നിലാമഴ: ഭാഗം 33

Nilamazha

എഴുത്തുകാരി: അനു രാജീവ്

അവളുടെ കണ്ണുനീർ അവന്റെ ഷർട്ടിനെ നനച്ചു.. അവൻ പതിയെ അവളിലെ പിടി അയച്ചു.. ആ മുഖം പിടിച്ചുയർത്തി... "എന്തിനാ കരയുന്നെ... ഞാൻ ഇങ്ങനെ.. അറിയാതെ.. സോറി.... അവളിൽ നിന്നും വിട്ട് നിന്നു കൊണ്ട് അവൻ വാക്കുകൾക്ക് വേണ്ടി പരതി.. "സോറി മരിയ.. ഞാൻ..... ആ കുട്ടി പറഞ്ഞപ്പോ... ഞാൻ പൊയ്ക്കോളാം..." അവൻ തിരിഞ്ഞ് നടക്കാനൊരുങ്ങി.. അപ്പോഴേക്കും അവളുടെ കൈകൾ അവനെ തടഞ്ഞു.. അവൻ അവൾ പിടിച്ച കയ്യിലേക്കും അവളുടെ മുഖത്തേക്കും മാറിമാറി നോക്കി.. "ഞാൻ പറഞ്ഞോ ഹഗ് ചെയ്തത് കൊണ്ടാ കരഞ്ഞതെന്ന്...?" വാക്കുകളിൽ ദേഷ്യവും പരിഭ്രമവും കലർന്നിരുന്നു.. അവൻ അമ്പരപ്പോടെ തലയാട്ടി.. ആദ്യമായിട്ടായിരുന്നു അവളെ അങ്ങനെയൊരു ഭാവത്തിൽ കാണുന്നത്.. "എന്താ എന്നെ മനസിലാക്കാത്തേ ..? എത്ര കാലമായി ഞാൻ കരഞ്ഞോണ്ടിരിക്കുവാണെന്നറിയോ...? അന്നൊന്നും അത് കാണാൻ ആരും ഉണ്ടായിരുന്നില്ല..ഇപ്പൊ.. ഇപ്പൊ എനിക്കെല്ലാം തിരിച്ചു കിട്ടി എന്നാശ്വസിക്കുമ്പോഴും എനിക്ക്... കുറച്ച് പോലും സന്തോഷിക്കാൻ പറ്റുന്നില്ല..

കണ്മുന്നിലുണ്ടായിട്ടും ഒന്ന് ചേർന്ന് നിൽക്കാൻ പറ്റുന്നില്ല... എനിക്ക്.. എനിക്ക് മാത്രമെന്താ ഇങ്ങനെയൊക്കെ... " ഹർഷിന്റെ ഓർമ്മയിലേക്ക് ഒരു പെൺകുട്ടി കടന്നുവന്നു.. ചെറിയ ചെറിയ കാര്യങ്ങൾക്ക് സ്വയം പതം പറഞ്ഞു കരയുന്ന ഒരു തൊട്ടാവാടി.. നിനക്ക് ഞാനില്ലേ എന്ന് ചേർത്തുപിടിച്ചു പറഞ്ഞാൽ വിടരുന്ന, കണ്ണുനീരിൽ കുതിർന്ന മുഖം... തല വെട്ടിപൊളിയും പോലെ തോന്നി അവന്.. ദേഷ്യത്താൽ തന്നെ തള്ളി മാറ്റുന്ന, മുഖം തിരിച്ചു നിന്ന് ഇടംകണ്ണാൽ കള്ളനോട്ടം നോക്കുന്ന കുറുമ്പി.. പിറകിലൂടെ തന്നെ പുണർന്ന് നിൽക്കുന്ന രൂപം.. ആ രൂപത്തിന്റെ മുഖഛായ അവന്റെ മനസിലേക്ക് കടന്നു വന്നു.. ആനിന്റെ ശബ്ദവും, തെളിയുന്ന ഓർമ്മകളും അവന്റെ തലയിൽ വിസ്ഫോടനമുണ്ടാക്കി... അവൻ തിരിഞ്ഞു നിന്ന് മുടിയിഴകളിൽ കൈകോർത്ത് വലിച്ചു.. ആ രൂപത്തിന് ആനിന്റെ മുഖച്ഛായ കൈവരുമ്പോഴേക്കും പുറകിലൂടെ ഇരുകൈകൾ അവനെ പുണർന്നിരുന്നു.. ആ കൈകളുടെ ചൂടും കഴുത്തിൽ പതിയുന്ന നിശ്വാസവും അവന് സുപരിചിതമായി തോന്നി....

