നിലാമഴ: ഭാഗം 9

Nilamazha

എഴുത്തുകാരി: അനു രാജീവ്

റോഡിലൂടെ വേഗത്തിൽ പോയ വാഹനത്തിന്റെ ഹോൺ കേട്ട് രണ്ടാളും ഞെട്ടി ചുണ്ടുകൾ വേർപെടുത്തി.. അവളാകെ വിറയ്ക്കുന്നുണ്ടായിരുന്നു.. ആ മുഖത്തേക്ക് നോക്കാൻ കഴിയാതെ അവൾ തലതാഴ്ത്തിയിരുന്നു... അപ്പോഴും അവന്റെ കൈകൾ അവളെ വലയം ചെയ്തിരുന്നു.. ചുണ്ടുകളിൽ ഒളിപ്പിച്ച ചിരിയോടെ അവൻ കാണുകയായിരുന്നു അവളിലെ നാണത്തെ.. താൻ ചുംബിച്ചു ചുവപ്പിച്ച ചുണ്ടുകളെ.. അവൻ വീണ്ടും അവളിലേക്കടുക്കുമ്പോഴേക്കും പോക്കറ്റിൽ ഇട്ട ഫോൺ റിങായി.. അവൻ അരിശത്തോടെ പോക്കറ്റിലെ ഫോണെടുത്ത് നോക്കി... സൈലന്റ് ആക്കി ഡാഷ് ബോർഡിലേക്കിട്ടു... അപ്പോഴേക്കും ആൻ അവന്റെ മടിയിൽ നിന്നും മാറാൻ ശ്രമിക്കുന്നുണ്ടായിരുന്നു... പക്ഷെ അവന്റെ കൈകളെ ഒന്നനക്കാൻ പോലും അവൾക്കായില്ല.. അവൾ ആ മുഖത്തേക്ക് ഉറ്റുനോക്കി... കാറിനകത്തെ കുഞ്ഞ് ലൈറ്റ്സിന്റെ വെളിച്ചം മാത്രമേ ഉണ്ടായിരുന്നുള്ളു... അവന്റെ കൈകൾ അവളുടെ മുഖത്തേക്ക് വീണു കിടക്കുന്ന കുറുനിരകളെ ഒതുക്കി വച്ചു...

അവന്റെ കൈകളുടെ സ്പർശം അവളിൽ പുതുവികാരങ്ങളുണർത്തുന്നുണ്ടായിരുന്നു... വാക്കുകൾ പുറത്തേക്ക് വരുന്നില്ല.. ആ മുഖത്തേക്ക് നോക്കാൻ കഴിയുന്നില്ല... "ഞാൻ.. ഞാൻ പൊയ്ക്കോട്ടേ..." അവൾ തലയുയർത്താതെ തന്നെ ചോദിച്ചു.. "ആദ്യം മുഖത്തേക്ക് നോക്കടി..." അവൾ മിഴികൾ ഉയർത്തി... അവന്റെ ആ നോട്ടം.....❤️ അവൾ ആ നെഞ്ചിലേക്ക് ചാഞ്ഞു.. അവൻ ചിരിച്ചു.. ഇടുപ്പിൽ വച്ച കൈകൾ പിൻവലിച്ച് ഇരുകയ്യാലും മുറുകെ പുണർന്നു... "പൊയ്ക്കോ..." അപ്പോഴേക്കും മഴ അല്പം തോർന്നിരുന്നു.. അവൾ മടിയിൽ നിന്നും ഇറങ്ങി പതിയെ നിരങ്ങി ഡോർ തുറന്ന് പുറത്തേക്കിറങ്ങി.. അവനും ഇറങ്ങി വരുന്നത് കണ്ട് അവൾ നെറ്റിചുളിച്ചു... "വാ..." അവൻ മുന്നിൽ നടന്നു.. അവൾ അവന് പുറകെയും... ഹോസ്റ്റലിനകത്തേക്ക് കയറ്റി വിട്ട് അവൻ തിരിച്ചു വന്നു... കാറിലേക്ക് കയറി ഇരുന്ന്, കഴിഞ്ഞ നിമിഷങ്ങളെ ഓർത്ത അവന്റെ ചുണ്ടിൽ പ്രണയാതുരമായ പുഞ്ചിരി വിടർന്നു... ഒന്ന് നെടുവീർപ്പിട്ട് അവൻ കാർ മുന്നോട്ടെടുത്തു.. അവൾ വേഗം മുറയിലേക്കോടി..

