നിലാമഴ: ഭാഗം 32

Nilamazha

എഴുത്തുകാരി: അനു രാജീവ്

ഹർഷ് പിടിച്ച കയ്യിലേക്ക് ആൻ അത്ഭുതത്തോടെ നോക്കി.. സത്യം തന്നെയാണോ എന്ന മട്ടിൽ... കയ്യിൽ നിന്നും നോട്ടം ആ മുഖത്തേക്കെത്തി.. ഹർഷിന് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു... ആൻ അവന്റെ ഇരുകണ്ണിലും മാറി മാറി നോക്കി.. . "ആ. ആ കുട്ടി.. എത്ര ദിവസം ഉണ്ടാവും...??".. വെറുതെ ഒരു ചോദ്യം... അവളുടെ മുഖത്തെ പ്രകാശം മങ്ങി.. മറ്റെന്തോ പ്രതീക്ഷിച്ച പോലെ... "അറിയില്ല...." അവന് ചോദിക്കാൻ മറ്റൊന്നുമുണ്ടായിരുന്നില്ല.. പതിയെ അവന്റെ കൈകൾ അയഞ്ഞു... ആൻ അകത്തേക്ക് നടന്നു... "ആൻ...ടീ.... ആൻ..." അകത്തേക്ക് കയറിയതും ബാത്റൂമിൽ നിന്നുമുള്ള ആരുഷിയുടെ ശബ്ദം കേട്ട് ആൻ വേഗം അങ്ങോട്ട് നടന്നു.. ആൻ പോകുന്നതും നോക്കി സ്റ്റീഫൻ ഉമിനീരിറക്കി... "എന്താടി..." "എന്റെ ഡ്രസ്സെടുത്ത് താടീ..." " നീ അതൊന്നുമില്ലാതെ എന്ത് കാണാനാ അതിനകത്തേക്ക് കയറിയത്..." "ഹാ.. ഇനി പറഞ്ഞിട്ടെന്താ? കാണേണ്ടതൊക്കെ കണ്ടു..." "എന്തോന്ന്???" "ഒന്നുല്ല . നീയെന്റെ ഡ്രസ്സ് എടുത്തിട്ട് വാ വേഗം.." "ഹ്മ്മ്..."

ആൻ ഒന്നു മൂളിക്കൊണ്ട് വീണ്ടും ഹാളിനകത്തേക്ക് കയറി.. സോഫയിൽ ഇരുന്നിരുന്ന സ്റ്റീഫൻ ആനിന്റെ മുഖത്തേക്ക് ഇടംകണ്ണിട്ട് നോക്കി.. ആരുഷി വല്ലതും പറഞ്ഞിട്ടുണ്ടാവുമോ എന്ന് സ്റ്റീഫൻ ഭയന്നിരുന്നു.. എന്നാൽ ആനിന്റെ മുഖത്ത് പ്രത്യേകിച്ച് മാറ്റമൊന്നും ഇല്ല എന്ന് മനസ്സിലായി അവൻ ശ്വാസം നേരേ വിട്ടു.. സ്റ്റീഫനെ നോക്കി ഒന്ന് ചിരിച്ച് ആൻ ആരുഷിയുടെ ബാഗിൽ നിന്നും ഡ്രസ്സെടുത്ത് അവൾ പുറത്തേക്ക് നടന്നു,. "നീ എന്താടാ വല്ലാതിരിക്കുന്നെ???" പെട്ടെന്ന് ഹർഷിന്റെ ചോദ്യം കേട്ട് സ്റ്റീഫൻ ഒന്ന് ഞെട്ടി വേഗം സോഫയിൽ നിന്നും എഴുന്നേറ്റു.. "ടാ.. അമ്മച്ചി വിളിച്ചിരുന്നു.. ഞാൻ പൊയ്ക്കോട്ടേ.." " നീയല്ലേ പറഞ്ഞത് ചേച്ചിയും കുട്ടികളും വന്നിട്ടുണ്ട് അതോണ്ടിന്ന് ഇവിടെ നിൽക്കാന്ന്..." "അത്... അത് പിന്നെ.. അവരും എപ്പോഴെങ്കിലുമൊക്കെയ ല്ലേ വരുള്ളൂ.. ഞാൻ പോയില്ലെങ്കിൽ മോശമല്ലേ..." " ഇത് നിനക്ക് കുറച്ചു നേരത്തെ തോന്നിയില്ലേ?? നീ നിൽക്കുന്നുണ്ടെന്ന് പറഞ്ഞിട്ടല്ലേ എന്നെകൊണ്ട് വേണ്ടാത്ത ഐറ്റംസ് ഒക്കെ വാങ്ങിപ്പിച്ചത്..."