അവൾ അപ്പോഴും തേങ്ങി കൊണ്ടിരിക്കുകയായിരുന്നു... അവൻ അവന്റെ നെഞ്ചിൽ പതിഞ്ഞിരുന്ന ഇരുകൈകളിലും കൈ ചേർത്ത് പിടിച്ചുമാറ്റി, തിരിഞ്ഞുനിന്ന് അവളെ നെഞ്ചോട് ചേർത്തു പിടിച്ചു... അവൾ പറഞ്ഞ ബാക്കി കാര്യങ്ങളൊന്നും കേട്ടില്ലെങ്കിലും പറഞ്ഞതു മുഴുവൻ അവളുടെ പരാതിയും പരിഭവവുമായിരുന്നു എന്നവന് മനസ്സിലായിരുന്നു.. അവന്റെ കൈകൾ അവളുടെ മുടിയിഴകളെ തഴുകിക്കൊണ്ടിരുന്നു.. അവളുടെ സങ്കടത്തിന് അല്പം ശമനം വന്ന പോലെ കരച്ചിൽ തേങ്ങലിലേക്ക് വഴിമാറി.. അവൻ അവളുടെ മുഖത്തെ നെഞ്ചിൽ നിന്നും ഉയർത്തി.. കരഞ്ഞ് ചുവന്നിരുന്നു ആ മുഖം.. " നിനക്കെന്നെ അത്രയ്ക്കിഷ്ട്ടാണോ?" മറുപടി കൊടുക്കാതെ അവൾ വീണ്ടും കരഞ്ഞു.. എങ്ങനെ പറഞ്ഞു മനസ്സിലാക്കണം എന്നവൾക്കറിയില്ലായിരുന്നു... "കരയണ്ട.. എനിക്ക് മനസിലാകും.. ഇനി എന്റെ ഓർമ്മകൾ ഒരിക്കലും തിരിച്ചു വന്നില്ലെങ്കിലും നിന്റെ കൂടെ ഞാൻ ഉണ്ടാവും.. കാരണം......" അവൾ അവനിലേക്ക് ഉറ്റുനോക്കി..

ആ വാക്കുകൾ കേൾക്കാൻ.. അവൻ ചിരിച്ചു... "ഇപ്പോൾ ഞാനിത്തിരി കുടിച്ചിട്ടുണ്ട്, പക്ഷേ ഇത് കള്ളിനു പുറത്ത് പറയുന്നതല്ല.. നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നുണ്ട് മരിയ... ഒരുപാട്..." അവളുടെ മുഖം വിടർന്നു,.. കാർമേഘം മൂടിയ ആകാശത്ത് തെളിഞ്ഞ ചന്ദ്രനെപ്പോലെ, ആ നിലാവിനെ പോലെ.. അവന്റെ കണ്ണുകൾ ജനലിലൂടെ പുറത്തേക്ക് പതിച്ചു.. ചെറിയ ചാറ്റൽ മഴയുണ്ട്.. അവന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.. അവളുടെ കണ്ണുകൾ ആ താടിക്കുള്ളിലെ നുണക്കുഴി യെ തിരഞ്ഞുകൊണ്ടിരുന്നു.. അവൻ അവളുടെ കയ്യിൽ പിടിച്ച് ജനലോരത്തേക്ക് നിർത്തി.. അവൾ ഒന്നു ഞെട്ടിയെങ്കിലും അവന്റെ നോട്ടത്തിനു പുറകെ അവളുടെ കണ്ണുകളും പുറത്തേക്കു നീങ്ങി.. ആകാശത്ത് തെളിഞ്ഞുനിൽക്കുന്ന ചന്ദ്രനിലായിരുന്നു അവന്റെ കണ്ണുകൾ ... "നിനക്കറിയോ?? നിലാമഴയത്ത് എന്തെങ്കിലും പ്രാർത്ഥിച്ചാൽ അത് "നടക്കും അല്ലെ.. എനിക്കറിയാം.. ഇത് നുണയാണെന്ന് കരുതി കുറച്ച് കാലം.. പക്ഷെ ഇപ്പൊ അറിയാം.. സത്യമാണെന്ന്.. " അവളുടെ മുഖത്തെ ചിരിയുടെ പൊരുൾ അവനു മനസ്സിലായില്ല..

