നിലാമഴ: ഭാഗം 4

Nilamazha

എഴുത്തുകാരി: അനു രാജീവ്

പിന്നീട് അവർ കോളേജിൽ നിന്നില്ല.. നേരെ ഹോസ്റ്റലിലേക്ക് പോയി.. അവളുടെ അവസ്ഥ കണ്ട് തനുവും ഒന്നും മിണ്ടിയില്ല... അവളുടെ മനസ്സിൽ എന്തോ ഒന്നുണ്ട് എന്നുമാത്രം തനുവിനു തീർച്ചയായിരുന്നു.. പിറ്റേന്നുമുതൽ സ്റ്റഡി ലീവ് തുടങ്ങുന്നതു കൊണ്ട് എല്ലാവരും നാട്ടിലേക്ക് തിരിക്കാം എന്ന് തീരുമാനിച്ചിരുന്നു... അന്നു വൈകുന്നേരം മഠത്തിലേക്ക് മടങ്ങാമെന്ന് കരുതിയിരുന്നെങ്കിലും എന്തോ അവളെ അങ്ങോട്ട് അയക്കാൻ തനുവിന് മനസ്സ് വന്നില്ല... വൈകുന്നേരം തനുവിന്റെ ഏട്ടൻ അവളെ വിളിക്കാൻ വന്നു ... കുറച്ച് നിർബന്ധിച്ചാണെങ്കിലും ആനിനെയും കൂടെ കൂട്ടി... ലീവിന്റെ കാര്യം മഠത്തിൽ അറിയിച്ചില്ല.. പോകാൻ റെഡിയായി ഇറങ്ങുമ്പോഴും അവളുടെ മുഖം തെളിഞ്ഞിരുന്നില്ല ഏതോ മരണവീട്ടിലേക്ക് പോകുന്നപോലെ മൂകമായ മുഖഭാവമായിരുന്നു അവൾക്ക്.. "Hi.. Iam തേജസ്‌... " ചിരിയോടെ തേജസ്‌ ആനിനു നേരെ കൈനീട്ടി.. അവൾ തിരികെ ഒരു വാടിയ പുഞ്ചിരി മാത്രം നൽകി കാറിലേക്ക് കയറിയിരുന്നു..

കൈ നീട്ടി നിൽക്കുന്ന അവൻ തന്റെ കയ്യിലേക്കും കാറിലേക്ക് കയറി സീറ്റിലേക്ക് ചാരിയിരിക്കുന്ന അവളിലേക്കും മാറിമാറി നോക്കി.. ചമ്മിയത് ആരും കണ്ടില്ലല്ലോ എന്ന് ചുറ്റും നോക്കി ഉറപ്പു വരുത്തികൊണ്ട് കാറിലേക്ക് കയറി.. തനു ലഗേജും തൂക്കി സ്റ്റെപ്പിറങ്ങി ഓടി വന്ന് മുൻ സീറ്റിലേക്ക് കയറി.. പിന്നിൽ എങ്ങോ നോട്ടമിട്ട് ഇരിക്കുന്നവളെ നോക്കി നേരെ ഇരുന്നു.. പിന്നെ ഏട്ടനെ നോക്കി ചിരിച്ചു.. അവനും ഒന്ന് പുഞ്ചിരിച്ച് വണ്ടി മുന്നോട്ടെടുത്തു... തേജസ്‌ ഗ്ലാസ്സിലൂടെ ഇടയ്ക്കിടെ ആനിനെ നോക്കികൊണ്ടിരുന്നു... അവളിൽ യാതൊരു ചലനവും ഉണ്ടായിരുന്നില്ല.. 2 മണിക്കൂർ നീണ്ട യാത്രക്കൊടുവിൽ അവർ ആ മനോഹരമായ ഗ്രാമത്തിലേക്ക് കടന്നു.. തേജസ്‌ കാറിന്റെ ഗ്ലാസ്‌ താഴ്ത്തി.. ആൻ ഒന്ന് മുഖം ചുളിച്ചു.. കണ്ണുകൾ മുറുകെയടച്ചു തുറന്നു.. പാതിതുറന്നിരുന്ന മിഴികൾ പതിയെ വിടർന്നു... ഇരുവശവും കണ്ണെത്താദൂരത്തോളം നീണ്ടു നിൽക്കുന്ന വയലുകൾക്ക് പുറകെ ആരോ വരച്ചുചേർത്ത ചിത്രം പോലെ ഉയരത്തിൽ നിൽക്കുന്ന തെങ്ങുകൾ... മാനത്തെ ചുവപ്പിച്ചു കൊണ്ട് സൂര്യൻ മൺമറയാനൊരുങ്ങുന്നു.. ആ കാഴ്ചയ്ക്ക് ഭംഗിയേകാനായി കൂടണയുന്ന പക്ഷികളും..

