നിലാമഴ: ഭാഗം 3

Nilamazha

എഴുത്തുകാരി: അനു രാജീവ്

ആൻ......" പെട്ടെന്നുള്ള ശബ്ദത്തിൽ അവളൊന്നു ഞെട്ടി അപ്പോഴാണ് മനസ്സിലായത് താൻ ഇത്ര നേരം വേറേതോ ലോകത്തായിരുന്നു എന്ന്... മുന്നിൽ നിൽക്കുന്ന മാനേജരെ കണ്ട് അവൾ പെട്ടെന്ന് എഴുന്നേറ്റ് നിന്നു... "So.. Sorry sir.. ഞാനെന്തോ ആലോചിച്ച്...." "It's ok.. It's ok... Cool... ഞാനൊന്നും പറഞ്ഞില്ലാലോ.. ഇന്നലത്തെ Total income report എന്റെ മെയിലിലേക്കൊന്ന് സെന്റ് ചെയ്തേക്ക്..." "Ok sir..." അവളെ നോക്കി ഒന്ന് ചിരിച്ച് അയാൾ ക്യാബിനിലേക്ക് നടന്നു.. "ഇവിടെ മുഴുവൻ പഞ്ചാരകുഞ്ചുമാരാണല്ലോടീ...." ആരുഷി നടന്നു പോകുന്ന മാനേജറെ ഒന്നുഴിഞ്ഞു നോക്കി കൊണ്ട് ആനിനോട് പറഞ്ഞു.. അവളൊന്നു പുഞ്ചിരിച്ചതേയുള്ളു.. സ്വതവേയുള്ള പുഞ്ചിരി. ___❤️ "ഇന്ന് ലേറ്റ് ആയതിനു മുഖം വീർപ്പിച്ചിരിക്കുന്നുണ്ടാവും പെണ്ണ്..." കയ്യിലെ സാധനങ്ങളടങ്ങിയ കവർ മുറുകെ പിടിച്ചുകൊണ്ട് ആൻ വേഗത്തിൽ നടന്നു.. ഫ്ലാറ്റിനു പുറത്തെത്തി ബെല്ലടിച്ചതും 45 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ വന്ന് വാതിൽ തുറന്നു... "ആളെവിടെ ജെസ്സിയേച്ചി??" അകത്തേക്ക് കടന്നുകൊണ്ട് കയ്യിലെ കവർ സോഫയിലേക്ക് വച്ച് ആൻ ചോദിച്ചു... ജെസ്സി അകത്തേക്ക് കൈ ചൂണ്ടി... ആൻ പതിയെ ബെഡ്റൂമിന്റെ ഡോർ തുറന്ന് അകത്തേക്ക് നോക്കി...

അവർ വന്നതറിഞ്ഞിട്ടാണെന്ന് തോന്നുന്നു കമിഴ്ന്നു കിടക്കുകയാണ് കക്ഷി.. അകത്തേക്ക് കടന്ന് ഡോർ പതിയെ ചാരി വച്ച് ആൻ ബെഡിലേക്ക് കയറി അവളോടൊപ്പം കിടന്നു... നച്ചൂട്ടിയുടെ ഇടുപ്പിലൂടെ പിടിച്ച് പതിയെ ഇക്കിളിയിട്ട്... അവൾക്ക് ചിരി വന്നെങ്കിലും ദേഷ്യംഅഭിനയിച്ച് ചിണുങ്ങി മുഖം തിരിച്ചു വച്ച് കിടന്നു.. "സോറി നച്ചുമ്മാ... അമ്മക്ക് കുറച്ച് സാധനങ്ങൾ വാങ്ങാനുണ്ടായിരുന്നു.. അതാ ലേറ്റ് ആയത്..." പറഞ്ഞു തീരുമ്പോഴേക്കും കുറുമ്പി തലയുയർത്തി നോക്കി.. "അപ്പ എന്നെ കൂറ്റാതെ ശോപ്പിംഗിംനും പോയിലെ..." അവൾ ചുണ്ടു പിളർത്തി സങ്കടത്തോടെ പറഞ്ഞു കൊണ്ട് വീണ്ടും മുഖം കമിഴ്ത്തി വെച്ചു... "അയ്യോ.. ഷോപ്പിങിനൊന്നും പോയില്ല.. വരുന്ന വഴിക്ക് സൂപ്പർമാർക്കറ്റിൽ കയറി കുറച്ച് സാധനങ്ങൾ വാങ്ങിയതാ.. അമ്മ എന്റെ കുട്ടിയെ കൂട്ടാതെ ഷോപ്പിംഗിന് പോവോ..? നമ്മൾ sunday പ്ലാൻ ചെയ്തിട്ടുണ്ടല്ലോ കിടിലൻ ഷോപ്പിംഗ്.." അവൾ വീണ്ടും മുഖമുയർത്തി ആനിനെ നോക്കി.. "ശത്യമായും...?" "ഹ്മ്മ്.. ശത്യമായും..." നച്ചൂട്ടി ചിരിയോടെ എഴുന്നേറ്റ് ആനിന്റെ കഴുത്തിലൂടെ വട്ടം പിടിച്ച് അവളുടെ തോളിൽ മുഖമമർത്തി കിടന്നു.. "അമ്മാ... ഇന്ന് സഞ്ജു ചോയ്ക്യാ, നിയാരികടെ അച്ഛാ എന്താ വരാത്തെ ന്ന്.."