അവനവളെ ഇറുകെ പുണർന്നു.. . അതാഗ്രഹിച്ചെന്ന പോലെ അവൾ ആ നെഞ്ചോരം മുഖം ചേർത്തു.. ആ മൂർദ്ധാവിൽ അവൻ ചുംബിച്ചു... കൈകൾ അല്പം കൂടി മുറുകി.. ഇനിയെന്നും ഞാനുണ്ടാവും എന്നപോലെ അവനും , അവർക്കായി പെയ്ത് തോരാതെ മഴയും.. ____♥️ പെട്ടെന്നുള്ള ശബ്ദത്തിൽ സ്റ്റീഫൻ ഞെട്ടിയെഴുന്നേറ്റു... അപ്പോഴാണ് ഇത്രയും നേരം സിറ്റൗട്ടിൽ തന്നെ ഇരുന്ന് ഉറങ്ങിപ്പോയി എന്നവന് മനസ്സിലായത്.. നല്ല ചാറൽ വീശുന്നുണ്ടായിരുന്നു.. അവൻ അവസാനത്തെ ബോട്ടിലിൽ ബാക്കിയുണ്ടായിരുന്നതും വായിലേക്ക് കമഴ്ത്തി, പതിയെ അകത്തേക്ക് നടന്നു.. നേരെ ഹർഷിന്റെ മുറിയിലേക്ക് പോയി വാതിൽ തട്ടി.. രണ്ടുമൂന്നു തവണ തട്ടുമ്പോഴേക്കും വാതിൽ തുറക്കപ്പെട്ടു.. അവൻ കോട്ടുവാ ഇട്ട് അകത്തേക്ക് കയറി, വാതിൽ ചാരി തിരിഞ്ഞു നോക്കി.. "ഇവനെന്താ ഇന്നിത്ര ഉറക്കം...?" വാതിൽ തുറന്നുതന്നതും പോയി പുതച്ച് മൂടി കിടക്കുന്ന രൂപത്തെ നോക്കി സ്വയം പറഞ്ഞുകൊണ്ട് സ്റ്റീഫൻ ബെഡിലേക്ക് കിടന്നു..... "അളിയാ...." "ഹ്മ്മ്മ്......" "അളിയാ......."

"ഹ്മ്മ്മ്മ്മ്മ്...." "ആനിനെ വളക്കാൻ ഒരു കിടിലൻ ഐഡിയ ഉണ്ട് പറയട്ടെ.....?" "അവളിതിൽ കൂടുതൽ എന്ത് വളയാനാ..? പൊട്ടൻ.." സ്റ്റീഫൻ തലയുയർത്തി നോക്കി.. "അളിയാ.. നിന്റെ ശബ്ദത്തിനെന്താ ഒരു മാറ്റം പോലെ..." "ഇന്ന് ഇത്തിരി കൂടുതൽ നേരം പാട്ടു പാടിയതിന്റെയാ..." "ഹ്മ്മ്.. ഒരു മാതിരി കൂറ പെണ്ണുങ്ങൾടെ ശബ്ദം പോലെ.." പിന്നെ മറുപടിയൊന്നും വന്നില്ല.. അൽപനേരം കഴിഞ്ഞതും കൂർക്കംവലിയുടെ ശബ്ദം കേട്ടാണ് സ്റ്റീഫൻ ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റത്... "അളിയാ..." "അളിയൻ നിന്റപ്പൻ..." സ്റ്റീഫൻ ഞെട്ടി എഴുന്നേറ്റിരുന്നു.. അപ്പോഴേക്കും അടിച്ചതിന്റെ കെട്ടിറങ്ങിയിരുന്നു... അവൻ പുതച്ച് മൂടി കിടക്കുന്ന രൂപത്തിന്റെ മുഖത്തുനിന്നും പുതപ്പെടുത്തു മാറ്റി.. "ആആആആ........" ആരുഷി ചാടി എഴുന്നേറ്റു... ബെഡിലിരുന്നു കത്തുന്ന സ്റ്റീഫനെ ഒന്ന് സൂക്ഷിച്ചു നോക്കി.. അവന്റെ വായിൽ കൈ വച്ച് അമർത്തി.. "താനെന്തിനാടോ കത്തുന്നെ.. താനെന്താ ഇവിടെ..?" ദേഷ്യത്തോടെ ചോദിക്കുന്നവളുടെ കൈ തന്റെ വായിൽ നിന്നും എടുത്തു മാറ്റി അവനവളെ ദേഷ്യത്തോടെ നോക്കി... "ഇതൊക്കെ ഞാനല്ലേ ചോദിക്കേണ്ടത്. നീയെന്താ ഇവിടെ? ഹർഷെവിടെ?"