സ്റ്റീഫൻ ഫ്രിഡ്ജിലേക്ക് ഒന്ന് എത്തിനോക്കി .. "ഹ്മ്മ്... ശരി പോവുന്നില്ല..." അവന്റെ മുഖത്തെ ഭാവം കണ്ട് ഹർഷിന് ചിരിവന്നു.. "അല്ലെങ്കിലും നീ അത് വേണ്ടാന്ന് വച്ച് പോവില്ലാന്ന് എനിക്കറിയില്ലേ?? പെട്ടെന്നൊരു കുടുംബ സ്നേഹം.. കാര്യം പറ മോനെ.. എന്താ സംഭവം,.?" "എടാ.. അത് പിന്നെ... "ഹായ്...ഹർഷേട്ടാ..." പെട്ടെന്നൊരു അപശബ്ദം കേട്ട് ഹർഷും സ്റ്റീഫനും തിരിഞ്ഞുനോക്കി ... അപ്പോഴേക്കും ആരുഷി ഹർഷിന്റെ അടുത്തു വന്നു നിന്നു.. ഹർഷ് ഒന്ന് പുഞ്ചിരിച്ചു. "ഇവളെന്നെ പറ്റിയൊന്നും പറഞ്ഞിട്ടുണ്ടാവില്ല അല്ലേ.. അല്ലെങ്കിലും നിങ്ങളെ കണ്ടാൽ അവൾക്കൊന്നും പറയാൻ ഓർമ്മ വരാറില്ല.. എപ്പോഴും ബ ബ ബാ ആണ്.. അത് പോട്ടേ.. ഞാൻ ആരുഷി.. കുറേ കാലമായി ദേ അതിന്റെ കൂടെ കൂടിയിട്ട്... ഇപ്പൊ അവളെ കാണാതെ ജീവിക്കാൻ പറ്റാത്ത അവസ്ഥയാ... ഞാനേ ഇവരെ ബാംഗ്ലൂരിലേക്ക് കൊണ്ടു പൊയ്ക്കോട്ടെ..?"

അത്രയും നേരം ഹർഷിന്റെ ചുണ്ടിൽ ഉണ്ടായിരുന്ന ചിരി അവസാന വാചകത്തിൽ മറഞ്ഞു പോയി.. ആരുഷിയെ മറികടന്ന് അവന്റെ നോട്ടം ആനിലേക്കെത്തി.. ആൻ കണ്ണ് തുറിപ്പിച്ച് ആരുഷിയെ നോക്കുന്നുണ്ട്.. പിന്നെ നിസഹായതയോടെ ഹർഷിലേക്കും.... ആരുഷിയെ നോക്കി പല്ലു കടിച്ച് സ്റ്റീഫൻ ഹർഷിന്റെ കയ്യിൽ പിടിച്ച് പുറത്തേക്ക് വലിച്ചു കൊണ്ടുപോയി.. ആൻ വേഗം ആരുഷിക്കടുത്തേക്ക് വന്ന് അവളുടെ കയ്യിലേക്ക് ഒരൊറ്റ അടി കൊടുത്തു... "ഹാ... വേദനിച്ചു..." കയ്യുഴിഞ്ഞു കൊണ്ട് അവൾ ആനിനെ നോക്കി പറഞ്ഞു.. " വേദനിക്കാൻ തന്നെയാ അടിച്ചത്.. നീ എന്തിനാ അങ്ങനെയൊക്കെ പറഞ്ഞത്.. എനിക്ക് ഇനി ഹർഷേട്ടനില്ലാതെ.. ചിന്തിക്കാൻ പോലും പറ്റുന്നില്ല ടീ..." "ഓഹോ... അപ്പൊ അത്രേ ഉള്ളൂലെ.. ഇപ്പൊ നമ്മളെയൊന്നും വേണ്ടാതായി..." ."എടി.. അങ്ങനെയല്ല..." ആനിന്റെ ദയനീയാവസ്ഥ കണ്ട് ആരുഷി പൊട്ടിച്ചിരിച്ചു..

