നിലാമഴ: ഭാഗം 30

Nilamazha

എഴുത്തുകാരി: അനു രാജീവ്

അന്നവന് ഉറങ്ങാൻ കഴിഞ്ഞില്ല.. എന്നാൽ ആൻ ഉറങ്ങി... സമാധാനത്തോടെ.. ആണൊരുത്തൻ കൂടെയുണ്ടെന്ന ധൈര്യത്തോടെ... രാവിലെ തന്നെ ഡോക്ടർ ഡിസ്ചാർജ് എഴുതി കൊടുത്തു... കുഞ്ഞിന് അല്പം ക്ഷീണമുണ്ടായിരുന്നു... അത് കൊണ്ട് വീടെത്തിയപ്പോൾ മുതൽ ആൻ കുഞ്ഞിനരികിൽ തന്നെ ഇരുന്നു.. സമയം നോക്കിയപ്പോൾ പന്ത്രണ്ടര കഴിഞ്ഞിരിക്കുന്നു.. അപ്പോഴാണ് ഒന്നും കഴിക്കാൻ ഉണ്ടാക്കിയിട്ടില്ല എന്നവൾക്ക് ഓർമ്മവന്നത്.. ഉറങ്ങുന്ന കുഞ്ഞിനെ നോക്കി അവൾ പതിയെ എഴുന്നേറ്റു.. റൂമിന് പുറത്തേക്കിറങ്ങി വാതിൽ ചാരി വെച്ച് അടുക്കളയിലേക്കു നടന്നു.. അവിടുത്തെ കാഴ്ച കണ്ട് അവളുടെ മുഖം വിടർന്നു.. ഹർഷ് പൊരിഞ്ഞ കുക്കിംഗിൽ ആയിരുന്നു... ആൻ പതിയെ അവനു പുറകിൽ പോയി നിന്നു... ഒരടുപ്പിൽ തിളയ്ക്കുന്ന ചിക്കൻ കറിയും, മറ്റൊന്നിൽ ചിക്കൻ ഫ്രൈ ചെയ്യാനും വച്ചിരിക്കുന്നു.. അതിലേക്കിടാനുള്ള മല്ലിയില അരിയുന്ന തിരക്കിലാണ് പുള്ളി.. ആൻ പുറകിലുണ്ടെന്നറിയാതെ ഹർഷ് പെട്ടെന്ന് തിരിഞ്ഞു... അവൾ പെട്ടെന്ന് പുറകിലേക്ക് വേച്ചു പോയി..

അവനൊന്നു ഞെട്ടിയെങ്കിലും അവൾ വീഴാതിരിക്കാൻ ആ കൈകൾ അവളുടെ ഇടുപ്പിലൂടെ ചുറ്റി പിടിച്ചു... അവളുടെ ഉടലൊന്ന് വിറച്ചു.. അവന്റെ മനസിലേക്ക് ആ സ്വപ്നം കടന്നുവന്നു.. തന്റെ കൈകൾക്ക് പരിചിതമായ മൃദുത്വം... അവൾ ഉമിനീരിറക്കി.. ഒരു നിശ്വാസത്തിനപ്പുറം അവന്റെ സാമിപ്യം. ഇത്രയും അടുത്ത്.. ആ കൈകളുടെ സ്പർശം... ശ്വാസഗതി നിയന്ത്രിക്കാനാവാതെ ആ കണ്ണുകളിൽ നിന്ന് നോട്ടം മാറ്റാൻ കഴിയാതെ അവൾ തറഞ്ഞു നിന്നു... അവനും ആ നോട്ടത്തിൽ കുരുങ്ങി നിൽക്കുകയായിരുന്നു.. അവനറിയാതെ തന്നെ അവന്റെ കൈകൾ അവളുടെ ഇടുപ്പിൽ മുറുകി.. അവളല്പം കൂടി അവനോട് ചേർന്നു നിന്നു... അവന്റെ ചുണ്ടുകൾ അവളുടെ മുഖത്തെ ലക്ഷ്യമാക്കി താഴ്ന്നു... കാൽവിരലുകൾ കുത്തി അവളൊരല്പം ഉയർന്നു... ആ ചുംബനത്തെ സ്വീകരിക്കാനെന്ന പോലെ... "അളിയാ............." പെട്ടെന്നുള്ള ശബ്ദത്തിൽ ഇരുവരും പിടഞ്ഞു മാറി.. ഹർഷ് പുറകിലേക്ക് നീങ്ങിയ വേഗത്തിൽ കൈതട്ടി രണ്ടുമൂന്നു പാത്രങ്ങൾ താഴെ വീണു..