ആ നേരത്ത് ബാഗുമായി വരുന്നവളെ കണ്ട് കുട്ടികളെല്ലാം നോക്കുന്നുണ്ടായിരുന്നു... ഡോർ തട്ടിയപ്പോൾ തുറന്നത് ഹെലനായിരുന്നു.. ആനിനെ ശ്രദ്ധിക്കാതെ അവൾ അകത്തേക്ക് പോയി... ആനിന് അല്പം സങ്കടം തോന്നിയെങ്കിലും അവൾ വേഗം അകത്തേക്ക് കയറി.. മൂന്നാളും തന്നെ ശ്രദ്ധിക്കുന്നില്ല.. "തനു..." അവൾ അത് ശ്രദ്ധിക്കാതെ പില്ലോയിൽ കവർ ഇട്ട് കൊണ്ടിരുന്നു.. "തനു... ഞാൻ പറയാഞ്ഞതിന് സോറി.." "എല്ലാം പറയാൻ മാത്രം നീ ഞങ്ങളുടെ ആരാ??" പില്ലോ ബെഡിലേക്കിട്ട് തനു ആനിന് നേരെ തിരിഞ്ഞു.. "ഇങ്ങനെയൊന്നും പറയല്ലെടി... നിങ്ങളോടെല്ലാം പറഞ്ഞതിന് അല്പം മുന്നെയാ ഹർഷേട്ടൻ എന്നോട് ഇഷ്ട്ടമാണെന്ന് പറഞ്ഞത്.. ഞാനത് പറയാൻ വന്നത് തന്നെയാ.. അപ്പോഴാ നിങ്ങൾ മന്ത്രിയുടെ മോനാ, വേറെ റിലീജിയനാ, നിന്നെ തിരിഞ്ഞു പോലും നോക്കുന്നില്ല എന്നൊക്കെ പറഞ്ഞത്.. ആലോചിച്ചപ്പോ, എന്നെ കളിപ്പിക്കാൻ പറഞ്ഞാതാവുമോ എന്ന് കരുതി..." "എന്നിട്ടിപ്പോ എങ്ങോട്ടാ പോയത്??" . സംഗീതയുടെ ചോദ്യം കേട്ട് ആൻ ഇടക്കണ്ണിട്ട് നോക്കി.. "ബീച്ചിലേക്ക്..." "ഹ്മ്മ്.. ആദ്യം പോയി ഡ്രസ്സ്‌ മാറ്റ്.. നനഞ്ഞു കുളിച്ച് വന്നേക്കുവാ..." "ഹെലൻ.. പ്ലീസ് ദേഷ്യപ്പെടല്ലേ.. എനിക്ക്.. എനിക്ക് അങ്ങേരെ ഒത്തിരി ഇഷ്ട്ടമാടി... "

"അപ്പോഴേക്കും കണ്ണുനിറച്ചോ? ആൾക്കും നിന്നെ ഇഷ്ട്ടമാണെൽ പിന്നെ വേറെ എന്താടി വേണ്ടത്. ഞങ്ങള് കൂടെ ഉണ്ടാവും.. പോയി ഡ്രസ്സ്‌ മാറി വാ..." അവൾ ചിരിയോടെ ഡ്രസ്സുമെടുത്തു ബാത്‌റൂമിലേക്ക് കയറി... വന്നതും മെസ്സ് ക്ലോസ് ചെയ്യാനായി എന്ന് പറഞ്ഞ് കഴിക്കാൻ പോയി... തനുവിന് മഴ കൊണ്ടത് കൊണ്ട് തലവേദന എന്ന് പറഞ്ഞു നേരത്തെ കിടന്നു.. പനി വരുന്ന പോലെ തോന്നിയത് കൊണ്ട് നാട്ടിലേക്ക് പോവാം എന്ന് തീരുമാനിച്ചു.. ആനിനെയും വിളിച്ചെങ്കിലും അവൾ അടുത്ത തവണ വരാമെന്നു പറഞ്ഞ് ഒഴിഞ്ഞു... ഹെലനും സംഗീതയും ബീച്ചിലേക്ക് പോയ വിശേഷങ്ങളൊക്കെ ചോദിച്ചു.. കുറച്ച് ഭാഗങ്ങളൊക്കെ സെൻസർ ചെയ്ത് രണ്ടാളോടും ബാക്കിയെല്ലാം പറഞ്ഞു കൊടുത്തിട്ടാണ് അവർ ഉറങ്ങാൻ കിടന്നത്... ____❤️ നേരത്തെ തേജസ്‌ വന്ന് തനുവിനെ വിളിച്ചോണ്ട് പോയി... കോളേജിൽ പോയിട്ടും തനു ഇല്ലാത്തത് മൂവർക്കും ഉന്മേഷക്കുറവ് നൽകി... ഉച്ച വരെ എങ്ങനെയൊക്കെയോ ടൈം തള്ളി നീക്കി... കഴിക്കാൻ വേണ്ടി കാന്റീനിലേക്ക് പോകുമ്പോഴും ആനിന്റെ കണ്ണുകൾ ഹർഷിനെ തേടുന്നുണ്ടായിരുന്നു.. പെട്ടെന്ന് കുറച്ച് പിള്ളേർ ക്യാന്റീനിൽ നിന്നും ഗ്രൗണ്ടിലേക്കോടുന്നത് കണ്ട് മൂവരും സൈഡ് ചാരി നിന്നു...