വൈകുന്നേരത്തെ തണുപ്പ് കലർന്ന കുളിർ കാറ്റും... ദൂരെ നിന്നും ഏതോ അമ്പലത്തിൽ വച്ചിരിക്കുന്ന അയ്യപ്പഭക്തിഗാനങ്ങൾ... അവളുടെ ചുണ്ടുകൾ പതിയെ പുഞ്ചിരിയണിയുന്നത് തേജസ്‌ ശ്രദ്ധിച്ചു... അല്പസമയത്തിനകം അവർ വീടെത്തി... ആൻ കാറിൽ നിന്നുമിറങ്ങി.. മനോഹരമായ കുഞ്ഞുവീട്.. മുൻവശം ഓടും, പുറകു വശം വാർപ്പുമായിരുന്നു.. കുഞ്ഞുമുറ്റം.. ചുറ്റുമതിൽ... വീടിനു മുൻവശത്തു പാടം.. മൊത്തത്തിൽ ശാന്തമായ അന്തരീക്ഷം.. ഒറ്റനോട്ടത്തിൽ തന്നെ അവൾക്കാ വീട് ഒത്തിരി ഇഷ്ടമായി... അവളുടെ സ്വപ്നത്തിലും ഒരു വീടുണ്ടായിരുന്നു.. ആരുമില്ലാത്തവൾക്ക് ഒരു വീടും സ്വപ്നം മാത്രമായിരുന്നു... താൻ ആദ്യമായി ഒരു ഗൃഹത്തിൽ അന്തിയുറങ്ങാൻ പോകുന്നു.. അവൾ ഓർത്തു... "എന്താ മോളേ അവിടെ തന്നെ നിന്നത്.. വാ..." തനുവിന്റെ അമ്മ സീത അവളെ കയ്യിൽ പിടിച്ച് അകത്തേക്ക് കൊണ്ട് പോയി.. അപ്പോഴേക്കും അകത്തുകയറിയ തനുവും തേജസ്സും തമ്മിൽ വഴക്കുണ്ടാക്കാൻ തുടങ്ങിയിരുന്നു...

"നിന്നോടാരാടാ പറഞ്ഞത് എന്റെ മുറിയിൽ കയറാൻ.." "എന്റമ്മോ.. അതും നമ്മടെ അച്ഛനുണ്ടാക്കിയത് തന്നെയല്ലേ... നീ പറയുന്നത് കേട്ടാൽ തോന്നും നീ അധ്വാനിച്ചുണ്ടാക്കിയ വീടാണെന്ന്.." "ആരുണ്ടാക്കിയതായാലും അത് എന്റെ റൂമാണ്.. ഇനി ഞാൻ പോകുമ്പോൾ പുതിയ പൂട്ടും കീയും വാങ്ങി ലോക്ക് ചെയ്തിട്ട് പോകും നോക്കിക്കോ.." "എന്നാൽ അത് ചെയ്യടി.. അല്ലാതെ എന്റെ മെക്കിട്ട് കേറാതെ..." "നീ നിന്റെ കൂട്ടുകാരെയും കൊണ്ട് കൂത്തടിക്കാൻ നിന്നിട്ടല്ലേ.. അതിനകത്ത് ഫുള്ളും ബിയർകുപ്പിയാ.. അച്ഛൻ വരട്ടെ.. കാണിച്ചു തരാം... കുടിയൻ...." "വന്നതും തുടങ്ങിയോ പിള്ളേരെ...... എന്റെ കയ്യിന്ന് വാങ്ങിക്കൂട്ടണ്ടെങ്കിൽ രണ്ടും മിണ്ടാതിരുന്നോ.., പുറത്തിന് ഒരു കുട്ടി വന്നിട്ടുണ്ട്ന്നെങ്കിലും ഓർക്കണ്ടേ..." സീതയുടെ ശകാരം കേട്ട് രണ്ടാളും ഒന്നടങ്ങി.. എന്നിട്ട് പതിയെ ആനിനേ നോക്കി.. അവൾ ഇതെല്ലാം അന്തംവിട്ട് നോക്കി നിൽക്കുകയായിരുന്നു... ആദ്യമായിട്ടാണ് ഇങ്ങനെയൊക്കെ ഒരു കാഴ്ച.. "സോറി പെണ്ണേ.. റൂമിൽ കിടക്കുന്ന കോലം കണ്ടപ്പോൾ ഞാൻ പരിസരം മറന്നു പോയി.. നീ വാ അമ്മയുടെ റൂമിന്ന് ഫ്രഷ് ആവ്.. അപ്പോഴേക്കും ഞാനവിടെയൊക്കെ ഒന്ന് അടുക്കി പെറുക്കട്ടെ..."

