നിലാമഴ: ഭാഗം 8

Nilamazha

എഴുത്തുകാരി: അനു രാജീവ്

"എവിടെയായിരുന്നു ഇത്ര നേരം...???" ക്ലാസ്സിലേക്ക് കയറിയതും തനുവിന്റെ ചോദ്യം കേട്ട് ആൻ പരുങ്ങി.. "പാട്ടും പാടി സ്റ്റേജിന്നു ഓടി പോയ ആളാ.. എവിടെയായിരുന്നടി..? ഞങ്ങളെവിടെയൊക്കെ നോക്കീന്ന് അറിയോ..?" സംഗീതയും പരിഭവിച്ചു.. അവരോട്, എല്ലാം പറയണോ വേണ്ടയോ എന്നറിയാതെ ആൻ കുഴഞ്ഞു.. "അത്........ അവൾ പറയാൻ തുടങ്ങുമ്പോഴേക്കും ക്ലാസ്സ്‌ കഴിഞ്ഞുള്ള ബെൽ അടിച്ചു.. ക്ലാസിലെ കുട്ടികളെല്ലാം ബാഗും എടുത്ത് പുറത്തേക്ക് പോയി.. അവർ മൂന്നാളും ആനിനെ വിടാനുള്ള ലക്ഷണമുണ്ടായിരുന്നില്ല... "ഇരിക്ക് മോളേ.. എവിടെയായിരുന്നു, എന്ത് ചെയ്യുവായിരുന്നു, എന്നൊക്കെ വള്ളി പുള്ളി വിടാതെ പറഞ്ഞോ.. ഞങ്ങളെ വിട്ടിട്ട് ഒറ്റക്കുള്ള പോക്ക് ഇപ്പൊ സ്ഥിരമായിട്ടുണ്ട്..." ഹെലൻ അവളെ അടിമുടി നോക്കി സംശയ ദൃഷ്ടിയോടെ പറഞ്ഞു.... ഇനിയും പറയാതിരുന്നിട്ട് കാര്യമില്ല എന്ന് മനസിലായപ്പോൾ അവർ ഇരിക്കുന്ന ഡെസ്കിനു മുന്നിലെ ബെഞ്ച് നീക്കി ആൻ അവർ മൂന്നാലെയും നോക്കി ഇരുന്നു.. "എനിക്ക്... എനിക്കൊരാളെ ഇഷ്ട്ടമായിരുന്നു... ഫസ്റ്റ് ഇയറിൽ ഫസ്റ്റ് ഡേ മുതൽ....."

"അത് നേരത്തെ ഞങ്ങൾക്ക് മനസിലായി.. നിന്റെ മനസ്സിൽ ആരോ ഉണ്ടെന്ന് എനിക്കപ്പോഴേ തോന്നിയിരുന്നു .." തനു ഇളം ചിരിയോടെ പറഞ്ഞു... "ആളാരാണെന്ന് പറ..." ഹെലൻ ആവേശത്തോടെ ചോദിച്ചു.. "ഹർഷിത് ദേവരാജ്..." ആ പേരു കേട്ടതും മൂന്നാൾടെയും മുഖം മങ്ങി.. അത് കണ്ടതും ആനിന്റെ മുഖത്തെ ചിരിയും മാഞ്ഞു.. ഹെലനും സംഗീതയും പരസ്പരം നോക്കി.. "എടി.. അങ്ങേരെ സ്നേഹിച്ചിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല.. ഈ കോളേജിലെ പകുതി പിള്ളേരും അങ്ങേരുടെ പുറകെയാണ്.. നിന്നെ ഒന്നു നോക്കാൻ പോലും നിൽക്കില്ല.. വെറുതെ നിരാശപ്പെടേണ്ടി വരും.. ഇത് വേണ്ടടാ..." സംഗീത അല്പം വിഷമത്തോടെ പറഞ്ഞു.. "അതിനേക്കാൾ അവരൊക്കെ സ്റ്റാറ്റസും മതവും നോക്കുന്ന ആളുകളാ... ആൾടെ അച്ഛൻ കേരളത്തിന്റെ ആഭ്യന്തരമന്ത്രിയാ... നിന്നെ പോലെ ഒരു പെൺകുട്ടിയെ ഒരിക്കലും accept ചെയ്യില്ല.. മാത്രമല്ല, മതം പോലും വേറെയായ സ്ഥിതിക്ക് ഹർഷേട്ടൻ നിന്നെ തിരിഞ്ഞു പോലും നോക്കില്ല " തനുവിന്റെ വാക്കുകൾ ആനിന്റെ ഉള്ളിൽ വലിയ ആഘാതമേല്പിച്ചു.. മന്ത്രിയോ...?