"എന്ത് പറ്റിയടി...?" "ആവോ...? വാ സൗദ ചേച്ചിയോട് ചോദിക്കാം.." അവർ കാന്റീനിലേക്ക് കയറി.. "എന്ത് പറ്റി ചേച്ചി .? എല്ലാരും എന്തിനാ ഓടിയത്..." "അതോ... ആ ഗ്രൗണ്ടിൽ പിള്ളേർ അടിയുണ്ടാക്കുന്നതാ..." സീറ്റിലേക്കിരിക്കാൻ പോയ ആൻ പതിയെ വീണ്ടും എഴുന്നേറ്റ് നിന്നു... "ഏത് പിള്ളേർ??" "അറിയില്ല കുഞ്ഞേ. PG യിലെ ആണെന്ന് തോന്നുന്നു.." പറഞ്ഞു തീരും മുന്നേ ആൻ പുറത്തേക്കിറങ്ങി... ഗ്രൗണ്ടിൽ നിന്നും കാന്റീനിലേക്ക് വരുന്ന ഒരു കുട്ടിയെ പിടിച്ചു നിർത്തി. "അവിടെ ആരാ അടിയുണ്ടാക്കുന്നെ..??" "ഹർഷിത് ഏട്ടനാ..." ആൻ ആ കുട്ടിയുടെ കൈ വിട്ട് ഗ്രൗണ്ടിലേക്കോടി... കൂടി നിൽക്കുന്ന പിള്ളേരെ വകഞ്ഞു മാറ്റി അവർ ആ കൂട്ടത്തിനകത്തേക്ക് നുഴഞ്ഞു കയറി.. അവിടത്തെ കാഴ്ച്ച കണ്ട് എന്ത് ചെയ്യണമെന്നറിയാതെ പതറി നിന്നു... ഹർഷിത് ഒരാളെ ചെളിയിൽ പിടിച്ചിട്ട് മുഖത്തേക്ക് മുഷ്ടി ചുരുട്ടി കുത്തുന്നുണ്ട്.. ഇടി കൊള്ളുന്ന ആളിന്റെ മുഖത്താകെ രക്തം.. ആരും പിടിച്ചു മാറ്റുന്നില്ല... ആൻ അയാളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.. അവൾ ഞെട്ടലോടെ വായിൽ കൈവച്ചു... ഇംഗ്ലീഷ് പ്രൊഫസർ... അവൾ പതിയെ ഹർഷിനടുത്തേക്ക് നീങ്ങി.. എല്ലാവരും അത്ഭുതത്തോടെ അവളെ നോക്കുന്നുണ്ട്..

