് കേട്ട് ആൻ നെറ്റിചുളിച്ചു.. "എന്നിട്ട് അച്ഛ എവിടെ??" "ദേ.... അവിടെ.... " കുഞ്ഞ് ചൂണ്ടിയ ഭാഗത്തേക്ക് സ്റ്റീഫൻ ഓടി.. ആനിന്റെ കാലുകളും സ്റ്റീഫന് പുറകെ ചലിച്ചു.. കുഞ്ഞിന്റെ വാക്കുകളിലൂടെ ആൻ ആരവിനെ പ്രതീക്ഷിച്ചു.. അത് തന്നെ സംഭവിച്ചു.. അവർ അങ്ങോട്ട് ചെല്ലുമ്പോൾ കണ്ടത് അവിടെ മൂന്നാല് പേർ ചേർന്ന് ആരവിനെ പിടിച്ചു വച്ചതായിരുന്നു..

എന്നാൽ തൽക്ഷണം കൊണ്ട് ആരവ് പിടിച്ചവന്റെ കൈ തിരിച്ചൊടിച്ചു.. ഒരുത്തനെ കാലിൽ ചവിട്ടി വീഴ്ത്തിയിട്ട് ബാക്കി രണ്ടു പേരെ കഴുത്തിൽ കുത്തി പിടിച്ചു പുറകിലേക്ക് തള്ളിയിട്ടു.. സ്റ്റീഫൻ വേഗം പോയി വീണുകിടന്നവരിൽ ഒരുത്തനെ ചവിട്ടി മെതിച്ചു... കുഞ്ഞ് ഓരോന്നും ആസ്വദിച്ചു കാണുന്നത് ആൻ അസ്വസ്ഥതയോടെ നോക്കി... ഒപ്പം ആരവിനോ സ്റ്റീഫനോ എന്തെങ്കിലും സംഭവിക്കുമോ എന്ന ഭയവും.. അവളുടെ മനസ്സ് പോലെ ആകാശവും കറുത്തു.. ഇരുണ്ടുകൂടിയ മേഘക്കെട്ടുകൾക്കിടയിലൂടെ നിമിഷ നേരത്തിനുള്ളിൽ ആദ്യത്തെ മഴതുള്ളി മണ്ണിലേക്ക് പതിച്ചു... ആൻ മുഖം ചുളിച്ച് മുകളിലേക്ക് നോക്കി.. തുള്ളിക്കൊരു കുടം കണക്കെ ആർത്തു പെയ്ത് കൊണ്ട് മഴ തന്റെ ഭാഗം വെളിപ്പെടുത്തി.. തിരിച്ചു കാറിലേക്ക് പോവാൻ മനസ്സ് സമ്മതിച്ചില്ല.. മറഞ്ഞു നിൽക്കാൻ ഒരിടം പോലുമില്ലാതെ അവൾ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് പിടിച്ചു. കണ്ണുകൾ വീണ്ടും ഇരുവരിലേക്കുമായി... മറുഭാഗത്തുള്ളവരെ അടിച്ചു വീഴ്ത്തുന്തോറും എവിടെ നിന്നറിയാതെ ഓരോരുത്തരായി വന്നുകൊണ്ടേയിരുന്നു... പെട്ടെന്ന് ഒരുത്തൻ തിരിഞ്ഞു നിൽക്കുന്ന ആരവിന് നേരെ കത്തി വീശി.. ആനിന്റെ ഉള്ളു പിടഞ്ഞു.. പക്ഷെ വാക്കുകൾ പുറത്തേക്ക് വന്നില്ല.. പെട്ടെന്ന് സ്റ്റീഫൻ ആരവിനെ തള്ളി മാറ്റി..

എന്നാൽ വീശിയ വേഗത്തിൽ അവന്റെ വെള്ള ഷർട്ടിനു പുറകിലൂടെ നീളത്തിൽ കുറുകെ കീറി കൊണ്ട് ആ വാൾ കടന്നു പോയി.. ആൻ ഭയത്തോടെ അത് നോക്കി നിന്നു.. അവളുടെ ഉള്ളിലൂടെ ഒരാന്തൽ കടന്നു പോയി... എന്നാൽ പതിയെ അവളുടെ മുഖത്തെ ഭാവം മാറി വന്നു... മുഖത്തെ ഭയം അമ്പരപ്പിലേക്ക് മാറി.. കണ്ണുകളെ വിശ്വസിക്കാൻ കഴിയാതെ തറഞ്ഞു നിന്നു ആ പെണ്ണ്. ഓർമകളിലേക്ക് ആ ദിവസം കടന്നു വന്നു.. പരസ്പരം പ്രണയിച്ച, പ്രാണൻ പങ്കു വച്ച ആ ദിനം... ___❤️ അന്ന് ഹോസ്റ്റലിൽ നിന്നും വീട്ടിലേക്ക് പോവുമ്പോൾ കണ്ടത് ആരോ കൊല്ലാൻ ശ്രമിച്ച് നെറ്റിയിൽ മുറിവുമായിരിക്കുന്ന ഹർഷനെയായിരുന്നു.. പിറ്റേ ദിവസം വിവാഹം വച്ച് ഇങ്ങനെ ഒരു അവസ്ഥ വന്നതിൽ ആനിനായിരുന്നു വിഷമം കൂടുതൽ. "അന്നമ്മോ..." "ഹ്മ്മ്....." രാത്രിയിലേക്കുള്ള ചപ്പാത്തിക്ക് മാവ് കുഴക്കുന്നതിനിടയിൽ അവൾ വെറുതെ ഒന്ന് മൂളി.. ഉള്ളിൽ പരിഭവമായിരുന്നു... ഇങ്ങനെയൊന്ന് നടന്നിട്ട് ഒരാഴ്ചയാവാറായി. എന്നിട്ടും തോന്നോടൊന്ന് പറയാൻ തോന്നിയില്ല.. അവൾ ചിന്തിച്ചു...