പിന്നെന്തിനാ എന്നോടങ്ങനെ...? ഇനി ഒരുപക്ഷെ തമാശക്ക്... ആയിരിക്കില്ല...' സങ്കടം തോന്നി അവൾക്ക്... കരയാൻ തോന്നി.. തന്നോടും ഇഷ്ട്ടമാണെന്ന് പറഞ്ഞത് അവൾ അവരോട് പറഞ്ഞില്ല... ഇത്രയും വലിയ ആൾ തന്റെ പ്രണയം സ്വീകരിച്ചു എന്നു പറഞ്ഞാൽ അവർ വിശ്വസിക്കില്ല എന്നത് ഒന്ന്... ഇനി ഒരുപക്ഷേ വെറുതെ തന്നോട് കളിയായി... ഏയ്‌.. അങ്ങനെ ആയിരിക്കില്ല.. ആ കണ്ണിൽ തന്നോടുള്ള പ്രണയമുണ്ടായിരുന്നു.. "ശരി നീ അത് വിട്... ഇനി ആളെ കുറിച്ച് ചിന്തിക്കേണ്ട.. കുറച്ച് ദിവസം കഴിയുമ്പോ പതുക്കെ മറന്നോളും.... വാ പോവാം..." ഹെലൻ അവളുടെ കയ്യിൽ മുറുകെ പിടിച്ചുകൊണ്ട് പുറത്തേക്ക് നടന്നു.. ഗ്രൗണ്ടിൽ എത്തിയതും അവളെ കാത്തെന്നപോലെ ഹർഷിത് അവിടെ നിൽക്കുന്നുണ്ടായിരുന്നു.. ആനിനെ കണ്ടതും അവൻ ചിരിയോടെ അവർക്കടുത്തേക്ക് പോയി.. അവരുടെ അടുത്തേക്ക് നടന്നടുക്കുന്ന ഹർഷിനെ കണ്ട് നാലാളും നിന്നു.. ആൻ മാത്രം തലതാഴ്ത്തി നിന്നു.. ബാക്കി മൂന്നു പേരും ആനിനെയും ഹർഷിനെയും മാറിമാറി നോക്കി.. "തനൂജ .. നിന്റെ ഫ്രണ്ടിനെ ഞാനൊന്ന് കൊണ്ട് പോവുന്നുണ്ടേ..

രാത്രിക്കുള്ളിൽ എത്തിക്കാം... വാർഡനോട് പറഞ്ഞിട്ടുണ്ട്..." തനുവിന്റെ മുഖത്തുനോക്കി അത്രമാത്രം പറഞ്ഞുകൊണ്ട് ആനിന്റെ കൈയിൽപിടിച്ച് അവർക്കിടയിൽ നിന്നും അവളെ അവൻ കൂട്ടികൊണ്ടുപോയി... ആൻ തിരിഞ്ഞു നോക്കിയില്ല... അവരുടെ മുഖത്തെ ഭാവം കാണാനുള്ള ധൈര്യം അവൾക്ക് ഉണ്ടായിരുന്നില്ല... അവൻ പോക്കറ്റിൽ നിന്നും കീ എടുത്ത് അമർത്തിയതും ലൈറ്റ് കത്തിയ റെഡ് കളർ കാറിലേക്ക് അവൾ നോക്കി... "കേറ്..." അത്രമാത്രം പറഞ്ഞുകൊണ്ട് അവൻ ഡ്രൈവിങ് സീറ്റിലേക്ക് കയറിയിരുന്നു.. അവളും ചുറ്റുമൊന്നു നോക്കി പതിയെ ഡോർ തുറന്ന് അകത്തേക്ക് കയറി... അവൾ കാറിനുള്ളിൽ എല്ലായിടത്തും കണ്ണോടിച്ചു.. ആദ്യമായാണ് കാറിൽ യാത്ര ചെയ്യാൻ പോവുന്നത്.. വണ്ടി ഗ്രൗണ്ടിൽ നിന്നും റിവേഴ്സ് എടുത്ത് ഗേറ്റ് കടന്ന് പുറത്തേക്ക് പോയി.. "അന്നമ്മോ..." "ഹ്മ്മ്.." "എന്താടി ഒന്നും മിണ്ടാത്തത്.. എന്റെ കൂടെ വരാൻ. പേടിയുണ്ടോ ?" അവൾ ഇല്ല എന്ന അർത്ഥത്തിൽ തലയാട്ടി.. " എന്തോ പറയാനുണ്ടല്ലോ.. പറഞ്ഞോ.. " "അത്.. അത് പിന്നെ.. എന്നെ ശരിക്കും ഇഷ്ട്ടാണോ..?"