"ഹ.. ഹർഷേട്ടാ..." അവളുടെ ശബ്ദം പുറത്തേക്ക് വന്നില്ല... "ഹർഷേട്ടാ...." അവൻ കേൾക്കുന്നു പോലുമുണ്ടായിരുന്നില്ല. "ഹർഷേട്ടാ.. ഒന്ന് നിർത്ത്..." അവൾ ചെവിയിൽ കൈ വച്ച് അലറി... അവൻ അടി നിർത്തി തിരിഞ്ഞു നോക്കി.. ചുവന്നു തുടുത്ത മുഖവുമായി ഏങ്ങി കരയുന്ന ആനിനെ കണ്ട് അവൻ അയാളുടെ മേലെ നിന്നും എഴുന്നേറ്റു.. അവൻ അവൾക്കടുത്തേക്ക് വരുന്നത് കണ്ടതും ആൻ തിരിഞ്ഞോടി.. നിലത്ത് കിടക്കുന്ന പ്രൊഫസറിന്റെ നാഭി നോക്കി ഒരു ചവിട്ടും കൂടെ കൊടുത്ത് ഹർഷിത് ആനിന് പുറകെ പോയി... അവൻ വിളി കേൾക്കാതെ പായുന്ന ആനിന്റെ കയ്യിൽ പിടിച്ചു നിർത്തി.. അവൾ അവന്റെ കൈകുടഞ്ഞു.. അറപ്പോടെ കയ്യിൽ പറ്റിയ ചോരയിലേക്ക് നോക്കി... കണ്ണുകൾ അപ്പോഴും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.. അവൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ച് വാഷിംഗ്‌ ഏരിയയിലേക്ക് കൊണ്ട് പോയി... പൈപ്പ് തുറന്ന് അവളുടെ കൈ വെള്ളത്തിലേക്ക് നീട്ടിപ്പിച്ചു.. സൈഡ് വച്ച ഹാൻഡ് വാഷ് എടുത്ത് രണ്ടാളുടെയും കയ്യിലും തേച്ചു... അപ്പോഴും അവൾ മൂക്ക് വലിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു... കൈകഴുകി തിരിഞ്ഞതും പോകാൻ നിന്നവളെ അവൻ പിടിച്ചു നിർത്തി... "എന്തിനാ കരയുന്നെ..?"

നനഞ്ഞ കൈയ്യാൽ അവളുടെ കവിളിൽ വീണ കണ്ണുനീർ പാടുകൾ തുടച്ച് കൊടുത്തു കൊണ്ട് അവൻ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു... അവൾ ഒന്നും മിണ്ടിയില്ല... "പറയടീ... " അവൻ ഇടുപ്പിലൂടെ കയ്യിട്ട് ചേർത്തു പിടിച്ചു... അവൾ ഞെട്ടലോടെ ചുറ്റും നോക്കി... അവനെ തള്ളി മാറ്റാൻ ശ്രമിച്ചെങ്കിലും, നടന്നില്ല... "എന്തിനാ പ്രൊഫസറെ അടിച്ചത്???" "അവൻ ചെയ്ത കാര്യത്തിന് അവനെ കൊല്ലണമായിരുന്നു.." ഗൗരവം നിറഞ്ഞ മുഖം കണ്ട് ആൻ വല്ലാതായി.. "എന്താ ചെയ്തേ??" "ഒരു പ്രൊഫസർ ഒരിക്കലും ചെയ്യാൻ പാടില്ലാത്തത്.., ഫസ്റ്റ് ഇയറിലെ ഒരു പെൺകുട്ടിയെ ട്യൂഷന് വേണ്ടി വീട്ടിലേക്ക് വിളിച്ചു.. ആ കുട്ടി ഇന്നലെ പോയി.. ഒരുപാട് കുട്ടികളുണ്ടാവും എന്നാ കരുതിയത്.. പക്ഷെ വീട്ടിൽ ഈ *** മോൻ മാത്രേ ഉണ്ടായിരുന്നുള്ളു.. ആ കുട്ടിയോട് വേണ്ടാതീനം കാണിക്കാൻ ശ്രമിച്ചു... ഇത്ര നേരം ആ കൊച്ച് അതാരോടും പറഞ്ഞില്ല.. ഇന്നും അവൻ വീട്ടിലോട്ട് വരാൻ പറഞ്ഞേക്കുന്നു... എന്നോട് വന്ന് ഇക്കാര്യം പറയുമ്പോ ആ കുട്ടിക്കൊരു വിശ്വാസം ഉണ്ട്.. ഇനി ആ **മോൻ ആരോടും ഇമ്മാതിരി പെരുമാറാൻ പാടില്ല എന്ന്.. ആ വിശ്വാസം എനിക്ക് സംരക്ഷിച്ചേ പറ്റൂ... " അവളുടെ മുഖത്തെ കുഞ്ഞു പരിഭവം പോലും അവന്റെ മറുപടിയിൽ അലിഞ്ഞില്ലാതായി...

