നിലാമഴ: ഭാഗം 7

Nilamazha

എഴുത്തുകാരി: അനു രാജീവ്

"അമ്മാ... എന്റിനാ കയ്യുന്നേ? അമ്മ കയഞ്ഞാ നച്ചൂട്ടിയും കയ്യും..." ചുണ്ട് പിളർത്തി വിതുമ്പാൻ നിൽക്കുന്ന കുഞ്ഞി മുഖത്തെ ആൻ നെഞ്ചോട് ചേർത്ത് പിടിച്ചു.. തേങ്ങലുകൾ കുറഞ്ഞ് വന്നു.. കണ്ണുകളടച്ചു സ്വയം നിയന്ത്രിച്ച് കൃത്രിമമായി ഉണ്ടാക്കിയ ചിരിയോടെ അവൾ കുഞ്ഞിനെ നെഞ്ചിൽ നിന്നും അടർത്തിമാറ്റി.. ആനിന്റെ ചിരിക്കുന്ന മുഖം കുഞ്ഞിലും പുഞ്ചിരി വിടർത്തി.. "അമ്മാ.. നമുക്ക് ശോപ്പിംഗ് പോന്റെ.. അമ്മ പഞ്ഞില്ലേ ശണ്ടേ പോവാന്ന്..." "ഹ്മ്മ്.. പോവാം..." "നച്ചൂട്ടിക്ക് ബീച്ചിലും പോനം..." "ഹ്മ്മ്.. പോവാം.." "ഷിനിമക്കോ..?" "എല്ലാത്തിനും കൂടെ സമയം തികയണ്ടേ മോളേ.." "ഞമ്മക്കെ.. നാത്രി വന്നാ മതി.. ആഹ്.. പിന്നെയെ.. പുതിയ ഉടുപ്പ് വേനം... ഐഷ് ക്രീംമും വേനം.. പിന്നെയെ.... "മതി മതി.. പറഞ് പറഞ്ഞ് അവസാനം നീ ആ ഷോപ്പിംഗ് മാൾ മുഴുവൻ വേണമെന്ന് പറയും.." ആരുഷി ആനിനുള്ള ചായയുമെടുത്തു കൊണ്ട് ഹാളിലേക്ക് വന്നു... "അയ്‌ന് ആഷിക്കെന്താ.. നാൻ എന്റെ അമ്മയോടല്ലേ ചോയ്ച്ചേ.. ആഷി പച്ച കൊടുക്കന്റ, ന്റെ അമ്മ കൊത്തോളും.. ല്ലേ അമ്മേ..." ആൻ ചിരിയോടെ അതേ എന്ന രീതിയിൽ തലയാട്ടി.. "ആഷി ചമ്മിപോയി... 🤭"

കുഞ്ഞ് വായിൽ കൈ വച്ച് ആരുഷിയെ നോക്കി കളിയാക്കി ചിരിച്ചു.. "നീ എവിടെന്നാടി ഇങ്ങനത്തെ വാക്കൊക്കെ പഠിക്കുന്നെ..???" ആരുഷി കണ്ണുരുട്ടി.. "അതേ.. അവനിത് കിഷ്ണ പഠിപ്പിച്ചു തന്നതാ.." "ആരാ അവനിത് കൃഷ്ണ??" "എന്റെ ബോയ്ഫന്റാ..." "ബോയ്ഫ്രണ്ടോ??? ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന നിനക്കോ..??" ആരുഷി അവളെയാകെ ഉഴിഞ്ഞു നോക്കി.. "അവനിത് കൃഷ്ണ വേറെന്തൊക്കെ പഠിപ്പിച്ചു തന്നു???" "വേരെ .........." നച്ചൂട്ടി നെറ്റിയിൽ കൈ വച്ച് മുകളിലേക്ക് നോക്കി ആലോചിച്ചു.. "ആഹ്ഹ്ഹ്ഹ്... എനിക്ക് ഐ ലബ് യു പയ്യാൻ പഠിപ്പിച്ചു.." "ഐ ലവ് യു ഓ..." ആരുഷിയുടെ കണ്ണുകൾ ഇപ്പൊ തള്ളി പുറത്ത് വരും എന്നപോലെയായി... "ഹ്മ്മ്.. അവൻ പരയുവാ,. നിയാരിക ഹർഷിറ്റിനോട് ഐ ലബ് യു ആണെന്ന്.." നച്ചൂട്ടി നാണത്തോടെ നഖം കടിച്ചു.. "അയ്യടാ.. പ്രേമിക്കാൻ പറ്റിയ പ്രായം.. ആദ്യം നീയ് ♥️നിഹാരിക ഹർഷിത്♥️ എന്ന് അക്ഷരം തെറ്റാതെ പറയാൻ പടിക്ക്.. എന്നിട്ട് മതി പ്രേമം..."

