നിലാമഴ: ഭാഗം 28

Nilamazha

എഴുത്തുകാരി: അനു രാജീവ്

ദേവയുടെ കയ്യും കാലും തളരുന്നുണ്ടായിരുന്നു.. മറക്കാൻ ശ്രമിച്ചിട്ടും ആ കാഴ്ച്ച തന്നെ വീണ്ടും വീണ്ടും മുന്നിൽ തെളിഞ്ഞു. സ്റ്റീഫൻ ബെഡിൽ കിടക്കുന്ന ആനിലേക്ക് നോക്കി... ഉണരുമ്പോഴുള്ള പ്രതികരണത്തെ കുറിച്ചോർത്ത് അവന് ഭയം തോന്നി.. കട്ടിലിനു താഴെ നിലത്ത് കരഞ്ഞു തളർന്നിരിക്കുന്ന ദേവയെ കണ്ട് അവന്റെ കണ്ണുകളും നിറഞ്ഞു.. "എടോ.. താൻ ഇങ്ങനെ ടെൻഷനാവല്ലേ... രണ്ടാൾക്കും ഒന്നും സംഭവിച്ചിട്ടുണ്ടാവില്ല.." അവൾ നിഷേധാർത്ഥത്തിൽ തലയാട്ടി.. എല്ലാം നഷ്ട്ടമായവളെ പോലെ.. അല്പ സമയത്തിനകം അവളുടെ കയ്യിലേ ഹർഷിന്റെ ഫോണിലേക്ക് കാൾ വന്നു.. അവൾ വെപ്രാളത്തോടെ കാൾ അറ്റന്റ് ചെയ്തു.. "അച്ഛാ......" "മോളേ... " "അച്ഛാ.. ആരവ്... " ഒരു നിമിഷത്തെ നിശബ്ദതക്ക് ശേഷം ആ വാക്കുകൾ അവളുടെ കർണപടത്തിൽ അലയടിച്ചു.. അവളുടെ കയ്യിൽ നിന്നും ഫോൺ നിലത്തു വീണു ചിതറി.. തന്റെ സ്വപ്നങ്ങൾ കണക്കെ... "എടോ.. എന്ത് പറ്റി?" സ്റ്റീഫൻ വെപ്രാളത്തോടെ അവൾക്കരികിൽ വന്നിരുന്നു...

മറുപടി പറയാതെ തളർന്ന മട്ടിൽ കരഞ്ഞുകൊണ്ടിരിക്കുന്ന ദേവയെ കണ്ട് അവന് വെപ്രാളം തോന്നി.. " ഒന്നു പറയടോ.. എന്തുപറ്റി?? " അവൾ അനങ്ങിയില്ല.. നിലത്തു വീണു കിടന്ന ഫോണെടുത്ത് അവൻ വന്ന നമ്പറിലേക്ക് കോൾ ചെയ്തു. വിജയച്ഛനിൽ നിന്നും കേട്ട വാക്കുകൾ അവന്റെയുള്ളിൽ വിഷമമുണ്ടാക്കി.. ആരവിനെക്കുറിച്ച് കേട്ടറിവു മാത്രമേ ഉള്ളുവെങ്കിലും ഹർഷിന് അവൻ എത്രമാത്രം പ്രിയപ്പെട്ടവനാണ് എന്ന് സ്റ്റീഫനും അറിയാമായിരുന്നു... കൂടെ ഹർഷ് രക്ഷപെടാൻ സാധ്യതയില്ലെന്നും, അതുകൊണ്ട് ആനിനോട് അവനിങ്ങനെ മരണം കാത്തു കിടക്കുന്ന കാര്യം പറയേണ്ട എന്നും വിജയച്ഛൻ നിർദ്ദേശിച്ചു.. അവൻ മരവിച്ച മനസ്സോടെ ഫോൺ കട്ട്‌ ചെയ്ത് തിരിയുമ്പോൾ കണ്ടത് ദേവയാനി കണ്ണ് തുടച്ച് എഴുന്നേറ്റ് പുറത്തേക്ക് പോവുന്നതാണ്..... ആ പഴയ വീടിന്റെ ചുമരിൽ അടിച്ച ആണിയിൽ തൂക്കിയിരുന്ന സ്കൂട്ടിയുടെ കീയും എടുത്ത് അവൾ വേഗത്തിൽ പുറത്തേക്ക് നടന്നു.. "ഡോ.. എങ്ങോട്ടാ...?" "ആരവിന്റടുത്തേക്ക്...." ഉത്തരം ഒരു വാക്കിൽ ചുരുക്കി മറുപടിക്ക് കാത്തു നിൽക്കാതെ അവൾ മുറ്റത്ത് കിടന്നിരുന്ന സ്കൂട്ടിയും എടുത്ത് അവിടെനിന്നും പോയി.. സ്റ്റീഫൻ എന്ത് ചെയ്യണമെന്നറിയാതെ നിന്നു..

