നിലാവിന്റെ തോഴൻ: ഭാഗം 119

നിലാവിന്റെ തോഴൻ: ഭാഗം 119

രചന: ജിഫ്‌ന നിസാർ

സ്വർണ നിറമുള്ള ലഹങ്കയിൽ സൂര്യനെ പോലെ ജ്വലിക്കുന്ന മീരാ.. അരികിലേക്ക് വന്നവൾക്ക് വേണ്ടി ഫൈസി കൈ നീട്ടി. തന്റെ പ്രണയത്തെ.. കൈ പിടിച്ചു സ്റ്റേജിലേക്ക് കയറ്റുമ്പോൾ ലോകം പിടിച്ചടക്കിയവന്റെ സന്തോഷമുണ്ടായിരുന്നു ഫൈസിയുടെ മുഖം നിറയെ. അത് വരെയും ആരൊക്കെയോ വാക്കുകൾ കൊണ്ടേല്പിച്ച മുറിവുകൾ ആ ചിരിയിലലിഞ്ഞു പോകുന്നൊരു സന്തോഷത്തോടെയാണ് മുഹമ്മദും ആയിഷയും മകനെ നോക്കുന്നത്. ഫറ പിന്നെ ചെക്കന്റെ പെങ്ങളെന്ന ലേബലിൽ അൽപ്പം ജാഡയിട്ട് സ്റ്റെജിൽ ഫൈസിയോട് ചേർന്നു തന്നെ നിൽപ്പുണ്ട്. മുഹമ്മദെടുത്തു കൊടുത്ത മാല കൈ നീട്ടി വാങ്ങിയിട്ട് ഫൈസി ക്രിസ്റ്റിയെയാണ് നോക്കിയത്. ഹൃദയം നിറക്കുന്നൊരു ചിരിയോടെ അവന്റെ കണ്ണിലും സമ്മതമറിയിച്ചു കൊണ്ടൊരു ചിരി ബാക്കിയുണ്ട്... പ്രിയപ്പെട്ട കൂട്ടുകാരന് വേണ്ടി. അത്രമേൽ സന്തോഷത്തോടെ... അവിടെ തിങ്ങി കൂടിയവരുടെ ആശീർവാദത്തോടെ ഫൈസി മീരയെ അവന്റെ പാതിയാക്കി. അവളുടെ സീമന്തരേഖയെ ഫൈസിയുടെ ചുംബനമാണ് ചുവപ്പണിയിച്ചത്. "നിന്റെ കൂടി പെങ്ങളാണ് റിഷു.. മീരാ.എന്നേക്കാൾ നിനക്കാണ് അവളെ കൈ പിടിച്ചേൽപ്പിക്കാൻ അർഹത.. നീ ചെയ്യില്ലേ..?നിന്റെ കടമ കൂടിയാണത് " തനിക്കരികിൽ നിൽക്കുന്ന റിഷിന്റെ കാതിൽ ക്രിസ്റ്റി മറ്റാരും കേൾക്കാതെ പതിയെ ചോദിച്ചു. "ഞാനോ... ഞാൻ.." അവൻ വാക്കുകൾക്കായി പരതുന്നുണ്ടായിരുന്നു. "നീയും ഞാനും വേണ്ടടാ.. നമ്മൾ ചെയ്യുന്നു.. അതിന് ഒക്കെയല്ലേ?" ക്രിസ്റ്റി അവന്റെ തോളിലൂടെ കയ്യിട്ട് പിടിച്ചു. അവനതിനു ഉത്തരമൊന്നും പറഞ്ഞിലെങ്കിലും ആ മുഖത്ത് വീണ്ടും അസ്വസ്ഥതയുടെ കാർമേഘങ്ങളിരുണ്ട് കൂടുന്നത് ക്രിസ്റ്റി അറിയുന്നുണ്ടായിരുന്നു. "ഇത് കൂടി കഴിഞ്ഞിട്ട് പോയ പോരെ നിനക്ക്? " കുഞ്ഞോരു ചിരിയോടെ ക്രിസ്റ്റി റിഷിനെ നോക്കി കണ്ണ് ചിമ്മി കാണിച്ചു. അവന്റെയാ ചിരിയിലേക്ക് വല്ലാത്തൊരു ഭാവത്തോടെ റിഷിൻ നോക്കുന്നുണ്ടായിരുന്നു. "എന്തെ..നിനക്ക് പോണ്ടേ?" ക്രിസ്റ്റി വീണ്ടും അവനെ നോക്കി. "മ്മ്.." ഒന്ന് മൂളി കൊണ്ട് റിഷിൻ വീണ്ടും മുഖം കുനിച്ചു. ഒടുവിൽ ചടങ്ങുകളെല്ലാം അതിന്റെ മുറക്ക് തന്നെ നടത്തി.. കൈ പിടിച്ചേൽപ്പിക്കാനുള്ള വിളിയെത്തി. എല്ലാ കണ്ണുകളും ക്രിസ്റ്റിക്ക് നേരെയാണ് നീണ്ടത്. അത് പ്രതീക്ഷിച്ചു നിന്നത് കൊണ്ട് തന്നെ ക്രിസ്റ്റി ഫൈസിയുടെ അരികിലേക്ക് പോകുമ്പോൾ റിഷിന്റെ കൈകളും അവനിൽ ഭദ്രമായിരുന്നു. അവനത് അങ്ങനെ തന്നെ ചെയ്യുമെന്നുറപ്പിച്ചത് പോലൊരു ചിരി ഫൈസിയുടെ ചുണ്ടിലുമുണ്ടായിരുന്നു. സ്റ്റേജിൽ എത്തിയപ്പോഴും റിഷിൻ ആരെയും നോക്കുന്നുണ്ടായിരുന്നില്ല. ക്രിസ്റ്റി മീരയുടെ കൈ പിടിച്ചിട്ട് റിഷിന്റെ കയ്യിലേക്ക് ചേർത്ത് വെച്ച് കൊടുത്തു. അവനാണ് വിറയലോടെ അവളെ ഫൈസിയുടെ കയ്യിൽ ഏല്പിച്ചു കൊടുത്തത്. കണ്ണ് നിറച്ചു നിൽക്കുന്ന മീരയെ നെഞ്ചിൽ ചേർത്ത് പിടിക്കുമ്പോൾ ഫൈസി റിഷിനെ നോക്കി ചിരിയോടെ കണ്ണ് ചിമ്മി. ആഘോഷങ്ങളുടെ തുടക്കം മാത്രമായിരുന്നു അപ്പോഴവിടെ ആരംഭിച്ചു കഴിഞ്ഞത്. പാട്ടും നൃത്തവുമായി കൂടുതൽ ആഘോഷത്തിമിർപ്പിന് കൂടി വേദിയൊരുങ്ങി. ജാഡയോ ഫോർമാലിറ്റികളോ.. പണക്കാരോ പാവപെട്ടവരോ എന്നൊന്നുമില്ലാതെ അവരത് സന്തോഷത്തിന്റെ മുഹൂർത്തമാക്കി മാറ്റിയിരിക്കുന്നു. ഒന്നിച്ചു നിന്ന് കൊണ്ട്! ❣️❣️ എത്രയൊക്കെ ചേർത്ത് പിടിക്കാൻ ശ്രമിച്ചിട്ടും അപ്പോഴും കുറ്റബോധവും പേറി മുഖം കുനിച്ചു നിൽക്കുന്ന റിഷിനെ നോക്കി അകലെ നിന്ന് ഗൗരി ആരുമറിയാതെ കരച്ചിലൊതുക്കി. അവനടുത്തേക്ക് ചെല്ലണമെന്നുണ്ട്.. ഹൃദയമൊരു ശാട്യത്തോടെ അതിന് നിർബന്ധം പിടിക്കുന്നുണ്മുണ്ട്. പക്ഷേ ശൂന്യമായ ഏതോ ഒരു ശക്തി തനിക്കും അവനുമിടയിൽ വലിയൊരു മതിൽ കെട്ടിപ്പടുത്തത് പോലെ.. അവനിറങ്ങി വന്നത് മുതൽ ഗൗരിയുടെ കണ്ണുകൾ അനുസരണക്കേടുള്ള കുട്ടിയെ പോലെ റിഷിനെ തന്നെ ചുറ്റി പറ്റി തിരിയുന്നുണ്ട്. എത്രയൊക്കെ തടയാൻ ശ്രമിച്ചിട്ടും അതെല്ലാം ദയനീയമായി പരാജയപ്പെട്ടത്തോടെ ഗൗരി തീർത്തും നിസ്സഹായാണ്. വെറുതെ പോലും അവൻ തന്നെയൊന്ന് അന്വേഷിച്ചു നോക്കുന്നില്ലല്ലോ എന്നവളുടെ ഹൃദയം പരിഭവം പറയുന്നുണ്ട്. അവനതിനു പറ്റിയൊരു അവസ്ഥയില്ലല്ലെന്നും അതേ മനസ്സ് തന്നെ ആശ്വാസം പകരുന്നുണ്ട്. എത്രയൊക്കെ അവഗണിച്ചാലും തന്റെ പ്രണയത്തെ പരിഹസിച്ചാലും മരണം വരെയും..അവനിൽ നിന്നും തനിക്കൊരു മടക്കമില്ലെന്ന് കൂടി ഗൗരി ആ സമയം മനസ്സിലാക്കുകയായിരുന്നു. ഒരേ സമയം സന്തോഷവും സങ്കടവും നൽകുന്നൊരു തിരിച്ചറിവ്! ഒരാളിൽ നിന്നും തിരിഞ്ഞു നടക്കാൻ കഴിയാത്ത കാരണത്തെ സ്നേഹമെന്നല്ലാതെ പിന്നെന്തു വിളിക്കാനാണ്? തിരിച്ചു കിട്ടാത്തൊരു ദൂരേക്ക് അവനകന്ന് പോകുന്നുവെന്നൊരു ഭയം..വേവലാതി. താനവന് വേണ്ടി വഴി മാറി കൊടുത്തവളാണെന്ന് കൂടി റിഷിനെ കണ്ടത് മുതൽ ഗൗരി മറന്നു പോയിരുന്നു. അല്ലെങ്കിലും തിരിച്ചു കിട്ടില്ലെന്നുള്ള തിരിച്ചറിവ് തന്നെയൊരു വിങ്ങല്ലല്ലേ? സ്നേഹിച്ചത്തിന്റെ ആഴമനുസരിച്ച് അതങ്ങനെ കൂടി കൂടി വരും.. അതിനി കാലമായാലും മനുഷ്യനായാലും സ്നേഹമായാലുമൊക്കെ അങ്ങനെ തന്നെ. റിഷിൻ ചെറിയാനെ ഗൗരി രാജൻ പ്രണയിക്കയായിരുന്നു.. അല്ലാതെ വിട്ടിട്ട് പോയാലും അതേ ലാഘവത്തോടെ മറന്നു കളയാൻ, പ്രണയം അഭിനയിക്കയായിരുന്നില്ലല്ലോ? ഗൗരി വേദന സഹിക്കാൻ പറ്റില്ലെന്ന് തോന്നിയപ്പോഴെല്ലാം അവളെ തന്നെ ആശ്വാസിപ്പിക്കുന്നുണ്ടായിരുന്നു. ക്രിസ്റ്റി ഫിലിപ്പെന്ന ഏട്ടന്റെ തണലിൽ പഴയതെല്ലാം മറന്നു കളയാനും പുതിയ ഒരായി മാറാനുമുള്ള റിഷിന്റെ പ്രയാണം .. അത് വിജയിക്കും.. ഗൗരിക്കതുറപ്പുണ്ട്. കാരണം കൂടെയുള്ളത് സ്നേഹം കൊണ്ട് എതിരെയുള്ള ഏതൊരാളെയും കീഴ്പ്പെടുത്താനറിയാവുന്ന മികച്ച പോരാളിയാണ്. അവന്റെ കീഴിൽ റിഷിൻ വിജയിക്കുമെന്ന് നൂറ് ശതമാനം ഉറപ്പുണ്ട്. പക്ഷേ അപ്പോഴെല്ലാമവളെ നോവിക്കുന്നത്, ആ കൂട്ടത്തിൽ അവൻ തന്നെയും മറന്നു കളയുമല്ലോ എന്നുള്ള ചിന്തയാണ്.. മുന്നിൽ നടക്കുന്ന ആഘോഷങ്ങളൊന്നും തന്നെ ഗൗരിയുടെയുള്ളിൽ അലയൊലി സൃഷ്ടിക്കുന്നുണ്ടായിരുന്നില്ല. അവനെ കാണാതിരിക്കാൻ ശ്രമിച്ചത് പോലും മറക്കാനുള്ള എളുപ്പത്തിനാണ്.. എന്നിട്ടോ? ഓർമ്മിക്കുവാനും സ്നേഹിക്കുവാനും കൂടുതൽ ശ്രമിച്ചു എന്നതല്ലേ സത്യം.? പലപ്പോഴും അപമാനിക്കപ്പെട്ടയിടങ്ങളിലേക്ക് വീണ്ടും വീണ്ടും ഏന്തി വലിഞ്ഞു ഗതികേട് കൊണ്ട് കയറി ചെല്ലുന്നൊരു കോമാളിയുടെ വേഷം കൂടി ചെയ്യാറുണ്ട് സ്നേഹമെന്ന് ഗൗരി വേദനയോടെ ഓർത്തു.. ഹൃദയത്തിലെ സമാധാനവും മുഖത്തെ പുഞ്ചിരിയും മായ്ച്ചു കളഞ്ഞൊരാൾ.. റിഷിനെ അതിലും മനോഹരമായി നിർവജിക്കാൻ ഗൗരിക്കറില്ലായിരുന്നു. ❣️❣️ പോവാനിറങ്ങുമ്പോൾ മീരയൊരു കണ്ണീർ കടലായി മാറിയിരുന്നു. ക്രിസ്റ്റിയുടെ നെഞ്ചിൽ അള്ളി പിടിച്ചു കിടന്നു കരയുന്നവൾ കുന്നേലെ മുഴുവൻ ആളുകളെയും കണ്ണ് നിറയിച്ചു. ദിലു പാത്തുവിന്റെ തോളിൽ ചാരിയിട്ട് കരച്ചിലാണ്.പാത്തുവിന്റെയും കണ്ണുകൾ നിറഞ്ഞു തൂവുന്നുണ്ട്. നേർത്തൊരു ചിരിയോടെ.. ക്ഷമയോടെ ഫൈസി അവരുടെ അരികിൽ നിന്നും. "ഏറി വന്നാ ഒരു പതിനഞ്ചു മിനിറ്റ്.. അത്രേം പോരെ മോളെ ഇച്ഛക്ക് നീ ഉള്ളടത്തേക്ക് ഓടിയെത്താൻ... പിന്നെന്തിനാ ഇത്രേം സങ്കടം.. ഏഹ്?" തന്റെ മനസ്സിലെ നോവ് അവളറിയാതിരിക്കാൻ പതിവ് ചിരിയോടെ ക്രിസ്റ്റി അവളുടെ മുഖം പിടിച്ചുയർത്തി കണ്ണ് തുടച്ചു കൊടുത്തു കൊണ്ട് പറഞ്ഞു. "സന്തോഷത്തോടെ യാത്ര പറയ്‌... ഇവിടെല്ലാവർക്കും നിന്റെ ചിരിച്ച മുഖം കാണുന്നതാ ഇഷ്ടം " അവനവളുടെ കവിളിൽ പതിയെ തട്ടി കൊണ്ട് പറഞ്ഞു. അവനങ്ങനെ പറഞ്ഞുവെങ്കിലും ഡെയ്സിയോടും മറിയാമ്മച്ചിയോടും യാത്ര പറയുമ്പോൾ മീര പിന്നെയും തേങ്ങി കരയുന്നുണ്ടായിരുന്നു. പാത്തുവിന്റെയും ദിലുവിന്റെയും കരയുന്ന മുഖം ഉള്ളിലൊരു സങ്കടം നൽകുന്നുണ്ടെങ്കിലും മീരാ ഇനിയങ്ങോട്ട് തനിക്കൊപ്പം തന്റെ കൂട്ടായി ഉണ്ടാവുമല്ലോ എന്നയോർമ ഫറയുടെ ഉള്ളിലെ വലിയൊരു സന്തോഷമായി.