"നീ പോതീ ആഷി.. നിനിച്ച് അശൂയയാ.. വിശ്ണു അങ്കിലിനെ പേമിക്കാൻ പറ്റാതേല് അശൂയ " "നച്ചൂട്ടി.. നിന്നോട് പറഞ്ഞിട്ടില്ലേ ബാഡ് വേർഡ്‌സ് യൂസ് ചെയ്യരുതെന്ന്.. പോടീ പറഞ്ഞതിന് ആഷിയോട് സോറി പറ..." അല്പം ദേഷ്യത്തോടെ ആൻ കുഞ്ഞിനോട് പറഞ്ഞു.. അവളുടെ കുഞ്ഞ് മുഖം വീർത്തു.. "എന്റെ അച്ഛ വരത്തെ.. ഞാൻ പഞ്ഞു കൊടുക്കും. എന്നെ വയക്ക് പഞ്ഞതിന് രണ്ടാക്കും അടി വാങ്ങി തരും...." രണ്ടാളെയും ദേഷ്യത്തോടെ നോക്കിയിട്ട് അവൾ മുറിയിലേക്കോടി.. ആൻ നിസഹായതയോടെ ആരുഷിയെ നോക്കി... പറഞ്ഞതും ചെയ്തതുമെല്ലാം അബദ്ധമായോ എന്ന ചിന്ത മാത്രമേ അവരിരുവർക്കും ഉണ്ടായിരുന്നുള്ളു... ___❤️ എങ്ങനെയെക്കെയോ നച്ചൂട്ടിയെ സമാധാനിപ്പിച്ച് അവർ മൂന്നാളും ചേർന്ന് ഷോപ്പിങ്ങിന് ഇറങ്ങി.. "അമ്മാ.. ദേ.. വിശ്നു അങ്കിൽ..." നച്ചൂട്ടി കൈ ചൂണ്ടിയ ഭാഗത്തേക്ക് ആനും ആരുഷിയും തിരിഞ്ഞു നോക്കി.. വിഷ്ണു ചിരിയോടെ അവർക്കരികിലേക്ക് വരുന്നതാണ് കണ്ടത്.. "ഹയ്‌ നച്ചൂട്ടി ഷോപ്പിംഗിനിറങ്ങിയതാണോ...??"

"കണ്ടാ അരിഞ്ഞൂടെ..." "നച്ചൂ...." അവളുടെ തറുതല കണക്കെയുള്ള മറുപടി കേട്ട് ആൻ ശകാരസ്വരത്തിൽ വിളിച്ചു... "ഏയ്‌.. ആൻ.. അവളുടെ ഈ സംസാരം കേൾക്കാൻ വേണ്ടിയാ ഞാൻ ഓരോന്ന് ചോദിക്കുന്നെ.. " വിഷ്ണു ചിരിയോടെ പറഞ്ഞു.. ഇടക്ക് കണ്ണുകൾ ആരുഷിയിലോട്ടും പോവുന്നുണ്ടായിരുന്നു.. അവളാണെങ്കിൽ അല്പം ജാഡയിട്ട് നിൽക്കുന്നുണ്ട്.. "ആൻ.. ഒരു കോഫി കുടിച്ചാലോ..?" വിഷ്ണുവിന്റെ ചോദ്യംകേട്ട് ആൻ ആരുഷിയുടെ മുഖത്തേക്ക് നോക്കി.. അവൾ പതിയെ തലയാട്ടിയതും, വിഷ്ണു ആനിന്റെ കയ്യിൽ നിന്നും നച്ചൂട്ടിയെ വാങ്ങി.. നാലാളും ചേർന്ന് കോഫി ഹൗസിനകത്തേക്ക് പോയി.. കോപ്പി കുടിക്കുമ്പോഴും വിഷ്ണു അറിയാതെ പോലും ആരുഷിയെ നോക്കിയില്ല ആനിനെ നോക്കി മാത്രമാണ് സംസാരിച്ചത്.. അവരുടെ വിഷയത്തിൽ ഓഫീസിലെ കാര്യങ്ങളും പണമിടപാടും ഫ്ലാറ്റിനെ ലോണും കുഞ്ഞിന്റെ ക്ലാസ്സും, അങ്ങനെ എല്ലാം ഉൾപ്പെട്ടിരുന്നു.. ആൻ ആരുഷിയോടല്ലാതെ പുറമേയുള്ള ആരോടെങ്കിലും മനസ്സ് തുറന്നു സംസാരിക്കുന്നു എങ്കിൽ അത് വിഷ്ണുവിനോട് മാത്രമാണ്... അല്പസമയം കൂടി അവരോടൊപ്പം ചിലവഴിച്ച് വിഷ്ണു തിരികെ മടങ്ങി... അപ്പോഴേക്കും ആരുഷിയുടെ മുഖം വാടിയിരുന്നു ..