അവൻ പെട്ടെന്ന് തന്നെ വണ്ടി സൈഡിലേക്ക് ഒതുക്കി.. എന്തോ തെറ്റു പറഞ്ഞപോലെ അവൾ തല താഴ്ത്തി ഇരുന്നു.. "അങ്ങനെ സംശയം തോന്നാൻ കാരണം.." "അച്ഛൻ മന്ത്രിയാണോ..?" അവൻ പതിയെ ചിരിച്ചു.. "അപ്പൊ അതറിയാതെയാണോ നീ എന്നെ ഇഷ്ടപ്പെട്ടത്..'" അവൾ നിഷ്കളങ്കമായി തലയാട്ടി.. "തനൂജയും പറഞ്ഞില്ലേ..." "കുറച്ച് മുൻപാ പറഞ്ഞത്.." "ഹ്മ്മ്.. വേറെ എന്തൊക്കെ പറഞ്ഞു.." "സ്റ്റാറ്റസ്, റിലീജിയൻ എല്ലാം വേറെയാണെന്ന്... എന്നെ തിരിഞ്ഞു പോലും നോക്കില്ലാന്ന്..." "എന്നിട്ടിപ്പോ നോക്കിയില്ലേ.. നിന്നെ മാത്രമല്ലേ നോക്കുന്നുള്ളു.." പറയുമ്പോൾ വാക്കുകളിൽ പ്രണയമായിരുന്നു.. അതവൾക്കത് അറിയാനായി... അവൻ അവളുടെ കൈ തന്റെ കൈകൾക്കുള്ളിലാക്കി.. അവളൊന്ന് വിറച്ചു.. ആ സ്പർശം പോലും അവൾക്കത്രയും പ്രിയപ്പെട്ടതായിരുന്നു... "നിന്നെ കുറിച്ചെനിക്കെല്ലാം അറിയാം.. നിനക്കാരുമില്ല എന്ന്.. പള്ളിവക സ്കൂളിൽ പഠിച്ചതും കതെഡ്രൽ മഠത്തിൽ വളർന്നതും... നിനക്ക് നിന്റെ അച്ഛനെയോ അമ്മയെയോ സ്വന്തം മതമോ ഒന്നും അറിയില്ല..

നിൽക്കാൻ ഇടമില്ലാത്ത അവസ്ഥ വന്നത് കൊണ്ടും പഠിക്കാനുള്ള ആഗ്രഹം കൊണ്ടും കന്യാസ്ത്രീ ആവാം എന്ന് വാക്കുകൊടുത്തു എന്നും,. ഉറപ്പിന് വേണ്ടി അവർ നിന്നെ മാമോദീസ മുക്കി ക്രിസ്തുവ മതം സ്വീകരിപ്പിച്ചിട്ടാ ഇങ്ങോട്ട് പറഞ്ഞയച്ചത് എന്നും.. എല്ലാം അറിയാം.. എല്ലാം അറിഞ്ഞിട്ടാ ഞാൻ നിന്നോട് ഇഷ്ട്ടമാണെന്ന് പറഞ്ഞത്..., പിന്നെ നിന്റെ പേടി ന്യായമാണ്... Home minister ചിലപ്പോ ഒടക്കുണ്ടാക്കുമായിരിക്കും.. ഒരു ക്രിസ്ത്യാനി കൊച്ചിനെ എന്റെ വീട്ടിലോട്ട് വിളക്ക് കൊടുത്ത് കയറ്റും എന്ന പ്രതീക്ഷയൊന്നും എനിക്കും ഇല്ല..... അതൊക്കെ മുൻകൂട്ടി കണ്ടിട്ട് തന്നെയാണ് ഞാനും ഇറങ്ങി പുറപ്പെട്ടേക്കുന്നെ... ഇനി എന്തെങ്കിലും അറിയണോ??" അവൾ വേണ്ട എന്ന് തലയാട്ടി.. അവൻ ചിരിയോടെ വണ്ടി മുന്നോട്ടെടുത്തു.. അവൾക്ക് ഒരുപാട് സന്തോഷം തോന്നി.. ഇത് വരെ തന്റെ കാര്യങ്ങൾ അറിയുമ്പോൾ സഹതാപത്തോടെ നോക്കുന്ന കണ്ണുകളെയെ കണ്ടിട്ടുള്ളൂ.. ആദ്യമായിട്ടാ ഇത്രയും ചെറിയ വാക്കുകളിലൂടെ തന്റെ അവസ്ഥ വിവരിച്ചു തരുന്നത് ഒരാളെ കണ്ടത്... അതിനേക്കാളേറെ എല്ലാമറിഞ്ഞിട്ടും തന്നെ സ്വീകരിക്കാൻ ഒരാൾ മനസ്സ് കാണിക്കുന്നു എന്നുള്ളത് അവളെക്കൊണ്ട് വിശ്വസിക്കാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല...