കുഞ്ഞിന്റെ പുറത്തോടെ തഴുകികൊണ്ടിരുന്ന കൈകൾ പൊടുന്നനെ നിശ്ചലമായി... ""നാൻ കണ്ടിട്ടില്ല പഞ്ഞപ്പോ, മരിച്ചു പോയിറ്റ്ണ്ടാവും പരഞ്ഞു.. നാൻ സഞ്ജുനെ ഇടിച്ചു.. എന്റെ അച്ഛാ മരിച്ചു പോയിറ്റില്ലാലോ മ്മാ..." ആൻ അനങ്ങിയില്ല... കണ്ണുനീർ കവിളിലൂടെ ഒലിച്ചിറങ്ങി... ഈ ചോദ്യം എന്നെങ്കിലും വരും എന്ന് പ്രതീക്ഷിച്ചിരുന്നു.. പക്ഷെ... എന്ത് പറയും ഞാനെന്റെ കുഞ്ഞിനോട്... തൊണ്ടയിൽ വല്ലാത്ത ഭാരം... "മ്മാ.. പറ..." തോളിൽ നിന്നും മുഖമുയർത്താതെ അവൾ വീണ്ടും ചോദിച്ചു... "അച്ഛാ വേൾഡ് ടൂർ പോയതാ നച്ചൂട്ടി... കുറേ ദിവസം കഴിഞ്ഞാ വരും ട്ടോ..." കുഞ്ഞിനുള്ള മറുപടിയുമായി ആരുഷി റൂമിനകത്തേക്ക് വന്നു.. ആൻ വേഗം കണ്ണ് തുടച്ച് തിരിഞ്ഞു നോക്കി... ആരുഷി ആനിന്റെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങി.. "ആഷി, മോൾക്ക് വണ്ടർ കേക്ക് വാങ്ങി കൊണ്ട് വന്നിട്ടുണ്ട്.. കഴിക്കാം..." "ഹ്മ്മ്മ്.... അച്ഛ എപ്പോയ ടൂർ കയിഞ്ഞു വരാ.. " അവൾ ആ വിഷയം വിടില്ല എന്ന് രണ്ടാൾക്കും ബോധ്യമായി.. "ആഷി... അച്ഛ എപോയാ വരുവാ..?????" "അച്ഛ വേഗം വരും..." "എന്നാ മോൾക്ക് അച്ചടെ ഒരു പോട്ടോ കാണിച്ച് തരോ...??" "അതൊക്കെ പിന്നെ.. ഇപ്പൊ പോയി വല്ലതും കഴിക്കാൻ നോക്ക്..."