അതിന്റെ കാരണം അറിയാവുന്നത് കൊണ്ട് തന്നെ ആൻ അധികമായൊന്നും അവളോട് ചോദിച്ചില്ല... നച്ചൂട്ടിയുടെ ആഗ്രഹം പോലെ ഡ്രസ്സ് ഒക്കെ എടുത്ത്, ബീച്ചിൽ ഒക്കെ പോയി, ഒരു സിനിമയൊക്കെ കണ്ട് വീടെത്തുമ്പോഴേക്കും രാത്രിയായിരുന്നു ... കാറിലിരുന്ന് ഉറങ്ങിയ കുഞ്ഞിനെ തോളിലേക്ക് എടുത്ത് ആരുഷി മുന്നിൽ നടന്നു.. കാർ ലോക്ക് ചെയ്ത് ഷോപ്പിംഗ് ബാഗുകളും എടുത്ത് ആൻ പുറകിലും.. ഡോർ ചാരിയെ വച്ചിട്ടുള്ളു എന്ന് കണ്ടതും ആരുഷി ആനിന്റെ മുഖത്തേക്ക് നോക്കി .. വൈകും എന്നറിയാവുന്നത് കൊണ്ട് ജെസി ചേച്ചിയോട് വന്ന് വീട് ക്ലീൻ ചെയ്യാൻ പറഞ്ഞിരുന്നു.... ഇത്ര നേരമായിട്ടും ചേച്ചി പോയില്ലേ എന്ന് ചിന്തിച്ചാണ് ഇരുവരും അകത്തേക്ക് കയറിയത്.. സോഫയിൽ ഇരിക്കുന്ന വ്യക്തിയെ കണ്ട് ആനിന്റെ കാലുകൾ നിശ്ചലമായി.. ആരുഷിക്ക് ആളെ മനസ്സിലായില്ല എന്ന് അവളുടെ മുഖ ഭാവത്തിൽ നിന്ന് തന്നെ വ്യക്തമായിരുന്നു.. അവൾ ആ സ്ത്രീയെ ഒന്നിരുത്തി നോക്കി.. 60 വയസ്സിനടുത്തു പ്രായം തോന്നും.. ഒരു കൈത്തറി പട്ട് സാരിയാണ് വേഷം..

മിതമായ ആഭരണങ്ങൾ.. പ്രൗഢിത്വം തുളുമ്പുന്ന മുഖം.. നെറ്റിയിൽ ചുവന്ന വട്ട പൊട്ട്.. മുഖത്തിൽ വിഷാദമുണ്ട്... കുറ്റബോധം പോലെ... ആ കണ്ണുകൾ ആരുഷിയുടെ തോളിൽ കിടക്കുന്ന നച്ചൂട്ടിയുടെ മേലെ മാത്രമായിരുന്നു... ആരുഷി തിരിഞ്ഞ് ആനിനെ നോക്കി.. അവൾ തറഞ്ഞു നിൽക്കുകയായിരുന്നു.. ദേഷ്യം കൊണ്ടോ സങ്കടം കൊണ്ടോ അവളുടെ മുഖം ചുവന്നിരുന്നു. "ആൻ......" ആരുഷി പതിഞ്ഞ ശബ്ദത്തിൽ അവളെ വിളിച്ചു. "കുഞ്ഞിനേയും കൊണ്ട് അകത്തേക്ക് പോ.." "ആൻ......" "അകത്തേക്ക് പോകാൻ...." ആനിന്റെ ശബ്ദം ഉയർന്നു. ആരുഷി ഞെട്ടിപ്പോയി... ആദ്യമായാണ് അവളിൽ നിന്നും ഇത്ര ശബ്ദത്തിൽ ഒരു വാക്ക് കേൾക്കുന്നത്.. അവൾ വേഗം കുഞ്ഞിനെയുംകൊണ്ട് മുറിയിലേക്ക് പോയി.. ആ അമ്മയുടെ കണ്ണുകൾ കുഞ്ഞിനു പിറകെ പോയെങ്കിലും അവർ കഷ്ടപ്പെട്ട് നോട്ടം മാറ്റി ആനിന്റെ മുഖത്തേക്ക് നോക്കി.. "ആൻ മരിയ... ഞാൻ വന്നത്..." "വന്നത്???" അവൾ കൂസലില്ലാതെ ഇരുകൈകളും പിണച്ചു കെട്ടി അവരുടെ മുഖത്തേക്ക് നോക്കി... "മോള്...."

