നിലാമഴ: ഭാഗം 5

Nilamazha

എഴുത്തുകാരി: അനു രാജീവ്

"എടീ...." "ഹ്മ്മ്മ്മ്മ്....' "എടീ.. തനു...." "എന്താടി...." തനു ഉറക്കം മുറിഞ്ഞ ദേഷ്യത്തിൽ എഴുന്നേറ്റിരുന്നു... "ഈ കമ്മ്യൂണിസ്റ്റുകാരൊക്കെ ശബരിമലക്ക് പോവോ..??" "അതെന്താ കമ്മ്യൂണിസ്റ്റ്‌കാർക്ക് പ്രവേശനമില്ല എന്ന് ശബരിമലയിൽ ബോർഡ് എഴുതി വച്ചിട്ടുണ്ടോ..?" "എടീ.. അതല്ല..." "ഏതല്ല...?? വന്നപ്പോ തൊട്ട് തുടങ്ങിയതാ നിന്റെ ഓരോ സംശയങ്ങൾ.. സമയം നോക്ക്..12 കഴിഞ്ഞു.. എനിക്കുറക്കം വരുന്നു പെണ്ണേ.. കിടക്കാൻ നോക്ക്.." തനു അല്പം ദേഷ്യത്തോടെ പറഞ്ഞ് തിരിഞ്ഞു കിടന്നു.. "തനൂ..... തനൂ..." "ഹ്മ്മ്മ്മ്..." "ഇന്ന് മലയ്ക്ക് പോയോരൊക്കെ എപ്പോ തിരിച്ചു വരും...?" തനു തല മാത്രം തിരിച്ച് അവളെ സൂക്ഷിച്ചു നോക്കി... ആനിന്റെ മുഖത്തെ കള്ളലക്ഷണം കണ്ട് തനു വീണ്ടും എഴുന്നേറ്റിരുന്നു... "ഇത്ര നേരം ഞാൻ കരുതിയത് നാടിനെ കുറിച്ചും ഇവിടത്തെ ആചാരങ്ങളെ കുറിച്ചും ഒക്കെ അറിയാനുള്ള ആഗ്രഹം കൊണ്ട് ഓരോന്ന് ചോദിക്കുവാണെന്നാണ്.. പക്ഷെ അതല്ലല്ലോ കൊച്ചേ.. ഈ ചോദ്യത്തിനു പിന്നിൽ മറ്റെന്തോ ഉണ്ടല്ലോ..." "എന്ത്??" "അവർ എപ്പോൾ തിരിച്ചു വന്നാൽ നിനക്കെന്താ??

അതെന്തിനാ ഈ പാതിരാത്രി ചോദിക്കുന്നത്??" "അല്ല.. സാധാരണ ശബരിമലക്ക് പോയി വരാൻ എത്ര ദിവസമെടുക്കും എന്നറിയാനാ..." "ആണോ...??" "ഹ്മ്മ്..." "ഹ്മ്മ്മ്.. വിശ്വസിച്ചു.. ഇന്ന് പോയവർ ഒരാഴ്ചക്കുള്ളിൽ തിരിച്ചു വരും... അവരൊന്നും 41 ദിവസം വൃതമെടുത്ത് ആചാരാനുഷ്ട്ടാനങ്ങൾ പാലിച്ചു മാലയിട്ടതൊന്നുമല്ല.. ഇന്ന് രാവിലെ മാലയിട്ടു, വൈകുന്നേരം കെട്ടുനിറച്ചു.. വേഗം പോയിട്ട് വരികയും ചെയ്യും.. ഇനി വേറെന്തെങ്കിലും അറിയണോ...??" "വേണ്ട.. നീ കിടന്നോ..." ആൻ കള്ളചിരിയോടെ പറഞ്ഞു കൊണ്ട് തിരിഞ്ഞു കിടന്നു.. അവളെ ഒന്നിരുത്തി നോക്കി തനുവും... ഇന്നലെ ഈ സമയം ഉരുകുകയായിരുന്നു.. നെഞ്ചിൽ വല്ലാത്ത വേദനയായിരുന്നു... എന്നാൽ ഇപ്പോൾ ആശ്വാസമാണ്.. സന്തോഷമാണ്... തിരമാലയൊഴിഞ്ഞ കടൽത്തീരം പോലെ ശാന്തമാണ്.. ഹർഷേട്ടനെ സ്വന്തമാക്കാൻ കഴിയുമോ ഇല്ലയോ എന്നൊന്നും അറിയില്ല.. ഇങ്ങനെ എന്നെങ്കിലും ഒരു നോക്ക് കാണാൻ കഴിഞ്ഞാൽ മതി.. തന്നെ നോക്കിയൊന്ന് പുഞ്ചിരിച്ചാൽ മതി.. അന്നവൾ ആശ്വാസത്തോടെ കണ്ണുകളടച്ചു... ___❤️