സഹികെട്ട് ആൻ അല്പം ദേഷ്യത്തിൽ പറഞ്ഞു... നച്ചൂട്ടി വേഗം ആരുഷിയുടെ തോളിൽ കിടന്നു.. കുഞ്ഞിനെ കൊണ്ട് പോയി ഡയ്നിങ് ടേബിളിലേക്കിരുത്തി, അവൾക്ക് വേണ്ട പാലും സ്നാക്ക്സും എടുത്തു കൊടുത്ത ആരുഷി തിരിച്ച് റൂമിലേക്ക് വന്നു.. ഡോർ തുറക്കുന്ന ശബ്ദം കേട്ടതും നിറഞ്ഞൊഴുകിയ കണ്ണുകളെ തുടച്ച് പതിവ് പുഞ്ചിരിയണിഞ്ഞ് ആൻ അവൾക്ക് നേരെ തിരിഞ്ഞു.. "ആർക്ക് മുന്നിലാടി നീ അഭിനയിക്കുന്നെ..??" ആരുഷി ദേഷ്യത്തോടെ പറഞ്ഞുനിർത്തുമ്പോഴേക്കും കടിച്ചുപിടിച്ച സങ്കടം അണപൊട്ടി പുറത്തേക്കൊഴുകിയിരുന്നു... അവൾ ഏങ്ങി കരയുന്നത് കണ്ട് ആരുഷി വല്ലാതെയായി... അവൾ വേഗം മുന്നോട്ടുവന്ന് ആനിനെ കെട്ടിപ്പിടിച്ചു... ആരുഷിയുടെ തോളിൽ മുഖമമർത്തി ആൻ പൊട്ടിക്കരഞ്ഞു... " ഞാനെങ്ങനെ പറയും എന്റെ കുഞ്ഞിനോട്, അവളുടെ അച്ഛൻ ജീവനോടെ ഇല്ല എന്ന്.. ഇനി ഒരിക്കലും തിരിച്ചു വരില്ല എന്ന്.... " ആ വാക്കുകളിൽ വേദനയായിരുന്നു... ആഗ്രഹിച്ചതെല്ലാം നഷ്ട്ടമായവളുടെ വേദന... സ്വപ്നം കണ്ട ജീവിതം നഷ്ട്ടമായവളുടെ വേദന.. സ്നേഹിച്ചവനെ കൊതിതീരെ കാണാൻ പോലും കഴിയാതെ പോയവളുടെ വേദന... ____❤️

ആകാശത്തെ നിലാവിനെ നോക്കി അവൾ ബാൽക്കണിയിലിരുന്നു.. കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്.. തന്റെ നെഞ്ചിൽ ചാഞ്ഞുറങ്ങുന്ന മോളേ നോക്കി.. അവളുടെ കവിളിലെ നുണക്കുഴിയിലേക്കും.. മനസ്സിൽ ആ രൂപം തെളിഞ്ഞു വന്നു... ആദ്യമായി ആ ചിരിക്കുന്ന മുഖം കണ്ട നിമിഷം.... ❤️❤️❤️ ____❤️ നോട്ട് സബ്‌മിറ്റ് ചെയ്യാൻ സ്റ്റാഫ്‌ റൂമിലേക്ക് പോയി തിരിച്ചു വരുമ്പോഴാണ് വരാന്തയിൽ നിന്ന് ആരോടോ സംസാരിച്ചു നിൽക്കുന്ന ഹർഷിത്തിനെ കണ്ടത്... . 2 ദിവസം കാണാൻ കഴിഞ്ഞില്ലല്ലോ എന്ന സങ്കടമുണ്ടായിരുന്നു ആ പെണ്ണിന്..... "എടി.. ഞാനൊന്ന് ലൈബ്രറിയിൽ പോവട്ടെ.. " പെട്ടെന്ന് നിന്നുകൊണ്ട് ആൻ പറയുന്നത് കേട്ട് മറ്റു മൂന്നുപേരും അവളെ സൂക്ഷിച്ചു നോക്കി.... "നിനക്കിപ്പോ ലൈബ്രറിയിൽ പോക്ക് കുറച്ച് കൂടിയിട്ടുണ്ട്.." തനു പറഞ്ഞു.. "എനിക്ക് സംശയം ഇവൾക്ക് പ്രേമം തോന്നിയത് ആ ലൈബ്രറെറിയൻ കൊരട്ട വാസുനോടാണോ എന്നാ..." ഹെലനും മനസിലെ സംശയം മറച്ചു വച്ചില്ല... "അയ്യേ.. അതൊന്നുമല്ല.. ഞാനേ SFY മെമ്പർഷിപ് എടുത്തു.. അതോണ്ട്... മീറ്റിംഗ് വിളിച്ചിട്ടുണ്ട്..." "അതൊക്കെ എപ്പോ..?? ഞങ്ങളറിഞ്ഞില്ലല്ലോ.." മൂന്നാളും കണ്ണുമിഴിച്ചു... "അതൊക്കെ സംഭവിച്ചു.. ഇനിയും നിന്നാൽ വൈകും..