"ഏത് മോള്...?" "എന്റെ മോന്റെ കുഞ്ഞ്..." "മോന്റെ കുഞ്ഞോ...? ഇതേ അവകാശം ചോദിച്ചല്ലേ ഞാൻ ഒരിക്കൽ നിങ്ങളുടെ വീടിന്റെ പടികടന്ന് വന്നത്.. സ്വത്തിനോ പണത്തിനോ ഒന്നുമല്ല... എന്നെ കുഞ്ഞിന് അവളുടെ അച്ഛന്റെ അഡ്രസ്സ് വേണം എന്നുമാത്രം വിചാരിച്ച്... പറയാൻ പോലും ഒരച്ഛനില്ലാത്ത കുഞ്ഞായി വളരരുത് എന്നാലോചിച്ച്.. അപ്പോൾ നിങ്ങൾ ഇതേ നാവുകൊണ്ട് തന്നെയല്ലേ പറഞ്ഞത്.. 'നിന്നെ കല്യാണം കഴിച്ച് രണ്ടു മണിക്കൂറിനകം മരിച്ച എന്റെ മോന്റെ കുഞ്ഞെങ്ങനെയാടി നിന്റെ വയറ്റിൽ വരുന്നത് എന്ന്.. കെട്ടിയോൻ മരിച്ച് ഒരു മാസം തികയും മുന്നേ ആരുടെ കൂടെ കിടന്നിട്ടാടി ഇതിനെ ഒപ്പിച്ചേ" എന്ന്... ഇതൊക്കെ നിങ്ങൾ മറന്നിട്ടുണ്ടാവും.. പക്ഷേ ഞാൻ മറക്കില്ല.. ഇപ്പോഴാണോ നിങ്ങൾക്ക് മനസിലായത് കുഞ്ഞുണ്ടാവാൻ താലി ചരടിന്റെ ആവശ്യമില്ല എന്ന്...? ഇപ്പോൾ നിങ്ങൾ ഇവിടെ വന്നത് എന്തിന്റെ പേരിലായാലും അത് നടക്കില്ല.. ഒന്നില്ലെങ്കിൽ ഇപ്പോൾ തന്നെ ഇവിടെ നിന്നും പോവാം... അല്ലെങ്കിൽ കാലത്ത്.. " മറുപടി പ്രതീക്ഷിക്കുന്നില്ല എന്നപോലെ അവളും മുറിയിലേക്ക് നടന്നു.. "മോളേ... ചെയ്തതെല്ലാം തെറ്റായിപ്പോയി.. അത് തിരിച്ചറിയാനും വൈകി.. അദ്ദേഹത്തിന് തീരെ വയ്യാതെ കിടക്കുകയാണ്..

ആരവ് ഇനിയൊരിക്കലും തിരിച്ചു വരില്ല എന്നൊക്കെയാ പറയുന്നത്.. അവനും ഞങ്ങളെ വെറുത്തു.. ഇപ്പൊ അദ്ദേഹത്തിന് അവസാനമായി ഒരു ആഗ്രഹം.. പേരക്കുട്ടിയെ ഒന്ന് കാണണം എന്ന്.. ഒരു നോക്ക്.. മരിക്കാൻ കിടക്കുന്ന ഒരാളുടെ അപേക്ഷയായി കണ്ട് മോള് കനിയണം.. എത്രയൊക്കെയായാലും ഹർഷിന്റെ അച്ഛനുമമ്മയുമാണ് ഞങ്ങൾ.. അത് ഞങ്ങളുടെ മോന്റെ കുഞ്ഞും... ഒരു തവണ... അതേ ഞങ്ങൾ ചോദിക്കുന്നുള്ളു... പുറത്ത് ഡ്രൈവർ വെയിറ്റ് ചെയ്യുന്നുണ്ട്.. ഞാനിറങ്ങുന്നു.. നിങ്ങളുടെ വരവ് പ്രതീക്ഷിച്ച് ഞങ്ങളവിടെ കാത്തിരിക്കും...." അവർ പേഴ്സ് കയ്യിലെടുത്ത് പുറത്തേക്ക് നടന്നു.. വാതിൽ അടയുന്ന ശബ്ദം കേട്ടതും അത് വരെ പിടിച്ചു നിർത്തിയ സങ്കടം എല്ലാം ഒരുമിച്ച് അണപൊട്ടിയൊഴുകി നെറ്റിയിൽ കൈ വച്ച് കൊണ്ട് അവൾ തളർന്ന് സോഫയിലേക്ക് ഇരുന്നു.. പുറത്ത് മഴ പെയ്യാൻ തുടങ്ങി... അവൾ തന്റെ കൈകൾ നെഞ്ചോട് ചേർത്തു വച്ചു... ____❤️ സ്റ്റേജിൽ നിന്നും ഇറങ്ങിയവൾ, ഹാളിൽ നിന്നും വരാന്തയിലൂടെ എങ്ങോട്ടെന്നറിയാതെ ഓടി.. ഒറ്റക്ക് പോയിരുന്നു പൊട്ടികരയണം..