"എടി മണ്ടി.. ഞാൻ നിന്നെ എവിടേക്കും കൊണ്ട് പോവുന്നില്ല . നീ സന്തോഷമായി ജീവിക്കുന്നത് കണ്ടാൽ മാത്രം മതി എനിക്ക്.. നിന്റെ സന്തോഷം ആ പോയ മനുഷ്യനാണെന്ന് മറ്റാരെക്കാളും നന്നായി എനിക്കറിയാം.. നിന്നെ കൊണ്ടുപോകുന്നു എന്നു പറയുമ്പോൾ ആൾക്ക് എന്താ ഫീൽ ചെയ്യുന്നേ എന്നറിയാൻ വേണ്ടി വെറുതെ എറിഞ്ഞു നോക്കിയതല്ലേ .. പക്ഷേ ഞാൻ വിചാരിച്ചതിനേക്കാളും സംഭവം എളുപ്പമാ.. പുള്ളിക്ക് നിന്നെ ഒത്തിരി ഇഷ്ട്ടമാടി.. നിന്നെ വിട്ട് പിരിയാൻ ആൾക്ക് ഒട്ടും താല്പര്യമില്ല.. നീ വിട്ടു പോയാലും, ഇനി ആള് നിന്നെ വിട്ടു കൊടുക്കില്ല, നോക്കിക്കോ..." ഇത്രയും പറഞ്ഞു കൊണ്ട് ആരുഷി ടേബിളിലേക്ക് ഇരുന്ന് പ്ലേറ്റിലേക്ക് ഫുഡ് വിളമ്പി.. ആൻ അവൾ പറഞ്ഞ വാക്കുകളിൽ കുരുങ്ങി നിൽക്കുകയായിരുന്നു.. ശരിയാണ് താൻ പോകുന്നു എന്ന് പറഞ്ഞപ്പോൾ ആ മുഖത്തുണ്ടായ ഭാവം എന്തായിരുന്നു? വിഷമമോ?

നിസ്സഹായതയോ? തന്നെ ദയനീയമായി നോക്കിയോ? ആ നോട്ടത്തിൽ പ്രണയമായിരുന്നോ??? ഏയ്‌.. ഒരുപാട് ചിന്തിച്ചു കൂട്ടണ്ട... പെട്ടെന്ന് പോവുന്നു എന്ന് കേട്ടപ്പോൾ വിഷമം തോന്നി കാണും.. "ആഷി...." "ഹ്മ്മ്..." "ഹർഷേട്ടൻ ഇപ്പൊ വന്ന് ശരി നിങ്ങൾ പൊയ്ക്കോ എന്ന് പറഞ്ഞാൽ???" "അങ്ങനെ പറയോ???" വായിലെ ചോറ് ഇറക്കാതെ കണ്ണു മിഴിച്ചു കൊണ്ട് ആരുഷി ചോദിച്ചു.. "പറഞ്ഞാൽ??" "പറഞ്ഞാലെന്താ നമുക്ക് തിരികെ പോവാം.." "കൊല്ലും ഞാൻ.. ദുഷ്ട്ടെ..." അവൾ ടേബിളിൽ ഇരിക്കുന്ന ഗ്ലാസ് എടുത്ത് ആരുഷിക്ക് നേരെ ഓങ്ങി... ആരുഷി പുഞ്ചിരിച്ചതേ ഉള്ളൂ.. "നീ ഒരുപാട് മാറി ആൻ.. നിന്റെ മുഖത്തെ ഈ ഭാവങ്ങളൊക്കെ ഞാൻ ആദ്യമായിട്ടാ കാണുന്നെ.. നിന്റെ ഈ സന്തോഷങ്ങളൊന്നും നഷ്ടപ്പെടാൻ ഞാൻ സമ്മതിക്കില്ല.. അത് കൊണ്ട് എന്റെ ആഗമനോദ്ദേശം ഇപ്പൊ വ്യക്തമാക്കാം... നിന്നേം നിന്റെ കണവനേം തമ്മിൽ ജോയിന്റ് അടിപ്പിച്ചിട്ടേ ഈ ആരുഷിക്കിനി വിശ്രമമുള്ളു... പുള്ളിക്ക് നിന്നോടുള്ള കണക്ഷനൊക്കെ എനിക്ക് പിടുത്തം കിട്ടി..