"അന്നമ്മോ.. പിണങ്ങല്ലേടി. ഞാനിത് വിളിച്ച് പറഞ്ഞിരുന്നതാണേൽ ബാക്കി മൂന്ന് എക്സാമും കളഞ്ഞ് നീ ഇങ്ങോട്ട് ഓടി വന്നേനെ.. നമ്മടെ ഒരു വർഷം വെറുതെ പോവില്ലേ.. " അവൾ ഒന്നും മിണ്ടിയില്ല.. അവൾക്കറിയാമായിരുന്നു അവൻ പറയുന്നതാണ് ശരി എന്ന്.. ഇത് നേരത്തെ അറിഞ്ഞതാണെങ്കിൽ പരീക്ഷയെല്ലാം മറന്ന് അന്ന് തന്നെ ഇങ്ങോട്ട് തിരിച്ചിട്ടുണ്ടാവും.. അവൾ മൈൻഡ് ചെയ്യുന്നില്ല എന്ന് കണ്ട് ഹർഷിത് ഇരുകൈകളും അവളുടെ ഇടുപ്പിലൂടെ ചുറ്റിപിടിച്ചു.. ഷർട്ട്‌ ഇടാതെ നിൽക്കുന്ന അവന്റെ ശരീരത്തെ ചൂട് അവളിലേക്ക് പടർന്നു.. ആൻ ഒന്ന് പിടഞ്ഞു. "ഹർഷേട്ടാ... " അവളുടെ ശബ്ദം നേർത്തു.. പതിവ് പരിഭ്രമം.. ആ കുഞ്ഞ് ശരീരം വിറച്ചു.. "ഒന്ന് തൊട്ടാൽ തീരുമല്ലോ പെണ്ണേ..നിന്റെ ദേഷ്യവും സങ്കടവുമൊക്കെ.. " അവളുടെ ചെവിയിൽ ചുണ്ട് ചേർത്ത് പറഞ്ഞുകൊണ്ട് അവൻ പതിയെ ചെവിയിൽ ചുംബിച്ചു.. അവൾ ഒന്ന് കുതറി. "ആഹ്.. അടങ്ങി നിക്ക് പെണ്ണേ.. പുറത്ത് നല്ല മാർക്കാ വീണിരിക്കുന്നെ..". ആ വാക്കുകൾ അവളുടെ മുഖത്തെ തെളിച്ചമില്ലാതാക്കി.. അവൾ അവന്റെ കൈക്കുള്ളിൽ നിന്ന് തന്നെ അവന് നേരെ തിരിഞ്ഞു... അവളുടെ വാടിയ മുഖം കണ്ട് അവൻ ചിരിച്ചു. മുന്നോട്ടാഞ്ഞ് ആ ചുണ്ടിൽ മൃദുവായി ചുംബിച്ചു.. അവൾ അവനെ പുറകിലേക്ക് തള്ളി മാറ്റി തിരിച്ചു നിർത്തി..