അവൾ കൂസലില്ലാതെ കോട്ടുവാ ഇട്ടുകൊണ്ട് കയ്യെത്തി ടേബിളിൽ വച്ച മൊബൈൽ കയ്യിലെടുത്തു.. "സമയം ഒരു മണിയായല്ലോ. ഇപ്പോഴാണോ താൻ വന്ന് കിടന്നത്...?" അവൾ സംശയത്തോടെ അവനെ നോക്കി അവൻ മറുപടിയൊന്നും പറഞ്ഞില്ല... "ഹോ.. അപ്പൊ കുറേ നേരമായല്ലേ.. ച്ചെ.. മ്ലേച്ചൻ.. തനിക്ക് നാണമില്ലെടോ.. ആദ്യം ബാത്റൂമിൽ, ഇപ്പൊ ബെഡ്‌റൂമിൽ.. തന്നെയൊക്കെ വിശ്വസിച്ച് മനുഷ്യൻ എങ്ങനെയാ ഇവിടെ നിക്കുന്നെ.." "അയ്യോ.. പൊന്നുമോള് ഇവിടെ തന്നെ നിക്കണമെന്നിവിടെ ആർക്കും നിർബന്ധമില്ല.. നാളെ തന്നെ പൊയ്ക്കോ.." "താൻ പോടോ. ഞാനിവിടെ വന്നതേ ഒരു ലക്ഷ്യത്തിനാ,അത് തീരാത്തെ ഞാൻ പോവില്ല.." "അതെന്ത് ലക്ഷ്യം..??" "എന്റെ ആനിന് അവളുടെ സഖാവിനെ പഴയ പോലെ തിരിച്ചു കൊടുക്കണം.. അതിനുള്ള ആദ്യപടിയാ ഈ റൂം ഷിഫ്റ്റിംഗ്.. ഹർഷേട്ടൻ എവിടെയാന്നറിയോ???" ഭയങ്കര സീരിയസായി സംസാരിച്ചു കൊണ്ടിരുന്നവൾ രഹസ്യം പോലെ പതുക്കെ അവനോടു ചോദിച്ചു... "എവിടെയാ???"

അവനും അതേ ട്യൂണിൽ തിരിച്ച് അവളോട് ചോദിച്ചു.. "ആനിന്റെ കൂടെ.." അവൾ ചിരിയോടെ പറഞ്ഞു.. "അതിന് നീ എന്തിനാ ഇത്ര നാണിക്കുന്നെ??" "അതൊന്നും തനിക്ക് പറഞ്ഞാ മനസിലാവില്ല.. താൻ പോയി പുറത്തെങ്ങാനും കിടക്ക്.. എനിക്കുറക്കം വന്നിട്ട് വയ്യ.." "അല്ലെങ്കിലും നിന്റെ കൂർക്കംവലി സഹിച്ച് കൂടെ കിടക്കാൻ എനിക്ക് തലക്കോളമൊന്നുമില്ല..." ഒരു തലയിണയും കയ്യിലെടുത്ത് പുറത്തേക്ക് പോവുന്നവനെ ദേഷ്യത്തോടെ നോക്കി അവൾ ബെഡിലേക്ക് കിടന്നു... ____❤️ അവൾ പതിയെ തലയുയർത്തി നോക്കി... തന്നെ നെഞ്ചോടു ചേർത്തു പിടിച്ച് ഹെഡ് ബോർഡിൽ തലചായ്ച്ചിരുന്ന് ഉറങ്ങുന്നവനെ കാണുംതോറും അവളിൽ അതിയായ സന്തോഷം വന്നു നിറഞ്ഞു . തന്റെ ഇടുപ്പിലൂടെ ചുറ്റിപ്പിടിച്ച കൈകളിൽ അവൾ മുറുകെ പിടിച്ചു... ഒട്ടും ഭയമില്ലാതെ അത്രത്തോളം പ്രണയത്തോടെ അവന്റെ കവിളിൽ തലോടി... അല്പം ഉയർന്ന് ആ നുണക്കുഴിയിൽ ചുണ്ട് ചേർത്തു.. താനിപ്പോഴും ആ മടിയിലാണെന്നോർക്കേ അവളിൽ നാണം വിടർന്നു...