നേരത്തെ എഴുന്നേറ്റ് കുളിച്ച് ഡ്രസ്സ്‌ മാറി ആൻ അടുക്കളയിലേക്ക് പോയി.. "ഹാ.. ഇത്ര നേരത്തെ എഴുന്നേറ്റോ..." സീത ചിരിയോടെ ചോദിച്ചു.. "ഹ്മ്മ്.. നേരത്തെ തെളിഞ്ഞു.. പിന്നെ ഉറങ്ങാൻ തോന്നിയില്ല..." അവളുടെ മുഖത്തെ പുഞ്ചിരി ആ അമ്മയുടെ മനസ്സ് നിറച്ചു... "എന്തിനാ മോളേ ഇത്ര നേരത്തെ കുളിച്ചത്.. നല്ല മഞ്ഞും തണുപ്പുമുണ്ട്.. നീരിറങ്ങണ്ട... ഇങ്ങു വന്നേ..." അവളെ അടുക്കളയിൽ നിന്നും കൊണ്ട് വന്ന് ഡയിനിങ് ടേബിളിൽ പിടിച്ചിരുത്തി അവർ അയയിൽ തൂക്കിയ തോർത്തെടുത്ത് അവളുടെ തല തുടച്ചു കൊടുത്തു.. ജനലിൽ വച്ചിരിക്കുന്ന ചെറിയ വെളുത്ത നിറത്തിലുള്ള കുഞ്ഞ് പെട്ടി എടുത്ത് കൊണ്ട് വന്നു.. അതെന്താണെന്ന് മനസിലാക്കാതെ അവൾ ഇരുന്നിടത്തു നിന്നും എത്തി നോക്കി... അത് തുറക്കെ അവൾ ആ ഗന്ധം ആസ്വദിച്ചു... ഓർമയിലെവിടെയോ ആ മണവും ഇടംപിടിച്ചിട്ടുണ്ട്... "രാസ്നാദിയാ.. ജലദോഷം പിടിക്കാതിരിക്കാൻ..." അവർ ഒരു നുള്ള് പൊടിയെടുത്ത് ആനിന്റെ നെറുകയിൽ തേച്ചുകൊടുത്തു... "മോളിരിക്ക്.. ഞാൻ ചായ കൊണ്ട് വരാം.." അവർ അടുക്കളയിലേക്ക് നടന്നു...

ഫ്ലാസ്കിൽ ഒഴിച്ച് വച്ച ചായ സ്റ്റീൽ ഗ്ലാസ്സിലേക്ക് പകർത്തുന്നവരെ നോക്കിയിരിക്കെ അവളുടെ മിഴികൾ ഈറനണിഞ്ഞു.. അവർക്കറിയില്ലല്ലോ ഇതെല്ലാം തനിക്ക് ശീലമാണെന്ന്. നീരിറങ്ങിയാൽ പനിയോ ജലദോഷമോ വരില്ല.. കാരണം ഇത് തന്റെ ജീവിതശൈലിയായി മാറിയിരിക്കുന്നു... തല തുടച്ചില്ലെങ്കിൽ ഇങ്ങനെ വാത്സല്യത്തോടെ പിടിച്ചിരുത്തി തുടച്ചു തരാനോ, തന്റെ കാര്യത്തിൽ പരിഭ്രമിക്കാനോ, തനിക്ക് ആരുമുണ്ടായിരുന്നില്ല.. ഇന്നും ആരുമില്ല.. ഇനിയൊരിക്കലും ഉണ്ടാവാനും പോകുന്നില്ല... "ഇതാ.. ഇത് കുടിക്ക് ട്ടോ.. അമ്മ ദോശയൊഴിക്കട്ടെ..." "ഞാനൊഴിക്കാം അമ്മേ..." "ശരി വാ..." അവൾ ചായയും എടുത്ത് സ്റ്റവിനടുത്തേക്ക് പോയി.. അപ്പോഴേക്കും സീത സ്റ്റവ് കത്തിച്ച് ദോശകല്ല് അടുപ്പിൽ വച്ച് കൊടുത്തു.. ഫ്രിഡ്ജിൽ നിന്നെടുത്ത് വച്ച മാവ് അവൾക്കരികിലേക്ക് വച്ചു കൊടുത്തു ഒരു പ്ലേറ്റിൽ അല്പം കൊട്ടെണ്ണയും അത് ദോശകല്ലിലേക്ക് തേക്കാൻ മുറിച്ചു വച്ചിരിക്കുന്ന വാഴ തണ്ടും അവൾ എടുത്ത് നോക്കി.. കല്ല് ചൂടായപ്പോൾ ചെരിച്ചു വെട്ടിയെടുത്ത കുഞ്ഞ് വാഴ കമ്പിനെ എണ്ണയിൽ മുക്കി കല്ലിലേക്ക് തേച്ചു.. ഒരു കരണ്ടി മവെടുത്ത് അതിലേക്കൊഴിച്ചു വട്ടത്തിൽ പരത്തി.. അവളുടെ പ്രവർത്തിയിൽ തന്നെയുണ്ടായിരുന്നു അതിലെ പ്രാവീണ്യം...