ആ ശബ്ദത്തിൽ ആൻ കണ്ണുകളടച്ച് കൈകൾ ചെവിയിൽ അമർത്തി പിടിച്ചു നിന്നു.. "എന്താടാ ഇവിടെ???" അടുക്കള വാതിൽക്കൽ നിന്നുമുള്ള ശബ്ദം കേട്ട് ഹർഷും ആനും അങ്ങോട്ട് നോക്കി.. അവന്റെ ചോദ്യത്തിന്റെ പൊരുൾ മനസ്സിലാകാതെ ഹർഷ് ആനിന്റെ മുഖത്തേക്ക് നോക്കി.. എന്നാലവൾ തല താഴ്ത്തി നിൽക്കുകയായിരുന്നു.. "നീ വഴക്കിടില്ലാ എന്നാ ഞാനിത് വരെ കരുതിയത്.. പക്ഷെ ഇത് കണ്ടപ്പോഴാ എനിക്കെല്ലാം മനസിലായത്.. നീ ഇവളെ ദ്രോഹിക്കുവായിരുന്നോടാ.. പാത്രമെടുത്തെറിയാൻ മാത്രം നിനക്കെന്താ ഇത്രയും ദേഷ്യം?? നോക്കിയേ. ആൻ പേടിച്ച് വിറച്ചു നിക്കുന്നെ... ഈ മുഖം നോക്കി വഴക്കിടാൻ നിനക്കെങ്ങനെയാ തോന്നുന്നത്...??" "എടാ.. ഞാനൊന്നും.... "നീയൊന്നും പറയണ്ട.. ഒന്നും ചെയ്യാതെയാണോ അവളിങ്ങനെ നെർവസ് ആയിരിക്കുന്നെ..." ഒന്നും പറയാൻ സമ്മതിക്കാതെ ശകാരിക്കുന്ന സ്റ്റീഫനെ നോക്കി ഹർഷ് തലയിൽ കൈവെച്ചു.. "ആൻ.. നീ പൊയ്ക്കോ.. ഞാൻ പറഞ്ഞോളാം ഇവനോട്..."

ആകെ പരിഭ്രമിച്ചു നിൽക്കുന്ന ആൻ സ്റ്റീഫന്റെ വാക്കുകൾ കേട്ട് വേഗം അടുക്കളയിൽ നിന്നും പുറത്തേക്കു നടന്നു .. അപ്പോഴും തലയുയർത്തി നോക്കാൻ അവൾക്ക് ധൈര്യമുണ്ടായില്ല... റൂമിലേക്ക് കയറി വാതിലടച്ച് അവൾ വാതിലിൽ ചാരി നിന്നു... അത്രയും നേരം പിടിച്ചുവെച്ച ശ്വാസത്തെ പുറത്തേക്ക് വിട്ട് അവൾ കൈകൾ നെഞ്ചിലേക്ക് ചേർത്തു വച്ചു... ഹൃദയത്തിന്റെ ഏറ്റക്കുറച്ചിലുകൾ ഇപ്പോഴും നിയന്ത്രിതമായിട്ടില്ല എന്നവൾക്ക് മനസ്സിലായി.. പക്ഷേ ഇപ്പോൾ ഈ ഹൃദയത്തിന്റെ ഓട്ടപാച്ചിൽ തന്റെ സന്തോഷത്തെ സൂചിപ്പിക്കുന്നതാണ്.. അതെ.. എന്തിനെന്നറിയാതെ സന്തോഷം തോന്നുന്നു... ഒപ്പം കണ്ണുകൾ നിറയുന്നു.. ആരോടെങ്കിലും പറഞ്ഞില്ലെങ്കിൽ ഹൃദയം പൊട്ടിപോയേക്കാം എന്ന് തോന്നിയ നിമിഷം.. ആൻ വേഗം ഫോൺ എടുത്ത് ആരുഷിയുടെ നമ്പറിലേക്ക് ഡയൽ ചെയ്തു.. റിങ് അടിച്ചു കൊണ്ടിരിക്കുമ്പോഴാണ് അവൾക്ക് വിഷ്ണുവിന്റെ കാര്യം ഓർമ്മ വന്നത്..