ഉറക്കം വരുന്നുണ്ടെങ്കിലും അടഞ്ഞു പോകുന്ന കണ്ണുകളെ ഹൃദയം പിടിച്ചു നിർത്തി.. ആ കഴുത്തിൽ വീണ്ടും തലചായ്ച്ചു കിടന്നു... അവനിൽ നിന്നും വമിക്കുന്ന ഗന്ധം ആസ്വദിച്ചു കൊണ്ട് അവൾ പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു... കാല് തരിച്ചു തുടങ്ങിയപ്പോൾ ഹർഷ് ഉറക്കത്തിൽ കാല് വലിച്ചു നോക്കി.. മടിയിലെ ഭാരത്താൽ കാലനങ്ങാതെ വന്നപ്പോൾ അവൻ അസ്വസ്ഥതയോടെ കണ്ണുതുറന്നു.. മടിയിലിരുന്ന് തന്നെ ചുറ്റിപിടിച്ച് തന്റെ നെഞ്ചിൽ മുഖമമർത്തി കിടക്കുന്ന ആനിനെ കണ്ട് അവന്റെ ഉള്ളൊന്ന് ആളി.. അവളുടെ ഇടുപ്പിൽ അമർന്നിരുന്ന കൈ അല്പം അയഞ്ഞതും അവളുടെ മുഖം നെഞ്ചിൽ നിന്നും തെന്നിമാറി.. അവൻ പെട്ടെന്ന് തന്നെ അവളെ വീണ്ടും ചേർത്ത് പിടിച്ചു.. ജനലിലൂടെ കണ്ണുകൾ പുറത്തേക്ക് നീങ്ങി.. നേരം പുലർന്നു വരുന്നുണ്ടായിരുന്നു.. രാത്രിയിലെ കാര്യങ്ങൾ കുറച്ച് കുറച്ചായി അവന്റെ മനസിലേക്ക് വന്നു.. ചേർത്ത് നിർത്തി നെറുകയിൽ ചുംബിച്ചത് വരെ..

ആനിനെ മടിയിൽ നിന്നും ബെഡിലേക്ക് മാറ്റി കിടത്താൻ തോന്നിയെങ്കിലും, തൊട്ടടുത്ത് കിടന്നുറങ്ങുന്ന കുഞ്ഞിപെണ്ണിന്റെ മുഖം നോക്കിയപ്പോൾ അവനതിന് തോന്നിയില്ല... ഇനി ആനിനെ വിളിച്ചെഴുന്നേൽപ്പിക്കുകയല്ലാതെ മറ്റു വഴികൾ ഇല്ല എന്ന് മനസ്സിലായപ്പോൾ ഹർഷ് പതിയെ അവളുടെ കവിളിൽ തട്ടി... "മരിയ...." അവൾ എഴുന്നേൽക്കുന്നില്ല എന്ന് കണ്ടപ്പോൾ അവൻ വീണ്ടും വിളിച്ചു .. "മരിയ..." അവൾ നെറ്റിചുളിച്ചു കൊണ്ട് പതിയെ കണ്ണ് തുറന്നു.. കൺമുന്നിൽ കാണുന്ന അവന്റെ മുഖത്തേക്ക് നോക്കി മനോഹരമായി പുഞ്ചിരിച്ചു.. "മരിയ... Iam sorry .. ഞാൻ ഇന്നലെ അറിയാതെ.. എന്തൊക്കെയോ......" അവളുടെ മുഖത്തെ പുഞ്ചിരി മാഞ്ഞു.. അവൾ വേഗം എഴുന്നേറ്റ് മടിയിൽ നിന്നും മാറിയിരുന്നു... "അത്.. കുറെ വർഷങ്ങൾക്ക് ശേഷം കുറച്ച് കുടിച്ചിരുന്നു.. അതിന്റെ ഹാങ്ങോവറിൽ എന്തൊക്കെയോ പറഞ്ഞു പോയതാ... ഞാൻ അറിയാതെ...... അവൾ ബാക്കി കേൾക്കാൻ നിൽക്കാതെ അവിടെ നിന്നും എഴുന്നേറ്റ് പുറത്തേക്ക് നടന്നു...

അവൻ പുറകിൽ പോയി അവളുടെ കയ്യിൽ പിടിച്ചു നിർത്തി.. നിറഞ്ഞ കണ്ണുകൾ കൊണ്ടുള്ള കത്തുന്ന നോട്ടത്തിൽ അവന്റെ പിടി അയഞ്ഞു.. അവൾ നേരെ അടുക്കളയിലേക്ക് പോയി.. ആരോടോ ഉള്ള ദേഷ്യത്തിനെന്ന പോലെ ഓരോ പാത്രവും ശബ്ദത്തിൽ എടുത്ത് മാറ്റി വച്ചു... ദേഷ്യവും സങ്കടവും സഹിക്കാൻ കഴിയാതെ വന്നപ്പോൾ ഒരു പ്ലേറ്റ് എടുത്ത് നിലത്തേക്കെറിഞ്ഞു. ഹാളിൽ കിടന്നിരുന്ന സ്റ്റീഫെൻ ആ ശബ്ദത്തിൽ ഞെട്ടി നിലത്തേക്കുരുണ്ട് വീണു... വീണ വേദനയിൽ ചാടി പിടഞ്ഞെഴുന്നേറ്റ സ്റ്റീഫൻ കാണുന്നത് അടുക്കളക്ക് പുറത്ത് ചുമര് ചാരി വിഷാദഭാവത്തിൽ നിൽക്കുന്ന ഹർഷിനെയാണ്.. വീണ്ടും പാത്രങ്ങളുടെ ശബ്ദം ഉയരുന്നത് കേട്ട് സ്റ്റീഫൻ പിരികം പൊക്കി എന്താണെന്ന് ചോദിച്ചു. കണ്ണുകൊണ്ട് പുറത്തേക്ക് വരാൻ പറഞ്ഞ് ഹർഷ് വേഗം മുറ്റത്തേക്ക് നടന്നു.. പിറകെ സ്റ്റീഫനും.. "എന്ത് പറ്റിയടാ...?" "കൃത്യമായിട്ട് അറിയില്ല..." "മനസിലായില്ല..." "എടാ.. ഇന്നലെയെ ഞാൻ അവളോട് എന്തൊക്കെയോ പറഞ്ഞു.. ഒരുമ്മയും കൊടുത്തു..

