നിലാമഴ: ഭാഗം 36

Nilamazha

എഴുത്തുകാരി: അനു രാജീവ്

ആൻ ഉണരുന്നതും കാത്ത് സ്റ്റീഫനും ഹർഷും കുഞ്ഞിനോടൊപ്പം കളിച്ചുകൊണ്ടിരുന്നു... ഇടയ്ക്കിടയ്ക്ക് ഹർഷിന്റെ കണ്ണുകൾ മാത്രം ആനിന്റെ മുറിയിലേക്ക് നീങ്ങി.. ഉച്ചക്ക് ഹോസ്പിറ്റലിലായതു കൊണ്ട് അവൾ ഒന്നും കഴിച്ചിരുന്നില്ല.. സമയം 7 മണി കഴിഞ്ഞിരിക്കുന്നു.. ഇത്രയും നേരം കിടന്നിടത്തു നിന്നും എഴുന്നേറ്റിട്ടില്ല.. ഇനി ഒരു പക്ഷേ ഞങ്ങൾ വന്നതറിഞ്ഞ് പുറത്തുവരാത്തതാകുമോ? അതോ അത്രയും ക്ഷീണം കൊണ്ടാവുമോ? പല ചിന്തകളും ഹർഷിന്റെ മനസിലൂടെ പോയിക്കൊണ്ടിരുന്നു.. അൽപസമയം കഴിഞ്ഞ് ആരുഷി വന്ന് ഭക്ഷണം കൊടുക്കാൻ കുഞ്ഞിനെ എടുത്തുകൊണ്ടുപോയി... ആനിന്റെ മുറിയിലേക്ക് നോക്കി തിരിഞ്ഞ ഹർഷ് കാണുന്നത് അവനെ നോക്കി ചിരിക്കുന്ന സ്റ്റീഫനെയാണ്.. "എന്താടാ ഇളിക്കുന്നെ...?" "അല്ല.. ഞാൻ ആലോചിക്കുവായിരുന്നു... കാലത്തിന്റെ ഓരോ പോക്കേ... ഇത് പോലെ നിന്നെ പ്രതീക്ഷിച്ച് ആനും നോക്കിയിരുന്നിട്ടുണ്ട്.. അപ്പൊ ഒരു നോട്ടം പോലും കൊടുക്കാതെ അകത്തേക്ക് കേറി പോയ നിന്നെ നോക്കി

അത് കണ്ണും നിറച്ച് നോട്ടം മാറ്റുന്നത് കണ്ട് എനിക്ക് സങ്കടം തോന്നിയിട്ടുണ്ട് .. ഇപ്പോഴാ ഇത്തിരി സമാധാനമായത്... കൊടുത്താ കൊല്ലത്തും കിട്ടും.. മനസിലായോ???" "ടാ........" ഹർഷ് ദയനീയത കലർത്തി വിളിച്ചു.. "എന്തോന്ന് ടാ..? എന്ത് സാഹചര്യമായിരുന്നാലും കൂടെ നിൽക്കുന്നവളെ ചേർത്ത് പിടിക്കാൻ പറ്റണം.. അതിന് പറ്റില്ലെങ്കിൽ ഒരിക്കലും ഒരിറ്റ് പ്രതീക്ഷ പോലും നൽകരുത്... ചെയ്തത് പാപമാടാ.. ഒരു ദിവസമാണെങ്കിലും നീ കൊടുത്തത് ഒരുപാട് വലിയ പ്രതീക്ഷയാ.." മറുപടി പ്രതീക്ഷിക്കാത്ത പോലെ സ്റ്റീഫൻ എഴുന്നേറ്റ് അടുക്കളയിലേക്ക് പോയി.. ഹർഷ് പതിയെ എഴുന്നേറ്റ് ആനിന്റെ മുറിയിലേക്ക് നടന്നു.. ചാരി വച്ച വാതിൽ തുറക്കുമ്പോൾ അവൾ ബെഡിലുണ്ടായിരുന്നില്ല.. ബാത്റൂമിൽ നിന്നുമുള്ള ശബ്ദത്തിൽ ശ്രദ്ധിച്ച് അവൻ അകത്തേക്ക് കയറി ബെഡിലിരുന്നു.. മുഖം കഴുകിയിറങ്ങിയ ആൻ ബെഡിൽ ചമ്രം പടിഞ്ഞിരിക്കുന്ന ഹർഷിനെ കണ്ട് ഒന്ന് പതറി... താൻ ഗർഭിണിയാണ് എന്നതിലോ, ഇനിയും തനിച്ചാണ് എന്നതിലോ അവൾക്ക് യാതൊരു സങ്കടവും തോന്നിയിരുന്നില്ല..