നിങ്ങൾ ക്ലാസ്സിലേക്ക് വിട്ടോ.. ഞാൻ വേഗം വരാം.." മറുപടിക്ക് കാക്കാതെ കയ്യിലെ നോട്ട്ബുക്ക് സംഗീതയുടെ കയ്യിലേക്ക് കൊടുത്ത് അവൾ ലൈബ്രറിയിലേക്കോടി.. "ഈ വഴിയാണല്ലോ പോയത്.. ഇപ്പോ കാണാനില്ലാ... " വരാന്തയിൽ നിന്ന് നഖം കടിച്ചു കൊണ്ട് അവൾ ചുറ്റും അവനെ തേടികൊണ്ടിരുന്നു. "ഹെലോ... ആരെയാ നോക്കുന്നെ..." പെട്ടെന്ന് ശബ്ദം കേട്ട് അവൾ ഒന്ന് ഞെട്ടിത്തിരിഞ്ഞു നോക്കി.. പരിചയമുള്ള മുഖമായതുകൊണ്ടുതന്നെ ചെറുതായൊന്നു പുഞ്ചിരിച്ചു... " എന്നെ മനസ്സിലായില്ലേ ഞാൻ വിഷ്ണു.. " "ഹാ.. രണ്ടു ദിവസം മുന്നേ കണ്ടിരുന്നല്ലോ.." "ഹ്മ്മ്.. എന്തായിരുന്നു പേര്.." "ആൻ മരിയ..." "ഹാ.. Ok.. ആരെയാ തിരയുന്നെ..??" അവൾ ഒരു നിമിഷം ആലോചിച്ചു പറയണോ വേണ്ടയോ എന്ന്.. "ഹ.. ഹർഷിത്.. ഹാർഷേട്ടൻ..." "ഹർഷനെയോ....... ടാ.........." അവളോട് ഒന്ന് ഉറപ്പിച്ചു ചോദിച്ചുകൊണ്ട് കുറച്ചകലെ നോക്കി നീട്ടി വിളിക്കുന്നത് കേട്ട് അവളും അങ്ങോട്ട് നോക്കി.. ആരോടോ ചിരിച്ച് സംസാരിച്ചുകൊണ്ടിരിക്കെ പെട്ടെന്നുള്ള വിളിയിൽ അതേ ചിരിയോടെ അവരുടെ നേരെ തിരിഞ്ഞ ഹർഷന്റെ മുഖം കണ്ട് അവളുടെ നെഞ്ചോന്ന് പിടച്ചു... ആ ചിരി...

അതിന് പകരം വയ്ക്കാൻ ഈ ലോകത്ത് മറ്റൊന്നുമില്ല എന്ന് തോന്നിയ നിമിഷം.. സംസാരിച്ചു കൊണ്ടിരിക്കുന്ന ആളോട് എന്തോ പറഞ്ഞ് ആ സംഭാഷണം അവസാനിപ്പിച്ച് അവൻ അവരുടെ നേരെ നടന്നു വന്നു.. അത്രയും നേരം അവൾ കണ്ണിമ ചിമ്മാതെ അവനെ മാത്രം നോക്കിക്കൊണ്ടിരുന്നു... അവൻ നടന്നു വന്നതോ, തന്റെ മുന്നിലെത്തിയതോ, തന്നെ നോക്കി നിൽക്കുന്നതോ, ഒന്നും അവളറിഞ്ഞില്ല.. മുന്നിൽ ആ രൂപം മാത്രം.. "ഹെലോ...." പെട്ടെന്ന് ആ ശബ്ദം കേട്ടതും അവളൊന്നു ഞെട്ടി... തന്റെ തൊട്ടുമുന്നിൽ... അവൾ ഒരടി പുറകിലോട്ട് മാറി... അത്ഭുതത്തോടെ തന്നെ നോക്കുന്ന ആ കണ്ണുകളും, കട്ടിയുള്ള താടിയും പിരിച്ചുവച്ച മീശയും, ഇടതൂർന്ന നീട്ടി വളർത്തിയ മുടിയും.. ആ കട്ടതാടിക്കുള്ളിൽ ഒളിപ്പിച്ചു വച്ച ആ നുണക്കുഴിയും.. എല്ലാം... എല്ലാം അവൾ കണ്ടെത്തി... "ആൻ മരിയ...." അവന്റെ വായിൽ നിന്നും ആ പേര് പുറത്തേക്ക് വന്നതും അവളുടെ കണ്ണുകൾ വിടർന്നു.. തന്റെ പേര് ഉച്ചരിച്ചിരിക്കുന്നു.. ആ മനസ്സിൽ തന്റെ പേരെങ്കിലും പതിഞ്ഞിട്ടുണ്ട്.. ആദ്യമായി ആ പേര് പോലും അവൾക്ക് പ്രിയപ്പെട്ടതായി തോന്നി... "എന്താ നോക്കി നിൽക്കുന്നെ.. നിനക്ക് ക്ലാസ്സില്ലേ...??" ദേഷ്യത്തോടെയുള്ള അവന്റെ ചോദ്യത്തിൽ അവളൊന്ന് പതറി.. ഉണ്ട് എന്ന അർത്ഥത്തിൽ തലയാട്ടി.. "പിന്നെന്തിനാ എന്നെ കാണാൻ വന്നത്.." "അത്.. ഒരു thanks പറയാൻ... " "എന്തിന്???"