അതേ സന്തോഷത്തിൽ തന്നെയാണ് അവൾ വീട്ടിലേക്ക് മടങ്ങിയതും. ആ സന്തോഷം ഫറയുടെ കണ്ണിൽ മിന്നി തിളങ്ങി നിക്കുന്നുമുണ്ട്. "മതിയെടാ.. ഇനിയും കരഞ്ഞ അവൾക്ക് വല്ല അസുഖവും വരും. നീ അവളെ വിളിച്ചോണ്ട് പോ " മീരയുടെ കരച്ചിൽ അസഹ്യമായതും ക്രിസ്റ്റി ഫൈസിയുടെ തോളിൽ തട്ടി. പാത്തുവിൻറെയും ദിലുവിന്റെയും ചേർത്ത് പിടിച്ചു കൊണ്ട് കരയുന്നവളെ ഫൈസി അൽപ്പം ബലം പിടിച്ചു കൊണ്ടാണ് മോചിപ്പിച്ചത്. ക്രിസ്റ്റി തുറന്നു കൊടുത്തു ഡോറിലൂടെ മീരാ അകത്തേക്ക് കയറുമ്പോൾ മനപ്പൂർവം ക്രിസ്റ്റിയവളെ നോക്കിയില്ല. അവളാവട്ടെ അവനിൽ നിന്നും നോട്ടം മാറ്റിയതുമില്ല. എല്ലാവരോടും ഒരിക്കൽ കൂടി യാത്ര പറഞ്ഞിട്ട് ഫൈസി ഡ്രൈവിംഗ് സീറ്റിലേക്ക് കയറി. ഡോറിലൂടെ തല പുറത്തേക്കിട്ട് ഗേറ്റ് കടന്ന് ആ കാർ റോഡിലെത്തുവോളം മീര കണ്ണൊന്നു ചിമ്മുക കൂടി ചെയ്യാതെ പ്രിയപ്പെട്ടവരെ ആർത്തിയോടെ നോക്കുന്നുണ്ടായിരുന്നു. ക്രിസ്റ്റിയുടെ ഇടവും വലവും നിന്നിട്ട് പാത്തുവും ദിലുവും കൈ വീശി കാണിക്കുന്നുണ്ട്. ❣️❣️ അത് വരെയും നിറഞ്ഞു നിന്ന ആരവം പൊടുന്നനെ ഒരു ശൂന്യതയിലേക്ക് കൂട് മാറിയത് പോലെ. അവളിറങ്ങി പോയതോടെ എത്രയൊക്കെ ശ്രമിച്ചിട്ടും പിന്നെയാ പഴയ വൈബിലേക്ക് അവർക്കെത്തിപ്പെടാൻ കഴിഞ്ഞതുമില്ല. പാത്തുവിന്റെയും ദിലുവിന്റെയും കാര്യമായിരുന്നു ഏറെ കഷ്ടം. ചിറകൊടിഞ്ഞ പക്ഷികളെ പോലെ രണ്ടും തപ്പി തടഞ്ഞു നടന്നു. മീരയും ഫൈസിയും പോയതോടെ പിന്നെയങ്ങോട്ട് കുന്നേൽ യാത്ര പറച്ചിലുകളുടെ ബഹളമായിരുന്നു. കോളനിക്കാരും ഷാനിക്കയും ആര്യനുനെല്ലാം അപ്പോഴും തീരാത്ത തിരക്കുകളിലേക്ക് വീണ്ടും ഊളിയിട്ടു. മൂക്ക് മുട്ടെ കഴിച്ചിട്ടും ബാക്കി വന്ന ഭക്ഷണം പൊതിഞ്ഞെടുക്കുന്ന തിരക്കിലാണ് ചില വിരുതൻമാർ. റിഷിൻ ബഹളങ്ങളിൽ നിന്നെല്ലാം രക്ഷപെടുന്നത് പോലെ സ്വന്തം മുറിയിലേക്ക് പോയത് കണ്ടിട്ടും.. ഇനി കുറച്ചു നേരം അവനൊറ്റക്കിരുന്നോട്ടെയെന്ന് കരുതി ക്രിസ്റ്റിയവനെ അവന്റെ വഴിയേ വിട്ടു. ഇരുട്ട് വീണപ്പോഴായിരുന്നു പിന്നെയാ തിരക്കൊന്നൊഴിഞ്ഞത്. ആളുകളെല്ലാം പിരിഞ്ഞു പോയിരുന്നു. എവിടെയോ ഒടിഞ്ഞു തൂങ്ങിയിരുന്ന പാത്തുവിനെ തേടി പിടിച്ചു യാത്ര പറഞ്ഞിട്ടാണ് സഫിയാത്തയും മഞ്ജു ചേച്ചിയും അവിടെ നിന്നും മടങ്ങിയത്. കല്യാണമുറപ്പിച്ച ദിവസം തന്നെ പാത്തു ക്രിസ്റ്റീയോട് ആവിശ്യപ്പെട്ടിരുന്ന ഒരു കാര്യമായിരുന്നുവത്. അവളും ക്രിസ്റ്റീയും ഒരുമിച്ച് പോയാണ് രണ്ടു പേരെയും ക്ഷണിച്ചത്. ഒട്ടും പ്രതീക്ഷിക്കാത്തൊരു കാര്യം സംഭവിച്ചു പോയതിന്റെ എല്ലാ സന്തോഷത്തോടെയും കൂടി സഫിയാത്തയും മഞ്ജുവും കുടുംബത്തോടെ കുന്നേൽ എത്തി സാന്നിധ്യം അറിയിക്കുകയും ചെയ്തു. ❣️❣️ തനിക്കൊരു ഉമ്മയെയും ഉപ്പയെയും കൂടി സ്വന്തമായി കിട്ടിയിരിക്കുന്നു! ഫൈസിയുടെ മുറിയിലേക്ക് കയറുന്ന ആദ്യ നിമിഷം തന്നെ മീരയുടെ കണ്ണ് നിറഞ്ഞത് ആ ഓർമ കൊണ്ടുള്ള സന്തോഷത്തിലാണ്. വീട്ടുകാരല്ലാത്ത ആരുമുണ്ടായിരുന്നില്ല ആ വീട്ടിൽ. വന്നവരെല്ലാം തന്നെ യാത്ര പറഞ്ഞു പോയത് കൊണ്ട് മീരക്കവിടെയൊരു ബുദ്ധിമുട്ടും തോന്നിയില്ല. അവിടുള്ളവരെല്ലാം ഹൃദയത്തിലേറ്റിയ പ്രിയപ്പെട്ടവരാണ്. അവരിൽ ഒരാളല്ല താനെന്ന് തോന്നുന്ന യാതൊരു പെരുമാറ്റവുമില്ല. എന്റെ മകൾ തനിച്ചായി പോകുമെന്നുള്ള ഭയത്തോടെ ആയുസ്സ് നീട്ടി കിട്ടാൻ ദൈവത്തിനോട് കരഞ്ഞു വിളിച്ച ഒരമ്മയുടെ മകൾക്കിന്ന് ഒരുപാട് ബന്ധങ്ങളായമ്മേ.." ശാരിയുടെ ഓർമയിൽ മീരയൊന്ന് വിതുമ്പി. അമ്മ വേണമായിരുന്നു! അന്നത്തെ ദിവസം മുഴുവനും അവളനേകം പ്രാവശ്യം ആഗ്രഹിച്ച് പോയൊരു കാര്യം അത് മാത്രമായിരുന്നു. അത് നടത്തി തരാൻ ആരെ കൊണ്ടും സാധിക്കില്ലെന്നറിഞ്ഞിട്ടും അവളേറെ കൊതിച്ചു പോയൊരു സാന്നിധ്യം.. അമ്മയുടേതായിരുന്നു. എത്ര കണ്ടാലും അനുഭവിച്ചാലും കൊതി തീരാത്തൊരു അമ്മ കടൽ... വാതിൽ തുറക്കുന്ന ശബ്ദം കേട്ടിട്ടാണ് മീരാ തിരിഞ്ഞു നോക്കിയത്. ഫൈസിയാണ്. ഭക്ഷണം കഴിഞ്ഞിട്ട് ഇപ്പൊ വരാമെന്നു പറഞ്ഞിട്ട് പോയതാണ്. "അവൻ വന്നോളും. മോള് മുറിയിലേക്ക് ചെന്നോളൂ.നല്ല ക്ഷീണമുണ്ട് മുഖത്തെന്നും "പറഞ്ഞിട്ട് ആയിഷുമ്മ മീരയെ ഫൈസിയുടെ മുറിയിലാക്കാൻ ഫറയെ ഏല്പിച്ചു വിട്ടതാണ്. "എന്തിനാ കരയുന്നേ?" ചിരിയോടെ വാതിലടച്ചു തിരിഞ്ഞ ഫൈസി കവിളിൽ കണ്ണീരൊലിപ്പിച്ച പാടോടെ നിൽക്കുന്ന മീരയെ കണ്ടതും മങ്ങിയ മുഖത്തോടെ ചോദിച്ചു. അപ്പോഴാണ് മീരാ അതോർക്കുന്നത് തന്നെ. അവനിൽ നിന്നും തിരിഞ്ഞു നിന്നിട്ട് അവൾ ധൃതിയിൽ കവിൾ തുടച്ചു. "ഇവിടെ ഒട്ടും പറ്റുന്നില്ലേ മീരേ?" പിന്നിൽ നിന്നും ചേർത്ത് പിടിച്ചു കൊണ്ട് ഫൈസി ചോദിച്ചത് വേദനയോടെയാണെന്ന് മീരക്ക് മനസ്സിലായി. 'അല്ല.. അതല്ല " അവൾ വെപ്രാളത്തോടെ അവന്റെ നേരെ തിരിയാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു. "പിന്നെന്താ..? ഈ കണ്ണിനി നിറയരുതെന്നു എനിക്ക് നിർബന്ധമുണ്ട്. നിന്റെ ഇച്ഛാ എന്റെ കയ്യിൽ നിന്നും വാക്ക് വാങ്ങിയതാ.. ഇന്ന് വരെയും അവനെ ഞാൻ ചതിച്ചിട്ടില്ല. ഇനിയൊട്ട് ചെയ്യുകയുമില്ല " മീരയുടെ കണ്ണിലേക്കു നോക്കിയാണ് ഫൈസിയത് പറഞ്ഞത്. "പറയ്യ്.. ന്തിനാപ്പോ ഈ കണ്ണ് നിറഞ്ഞത്..?" മീരയുടെ ഇടുപ്പിലൂടെ കയ്യിട്ട് പിടിച്ചു കൊണ്ട് ഫൈസി