നിലാമഴ: ഭാഗം 31

Nilamazha

എഴുത്തുകാരി: അനു രാജീവ്

അവളുടെ കണ്ണുനീർ ചെന്നിയിലേക്കൊലിച്ചിറങ്ങുന്നത് കണ്ട് അവൻ ഞെട്ടി.. അവൻ കൈ എടുത്ത് അവളുടെ മുഖത്തിന് മുന്നിലൂടെ വീശി.. ഉറക്കത്തിൽ കരഞ്ഞതാണെന്ന് മനസിലായപ്പോൾ അവൻ ആശ്വാസത്തോടെ ചേർന്നിരുന്നു... അവളുടെ കണ്ണുനീർ പതിയെ തുടച്ചു കൊടുത്തു.. "ഒരു ജന്മം മുഴുവൻ അനുഭവിക്കേണ്ടതിനേക്കാൾ കൂടുതൽ സങ്കടം ഈ കഴിഞ്ഞ കുറച്ചുകാലം കൊണ്ട് നീ അനുഭവിച്ചു തീർത്തു എന്നെനിക്കറിയാം പെണ്ണേ... പക്ഷെ.. ഇപ്പോഴും എന്റെ കാര്യത്തിൽ എനിക്ക് ഒരു ഉറപ്പുമില്ല... എല്ലാം തീരുമ്പോൾ ഹർഷിത് ജീവനോടെ ഉണ്ടെങ്കിൽ ആ ജീവൻ നിനക്ക് തന്നോളാം..." അവളുടെ മുടിയിഴകളിൽ ഒന്ന് തഴുകി അവൻ പുറത്തേക്കു നടന്നു... ആ ഗന്ധം അകന്നു പോയതും അവളുടെ മുഖം ചുളിഞ്ഞു.. എന്തോ ഓർമ്മയിൽ എന്നപോലെ അവൾ ഞെട്ടിയുണർന്നു.. പരന്നുകിടന്ന കണ്ണീർ പാടുകളിൽ കൈ വച്ച് ഒരു നിമിഷം ആലോചിച്ചിരുന്നു.... . "സ്വപ്നമായിരുന്നൊ??? ശെയ്... വെറുതെ കൊതിച്ചു.. എപ്പോഴാ ഹർഷേട്ടാ നിങ്ങളെന്റെ അടുത്ത് വന്നിരിക്കുന്നെ? സ്വപ്നത്തിൽ കണ്ട പോലെ സ്നേഹത്തോടെ രണ്ട് വാക്ക് സംസാരിക്കുന്നെ??" അവൾ നിരാശയോടെ ചിന്തിച്ചു..

അടുത്ത് കുഞ്ഞില്ല എന്ന് കണ്ടതും വേഗം എഴുന്നേറ്റു . പുറത്തേക്കിറങ്ങി നോക്കുമ്പോൾ മുറ്റത്ത് മോളും സ്റ്റീഫനും ഹർഷും നിൽപ്പുണ്ടായിരുന്നു.. സ്റ്റീഫന്റെ ഫോണിൽ പാട്ട് വെച്ചിട്ടുണ്ട്.. മോൾ അതിന് ഡാൻസ് കളിച്ചു കൊണ്ടിരിക്കുകയാണ്.. ആനിന് അവളുടെ എക്സ്പ്രഷനൊക്കെ കണ്ട് ചിരി വന്നു.. കുഞ്ഞിനെ നോക്കി ചിരിയോടെ നിന്നിരുന്ന ഹർഷിന്റെ നോട്ടം വാതിൽക്കലേക്ക് നീങ്ങി.. അവിടെ കുഞ്ഞിനെ നോക്കി നിൽക്കുന്ന ആനിനെ അവൻ അത്ഭുതത്തോടെ നോക്കി.. മനസിലെ സന്തോഷം ആ മുഖത്ത് വ്യക്തമായിരുന്നു... അത്രയ്ക്ക് തെളിച്ചം ഉണ്ടായിരുന്നു അവളുടെ ചിരിക്ക്.. കുഞ്ഞിനെ നോക്കി മതിമറന്നു ചിരിക്കുന്ന ആനിൽ നിന്ന് ഒരു നിമിഷം പോലും കണ്ണു മാറ്റാൻ അവന് കഴിഞ്ഞില്ല.. സ്റ്റീഫൻ പതിയെ അവന്റെ അടുത്തേക്ക് വന്ന് തോളിൽ ഒരു തട്ട് കൊടുത്തു... അവൻ ഞെട്ടി നോട്ടം മാറ്റി.. "ഇങ്ങനെ സ്വയം മറന്ന് വായിനോക്കാതളിയാ... അത് നിന്റെ പ്രോപ്പർട്ടി തന്നെയാ..." അതിനൊന്നു കണ്ണുരുട്ടി കാണിച്ച് അവൻ വീണ്ടും ആനിനെ നോക്കി.