അവളുടെ വിഷമം മുഴുവൻ തന്റെ പ്രണയത്തെ കൈനീട്ടി അടിക്കേണ്ടി വന്നല്ലോ എന്നതിലായിരുന്നു.... ആ വേദനയിൽ നിന്ന് പൊഴിഞ്ഞ കണ്ണുനീരാണ് അധികം... പ്രതീക്ഷിക്കാതെ പെട്ടെന്നു മുന്നിൽ ഹർഷിനെ കണ്ടതും അവൾക്ക് വല്ലായ്മ തോന്നി... എങ്ങനെ പെരുമാറണം എന്ന് പോലും അറിയാത്ത അവസ്ഥ.. ആ മുഖത്ത് നോക്കാൻ പോലും സാധിക്കുന്നില്ല... അവൾ തലയുയർത്താതെ വന്ന് ഹെഡ് ബോർഡിൽ ഇട്ടിരുന്ന ടവ്വൽ എടുത്ത് മുഖം തുടച്ച് അങ്ങനെയൊരാൾ അവിടെ ഇരിക്കുന്നു എന്നത് അറിയാത്ത പോലെ പുറത്തേക്ക് നടന്നു... "മരിയ...." അവൾ തിരിഞ്ഞു നോക്കിയില്ല പക്ഷേ നടത്തം നിർത്തി.. "മരിയ... എനിക്കറിയാം ഞാൻ ചെയ്തത് തെറ്റായിപ്പോയി എന്ന്.. വലിയ തെറ്റ്. പക്ഷേ ഇപ്പോൾ എന്റെ കയ്യിൽ അതിനുള്ള സൊലൂഷൻ ഇല്ല.. But iam sorry..." ആൻ ദേഷ്യത്തോടെ തിരിഞ്ഞു നോക്കി... അവളുടെ കണ്ണുകളിൽ അവനെ ചുട്ടെരിക്കാനുള്ള കോപമുണ്ടായിരുന്നു.. ഒന്നും മിണ്ടാതെ അവൾ മുറിയിൽ നിന്നും പുറത്തേക്കിറങ്ങി പോയി... ഹർഷ് തല ചൊറിഞ്ഞുകൊണ്ട് പുറത്തിറങ്ങിയതും വാതിലിനു പുറത്ത് കൈ കെട്ടി ചിരിച്ചുകൊണ്ട് സ്റ്റീഫൻ ഉണ്ടായിരുന്നു... " ഇത്രയും നേരം ഞാൻ കുടം കമഴ്ത്തിവെച്ച് വെള്ളമൊഴിക്കുവായിരുന്നു... ല്ലേ??"

" ഞാൻ അതിനല്ലടാ സോറി പറഞ്ഞത്... അന്ന്, "അങ്ങനെയൊക്കെ അറിയാതെ പറ്റിപ്പോയതാണ്" എന്ന് പറഞ്ഞില്ലേ അതിനാണ്... പക്ഷേ അവൾ മുഴുവനും കേൾക്കാതിങ്ങനെ ദേഷ്യപ്പെട്ടു പോകുംന്ന് ഞാൻ വിചാരിച്ചോ???" " പിന്നെ നീ എന്താ വിചാരിച്ചത്?? നിന്റെ കഥാപ്രസംഗം മുഴുവൻ കേട്ടോണ്ട് നിൽക്കുമെന്നോ?? പൊന്നളിയാ, നിനക്ക് പണ്ടൊക്കെ ഭയങ്കര വിവരം ആയിരുന്നു.. പക്ഷേ ആ തലക്കടി കിട്ടിയതിനുശേഷം ഓർമ്മ മാത്രമല്ല ഉള്ള ബുദ്ധിയും പോയി എന്നു തോന്നുന്നു..." സ്റ്റീഫൻ എന്തോ വലിയ കാര്യം കണ്ടു പിടിച്ചത് പോലെ അട്ടത്ത് നോക്കി ചിന്തിച്ചു നിന്നു.. അവനെ നോക്കി ഒന്ന് പല്ലിറുമ്മി ഹർഷ് അടുക്കള ഭാഗത്തേക്ക് നടന്നു... അവിടെ ഇല്ലാത്ത പണികൾ, ഉണ്ടാക്കി ചെയ്യുന്ന തിരക്കിലായിരുന്നു ആൻ.. ആരുഷി വേണ്ട എന്നൊക്കെ പറയുന്നുണ്ടെങ്കിലും അതൊന്നും കേൾക്കാതെ ഉള്ള പാത്രങ്ങളൊക്കെ വലിച്ചിട്ട് തേക്കുന്നുണ്ട്... വാതിൽക്കൽ നിൽക്കുന്ന ഹർഷിനെ കണ്ടതും ആരുഷി പതിയെ കുഞ്ഞിനെയുമെടുത്ത് പുറത്തേക്ക് നടന്നു..