ചോദ്യം ആവർത്തിച്ചു. "എനിക്ക്.. ഞാൻ.." മീര വിതുമ്പി കൊണ്ട് അവനെ നോക്കി. "അമ്മയെ മിസ് ചെയുന്നുണ്ടല്ലേ..?" ആർദ്രമായ അവന്റെ ചോദ്യം. അതേയെന്ന് മീരാ തലയാട്ടുമ്പോൾ കണ്ണീർ കണങ്ങൾ കവിളിലേക്ക് ചാടി. "ആന്റി കാണുന്നുണ്ടാവും മീരാ.. ആന്റിക്ക് ഒരുപാട് സന്തോഷമായിട്ടിട്ടുണ്ടാവില്ലേ ഇപ്പൊ?" ഫൈസി അവളുടെ കണ്ണീർ തുടച്ചു കളഞ്ഞു. 'മ്മ് " മീര അവനെ നോക്കി മൂളി. "നീ കരയുന്നത് ആന്റിക്കും സങ്കടമല്ലേ..?ഒരായുസ്സ് മുഴുവനും നീ കരയാതിരിക്കാൻ സ്വയം കരഞ്ഞു തീർന്നതല്ലെ...?" ഫൈസി അവളിലെ പിടി ഒന്നൂടെ മുറുക്കി. "മ്മ് " "അപ്പൊ ആ അമ്മയുടെ ഓർമകൾ നിനക്ക് കരയാനുള്ളതല്ലന്റെ പെണ്ണേ.. കരുത്താവണം.. കാരണം നീ കരുത്തുള്ള ഒരമ്മയുടെ മകളാണ്.." ഫൈസിയവളെ ആഞ്ഞൊന്ന് പുണർന്നു. ആ മനസ്സിലെ സംഘർഷമൊഴിയുവോളം അവനങ്ങനെ അവളെ വിടാതെ തന്നിലേക്ക് ചേർത്ത് പിടിച്ചു. "ഒക്കെയായോ?" ഇത്തിരി നേരം കഴിഞ്ഞു അവളുടെ മുഖം തന്റെ നെഞ്ചിൽ നിന്നും പിടിച്ചുയർത്തി കൊണ്ടവൻ പതിയെ നനുത്തൊരു ചിരിയോടെ ചോദിച്ചു. മീരയും അതേയെന്ന് ചിരിയോടെ തലയാട്ടി. 'ന്റള്ളോ ... ഞാൻ പേടിച്ചു പോയി " അവളെ പിടിച്ചു മാറ്റി കൊണ്ടവൻ ആഞ്ഞു ശ്വാസം വലിച്ചു കൊണ്ട് പറഞ്ഞു. "എന്തിനെന്ന് ചോദിക്ക് മീര?" ഒന്നും മിണ്ടാതെ നിൽക്കുന്ന മീരയെ വീണ്ടും ഇടുപ്പിലൂടെ കയ്യിട്ട് പിടിച്ചു തന്നിലേക്ക് ചേർത്ത് നിർത്തി കൊണ്ട് ഫൈസി കുറുമ്പോടെ ആവിശ്യപ്പെട്ടു. അവളപ്പോഴും ഒന്നും മിണ്ടാതെ അവന്റെ കണ്ണിലേക്കു നോക്കി. "നിനക്കറിയണ്ടേ?" ഫൈസി അവളുടെ നേരെ നോക്കി ചിരിച്ചു കൊണ്ട് പതിയെ ചോദിച്ചു. "മ്മ് "മീരാ മൂളുമ്പോഴും കുനിഞ്ഞു പോയ ആ മുഖം ഫൈസി വിരൽ തുമ്പുകൊണ്ടുയർത്തി. "ആറ്റ് നോറ്റു ഞാൻ കാത്തിരുന്ന ഈ നിമിഷങ്ങളെ നിന്റെ കണ്ണീർ വിഴുങ്ങി കളയുവോ ന്ന് " അവന്റെ മുഖത്തുള്ള കള്ളത്തരം.. മീര പതറി തുടങ്ങിയിരുന്നു ആ നോട്ടത്തിൽ. "ഹാപ്പിയല്ലേ?" ഫൈസി അവളുടെ മൂക്കിൻ തുമ്പിൽ തട്ടി കൊണ്ട് ചോദിച്ചു. "മ്മ്മ്..." മീര തലയാട്ടി. "പിന്നെന്താ... ഈ മുഖമിങ്ങനെ?" അവൻ വീണ്ടും അവളുടെ മുഖം പിടിച്ചുയർത്തി കൊണ്ട് ചോദിച്ചു. "ഒന്നുല്ല " "പേടിയുണ്ടോ..?" തോളിൽ കിടക്കയിലെക്കിരുന്നു കൊണ്ട് ഫൈസിയവളെ അവനൊപ്പം പിടിച്ചിരുത്തി കൊണ്ട് ചോദിച്ചു. "മ്മ്ഹ്ഹ്.." കുഞ്ഞൊരു ചിരിയോടെ അവന്റെ കണ്ണിലെക്ക് നോക്കി. തനിക്ക് വേണ്ടി തുടിക്കുന്നൊരു കടൽ അവളാ കണ്ണിൽ കാണുന്നുണ്ടായിരുന്നു. "ഹോ.. മറന്നു പോയി.." സ്വയം നെറ്റിയിൽ തട്ടി കൊണ്ട് ഫൈസി എഴുന്നേറ്റു പാന്റിന്റെ പോക്കറ്റിൽ കയ്യിട്ടു. മീര നെറ്റി ചുളിച്ചു കൊണ്ടവനെ നോക്കി. ചെറിയൊരു സിന്ദൂരചെപ്പ്. മീരയുടെ കണ്ണുകൾ തിളങ്ങി. "ഇത് വാങ്ങിക്കാൻ പോയതായിരുന്നോ?" അവൾ അതിശയത്തോടെ ചോദിച്ചു. "മ്മ്.. എനിക്കെന്റെ പെണ്ണിനെ സിന്ദൂരമണിഞ്ഞു കാണാനൊരു കൊതി.." കണ്ണ് ചിമ്മി ചിരിച്ചു കൊണ്ട് ഫൈസിയാ ചെപ്പ് അവൾക്ക് നേരെ നീട്ടി. "ഇങ്ങനല്ല... ഇതണിയിച്ചു തരേണ്ടതാണ് " ഇപ്രാവശ്യം അവൾക്കും ചെറിയൊരു കുറുമ്പുണ്ടായിരുന്നു. "അങ്ങനാണോ.. ശെരി.. ചെയ്തേക്കാം.." ഫൈസിയാ ചെപ്പിന്റെ മൂടി തുറന്നു. "ആ വിരൽ കൊണ്ടല്ല..." ചൂണ്ടു വിരൽ കൊണ്ടത് പകർത്തിയെടുക്കാൻ തുടങ്ങിയവനെ മീരാ തടഞ്ഞു. അവനവന്റെ പെരു വിരൽ തൊട്ട് കാണിച്ചു കൊടുത്തു കൊടുത്തു മീരാ. നനുത്തൊരു ചിരിയോടെ.. നിർവൃതിയോടെ ഫൈസിയവളുടെ നെറുകയിൽ സിന്ദൂരമണിയിച്ചു. "എന്നും എപ്പോഴും ഈ ചിരിയോടെ എനിക്ക് കാണാൻ കഴിയണം ഈ മുഖം " അവളുടെ രണ്ടു കവിളിലും കൈ ചേർത്ത് വെച്ച് കൊണ്ടവൻ നെറ്റിയിൽ ചുണ്ട് ചേർത്തു. മീരാ വിറച്ചു പോയി.. "പേടിക്കേണ്ട.... നിന്റെ മനസ്സെന്നെ കൊതിക്കുവോളം ഞാൻ കാത്തിരിക്കാൻ റെഡിയാണ് " ആ വിറയൽ അറിഞ്ഞത് പോലെ.. ഫൈസിഅവളെ പൊതിഞ്ഞു പിടിച്ചു കൊണ്ട് പറഞ്ഞു. "ബാ.. എനിക്കൊത്തിരി കാര്യങ്ങൾ പറയാനുണ്ട്.." ഫൈസിയവളെ ചേർത്ത് പിടിച്ചു കൊണ്ട് കിടക്കയിലെക്കിരുന്നു.. തമ്മിലറിയാനുള്ള ആദ്യദിനം..അതവർ മനസ്സ് തുറന്നു.. നിറഞ്ഞു കൊണ്ട് അന്നത്തെ പുലർച്ചെയെപ്പഴോയാണ് അവരുറങ്ങിയത്.. ❣️❣️ "നിന്റെ റിഷിയേട്ടനെ കാണുന്നില്ലേ..?" ഗൗരിയുടെ നേരെ നോക്കിയൊരു ചിരിയോടെ ക്രിസ്റ്റി ചോദിച്ചു. അവളൊന്നും മിണ്ടാതെ മുഖം കുനിച്ചു കളഞ്ഞു. എങ്കിലും നിന്റെ റിഷിയേട്ടൻ എന്നാ വാക്കിലുടഞ്ഞു പോയൊരു മനസ്സ് അവൾക്കുള്ളിൽ പിടക്കുന്നുണ്ടായിരുന്നുവപ്പോഴും. എല്ലാവരും പോയിട്ട് ഏറ്റവും അവസാനമാണ് ഗൗരിയും അവളുടെ ആൾക്കാരും പോവാനിറങ്ങിയത്. ആത്മാർത്ഥതയോടെ, തുടക്കം മുതൽ ഒടുക്കം വരെയും അവിടെ നടന്ന എല്ലാത്തിലും അവരുടേതായ സാന്നിധ്യമുണ്ടായിരുന്നു. സ്വന്തം കുടുംബത്തിൽ നടക്കുന്നൊരു ആഘോഷം പോലെ.. ഒട്ടും അലമ്പുണ്ടാക്കാതെ ക്രിസ്റ്റീയോടുള്ള മുഴുവനും സ്നേഹത്തിനോടും അങ്ങേയറ്റം ആത്മാർത്ഥ പുലർത്തി കൊണ്ടവർ അവന്റെ കൂടെ തന്നെയുണ്ടായിരുന്നു. അവർക്ക് മുന്നിൽ താനൊരു നന്ദി വാക്ക് പറയുന്നത് പോലും അവരുടെ സേവനത്തെ പുച്ഛിച്ചുവെഞ്ഞൊരു തോന്നൽ ഉണ്ടാക്കരുത് എന്നത് ക്രിസ്റ്റിക്കും നിർബന്ധമുണ്ടായിരുന്നു. "മറക്കില്ല.. ഞാനൊരിക്കലും. കാരണം നിങ്ങളുടെ സഹായം ഇന്നത്തെ ദിവസം എന്റെ വളരെ വലിയൊരു ആശ്വാസമായിരുന്നു..." അവർക്ക് മുന്നിൽ പോയി നിന്നിട്ട് ക്രിസ്റ്റി