അവൾ നിന്നിടം ശൂന്യമായിരുന്നു.. ഇത്ര വേഗം പോയോ എന്ന ഭാവത്തിൽ അവൻ നിരാശയോടെ സ്റ്റീഫന്റെ മുഖത്തേക്ക് നോക്കി.. സ്റ്റീഫന് ചിരി അടക്കി നിർത്താൻ സാധിക്കുന്നുണ്ടായിരുന്നില്ല. അവൻ എന്തെങ്കിലും പറയാൻ വരും മുൻപേ ആനിന്റെ വിളിവന്നു.. "മോളേ... കഴിക്കാൻ വാ..." വിളിച്ചത് മോളെ ആണെങ്കിലും കണ്ണുകൾ ഹർഷിന്റെയും സ്റ്റീഫന്റെയും നേരെയായിരുന്നു.. ഹർഷ് വേഗം വന്ന് കുഞ്ഞിനെയെടുത്ത് അകത്തേക്ക് നടന്നു.. ഇനി ഞാൻ എന്തിനാ ഇവിടെ നിൽക്കുന്നേ എന്ന ഭാവത്തിൽ സ്റ്റീഫൻ ഒന്ന് ചുറ്റും നോക്കി ഹർഷിന് പുറകെ അകത്തേക്ക് നടന്നു.. "ഹ്മ്മ്മ്മ്മ്മ്... സൂപ്പർ.. ആൻ കുക്കിംഗ്‌ പൊളി ആയിട്ടുണ്ട്..." സ്റ്റീഫൻ ഒരു പീസ് ചിക്കൻ കഷ്ണം വായിലേക്ക് വച്ച് ആസ്വദിച്ചു കഴിച്ചു കൊണ്ട് ആനിനെ നോക്കി പറഞ്ഞു.. "ഞാനല്ല.. ഹർഷേട്ടനാ ഉണ്ടാക്കിയത്..." അവൾ ചിരിയോടെ തന്നെ മറുപടി കൊടുത്ത് പ്ലേറ്റ് എടുക്കാൻ അടുക്കളക്കകത്തേക്ക് നടന്നു.. സ്റ്റീഫൻ ഹർഷിനെ നോക്കി... അവൻ ഒരു കള്ളച്ചിരിയോടെ ഇരിപ്പുണ്ടായിരുന്നു.. "നീ ഒരുപാടങ് പൊങ്ങണ്ട.. കറി ആവറേജാ.. ഞാൻ വെറുതെ പറഞ്ഞതാ..." "എടാ.. അതല്ല.. അവള് വിളിച്ചത് കേട്ടോ.. ഹർഷേട്ടൻ ന്ന്.. നല്ല രസമുണ്ടല്ലേ കേൾക്കാൻ..."

" അവളല്ലെങ്കിലും അങ്ങനെ തന്നെയല്ലേ നിന്നെ വിളിച്ചോണ്ടിരുന്നത്? " "അതിന് ഞാൻ കേട്ടിട്ടില്ലാലോ.." "ഹ്മ്മ്??????" "അല്ല.. എനിക്ക് ഓർമയില്ലാലോ..." "ഹ്മ്മ്.. അങ്ങനെ പണ..." "എന്റെ മുഖത്ത് നോക്കി വിളിച്ചാൽ ഇതിലും രസമുണ്ടാകും ലെ കേൾക്കാൻ..." "എന്താ മോന്റെ പ്രശ്നം?? അവളെ ഇഷ്ട്ടപെട്ടു തുടങ്ങിയോ??" "അറിയില്ലടാ.. പക്ഷെ അവൾക്കെന്തോ മാജിക്‌ ഉണ്ട്... ഞാൻ മനസ്സ് കൊണ്ട് അകലാൻ തീരുമാനിച്ചാലും ഒരു നോട്ടം കൊണ്ട് പിടിച്ചു നിർത്തും..." അവന്റെ അവസ്ഥ മനസ്സിലായ പോലെ ആ കൈകൾക്ക് മുകളിൽ സ്റ്റീഫൻ കൈ വച്ചു... "എനിക്ക് മനസിലാകും.. നീ വിചാരിക്കും പോലെ നിനക്കൊന്നും സംഭവിക്കില്ല.. ഇനിയെങ്കിലും അവളെ ചേർത്ത് പിടിച്ചോളണെടാ.." "ഹാാാ.. അത് പറഞ്ഞപ്പോഴാ ഓർത്തത്.. രാവിലെ പൊന്നുമോന്റെ എൻട്രി കിടിലമായിരുന്നു... ഒരു 2 മിനിറ്റ് വൈകി വന്നിരുന്നേൽ.. "വന്നിരുന്നേൽ......??? അവന്റെ പെട്ടെന്നുള്ള ഭാവമാറ്റം കണ്ട് സ്റ്റീഫൻ സംശയത്തോടെ ചോദിച്ചു..