ഹർഷ് അകത്തേക്ക് കയറുന്നത് നോക്കി നിന്ന് പുഞ്ചിരിയോടെ ആരുഷി കുഞ്ഞിനെ ഉറക്കാൻ കൊണ്ടുപോയി... അവൾക്കറിയാമായിരുന്നു ആനിന് ഇന്ന് മറ്റാരെക്കാളും ആവശ്യം അവളുടെ ഹർഷേട്ടനെ തന്നെയാണെന്ന്.. ഹർഷ് പുറകിൽ നിൽക്കുന്നതൊന്നുമറിയാതെ പൊരിഞ്ഞ പണിയിലായിരുന്നു ആൻ.. തൊണ്ടയിൽ നിന്നും പൊട്ടി ഒഴുകാൻ വിതുമ്പി നിൽക്കുന്ന കണ്ണുനീരിനെ പിടിച്ചുനിർത്താൻ ഒരു പാഴ്ശ്രമം.. ഹർഷ് അവളുടെ തൊട്ട് പുറകിൽ നിന്നു.. അവന്റെ സാമിപ്യമറിഞ്ഞ പോലെ അവൾ കയ്യിലെടുത്ത പാത്രം അങ്ങനെ തന്നെ പിടിച്ച് അനങ്ങാതെ നിന്നു.. ഹൃദയം ആയിരം മടങ്ങു വേഗത്തിൽ അതിശക്തമായി മിടിച്ചു കൊണ്ടിരുന്നു... അവൻ ചേർന്നു നിൽക്കുംതോറും അവളുടെ കണ്ണുകൾ കൂമ്പിയടഞ്ഞു... അവന്റെ കൈകൾ അവളുടെ വയറിലൂടെ ചുറ്റിപ്പിടിച്ചു.. ഒട്ടും ബലം പ്രയോഗിക്കാതെ, അത്രയേറെ മൃദുലമായി.. "ആ സോറി അതുദ്ദേശിച്ചു പറഞ്ഞതല്ല... നിന്നെ മനസിലാക്കാതെ പോയതിന്, അവഗണിച്ചതിന്, ഒരുപാട് വേദനനിപ്പിച്ചതിന്.. Iam sorry.. ഞാനിനി ശ്രദ്ധിച്ചോളാം..

എന്നും കൂടെ നിന്നോളം.. ചേർത്ത് പിടിച്ചോളാം..." അവളുടെ ചെവിയിലേക്ക് ചുണ്ടു ചേർത്ത് അവനിത്രയും പറഞ്ഞു നിർത്തുമ്പോൾ ഇരുവരുടെയും കണ്ണുകൾ ഈറനണിഞ്ഞിരുന്നു... അവൾ അവന്റെ കൈകൾ രണ്ടും വയറിൽ നിന്നും എടുത്ത് മാറ്റി അവന് നേരെ തിരിഞ്ഞു... "ഇതൊന്നും ഇത്രയും നാൾ തോന്നിയില്ലേ ഹർഷേട്ടാ ?" ശബ്ദം നേർത്തതെങ്കിലും വാക്കുകൾ ശക്തമായിരുന്നു.. "എനിക്കെങ്ങനെ പറഞ്ഞു മനസിലാക്കണം എന്നറിയില്ല... നിന്റെ കൂടെ സമാധാനമായി ജീവിക്കാണെങ്കിൽ എനിക്ക് എന്റെ കൂടപിറപ്പിനെ ഇല്ലാതാക്കിയവനെ ഇല്ലാതാക്കണമായിരുന്നു " "ഞാനെന്നെങ്കിലും അതിനെ തടഞ്ഞിട്ടുണ്ടോ.. കൂടെ നിന്നേനെലോ..?" വാക്കുകളിൽ ദയനീയത "വിഷ്ണുവിന് പകരം അവന്റെ കൈകൊണ്ട് ഞാൻ മരിക്കേണ്ടി വന്നാലോ?? ഞാനില്ലെങ്കിലും നീ ജീവിക്കണം പഴയതിലും സന്തോഷത്തോടെ, ഞാനെവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടാവും എന്ന വിശ്വാസത്തിൽ.. ഇത്രയും നാൾ നീ എന്നെ അന്വേഷിച്ചോ?? എന്നോടുള്ള ദേഷ്യം കൊണ്ടാണെങ്കിലും മറന്നില്ലേ എന്നെ...

അതായിരുന്നു എനിക്ക് വേണ്ടിയിരുന്നത് ..". അവൾ കരഞ്ഞു കൊണ്ട് അവന്റെ കോളറിൽ പിടിച്ചു "മറക്കാനോ... അതിന് കഴിയുമായിരുന്നെങ്കിൽ ആൻ എന്നേ നന്നായേനെ... ഇങ്ങനെ.. ഇങ്ങനെ പാഴായി പോവില്ലായിരുന്നു... " കരഞ്ഞു കൊണ്ട് അവൾ താഴേക്കൂർന്നു പോയി.. ഹർഷ് അവളെ വീഴാതെ ചേർത്ത് പിടിച്ചു . "ഇനിയുണ്ടാവില്ലടീ.... ഇനി നിന്നെ വേദനിപ്പിക്കില്ല.. സത്യമായിട്ടും.." അവന്റെ നിറഞ്ഞ കണ്ണുകൾ അവൾക്ക് വീണ്ടും വേദനയാണ് നൽകിയത്... അവൻ ഒരു നിമിഷം പോലും സങ്കടപെടുന്നത് കാണാൻ അവൾക്ക് കഴിയുമായിരുന്നില്ല.. സ്വയം തേങ്ങുമ്പോഴും അവളുടെ കൈകൾ അവന്റെ കണ്ണിൽ തങ്ങി നിന്ന ഒരു തുള്ളി കണ്ണുനീരിനെ തുടച്ചു നീക്കി... പക്ഷെ വാക്കുകൾ പുറത്തേക്ക് വന്നില്ല... എന്റെ സഖാവ് ഇനിയും സങ്കടപെടല്ലേ എന്ന് ഉറക്കെ വിളിച്ചു പറയണമെന്ന് തോന്നി.. എന്നിട്ടും എന്തോ ഒന്ന് തടഞ്ഞു നിർത്തി.. ഇടുപ്പിൽ ചുറ്റി പിടിച്ച അവന്റെ കൈകൾ ഒന്ന് മുറുകി... അവൾ പെട്ടെന്ന് തലയുയർത്തി അവനെ നോക്കി.. "സത്യമായിട്ടും എനിക്കോർമ്മയില്ലാത്തത് കൊണ്ടാ, അന്നെന്താ സംഭവിച്ചത്?"

"എന്ന്??" അവളുടെ നെറ്റിച്ചുളിഞ്ഞു.... "അന്ന്.. നമ്മൾ... കുറേ സംസാരിച്ചില്ലേ... രാത്രി... ആരുഷി വന്ന ദിവസം..." അവനെങ്ങനെ ചോദിക്കണമെന്നറിയാതെ വാലും മുറിയും പറയുന്നത് കേട്ട് അവൾക്ക് ചിരി വന്നു.. വാടിയ മുഖത്തിൽ തെളിഞ്ഞ പുഞ്ചിരിയിൽ തന്നെ അവന്റെ ഉള്ളിലുണ്ടായിരുന്ന ഭാരമെല്ലാം ഒഴിഞ്ഞു പോയി.. അവനല്പം കൂടി അവളോട് ചേർന്നു നിന്നു.. "കാര്യം മനസിലായില്ലേ.. അപ്പൊ പറ പെണ്ണേ.." "അയ്യടാ.. എല്ലാം തോന്നിയ പോലെ മറന്നു കളയും എന്നിട്ട് മറ്റുള്ളവർ കഥയും പറഞ്ഞ് പുറകെ നടക്കണമല്ലേ..." വാക്കുകളിൽ കുസൃതി... അവൻ ചുണ്ട് കടിച്ചു പിടിച്ചു ചിരിച്ചു.. "എല്ലാ കഥയും പോലെയല്ലല്ലോ ഈ കഥ.. ഇത് കേൾക്കാനേ താല്പര്യം ഇത്തിരി കൂടുതലാ..." തന്നെ ഭ്രാന്തമായി പ്രണയിച്ചിരുന്നപ്പോൾ മാത്രം ആ മുഖത്ത് നിറഞ്ഞിരുന്ന പുഞ്ചിരി വീണ്ടും കണ്ടതിലുള്ള ആനന്ദത്തിലായിരുന്നു അവൾ... പണ്ടെന്നോ മറന്നുപോയ പ്രണയത്തിൽ കുതിർന്ന നോട്ടം... സന്തോഷത്താൽ മിഴികൾ വീണ്ടും കണ്ണുനീർ വാർത്തു.. അവൻ ആ കുഞ്ഞു മുഖം കയ്യിലേക്കെടുത്തു ..