"മോൾക്കിതൊക്കെ ശീലമുണ്ടോ...??" "ഹ്മ്മ്.. അവിടെ മഠത്തിൽ റോസ്‌ലി ചേച്ചി വരും ഫുഡ്‌ ഉണ്ടാക്കാൻ.. അപ്പൊ ഞാനും കൂടും.. അങ്ങനെ ചെറുതായിട്ടൊക്കെ ഉണ്ടാക്കാനറിയാം..." "ഹ്മ്മ്.. ഇവിടെയും ഉണ്ട് ഒരെണ്ണം.. ഒരു കാപ്പി തിളപ്പിക്കാൻ പോലും അറിയില്ല.." അവൾ ചിരിച്ചതേയുള്ളു.. അല്പസമയം കഴിയുമ്പോഴേക്കും തനുവും വന്നു.. സ്റ്റഡി ലീവ് ആയതുകൊണ്ട് തന്നെ കുറച്ചൊക്കെ അവർ പഠിക്കുവാനും സമയം കണ്ടെത്തി... ബാക്കിയുള്ള സമയം കുളത്തിലും അമ്പലത്തിലും വയലിലും ഒക്കെയായി ചിലവഴിച്ചു.. വന്ന ദിവസത്തെ ആനിനെ അവർ പിന്നീട് കണ്ടതേയില്ല.. പിന്നീടുള്ള ഓരോ ദിവസവും അവളിൽ സന്തോഷമായിരുന്നു നിറഞ്ഞുനിന്നത്... മറ്റുള്ളവർക്ക് ആ ചിരി സന്തോഷമായി തോന്നിയെങ്കിലും അവൾക്കത് പ്രതീക്ഷയായിരുന്നു... പോകുന്നതിനു മുൻപ് ഒരു തവണ കൂടി കാണാൻ കഴിയും, ഒരു വാക്കെങ്കിലും മിണ്ടാൻ കഴിയും എന്ന പ്രതീക്ഷ... ആ ഒരാഴ്ചക്കാലം വേഗത്തിൽ നീങ്ങി.. __❤️ "പുറത്തെന്താടി ശബ്ദം.." ഉറക്കെയുള്ള ആരുടെയൊക്കെയോ പൊട്ടിച്ചിരി കേട്ട്, വാതിൽ തുറന്ന് അകത്തേക്ക് വരുന്ന തനുവിനോട് ആൻ ചോദിച്ചു.. "ഏട്ടന്റെ ഫ്രണ്ട്സാ..." "ഓഹ്..." അലസമായി ഒന്നു മൂളിക്കൊണ്ട് അവൾ തന്റെ കാലിലെ നീണ്ട വിരലുകളിൽ ഗ്രേ കളർ നെയിൽ പോളിഷ് ഇടുന്നത് തുടർന്നു...