"വന്നിരുന്നെങ്കിൽ ഒന്നുല്ല... നീ വേഗം കഴിച്ചിട്ട് വീട്ടിൽ പോവാൻ നോക്ക്.. അവിടെ അമ്മച്ചി ഒറ്റക്കല്ലേ..." തിരിച്ചെന്തോ പറയാൻ വരുമ്പോഴേക്കും ആൻ അവൾക്കുള്ള ഭക്ഷണവും എടുത്ത് ഡൈനിംഗ് ടേബിളിലേക്ക് വന്നു.. സ്റ്റീഫനെ നോക്കി ഒന്ന് ചിരിച്ച് അവൾ ടേബിളിലേക്കിരുന്നു.. "മോളേ പുറത്തേക്ക് പോവല്ലേ ട്ടൊ..." കഴിച്ചു കഴിഞ്ഞ് ഹാളിൽ കറങ്ങുന്ന കുഞ്ഞിനെ നോക്കി വിളിച്ചു പറഞ്ഞ് ആൻ ഭക്ഷണം കഴിക്കാൻ തുടങ്ങി.. സ്റ്റീഫൻ കഴിച്ചു കഴിഞ്ഞ് ഹർഷിന്റെ പ്ലേറ്റിലേക്ക് നോക്കി.. അവിടെയും ഭക്ഷണം തീർന്നിരുന്നു എങ്കിലും അവൻ എഴുന്നേൽക്കാതെ ആനിനെ നോക്കി അവിടെ തന്നെ ഇരുന്നു. അവൻ ഒന്നുകൂടെ രണ്ടാളെയും നോക്കി അവിടെ നിന്നും എഴുന്നേറ്റു.. സ്റ്റീഫൻ കൈകഴുകാൻ പോകുന്നതും നോക്കി മുഖംതിരിച്ച ആൻ തന്നെ നോക്കിയിരിക്കുന്ന ഹർഷിന്റെ നോട്ടത്തിൽ ഒന്ന് പതറി.. അവൾ അവന്റെ ഒഴിഞ്ഞ പ്ലേറ്റിലേക്ക് നോക്കി.. " എന്തെങ്കിലും വേണോ?? " അവൻ വേണ്ട എന്ന് തലയാട്ടി വേഗം എഴുന്നേറ്റു...

തിരിഞ്ഞു നടക്കുന്ന അവനിലും അവനെ നോക്കിയിരിക്കുന്ന ആനിലും ഒരേ ചിരിയായിരുന്നു... പ്രണയത്തിൽ ചാലിച്ച പുഞ്ചിരി.. ❤️ _____❤️ ഇരുട്ടത്ത് പുറത്തേക്ക് നോക്കി ആ മുറിയിൽ അനങ്ങാതെ ഇരിക്കുകയായിരുന്നു അവൻ... ഡോർ തുറന്ന് മറ്റൊരാൾ ആ മുറിക്കകത്തേക്ക് വന്നു.. ചെയറിൽ ഇരിക്കുന്ന രൂപത്തെ അയാൾ മുഴുവനായൊന്ന് നോക്കി.. വയറിനു ചുറ്റും വെള്ള പഞ്ഞിയും തുണിയും ചുറ്റിയിട്ടുണ്ട്.. കയ്യിലും മറ്റും സാരമായ പരിക്കുകൾ.. ആ മുഖത്തെ ഭാവത്തിന് ഒരു പേരെ ഉണ്ടായിരുന്നുള്ളു.. പക.... "വിഷ്ണു..." "ഹ്മ്മ്.. പറ...." "അവനെ സ്കെച്ച് ചെയ്തിട്ടുണ്ട്.. ഇന്ന് തീർത്തോളും നമ്മടെ പിള്ളേർ...." വിഷ്ണുവിന്റെ ചുണ്ടിന്റെ കോണിൽ പുച്ഛമായിരുന്നു.. "ഞാനീ ഇരുപ്പ് തുടങ്ങിയിട്ട് ഒരാഴ്ചയായി... ഇത് വരെയും നിങ്ങൾക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ലല്ലോ... ഇനിയിപ്പോ ഒന്നും വേണ്ട.. അവൻ സന്തോഷിക്കട്ടെ.. എന്റെ ആനിന്റെ കൂടെ വീണ്ടും ജീവിച്ചു തുടങ്ങട്ടെ.. തുടങ്ങിയിടത്തു നിന്ന്തന്നെ ഞാൻ അവസാനിപ്പിക്കും.. ഒന്ന് എഴുന്നേറ്റ് നിൽക്കാനുള്ള കാത്തിരിപ്പാ ഇനി..