അത്രയേ ഉണ്ടായിരുന്നുള്ളു മനസ്സിൽ.. ഒഴിഞ്ഞ ക്ലാസ് റൂമിലേക്ക് കയറി അവൾ മുന്നിലെ ബെഞ്ചിലേക്കിരുന്നു.. തന്നെ മനസ്സിലാക്കിയിരുന്നെങ്കിൽ, തന്റെ പ്രണയത്തെ മനസ്സിലാക്കിയിരുന്നെങ്കിൽ.. അവൾ വെറുതെ ആഗ്രഹിച്ചു... ഒന്നു കരഞ്ഞാൽ തീരാവുന്ന സങ്കടങ്ങളെ തനിക്കുള്ളൂ.. ഒരുതവണ തന്നെ നോക്കി ഒന്ന് ചിരിച്ചാൽ മതി.. എല്ലാം മാഞ്ഞു പോവാൻ.. മനസ്സ് ആശ്വാസം കണ്ടെത്താൻ ശ്രമിക്കുമ്പോഴും കണ്ണുകൾ നിറഞ്ഞൊഴുകി.. ഡെസ്ക്കിലേക്ക് തലവെച്ച് അവൾ തേങ്ങികരഞ്ഞു.. ക്ലാസ് റൂമിനകത്തേക്ക് കടന്നുവരുന്ന കാൽപാദങ്ങളുടെ ശബ്ദം കേട്ടതും തനുവും ഹെലനും സംഗീതയും ആവും എന്നു വിചാരിച്ച് അവൾ തേങ്ങൽ അടക്കാൻ പണിപ്പെട്ടു.. എങ്കിലും മുഖമുയർത്തി നോക്കിയില്ല . "അന്നമ്മോ..." അവൾ ഞെട്ടി മുഖമുയർത്തി.. മുന്നിൽ നിൽക്കുന്ന ആളെ കണ്ട് അവളറിയാതെ എഴുന്നേറ്റുനിന്നു.. "നിനക്കെന്നോട് പ്രേമമാണെങ്കിൽ വന്ന് മുഖത്ത് നോക്കി പറയണ്ടേ.. എന്തിനാ പേടിക്കുന്നെ..?" അവൾക്ക് വാക്കുകൾ പുറത്തേക്ക് വന്നില്ല..