ഇനി എന്റെ ഇടപെടലും കൂടെയാവുമ്പോ സംഭവം കളറാവും. നോക്കിക്കൊ.." ആനിന് കാര്യമായിട്ടൊന്നും മനസ്സിലായില്ലെങ്കിലും അവൾ വെറുതെ തലയാട്ടി പുറത്ത് സ്റ്റീഫനോട് സംസാരിച്ചു നിൽക്കുന്ന ഹർഷിനെ നോക്കി.. കുഞ്ഞിനെ നോക്കി ചിരിക്കുന്നുണ്ടെങ്കിലും ഇടക്കിടക്ക് കണ്ണ് ജനലിലൂടെ തന്നെ തേടി എത്തുന്നുണ്ട്.. അവൾ പതിയെ അവനിൽ നിന്നും ശ്രദ്ധ മാറ്റി.. _____❤️ "എടാ.. നീയെന്താ പറയുന്നേ.. ആ പെണ്ണ് എന്തെങ്കിലും പറഞ്ഞു എന്ന് കരുതി നീ ആനിനെ അവളോടൊപ്പം അയയ്ക്കാൻ പോവാണോ???" " പിന്നെ ഞാനെന്തു വേണമെന്നാ നീ പറയുന്നത്.. ഇന്ന് മാർക്കറ്റിൽ തല്ലാൻ വന്നവർ പറഞ്ഞ പേര് കേട്ടോ നീ... ജോൺസൺ സാമുവൽ .. അതാരാണെന്നറിയോ നിനക്ക്.. എന്റെ ഇംഗ്ലീഷ് പ്രൊഫസർ. അയാളെന്തിനാ എന്നെ അടിക്കാൻ ആളെ വിട്ടത്..? എനിക്കെത്ര ആലോചിച്ചിട്ടും പിടുത്തം കിട്ടുന്നില്ല... എനിക്ക് എത്ര ശത്രുക്കളുണ്ടെന്നോ, ആര് എപ്പോ എന്തിന് എന്റെ നേരെ വരുന്നു എന്നുപോലും എനിക്കറിയുന്നില്ല ടാ.... അടുത്ത് വന്നു നിൽക്കുന്നത് ശത്രുവാണോ മിത്രമാണോ എന്ന് പോലും നിശ്ചയമില്ല .. അങ്ങനെ ഒരു ജീവിതത്തിലേക്ക് അവളെ കൂടെ കൂട്ടണോ??"