നിങ്ങടെ സേവനം മതി.. നിർത്തിക്കോ എല്ലാം..." "അല്ല വിഷ്ണു.. ഈ ഒരു തവണ...." "നിർത്തി പോടാ എല്ലാം.." അയാൾ അല്പം മുഷിച്ചലോടെ തിരികെ ഇറങ്ങി.. വിഷ്ണുവിന്റെ ഉള്ളിൽ അപ്പോഴും കത്തിയും പിടിച്ച് വെറുപ്പോടെ തന്നെ നോക്കിയ ആനിന്റെ കണ്ണുകളായിരുന്നു.. ആ കണ്ണിലെ വെറുപ്പ് ഹർഷിനോടുള്ള പ്രണയത്തിൽ നിന്നുണ്ടായതാണ് എന്നാലോചിക്കുന്തോറും അവനു ഭ്രാന്ത് പിടിക്കും പോലെ തോന്നി.. അവൾ കുത്തിയതല്ല പ്രശ്നം, പക്ഷേ അവളുടെ ആ പ്രവർത്തി ഹർഷിനോടുള്ള സ്നേഹം കാരണമാണല്ലോ എന്ന ചിന്ത അവന്റെ മനസ്സിൽ ബാക്കിയുണ്ടായിരുന്ന അല്പം മനസ്സാക്ഷിയെയും ഇല്ലാതാക്കാൻ ശേഷിയുള്ളവയായിരുന്നു... ____❤️ "അച്ഛേ.. നച്ചൂട്ടിക്ക് ഫോർ ടോയ് വേണം..." "ഫോറല്ല.. അച്ഛ ഫോർട്ടി വാങ്ങി തരും..." "പോമിശ്.." "പ്രോമിസ്..." കുഞ്ഞ് ചിരിയോടെ ചുറ്റും നോക്കി.. ടോയ് വാങ്ങാനുള്ള കട കണ്ടുപിടിക്കാനുള്ള തിരക്കിലായിരുന്നു കുറുമ്പി.. ഹർഷിതും ചുറ്റും നോക്കി.. അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ മാർക്കറ്റിലേക്ക് വന്നതാണ്..

വന്നപ്പോൾ മുതൽ സ്റ്റീഫനെ എവിടെയും കണ്ടില്ല. 'ഇവനിതെവിടെ പോയി... കോളും എടുക്കുന്നില്ല..' അവൻ ചുറ്റും സ്റ്റീഫനെ തിരഞ്ഞുകൊണ്ട് കുഞ്ഞു കൈനീട്ടിയ ഭാഗത്തേക്ക് നടന്നു.. അവൾക്ക് വേണ്ട ടോയ്‌സ് എല്ലാം വാങ്ങി കൊടുത്ത് കടയിൽ നിന്നും പുറത്തിറങ്ങുമ്പോഴാണ് ഫോൺ ബെല്ലടിച്ചത്.. അവൻ കുഞ്ഞിനെ താഴെ നിർത്തി പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് അറ്റൻഡ് ചെയ്യുമ്പോഴേക്കും പുറകിൽ നിന്നും അവനെ ആരോ ചവിട്ടിയിരുന്നു.. പെട്ടെന്നായതുകൊണ്ട് അവൻ മുന്നോട്ട് വീഴാൻ പോയി.. ബാലൻസ് ചെയ്ത് നിന്ന് പെട്ടെന്ന് തന്നെ തിരിഞ്ഞു നോക്കി... മുൻപ് കണ്ടിട്ടേ ഇല്ലാത്ത മുഖങ്ങൾ.. ആരാണെന്ന് ചിന്തിക്കും മുന്നേ അതിലൊരുവൻ കയ്യിൽ സൈക്കിൾ ചെയിൻ ചുറ്റികൊണ്ട് ഹർഷിനടുത്തേക്ക് നടന്നു വന്നു... ഹർഷിന്റെ നോട്ടം ഓരത്തു നിന്ന് പേടിയോടെ ചുറ്റും നോക്കുന്ന കുഞ്ഞിലേക്കെത്തി.. അവന്റെ പിന്നാലെ മറ്റുള്ളവരുടെയും നോട്ടം കുഞ്ഞിലേക്കെത്തി.. ഒരുത്തൻ കണ്ണു കാണിച്ചതും ഒരു മുടിയൻ കുഞ്ഞിനടുത്തേക്ക് പോകാനാഞ്ഞു.. "ആാാാാ.............."