പ്രതീക്ഷിച്ചതു പോലെ തന്നെ ആൻ എഴുന്നേറ്റത് അലറി കരഞ്ഞു കൊണ്ടാണ്.. അവളുടെ കണ്ണിൽ ആ കാഴ്ച മാത്രമേ ഉണ്ടായിരുന്നുള്ളൂ.. തന്റെ പ്രിയപ്പെട്ടവന്റെ കഴുത്തിൽ വരഞ്ഞു നീങ്ങിയ ആയുധത്തിന്റെ ചിത്രം... അവളോട് ഹർഷ് മരണത്തോട് മല്ലടിച്ചു കിടക്കുകയാണ് എന്ന് പറയാൻ സ്റ്റീഫന് തോന്നിയില്ല.. എന്നായാലും ആൻ അത് ഉൾക്കൊണ്ടെ മതിയാവൂ എന്ന ബോധ്യത്താൽ ആരവിന്റെ മൃതശരീരം ഹർഷിന്റേതെന്ന പോലെ സ്റ്റീഫൻ ആനിന് കാണിച്ചുകൊടുത്തു.. അത് കണ്ടുനിൽക്കാനാകാതെ ആൻ മയങ്ങി വീണു.. അവളെ ഹോസ്പിറ്റലിനകത്തേക്ക് കൊണ്ടു വരുമ്പോഴേക്കും വിജയച്ഛൻ അവിടെ കരഞ്ഞു തളർന്നിരിപ്പുണ്ടായിരുന്നു... ദേവയാനി പോയത് ആശുപത്രിയിലേക്കായിരുന്നില്ല, മരണത്തെ തേടിയായിരുന്നു എന്നവന് മനസിലായത്, അവളെ ഹോസ്പിറ്റലിൽ അത്യാസനനിലയിൽ പ്രവേശിപ്പിച്ചതറിഞ്ഞപ്പോഴാണ്.. ഹർഷിത് ജീവനോടെ ഉണ്ടെന്നറിഞ്ഞാൽ കൊല്ലാൻ ശ്രമിച്ചവർ വീണ്ടും വരുമോ എന്ന് വിജയച്ഛൻ ഭയന്നു..