പിന്നെ...... "അമ്പടാ... അത് പൊളിച്ചു , ഇത്ര വേഗം നീ കാര്യങ്ങൾ ഉഷാറാക്കും എന്ന് കരുതീല... ചിലവുണ്ട് ട്ടാ..." സ്റ്റീഫൻ ചിരിയോടെ പറയുന്നത് കേട്ട് ഹർഷ് തല ചൊറിഞ്ഞുകൊണ്ട് തിരിഞ്ഞുനിന്നു.. സ്റ്റീഫൻ മറ്റെന്തോ ചിന്തിച്ച പോലെ അവനെ തട്ടി വിളിച്ചു.. "അപ്പൊ രാവിലെ അടുക്കളയിൽ കേട്ടത്??" "അത് പിന്നെ.. ഞാൻ കുടിച്ചതിന്റെ പുറത്ത് പറഞ്ഞതാണെന്ന് പറഞ്ഞ് മാപ്പ് ചോദിച്ചു..." "നിന്നെയുണ്ടല്ലോ.. നിന്നെയൊന്നും പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല.. ഇങ്ങനെ ആഗ്രഹം കൊടുത്ത് ഇഞ്ചിഞ്ചായി വേദനിപ്പിക്കുന്നതിനേക്കാൾ നല്ലത് അവളെ ഒരൊറ്റടിക്ക് കൊല്ലുന്നതാ ടാ.. അത്രക്ക് അനുഭവിച്ചിട്ടുണ്ട് പാവം... നീ മരിച്ചെന്ന് പറഞ്ഞ ദിവസം അത് ചങ്കു പൊട്ടി കരയുന്നത് കണ്ടിരുന്നെങ്കിൽ നീ ഇങ്ങനെ അവളെ ദ്രോഹിക്കില്ലായിരുന്നു.... അന്ന് അവളെന്റെ കയ്യിന്ന് രക്ഷപെട്ടോടിയത് ജീവിക്കാനായിരുന്നില്ല, മരിക്കാനായിരുന്നു, വന്ന വണ്ടിക്ക് മുന്നിൽ ചാടിയതും നീയില്ലാത്ത ലോകത്ത് ജീവിക്കാൻ കഴിയാത്തത് കൊണ്ടാ.. ഇനിയും അവളെ വേദനിപ്പിച്ചാൽ ദൈവം പൊറുക്കില്ല നിന്നോട് .. ഓർത്തോ..."

____❤️ " ആഷി.. എഴുന്നേറ്റേ... ആഷി...." "എന്താടി ഇത്ര നേരത്തെ...?" ആരുഷി കണ്ണുതിരുമ്മി എഴുന്നേറ്റിരുന്നു... "നീ ഇത്ര നേരത്തെ എങ്ങോട്ടാ??" ഡ്രസ്സ്‌ മാറ്റി നിൽക്കുന്ന ആനിനെ കണ്ട് ആരുഷി സംശയത്തോടെ ചോദിച്ചു... "ഞാൻ അല്ല, നമ്മൾ.. നീ വേഗം റെഡി ആവ്..." "എങ്ങോട്ട്..." "ബാംഗ്ലൂർ..." "ബാംഗ്ലൂരോ...?? ഞാനിന്നലെയല്ലേ അവിടന്ന് ഇങ്ങോട്ട് വന്നത്...". "ഓക്കേ... നീ ഇവിടെ നിന്നോ.. I have to go.." "സ്ട്രോങ്ങ്‌ ഡിസിഷൻല്ലേ .... ഓക്കേ.. പോവാം.. പക്ഷെ കാര്യം പറയണം..." "കാര്യം സിമ്പിളാ.. എനിക്ക് മതിയായി ആഷി.. എന്നെ നോക്കാതെ പോയിരുന്നെങ്കിൽ എനിക്ക് ഒട്ടും വിഷമം തോന്നില്ലായിരുന്നു.. പക്ഷെ, ഇത് എനിക്ക് സഹിക്കാൻ പറ്റുന്നില്ല.. ഓരോ തവണയും ആഗ്രഹിച്ച് വഞ്ചിക്കപ്പെടുവാ ഞാൻ.. ഒരു പൊട്ടിയെ പോലെ വീണ്ടും വീണ്ടും ഓരോന്ന് ആഗ്രഹിക്കും.. മതിയായടി...