അലറിയുള്ള കരച്ചിൽ കേട്ട് ആ മുടിയന്റെ കാലുകൾ നിശ്ചലമായി.. ഹർഷിന്റെ മുന്നിൽ വന്നു നിന്നവന്റെ കയ്യിലുണ്ടായിരുന്ന സൈക്കിൾ ചെയിൻ അവന്റെ കഴുത്തിലൂടെ തന്നെ ചുറ്റി വലിച്ച്, കീറിപ്പൊളിഞ്ഞു തൂങ്ങുന്ന കഴുത്തിലെ ദശയും, അതിലൂടെ ഒലിക്കുന്ന ചോരയും, അവന്റെ അലർച്ചയും, ഹർഷിനെതിരെ നിന്ന ഓരോരുത്തരുടെയും ഉള്ളിൽ ഭയം നിറയ്ക്കാൻ പോന്നതായിരുന്നു.. മുടിയൻ ഒന്ന് കൂടെ കുഞ്ഞിനെ നോക്കി... വേഗം ആദ്യം നിന്നിടത്തു തന്നെ പോയി നിന്നു... അവന്റെ ആ പ്രവർത്തി ഇഷ്ടപ്പെടാത്ത പോലെ കൂട്ടത്തിൽ തലവൻ എന്ന് തോന്നിക്കുന്ന ആൾ മുഖം ചുളിച്ച് ഹർഷിന് നേരെ പോയി നിന്നു.. "പൊന്നു മോനെ.. നീ ചുമ്മാ ഷോ ഇറക്കല്ലേ... ഇതൊക്കെ ഞാൻ കുറേ കണ്ടതാ.. ഇതിലും ഉശിരുള്ളവന്മാര് വിചാരിച്ചിട്ട് നടന്നിട്ടില്ല.. എന്നിട്ടാ നീയ്...."

അയാളുടെ മുഖത്ത് ക്രൂരതയും പുച്ഛവും കലർന്ന ഭാവമായിരുന്നു.. അയാൾ ഇടുപ്പിൽ നിന്നും ചെറിയൊരു കത്തി ഊരിയെടുത്തു.. "ഈ പണി തന്നതേ അല്പം വല്യ പുള്ളിയാ.. അതോണ്ട് എനിക്കിത് വൃത്തിക്ക് ചെയ്തേ പറ്റൂ... ഒരൊറ്റ കുത്ത് തീർത്തോളാം..." ഹർഷിത് ചിരിയോടെ നിന്നതേ ഉള്ളൂ... അയാൾ കത്തി ഹർഷിന്റെ വയറിലേക്ക് കുത്താൻ ആയുമ്പോഴേക്കും ഹർഷിത് അവന്റെ കയ്യിൽ പിടുത്തമിട്ടു.. "എല്ലാം ഒന്നിൽനിന്ന് തുടങ്ങി വരുന്നേ ഉള്ളടാ.. ചാവേണ്ടവനാണെങ്കിൽ ചത്തൊടുങ്ങേണ്ട സമയം കഴിഞ്ഞു.. ഇനി ജീവിക്കണം.. എനിക്ക് വേണ്ടിയല്ല... എനിക്ക് വേണ്ടി മാത്രം ജീവിക്കുന്നവൾക്ക് വേണ്ടി..." പറഞ്ഞവസാനിക്കുമ്പോൾ കത്തി പിടിച്ച കൈ വളച്ചൊടിച്ച് അയാളുടെ ഷോൾഡറിൽ തന്നെ ആ കത്തി കുത്തിയിറക്കിയിരുന്നു അവൻ..... "ആആആആആആ......." അയാളുടെ നിലവിളി കേട്ട് അത് വരെ സ്വന്തം ജോലികൾ ചെയ്തുകൊണ്ടിരുന്ന എല്ലാവരും അവരിലേക്ക് ശ്രദ്ധതിരിച്ചു.. ഹർഷ് ഒരു ഭാഗത്തേക്ക് തന്നെ ഉറ്റുനോക്കി.. .

തിരക്കിനിടയിലൂടെ എന്താ സംഭവം എന്നറിയാതെ ഐസ്ക്രീമും കയ്യിൽ പിടിച്ച് ചുറ്റും നോക്കി വരുന്ന സ്റ്റീഫനെ കണ്ട് ഹർഷ് പല്ലു കടിച്ചു.. അവന്റെ മുഖഭാവം കണ്ടതും സ്റ്റീഫൻ ഒന്നു ഞെട്ടി.. അപ്പോഴാണ് അവന് സംഭവം ക്ലിക്ക് ആയത്... അപ്പോഴേക്കും കുത്തു കൊണ്ടവൻ പിടഞ്ഞു കൊണ്ട് താഴേക്ക് വീണിരുന്നു.. അതുകണ്ട് കൂടെയുള്ള രണ്ടു പേർ മുന്നോട്ട് വന്ന് ഹർഷിനെ ചവിട്ടാൻ ഒരുമിച്ച് കാല് പൊക്കി.. എന്നാൽ ഹർഷ് ഞൊടിയിടയിൽ ആ രണ്ടു കാലിലും പിടിച്ച് കറക്കി നിലത്തടിച്ചു.. അപ്പോഴേക്കും സ്റ്റീഫൻ ഐസ്ക്രീം കൊണ്ടു പോയി കുഞ്ഞിന്റെ കയ്യിൽ കൊടുത്തു.. " മോൾ ഇവിടെ നിൽക്ക് ട്ടൊ.. അച്ഛനെ അങ്കിൾ രക്ഷിക്കാം ... " "എന്റെ അച്ഛയെ അച്ഛ തന്നെ റഷിച്ചോളും.. അങ്കില് പോയി അടിവാങ്ങാതെ ഇവിടെ ഒളിഞ്ഞു നിന്നോ....." അവളുടെ വായ പൊത്തി ചിരിച്ചുകൊണ്ടുള്ള മറുപടി കേട്ട് സ്റ്റീഫൻ നേരെ നിന്ന് കുഞ്ഞിനെ ഒന്ന് മൊത്തത്തിൽ നോക്കി.. "അവന്റെ പ്രോഡക്റ്റല്ലേ.. ഇങ്ങനെയേ വരൂ.. "