അതുകൊണ്ട് അവനെ അവിടെ നിന്നും മറ്റൊരു ഹോസ്പിറ്റലിലേക്ക് മാറ്റി.. ആരവ് നാട്ടിലെത്തിയത് മറ്റാരും അറിഞ്ഞിരുന്നില്ല.. അതുകൊണ്ട് മരിച്ചത് ഹർഷിത് തന്നെയാണ് എന്ന നിലയിൽ ദേവരാജിനെ വിവരങ്ങൾ അറിയിച്ചു.. അവനോട് വെറുപ്പായിരുന്ന അയാൾ ആ മൃതദേഹം ഒരു തവണ കാണാൻ പോലും വന്നില്ല. ഇങ്ങനെയൊരു മരണം നാട്ടുകാരെ അറിയിക്കാതെ ആ ആശുപത്രിയിലുള്ളവരിലേക്ക് മാത്രമായി ഒതുക്കി.. അത് ഏറ്റു വാങ്ങിയതും ദഹിപ്പിച്ചതുമെല്ലാം വിജയച്ഛനായിരുന്നു. ട്രിപ്പ്‌ ഇട്ടതിനു ശേഷം ആനിനെ ഡിസ്ചാർജ് ചെയ്തു.. അപ്പോഴും മയക്കം തെളിഞ്ഞിരുന്നില്ല... മനസ്സ് തളർന്നു പോയിരുന്നു.. ഹൃദയമിടിപ്പുള്ള ഒരു ജഡം കണക്കെ.. ബാക്കിയുള്ളവർ ഹർഷിന്റെ ജീവൻ തിരിച്ചു കിട്ടാനുള്ള പ്രാർത്ഥനയിലായിരുന്നു പിന്നീട്.... ഒപ്പം ദേവയാനിയുടെയും.. ആനിനു മുന്നിൽ പോയാൽ താൻ സത്യങ്ങൾ പറയുമോ എന്ന ഭയത്താൽ സ്റ്റീഫൻ മനഃപൂർവം അവളുടെ ചോദ്യങ്ങളെ ചെവികൊണ്ടില്ല... ദിവസങ്ങൾ കടന്നു പോയി..

പതിയെ ഹർഷിന്റെ നില മെച്ചപ്പെടുന്നുണ്ടെന്നറിഞ്ഞപ്പോൾ നല്ലൊരു വാർത്തയുമായി അവൾക്കു മുന്നിൽ പോകാം എല്ലാം ഏറ്റു പറയാം എന്ന ചിന്തയിലായിരുന്നു സ്റ്റീഫൻ.. എന്നാൽ അതിനു മുന്നേ ആൻ അവിടെ നിന്നും രക്ഷപ്പെട്ടു.. അവളെ ഒരുപാട് അന്വേഷിച്ചെങ്കിലും കണ്ടുകിട്ടിയില്ല.. ഏതാണ്ട് നാലു മാസത്തെ ചികിത്സയ്ക്ക് ശേഷമാണ് ഹർഷിത് കണ്ണുതുറന്നത്.. അപ്പോഴും എഴുന്നേൽക്കാനോ സംസാരിക്കാനോ സാധിച്ചിരുന്നില്ല... ഒരുപാട് നാളത്തെ ചികിത്സയ്ക്ക് ശേഷവും മാറ്റമൊന്നുമില്ലാതെ വന്നപ്പോൾ അവനെ പ്രശസ്തമായൊരു ഗുരു മന്ദിരത്തിലേക്ക് മാറ്റി... ആയുർവേദ ചികിത്സയ്ക്ക് വിധേയനാക്കി.. മൂന്നു വർഷം വേണ്ടിവന്നു അവന്റെ ശരീരത്തെ പഴയ നിലയിലേക്ക് കൊണ്ടുവരാൻ.. പക്ഷേ ഓർമ്മകൾ മുഴുവനായും ഇല്ലാതായിരുന്നു.. ഒരാളെയും തിരിച്ചറിയാത്ത അവസ്ഥ.. പിന്നീട് അതിനുള്ള പ്രത്യേക ചികിത്സകൾ.. വീണ്ടും ഒരു വർഷം കൂടി വേണ്ടി വന്നു അവന് തന്റെ ഭൂതകാലം ഓർമയിലേക്ക് കൊണ്ടുവരാൻ... എന്നാൽ ആ ഓർമ്മകളിൽ ഒന്നും ആൻമരിയ ഉണ്ടായിരുന്നില്ല...