വണ്ടി നിന്നപ്പോഴാണ് അവൾ ചുറ്റും നോക്കിയത്.. ബീച്ച് ആയിരുന്നു.. രണ്ടു പേരും കാറിൽ നിന്നും ഇറങ്ങി... സൂര്യൻ കടലിലേക്കിറങ്ങി ചെല്ലുന്ന കാഴ്ച്ച... .. അത് കാണാൻ അവിടവിടെയായി കുറച്ചാളുകൾ നിൽക്കുന്നുണ്ട്.. കുറച്ച് മാറി വെള്ളത്തിൽ കളിക്കുന്ന കുട്ടികൾ... പഞ്ഞിമിഠായിയുടെയും ഐസ്ക്രീം വണ്ടിയുടെയും ബെൽ അടിക്കുന്ന ശബ്ദം കേൾക്കാം... അവർ അവിടെയുള്ള മണലിലേക്കിരുന്നു.. അവളുടെ കണ്ണുകൾ ആഞ്ഞടിക്കുന്ന കടൽത്തീരത്ത് തന്നെയായിരുന്നു.. "വെള്ളത്തിലിറങ്ങണോ??" അങ്ങോട്ട് ഉറ്റുനോക്കുന്നത് കണ്ട് അവൻ ചോദിച്ചു.. "വേണ്ട.. എനിക്ക് പേടിയാ..." അവൻ നെറ്റിചുളിച്ചു.. "ഞങ്ങളെ, ചെറുതായിരിക്കുമ്പോ ഒരിക്കൽ കടല് കാണാൻ കൊണ്ടുപോയിട്ടുണ്ട്. അന്ന് ആരെയും വെള്ളത്തിലിറങ്ങാൻ സമ്മതിച്ചില്ല.... അതിന് ശേഷം എന്റെ ജീവിതത്തിൽ ഞാൻ കടല് കണ്ടത് രണ്ടു മാസം മുന്നെയാ... അന്ന് തനുവും ഹെലനുമൊക്കെ വെള്ളത്തിൽ കളിക്കുന്നുണ്ടായിരുന്നു.. ആഗ്രഹം തോന്നിയിട്ടും എനിക്ക് എന്തോ വല്ലാത്ത പേടി തോന്നി...." അവൾ നുരഞ്ഞു പൊന്തുന്ന അലകളിലേക്ക് കണ്ണുകൾ പായിച്ചു കൊണ്ട് പറഞ്ഞു.. അവളുടെ കൈയ്ക്ക് മുകളിൽ അവന്റെ കൈത്തലം അമർന്നു.. അവൾ അവന്റെ മുഖത്തേക്ക് നോക്കി.. അവന്റെ ചുണ്ടിലെ ചിരിയിലേക്ക്..