സ്റ്റീഫൻ കുഞ്ഞിനെ കുറച്ച് കൂടെ സൈഡിലേക്ക് നിർത്തി തിരിയുമ്പോഴേക്കും വന്ന അഞ്ചു പേരും നിലം പതിച്ചിരുന്നു... ഹർഷ് അതിലൊരുത്തന്റെ അടുത്തേക്ക് നടന്നു.. "ആരയച്ചതാ എന്ന് പറഞ്ഞാൽ നിനക്ക് മാത്രം ഒരു കുഴപ്പവുമില്ലാതെ പോകാം.." നിലത്ത് വീണ് കിടന്നവൻ ഹർഷ് അടുത്തുവരുന്തോറും പുറകിലേക്ക് നിരങ്ങി കൊണ്ടിരുന്നു.. ഒപ്പം ചുറ്റും വീണുകിടക്കുന്ന തന്റെ ആളുകളെ മാറിമാറി നോക്കി.. സത്യം പറഞ്ഞില്ലെങ്കിൽ തന്റെ അവസ്ഥയും ഇതുപോലെ തന്നെയായിരിക്കും എന്ന ബോധ്യത്താൽ അവൻ പറയാമെന്ന പോലെ തലയാട്ടി... ____❤️ പാത്രം കഴുകി കൊണ്ടിരുന്ന ആൻ പെട്ടെന്ന് കോളിംഗ് ബെൽ കേട്ട് പാത്രം അവിടെയിട്ട് കൈ തുടച്ചു കൊണ്ട് ഹാളിലേക്ക് നടന്നു.. " ഇവരിത്രയും വേഗം വന്നോ? " ക്ലോക്കിലേക്ക് കണ്ണ് പായിച്ചുകൊണ്ട് അവൾ ചിന്തകളോടെ വാതിൽ തുറന്നു.. മുന്നിൽ നിൽക്കുന്ന ആളെ കണ്ട് അവളുടെ മുഖം വിടർന്നു.. "ആഷി......" "ഹോ.. എന്റെ പെണ്ണേ..." ആരുഷി ചിരിയോടെ തുള്ളിച്ചാടി അകത്തേക്ക് കയറി ആനിനെ മുറുകെ കെട്ടിപ്പിടിച്ചു... "എന്താടി ഇത്.. ഒന്ന് പറഞ്ഞു പോലുമില്ല..." സന്തോഷം കൊണ്ട് ആനിന്റെ കണ്ണു നിറയുന്നുണ്ടായിരുന്നു.. "നിന്റെ ഈ മുഖം കാണാനാ പെണ്ണേ..

ഈ സർപ്രൈസ് തരാൻ വേണ്ടി ഞാൻ എത്ര ബുദ്ധിമുട്ടി എന്നറിയോ?? ഉച്ചയ്ക്ക് ഇവിടെയെത്തിയതാ.. അഡ്രസ്സ് തപ്പി നടന്ന് നടന്ന് നടന്ന് അവസാനം എങ്ങനെയോ ഇവിടെയെത്തി.. വാതിൽ തുറക്കുംവരെ ടെൻഷനായിരുന്നു... വേറെ ആരുടെയെങ്കിലും വീടായിരിക്കുമോന്ന്... ഇപ്പോഴാ ശ്വാസം നേരെ വീണത്.. എവിടെ എന്റെ ക്രൈം partner.... നച്ചൂട്ടീ......... " " അവളും ഹർഷേട്ടനും ആൾടെ ഫ്രണ്ടും കൂടി പുറത്തു പോയതാടി... " "ഹ്മ്മ്.. ഓക്കേ.. ഇപ്പൊ നീ ഹെവി ആയിട്ട് കഴിക്കാൻ വല്ലതുമെടുക്ക്.. ഞാൻ പോയി ഒരു കുളി പാസാക്കിയിട്ട് വരാം..." "എടി. പുറത്താ ബാത്രൂം..." "It's okey.. നീ വേഗം ഫുടെടുക്ക്.. മാല ടും ടും മഞ്ചര ടും ടും. മാത്ത് അടിക്ക മംഗള ടും ടും ഓല ടും ടും ഒതുക്ക് ടും ടും.... പാട്ടും പാടി ടവ്വലും എടുത്ത് കുളിക്കാൻ പോകുന്നവളെ നോക്കി ചിരിയോടെ ആൻ അടുക്കളയിലേക്ക് നടന്നു.. ഭക്ഷണം ഒക്കെ എടുത്ത് ടേബിളിലേക്ക് വയ്ക്കുമ്പോഴേക്കും പുറത്ത് വണ്ടി വന്നു നിന്ന ശബ്ദം കേട്ട് ആൻ വേഗം പോയി വാതിൽ തുറന്നു..