"നിനക്ക് മതിയായില്ലെടി... ഇനിയും കരയണോ??"" "ഡാാാാ....." പ്രണയം നിറഞ്ഞ അവന്റെ വാക്കുകളും നോട്ടവും അവൾക്കുള്ളിലേക്ക് കടന്നു ചെല്ലുമ്പോഴേക്കും പെട്ടെന്നൊരു അലറൽ കേട്ട് ഇരുവരും തിരിഞ്ഞു നോക്കി.. "നീ വീണ്ടും ഇവളെ കരയിപ്പിക്കാനാണോ ഓടി പാഞ്ഞിങ്ങോട്ട് വന്നത് " സ്റ്റീഫൻ ദേഷ്യത്തോടെ ചോദിക്കുന്നത് കേട്ട് ഇരുവരും മുഖത്തോട് മുഖം നോക്കി ചിരിച്ചു.. "അപ്പോ, എല്ലാം സോൾവായാ???" വിഷ്ണു അത്ഭുതത്തോടെ രണ്ടാളെയും മാറിമാറി നോക്കി.. ആൻ അതേ എന്നപോലെ തലയാട്ടി. ഹർഷ് ഒരു പിരികം നോക്കി എങ്ങനെയുണ്ട് എന്ന ഭാവത്തിൽ നിന്നു... "എന്നാലും ഇത്രവേഗം ഇവനോട് ക്ഷമിക്കേണ്ടിയിരുന്നില്ല ആൻ..... ഇവൻ നിന്നോട് ചെയ്തതൊക്കെ നീ ഇത്ര വേഗം മറന്നോ.. മനസ്സാക്ഷിയുള്ള ആരെങ്കിലും ചെയ്യുന്ന കാര്യങ്ങളാണോ ഇവൻ നിന്നോട് ചെയ്തത്.. ആൻ.. നീ ഒന്നുകൂടി ആലോചിക്കണം ബ്ഭഫഹ് വീഡിഗ്ജയ് ബ്ഡ്ജ്ജ്‌ദബി... ബാക്കി പറയുന്നതിനു മുൻപേ ഹർഷ് അവന്റെ വായിൽ പൊത്തിപ്പിടിച്ച് അടുക്കളയിൽ നിന്നും പുറത്തേക്ക് വലിച്ചുകൊണ്ടുപോയി..