ആരുഷി ഒന്നും അറിഞ്ഞിട്ടില്ല എന്ന് ചിന്തിക്കവേ ആനിന്റെ ഉള്ളിൽ അകാരണമായ ഭയം നിറഞ്ഞു.. എല്ലാവരെയും വായിനോക്കി നടക്കുന്ന ടൈപ്പ് ആണെങ്കിലും, അവൾക്ക് വിഷ്ണുവിനോടുള്ളത് ആത്മാർത്ഥ സ്നേഹമാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.. അവന്റെ ഒരു നോട്ടത്തിനു വേണ്ടി ഓഫീസ് ടൈമിൽ ജോലി ചെയ്യാതെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന ആരുഷിയുടെ മുഖം അവളുടെ മനസ്സിലേക്ക് വന്നു... അപ്പോഴേക്കും ആരുഷി കാൾ അറ്റന്റ് ചെയ്തിരുന്നു. "എന്താണ് മാഡം.. ജീവനോടെ ഉണ്ടോ..??" "ഹാ.. " "എന്താടി ഒരു വോൾടേജ് പോയ പോലെ... എന്തെങ്കിലും പ്രോബ്ലം ഉണ്ടോ.. ആരവ് തിരിച്ചു വന്നോ???" "ആഷി......" "പറയടാ...." "എടി.. ഞാൻ പറയുന്നത് നീ എങ്ങനെ എടുക്കും എന്നെനിക്കറിയില്ല.. പക്ഷെ എന്തായാലും നമ്മളെല്ലാം ഉൾക്കൊണ്ടെ പറ്റൂ.." "നീ ടെൻഷനടിപ്പിക്കാതെ കാര്യം പറ പെണ്ണേ..." ആൻ ഒരു നിമിഷത്തെ നിശബ്ദതയ്ക്ക് ശേഷം ഓരോ കാര്യങ്ങളായി വെളിപ്പെടുത്തി.. വിവാഹ ദിവസം മുതൽ തന്റെ ജീവിതത്തിൽ അരങ്ങേറിയ ഓരോ കാര്യങ്ങളും..

അതിൽ വിഷ്ണുവിന്റെ വില്ലൻ വേഷവും..ആരവിന്റെ മരണവും, അവസാനം തനിക്ക് ലഭിച്ച തന്റെ പ്രണയവും.. എല്ലാം ഉൾപ്പെട്ടിരുന്നു.. ആരുഷിയിൽ നിന്നുമുള്ള പ്രതികരണം എങ്ങനെയാവും എന്നറിയാതെ ആൻ കാര്യങ്ങളെല്ലാം പറഞ്ഞു നിർത്തി... "ആഷി..." ആൻ ഭയത്തോടെ വിളിച്ചു.. "എന്റെ പെണ്ണേ.. നിനക്ക് നിന്റെ ഹർഷേട്ടനെ കിട്ടിയോ.. അപ്പൊ.. ഇത്രയും ദിവസം കൂടെയുണ്ടായിരുന്നത് ഹർഷേട്ടനായിരുന്നോ.. എന്നിട്ടിപ്പഴാണോടീ പറയുന്നേ..." അവളുടെ സന്തോഷത്തോടെയുള്ള മറുപടി കേട്ട് അമ്പരപ്പോടെ നിൽക്കുകയായിരുന്നു ആൻ... "എടി.. എന്നിട്ട് പുള്ളിയിപ്പോ എവിടെ.. കൂടെയുണ്ടോ. ഓർമയില്ലെങ്കിലും കുഴപ്പമില്ല... നീ ആദ്യം തൊട്ട് പുള്ളിയെ പ്രേമിച്ചു വളച്ചാ മതി..." "ആഷി. നിനക്ക് സങ്കടമൊന്നുമില്ലേ പെണ്ണേ..??" "അങ്ങനെ ചോദിച്ചാൽ...... എനിക്കവനോടുള്ള സ്നേഹമൊക്കെ ആത്മാർത്ഥമായിരുന്നു.. പക്ഷെ അവന് നിന്നോട് ഒരു പ്രത്യേക താല്പര്യമുണ്ട് എന്നെനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് ആൻ.. എന്തായാലും ഒരു ദിവസം നിന്നെ പ്രൊപ്പോസ് ചെയ്യുമെന്നും എനിക്കറിയാമായിരുന്നു