"ശബരിമലക്ക് പോയി വന്നതിന്റെ പാർട്ടിയാ.. എല്ലാ വർഷവും കാണും ഈ പരിപാടി... അച്ഛനില്ലാത്ത ധൈര്യത്തിലാ തെണ്ടി ഏട്ടൻ എന്റെ റൂമിൽ കള്ളു കയറ്റുന്നെ... അവര് പോവട്ടെ ഞാൻ ശരിയാക്കി കൊടുക്കുന്നുണ്ട്... " ആൻ ഒരു നിമിഷം അനങ്ങാതെ നിന്നു.. "ശബരിമലക്ക് പോയി വന്നവരോ..??" അവൾ സംശയത്തോടെ തനുവിന്റെ മുഖത്തേക്ക് നോക്കി.. "ഹ്മ്മ്..." "അതിൽ ഹർഷ്.. നമ്മടെ കോളേജിലെ ചേട്ടനും ഉണ്ടോ...??" പേര് പറയാൻ വന്നിട്ട് അവളത് മാറ്റി ചോദിച്ചു.. "ഹർഷേട്ടനോ?" "ഹ്മ്മ്..." "ആളല്ലേ ടീം ലീഡർ.. ആളുള്ള ധൈര്യത്തിലാ ബാക്കിയെല്ലാം വീട്ടിലേക്ക് കേറി വരുന്നത്.. അച്ഛൻ ആളെ മാത്രം ഒന്നും പറയില്ലാന്ന് ബാക്കി എല്ലാത്തിനുമറിയാം.. അത്രയ്ക്ക് ഇഷ്ടമാ അച്ഛന് സഖാവിനെ..." "സഖാവ്....." അവൾ മനസ്സിൽ ഉച്ചരിച്ചു.. വേഗം നെയിൽ പോളിഷ് അവിടെതന്നെ വച്ച് ആൻ എഴുന്നേറ്റു.. "എങ്ങോട്ടാടി..." "ഞാൻ... അമ്മ വിളിച്ചിരുന്നു.. ഇപ്പോഴാ ഓർത്തത്.. ദേ വേഗം വരാം.." അവൾ ഡോർ തുറന്ന് ഹാളിലേക്കിറങ്ങി.. കണ്ണുകൾ പോയത് ഡോർ പകുതി ചാരി വച്ചിരിക്കുന്ന തനുവിന്റെ മുറിയിലേക്കാണ്. അവിടെ നിന്നും ശബ്ദങ്ങൾ കേൾക്കാം.. എങ്ങനെ കാണും.. അവൾ ആ മുറിയിൽ നിന്നും നോട്ടം മാറ്റാതെ അടുക്കളയിലേക്ക് നടന്നു...

സീതമ്മ രാത്രിക്കുള്ള ചപ്പാത്തിക്ക് മാവ് കുഴക്കുകയായിരുന്നു... "അമ്മേ... ഒരു ബോട്ടിൽ വെള്ളം...." റൂമിൽ നിന്നും തേജസിന്റെ ശബ്ദം കേട്ട് സീതമ്മ തിരിഞ്ഞു നോക്കി.. "മോളേ.. ഫ്രിഡ്ജിന്ന് ഒരു ബോട്ടിൽ വെള്ളം കൊണ്ട് കൊടുക്കാവോ..?" ചോദിച്ചു തീരും മുന്നേ ആൻ ഫ്രിഡ്ജ് തുറന്ന് വെള്ളം എടുത്ത് ആ മുറിയിലേക്ക് പോയി.. കാലുകൾക്ക് വല്ലാത്ത വേഗതയായിരുന്നു.. കാണാൻ കഴിഞ്ഞാലോ എന്ന ആഗ്രഹത്തിൽ... ഒരു നോട്ടമെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിൽ.. അവൾ പതിയെ ചാരിവച്ച ഡോറിൽ തട്ടി.. വാതിൽ തുറക്കപ്പെട്ടു.. തിരിഞ്ഞു നിന്ന് എന്തോ സംസാരിച്ചു അതേ ചിരിയോടെ തിരിഞ്ഞ ഹർഷിനെ കണ്ട് അവൾ അനങ്ങാതെ നിന്നു.. അവനും അവളെ തന്നെ നോക്കി.. ഒരു നിമിഷം ഇരുമിഴികളും തമ്മിൽ കൊരുത്തു.. അവന്റെ മുഖത്തും ഒരു അമ്പരപ്പ് പ്രകടമായിരുന്നു... അവളെ നോക്കി ഒന്ന് പുഞ്ചിരിച്ച് അവൻ അവളുടെ കയ്യിൽ നിന്നും ബോട്ടിൽ വാങ്ങി.. അവന്റെ ചെറുവിരൽ അവളുടെ കയ്യിൽ ചെറുതായൊന്ന് സ്പർശിച്ചു... അടിവയറ്റിൽ നിന്നും ഒരു ആളൽ... അവൾ കണ്ണുകൾ മുറുകെയടച്ചു.. അവൻ മുഖം ചുളിച്ചു.