ആ താടികൾക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന നുണക്കുഴിയിലേക്ക്.. അവൻ എഴുന്നേറ്റു.. അവളും.. ആ കൈകൾ കോർത്തുപിടിച്ച് അവൻ കടലിലേക്കിറങ്ങി.. അവൾ ബലം പിടിച്ച് പുറകിലോട്ട് പോവാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഒന്നുകൂടെ മുറുകെപിടിച്ച് അവൻ മുന്നോട്ടു നടന്നു . കാലിൽ പതഞ്ഞു കയറുന്ന വെള്ളത്തിലേക്ക് അത്ഭുതം കൂറുന്ന മിഴികളോടെ അവൾ നോക്കിക്കൊണ്ടിരുന്നു.. വീണ്ടും മുന്നോട്ടു വയ്ക്കുന്ന അവന്റെ പാദത്തെ പിന്തുടരാൻ അവൾ ഭയന്നു... "ഇവിടെ നിന്നാ മതി..." അവളുടെ സ്വരം വിറക്കുന്നുണ്ടായിരുന്നു... "പേടിക്കണ്ട.. ഞാനില്ലേ കൂടെ....." ആ വാക്കുകൾ മതിയായിരുന്നു.. അവൾ ഒരു യന്ത്രം കണക്കെ അവനോടൊപ്പം കടലിലേക്കിറങ്ങി.. ഓരോ അലയടിക്കുമ്പോഴും പുറകോട്ടു വീഴാൻ ആഞ്ഞെങ്കിലും അവന്റെ കൈകൾ അവളെ ഉറപ്പോടെ പിടിച്ചിരുന്നു.. കടലിനെക്കാളും ചെഞ്ചുവപ്പണിഞ്ഞ ആകാശത്തെക്കാളും ചന്തം അവന്റെ മുഖത്തിനാണ് എന്ന് തോന്നിയ നിമിഷം... ജീവിതത്തിൽ ഇത്രയേറെ ചിരിച്ച ദിവസങ്ങൾ ഉണ്ടായിട്ടില്ല... ഒരുപാടുനേരം അവർ അവിടെ ചിലവഴിച്ചു... പിങ്ക് നിറത്തിലുള്ള പഞ്ഞിമിട്ടായിയും, വേറെ വേറെ ഫ്ലേവറിലുള്ള ഐസ്ക്രീമുകളും, പൊതികടലയും,

വേവിച്ച ചോളവും, ഉപ്പും മുളകും പുരട്ടിയ മാങ്ങയും നെല്ലിക്കയും, അങ്ങനെ, അവളുടെ കണ്ണുകളിൽ ഉടക്കിയ എല്ലാം അവൾ ചോദിക്കാതെതന്നെ അവൻ അവൾക്ക് മുന്നിലെത്തിച്ചു.. ഇനിയും എവിടെയെങ്കിലും നോക്കിയാൽ ഉള്ളതെല്ലാം വാങ്ങിക്കൊണ്ടു വരും എന്ന് മനസിലായപ്പോൾ അവൾ വീണ്ടും കടലിലേക്കിറങ്ങി .. ഒപ്പം അവനും ഉണ്ടായിരുന്നു, അവളുടെ കൈകളിൽ മുറുകെ പിടിച്ച്... പെട്ടെന്ന് ആകാശം ഇരുട്ടുമൂടി.... നല്ല കാറ്റും. അലയുടെ വേഗതയും ശക്തിയും അളവും കൂടി.. അപ്പോഴും അവൾ ആവേശത്തോടെ വെള്ളത്തിൽ കളിച്ചോണ്ടിരിക്കുവായിരുന്നു.. അവൻ ആകാശവും അന്തരീക്ഷവും വീക്ഷിച്ചു കൊണ്ടിരുന്നു. അവളുടെ കൈയിലെ പിടുത്തം മാത്രം അയച്ചില്ല... ആദ്യത്തെ തുള്ളി മഴ അവളുടെ മുഖത്ത് പതിച്ചു.. അവൾ കണ്ണുചുളിച്ച് മുകളിലേക്ക് നോക്കി. അപ്പോഴേക്കും കൂടുതൽ മഴതുള്ളികൾ ഭൂമിയിലേക്ക് പതിച്ചു തുടങ്ങിയിരുന്നു... "പോവാം..." അവൾ അവനെ നോക്കി പറഞ്ഞു.. അവൻ ചിരിയോടെ തലയാട്ടി... അവർ പാർക്കിംഗിലേക്ക് വരുമ്പോഴേക്കും മഴ നല്ല ശക്തി പ്രാപിച്ചിരുന്നു.. കാറിനകത്തേക്ക് കയറി അവൾ ഷാൾ കൊണ്ട് മുഖം തുടച്ചു.. അവനെ നോക്കി ചിരിച്ചു... അവനും ചിരിയോടെ വണ്ടി സ്റ്റാർട്ട്‌ ചെയ്യുന്നു..