അതുകൊണ്ട് അങ്ങനെയൊരു സിറ്റുവേഷൻ വന്നാൽ നിനക്കൊരു ജീവിതം കിട്ടുമെങ്കിൽ നിന്റെ നല്ലതിനുവേണ്ടി വിട്ടു തരാമെന്ന മൈൻഡ് സെറ്റിലായിരുന്നു ഞാൻ..." "ദുഷ്ട്ടെ....." ആനിന്റെ കലിപ്പിച്ചുള്ള വിളി കേട്ട് ആരുഷി ചിരിച്ചു.. "എടി.. അവൻ ഇത്രക്ക് വലിയ പുള്ളിയാണെന്ന് ഞാൻ അറിഞ്ഞില്ലല്ലോ.. നിനക്ക് ആകെ അടുപ്പമുള്ള, നീ എല്ലാം ഷെയർ ചെയ്യാറുള്ള ഒരുത്തൻ അവൻ മാത്രമല്ലേ ഉണ്ടായിരുന്നുള്ളൂ.. അപ്പോ പിന്നെ അവൻ ഒരു പ്രൊപ്പോസൽ വച്ചാൽ നിന്നെ കൊണ്ട് സമ്മതിപ്പിക്കാം അങ്ങനെ നിന്റെ ജീവിതം സേഫാക്കാം എന്നൊക്കെ ഞാൻ സ്വപ്നം കണ്ടു പോയി.. എന്തായാലും ദൈവം കാത്തു..." ആനിന്റെ ചുണ്ടിൽ പുഞ്ചിരിയായിരുന്നു... "എന്നിട്ട് നീയെപ്പോഴാ ഇങ്ങോട്ട്..." "അറിയില്ല.. ഇനി ഹർഷേട്ടനെ വിട്ട്....... "ഹ്മ്മ്.. മനസിലായി.. പുള്ളിയോട് ജോലിയുടെ കാര്യം സംസാരിച്ചു നോക്ക്.. എന്തായാലും ഒരുമിച്ച് തീരുമാനമെടുക്ക്.." "ഹ്മ്മ്..." "ആൻ...ആളെങ്ങനെ??വഴക്കൊക്കെ പറയുന്നുണ്ടോ.. അതോ സോഫ്റ്റാണോ...?"

മറുപടിയായി അവളുടെ ചുണ്ടുകൾ മനോഹരമായി പുഞ്ചിരിച്ചു.. "അയ്യടീ..ബ്ലഷ് അടിച്ചു നിക്കുവാണെന്ന് തോന്നുന്നു.. ഹ്മ്മ്.. നടക്കട്ടെ.. പിന്നെയെ, ഇനി ഓർമ്മ വരാൻ വേണ്ടി വെയിറ്റ് ചെയ്തിട്ടൊന്നും കാര്യം ഇല്ല.. ഒരടിയും കൂടെ കിട്ടുമ്പോ പോയ ഓർമ തിരികെ വരാൻ ഇത് പരട്ട സീരിയലല്ല.... അത് കൊണ്ടേ, നീ ആദ്യം തൊട്ട് പണി തുടങ്ങിക്കോ, കെട്ടിയോൻ ആണെന്നൊന്നും വിചാരിക്കണ്ട.. നല്ലോണം വായിനോക്കി വളച്ചോ... നിന്നോട് ആദ്യം തൊട്ട് പ്രേമം തോന്നണം അങ്ങേർക്ക്.. ഓക്കേ???" "ഹ്മ്മ്മ്...." ആൻ ഒന്നിരുത്തി മൂളി.. "നിന്നെക്കൊണ്ട് നടക്കും ആൻ.. " അവളൊന്ന് ചിരിച്ചു... "എന്റെ ക്രൈം പാർട്ണറിനെ നന്നായി നോക്ക്..' "ഹ്മ്മ്... ശരി.. പിന്നെ വിളിക്കാം..." ഫോൺ കട്ട് ചെയ്ത് ആൻ ബെഡിലേക്കിരുന്നു... മഴ പെയ്ത് തോർന്ന പുതുമണ്ണ് പോലെ ഉള്ളാകെ ഒരുതരം തണുപ്പ് പടർന്നിരിക്കുന്നു. അവൾ തന്റെ സന്തോഷത്തെ മറയ്ക്കാനെന്ന പോലെ ഫോണിലേക്ക് കണ്ണുനട്ടു... ❤️❤️❤️ സോഫയിൽ ഇരുന്ന് ഫോണിൽ നോണ്ടുന്നതിനോടൊപ്പം കിളിപോയ പോലെ ഇരിക്കുന്ന ഹർഷിനെ ഇടംകണ്ണിട്ട് ശ്രദ്ധിക്കുകയായിരുന്നു