മുഖം അല്പം തെളിഞ്ഞു. "വിട്.. ആരെങ്കിലും കാണും.." "കിടന്ന് പിടക്കാതെ പെണ്ണേ..." അവൾ കുതറുന്നത് കണ്ട് ഇടുപ്പിലെ പിടി അൽപ്പംകൂടി മുറുക്കി കൊണ്ട് അവൻ പറഞ്ഞു.. "ശരി വിട്..." അവനൊന്നു മൂളിക്കൊണ്ട് അവളിലെ പിടുത്തം വിട്ടു.. "പുറത്ത് പോവാം.." "ഇപ്പോഴോ..?" "ഹ്മ്മ്.." "വേണ്ട.. പിന്നെ പോവാം.. അടുത്ത ഹവർ ടാക്സാണ്... ക്ലാസിൽ ഇരുന്നിട്ട് തന്നെ ഒന്നും മനസിലാവുന്നില്ല.. കട്ട്‌ കൂടെ ചെയ്‌താൽ..." "ഹ്മ്മ്.. ഓക്കേ.. നീ കഴിച്ചോ??" "ഇല്ല..." "ഞാൻ വരണോ?" "വേണ്ട.. അവർ വെയിറ്റ് ചെയ്യുന്നുണ്ടാവും..." "ഹ്മ്മ്.. ശരി.." അവൾ നടന്നകലുന്നതും നോക്കി അവൻ നിന്നു... പ്രൊഫസറിനെ തല്ലി എന്ന കുറ്റത്തിൽ ഹർഷിന് ഒന്നരമാസം സസ്പെൻഷൻ കിട്ടി.. ആ കുട്ടി പ്രൊഫസറിനെതിരേ കേസ് ഒന്നും കൊടുത്തില്ല.. അതിന് ഹർഷിത് സമ്മതിച്ചില്ല എന്നതാവും ശരി.. പക്ഷെ സത്യം ഓഫീസിൽ തെളിയിച്ചു... അങ്ങനെ ആ പ്രൊഫസറെ കോളേജിൽ നിന്നും ടെർമിനേറ്റ് ചെയ്തു.. ഒന്നരമാസം സസ്പെൻഷനിൽ ആയിരുന്നെങ്കിലും ഏകദേശം എല്ലാദിവസവും അവൻ കോളേജിൽ വരും.. ആനിനെ കാണാൻ വേണ്ടി മാത്രം..

അങ്ങനെ കോളേജിൽ എല്ലാവർക്കും മനസിലായി അവരുടെ പ്രണയം.. ആരെയും ഭയക്കാതെ കൈപിടിച്ച് ക്യാമ്പസ്സിലൂടെ നടക്കാം ആനിന്.. അവൾ പ്രണയിക്കുന്നത് ഹർഷിനെ ആയത് കൊണ്ട് മാത്രം... ____❤️ "ആൻ...." അവൾ ഞെട്ടിയുണർന്നു... ഇപ്പോഴും സോഫയിൽ തന്നെയാണ്.. കണ്ണുകൾ നേരെ മുന്നിലുള്ള ക്ലോക്കിലേക്ക് നീങ്ങി.. 11 മണി കഴിഞ്ഞിരിക്കുന്നു.. അവൾ തന്റെ മുന്നിൽ നിൽക്കുന്ന ആരുഷിയെ നോക്കി.. "മോൾ ഉറങ്ങിയോ..?" "ഹ്മ്മ്.. നീ എന്ത് തീരുമാനിച്ചു? അവർ പറഞ്ഞതനുസരിച്ച് പോവാൻ തന്നെയാണോ?" "ഹ്മ്മ്.. പോണം.. " "എപ്പോൾ??" "പറ്റിയാൽ നാളെ തന്നെ... വേഗം മടങ്ങാം ... നീ രണ്ട് ടിക്കറ്റ് ബുക്ക്‌ ചെയ്യ്.." ആരുഷി റൂമിലേക്ക് പോയതിനു പുറകെ അവളും മുറിയിലേക്ക് നടന്നു.. ലീവ് അപ്ലിക്കേഷൻ ഫോർവേഡ് ചെയ്തു... ഇതുവരെ കാര്യമായി ലീവ് ഒന്നും എടുക്കേണ്ടി വന്നിട്ടില്ല.. വർഷത്തിൽ പത്ത് ലീവ് നിർബന്ധം ഉള്ളതാണ്... എത്ര ദിവസം നിൽക്കേണ്ടി വരും എന്നറിയില്ല എന്നതിനാൽ പത്ത് ദിവസത്തെ ലീവിന് അപ്ലൈ ചെയ്തു... കുഞ്ഞിനെയും ചേർത്ത് പിടിച്ചു കിടക്കുമ്പോൾ ആ മുഖം മാത്രമായിരുന്നു അവളുടെ മനസ്സിൽ... ___❤️ "എടി എത്തിയിട്ട് വിളിക്കണേ.." "ഹ്മ്മ്.. വിളിക്കാം.."