" അല്ലെങ്കിലും നിന്നെക്കൊണ്ട് പെറുക്കാനേ പറ്റൂള്ളടി പെറുക്കി... " "നീ പോടാ തെണ്ടി..." "തനൂ...." വീണ്ടും അമ്മയുടെ ഒരൊറ്റ വെളിയിൽ ആനിന്റെ കയ്യും വലിച്ച് തനു അകത്തേക്കോടി.. "ഒന്ന് ഫ്രഷ് ആവുട്ടോ.. ഞാനിപ്പോ വരാം.." ഹാളിൽ നിന്നും എടുത്ത ലഗേജ് അടങ്ങിയ ബാഗ് അവളുടെ കയ്യിൽ കൊടുത്തു കൊണ്ട് തനു പറഞ്ഞു.. അവൾ പതിയെ ഒന്ന് തലയാട്ടി... "ഇങ്ങനെ വിഷമിച്ചിരിക്കാതെ പെണ്ണെ.. എല്ലാത്തിനും ഒരു വഴി ഉണ്ടാകും... നിന്റെ പ്രശ്നങ്ങളൊക്കെ തീരും.. ഞങ്ങളൊക്കെയില്ലേ കൂടെ..." അവളെ ചേർത്ത് പിടിച്ചു കൊണ്ട് തനു പറഞ്ഞു.. ആ വാക്കുകൾ ആശ്വാസമായിരുന്നു അവൾക്ക്.. ഒത്തിരി ആശ്വാസം.. ___❤️ അവൾ കുളിച്ചിറങ്ങി.. നനഞ്ഞ മുടി കോതിയൊതുക്കി കൊണ്ട് കണ്ണാടിക്ക് മുന്നിൽ വന്നു നിന്നു... മുഖത്തെന്തോ കുറവ് പോലെ.. ഒരുപാട് കരഞ്ഞതുകൊണ്ടാവാം ആകെ വിളറി വെളുത്തിരിക്കുന്നു.. കൺപോളകൾക്ക് ചുവന്ന നിറം.. കൺപീലികൾ പിരിയാൻ വയ്യ എന്ന പോലെ തമ്മിൽ തമ്മിൽ ഒട്ടിപിടിച്ചിരിക്കുന്നു.. അവൾ പതിയെ കണ്ണടച്ചു... തുറന്നിട്ട ജനാലയിലൂടെ പാടത്തുനിന്നും വീശുന്ന ഇളംകാറ്റ് അവളുടെ ഉടലാകെ പൊതിഞ്ഞു.. അവളൊന്ന് വിറച്ചു..

അതേ തണുപ്പുള്ള ഏതോ രണ്ട് കൈകൾ അവളുടെ ഇടുപ്പിലൂടെ ചുറ്റിവരിഞ്ഞു.. അവൾ ഒന്ന് കണ്ണിറുകെ ചിമ്മിക്കൊണ്ട് ഞെട്ടി തുറന്നു.. കണ്ണാടിയിലൂടെ പുറകെ നിൽക്കുന്ന ആളെ കണ്ട് അവളുടെ ശ്വാസം വിലങ്ങി ... ഹർഷേട്ടൻ.. അവളറിയാതെ മന്ത്രിച്ചു ... മുടിയിലെ വെള്ളം ഇറ്റു വീണ കഴുത്തിലൂടെ അവന്റെ ചുണ്ടുകൾ ഇഴഞ്ഞു നീങ്ങി. അവൾ ഇടുപ്പിൽ ചുറ്റിപ്പിടിച്ച അവന്റെ ദൃഢമായ കൈകൾക്ക് മുകളിൽ തന്റെ കൈകൾ അമർത്തി പിടിച്ചു... അവന്റെ ചുണ്ടുകൾ പതിയെ കഴുത്തിൽ പതിപ്പിച്ചു കൊണ്ട് അവ അവളുടെ പിൻകഴുത്തിലേക്ക് ഒഴുകിയിറങ്ങി.. അവൾ കിതപ്പടക്കാൻ വല്ലാതെ ബുദ്ധിമുട്ടി.. "ആൻ........." പെട്ടെന്നാരോ വിളിക്കുന്നതു കേട്ട് അവൾ ഞെട്ടി തിരിഞ്ഞു... വാതിൽക്കൽ നിൽക്കുന്ന തനുവിനെ കണ്ട് അവൾ വെപ്രാളപ്പെട്ട് ചുറ്റും നോക്കി... മറ്റാരും ആ മുറിയിൽ ഉണ്ടായിരുന്നില്ല.... എല്ലാം തോന്നലായിരുന്നോ? അതോ സ്വപ്നമോ? ഞാൻ കണ്ടതല്ലേ..? "നീ എന്താടി നോക്കുന്നെ.. വാ.. അമ്മ നല്ല കട്ലെറ്റ് ഉണ്ടാക്കിയിട്ടുണ്ട്.." ആൻ വീണ്ടും ചുറ്റും ഒന്ന് നോക്കി അവളുടെയൊപ്പം പുറത്തേക്ക് നടന്നു.. ഈറൻ മുടിയോടെ കാപ്പി കളർ ചുരിദാറിട്ട് ഹാളിലേക്ക് നടന്നുവരുന്ന അവളുടെ മേലെ ആയിരുന്നു അവന്റെ കണ്ണുകൾ..