"എനിക്ക് മനസിലാകും... പക്ഷെ നീ മനസിലാക്കേണ്ട ഒരു കാര്യമുണ്ട്, നിന്റെ പ്രശ്നങ്ങൾക്കുള്ള ഉത്തരമാണ് ആൻമരിയ... നിനക്കറിയാത്ത പല കാര്യങ്ങളും അവൾക്കറിയാം.. അവൾക്ക് മാത്രമേ അറിയൂ.. ഞാനും ദേവയുമൊക്കെ നിനക്ക് പറഞ്ഞു തന്നത് നിന്റെ ജീവിതമല്ല.. ഒരു കഥയാണ്.. അത് പൂർണമല്ല.. നിന്റെ ഓർമ്മകളിൽ ഇല്ലാത്ത 3 വർഷങ്ങൾ ആകെ അറിയുന്നത് നിനക്കും ആനിനും മാത്രമാണ്.. അവളോട് ചോദിക്ക്.. അവൾ പറഞ്ഞുതരും നിനക്കറിയേണ്ടതെല്ലാം..." ആൻ വരുന്നത് കണ്ട് സ്റ്റീഫൻ വേഗം ഹർഷിന്റെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങി... ആനിനെ നോക്കി ഒന്ന് ചിരിച്ച് അകത്തേക്ക് നടന്നു.. ഹർഷ് അവളുടെ മുഖത്തേക്ക് നോക്കിയില്ല.. "ഹർഷേട്ടാ....." ആ വിളിയിൽ അവൻ പെട്ടെന്നവളെ നോക്കി... "ഞാൻ.,.. "നീ എന്നെ ഇങ്ങനെയാണോ വിളിച്ചോണ്ടിരുന്നത്...?" അവൾ പറയാൻ തുടങ്ങുമ്പോഴേക്കും ഹർഷ് ആവേശത്തോടെ ചോദിച്ചു..... അവൾ ചിരിച്ചു.. "ഹ്മ്മ്.. ഹർഷേട്ടൻ എന്നെ അന്നമ്മേ ന്നും..." അവന്റെ നെറ്റി ചുളിഞ്ഞു.. ഓർമയിലെങ്ങും അങ്ങനെയൊരു പേരില്ല...

ഒരു നിമിഷത്തെ നിശബ്ദതയ്ക്കു ശേഷം ഹർഷ് വീണ്ടും അവളിലേക്ക് തിരിഞ്ഞു.. "നിനക്ക് ജോൺസൻ സമുവലിനെ അറിയോ..?" "ഹ്മ്മ്.. നമ്മടെ ഇംഗ്ലീഷ് പ്രൊഫസർ... ഹർഷേട്ടനാ അയാളെ കോളേജിന്ന് പുറത്താക്കിയത്..." "ഞാനോ????" അവൻ അത്ഭുതത്തോടെ ചോദിച്ചു.. ആൻ മറുപടിയായി നൽകിയത് മനോഹരമായ പുഞ്ചിരിയായിരുന്നു.. "ഹ്മ്മ്.. അയാള് ഹർഷേട്ടന്റെ ഏതോ ഫ്രണ്ടിന്റെ അനിയത്തിയോട് മോശമായി പെരുമാറി.. അന്ന് കോളേജ് ഗ്രൗണ്ടിലിട്ട് അത്രേം പിള്ളേരുടെ മുന്നിൽ അയാളെ പൊതിരെ തല്ലി.. അതിന് ഹർഷേട്ടനെ ഒന്നര മാസം സസ്പെൻഡ് ചെയ്തു.. ആ കുട്ടി തന്നെ ഓഫീസിൽ പോയി കാര്യം പറഞ്ഞു, അയാളെ കോളേജിൽ നിന്നും ഡിസ്മിസ്സ് ചെയ്തു.." ഹർഷിനതെല്ലാം പുതിയ അറിവായിരുന്നു.. അതിന്റെ ഭാവവ്യത്യാസവും അവന്റെ മുഖത്ത് പ്രകടമായി... "എനിക്ക്... എനിക്ക് നിന്നെ കുറിച്ചൊന്നും അറിയില്ല.. അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്..." അല്പം മടിയോടെയാണ് അവനത് ചോദിച്ചത്...