ബസ് എടുക്കാൻ അല്പ സമയം കൂടി ബാക്കിയുണ്ടായിരുന്നു.. ആരുഷിയെ നിർബന്ധിച്ചു പറഞ്ഞയച്ച് ആൻ കുഞ്ഞിനേയും കൊണ്ട് ബസിനകത്തേക്ക് കയറാനാഞ്ഞു.. "ആൻ മരിയ..." പുറകിൽ നിന്നുമുള്ള പുരുഷ ശബ്ദം കേട്ട് ആൻ തിരിഞ്ഞു നോക്കി... "കിഷൻ... ഹായ്‌.." "What a surprise.. Where are you going to? " "നാട്ടിലേക്ക്.." "ഓഹ്.. God's own country.. Right.." ആൻ ഒന്ന് തല കുലുക്കി... "Actually I'm packed to my hometown .. I would really like to go somewhere else .. If you don't mind let me come too.." "Iam സോറി കിഷൻ.. ഞാൻ എന്റെ ഭർത്താവിന്റെ വീട്ടിലേക്കാ പോവുന്നത്..' 'Excuse me.." കിഷൻ കാര്യം മനസ്സിലാകാതെ നെറ്റിചുളിച്ചു.. അപ്പോഴാണ് അടുത്തുനിൽക്കുന്ന നച്ചൂട്ടിയെ ശ്രദ്ധിച്ചത്.. "എന്റെ മോളാ..." അവന്റെ നോട്ടത്തിന്റെ അർത്ഥം മനസിലായ പോലെ ആൻ തന്നെ പറഞ്ഞു... അവന്റെ മുഖം ആകെ അസ്വസ്ഥമാകുന്നുണ്ടായിരുന്നു.. "Her dad?" "He is no more.. Iam a widow.. വേറെ ഒന്നും അറിയാൻ ഇല്ലെങ്കിൽ ഞങ്ങൾ പൊയ്ക്കോട്ടെ.." അല്പം കടുപ്പിച്ചു തന്നെയാണ് ആൻ ചോദിച്ചത്..

"Ya.. Sure.. Carry on..." അവൻ മുന്നിൽ നിന്നും വഴിമാറിക്കൊടുത്തു.. അവളും കുഞ്ഞും ബസ്സിലേക്ക് കയറി.. ആ ബസ് അവിടെ നിന്നും പുറപ്പെടുന്നത് വരെ കിഷൻ അവിടെ നിന്ന് അവളെ നോക്കിക്കൊണ്ടിരുന്നു.. നേരത്തെ മുഖത്തുണ്ടായിരുന്ന തെളിച്ചമില്ലായ്മ ഇപ്പോഴില്ല.. ഒരു തരം സന്തോഷം.. നിർവൃതി.. അത് ആനിൽ അസ്വസ്ഥത ഉണ്ടാക്കി.. തന്റെ കാര്യങ്ങൾ അറിയുമ്പോൾ ഒഴിഞ്ഞുപോകുന്ന പലരിൽ ഒരുത്തനാണ് ഇവനും എന്ന് കരുതിയിരുന്നു.. പക്ഷേ ആ ചിരിയുടെ അർത്ഥം എന്താണ്? അവൾ കുഞ്ഞിനെ ചേർത്തു പിടിച്ച് സീറ്റിലേക്ക് ചാരികിടന്നു.. അല്പസമയം കഴിയുമ്പോഴേക്കും ജനലിലൂടെ മുഖത്തേക്ക് ചാറ്റൽ മഴ അടിച്ചതും അവൾ കണ്ണു തുറന്നു.. അല്പം തുറന്നു കിടന്നിരുന്ന ഗ്ലാസ് മുഴുവനായും വലിച്ചടച്ചു... ഉറങ്ങുന്ന കുഞ്ഞിലേക്ക് നോക്കി.. കാലത്ത് നേരത്തെ ഉറക്കത്തിൽ നിന്നും വിളിച്ചെഴുന്നേൽപ്പിച്ചതാണ്. അച്ഛച്ചനെയും അച്ഛമ്മയെയും കാണാൻ പോവുകയാണ് എന്ന് പറഞ്ഞപ്പോൾ ആദ്യം ചോദിച്ചത് അച്ഛനും അവിടെ ഉണ്ടാകുമോ അമ്മാ? എന്നാണ്.. അവൾ ആർത്തുപെയ്യുന്ന മഴയിലേക്ക് നോക്കി.. ചിന്തകൾ വീണ്ടും പിന്നിലേക്ക് നീങ്ങി... ___❤️