"അത്...." അവൾ പറയാൻ സാധിക്കാതെ അടുത്ത് നിൽക്കുന്ന വിഷ്ണുവിനെ നോക്കി.. അവൻ നിൽക്കുന്നത് കൊണ്ടാണ് പറയാത്തത് എന്ന് മനസ്സിലായപ്പോൾ ഹർഷിത് അവനെ കണ്ണുകാണിച്ചു.. അത് മനസ്സിലായത് പോലെ അവൻ അവിടെ നിന്നും മാറി കൊടുത്തു. " ഇനി പറ.. എന്തിനാ താങ്ക്സ്?? " " അത്.. അന്ന്... അവനെ തല്ലിയതിന്... " "എവനെ???? " " വീഡിയോ.. വീഡിയോ എടുത്തതിന്.. ഫ്രഷേഴ്‌സ് ഡേയ്ക്ക്.." അവൻ നെറ്റിച്ചുളിക്കുന്നത് കണ്ട് അവൾ ഒരു നിമിഷം മിണ്ടാത്തെ തലതാഴ്ത്തി നിന്നു.. ഇനിയൊരു പക്ഷേ അതിനായിരിക്കില്ലേ അടിച്ചത് എന്ന് പോലും തോന്നി.. അബദ്ധം പറ്റിയോ... "അത് നീയായിരുന്നോ???" പെട്ടെന്നുള്ള അവന്റെ ചോദ്യത്തിൽ അവൾ ഞെട്ടി.. "ഏത്??" "ആ വീഡിയോയിൽ..." അവൾ പതിയെ തലയാട്ടി... "നിനക്കൊന്നും ഇത്ര വിവരമില്ലേ? ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ ക്ലാസ് റൂമിൽ വച്ചാണോ ചെയ്യുക.. ഇവിടെ ഗ്രീൻറൂം എന്ന് പേരുള്ള ഒരു ഏരിയ ഉണ്ട്.. ബോയ്സിന് എന്റർ ചെയ്യാൻ പറ്റാത്ത ഒരേ ഒരു സ്പെയ്സ്.. പ്രൈവറ്റ് ആയുള്ള എന്തു കാര്യമായാലും അവിടെവച്ച് വേണം ചെയ്യാൻ.. ഓരോ വരാന്തയിലും ഓരോ ക്ലാസ് റൂമിനു പുറത്തും cctv ഉണ്ട്.. അതിനേക്കാൾ വൃത്തികെട്ട പിള്ളേരുടെ കണ്ണുണ്ട് ചുറ്റും...

നീ വിചാരിച്ചാലേ നിന്നെ സംരക്ഷിക്കാൻ കഴിയൂ മനസ്സിലായോ..??" അവൾ മനസ്സിലായി എന്നർത്ഥത്തിൽ തലയാട്ടി.. അവനൊന്നു കൂർപ്പിച്ചു നോക്കിയതും മനസ്സിലായി എന്ന് വായ തുറന്നു പറഞ്ഞു... " എങ്കിൽ ക്ലാസ്സിലേക്ക് പൊക്കോ.. " അവൾ അവനെ നോക്കി ചെറുതായൊന്ന് ചിരിച്ച് തിരിഞ്ഞുനടന്നു.. അകന്നു പോകുന്നവളെ നോക്കി നിൽക്കുന്ന അവന്റെ ചുണ്ടിലും ഉണ്ടായിരുന്നു അതേ പുഞ്ചിരി. ____❤️ കോളേജിലേക്ക് പോവുന്നത് ആവേശമായി മാറിയ ദിനങ്ങൾ. ആ മുഖം കാണാൻ വേണ്ടി മാത്രം കോളേജിലേക്ക് പോയ നാളുകൾ.. ക്ലാസ്സിൽ കയറാതെയായി.. എങ്ങനെയെങ്കിലും കാണണമെന്ന ചിന്ത മാത്രമായി.. അതിനു വേണ്ടി ചെറിയ ചെറിയ പാർട്ടി പ്രവർത്തനങ്ങളിലേക്ക് ഇറങ്ങി... ചെയർമാൻ സ്ഥാനത്തേക്ക് വമ്പിച്ച ഭൂരിപക്ഷത്തോടെ തന്നെ ഹർഷിത് ജയിച്ചു.. കൂടെ അവളും ഉണ്ടായിരുന്നു അവന്റെ സന്തോഷം കാണാൻ.. ആ ചിരിച്ച മുഖം കാണാൻ... ചില സമയം തോന്നും ആ കണ്ണുകൾ ഇടക്ക് തന്നെയും ശ്രദ്ധിക്കാറുണ്ടോ എന്ന്.. പിന്നെ കരുതും അത്രക്ക് ഗതികേടൊന്നും പുള്ളിക്ക് വന്നിട്ടുണ്ടാവില്ലാ എന്ന്... അവധിദിവസങ്ങളോട് വെറുപ്പായി... മഠത്തിലേക്ക് പോകുക എന്ന് ചിന്തിക്കാൻപോലും ഇഷ്ടമില്ലാതെയായി.. ജീവിതത്തിൽ ഒട്ടനവധി മാറ്റങ്ങൾ... മാറാതെ നിന്നത് അവനോടുള്ള പ്രണയം മാത്രം.. അങ്ങനെ ആ അദ്ധ്യായനവർഷം അവസാനിക്കുന്ന ദിനം വന്നെത്തി...