ആൻ ചിരിയോടെ അവരെ നോക്കി നിന്നു.. ഇതല്ല, ഇതിനേക്കാൾ എത്ര വലിയ തെറ്റായാലും എനിക്ക് ക്ഷമിക്കാൻ കഴിയും.. കാരണം നിന്നെക്കാൾ ഭ്രാന്തമായി മറ്റൊന്നും ഞാൻ ആഗ്രഹിച്ചിട്ടില്ല♥️ നിന്റെ നഷ്ടത്തെക്കാൾ മറ്റൊന്നും എന്നെ ഇത്രയേറെ വേദനിപ്പിച്ചിട്ടില്ല ♥️ _____❤️ "അപ്പൊ എങ്ങനെയാ കാര്യങ്ങൾ....ഞാൻ നാളത്തേക്ക് ടിക്കറ്റ് ബുക്ക്‌ ചെയ്യട്ടെ നാട്ടിലേക്ക്..." ബാൽക്കണിയിലിരുന്ന് ഒഴിഞ്ഞ ബിയർ ബോട്ടിലും കയ്യിൽ പിടിച്ചുകൊണ്ട് സ്റ്റീഫൻ ഹർഷിനോട് ചോദിച്ചു... "എന്തിന്??" "നമ്മൾ വന്ന ജോലി ഒരു ദിവസം കൊണ്ട് തീർന്നില്ലേ... കണ്ടു സംസാരിച്ചു, കാര്യങ്ങളൊക്കെ കോംപ്രമൈസ് ചെയ്തു.. ഇനി നാട്ടിലേക്ക് പോവാലോ. " "നീ പൊയ്ക്കോ.. ഞാനില്ല..." "അതെന്താ, ആൻ വരില്ലാന്ന് പറഞ്ഞോ??". " അവൾ ഒരിക്കലും വരില്ല എന്ന് പറയില്ല.. ജോലിയോ കരിയറോ ഒന്നും അവൾക്ക് ഇമ്പോർട്ടന്റ് അല്ല.. എനിക്ക് വേണ്ടി എല്ലാം ഉപേക്ഷിക്കും നമ്മളുടെ കൂടെ വരും.. പക്ഷേ അതുകൊണ്ടുള്ള യൂസ് എന്താണ്? നമുക്ക് നാട്ടിൽ പോയിട്ട് എന്താ കാര്യം? അവിടെ ആരാ ഉള്ളത്,?

വീട്ടുകാരെ പണ്ടേക്ക് പണ്ടേ ഇറക്കി വിട്ടേക്കുന്നു.. പിന്നെയല്ലേ ബാക്കിയുള്ളവർ..... So...." "So???" " എന്റെ ഭാര്യയ്ക്കു വേണ്ടി ഞാൻ എന്റെ നാടിനെ ഉപേക്ഷിക്കാൻ തയ്യാറാണ്.. ഇവിടെ തന്നെ അങ്ങ് കൂടാം എന്നൊരു ചിന്ത. അവിടെയും പണിയും തൊരവുമൊന്നുമില്ലല്ലോ.." . "അത് ശരിയാ.. എനിക്കും പണിയും തൊരവുമൊന്നും ഇല്ലാത്തതുകൊണ്ട് ഞാനും ഇവിടെ തന്നെ അങ്ങ് കൂടാം ലേ..." "അതൊക്കെ പിന്നെ.. ഇപ്പൊ നീ നേരത്തെ പറഞ്ഞ ടിക്കറ്റ് ഇല്ലേ.. അതൊന്നു ബുക്ക് ചെയ്തേക്ക് .. നാളെ തന്നെ നാട്ടിലേക്ക് വിട്ടേക്ക്..." "ഞാൻ ഒറ്റക്കോ?എന്തിന്???" "നമ്മടെ ചന്ദ്രേട്ടന്റെ പഴയ ലെയ്ത്ത് വർക്ക് ഷോപ്പില്ലേ, അതിന്റെ സൈഡിൽ ഒരു കുഞ്ഞു ടണൽ ഉണ്ട്... "ആഹ്.. നമ്മൾ പണ്ട് മറ്റേതൊക്കെ ഒളിച്ചു വയ്ക്കുന്ന അഴുക്ക് ചാലല്ലേ..." "ഹാ.. അതെന്നെ .. അതിലൊരു സാധനം ഒളിപ്പിച്ചു വച്ചിട്ടുണ്ട്.., അതൊന്നെടുത്തു മാറ്റണം.. എവിടെയെങ്കിലും കുഴിച്ചിട്ടാൽ മതി.." "എന്ത് സാധനം...??" സ്റ്റീഫൻ ആകാംഷത്തോടെ ചോദിച്ചു.. ഒരൊറ്റ സിപ്പിൽ ഫുൾ ബിയർ കുടിച്ചിറക്കി ഒഴിഞ്ഞ ബോട്ടിൽ ചുണ്ടിൽ നിന്നും മാറ്റി ഹർഷ് തല ചരിച്ച് സ്റ്റീഫനെ നോക്കി.. അവന്റെ കണ്ണിലെ ക്രൂരത മനസിലായതും സ്റ്റീഫന്റെ മുഖത്തെ ആകാംഷ മാഞ്ഞ് ഭയം നിറഞ്ഞു.. "വിഷ്ണു........?????."........ തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story