രണ്ട് സെക്കന്റുകൾക്ക് ശേഷം അവൾ കണ്ണുതുറന്നു.. അവനെ നോക്കി ചിരിച്ചു... നന്ദി കലർന്ന പുഞ്ചിരി.. അവൾ തിരിഞ്ഞു നടന്നു.. ലോകം കീഴടക്കിയവളുടെ സന്തോഷത്തോടെ.. ____💜 "മഞ്ഞു വീഴാൻ തുടങ്ങി പെണ്ണേ.. കിടക്കുന്നില്ലേ..." പുറകിൽ നിന്നുമുള്ള തനുവിന്റെ ശബ്ദം കേട്ട് ആൻ തിരിഞ്ഞു നോക്കി.. സമയം 10 കഴിഞ്ഞിട്ടുണ്ടാവും.. അത്രയും നേരം മുറ്റത്തുകൂടി ഉലാത്തുകയായിരുന്നു അവൾ... നേരത്തെ റൂമിൽ ഉണ്ടായിരുന്നവർ ഒന്നും തിരികെ പോയിട്ടില്ല.. ഇന്ന് അച്ഛൻ വരില്ല എന്ന് വിളിച്ചു പറഞ്ഞിരുന്നു... അതുകൊണ്ട് ഒക്കെ അടിച്ചു പൂസായി ടെറസിൽ കിടപ്പാണ് എന്ന് തോന്നുന്നു.. തന്റെ പ്രണയം ഇവിടെ തന്നെയുണ്ട് എന്ന ചിന്തയായിരുന്നു അവളിൽ.. "ഞാൻ വന്നോളാം.. നീ കിടന്നോ..." "നല്ല മഞ്ഞുണ്ട്.. വേഗം വരാൻ നോക്കണം.." ആൻ ഒന്ന് മൂളി.. കണ്ണുകൾ ടെറസിലേക്ക് നീങ്ങി... നല്ല നിലാവുണ്ട്.. ഒപ്പം തണുപ്പും... വീടിനു പുറത്തിലൂടെയാണ് മുകളിലേക്കുള്ള പടികൾ.. അതുകൊണ്ടാണ് അവൾ അകത്തേക്ക് പോവാൻ മടിച്ചത്.. ഒരു തവണ കൂടി ഒന്ന് കാണാൻ ആഗ്രഹം.. നെഞ്ചിടിപ്പ് ക്രമാതീതമായി ഉയർന്നു.. ഒന്ന് ചുറ്റും നോക്കി ആരും ഇല്ല എന്ന് ഉറപ്പു വരുത്തി കൊണ്ട് അവൾ വീടിനു സൈഡിലായുള്ള പടികളിലൂടെ മുകളിലേക്ക് കയറി.. പേടി.. പരിഭ്രമം..