വിജയച്ഛനും ദേവയാനിയും കൂടെ നിന്ന് അവനെ പരിപാലിച്ചു.. ഒപ്പം അവളുടെ ഓർമ്മകൾ തിരികെ കൊണ്ടുവരാൻ ശ്രമിച്ചുകൊണ്ടിരുന്നു.. പക്ഷെ ആ ശ്രമങ്ങളെല്ലാം വിഫലമായി പോയി... അവൻ ആരവിനെക്കുറിച്ച് അന്വേഷിക്കുമ്പോഴെല്ലാം മറുപടികൾ പറയാതെ ഒഴിഞ്ഞു മാറി.. ഒരു ദിവസം സ്വപ്നത്തിലെന്നപോലെ മിന്നിമറഞ്ഞ ആനിന്റെ മുഖം.. അവിടെ നിന്നാണ് എല്ലാം മാറിമറിഞ്ഞത്... ആരാണത് എന്നറിയാതെ അവനു ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി.. ഓർമ്മകൾ തിരികെ കൊണ്ടുവരാൻ ശ്രമിക്കുമ്പോൾ തല വെട്ടി പൊളിയും പോലെ... ഭ്രാന്തമായ അവന്റെ ആ അവസ്ഥ മനസ്സിലാക്കി ദേവയാനി ആനിനെക്കുറിച്ച് എല്ലാം പറഞ്ഞു കൊടുത്തു.. ഒരു കഥ കേട്ടിരിക്കും പോലെ അവൻ എല്ലാം കേട്ടിരുന്നു.. തന്റെ കൂടെ അച്ഛനുമമ്മയും ഇല്ലാത്തതിന് കാരണം അവനു പതിയെ വ്യക്തമായി തുടങ്ങി.. എന്നാൽ ആ കഥയുടെ അവസാനം തന്റെ കൂടെപിറപ്പ് തനിക്ക് പകരം ഇല്ലാതാവുന്നത് സാധാരണനിലയിൽ അവന് കേൾക്കാൻ സാധിച്ചില്ല ... അന്നവൻ ആർത്തു കരഞ്ഞു..

വർഷങ്ങൾക്കുശേഷം... ദേവയാനി അവനെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു... അവളിൽ നിന്നും ഒരു തുള്ളി കണ്ണുനീർ പോലും വരാത്തത് അവന് അത്ഭുതമായി തോന്നി.. അവരുടെ പ്രണയം ആദ്യം മനസ്സിലാക്കിയത് അവനായിരുന്നു.. എന്നാൽ ദേവയാനിയുടെ ചുണ്ടിൽ പുഞ്ചിരിയായിരുന്നു.. കരഞ്ഞുകരഞ്ഞ് ആ മനസ്സ് മരവിച്ചു പോയിരുന്നു.. ഇനി കരയാൻ കണ്ണുനീർ ബാക്കിയില്ല.. പുഞ്ചിരിക്കാം.. തോറ്റുപോയവളുടെ പുഞ്ചിരി.. അവൾ വീണ്ടും ആനിന്റെ കാര്യം ഓർമ്മപ്പെടുത്തി എങ്കിലും അവന്റെ മനസ്സിൽ അതൊന്നും കടന്നുപോകുന്നുണ്ടായിരുന്നില്ല.. പൂർണ്ണമായ ആരോഗ്യം കൈവരിച്ചാൽ ആദ്യം ആരവിനെ ഇല്ലാതാക്കിയവരെ കണ്ടെത്തണം എന്ന ചിന്ത മാത്രമേ മനസ്സിലുണ്ടായിരുന്നുള്ളൂ.. ആയുർവേദ മഠത്തിൽ നിന്നും ഡിസ്ചാർജായിട്ടും അവനെ നാട്ടിലേക്ക് വരാൻ വിജയച്ഛൻ സമ്മതിച്ചില്ല... അവനെ ആരവിന്റെ പാസ്സ്പോർട്ടും ഐഡിയും ഉപയോഗിച്ച് വിദേശത്തേക്കയച്ചു..