അവളിൽ വേദനയിൽ കുതിർന്ന പുഞ്ചിരിയായിരുന്നു... "അറിയാൻ മാത്രം ഒന്നുമില്ല ഹർഷേട്ടാ.. അമ്മയ്ക്കും അച്ഛനും വേണ്ടാത്തത് കൊണ്ടാവാം, വളർന്നത് ഒരു മഠത്തിലാ.. ക്‌ളീഷേ അനാഥ കുട്ടികളുടെ ജീവിതം.. +2 വരെ അവരുടെ കോൺവെന്റില് പഠിച്ചു.. പിന്നെ നമ്മടെ കോളേജിലേക്ക്.. ശരിക്കും അതിന് ശേഷമാ ഞാൻ ജീവിച്ചു തുടങ്ങിയത്... അന്ന് നല്ല മഴയുണ്ടായിരുന്നു.. കോളേജിലെ ആദ്യ ദിവസം... ഞാനെന്റെ സന്തോഷത്തെ കണ്ടെത്തിയ ദിവസം..." അവൾ അവന്റെ കണ്ണിലേക്ക് തന്നെ നോക്കി.. അത്രയും പ്രണയത്തോടെ... അവനെന്തു ചോദിക്കണം എന്നറിയില്ലായിരുന്നു.. അവൾ തുടർന്നു.. "ഹർഷേട്ടനായിരുന്നു എന്റെ സന്തോഷം.. ഞാൻ ഉള്ളറിഞ്ഞു ചിരിച്ചത് ഹർഷേട്ടൻ കൂടെയുണ്ടായിരുന്നപ്പോൾ മാത്രമായിരുന്നു.. ഒരു നോട്ടം മതി, എന്നെ നോക്കിയൊന്ന് ചിരിച്ചാൽ മതി, ചിരിക്കുമ്പോൾ തെളിയുന്ന ഈ താടിക്കുള്ളിലെ നുണക്കുഴി കണ്ടാൽ മതി... അതിനപ്പുറം ഒന്നും ആഗ്രഹിച്ചിട്ടില്ല.. അന്നും.. ഇന്നും.. " അവൾ തിരിഞ്ഞു നടന്നു... അവന് മാത്രം അനങ്ങാൻ കഴിഞ്ഞില്ല... ___❤️

"എടാ.. എനിക്ക് വേണ്ടാ. ഇത് കഴിച്ചിട്ട് കുറേ കാലമായി..." "ഇങ്ങനെയൊക്കെയല്ലേ വീണ്ടും തുടങ്ങുന്നേ.. അടിക്കടാ..." ബിയർ ബോട്ടിൽ പൊട്ടിച്ച് സ്റ്റീഫൻ ഹർഷിന്റെ കയ്യിൽ കൊടുത്തു.... "എടാ.. അതല്ല. രണ്ടു പെൺകുട്ടികളുള്ള സ്ഥിതിക്ക് നമ്മൾ ചെയ്യുന്നത് ശരിയല്ല.." "എടാ, അവരിപ്പോ തന്നെ മുറിയിലേക്ക് പോയി..... നമ്മളിതൊക്കെ തീർത്ത് പോയി കിടക്കുമ്പോഴേക്കും അവര് രണ്ട് ഉറക്കം കഴിഞ്ഞിട്ടുണ്ടാവും..." മുന്നിൽ നിരത്തി വച്ചിരിക്കുന്ന ബിയർ ബോട്ടിലുകളിലേക്ക് നോക്കിക്കൊണ്ട് സ്റ്റീഫൻ ഹർഷിനോട്‌ പറഞ്ഞു... അവനും ചിന്തകളോടെ ബോട്ടിൽ ചുണ്ടോട് ചേർത്തു... അപ്പോഴും മനസ്സ് നിറയെ ആനിന്റെ വാക്കുകളായിരുന്നു... ____❤️ "അതൊന്നും വേണ്ട ആഷി..." "Iam so sorry dear.. നമ്മൾ പരിശ്രമിക്കാതെ ഒന്നും നടക്കാൻ പോകുന്നില്ല... ഞാനിപ്പോൾ ഹർഷേട്ടന്റെ റൂമിൽ പോയി കിടക്കുന്നു, ഹർഷേട്ടനെ ഇങ്ങോട്ട് അയയ്ക്കുന്നു.. ഫൈനൽ.." "വേണ്ടടി.. അതൊന്നും ശരിയാവില്ല.." "ഞാൻ ശരിയാക്കും..പുള്ളി ഇങ്ങോട്ട് കയറി വരുമ്പോൾ നീ ഇറക്കി വിടാതിരുന്നാൽ മതി "