ഇതെല്ലാം സ്വപ്നമാണോ? ഒന്നും മനസ്സിലാകുന്നില്ല.. അവൾ ആ മുഖത്തേക്ക് തന്നെ കണ്ണിമവെട്ടാതെ നോക്കിനിന്നു.. " എത്രകാലം ഇങ്ങനെ നോക്കിക്കൊണ്ട് നിൽക്കാമെന്ന് വിചാരിച്ചിട്ടാ പെണ്ണേ ??? എപ്പോ പറയാനായിരുന്നു ഉദ്ദേശം... " അവൾക്കൊന്നും മനസ്സിലാവുന്നുണ്ടായിരുന്നില്ല.. തന്റെ മുന്നിൽ നിൽക്കുന്നത് തന്റെ സഖാവാണ് എന്നുപോലും ഉൾക്കൊള്ളാൻ സാധിക്കുന്നില്ല.. തന്നോട് ഇത്രയും വാക്കുകൾ സംസാരിച്ചു എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല.. പറയുന്നതൊന്നും കേൾക്കുന്നു പോലുമില്ല.. "എടീ....." അവന്റെ ശബ്ദം അല്പം ഒന്നുയർന്നതും അവൾ വല്ലാതെ ഞെട്ടി.. സ്വപ്നത്തിൽ നിന്നുണർന്ന പോലെ.. "എന്താ.. എന്താ പറഞ്ഞത്???" അവൾ അന്തിച്ചു കൊണ്ട് അവനോട് ചോദിച്ചു ... "ആഹാ.. അപ്പോ ഇത്രനേരം പറഞ്ഞതൊന്നും നീ കേട്ടില്ലേ...?!" അവൾ ഇല്ല എന്ന അർത്ഥത്തിൽ തലയാട്ടി.. "നീ എപ്പോഴാ എന്നോട് ഇഷ്ടം ആണെന്ന് പറയുന്നത്..??" "എ.. എന്തിന്.. പറഞ്ഞിട്ട്??" അവൾക്ക് എന്തു പറയണം എന്നു പോലും അറിയുന്നുണ്ടായിരുന്നില്ല.. " പറഞ്ഞിട്ട് വേണം എനിക്ക് അക്സെപ്റ്റ് ചെയ്യാൻ... " അവൾ മുഖം ചുളിച്ചു.. "എടീ.. നീ ഒന്നെന്നെ ഇഷ്ടമാണെന്ന് പറഞ്ഞിട്ട് വേണം എനിക്ക് തിരിച്ച് ഓക്കേ പറയാൻ...' "ങേ....?"

"ഹോ... നീ ഒന്ന് ഐ ലവ് യു പറഞ്ഞെ.... " അവൾ അന്തം വിട്ട് നോക്കി നിൽക്കുന്നത് കണ്ട് അവൻ കുറച്ചുകൂടെ അവൾക്കരികിലേക്ക് നിന്നു.... "അന്നമ്മോ.. ഞാൻ നിന്നെ പ്രണയിക്കുന്നു പെണ്ണേ.." അവൾ കണ്ണു മിഴിച്ചു.. ഒന്നും വിശ്വസിക്കാൻ കഴിയുന്നില്ല.. അവൾ ചുറ്റും കണ്ണോടിച്ചു.. ആരുമില്ല... പുറത്ത് നേരത്തെ തൊട്ട് പെയ്തു തുടങ്ങിയ മഴ ശക്തി പ്രാപിച്ചിട്ടുണ്ട്... ഇതെല്ലാം സത്യമാണോ..? അവൾ മറ്റേതോ ലോകത്ത് എന്ന പോലെ ചിന്തിച്ചു നിൽക്കുമ്പോൾ അവൻ അവളുടെ കൈകളിൽ കൈ ചേർത്തു .. അവളൊന്നു വിറച്ചു.. " എനിക്കറിയാം നിനക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാവുമെന്ന്.. എന്നും എന്നെ കാത്തിരിക്കാറുള്ള സമയം നിനക്ക് വന്നൊന്നുതുറന്നു പറഞ്ഞു കൂടായിരുന്നോ.. ഞാൻ അതിനാ കാത്തിരുന്നത് .. " അവൾ അവന്റെ കണ്ണിലേക്ക് തന്നെ നോക്കി നിന്നു .. " ഇപ്പോ നീ ചിന്തിക്കുന്നുണ്ടാവും എന്നാൽ എനിക്ക് വന്നുപറഞ്ഞുകൂടെയെന്ന്.. നീ അല്ലെ ആദ്യം എന്നെ സ്നേഹിച്ചത്..