സ്റ്റീഫൻ... വന്നപ്പോൾ മുതൽ ഒന്നും മിണ്ടിയിട്ടില്ല. എന്തോ വലിയ ചിന്തയിലാണ്.. ഇടക്ക് നെറ്റിച്ചുളിക്കുന്നുണ്ട്.. എഴുന്നേൽക്കുന്നുണ്ട്.. അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ട്, വീണ്ടും കിളിപോയ ഇരുപ്പ്.. "അളിയാ......" ഹർഷ് മുഖമുയർത്തി നോക്കി.. "നിനക്ക് വേറെ പ്രശ്നമൊന്നുമില്ലാലോ...?" "എന്ത് പ്രശ്നം??" "എവിടെയോ എന്തോ തകരാറു പോലെ..." ഹർഷ് വേഗം ഇരുന്നിടത്തു നിന്നും എഴുന്നേറ്റു.. "ഏയ്‌.. നിനക്ക് തോന്നുന്നതാ..." "അത് മുഖത്ത് നോക്കി പറയടാ..." ഹർഷ് അവനെ കലിപ്പിച്ചു നോക്കി.. "ഒന്നുമില്ല.. ഞാൻ പറഞ്ഞ കാര്യം എന്തായി..." "അന്വേഷിച്ചടാ.. ഒരു സൂചനയും ഇല്ല.. അവൻ നാട് വീട്ടിട്ടുണ്ടാകാനാണ് സാധ്യത..." "ഇല്ല... അവനെങ്ങോട്ടും പോവില്ല.. എന്നെ കൊല്ലാൻ കാത്തിരിപ്പുണ്ടാവും... ഇങ്ങോട്ട് വരും മുന്നേ അങ്ങോട്ട് പോയി തീർക്കണം അവനെ..." "ഹ്മ്മ്... വഴിയുണ്ടാക്കാം..." "അച്ഛേ........" കുഞ്ഞിന്റെ ശബ്ദം കേട്ട് ഇരുവരും റൂമിലേക്ക് നോക്കി.. കണ്ണുതിരുമ്മി വാതിൽക്കൽ നിൽക്കുന്ന കുഞ്ഞിനെ കണ്ട് ഇരുവരും പുഞ്ചിരിച്ചു... സ്റ്റീഫൻ വേഗം എഴുന്നേറ്റ് കുഞ്ഞിനടുത്തേക്ക് പോയി.. "ഹാ... നച്ചൂട്ടിയുടെ പനിയൊക്കെ മാറിയോ??" "ഹ്മ്മ്.. മാരി... ചീഫങ്കിലെ എപ്പോയാ വന്നെ..??" "കുറച്ച് നേരായി വന്നിട്ട്..."