"ഒരുപാട് വൈകിയെന്ന് തോന്നുന്നുലെ.." അവൾ ചുറ്റും നോക്കികൊണ്ട് പറഞ്ഞു.. "ഏയ്‌.. ടെൻഷൻ ആവണ്ട.. വാർഡനോട് പറഞ്ഞിട്ടുണ്ട്..." അവൾ ഒന്ന് ചിരിച്ചെങ്കിലും മുഖത്ത് നല്ല ടെൻഷൻ ഉണ്ടായിരുന്നു.. പകുതി ദൂരം എത്തിയപ്പോഴേക്കും കുഞ്ഞ് ചാറ്റൽ മഴ മാത്രമായി.. അവൾ വെള്ളം ഒഴുകുന്ന ഗ്ലാസ്സിലൂടെ ചുറ്റുമുള്ള കാഴ്ചകൾ കണ്ടു കൊണ്ടിരുന്നു .. നേരം വൈകിയിരുന്നു എങ്കിലും ഒരുപാട് ആളുകൾ ഉണ്ടായിരുന്നു വഴിയോരത്ത്.. കച്ചവടക്കാരും, ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന പുരുഷന്മാരും സ്ത്രീകളും.. ഓരോ കടകൾക്ക് മുന്നിലും കത്തിച്ചു വച്ചിരിക്കുന്ന പലനിറത്തിലുള്ള ബൾബുകൾ അവൾ അത്ഭുതം കൂറുന്ന മിഴികളോടെ വീക്ഷിച്ചു.. തിരക്ക് പിടിച്ച സായാഹ്നം... അവൾ ഗ്ലാസിലേക്ക് മുഖം ചേർത്ത് ആകാശത്തേക്ക് നോക്കി.. ദേ നിലാവ്.. "അമ്പിളി മാമൻ ഉള്ളപ്പോ മഴ പെയ്യോ??" അവൾ സംശയത്തോടെ അവന്റെ മുഖത്തേക്ക് നോക്കി .. "ഹ്മ്മ്.. പെയ്യും.. ആ മഴക്ക് വല്ലാത്ത ചന്തമായിരിക്കും... മറ്റേത് വെളിച്ചമില്ലെങ്കിലും തിളക്കത്തോടെ അവ ഭൂമിയിലേക്ക് പതിക്കും.. നിലാവിൽ കുളിച്ചിറങ്ങുന്ന മഴ.. നിലാമഴ ❤️

നിലാമഴയത്ത് നിന്ന് പ്രണയം നിറഞ്ഞ മനസ്സ് കൊണ്ട് എന്ത് പ്രാർത്ഥിച്ചാലും നിലാവ് അത് നടത്തിത്തരും.." "ശരിക്കും???" "ഏയ്‌.. ഞാൻ പണ്ടെങ്ങോ പറഞ്ഞു കേട്ടതാ.. എനിക്ക് വിശ്വാസമൊന്നുമില്ല..." "എനിക്ക് വിശ്വാസമുണ്ട്.. അങ്ങനെ ചെയ്തു നോക്കണം.." "നിർബന്ധമാണോ..?" "നിർബന്ധമൊന്നുമില്ല.. പക്ഷെ ഒരാഗ്രഹം..." അവൻ വണ്ടി സൈഡിലേക്ക് ഒതുക്കി.. "ഇറങ്..." ഇറങ്ങുമ്പോൾ മരത്തിൽ നിന്നും മഴ തുള്ളികൾ ഇറ്റു വീഴുന്നുണ്ടായിരുന്നു.. അവൻ അവളുടെ കയ്യിൽ മുറുകെ പിടിച്ചു.. "നിലാവിനെ നോക്കി നിന്റെ ആഗ്രഹം പറ.. " അവൾ ചിരിയോടെ തലയാട്ടി മുകളിലേക്ക് നോക്കി.. പാതിവട്ടത്തിൽ വെളുത്ത നിറത്തിൽ നിൽക്കുന്ന ചന്ദ്രൻ.. ഇടയ്ക്ക് കരിമേഘങ്ങൾ നിലാവിനെ മറച്ചുകൊണ്ട് നീങ്ങുന്നുണ്ട്.. അവൾ അവന്റെ കയ്യിൽ മുറുകെ പിടിച്ച് ഇരു കണ്ണുകളും അടച്ചു.. 'കർത്താവേ... ഞാനിത് വരെ എനിക്ക് വേണ്ടി ഒന്നും ആവശ്യപ്പെട്ടിട്ടില്ല.. ഇപ്പൊ ഒരേ ഒരാഗ്രഹം.. എനിക്ക് മരിക്കുന്നത് വരെ ഇങ്ങേരെ കാണാനും സ്നേഹിക്കാനുമുള്ള ഭാഗ്യം തരണേ.. എനിക്ക് ഇങ്ങേരെ തന്നേക്കണേ... ഞങ്ങൾ കുട്ടിയും കുഞ്ഞുങ്ങളുമൊക്കെയായി ഒരുപാട് കാലം ജീവിക്കണേ.. എനിക്ക് നിന്റെ മണവാട്ടി ആവണ്ട. ഇങ്ങേരുടെ മണവാട്ടി ആയാ മതി... പ്ലീസ് കർത്താവെ... പ്ലീസ്... പ്ലീസ്......"