" The term income tax refers to a type of tax that governments impose on income generated by businesses and individuals within their jurisdiction. By law, taxpayers must file an income tax return annually to determine their tax obligations. Income taxes are a source of revenue for governments. They are used to fund public services, pay government obligations, and provide goods for citizens." Law പിരീഡ്, സാറിന്റെ ബോറടിപ്പിക്കുന്ന ക്ലാസ്.. പിള്ളേരൊക്കെ ഉറക്കം തൂങ്ങി ഇരിക്കുന്ന സമയം.. സംഗീത പതിയെ ആനിനെ തോണ്ടി വിളിച്ചു.. "ആൻ... എടീ..." "ഹ്മ്മ്.. പറ..." "ദേ.. ഹർഷേട്ടൻ മെസ്സേജ് അയച്ചിരുന്നു..... ഗ്രൗണ്ടിലേക്ക് ചെല്ലാൻ പറഞ്ഞു.. സംഗീത ശബ്ദം താഴ്ത്തി പറഞ്ഞു... "ഇപ്പോഴോ..? പറ്റില്ല പറ.. Law സാറാ.. ഒന്ന് അനങ്ങിയാൽ അയാള് കൊല്ലും.." അവളും ശബ്ദംതാഴ്ത്തി മറുപടി കൊടുത്തു.. സംഗീത മെസ്സേജിനു റിപ്ലൈ അയച്ച് ഫോൺ വേഗം ബാഗിലേക്ക് മറച്ചുവെച്ചു.. "There are many laws are needed to get......... ..... ..... ... ഉറക്കം തൂങ്ങി വീഴാറായിരുന്ന ആൻ പെട്ടെന്ന് സാറിന്റെ ശബ്ദം നിന്നത് കേട്ട് താൻ കോട്ടുവാ ഇട്ടത് കണ്ടോ എന്ന ഭയത്താൽ പെട്ടെന്ന് മുഖമുയർത്തി നോക്കി.. ടെസ്കിന് മുന്നിൽനിന്ന് ഓരോ ബെഞ്ചായി നോക്കിക്കൊണ്ടിരിക്കുന്ന ഹർഷിനെ കണ്ട് അവൾ ഞെട്ടി.. ആനിനെ കണ്ടതും അവൻ മുന്നോട്ട് വന്നു.. അവളറിയാതെ തന്നെ എഴുന്നേറ്റുനിന്നു... കയ്യിൽ പിടിച്ചുവലിച്ച് ഒരൊറ്റ പോക്കായിരുന്നു..

ക്ലാസ്സിലെ പിള്ളേരും സാറും അടക്കം എല്ലാരും ഞെട്ടി.. "എങ്ങോട്ടാ... ഹർഷേട്ടാ.. എങ്ങോട്ടാ.. ദേ.. പിള്ളേരൊക്കെ നോക്കുന്നു... കൈ വിട്ടേ.." ഹർഷിത് കൈവിട്ട് അവളെ രൂക്ഷമായി നോക്കി.. " നിനക്കെന്താ ക്ലാസിൽ നിന്നും ഇറങ്ങി വരാൻ ബുദ്ധിമുട്ട്?? " "അത് പിന്നെ... ആ സർ..." "എന്നിട്ട് ഞാനിപ്പോ കൊണ്ട് വന്നതോ...?" "നിങ്ങളെ പോലെയാണോ ഞാൻ.. നിങ്ങൾക്ക് ഭയങ്കര ഗട്ട്സല്ലേ മനുഷ്യാ..." "ഒരുപാട് പതപ്പിക്കല്ലേ.. വരാൻ നോക്ക്.." "എങ്ങോട്ടാ..??" അവന്റെ പിന്നാലെ ഓടി കൊണ്ട് അവൾ ചോദിച്ചു... "സിനിമക്ക്..." "സിനിമക്കോ...?? അതിനാണോ ഇത്ര എമർജൻസി ആയി വിളിച്ചോണ്ട് വന്നത്..." "ഇങ്ങോട്ട് വാ പെണ്ണേ ." അവൻ വീണ്ടും ആ കൈകളിൽ പിടിച്ച് കാറിനടുത്തേക്ക് നടന്നു... കാറിലിരുന്ന് അവൾ അവന്റെ തോളിലേക്ക് ചാഞ്ഞു... "ഹർഷേട്ടാ.. " "ഹ്മ്മ്..." "ഈ വർഷം കഴിഞ്ഞാൽ ഞാൻ മഠത്തിലേക്ക് തിരികെ പോവും.. പിന്നെ ഒന്ന് കാണാൻ പോലും പറ്റിന്ന് വരില്ല. എനിക്ക് പേടിയാവുന്നു.." "അതിന് നിന്നെ ഞാൻ വിട്ടിട്ട് വേണ്ടേ..?" "പിന്നെ...?"