കൈകാലുകൾ വിറക്കുന്നുണ്ട്.. സൈഡിലെ ലൈറ്റിൽ നിന്നും ടെറസിലേക്ക് ചെറിയ വെളിച്ചം വരുന്നുണ്ട്.. നിലാവിന്റെ വെട്ടവും.. നിരന്നു കിടക്കുന്ന ഓരോരുത്തരിലേക്കായി അവൾ നോക്കി.. മൂന്നോ നാലോ പുൽപായ നിരത്തിയിട്ടിട്ടുണ്ട്.. പകുതി പേരും ഉടുത്തിരിക്കുന്ന ലുങ്കി ഊരി പുതച്ചാണ് കിടക്കുന്നത്.. ആ കിടപ്പ് കണ്ട് വേഗം താഴേക്ക് ഇറങ്ങിയാലോ എന്ന് പോലും അവൾ ചിന്തിച്ചു.. ഭയത്തെക്കാളേറെ ഒരിക്കൽക്കൂടി കാണാനുള്ള ആഗ്രഹം മുന്നിട്ടുനിന്നു.. അതുകൊണ്ടുതന്നെ രണ്ടും കൽപ്പിച്ച് അവൾ കിടക്കുന്നവരുടെ അടുത്തേക്ക് പോയി.. ഓരോരുത്തരുടെ മുഖവും സൂക്ഷിച്ചുനോക്കി.. ഓരോ മുഖവും അവൾക്ക് നിരാശ നൽകി.. ഏറ്റവും അറ്റത്തു കിടക്കുന്ന ആളിലെത്തി.. അവൾ പതിയെ കുനിഞ്ഞ് ചെരിച്ചു വച്ചിരിക്കുന്ന ആ മുഖത്തേക്ക് നോക്കി.. അവളുടെ മുഖം വിടർന്നു.. ആശിച്ചതെന്തോ കയ്യിൽ കിട്ടിയ കുഞ്ഞിന്റെ സന്തോഷം.. " പ്ഫഭാ.. ........... ആരാണ്ടാ പട്ടീ.. കുരക്കുന്നെ..." നിരന്നു കിടക്കുന്നതിൽ നടുവിൽ കിടന്ന ഒരുത്തൻ പെട്ടെന്ന് എഴുന്നേറ്റിരുന്ന് ഉച്ചത്തിൽ വിളിച്ചുകൂവി.. ആൻ ഞെട്ടിവിറച്ചു കൊണ്ട് പെട്ടെന്ന് ഹർഷിനടുത്തു കിടന്നു. ഉറക്കപ്പിച്ചും മദ്യത്തിന്റെ ലഹരിയിലും നിലവിളിച്ചവൻ രണ്ട് തെറിയും വിളിച്ച് മര്യാദക്ക് കിടന്നു.. അവൾ കിടുകിടാ വിറക്കുകയായിരുന്നു..

അവൻ കിടന്ന് രണ്ടു മിനിറ്റ് കഴിഞ്ഞാണ് അവളുടെ ശ്വാസഗതി നേരെയായത്... അവൾ പതിയെ തല ചെരിച്ചു നോക്കി.. തന്റെ മുഖത്തിനു നേരെ മുന്നിൽ നിറഞ്ഞു നിൽക്കുന്ന ഹർഷിന്റെ മുഖം കണ്ട് അവൾ പുഞ്ചിരിച്ചു.. പതിയെ അവന് നേരെ തിരിഞ്ഞു കിടന്നു... ആ മുഖം അത്രയും അടുത്ത്... ഇതും സ്വപ്നമാണോ?? അവളുടെ കൈ അവന്റെ മുഖത്തിനു നേരെ ഉയർന്നു .. തിങ്ങി നിറഞ്ഞു നിൽക്കുന്ന താടിയിൽ അവളുടെ വിരലുകൾ പതിച്ചു.. ആ വിരലുകൾ അതിനുള്ളിലെ നുണക്കുഴിയെ തേടി അലഞ്ഞു.. പ്രണയം ചില സമയം നമ്മെ അന്ധമാക്കും.. അവൾ മറ്റെല്ലാം മറന്നു.. ഇനി ഒരു പക്ഷേ ഇങ്ങനെയൊരു നിമിഷം ഒരിക്കലും ഉണ്ടാവില്ല എന്ന് മാത്രമേ മനസ്സിൽ തോന്നിയുള്ളു.. അവൾ ആ കവിളിൽ കൈകൾ ചേർത്ത് അവന്റെ നെറ്റിയിൽ ചുംബിച്ചു.. ആദ്യ ചുംബനം❤️ അത്രയേറെ പ്രണയത്തോടെ.. ഹൃദയം സന്തോഷം കൊണ്ട് അലമുറ കൂട്ടി.. ഈ നിമിഷം മരിച്ചാലും വേണ്ടില്ല എന്ന് തോന്നി അവൾക്ക്... അവിടെ നിന്ന് എഴുന്നേൽക്കണമെന്നുണ്ട്... പക്ഷെ കഴിയുന്നില്ല...