"ഹ്മ്മ്.. നച്ചൂട്ടി ഒങ്ങുവായിരുന്നു.. നച്ചൂട്ടിക്ക് പനിയാ.. ദേ.. ഇബടെയെ ശൂചി കുത്തി..." "അച്ചോടാ.. കുഞ്ഞിന് വേദനിച്ചോ.. അങ്കിള് ശരിയാക്കി തരാം ട്ടൊ.. വാ..." കുഞ്ഞിനെയെടുത്ത് സ്റ്റീഫൻ പുറത്തേക്ക് നടന്നു.. ഹർഷും ഇരുന്നിടത്തു നിന്നും എഴുന്നേറ്റു.. സ്റ്റീഫനു പുറകെ നടക്കാനാഞ്ഞ കാലുകൾ എന്തു കൊണ്ടോ നിശ്ചലമായി.. കണ്ണുകൾ, പാതി തുറന്ന് കിടക്കുന്ന മുറിക്കകത്തേക്ക് പാഞ്ഞു... മുറ്റത്ത് നിൽക്കുന്ന സ്റ്റീഫനെയും കുഞ്ഞിനേയും ഒന്ന് നോക്കി അവൻ മുറി ലക്ഷ്യമാക്കി നീങ്ങി... അപ്പോഴും അതിനകത്തേക്ക് പോവണോ വേണ്ടയോ എന്ന ചിന്തയിലായിരുന്നു ഹർഷ് . ഒന്ന് രണ്ടുതവണ റൂമിലേക്ക് പോയിട്ടുണ്ടെങ്കിലും അതെല്ലാം കുഞ്ഞിനു വേണ്ടി മാത്രമായിരുന്നു.. റൂമിനകത്ത് കുഞ്ഞുണ്ടായിരുന്നപ്പോൾ മാത്രമായിരുന്നു.... ഒന്ന് ചുറ്റും നോക്കി അവൻ പതിയെ അകത്തേക്ക് കാലെടുത്തു വച്ചു... ഫാനിന്റെ ശബ്ദം മാത്രം കേൾക്കുന്നുണ്ട്. അവന്റെ കണ്ണുകൾ ബെഡിലേക്ക് നീങ്ങി. ചെരിഞ്ഞു കിടന്നുറങ്ങുന്ന ആനിലേക്ക്.. അവൻ വേഗം മുറിയിൽ നിന്നും പുറത്തേക്ക് നടക്കാനൊരുങ്ങി..

എന്നാൽ മറ്റെന്തോ തടയും പോലെ.. അവൻ അനങ്ങാതെ നിന്നു.. വീണ്ടും ആനിനെ നോക്കി . അവളുടെ നിഷ്കളങ്കമായ മുഖത്തേക്ക്.. ഇത്രയും കാലം ക്ഷീണം ബാധിച്ച കൺപോളകൾക്ക് ഇന്നെന്തോ തിളക്കം കൈവന്ന പോലെ തോന്നി അവന്... കാലുകൾ അവൾക്കരികിലേക്ക് ചലിച്ചു.. അവളുടെ മുഖത്തിന് നേരെ മുട്ടുകുത്തിയിരുന്നു.. നീണ്ട കൺപീലികളിൽ നീർതിളക്കം... താനെങ്ങനെയാവും ഇവളെ സ്നേഹിച്ചത്..? എന്തിനാവും എല്ലാവരെയും ഇവൾക്ക് വേണ്ടി ഉപേക്ഷിച്ചത്..? എന്ത് ധൈര്യത്തിലാവും വിവാഹം കഴിക്കുന്നതിനു മുന്നേ ഒരുമിച്ച് ജീവിച്ചു തുടങ്ങിയത്..? അത്രക്ക് ഇഷ്ട്ടമായിരുന്നോ എനിക്കിവളെ? അല്പം മുന്നേ അവളെ ചേർത്ത് പിടിച്ചപ്പോഴുണ്ടായ അനുഭൂതി. ആ നോട്ടത്തിൽ മറ്റെല്ലാം മറന്നു പോയി. ആ കണ്ണുകളിൽ നോക്കി നിന്ന ഒരു നിമിഷം, അവളെന്റെ എല്ലാമാണെന്ന് തോന്നി... അവളില്ലാതെ ഇനി ഒന്നും ഇല്ല എന്ന് തോന്നി.. അവൻ അവളുടെ മുഖത്തിനടുത്തിനു നേരെ മുഖം കൊണ്ട് പോയി . "എനിക്ക് നിന്നെ എത്രത്തോളം ഇഷ്ട്ടമായിരുന്നു എന്നെനിക്കറിയില്ല.. പക്ഷെ ഹർഷിന്റെ ജീവിതത്തിൽ നിനക്ക് പകരം മറ്റാരും ഉണ്ടാവില്ല.." പതിഞ്ഞ സ്വരത്തിലുള്ള അവന്റെ വാക്കുകൾക്ക് മറുപടി നൽകിയത് അവളുടെ കൺകോണിലൂടെ ഒഴുകിയ കണ്ണുനീർതുള്ളിയായിരുന്നു.......... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story