"ശരിയടാ... അപ്പൊ നാളെ കാണാം.. " പടിക്കൽ നിന്ന് ആരോടോ പറഞ്ഞു കൊണ്ട് തേജസ് വീടിനകത്തേക്ക് കയറി വന്നു ... ആൻ പതിയെ തലയുയർത്തി നോക്കി... അകത്തേക്ക് കയറിവരുന്ന തേജസിനെ കണ്ട് അവൾ മൃദുവായി പുഞ്ചിരിച്ചു.. നേരെ നോട്ടം ഹാളിലെ സോഫയിലിരിക്കുന്ന വ്യക്തിയിലേക്കായി... "ആൻ.. ഇത് എന്റെ അച്ഛൻ.. മൈ സ്വീറ്റ് ഡാഡ്..." തനു അദ്ദേഹത്തെ ചേർത്തുപിടിച്ചുകൊണ്ട് ചിരിയോടെ പറഞ്ഞു... ആൻ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.. എങ്ങനെ പെരുമാറണം എന്ന് പോലും അവൾക്ക് നിശ്ചയമുണ്ടായിരുന്നില്ല.. അയാൾ എഴുന്നേറ്റ് അവൾക്ക് നേരെ നിന്നു... " മോൾ വല്ലതും കഴിച്ചോ? " "ഇല്ലച്ചാ.. കഴിക്കാൻ വേണ്ടി കൂട്ടിയിട്ട് വന്നതാ ഇപ്പൊ" അവൾ എന്തുപറയണമെന്നറിയാതെ നിൽക്കുമ്പോഴേക്കും തനുവിന്റെ മറുപടി വന്നു.. "ശരി.. മക്കള് പോയി കഴിക്ക്.. " അവളെ നോക്കി ചിരിയോടെ പറഞ്ഞു കൊണ്ട് അയാൾ മുറിയിലേക്ക് നടന്നു .. അച്ഛൻ...... അവൾ മനസ്സിൽ മന്ത്രിച്ചു.. "എന്ത് നോക്കി നിക്കുവാടി.. വാ.." തനു അവളെയും കൂട്ടി ഡയിനിങ് ടേബിളിലേക്ക് പോയി.. സീത അവർക്ക് ചൂട് ദോശയും ചായയും കട്ലെറ്റും കൊണ്ട് വന്നു.. അവൾ ക്ലോക്കിലേക്ക് നോക്കി..

7 മണി ആയിട്ടേ ഉള്ളൂ.. ഇത്ര നേരത്തെ ഭക്ഷണം കഴിച്ച് ശീലം ഇല്ലെങ്കിലും അവരുടെ സന്തോഷം നിറഞ്ഞ മുഖം കണ്ടപ്പോൾ എതിർക്കാൻ തോന്നിയില്ല. മൂന്നാളും ചേർന്നിരുന്ന് ഭക്ഷണം കഴിച്ചു.. കഴിക്കുന്ന നേരമത്രയും തേജസിന്റെ ശ്രദ്ധ ആനിൽ മാത്രമായിരുന്നു.. അവളാണെങ്കിൽ മറ്റേതോ ലോകത്ത് എന്ന പോലെ ഓരോ പീസ് ദോശയായി മുറിച്ച് വായിൽ വയ്ക്കുന്നുണ്ട്.. മനസ്സ് അവിടെയൊന്നും അല്ല എന്ന് ആ ഇരുപ്പിൽ നിന്നു തന്നെ വ്യക്തമാണ്... ഭക്ഷണം കഴിച്ച് കഴിഞ്ഞ് അൽപസമയം നാലാളും ചേർന്ന് സംസാരിച്ചിരുന്നു എങ്കിലും ആൻ ഒന്നിലും ഇടപെടുന്നില്ല എന്ന് കണ്ട് അവൾക്ക് മുഷിപ്പ് തോന്നാതിരിക്കാൻ തനു ആനിനെയും കൂട്ടി മുറിയിലേക്ക് പോയി.. തനു അവളുടെ മൂഡ് മാറ്റാൻ എന്തൊക്കെയോ പറയുന്നുണ്ടെങ്കിലും ആൻ എല്ലാം കേട്ട് മൂളിക്കൊണ്ട് കിടന്നു... സംസാരിച്ചു സംസാരിച്ച് ഇരുവരും പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു... ___❤️ രണ്ടാളും എഴുന്നേൽക്കുമ്പോൾ അല്പം വൈകിയിരുന്നു.. ഫ്രഷായി താഴേക്ക് പോകുമ്പോഴേക്കും തനുവിന്റെ അച്ഛൻ ദേവനും തേജസും ഡയ്നിങ് ടേബിളിൽ ഇരിക്കുവായിരുന്നു.. "കഴിക്കാനിരിക്ക് മക്കളെ.." "ഇല്ലച്ചാ.. ഇപ്പൊ എഴുന്നേറ്റേ ഉള്ളു.. കുറച്ച് കഴിഞ്ഞിട്ട് കഴിക്കാം.."

മറുപടി കൊടുത്തത് ആനായിരുന്നു... അത് എല്ലാവരിലും വളരെ സന്തോഷമുണ്ടാക്കി.. വന്നപ്പോൾ തൊട്ട് ഒന്നും മിണ്ടാതിരുന്നത് എല്ലാവരിലും ചെറിയ സങ്കടമുണ്ടാക്കിയിരുന്നു... അവർ അല്പസമയം കഴിഞ്ഞതിനു ശേഷം ഭക്ഷണം കഴിച്ച്, പുറത്ത് കറങ്ങാൻ പോവാം എന്ന് തീരുമാനിച്ചു ... "എടീ.. വൈകുന്നേരത്തെ പരിപാടി മറക്കണ്ട..." ബൈക്ക് സ്റ്റാർട്ടാകുന്നതിനു മുന്നേ തേജസ്‌ തനുവിനോട് വിളിച്ച് പറഞ്ഞു.. "ആഹ്.. ശരി ചേട്ടാ..." തേജസിന്റെ വണ്ടി ദൂരേക്ക് മറഞ്ഞു... "വൈകുന്നേരം എന്ത് പരിപാടിയാടി ഉള്ളത്?" ആൻ തനുവിനോട് ചോദിച്ചു.. "ഇവിടെ അമ്പലത്തിൽ അയ്യപ്പൻ വിളക്കാ.. അതിന് പോകുന്ന കാര്യം ഓർമിപ്പിച്ചതാ..." "അയ്യപ്പൻ വിളക്കെന്നു വച്ചാൽ..??" "ഈ ശബരിമലക്ക് പോവാൻ മാലയിട്ടില്ലേ.. അവരെല്ലാവരും ചേർന്ന് അയ്യപ്പൻറെ പാട്ടൊക്കെ പാടി പൂജയൊക്കെ കഴിച്ച് കെട്ടുനിറയ്ക്കും.. പാതിരാത്രി വരെ പരിപാടികൾ ഉണ്ടാവും.. ചിലപ്പോ പുലർച്ചെ വരെ.." "സ്ത്രീകൾക്കൊക്കെ പോകാൻ പറ്റോ..?" "അതിനെന്താ.. എല്ലാർക്കും പോവാം.. രാത്രി അവിടന്നാ ഫുഡ്‌.. എത്ര ഇഡ്ഡലി കഴിച്ചാലും, അവിടന്ന് കിട്ടുന്ന ഇഡ്ഡലിടേയും സാമ്പാറിന്റെയും സ്വാദ്... വാഹ്ഹ്...." ആൻ ഒന്ന് ചിരിച്ചു..

തനു ആ നാടിനെ പറ്റിയും നാട്ടുകാരെപറ്റിയുമൊക്കെ പറഞ്ഞ് അവിടം മുഴുവൻ ചുറ്റികാണിച്ചു... ആനിന് അവിടമെല്ലാം ഒത്തിരി ഇഷ്ട്ടമായി.. ശരിക്കും സ്വർഗമാണവിടം എന്ന് തോന്നി അവൾക്ക്.... ഉച്ചയാവുമ്പോഴേക്കും അവർ തിരികെയെത്തി... ഫുഡ്‌ കഴിച്ച് ഒന്ന് കിടന്നുറങ്ങി.. എഴുന്നേൽക്കുമ്പോൾ 4 മണി.. ചായ കുടിച്ച് കുറച്ച് നേരം ഇരിക്കുമ്പോഴേക്കും തേജസ്‌ വീട്ടിലേക്ക് വന്നു.. അവൻ കുളി കഴിഞ്ഞ് ഡ്രസ്സ്‌ മാറ്റി വീണ്ടും ബൈക്ക് എടുത്ത് പോയി... അതിനിടയിൽ ആനിനെ ഒന്ന് നോക്കാനും മറന്നില്ല... 5 മണി കഴിഞ്ഞതും ഉച്ചത്തിൽ വച്ച മൈക്ക് സെറ്റിലൂടെ എംജി.ശ്രീകുമാറിന്റെ ശബ്ദത്തിൽ അയ്യപ്പ ഭക്തിഗാനങ്ങൾ കേൾക്കാൻ തുടങ്ങി.. തനു വേഗം കുളിക്കാൻ കയറി.. അവൾ ഒരു ബ്ലൗസും പാവാടയും ഇട്ട് ഇറങ്ങി വന്നു.. "സാരി ഉടുക്കാനാണോടി..??" തനു അതേ എന്ന് തലയാട്ടി.. നേരെ ഷെൽഫിനടുത്തേക്ക് പോയി ഒരു കവർ എടുത്ത് ആനിന്റെ അടുത്തേക്ക് വന്നു.. അവൾ കുളിക്കാൻ കയറാൻ വേണ്ടി കയ്യിലെടുത്ത് വച്ച ടോപ്പ് വാങ്ങി ആ കവർ കയ്യിൽ കൊടുത്തു.. ആൻ നെറ്റിചുളിച്ചു കൊണ്ട് ആ കവർ തുറന്ന് നോക്കി... ഒരു സിമ്പിൾ സാരിയായിരുന്നു അതിൽ.. "എടി.. ഇതൊന്നും വേണ്ട..."