ആരോടും പറയാതെ ഉള്ളിലൊളിപ്പിച്ച പ്രണയം മറനീക്കി പുറത്തു വരുമോ എന്ന് ഭയന്ന നിമിഷം.. സെന്റോഫ് കഴിഞ്ഞ് ഫൈനലിയറുകാർ പടിയിറങ്ങേണ്ട സമയം... നെഞ്ചിലെ പിടപ്പ് വർദ്ധിച്ചുകൊണ്ടേയിരുന്നു.. ഇനി എങ്ങനെ കാണും.. എങ്ങനെ വിളിക്കും... ഒരു ഫോൺ പോലും സ്വന്തമായി ഇല്ല.. ഉണ്ടെങ്കിൽ തന്നെ എന്തു പറഞ്ഞു വിളിക്കാനാണ്.. തന്റെ പ്രണയം ഇവിടെ അവസാനിക്കാൻ പോവുകയാണോ.. ഇല്ല.. ഇനിയും ഈ വേദന സഹിക്കാൻ വയ്യ.. തന്റെ ഇഷ്ടം തുറന്നു പറയണം.. കൂടിപ്പോയാൽ ഒരടി... അല്ലെങ്കിൽ മോശമായ വാക്കുകൾ.. അങ്ങനെയെങ്കിലും ആ മനസ്സിൽ തനിക്ക് യാതൊരു സ്ഥാനവും ഇല്ല എന്ന് മനസ്സിലാക്കണം.. സ്വയം മാറണം.. ആ മനുഷ്യനെ കുറിച്ച് ചിന്തിക്കാൻ പോലുമുള്ള യോഗ്യത തനിക്കില്ല എന്ന് അദ്ദേഹം തന്നെ ഓർമ്മപ്പെടുത്തണം... എങ്കിലേ ഈ പൊട്ടമനസ്സിന് അതു മനസ്സിലാകൂ... അവൾ രണ്ടും കൽപ്പിച്ച് ക്ലാസ്സിൽ നിന്നും പുറത്തേക്ക് പാഞ്ഞു.. തനുവും ഹെലനും പരസ്പരം നോക്കി അവൾ എന്തിനാ ഇപ്പോ ഇങ്ങനെ ഓടിയത് എന്നഭാവത്തിൽ.. അവൾ പടികളിറങ്ങി വേഗത്തിൽ താഴേക്കോടി... ഗെയ്റ്റ് തുറന്നിട്ടിരിക്കുന്നു.. ഓരോരോ ബാച്ചുകാരായി പുറത്തേക്ക് പോകുന്നുണ്ട് .. പോയിട്ടുണ്ടാകുമോ??