പറയുമ്പോൾ.. അതിനേക്കാൾ വലിയൊരു അംഗീകാരം ഇനി കിട്ടാനില്ലെന്നത് പോലെ അവരുടെ മുഖം തിളങ്ങുന്നുണ്ടായിരുന്നു. "വിഷമിക്കണ്ട.. വൈകാതെ അവൻ നിന്നെയും നിന്റെ സ്നേഹത്തെയും മനസ്സിലാക്കും. എനിക്കുറപ്പുണ്ട് " പോകും മുന്നേ ഗൗരിയുടെ പിടയുന്ന മനസ്സറിഞ്ഞത് പോലെ ക്രിസ്റ്റിയവളെ ചേർത്ത് പിടിച്ചു കൊണ്ട് ആശ്വാസം പകർന്നു. ❣️❣️ തലേന്ന് മുതലുള്ള ക്ഷീണവും മീരയുടെ അഭാവം സൃഷ്ടിച്ച വിങ്ങലും കൊണ്ടാവാം. പതിവിലും നേരത്തെ കുന്നേൽ ഉള്ളവരെല്ലാം കയറി കിടന്നിരുന്നു. ഷാനവാസും ലില്ലിയും രാത്രിയിലെ ഭക്ഷണം കൂടി കഴിഞ്ഞതും മടങ്ങി പോയിരുന്നു. ആസിയുമ്മയുടെ അവസ്ഥ അങ്ങനായത് കൊണ്ട് തന്നെ അവരോട് പോവരുതെന്ന് പറയാനും വയ്യ. ക്രിസ്റ്റി എല്ലാവരെയും പിരിച്ചു വിട്ട് ചെല്ലുമ്പോൾ ഹാളിൽ മാത്രമേ വെളിച്ചമുള്ളൂ. അത് ഓഫ് ചെയ്തു കൊണ്ടവൻ മുകളിലേക്ക് കയറി. റിഷിന്റെ മുറിയിൽ വെളിച്ചമുണ്ട്. ചുണ്ടിൽ ഒളിപ്പിച്ച ചിരിയോടെ ക്രിസ്റ്റി അവന്റെ മുറിയുടെ നേരെ നടന്നു. വാതിലിൽ വെറുതെയൊന്ന് മുട്ടിയ ശേഷമാണ് ക്രിസ്റ്റി അത് തുറന്നു കൊണ്ട് അകത്തേക്ക് കയറിയത്. കിടക്കയിൽ തല കൈകൾ കൊണ്ട് താങ്ങി കുനിഞ്ഞിരിപ്പുണ്ടായിരുന്ന റിഷിൻ ക്രിസ്റ്റിയുടെ സാന്നിധ്യമറിഞ്ഞതും മുഖം ഉയർത്തി നോക്കി. "ആഹാ... നീ പോയില്ലേ ഇനിം?" അവന്റെ നേരെ മുന്നിലേക്ക് നിന്നിട്ട് ക്രിസ്റ്റി ചോദിക്കുമ്പോൾ റിഷിൻ മുഖം ഉയർത്തി നോക്കിയത് കൂടിയില്ല. "ഞാൻ കരുതി കാണഞ്ഞപ്പോൾ നീ യാത്ര പോലും പറയാതെ മുങ്ങിയെന്നു " ക്രിസ്റ്റി കുറച്ചു കൂടി അവന്റെ അരികിലേക്ക് നീങ്ങി നിന്ന് കൊണ്ട് പറഞ്ഞു. "പോവാൻ തോന്നുന്നില്ല. അല്ലേടാ.." നേർത്തൊരു ചിരിയോടെ ആർദ്രമായിരുന്നു അവന്റെ ചോദ്യം. റിഷിൻ ഒന്നും മിണ്ടാതെ അവന്റെ നേരെ നോക്കി. "തോന്നില്ല.. എനിക്കറിയാം.." ക്രിസ്റ്റി അവന്റെ തോളിലൂടെ കയ്യിട്ട് പിടിച്ചു. "സ്നേഹത്തിനു ദേഷ്യത്തിനെക്കാൾ പവറുണ്ട് റിഷു. അത്ര പെട്ടന്നൊന്നും നമ്മൾക്കത് വിട്ടിട്ട് പോകാൻ കഴിയില്ലെട..." റിഷിൻ അവന്റെ നേരെ തന്നെ സൂക്ഷിച്ചു നോക്കി. "എവിടേം പോവണ്ട. നമ്മളിനി ഒരുമിച്ച് മതി. നിഴൽ പോലെ വേണം നീയിനി എനിക്കൊപ്പം ..."റിഷിനെ ഒന്നുകൂടി തന്നിലേക്ക് ചേർത്ത് നിർത്തി കൊണ്ട് ക്രിസ്റ്റി പറഞ്ഞു.. തിരിഞ്ഞു നിന്നിട്ട് റിഷിൻ അവനെ കെട്ടിപിടിച്ചു കൊണ്ട് കരഞ്ഞു പോയിരുന്നു ആ നിമിഷം.. ഇനിയങ്ങോട്ട് കൂടെയുണ്ടാകുമെന്ന് ഇറുകെ കെട്ടിപ്പിടിച്ചു കൊണ്ടവൻ ക്രിസ്റ്റിക്ക് വാക്ക് കൊടുക്കുന്നുണ്ടായിരുന്നു... പലവട്ടം. ......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story