"എടി.. എന്നാലും..." "ഹോ.. എന്റെ പെണ്ണേ.. നീ ടെൻഷനടിക്കുന്നത് കണ്ടാൽ തോന്നും ഏതോ ഒരുത്തനെ ഇങ്ങോട്ട് കയറ്റി വിടാനാണെന്ന്.. ഈ കിടക്കുന്ന മുതലിന്റെ പ്രൊഡ്യൂസറല്ലേ.. എന്നെ കൊണ്ട് കൂടുതലൊന്നും പറയിപ്പിക്കണ്ട..." ആനിനെ ഒന്നിരുത്തി നോക്കി ആരുഷി പുറത്തേക്കിറങ്ങി. സിറ്റൗട്ടിൽ ഇരുന്ന് വെള്ളമടിക്കുന്ന രണ്ടിനെയും ഒന്ന് എത്തി നോക്കി ആരുഷി ഹർഷിന്റെ റൂമിലേക്ക് പോയി... പലതരം കണക്കുകൂട്ടലുകളോടെ... _____❤️ സ്റ്റീഫൻ ആരുഷിയെ കുറിച്ചോർക്കുകയായിരുന്നു... അങ്ങനെയൊക്കെ സംഭവിച്ചിട്ടും ഇത്രയും നേരം ഇങ്ങനെയൊരു മനുഷ്യൻ ഇവിടെയുണ്ടെന്ന ഭാവം പോലും അവളിൽ ഇല്ലായിരുന്നു.. മുന്നിലൂടെ തേരാപാരാ നടന്നിട്ടും കോഴിക്കോടങ്ങാടിയിൽ കണ്ട പരിചയം പോലും കാണിക്കുന്നില്ല. ഇനി ബാത്‌റൂമിൽ നടന്നതൊക്കെ സ്വപ്നമായിരുന്നോ...

"ടാ...." ഹർഷിന്റെ ശബ്ദത്തിൽ സ്റ്റീഫൻ ഒന്ന് ഞെട്ടി.. "എനിക്ക് മതിയടാ.. തല പൊങ്ങാത്ത പോലെ.. വർഷങ്ങളായില്ലേ തൊട്ടിട്ട്.." ഹർഷ് മുണ്ട് മടക്കി കുത്തി എഴുന്നേറ്റു.. "ഓക്കേയ്.. നീ പോയി കിടന്നോ.. ഞാനിതൊക്കെ ഒന്ന് ഫിനിഷ് ചെയ്തിട്ട് ഇപ്പൊ വരാ.." ഹർഷ് ഒന്ന് മൂളിക്കൊണ്ട് അകത്തേക്ക് നടന്നു... ഹാളിൽ കയറിയതും ആദ്യം ആനിന്റെ മുറിയിലേക്കൊന്നു നോക്കി.. അൽപ്പനേരം അടുത്ത് പോയിരിക്കാൻ കൊതി തോന്നി അവന്... ആരുഷി ഉണ്ടല്ലോ എന്നോർത്ത് അവൻ സ്വന്തം മുറിയിലേക്ക് പോയി... ഡോറിൽ രണ്ടുമൂന്നു തവണ തള്ളി നോക്കിയിട്ടും അത് തുറക്കാതായപ്പോൾ അവൻ അല്പം പുറകിലേക്ക് മാറി... തുറക്കാൻ കിട്ടാത്തതിന്റെ കാരണം ആലോചിച്ച് നിൽക്കുമ്പോഴേക്കും ആരുഷി അകത്ത് നിന്നും ഡോർ തുറന്നു... മുന്നിൽ നിൽക്കുന്ന ആരുഷിയെ കണ്ട് കാര്യം മനസ്സിലാകാതെ അവൻ ഒന്നു തിരിഞ്ഞ് ആനിന്റെ മുറിയിലേക്ക് നോക്കി... വീണ്ടും മുന്നിൽ നിൽക്കുന്ന ആരുഷിയിലേക്കും...