"നിനക്ക് വേണ്ടി ഇപ്പോഴും ഇങ്ങോട്ട് വരുന്നുന്നേ ഉള്ളൂ.. എനിക്കെ 26 വയസായി... Exam കഴിയട്ടെ... നിന്നെ കെട്ടി കൂടെ കൂട്ടാനാ പ്ലാൻ....." അവളൊന്ന് പുഞ്ചിരിച്ചു.. ഫിലിം കഴിഞ്ഞ് ഇറങ്ങുമ്പോൾ സമയം 6 മണിയോടടുത്തിരുന്നു.. വൈകുമെന്ന് വാർഡനെ വിളിച്ചു പറഞ്ഞ് അവർ നേരെ ബീച്ചിലേക്ക് പോയി... കുറേ നേരം വെള്ളത്തിൽ കളിച്ചു... അവളാകെ നനഞ്ഞപ്പോൾ കളി നിർത്തി അവർ കാറിലേക്ക് കയറി.. കാറോടിക്കുമ്പോൾ വഴിയേക്കാളേറെ അവളുടെ മുഖത്തായിരുന്നു അവന്റെ കണ്ണുകൾ... അവൾ ആ ഷോൾഡറിലേക്ക് ചാരി കിടന്നു... ഒന്നും പറയാനില്ല.. കഴിഞ്ഞ ഒന്നര വർഷത്തിൽ പരസ്പരം ഒരുപാടടുത്തു.. മനസിലുള്ള എല്ലാം പരസ്പരം പങ്കുവച്ചു... ഫസ്റ്റിയറിൽ അനുഭവിച്ച വിരഹവും വേദനയും കഴിഞ്ഞ ഒന്നര വർഷത്തിൽ തനിക്ക് നൽകിയ പ്രണയത്തിന്റെ മധുരത്തിൽ മറഞ്ഞു പോയിരിക്കുന്നു... ഈ സാമിപ്യം മാത്രം മതി... ഒത്തിരി സന്തോഷവധിയാണ്... "സ്റ്റഡി ലീവ് ആയത് കൊണ്ട് sunday മഠത്തിലേക്ക് പോവും ട്ടോ.."

"നിനക്ക് തനുജയുടെ കൂടെ നിന്നാ പോരെ പെണ്ണേ.." "അതൊന്നും വേണ്ട.... 10 ദിവസത്തെ കാര്യമല്ലേ... എക്സാമിന് കാണാലോ..." "ഹ്മ്മ്.. എന്തെങ്കിലും ചെയ്യ്.. കാണാൻ തോന്നിയാൽ ഞാനങ്ങു വന്നോളാം.." "അയ്യടാ.. അതൊന്നും പറ്റില്ല... ഞാൻ വരുന്നത് വരെ ഇവിടെ ഒതുങ്ങി ഇരുന്നോ.." ഷോൾഡറിൽ നിന്നും മുഖമുയർത്തി അവൾ അല്പം ഗൗരവത്തോടെ പറഞ്ഞു... "ആയിക്കോട്ടെ മാഡം.." അവന്റെ മറുപടി കേട്ട് അവൾ ചിരിച്ചു... കാർ ഹോസ്റ്റലിന് മുന്നിലേക്ക് നിർത്തി... അവൾ യാത്ര പറഞ്ഞ് അകത്തേക്ക് കയറി.. വിസിറ്റിംഗ് ഏരിയയിൽ ഇരിക്കുന്ന ആളുകളെ കണ്ട് അവളുടെ മുഖത്തെ പുഞ്ചിരി മാഞ്ഞു.. വിറക്കുന്ന കാലടികളോടെ അവൾ അകത്തേക്ക് കയറി.. "മദർ........" എന്തെങ്കിലും പറഞ്ഞു തീരും മുന്നേ കരണം പുകയുന്ന അടിയായിരുന്നു അവരിൽ നിന്നും അവൾക്ക് കിട്ടിയത്.. "മദർ.. ഞാൻ..." "ഒന്നും കേൾക്കണമെന്നില്ല... എന്താന്ന് വച്ചാ പാക്ക് ചെയ്തോ..." അതൊരു ആജ്ഞയായിരുന്നു............ തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story