"വേണം.., അല്ലെങ്കിൽ ഞാൻ ഒറ്റയായി പോവില്ലേ.. പ്ലീസ്.. പ്ലീസ്.." ആൻ ദയനീയമായി അവളെ നോക്കി... "പ്ലീസ്.. പ്ലീസ്.. പ്ലീ.... സ്...." അവൾ വീണ്ടും കെഞ്ചി കൊണ്ടിരുന്നപ്പോൾ ആൻ മനസ്സില്ലാമനസ്സോടെ അതിന്റെ ബ്ലൗസും പാവാടയും എടുത്ത് ബാത്റൂമിലേക്ക് കയറി.. അവൾ കുളിച്ചിറങ്ങുമ്പോഴേക്കും തനു സാരിയൊക്കെ ഉടുത്തു ഒരുങ്ങി നിൽക്കുന്നുണ്ടായിരുന്നു.. വേഗം ആനിനെയും സാരിയുടുക്കാൻ സഹായിച്ച് കൊടുത്ത് തനു ഹാളിലേക്ക് പോയി.. ആൻ കണ്ണാടിയുടെ മുന്നിലേക്ക് നിന്നു.. ചന്ദനനിറത്തിലുള്ള സാരിയിൽ അവളുടെ മുഖമാകെ പ്രകാശിക്കുന്നത് പോലെ തോന്നി .. ഒരു കുമിഴ് മാത്രം സ്ഥാനം പിടിച്ചിരുന്ന ചെവിയിൽ ആടിക്കളിക്കുന്ന ജിമിക്കിയിലേക്ക് അവളുടെ കണ്ണുകൾ നീങ്ങി.. നെറ്റിയിലെ കുഞ്ഞ് പൊട്ടും.. ഇനിയും നോക്കി നിന്നാൽ ശരിയാവില്ല എന്ന് തോന്നി ആൻ പുറത്തേക്കിറങ്ങി.. വേഗം അവളുടെ കയ്യും പിടിച്ച് തനു അവിടെനിന്നും ഇറങ്ങി.. കോൺക്രീറ്റ് ചെയ്ത റോഡിലൂടെ അല്പദൂരം നടക്കണമായിരുന്നു അമ്പലത്തിലേക്ക്... ആ വൈകുന്നേര സമയത്തെ നടത്തം അവരിരുവരും ആസ്വദിച്ചു.. വഴിവിളക്കുകളും കുളിർകാറ്റും ഒപ്പം ഭക്തിഗാനങ്ങളും..

അമ്പലത്തിലേക്കടുക്കെ ശബ്ദം കൂടി കൂടി വന്നു. ഒരുപാടാളുകൾ അമ്പലത്തിലേക്കും,, അമ്പലത്തിൽ നിന്ന് തൊഴുതിറങ്ങി തിരിച്ച് വീട്ടിലേക്കും പോയി കൊണ്ടിരിക്കുന്നുണ്ടായിരുന്നു.. പുറത്ത് ചെരുപ്പഴിച്ചുവച്ച് അവർ ഇരുവരും അമ്പലത്തിനുള്ളിലേക്ക് പ്രവേശിച്ചു.. ആനിന് നല്ല ഭയമുണ്ടായിരുന്നു.. മറ്റൊരു മതത്തിൽ ചേർന്ന ആൾ ആണെന്ന് ആരെങ്കിലും അറിഞ്ഞാൽ പ്രശ്നം ഉണ്ടാക്കുമോ എന്നവൾ ഭയന്നിരുന്നു.. പുറത്തു തന്നെ ബോർഡിൽ എഴുതി വച്ച നിബന്ധനകൾ അവൾ സാകൂതം വീക്ഷിച്ചു.. "ശബ്ദം നാമജപത്തിന് മാത്രം.. ചെരിപ്പിട്ട് അകത്തേക്ക് പ്രവേശിക്കരുത്.. ബനിയൻ ലുങ്കി ജീൻസ്‌ എന്നിവ ഉടുത്ത് അകത്തേക്ക് പ്രവേശിക്കരുത്... ശരീരശുദ്ധി ഉറപ്പ് വരുത്തുക... മൊബൈൽ ഫോൺ ഉപയോഗം അകത്ത് പാടില്ല... ക്ഷേത്രപരിസരത്തു പുകവലി നിരോധിച്ചിരിക്കുന്നു.." ഇത്രയുമായിരുന്നു ആ ബോർഡിൽ അച്ചടിച്ച വാക്കുകൾ.. എവിടെയും മതത്തിനെ കുറിച്ച് പരാമർശിക്കുന്നില്ല എന്നത് അവളിൽ അൽപം ആശ്വാസം ഉണ്ടാക്കി.. അവൾ ആദ്യമായി അമ്പലത്തിനകത്തേക്ക് പ്രവേശിച്ചു.. അകത്തുകയറി തൊഴുതു.. ഏതാണ് പ്രതിഷ്ഠ, ഏത് ദേവനാണ് എന്നൊന്നും അറിയില്ലെങ്കിലും അവൾ കൈകൂപ്പി നിന്നു ..