അവസാനമായി ഒന്നു കാണാൻ പോലും നിൽക്കാതെ പോയോ... കണ്ണുകൾ നിറഞ്ഞു തുളുമ്പി.. ദൂരെ പാർക്കിങ്ങിൽ നിൽക്കുന്ന വിഷ്ണുവിലേക്കാണ് നോട്ടം പോയത്.. അവൾ ഓടി വിഷ്ണുവിനടുത്തേക്ക് പോയി.. "ഹ..ഹർഷ്.. ഹർഷേട്ടൻ പോയോ...???" "നീ ആദ്യം കുറച്ച് വെള്ളം കുടിക്ക്.. എന്താ ഇത്ര കിതക്കുന്നെ???" "ഹർഷേട്ടൻ.. എവിടെ..??" "സ്റ്റാഫ്‌ റൂമിലോട്ട് പോയി..." കേട്ടപാതി കേൾക്കാത്ത പാതി അവൾ സ്റ്റാഫ് റൂം ലക്ഷ്യമാക്കി ഓടി.. അപ്പോഴേക്കും മാനം ഇരുണ്ട് കറുത്തിരുന്നു.. ജനുവരിയിൽ പതിവില്ലാത്ത ഒരു മഴക്കുള്ള തയ്യാറെടുപ്പ് പോലെ... അവൾ സ്റ്റാഫ് റൂമിനകത്തേക്ക് കയറി... ഒരുതരം പരിവേഷത്തോടെ ചുറ്റും കണ്ണുകൾകൊണ്ട് ആരെയോ തിരയുന്നവളെ ടീച്ചേഴ്സും അതിനകത്തുണ്ടായിരുന്ന കുട്ടികളും വല്ലാതെ നോക്കി.. എന്നാൽ അതൊന്നും അവളെ ബാധിക്കുന്നുണ്ടായിരുന്നില്ല.. കണ്ണുകൾ തന്റെ പ്രാണനെ മാത്രം തിരഞ്ഞുകൊണ്ടിരുന്നു.. അവിടെ ഇല്ല എന്ന് മനസ്സിലായതും അവൾ വീണ്ടും പുറത്തേക്കിറങ്ങി.. അപ്പോഴേക്കും ആദ്യത്തെ തുള്ളി മഴ ഭൂമിയെ സ്പർശിച്ചിരുന്നു.. അവൾ നിസംഗതയോടെ തൂണിലേക്ക് ചാരി നിന്നു... മഴ കനത്തു.. കണ്ണുകൾ ദൂരെ പാർക്കിംഗിൽ വിഷ്ണുവിലേക്ക് നടന്നടുക്കുന്ന ഹർഷനിലെത്തി..

അവനെ കണ്ടതും ആ കണ്ണുകൾ വിടർന്നു.. പെരുമഴയത്ത് അവൾ ഗ്രൗണ്ടിലേക്കിറങ്ങി.. അപ്പോഴേക്കും മഴ പൂർവശക്തി പ്രാപിച്ചിരുന്നു. ഹർഷിത് വിഷ്ണുവിന്റെ വണ്ടിയുടെ പുറകെ കയറിയിരുന്നു.. ആ ബൈക്ക് മുന്നോട്ടുനീങ്ങുന്നത് അവൾ അകലെനിന്നും കണ്ടു... ഓടിയടുക്കാൻ ശ്രമിച്ചെങ്കിലും ബൈക്ക് അവളുടെ കണ്മുന്നിലൂടെ ഗേറ്റ് കടന്നു പോയിരുന്നു.. മഴയത്ത് അവൾ അലറി കരഞ്ഞു.. പതിയെ അത് തേങ്ങലായി.. കണ്ണുനീർ വറ്റിവരണ്ടു... നിർവികാരതയോടെ അവൾ ആ മഴയത്ത് നിന്നു... ക്ലാസ്സ് ഉള്ള സമയമായതുകൊണ്ടും മഴയായതുകൊണ്ടും അധികം ആരും പുറത്തുണ്ടായിരുന്നില്ല.. കുറച്ചു സീനിയേഴ്സ് മാത്രം അവിടെയവിടെയായി നിൽപ്പുണ്ടായിരുന്നു.. ആ മഴയിൽ ആളെ മനസ്സിലാകുന്നില്ല എങ്കിലും എല്ലാവരും അവളെ അത്ഭുതത്തോടെ നോക്കി നിന്നു.. പെട്ടെന്ന് ആരോ കുടയുമായി വന്ന് അവളുടെ കൈ പിടിച്ചു വലിച്ച് വരാന്തയിലേക്ക് കയറ്റി. മുന്നിൽ നിൽക്കുന്ന തനുവിനെ കണ്ട് അവൾ തല താഴ്ത്തി... കണ്ണുനീരിനെ മറയ്ക്കാൻ എന്ന പോലെ...