ഇപ്പൊ എന്റെ മോൾക്ക് അച്ഛനുണ്ട്.. അവളിനി ആരുടേം മുന്നിൽ തല കുനിക്കേണ്ടി വരില്ല.. ആരും അവളെ അച്ഛന്റെ കാര്യം പറഞ്ഞ് കളിയാക്കില്ല.. എന്റെ ഭർത്താവ് ജീവനോടെയുണ്ട്... Iam not a widow... ഒരായുസ്സിന് അനുഭവിക്കേണ്ട സ്നേഹം മുഴുവൻ കുറച്ച് ദിവസങ്ങൾക്കുള്ളിൽ എന്റെ ഹർഷേട്ടൻ എനിക്ക് തന്നിരുന്നു.. അത് മതി ആഷി.. വേദനിപ്പിക്കുന്ന ഓർമകളൊന്നും ആ മനുഷ്യന്റെ മുഖം ചേർത്ത് എന്റെ മനസ്സിൽ പതിയരുത്.. ആ മുഖം എനിക്ക് സന്തോഷമേ നൽകിയിട്ടുള്ളു.. ആ ഓർമകളെല്ലാം എനിക്ക് പ്രിയപെട്ടവയാണ്.. മരിക്കും വരെ അതങ്ങനെ തന്നെ മതി.. നമുക്ക് പോവാം..." ആരുഷി തലയാട്ടി എഴുന്നേറ്റു.. അവളെ ഇറുകെ കെട്ടിപിടിച്ചു.. ബാഗിൽ നിന്ന് ബ്രഷ് എടുത്ത് അവൾ ഫ്രഷ് ആവാൻ പോയി... ആൻ കുഞ്ഞിനെ എഴുന്നേൽപ്പിച്ച് മുഖം കഴുകി ഡ്രസ്സ് മാറ്റി കൊടുത്തു.. ബാംഗ്ലൂർ പോകുവാണെന്ന് പറഞ്ഞപ്പോൾ അവൾക്കും സന്തോഷമായി.. തിരിച്ചു പോയതും കൂട്ടുകാരെ കാണാം വിശേഷങ്ങൾ പറയാം എന്നൊക്കെയുള്ള കണക്കുകൂട്ടലുകളായിരുന്നു ആ കുഞ്ഞ് മനസ്സിൽ.. അവൾ റെഡി ആയി കുഞ്ഞിനെയുമെടുത്ത് പുറത്തിറങ്ങി..

അതേ സമയം തന്നെ ഹർഷും സ്റ്റീഫനും പുറത്ത് നിന്നും വീടിനകത്തേക്ക് കയറി.. അവളുടെ കയ്യിലേ ബാഗിലെക്കും ആ മുഖത്തേക്കും ഹർഷിന്റെ കണ്ണുകളിൽ മാറി മാറി പതിച്ചു.. അവന്റെ ഹൃദയം ക്രമതീതമായി മിടിക്കുന്നുണ്ടായിരുന്നു... "എങ്ങോട്ടാ ആൻ..." സ്റ്റീഫന്റെ ചോദ്യത്തിന് ആൻ ചിരിച്ചു കൊണ്ടാണ് മറുപടി നൽകിയത്. "ലീവ് ഒരുപാടായി ഇച്ചായാ.. ഇനിയും പോയില്ലെങ്കിൽ ജോബിന്റെ കാര്യത്തിൽ ഒരു തീരുമാനമാകും.. മോൾടെ ക്ലാസും ഒരുപാട് മുടങ്ങിയില്ലേ.. ഞങ്ങൾ മടങ്ങുവാ... ഇന്നലെ ആഷി സൂചിപ്പിച്ചില്ലായിരുന്നോ.." സ്റ്റീഫൻ ഇച്ചായാ എന്ന ആനിന്റെ വിളിയിൽ അത്ഭുതത്തോടെ ആനിനെ നോക്കി നിന്നു.. ഹർഷ് ആരുഷിയുടെ മുഖത്തേക്ക് നോക്കി... അവളാണെങ്കിൽ ഞാനോ? എപ്പോ? എന്ന ഭാവത്തിൽ ആനിനെ നോക്കി നിൽക്കുകയായിരുന്നു... "പെട്ടെന്നായത് കൊണ്ട് ട്രൈയിൻ ടിക്കറ്റാ കിട്ടിയത്.. ലേറ്റായാൽ പണിയാ..... ശരി ഇച്ചായാ.." ഹർഷിനെയും നോക്കി ഒന്ന് ചിരിച്ചു കൊണ്ട് അവൾ പുറത്തേക്ക് നടന്നു.. "അമ്മാ, അച്ഛ വരുന്നില്ലേ..."