എന്നാൽ ആനിനെ കാണാതായ അന്നുതൊട്ട് അവളെ തിരയാൻ ആളുകളെ ഏൽപ്പിച്ചിരുന്ന വിജയച്ഛൻ അറിഞ്ഞു, അവൾ ബാംഗ്ലൂർ ഉണ്ടെന്ന്.. അവൾക്കൊരു കുഞ്ഞുണ്ടെന്ന്.. "നിഹാരിക ഹർഷിത് " എന്നാണ് കുഞ്ഞിന്റെ പേരെന്ന്.... അയാൾക്ക് തോന്നി ആരവിനെ കൊന്നയാളെ കണ്ടെത്തുക എന്നതിനേക്കാൾ, താൻ ചെയ്ത തെറ്റ് കൊണ്ട് ഇത്രയുംകാലം അനാഥമായി ജീവിക്കേണ്ടിവന്നവളെ ഹർഷിനോട് ചേർത്തു വയ്ക്കുക എന്നതിനാണ് പ്രധാന്യം എന്ന്.. അതിന് വിജയച്ഛൻ പോയി കണ്ടത് ഹർഷിന്റെ അച്ഛനെ ആയിരുന്നു.. ദേവരാജിനെ... സ്വന്തം മകന്റെ കുഞ്ഞാണ് അനാഥയെ പോലെ അന്യനാട്ടിൽ ജീവിക്കുന്നത് എന്നവരെ ബോധ്യപ്പെടുത്തി.. അന്ന് ആനിനെ തേടി ഹർഷിന്റെ അമ്മയെത്തിയത് വിജയച്ചനിലൂടെയായിരുന്നു.. അദ്ദേഹം വിചാരിച്ച പോലെ തന്നെ ആനിനെ തിരികെ കൊണ്ടുവരാൻ കഴിഞ്ഞു, പക്ഷെ, ദേവരാജന്റെ മനസ്സിൽ ഇപ്പോഴും ക്രൂരത മാത്രമേ ബാക്കിയുള്ളൂ എന്നദ്ദേഹം മനസ്സിലാക്കാൻ വൈകി പോയിരുന്നു..

ബാംഗ്ലൂരിൽ നിന്നും ആൻ ബസ് കയറുമ്പോൾ തൊട്ട് വിജയച്ഛന്റെ ആളുകൾ അവളെ പിന്തുടരുന്നുണ്ടായിരുന്നു.. അവളുടെ പിറകെ പലതും കണക്കുകൂട്ടിയ പോലെ നടന്നിരുന്ന കിഷനും, നാട്ടിൽ എങ്ങനെ പെരുമാറുമെന്ന് പോലുമറിയാതെ നിൽക്കുന്ന ഹർഷിന്റെ വീട്ടുകാരും, എല്ലാത്തിലുമുപരി അന്ന് ഹർഷനെ ഇല്ലാതാക്കാൻ വന്ന ശത്രുക്കളും ബാക്കിനിൽക്കേ അവൾ ഒറ്റയ്ക്ക് ഈ നാട്ടിലേക്ക് വരുന്നത് ആപത്താണെന്ന് വിജയച്ഛൻ കണക്കുകൂട്ടി.. അവൾ നാട്ടിലെത്തി ആദ്യത്തെ രണ്ട് ദിവസം കൊണ്ട് തന്നെ വിജയച്ഛൻ ദേവരാജൻറെ മനസ്സിലിരിപ്പ് മനസ്സിലാക്കി.. അയാൾ ആനിനെയും കുഞ്ഞിനെയും തിരികെ അയക്കുന്നില്ല എന്ന് തീരുമാനിച്ചത് ആദ്യമറിഞ്ഞത് അദ്ദേഹമായിരുന്നു... പോകണം എന്നു പറഞ്ഞാൽ ഉറപ്പായും കുഞ്ഞിനെ പിടിച്ചു വയ്ക്കുമെന്ന് അദ്ദേഹം ഊഹിച്ചു.. ആനിനെ കൊണ്ട് ഒറ്റക്ക് പൊരുതാൻ കഴിയില്ല . ഇനിയും വൈകിക്കുന്നതിൽ അർത്ഥമില്ല എന്നു മനസ്സിലാക്കി ഹർഷിനെ നാട്ടിലേക്ക് വിളിച്ചുവരുത്തി.. അവസരത്തിന് കാത്തു നിന്ന ഹർഷ് ഒരു നിമിഷം പോലും പാഴാക്കാതെ നാട്ടിലേക്കുള്ള ഫ്ലൈറ്റ് കയറിയിരുന്നു..