"എന്താടി നിനക്ക് ഭ്രാന്താണോ.?. ഈ പെരുമഴയത്ത് ആരെ നോക്കി നിക്കുവാ നീ... ആകെ നനഞ്ഞ് കുളിച്ച്.. വാ ഇങ്ങോട്ട്..." ആനിന്റെ കയ്യും പിടിച്ചു വലിച്ച് നേരെ ഗ്രീൻ റൂമിലേക്ക് പോയി.. തനു തന്റെ കോട്ടൺ ചുരിദാറിന്റെ ഷാൾ അഴിച്ച് അവളുടെ തല തുടച്ചു കൊടുത്തു... "അടുത്ത മാസം ഫസ്റ്റ് സെം എക്സാമാ.. 20 ദിവസം തികച്ചില്ല... പനി പിടിച്ചു കിടന്നാൽ അതോടെ തീരും നിന്റെ പഠിത്തവും കോളേജുമൊക്കെ.. പിന്നെ ആ മഠത്തിലെ സിസ്റ്റർമാരോടൊപ്പം കന്യാസ്ത്രീയായി ചേർന്നോ ..." തനു ദേഷ്യത്തോടെ പറഞ്ഞു നിർത്തി... "തനു... ഞാൻ നന്നായി പഠിച്ചാലും കന്യാസ്ത്രീ ആവേണ്ടി വരും..." അവളിൽ നിന്നും വന്ന വാക്കുകൾ കേട്ട് തനു തല തുടക്കുന്നത് നിർത്തി.. "എന്താ???" "അതേടി... എന്നെ ഇങ്ങോട്ട് പഠിക്കാൻ അയച്ചത് ആ ഉറപ്പിനു മുകളിലാ.. ഡിഗ്രി കംപ്ലീറ്റ് ചെയ്ത് കഴിഞ്ഞാൽ പിന്നെ കന്യാസ്ത്രീ ആയിക്കോളാം എന്ന് കർത്താവിനെ കാട്ടി സത്യം ചെയ്തിട്ടാ അവരെന്നെ പഠിപ്പിക്കുന്നെ..." തനു അവളിൽ നിന്ന് അകന്നു നിന്നു. "എടി.. നീ എന്തൊക്കെയാ പറയുന്നേ... അതിന് നീ ക്രിസ്ത്യനാണോ.." "മാമോദിസ വെള്ളം തലയിൽ വീണാൽ പിന്നെ ക്രിസ്ത്യൻ തന്നെയാ.."

"നീ എന്തിനാ സമ്മതിച്ചത്.. ഒരേ ഒരു ജീവിതമേ ഉള്ളു.. അത്.. അതിങ്ങനെ.. " "എനിക്ക് വേറെ വഴിയുണ്ടായിരുന്നില്ല.. ജനിച്ചപ്പോൾ മുതൽ കാണുന്ന മുഖങ്ങൾ അതിനുള്ളിലേതു മാത്രമാണ്... പള്ളിവക സ്കൂളിൽ തന്നെ പഠിച്ച് പുറംലോകവുമായി യാതൊരു ബന്ധവുമില്ലാത്ത 18 വയസ്സുകാരിയോട് നാളെ മുതൽ നീ ഇവിടെ നിൽക്കരുത്, പുറത്തേക്ക് പോകണം എന്ന് പറഞ്ഞാൽ എന്ത് ചെയ്യാൻ കഴിയും??? അവിടെ നിൽക്കാനുള്ള അവസാനത്തെ വഴിയായിരുന്നു അത്... ദൈവവിളി വന്നു എന്ന് ഒരു കുഞ്ഞ് നുണ.. ഒപ്പം പഠിക്കണമെന്നും... രൂപക്കൂട്ടിൽ തൊട്ട് സത്യം ചെയ്തിട്ടാണ് ഞാൻ വന്നത്... കർത്താവിന്റെ മണവാട്ടിയായി ജീവിച്ചോളാം എന്ന്.." "നിന്നെ ഞങ്ങൾ പഠിപ്പിക്കാം.. വേണ്ടടീ.." അവൾ ഒന്നും മിണ്ടിയില്ല.. കർത്താവിനേക്കാൾ മുകളിൽ മനസ്സിൽ മറ്റൊരു രൂപം പതിഞ്ഞിരിക്കുന്നു.. ഒരു പക്ഷേ ഇന്നത്തെ കാഴ്ച അവസാനമായിരിക്കാം.. അങ്ങനെയെങ്കിൽ ആ സ്ഥാനത്തേക്ക് മറ്റൊരാളെ സ്വീകരിക്കാൻ കഴിയില്ല... അപ്പോൾ ഇത് തന്നെയാണ് നല്ലത്.. കർത്താവിന്റെ മണവാട്ടി... അതേ.. കർത്താവിന്റെ മണവാട്ടി................. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story