അപ്പോഴേക്കും വീണ്ടും മഴയുടെ ശക്തി കൂടിയത് മനസ്സിലായി അവൾ കണ്ണു തുറന്നു .. "കഴിഞ്ഞോ പ്രാർത്ഥന.. ഇത്രേം ലെങ്ത്തിൽ പറഞ്ഞാൽ മുകളിലിരിക്കുന്ന പുള്ളി മറന്ന് പോവുംട്ടാ... കേറ്..." അവൻ അവളെ കളിയാക്കിയത് പോലെ പറഞ്ഞുകൊണ്ട് ഡ്രൈവിംഗ് സീറ്റിലേക്ക് കയറി.. അവളും ഡോർ തുറന്ന് അകത്തേക്കിരുന്നു... അവൾ അവനെ തന്നെ നോക്കിക്കൊണ്ടിരുന്നു... താൻ പ്രാർത്ഥിച്ചതിനെ കുറിച്ച് എന്തെങ്കിലും ചോദിക്കുമോ എന്ന് കരുതിയാണ് നോട്ടം ആരംഭിച്ചത് എങ്കിലും, പിന്നീട് അത് അവനിൽ ലയിച്ചുള്ള നോട്ടമായി... ചുറ്റും ശ്രദ്ധിച്ച് വണ്ടി ഓടിക്കുന്നതിനിടെ അവൻ സൈഡിലേക്ക് നോക്കിയപ്പോൾ തന്നെ നോക്കി ചിരിച്ചു കൊണ്ടിരിക്കുന്ന ആനിനെ ആണ് കണ്ടത്.. "അന്നമ്മോ......" ആ വിളിയിൽ അവൾ ഞെട്ടി . ഇത്രയും നേരം താൻ നോക്കിയിരുന്നത് കണ്ടു എന്നു മനസ്സിലായപ്പോൾ മുഖം ചുളിച്ച് ചമ്മിയ ഭാവത്തോടെ അവൾ നോട്ടം പുറത്തേക്കാക്കി ഹോസ്റ്റലിനടുത്തേക്ക് എത്തുമ്പോഴേക്കും അവൾ ബാക്ക് സീറ്റിൽ വച്ച ബാഗ് കയ്യെത്തി എടുത്തു... ഹോസ്റ്റലിന്റെ മതിലിനോട് ചേർത്ത് അവൻ വണ്ടി ഒതുക്കി നിർത്തി.. ഇടവഴി ആയതുകൊണ്ട് തന്നെ ആളുകൾ ഒന്നും അവിടെ ഉണ്ടായിരുന്നില്ല.. ഇടയ്ക്ക് കടന്നു പോകുന്ന ഓരോ വാഹനങ്ങൾ മാത്രം... "കുട ഉണ്ടോ..?"