കാറിൽ നിന്നിറങ്ങുമ്പോൾ ചിരിയോടെ നില്ക്കുന്ന ആനിനെ കണ്ട് ഹർഷിന്റെ നെറ്റി സംശയത്താൽ ചുളിഞ്ഞു.. ആ മുഖത്തെ ചിരിയിൽ തന്നെ അവളുടെ സന്തോഷം പ്രകടമായിരുന്നു.. അവൾക്ക് ആരോടെങ്കിലും തന്റെ സന്തോഷം പങ്കിടണം എന്ന് തോന്നി.. പക്ഷേ സ്റ്റീഫന്റെയും ഹർഷിന്റെയും മുഖത്തേക്ക് നോക്കിയപ്പോൾ അവൾക്ക് ഒന്നും പറയാൻ മനസ്സ് വന്നില്ല.. അവൾ വേഗം മുന്നോട്ടു വന്ന് കുഞ്ഞിനെ എടുത്തു.. "കുഞ്ഞാ.. നിന്റെ ആഷി വന്നിട്ടുണ്ട്..." ആ പേരു കേട്ടതും കുഞ്ഞിന്റെ മുഖത്തുണ്ടായ തിളക്കവും ഹർഷ് ശ്രദ്ധിച്ചു.. "എന്നിറ്റ് എവടെ??" " കുളിക്കുവാ.. ഇപ്പൊ വരും ട്ടൊ...? " ഹർഷിന് അതാരാണെന്നറിയാനുള്ള ആഗ്രഹം തോന്നി.. എന്നാൽ ആനിനോട് ചോദിക്കാൻ മടിയും.. ഹർഷ് മുന്നോട്ടുവന്ന് ആനിന്റെ ഒക്കത്തിരിക്കുന്ന കുഞ്ഞിന്റെ തോളിലൂടെ പിടിച്ചു.. "ആഷി ആരാ കുഞ്ഞാ...??" ചോദ്യം കുഞ്ഞിനോടാണെങ്കിലും നോട്ടം വന്നു നിന്നത് ആനിന് നേരെയായിരുന്നു..

എന്നാൽ ഇത്രയും അടുത്തു നിൽക്കുന്നവനെ ഒന്ന് നോക്കാൻ കഴിയാതെ അവൾ അങ്ങോട്ടുമിങ്ങോട്ടും കരിമിഴികൾ പായിച്ചു.. "ആഷിയെ... അമ്മേടെ ബെസ്റ്റ് ഫ്രണ്ടാ.. നച്ചൂട്ടിക്ക് സാധിക പോലെ.... പിന്നെ മോൾക്കും അമ്മയ്ക്കും ആഷി മാത്രേ ഉള്ളൂന്നാ അമ്മ പറഞ്ഞേക്കുന്നെ... ല്ലെ അമ്മേ.." അവളുടെ ആ വാക്കുകളിൽ ആനിന്റെ നോട്ടം ഹർഷിലേക്കെത്തി.. അതേ.. പണ്ട് താൻ പറഞ്ഞ് പഠിപ്പിച്ചിരുന്നു.. നമുക്ക് ആഷി മാത്രമേ സ്വന്തമായി ഉള്ളൂ,, മറ്റാരെയും വിശ്വസിക്കരുത്, മറ്റാരും നമ്മുടേതല്ല എന്ന്.. പക്ഷെ.. ഇപ്പോൾ... ഇപ്പോൾ അങ്ങനെ അല്ലല്ലോ... കുഞ്ഞിനോട് താൻ പറഞ്ഞത് ശരിയല്ല എന്ന് തിരുത്താൻ അവളുടെ ഉള്ളം തുടിച്ചു.. എന്നാൽ ഹർഷിന്റെ കണ്ണിൽ വേദനയായിരുന്നു.. നിഷ്കളങ്കമായ കുഞ്ഞിന്റെ വാക്കുകളിൽ പോലും നിറഞ്ഞുനിന്നത് ഒരിക്കൽ അവർ അനുഭവിച്ച നിസ്സഹായതയാണ്.. എല്ലാം താൻ കാരണം.. അവന്റെ മുഖം കണ്ട് ആൻ വരുത്തിതീർത്ത ചിരിയോടെ അകത്തേക്ക് നടക്കാനായി തിരിഞ്ഞു.. എന്നാൽ ആദ്യമായി അവന്റെ കൈകൾ അവളുടെ കൈകളെ പിടിച്ചു നിർത്തി... _____❤️