വിചാരിച്ചത് പോലെ തന്നെ കുഞ്ഞിനെ പിടിച്ചു വെച്ച് ആനിനെ പുറത്ത് തള്ളി ഗേറ്റ് അടച്ച ദിവസമാണ് ഹർഷ് നാട്ടിലെത്തിയത്.. സ്വപ്നത്തിൽ മിന്നിമറഞ്ഞ മുഖം ആദ്യമായി നേരിട്ട് കണ്ടതിന്റെ അമ്പരപ്പുണ്ടാക്കിയിരുന്നു അവനിൽ.. ആ മുഖത്തേക്ക് നോക്കുമ്പോൾ കടന്നുവരുന്ന വീർപ്പുമുട്ടിക്കുന്ന ഓർമ്മകളെ അകറ്റാൻ മനപ്പൂർവ്വം അവളെ നോക്കാതെയായി... ആരവായി അവളുടെ മുന്നിൽ നിൽക്കുമ്പോൾ അവളിൽ നിന്നും ലഭിച്ചത് അപരിചിതത്വമായിരുന്നു.. അതവനും അനുകൂലമായി .. ആദ്യമൊക്കെ നിന്റെ ഭാര്യയാണ്,കുഞ്ഞാണ് എന്ന് പറയുമ്പോൾ ഉൾക്കൊള്ളാൻ തയ്യാറാവാതിരുന്ന ഹർഷ് കുഞ്ഞിനെ ആദ്യമായി കണ്ടപ്പോൾ തന്നെ നെഞ്ചോട് ചേർത്ത് പിടിച്ചത് എല്ലാവർക്കും അത്ഭുതമായിരുന്നു... ആനിനെ സത്യമറിയിക്കാൻ ഒരുപാട് തവണ ശ്രമിച്ചെങ്കിലും, അത് തന്റെ ഹർഷേട്ടനാണെന്നറിഞ്ഞതിനു ശേഷമുള്ള അവന്റെ അകലം അവളെ വേദനിപ്പിക്കും എന്ന് മനസ്സിലാക്കി എല്ലാവരും അതിൽ നിന്നും പിന്തിരിഞ്ഞു.. അവന്റെ മനസ്സിൽ പഴയത് പോലെ അവൾ നിറഞ്ഞു നിൽക്കാൻ അവർ കാത്തിരുന്നു... പ്രണയിക്കാൻ കൂടെയില്ലെങ്കിലും സംരക്ഷിക്കാൻ എന്നും കൂടെയുണ്ടാവും എന്ന ഉറപ്പു മാത്രമായിരുന്നു ഹർഷ് വിജയച്ഛന് നൽകിയത്... "❤️

അവൻ നൽകിയ വാക്കുപാലിച്ചു ആൻ.. നിന്നെയും കുഞ്ഞിനേയും സംരക്ഷിച്ചു.. ഒരു പോറൽ പോലുമേൽക്കാതെ. ഇതിലും കൂടുതൽ നീ പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ അവന്റെ ഓർമ്മകൾ തിരികെ കൊണ്ട് വരണം, അവന്റെ അന്നമ്മയായി നീ മാറുന്ന ദിവസത്തിന് വേണ്ടി കാത്തിരിക്കുന്നവരാ ഞങ്ങളെല്ലാം... "❤️ ദേവയാനി പറഞ്ഞവസാനിപ്പിക്കുമ്പോൾ കരഞ്ഞു തളർന്നിരുന്നു ആൻ ... തിരിച്ചു തന്നതിന് ദൈവത്തെ വണങ്ങണോ? അതോ ഓർമയിൽ നിന്നും എന്നെ മറച്ചതിന് പരിഭവിക്കണോ??? ഇത്രയും കാലം അനുഭവിച്ച വേദനക്ക് ആശ്വാസം ലഭിക്കുന്നതിനോടൊപ്പം ആ വേദന അതിനെക്കാളിരട്ടി മറ്റൊരുവൾ അനുഭവിക്കുന്നുണ്ടെന്നോർത്ത് വീണ്ടും വേദനിക്കണോ? എല്ലാം മറച്ചു വച്ചതിന്, 6 വർഷം കരഞ്ഞതിന്, എല്ലാവരോടും വഴക്കിടണോ? അതോ തന്റെ ജീവനെ കൂടെ നിന്ന് സംരക്ഷിച്ച് തിരികെ തന്നതിന് കൈകൂപ്പി നന്ദി പറയണോ..? ഒന്നും മനസിലാകുന്നില്ല... തലക്ക് ഭ്രാന്തു പിടിക്കുന്ന പോലെ തോന്നി ആനിന്..