പുറത്ത് നീളത്തിൽ ചുവന്ന പാട്.. ദശയിൽ ആഴത്തിലുള്ള മുറിവിൽ ഇപ്പോഴും ചോരയുടെ അടയാളം ബാക്കിയാണ്.. അതിനിടയിലായി സ്റ്റിച്ചും.. അവളുടെ കൈ അവന്റെ പുറത്തുകൂടെ ഇഴഞ്ഞു നീങ്ങി. "എടി ആ ഗോതമ്പു പൊടി മുഴുവൻ മുറിവിലാക്കല്ലേ ട്ടൊ.. 6 സ്റ്റിച്ചാ.. " അവൾ അവന്റെ പുറത്ത് ചുണ്ടു ചേർത്തു. ഒപ്പം കണ്ണുനീരും ആ മുറിവിൽ പടർന്നു... അവൻ ചിരിച്ചു കൊണ്ട് അവൾക്ക് നേരെ തിരിഞ്ഞു.. "എന്റെ അന്നമ്മോ.. നീ ഇങ്ങനെ തൊട്ടതിനും പിടിച്ചതിനുമൊക്കെ കണ്ണ് നിറക്കല്ലേ.. Be bold.. ഹാ..... ഇപ്പൊ എന്റെ ഫസ്റ്റ് നൈറ്റ്‌ കുളമാകുമോ എന്ന പേടിയെ ഉള്ളു.. അതിന് പിന്നെ പുറത്തിന് വലിയ റോളില്ലാത്തത് കൊണ്ട് കുഴപ്പമില്ലാലെടീ.." "ശെയ്.. പോ അവിടന്ന്..." അവൾ അവനെ തള്ളി മാറ്റി തൊലി കളഞ്ഞ് മുറിച്ചുവച്ച ഉരുളകിഴങ്ങെടുത്തു കുക്കറിൽ ഇട്ടു.. അവൻ വീണ്ടും അവൾക്കടുത്തേക്ക് പോയി.. "അന്നമ്മോ.. നമുക്കിന്ന് ഒരു റിഹേഴ്സൽ നോക്കാം. അപ്പൊ പിന്നെ നാളെ ഈസി ആവുമല്ലോ..??" ഹർഷിത് കള്ളച്ചിരിയോടെ പറയുന്നത് കേട്ട് അവൾ ഇടുപ്പിൽ കൈകുത്തി അവനെ ഒന്നിരുത്തി നോക്കി..

അവനവളെ ഇടുപ്പിൽ കൈ വച്ച് അവനോട് വലിച്ചടുപ്പിച്ചു.. "വല്ലാത്ത ആഗ്രഹം തോന്നുന്നു പെണ്ണേ.. നിന്റെ മേലെ..." അവളുടെ മുഖം നാണത്താൽ ചുവന്നു.. ആ ചുവപ്പിനോടും അവന് പ്രണയം തോന്നി.. അടങ്ങാത്ത പ്രണയം..❤️ വിയർപ്പിൽ കുളിച്ച് തന്റെയടുത്തു കമഴ്ന്നു കിടക്കുന്നവന്റെ പുറത്തിലൂടെ കൈ വിരലുകൾ പതിയെ തഴുകുമ്പോൾ അവളുടെ കണ്ണിൽ വേദനയായിരുന്നു.. ഒരുപക്ഷെ, അവനനുഭവിച്ചതിലും കൂടുതൽ വേദന... ___❤️ പെട്ടെന്നുള്ള ഇടിമുഴക്കത്തിൽ അവളൊന്ന് ഞെട്ടി.. കണ്ണുകൾ ചുറ്റും പരതി.. പെരുമഴയത്ത് കാഴ്ചകൾ വ്യക്തമാകാത്ത പോലെ.. അവൾ കുഞ്ഞിനെ മാറോട് ചേർത്ത് മുന്നോട്ട് നടന്നു.. നിലത്താരൊക്കെയോ വീണു കിടക്കുന്നുണ്ട്..

ആ വെള്ള ഷർട്ട് അവളുടെ കണ്ണിലുടക്കി.. ചെങ്കൽ കൂനയിൽ മുഖം താഴ്ത്തി നിൽക്കുകയായിരുന്നു അവൻ.. അവന്റെ ഷർട്ടിൽ കുത്തി പിടിച്ച് മറ്റാരോ മുന്നിലുണ്ട്.. അവളുടെ കണ്ണുകൾ അവനെ മാത്രമേ കണ്ടുള്ളു.. നീണ്ട മുടിയിഴകളിലൂടെ ഒലിച്ചിറങ്ങുന്ന മഴ വെള്ളത്തോടൊപ്പം അവന്റെ വായിൽ നിന്നും കട്ട ചോരയും ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.. അവൾ കണ്ണിമാവേട്ടാതെ ആ മുഖത്തേക്ക് തന്നെ ഉറ്റുനോക്കി.. ഉറപ്പിക്കാനെന്ന പോലെ.. ഒരു നിമിഷം നോട്ടം മാറിയപ്പോൾ കണ്ണിലുടക്കിയത് മുന്നിൽ നിൽക്കുന്നവന്റെ കയ്യിലെ കത്തിയാണ്.. ആ കത്തി ഒന്ന് പുറകോട്ട് നീങ്ങി അതിവേഗത്തിൽ മുന്നിലേക്കാഞ്ഞു.. "ഹർഷേട്ടാ........." അവൾ ഇരുകണ്ണുകളും ചിമ്മി ഉറക്കെ കരഞ്ഞു. ആ പ്രകൃതിയെ തന്നെ സ്തംഭിപ്പിച്ചു കൊണ്ട് അവളുടെ ശബ്ദം അവിടെ പ്രതിധ്വനിച്ചു........... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story