ആനിന്റെയും ഹർഷിന്റെയും സംസാരം കണ്ട് കട്ടുറുമ്പാകണ്ട എന്ന ചിന്തയോടെ സ്റ്റീഫൻ വേഗം അകത്തേക്ക് നടന്നു.. കയ്യിൽ കരുതിയ പച്ചക്കറികളെല്ലാം അടുക്കളയിൽ കൊണ്ട് വെച്ച് കുറച്ച് വെള്ളവും കുടിച്ച് അവൻ പുറത്തേക്ക് വന്നു.. വെയിലത്തു കുറേ നടന്ന് പൊരിഞ്ഞു വന്നതു കൊണ്ട് തന്നെ അവരുടെ സംസാരം ഒന്നും സ്റ്റീഫൻ ശ്രദ്ധിച്ചിരുന്നില്ല.. അവൻ ഒന്നും കയ്യും കാലും മുഖവും കഴുകാം എന്ന് കരുതി നേരെ പുറകിലെ വാതിലിലൂടെ ബാത്ത്റൂമിലേക്ക് നടന്നു.. ഡോർ തുറന്നതേ ഓർമ്മയുള്ളൂ.. "പുതുസാ ഒരു വെക്കം മുളക്ക്ത്.. പുടിച്ച ഒരു വെപ്പം അടിക്കുത്.. വേട്ടി ഒന്നു സേലയതാൻ കട്ടി കിട്ടു സിക്കി തവിക്കിതു.. മാല ടും ടും മഞ്ചര ടും ടും മാത്ത് അടിക്ക മംഗള ടും ടും.. ഓല ടുംടും ഒ...... ആആആആആആആആ........." കുളിച്ചു കൊണ്ടിരിക്കെ പെട്ടെന്ന് തിരിഞ്ഞ ആരുഷി വായും പൊളിച്ച് നോക്കിനിൽക്കുന്ന സ്റ്റീഫനെ കണ്ട് പേടിച്ച് വലിയവായിൽ അലറി... സ്റ്റീഫൻ ഞെട്ടലോടെ മുന്നിൽ നിന്ന് അലറുന്ന പെണ്ണിനെ നോക്കി.. പിന്നെ ഒന്ന് ചുറ്റും നോക്കി അന്താളിപ്പോടെ ബാത്റൂമിനകത്തേക്ക് കയറി അവളുടെ വായിൽ അമർത്തിപ്പിടിച്ചു.. "പ്ലീസ്.. നാറ്റിക്കല്ലേ.. ഞാനിപ്പോ വന്നെ ഉള്ളൂ. ഒന്നും കണ്ടില്ല.. " "ഹജ്മ്മി വിപ് ബ്ഡ്ജ്ജ്..." "എന്താ....???"

അവൾ പറയുന്നത് മനസ്സിലാക്കാതെ സ്റ്റീഫൻ മിഴിച്ചുനിന്നു .. അവൾ വായ മൂടി പിടിച്ചിരിക്കുന്ന കയ്യിൽ അമർത്തി കടിച്ചു.. "ആഹ്ഹ്..." "വായ മൂടി വച്ചിട്ടാണോടാ കഥാപ്രസംഗം നടത്തുന്നത്... താനേതാ... ആദ്യം പുറത്തേക്കിറങ്ങടോ..." അവൾ ദേഷ്യം കൊണ്ട് വിറക്കുകയായിരുന്നു.. അപ്പോഴാണ് സ്റ്റീഫൻ അവളെ മുഴുവനായൊന്ന് നോക്കിയത്.. ഒരു ടവൽ മാത്രമേ ഉടുത്തിട്ടുള്ളൂ.. അതും നനഞ്ഞുകുതിർന്നത്.. "ഇറങ്ങടാ പട്ടീ........" ആ അലറലിൽ സ്റ്റീഫന് ബോധം വന്ന പോലെ വേഗം പുറത്തേക്കിറങ്ങി.. അവൾ ഡോർ വലിച്ചടച്ചു.. വെള്ളം നിറച്ചു വെച്ച ബക്കറ്റ് എടുത്ത് ഡോറിലേക്ക് ചാരി വച്ചു.... ആവേശത്തിൽ വലിച്ചടച്ചതും ഡോറിന്റെ കൊളുത്ത് കയ്യോടെ വന്നപ്പോൾ ആൻ മാത്രമല്ലേ ഉള്ളൂ എന്ന ധൈര്യത്തിൽ ഡോർ ചാരി വച്ച് കുളിക്കാൻ തോന്നിയ ബുദ്ധിയെ സ്വയം പഴിച്ച് കൊണ്ട് അവൾ ബാക്കി പാട്ട് പാടികൊണ്ടിരുന്നു... "മാല ടും ടും..."........ തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story