"നോക്കണ്ട ഹർഷേട്ടാ... ഇത് ഞാൻ തന്നെയാ... എന്താണെന്നറിയില്ല,. എനിക്ക് വേറെ പെണ്ണുങ്ങളുടെ കൂടെ കിടന്നാ ഉറക്കമേ വരില്ല... ഇവിടെയാകെ രണ്ടു മുറിയല്ലേ ക്ലീൻ ചെയ്തിട്ടുള്ളു.. അത് കൊണ്ട് ഞാനിവിടെ കൂടാമെന്ന് കരുതി.. ഹർഷേട്ടൻ ആനിന്റെ മുറിയിലേക്ക് പൊയ്ക്കോ... നിങ്ങളാവുമ്പോ ഭാര്യയും ഭർത്താവുമല്ലെ.. പ്രശ്നമില്ലല്ലോ.... അവളവിടെ കാത്തിരിക്കുവാ.. ഗുഡ് നൈറ്റ്‌..." "അ.. അത്.... പറഞ്ഞു തീരലും ഡോർ അടക്കലും ഒരുമിച്ചായിരുന്നു.. ഹർഷ് പതിയെ തിരിഞ്ഞു നോക്കി... ആനിന്റെ മുറിയിലേക്കും ഹാളിലെ സോഫയിലേക്കും മാറിമാറി നോക്കി... ഇടറുന്ന കാലടികളോടെ അവൻ നടന്ന് സോഫയിലേക്കിരുന്നു.. പകുതി ചാരിവെച്ച ആനിന്റെ മുറിയിലേക്ക് അവന്റെ കണ്ണുകൾ നീണ്ടു.. "അവളവിടെ കാത്തിരിക്കുവാ..." ആരുഷി പറഞ്ഞ ആ വാചകം മാത്രം അവന്റെ ചെവിയിൽ വീണ്ടും വീണ്ടും കേട്ടു.. അവൾ തനിക്കുവേണ്ടി കാത്തിരിക്കുമോ?? അവൻ അവിടെ നിന്നും എഴുന്നേറ്റ് ആനിന്റെ മുറിയിലേക്ക് നടന്നു..

ഡോർ തുറക്കുന്ന ശബ്ദം കേട്ട് ആൻ ഞെട്ടി എഴുന്നേറ്റു... ഹർഷ് അകത്തേക്ക് കയറിയതും കാണുന്നത് എഴുന്നേറ്റ് തന്നെ നോക്കി നിൽക്കുന്ന ആനിനെയാണ്... അവളുടെ മുഖത്തെ അമ്പരപ്പ് കണ്ട് ഹർഷിന് തിരികെ പോകണം എന്ന് തോന്നി.. എന്നാൽ അവൾ അവന്റെ അവസ്ഥ മനസിലാക്കിയ പോലെ ഉടനെ തന്നെ അവനെ നോക്കി ചിരിച്ചു... അവൻ പുറകിലേക്ക് വയ്ക്കാൻ പോയ കാല് അകത്തേക്ക് തന്നെ വച്ചു.. വാതിലടച്ച് അവൻ അവൾക്കരികിലേക്ക് നടന്നു... ഇരു ഹൃദയങ്ങളും ക്രമതീതമായി മിടിക്കുന്നുണ്ടായിരുന്നു... അവളുടെ ചിരി അവന് ധൈര്യം നൽകി.. അവൻ മുന്നോട്ട് വന്ന് ആനിന്റെ കയ്യിൽ പിടിച്ചു.. അവളൊന്ന് വിറച്ചു.. "എന്നെ കാത്തിരുന്നതാണോ???" അല്പം കുസൃതിയും കലർന്നിരുന്നു ആ ചോദ്യത്തിൽ... ആനിന് അതിന്റെ പൊരുൾ മനസിലായില്ല എങ്കിലും പരിഭ്രമത്താൽ അവൾ അതേ എന്ന അർത്ഥത്തിൽ തലയാട്ടി.. അവളെ അമ്പരപ്പിച്ചു കൊണ്ട് അവനവളെ ആഞ്ഞു പുണർന്നു.... അത്രയും ആവേശത്തോടെ.. ലഹരിയിലാണെങ്കിലും അവനിൽ പ്രണയമായിരുന്നു.. അത് തിരിച്ചറിഞ്ഞ പോലെ അവളുടെ കൈകൾ അവനെ തിരികെ പുണർന്നു, സന്തോഷത്താൽ കണ്ണുകൾ നീർ പൊഴിച്ചു......... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story