അവൾ ഇല്ല എന്ന് തലയാട്ടി.. "നിന്റെ കൂട്ടുകാരികൾ ആരെയെങ്കിലും വിളിച്ച് കുടയെടുത്തു കൊണ്ടുവരാൻ പറ.." "വേണ്ട.. ഞാൻ വേഗം പൊയ്ക്കോളാം.." "ശരി, ഷാൾ തലയിലൂടെ ഇട്ടോ.." അവൾ തലയാട്ടി.. ഇറങ്ങാൻ നിൽക്കുമ്പോഴേക്കും അവൻ അവളുടെ കയ്യിൽ പിടിച്ചു നിർത്തി... ആ തണുത്ത ഉള്ളംകയ്യിലെ തണുപ്പ് അവളുടെ ശരീരമാകെ കോരിത്തരിപ്പിച്ചു... അവൾ പിടയ്ക്കുന്ന കണ്ണുകളോടെ അവനെ ഉറ്റു നോക്കി... "ഞാനൊരു ഉമ്മ തന്നോട്ടെ പെണ്ണേ...." ഒരായിരം വട്ടം സമ്മതമാണെന്ന് മനസ്സ് പറയുമ്പോഴും ചുണ്ടുകൾ ചലിക്കുന്നുണ്ടായിരുന്നില്ല.. തൊണ്ട വറ്റിവരണ്ടു പോയതാണോ.. നാവ് അനങ്ങുന്നില്ല... അതെപ്പോഴും അങ്ങനെ ആണല്ലോ... വേണ്ടപ്പോഴൊന്നും ശബ്ദം പുറത്തേക്ക് വരില്ല.. കോപ്പ്....' അവൾ അസ്വസ്ഥതയോടെ നോക്കുന്നത് കണ്ട് അവൻ അവളുടെ കൈകൾക്ക് മുകളിൽ വച്ച കൈ പിൻവലിച്ചു... "പൊയ്ക്കോ.. നാളെ കാണാം..." അവൾക്ക് വല്ലാത്ത സങ്കടം തോന്നി.. ഡോർ തുറന്ന് പുറത്തേക്ക് കാലു വയ്ക്കും മുന്നേ അവൾ വീണ്ടും തിരിഞ്ഞു നോക്കി.. അവൻ ചിരിയോടെ അവളെ നോക്കി ഇരിപ്പുണ്ടായിരുന്നു..

ആ മുഖത്ത് ഒരു കുഞ്ഞു പരിഭവം പോലുമില്ല.. താഴോട്ടു വെക്കാൻ നിന്ന കാലുകൾ പിൻവലിച്ച് അവൾ സീറ്റിലേക്ക് കയറിയിരുന്നു.. ഡോർ വലിച്ചടച്ച് സീറ്റിൽ നിന്നും നീങ്ങി അവനടുത്തേക്ക് വന്നു.. അവൻ കാര്യം മനസ്സിലാകാതെ അവളെ തന്നെ നോക്കി നിന്നു.. അവൾ ഇരുകണ്ണുകളും മുറുകെ ചിമ്മി... അവൻ നെറ്റിചുളിച്ചു.. അവളുടെ കൈകൾ രണ്ടും അവന്റെ ഇരുകവിളിലായി അമർന്നു.. മുന്നോട്ടാഞ്ഞ് അവൾ തന്റെ അധരം അവന്റേതുമായി ചേർത്തു.. അവന്റെ കണ്ണുകൾ വിടർന്നു.. അവളുടെ ചുംബനത്തിന്റെ ആഴത്തിൽ സ്വയം മറന്ന് അവൻ തന്റെ കൈകൾ അവളുടെ ഇടുപ്പിലൂടെ ചുറ്റിപ്പിടിച്ചു.. ഗിയർബോക്സിനപ്പുറത്തി രുന്നവളെ ഇടുപ്പിൽ പിടിച്ചു വലിച്ച് തന്റെ മടിയിലേക്കിരുത്തി.. അവൾ തന്റെ മിഴികൾ തുറന്നില്ല... അവന്റെ മേലേക്ക് ചാഞ്ഞ് പരസ്പരം ഗാഢമായി ചുംബിച്ചുകൊണ്ടിരുന്നു.. അവന്റെ കൈകൾ അവളുടെ പിൻകഴുത്തിൽ അമർന്നു.. നനഞ്ഞ ശരീരങ്ങൾ ചൂട് പിടിച്ചു... അവരെ മറക്കും വിധം മഴ വീണ്ടും ശക്തി പ്രാപിച്ചു............ തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story