തൊഴുതാൻ യാതൊന്നും ഉണ്ടായിരുന്നില്ല. മനസ്സ് ശൂന്യമായിരുന്നു.. അല്പസമയം അതിനകത്ത് ചിലവഴിച്ചു.. കൊളുത്തിവച്ച തിരിനാളങ്ങളും, കർപൂരത്തിനും ചന്ദനത്തിരിയുടെയും സാമ്പ്രാണിയുടെയും മണവും അവൾ വേണ്ടുവോളം ആസ്വദിച്ചു.. മനസ്സ് ശാന്തമായ പോലെ. ആധികൾ എല്ലാം മറന്നു പോയ പോലെ. . അവർ നടക്കകത്തു നിന്നും പുറത്തേക്കിറങ്ങി.. അകത്തേക്ക് കയറുന്ന കവാടത്തിനരികിലൂടെയുള്ള വഴി പോകുന്നത് ഒരു വലിയ സ്റ്റേജിലേക്കായിരുന്നു.. അവിടെ സൗണ്ട് സിസ്റ്റത്തിന്റെ കുറച്ചാളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.. സ്റ്റേജിൽ നിരത്തിവെച്ചിരിക്കുന്ന വാദ്യോപകരണങ്ങളിലേക്കും ആൻ നോക്കി. അതിനു തൊട്ടടുത്തായി പനയോല കൊണ്ട് നിർമ്മിച്ച ശബരിമലയിലേക്കും.. പനയോല കൊണ്ട് പതിനെട്ടു പടികളും ശബരിമല ക്ഷേത്രവും രൂപകൽപ്പന ചെയ്ത് വച്ചിരുന്നു അവിടെ. അതിന് ചുറ്റും വിളക്കുകളും.. അതെല്ലാം അവൾക്ക് അത്ഭുതം നൽകുന്ന കാഴ്ചകളായിരുന്നു ... സ്റ്റേജിനു മുന്നിൽ നിരത്തിയിട്ട ചെയറുകളിലേക്ക് അവർ ഇരുവരും ഇരുന്നു... നേരത്തെതന്നെ സീറ്റ് പിടിക്കാൻ എന്നപോലെ കുറച്ച് സ്ത്രീകൾ പുൻപന്തിയിൽ ഇരിക്കുന്നുണ്ടായിരുന്നു...

തനു ആനിനോട് എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരുന്നു... സ്റ്റേജിൽ കുറച്ച് ആളുകൾ വന്ന് പാട്ട് ആരംഭിച്ചു.. അവർ ഉറക്കെ അയ്യപ്പന് ശരണം വിളിച്ചുകൊണ്ട് തുടങ്ങിവച്ചു.. എല്ലാവരും കറുത്ത വസ്ത്രമണിഞ്ഞവരായിരുന്നു.. ശബരിമലയ്ക്ക് പോകാൻ മാലയിട്ടിരുന്നവർ.. പാട്ടിന്റെ ശബ്ദവും സ്വരത്തിലെ ഊർജവും കൂടികൊണ്ടേയിരുന്നു.. പാടുന്നവർക്ക് ക്ഷീണമോ കേൾക്കുന്നവർക്ക് മടുപ്പോ തോന്നുന്നുണ്ടായിരുന്നില്ല.. സ്റ്റേജിന്റെ ഒരുഭാഗത്ത് നാലുപേർ ഇരുന്ന് പാട്ടുപാടും മറുഭാഗത്ത് ഇരിക്കുന്ന മാലയിട്ട സ്വാമികൾ എല്ലാവരും അത് ഏറ്റുപാടും.. മറുഭാഗത്ത് 50 പേരിൽ കൂടുതൽ ഉണ്ടായിരുന്നു.. കുറച്ചുനേരം കഴിഞ്ഞപ്പോൾ രണ്ടാളും എഴുന്നേറ്റ് പോയി ഭക്ഷണം കഴിച്ചിട്ട് വന്നു.. തനുവിന്റെ വാക്കുകളെ സത്യമാക്കും രീതിയിൽ അത്രയും രുചിയുള്ള ഭക്ഷണമായിരുന്നു ലഭിച്ചത്.. അവർ തിരികെ വന്ന് ഇരിക്കുമ്പോൾ ഓരോരുത്തരായി എഴുന്നേറ്റ് ഇരുമുടികെട്ടു നിറയ്ക്കാൻ തുടങ്ങിയിരുന്നു... തേങ്ങയുടെ കണ്ണുതുറന്നു നെയ്യൊഴിച്ചു നിറച്ച് മുറുക്കിയടച്ചു പപ്പടമൊട്ടിച്ച് കെട്ടിൽ വച്ചതിനു ശേഷം ബന്ധുക്കളും നാട്ടുകാരും എല്ലാം ആ കെട്ടിലേക്ക് അവർക്കിഷ്ടമുള്ള തുക അല്ലെങ്കിൽ ചില്ലറ പൈസ ഇട്ടു കൊടുക്കും..