അപ്പോൾ നീ തന്നെ വന്ന് പറയട്ടെ എന്ന് കരുതി.. ആദ്യമായി നിന്നെ കണ്ട ദിവസം തന്നെ എനിക്ക് മനസ്സിലായിരുന്നു നിനക്ക് എന്നോട് എന്തോ ഒരു ഇഷ്ടക്കൂടുതലുണ്ട് എന്ന്... അങ്ങനെയുള്ള ഇഷ്ടം ഞാൻ ഒരുപാട് പേരിൽ കണ്ടിട്ടുണ്ട് .. അതിൽ ആരുടെയെങ്കിലും സ്നേഹത്തിൽ സത്യമുണ്ടോ എന്നു മാത്രമായിരുന്നു ഞാൻ അന്വേഷിച്ചു നടന്നത്... പാർട്ടിയോടും പ്രവർത്തനങ്ങളോടും വലിയ താൽപര്യമൊന്നുമില്ലാത്ത നീ എന്റെ കൂടെ ഇലക്ഷൻ വർക്കിന് ഇറങ്ങിയപ്പോൾ തന്നെ എനിക്കാ കാര്യത്തിൽ ഏകദേശം ധാരണയുണ്ടായി.. അന്ന് സെന്റ് ഓഫ് ദിവസം ഗേറ്റ് കടന്നതിനുശേഷമാണ് വിഷ്ണു പറഞ്ഞത് നീ എന്നെ അന്വേഷിച്ചു വന്നിരുന്നു എന്ന്.. വേഗം അവനോട് വണ്ടി നിർത്താൻ പറഞ്ഞ് ഞാൻ വീണ്ടും കോളേജിലേക്ക് വന്നിരുന്നു. പെരുമഴയത്ത് അലറിക്കരയുന്ന നിന്നെയാണ് ഞാൻ കണ്ടത്... ആ കണ്ണുനീർ എനിക്ക് വേണ്ടിയായിരുന്നോ...? എന്നെ കാണാൻ കഴിയാത്തതിനാലാണോ? അതോ നഷ്ടമായെന്ന് കരുതിയിട്ടാണോ? എന്തിനാ നീ കരഞ്ഞത്? അത്രയ്ക്ക് ഇഷ്ടമാണോടീ എന്നെ...? " അവൾ ഒന്നും മിണ്ടിയില്ല.. വാക്കുകൾ പുറത്തേക്ക് വരുന്നുണ്ടായിരുന്നില്ല.. തൊണ്ട ഇടറുന്നു.. അവളുടെ കൈകൾ അവന്റെ കൈകൾക്ക് മുകളിൽ അമർന്നു...

"അന്നമ്മോ..." "ഹ്മ്മ്..." അവളൊന്ന് മൂളി.. അവൻ ചിരിച്ചു. . "അന്ന് നാട്ടിൽ വെച്ച് കണ്ടത് മാത്രം ഒട്ടും പ്രതീക്ഷിക്കാതെ ആയിരുന്നു... അന്നു മാലയിട്ടില്ലാരുന്നെങ്കിൽ സന്തോഷംകൊണ്ട് നിന്നെ പൊക്കിയെടുത്തു വട്ടംകറക്കിയേനെ... ശബരിമലയ്ക്ക് പോയപ്പോഴും ഒരേയൊരു പ്രാർത്ഥനയേ ഉണ്ടായിരുന്നുള്ളൂ തിരിച്ചുപോരുമ്പോൾ നീ പോയിട്ടുണ്ടാവരുതെ എന്ന്.. ഒന്നുകൂടി കാണാൻ കഴിയണേ എന്ന്.., കാണാൻ കഴിഞ്ഞു.. വീണ്ടും.. പിന്നീടാണ് എനിക്ക് മനസ്സിലായത് നിന്നെ കാണാതെ എനിക്ക് ജീവിക്കാൻ കഴിയില്ല എന്ന്.. അതിനു വേണ്ടി മാത്രമാണ് ഞാൻ PG ക്ക് എന്ന പേരിൽ വീണ്ടും ഇങ്ങോട്ടു വന്നത്.. നിന്നെ കാണാൻ വേണ്ടി മാത്രം..." അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.. അവൻ ഇരുകൈകൾകൊണ്ടും ആ കണ്ണുകൾ തുടച്ചു കൊടുത്ത് ആ മുഖത്തെ നെഞ്ചോട് ചേർത്തു വച്ചു.. അവൾക്ക് എല്ലാം സ്വപ്നതുല്യമായിരുന്നു.. ഈ നെഞ്ചിൽ മുഖം ചേർക്കണം എന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു... പക്ഷേ സ്വപ്നത്തിൽ പോലും സാധിക്കില്ല എന്ന് കരുതിയതാണ്..

ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നു.. താൻ കണ്ട സ്വപ്നങ്ങളെല്ലാം യാഥാർഥ്യമായിരിക്കുന്നു.. കണ്ണുകൾ നിറഞ്ഞൊഴുകുമ്പോഴും ചുണ്ടുകൾ പുഞ്ചിരിക്കുകയായിരുന്നു.. അവൾ ഓക്കെയായി എന്ന് തോന്നിയപ്പോൾ അവൻ പതിയെ അവളെ തന്നിൽ നിന്നും അടർത്തിമാറ്റി... "ഒരേ ഒരു കവിത കൊണ്ട് എന്നെ ക്ലീൻ ബൗൾഡ് ആക്കി.. ഇത്രേം അടിപൊളി പ്രൊപോസൽ കിട്ടും എന്ന് കരുതിയില്ല... ഇപ്പൊ ഞാൻ ചോദിക്കുന്നു.. ഹർഷിത് ദേവരാജിന്റെ ജീവിതസഖിയാവാൻ ഈ ആൻ മരിയ എന്ന എന്റെ അന്നമ്മക്ക് സമ്മതമാണോ..???" അവൾ ഒട്ടും ആലോചിക്കാതെ അതേ എന്നർത്ഥത്തിൽ തലയാട്ടി.. അവൻ ഒന്ന് കൂർപ്പിച്ചു നോക്കിയതും "സമ്മതമാണ്.. എനിക്ക് സമ്മതമാണ്......" അവൾ പരിഭ്രമത്തോടെ പറഞ്ഞു... അവൻ ചിരിയോടെ തന്റെ കഴുത്തിൽ കിടന്ന സ്വർണമാല അഴിച്ചെടുത്തു... അവൾ അവനെതന്നെ നോക്കി നിന്നു... അത് അവളുടെ കഴുത്തിലേക്ക് ഇട്ടു കൊടുത്തു.. കഴുത്തിലെ കൊന്തക്കൊപ്പം കിടക്കുന്ന ഓം എന്ന ലോക്കറ്റ് അവൾ കയ്യിലെടുത്തു... ശേഷം അവന്റെ മുഖത്തേക്ക് നോക്കി.. അവൻ പിരികം പൊക്കി കാണിച്ചു... അവൾ പുഞ്ചിരിച്ചു കൊണ്ട് പുറത്തേക്കോടാൻ തുനിഞ്ഞതും അവളുടെ കയ്യിൽ അവന്റെ പിടുത്തം വീണിരുന്നു..

"ഒരു കടം കൂടി ബാക്കിയുണ്ട്.." അവൾ മനസ്സിലാകാതെ നെറ്റിചുളിച്ചു.. "അന്ന് രാത്രി ദേ, ഇവിടെ തന്ന കടം..." അവൻ തന്റെ കൈകളാൽ സ്വന്തം ചുണ്ടിനെ ഉഴിഞ്ഞു കൊണ്ട് അവളോട് പറഞ്ഞു... അവൾ ഞെട്ടിപ്പോയി .. അപ്പൊ അന്ന് രാത്രി.. ശെയ്.. എല്ലാം അറിഞ്ഞിരുന്നോ.. എന്നിട്ടാണോ അനങ്ങാതെ കിടന്നത്.. "അപ്പൊ അറിഞ്ഞോണ്ടാണോ പിടിച്ചത്..?" അവളറിയാതെ തന്നെ വായിൽ നിന്നും വാക്കുകൾ പുറത്തേക്ക് വന്നു.. "എന്ത് പിടിച്ചത്??" അവൻ ചുണ്ട് കടിച്ചു പിടിച്ച് ചിരിയൊതുക്കി.. "അത്.. ഇടുപ്പ്... ഇടുപ്പിലൂ.. ഒന്നുല്ല.. ഞാൻ പോവട്ടെ.." അവൾ വീണ്ടും നടക്കാൻ തുടങ്ങിയതും അവൻ കൈ നീട്ടി അവളുടെ ഇടുപ്പിലൂടെ ചുറ്റിപ്പിടിച്ച് തന്നിലേക്ക് ചേർത്തുനിർത്തി. "ഇങ്ങനെ പിടിച്ചതാണോ ഉദ്ദേശിച്ചത്.." അവൻ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു .. അവൾക്ക് വാക്കുകൾ പുറത്തേക്ക് വന്നില്ല. ആകെ ഒരു മരവിപ്പ് . അവൻ പതിയെ അവളെ തിരിച്ചു തന്റെ നേരെ നിർത്തി.. അപ്പോഴും കൈകൾ രണ്ടും ഇടുപ്പിൽ മുറുകിയിരുന്നു.. അവൾ തലയുയർത്തി നോക്കുന്നില്ല എന്ന് കണ്ടതും അവൻ ഇടുപ്പിലുള്ള പിടുത്തം മുറുക്കി.. അവൾ ഞെട്ടിപിടഞ്ഞ് അവന്റെ മുഖത്തേക്ക് നോക്കി. "ആ കടം ഇപ്പൊ തീർത്തോട്ടെ..." അവൾ ഒന്നും മിണ്ടിയില്ല.. ആ വാക്കുകളുടെ പൊരുൾ മനസ്സിലാക്കും മുന്നേ അവന്റെ ചുണ്ടുകൾ അവളുടെ അധരത്തെ നുണഞ്ഞു തുടങ്ങിയിരുന്നു.. അവളൊന്നു വിറച്ചുകൊണ്ട് അവനോടു ചേർന്നു നിന്നു............. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story