അവളുടെ അവസ്ഥ മനസിലാക്കി ദേവയാനി പുറത്തേക്ക് നടന്നു... അല്പസമയം ഒറ്റക്കിരിക്കട്ടെ.. എല്ലാം ഉൾകൊള്ളാൻ സമയം ആവശ്യമാണ്.. ഹാളിൽ സ്റ്റീഫനുണ്ടായിരുന്നു.. അവന്റെ മുഖത്തും കയ്യിലുമുണ്ടായിരുന്ന മുറിവിൽ മരുന്ന് വയ്ക്കുകയായിരുന്നു ഹർഷിത്.. അടുത്ത് തന്നെ നച്ചൂട്ടിയും ഉണ്ട്.. ദേവയാനി അത് മൈൻഡ് ചെയ്യാതെ പുറത്തേക്ക് നടന്നു.. സ്റ്റീഫന്റെ കണ്ണ് അവളുടെ കരഞ്ഞു വീർത്ത കൺപോളകളിൽ തങ്ങി നിന്നു. ആനിനോട് എല്ലാം പറഞ്ഞു കാണുമെന്നും അതിനിടയിൽ ആരവിന്റെ വിഷയം വന്നു കാണുമെന്നും, അതു മാത്രമേ അവളെ കരയിക്കാറുള്ളൂ എന്നും അവൻ ഓർത്തു.. "ശ്.. ആഹ്.. ഡാ പതിയെ.." മുറിവിൽ അമർത്തി മരുന്നു വെച്ച് ഹർഷിനെ നോക്കി സ്റ്റീഫൻ പറഞ്ഞു.. "നീ പോയി കാര്യം പറ ആദ്യം... എത്ര നാളാ അവളും ഇങ്ങനെ തനിച്ച്...

" ഇല്ലടാ.. അവളുടെ മറുപടി എന്തായിരിക്കുമെന്ന് എനിക്കറിയാം... അത് കേൾക്കാൻ എനിക്ക് കഴിയില്ല..." ഹർഷിനെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് സ്റ്റീഫൻ പുറത്തേക്കിറങ്ങി... ഹർഷ് ചിന്തകളോടെ തിരിഞ്ഞതും ആൻ മുറിയിൽ നിന്നും പുറത്തേക്കിറങ്ങി വന്നതും ഒരുമിച്ചായിരുന്നു.... ഹർഷ് പതിവ് പുഞ്ചിരിയോടെ അവളെ നോക്കി.. എന്നാൽ അവൾക്കതിനായില്ല.. വെപ്രാളം.. തൊണ്ട വറ്റി വരളും പോലെ. ഒരു ദിവസം കൊണ്ട് അവളാ പതിനെട്ടു വയസ്സുകാരിയായി.. കോളേജ് വരാന്തയിൽ അവന്റെയൊരു നോട്ടത്തിന് കാത്തു നിന്ന പൊട്ടിപെണ്ണ്.. ആ കണ്ണുകളെ നേരിടാനാകാതെ അവൾ മുഖം താഴ്ത്തി.. അവളുടെ മുഖമാകെ ചുവപ്പായിരുന്നു.. ആദ്യമായി അവന്റെ നോട്ടത്തെ നേരിടുമ്പോൾ അവളുടെ കവിളിണകളിൽ കലർന്ന ചുവപ്പ്............ തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story