"അച്ഛ പിന്നെ വരും മോളേ.. അച്ഛക്ക് ഒരുപാട് ജോലിയുണ്ട് ഇവിടെ.." കുഞ്ഞിന് കരച്ചിൽ വരുന്നുണ്ടായിരുന്നു.. അത് കണ്ടില്ലെന്ന് നടിച്ച് ആൻ പുറത്തേക്കിറങ്ങി.. "ആൻ... ഞാൻ ഡ്രോപ്പ് ചെയ്യാം..." സ്റ്റീഫൻ വേഗം കീ എടുത്തു.. "സാരമില്ല, ഞാൻ ഒരു ഓട്ടോ വിളിച്ചോളാം..." "ആ ബാഗ് തന്നെ..." സ്റ്റീഫൻ അവളുടെ കയ്യിൽ നിന്നും ബാഗ് വാങ്ങി കാറിൽ കൊണ്ട് വച്ചു... തിരിഞ്ഞുപോലും നോക്കാതെ ആൻ പോയി കാറിലേക്ക് കയറിയിരുന്നു.. ഹർഷിനെ നോക്കി നിസ്സഹായമായി ചിരിച്ചുകൊണ്ട് ആരുഷിയും കാറിലേക്ക് കയറി.. എന്ത് ചെയ്യണം എന്നറിയാതെ അമ്പരന്നു നില്ക്കുകയായിരുന്നു ഹർഷ്.. .ഇങ്ങനെയൊന്ന് അവൻ ചിന്തിച്ചതേയില്ല... സ്റ്റീഫൻ ഡോർ വലിച്ചടച്ചതും ഹർഷ് ഞെട്ടി.. അവൻ സ്റ്റീഫന്റെ മുഖത്തേക്ക് നോക്കിയതും സ്റ്റീഫൻ കണ്ണുകൊണ്ട് അവനോട് കാറിൽ കയറാൻ പറഞ്ഞു....

ഹർഷ് വേഗം വാതിൽ ചാരി മുറ്റത്തേക്കിറങ്ങി കോഡ്രൈവർ സീറ്റിൽ കയറിയിരുന്നു.. സ്റ്റീഫൻ വണ്ടി എടുത്തു. മുന്നിലെ കണ്ണാടിയിലൂടെ ഹർഷ് ആനിന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു.. അവൾ കുഞ്ഞിനോട് ഓരോന്നും പറയുന്നതല്ലാതെ ഒരു തവണ പോലും അവനെ നോക്കിയില്ല.. അവന്റെ ഹൃദയം വിങ്ങി. അവഗണന.. അതിനോളം വലിയ വേദന മറ്റൊന്നില്ല.. അതും പ്രാണനോളം സ്നേഹിക്കുന്നവരിൽ നിന്നാകുമ്പോൾ ആ വേദനയ്ക്ക് അളവുണ്ടാവില്ല.. റെയിൽവേ സ്റ്റേഷനിൽ കാർ നിന്നു.. ആൻ ഇറങ്ങി.. സ്റ്റീഫനെയും ഹർഷിനെയും നോക്കി ചിരിച്ചു.. പഴയ പുഞ്ചിരി.. പണ്ട് ആരവിന് നേരെ അവൾ നൽകാറുണ്ടായിരുന്ന പുഞ്ചിരി.. അപരിചിതത്വം കലർന്ന പുഞ്ചിരി.. മുറിഞ്ഞ ഹൃദയത്തെ വീണ്ടും കുത്തി നോവിക്കാൻ കെൽപ്പുണ്ടായിരുന്നു ആ പുഞ്ചിരിക്ക്.. കരയുന്ന കുഞ്ഞിനെ സമാധാനിപ്പിച്ച് അവൾ റെയിൽവേ സ്റ്റേഷനകത്തേക്ക് നടന്നു.. ഒരു തവണ പോലും തിരിഞ്ഞു നോക്കാതെ... ആകാശം കറുത്തിരുണ്ടു,... അവന്റെ കണ്ണുനീരിനെ മറയ്ക്കാൻ എന്നപോലെ മഴ ആർത്തു പെയ്തു......... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story