ഇവിടെ നിന്നും എഴുന്നേറ്റാൽ കണ്ണിൽ നിന്നും ഈ മുഖം മാഞ്ഞു പോവില്ലേ....? എന്നും കണ്ടോണ്ടിരിക്കാൻ കൊതിയാവുന്നു.. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.. ഒരു കണ്ണിൽ നിന്നും ഒഴുകിയ കണ്ണുനീർ നാസികയിലൂടെ മറു കണ്ണിൽ തണുപ്പ് പടർത്തി ആ കണ്ണിലെ കണ്ണുനീരിൽ ലയിച്ച് ചേർന്ന് ഒരുമിച്ച് ചെന്നിയിലേക്കരിച്ചിറങ്ങി... മനസ്സ് കല്ലാക്കി കൊണ്ട് അവൾ എഴുന്നേൽക്കാൻ തുനിഞ്ഞു.. അപ്പോഴേക്കും അവന്റെ ദൃഢമായ കൈകൾ അവളുടെ ഇടുപ്പിൽ മുറുകി.. ഒന്ന് വിറച്ചുപോയി ആ പെണ്ണിന്റെ ശരീരം.. കണ്ണുകൾ മുറുകെയടച്ചു .. അവന്റെ സ്പർശം അവളിൽ വല്ലാത്ത ചലനമേർപ്പെടുത്തി.. അവൾ അവന്റെ കൈകൾക്ക് മുകളിൽ കൈ വച്ചു.. പതിയെ... ഈ കൈകൾക്കുള്ളിൽ അമരാൻ... അവന്റെ നെഞ്ചിൽ ചായാൻ.. അതിയായ മോഹം തോന്നി ആ പെണ്ണിന്... അല്പ നേരം കൂടി അവൾ അനങ്ങാതെ കിടന്നു.. അവൾ മുഖം അവനിലേക്കടുപ്പിച്ചു... അവനിൽ നിന്നും വമിക്കുന്ന മദ്യത്തിന്റെ ഗന്ധം പോലും അവളിൽ ലഹരിയേകി... ആടിയുലയുന്ന മരങ്ങളെയും, തണുത്തുറഞ്ഞ പ്രകൃതിയെയും, മഞ്ഞിൽ മുങ്ങിയ കുളിർകാറ്റിനെയും, നിലാവിനെയും സാക്ഷിയാക്കി അവന്റെ ചുണ്ടിൽ അവൾ തന്റെ അധരങ്ങൾ പതിപ്പിച്ചു... വളരെ മൃദുവായി.. അവൻ പോലുമറിയാത്ത രീതിയിൽ...

അപ്പോഴും കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു... നുകരാതെ, പല്ലുകൾ പതിപ്പിക്കാതെ, വേദനിപ്പിക്കാതെ, അധരങ്ങളിൽ മാത്രമൊതുങ്ങിയ മനോഹരമായ ചുംബനം.. അവൾ പതിയെ അവനിൽ നിന്നും മുഖമടർത്തി മാറ്റി... വിറക്കുന്ന ചുണ്ടുകളോടെ മാപ്പ് പറഞ്ഞു.. അനുവാദമില്ലാതെ ചുംബിച്ചതിന്.. മനസ്സ് സമ്മതിക്കുന്നില്ലെങ്കിലും എഴുന്നേറ്റ് പോവേണ്ടത് ആവശ്യമായിരുന്നു... അവൾ മനസ്സില്ലാ മനസോടെ എഴുന്നേൽക്കാൻ ശ്രമിച്ചു.. അപ്പോഴും അവന്റെ കൈകൾ അവളെ മുറുകെ പിടിച്ചിരുന്നു.. അവൾ ബലം പ്രയോഗിച്ച് അവന്റെ കയ്യിൽ നിന്നും പുറത്തേക്ക് വന്ന് പതിയെ എഴുന്നേറ്റു... ഒന്ന് കൂടെ അവനെ നോക്കി, നിർവൃതിയിൽ കുതിർന്ന പുഞ്ചിരിയോടെ അവൾ താഴെക്കിറങ്ങി... ആകെ ഒരു തണുപ്പ്... പുറമെയും ഉള്ളിലും ❤️ അവൾ വാതിൽ തുറന്ന് വീടിനുള്ളിലേക്ക് കയറി മുറിയിലേക്ക് നടന്നു.. തനു സുഖമായി ഉറങ്ങുന്നു.. അവളും കിടന്നു.. അത്രയേറെ സന്തോഷത്തിൽ................. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story