ആ കെട്ട് അയ്യപ്പനുള്ളതാണ്... നേർച്ച പോലെ പൈസ ആ കെട്ടിലൂടെ അവിടെ എത്തിക്കാം.. ഓരോരുത്തരുടെ കെട്ട് നിറയ്ക്കുമ്പോഴും ആരൊക്കെയോ പോയി പൈസയിട്ട് തിരികെ വന്നു.. കൂടിയിരുന്ന സ്വാമികളിൽ നിന്നും എഴുന്നേറ്റ ആളെ കണ്ട് ആനിന്റെ ഉള്ളം വിറച്ചു... "ഹർഷേട്ടൻ...." അവളറിയാതെ ഉറക്കെ പറഞ്ഞു... "ഹ്മ്മ്.. ആൾടെ വീട് ഇവിടെയാ.. അത് കൊണ്ടല്ലേ ഞാനന്ന് ചരിത്രം മുഴുവൻ നിന്നോട് പറഞ്ഞ് കേൾപ്പിച്ചത്..." തനു പറയുന്നത് കേട്ട് ആൻ ഞെട്ടി അവളുടെ മുഖത്തേക്ക് നോക്കി.. തന്റെ വായിൽ നിന്നും ആ പേര് വീഴുമ്പോഴും ഒരുപക്ഷേ തോന്നലായിരിക്കാം എന്ന ചിന്തയുണ്ടായിരുന്നു.. എന്നാൽ ഈ നിമിഷം.. ഇതു തോന്നലല്ല... ശരിക്കും ഹർഷേട്ടനാണ്.. അവൾ തന്റെ കണ്ണുകളെ വിശ്വസിക്കാൻ മടിച്ചു .. ഇങ്ങനെ വീണ്ടും കാണുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല .. അവളുടെ നോട്ടം അവനിലേക്ക് മാത്രമായി ഒതുങ്ങി.. കറുത്ത ഷർട്ടും കറുത്ത മുണ്ടും കഴുത്തിലെ രുദ്രാക്ഷങ്ങൾ കൊരുത്ത മാലയും, അതിനറ്റത്തു തൂങ്ങുന്ന അയ്യപ്പന്റെ ലോക്കറ്റും നെറ്റിയിലെ ചന്ദനവും..

അവൾ കണ്ണുനിറയെ ആ രൂപത്തെ നോക്കി... കെട്ടുനിറച്ചു കഴിഞ്ഞ് കെട്ടിലേക്ക് പൈസ ഇടേണ്ട സമയമായി... "എടി.. കയ്യിൽ പൈസയുണ്ടോ...?" ആൻ തനുവിനോട് ചോദിച്ചു.. "ഇല്ല... ഞാനെടുത്തില്ല..." ആനിന്റെ മുഖം വാടി... "നിക്ക്.. ഞാൻ ഏട്ടന്റടുത്തിന്ന് വാങ്ങീട്ട് വരാം.." തനു വേഗം എഴുന്നേറ്റ് സ്റ്റേജിന് സൈഡിൽ നിൽക്കുന്ന തേജസിനടുത്തേക്ക് പോയി.. അവന്റെ കയ്യിൽ നിന്നും 100 രൂപ വാങ്ങി വേഗം കൊണ്ടുവന്ന് ആനിന്റെ കയ്യിൽ കൊടുത്തു.. അവൾ വേഗം സ്റ്റേജിലേക്ക് കയറി ഹർഷിന്റെ കെട്ടിലേക്ക് പൈസയിട്ടു.. ചമ്രം പിടഞ്ഞിരിക്കുന്ന ഹർഷിന്റെ മുഖത്തേക്ക് നോക്കി... അവനും മുഖമുയർത്തി... അവളെ കണ്ട് ഒന്ന് നെറ്റിചുളിച്ചു, പിന്നെ മൃദുവായി പുഞ്ചിരിച്ചു.. അതുമതിയായിരുന്നു അവൾക്ക്.. ആ പുഞ്ചിരി മാത്രം മതിയായിരുന്നു... സ്റ്റേജിൽ നിന്ന് ഇറങ്ങി വരുമ്പോൾ അവളുടെ മനസ്സിലെ വിഷമം മുഴുവൻ ആ പുഞ്ചിരികൊണ്ട് മായ്ച്ചു കളഞ്ഞിരുന്നു അവൻ.................. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story