നിലാവിന്റെ തോഴൻ: ഭാഗം 69

നിലാവിന്റെ തോഴൻ: ഭാഗം 69

രചന: ജിഫ്‌ന നിസാർ

കുളിയും കഴിഞ്ഞു ഇത്തിരി നേരമൊന്ന് കിടക്കാം എന്ന് കരുതിയതെ ക്രിസ്റ്റിക്ക് ഓർമയൊള്ളു. പിന്നെ കണ്ണ് തുറക്കുമ്പോൾ നേരം നന്നായി മങ്ങിയിട്ടുണ്ട്. തെളിയാത്ത ആലസ്യത്തോടെ അവൻ വീണ്ടും അവിടെ തന്നെ കിടന്നു. ഉള്ളിലൂടെ അത് വരെയും സ്വപ്നമായി കണ്ട ഓരോന്നും വീണ്ടും മിന്നി മാഞ്ഞു കൊണ്ടിരിക്കുന്നു. അതവന്റെ നെറ്റി ചുളിയിച്ചു. ഒരിക്കലും നടക്കാൻ പാടില്ലാത്ത എന്തൊക്കെയോ തനിക്കു ചുറ്റും സംഭവിക്കാൻ പോകുന്നുവെന്നൊരു തോന്നൽ അവനിൽ ശക്തമായി വീണ്ടും. പെട്ടന്നാണ് പാത്തുവിനെ ഓർമ വന്നത്. അതിന് പിറകെ അവൾ വിളിക്കാമെന്ന് പറഞ്ഞതും ഉള്ളിലൂടെ തെന്നി മാഞ്ഞു. "കർത്താവെ.. വിളിച്ചിട്ടും അറിയാത്ത പോലെ ഞാനുറങ്ങി പോയോ?" ധൃതിയിൽ ചാടി പിടഞ്ഞു എഴുന്നേറ്റു കൊണ്ട് മേശയുടെ മുകളിൽ ചാർജിൽ ഇട്ട് വെച്ച ഫോൺ എടുത്തു. കുളിച്ചു വന്ന ഉടനെ തന്നെ അത് സൈലന്റ് മോഡിലൊന്നും അല്ലെന്ന് ഉറപ്പ് വരുത്തിയതാണ്. അതികം വൈക്കാതെ പാത്തു വിളിക്കുമെന്നും അത് വരെയും വെറുതെയൊന്ന് കിടക്കാം എന്നും കരുതിയതാണ്. മനസ്സിലെ സംഘർഷവും തലേന്ന് മുതലുള്ള അലച്ചിലും കൊണ്ട് അറിയാതെ തന്നെ അതൊരു ഗാഡമായ ഉറക്കിലേക്ക് വഴുതി വീഴുകയായിരുന്നു. ഇല്ല.. പാത്തു വിളിച്ചിട്ടില്ല. ആശ്വാസത്തിന് പകരം അവനുള്ളിൽ ആശങ്കയാണ് ആ നിമിഷം തോന്നിയത്. പെട്ടന്നെന്ത് പറ്റിയാവോ? വരാമെന്നു അങ്ങേയറ്റം ആവേശത്തിൽ പറഞ്ഞതാണ്. ഷാഹിദ് അവിടെ ഇല്ലെന്ന് പറഞ്ഞു ഊറ്റം കൊണ്ടവളാണ്. ക്രിസ്റ്റിയുടെ മനസ്സിൽ വീണ്ടും അസ്വസ്ത്ഥതകൾ പെരുകി. സമയം അഞ്ചു മണി കഴിഞ്ഞു. ഇന്നിനി അവളൊരു വരവുണ്ടാവോ? വിളിക്കണോ വേണ്ടയോ എന്ന് കുറേ പ്രാവശ്യം ചിന്തിച്ചു നോക്കിയത് അവളെന്തു സിറ്റുവേഷനിലാണെന്ന് അറിയാത്തത് കൊണ്ടാണ്. വിളിച്ചാൽ അതവൾക്ക് കുഴപ്പമൊന്നും ഉണ്ടാവരുത് എന്ന് കരുതിയിട്ടാണ്. പക്ഷേ എന്ത് പറ്റിയെന്നറിയാതെ ഈ ശ്വാസം മുട്ടൽ കുറയില്ലെന്ന് തോന്നിയതും ക്രിസ്റ്റി അവളുടെ നമ്പറിൽ വിളിച്ചു നോക്കി. ഒരുപ്രാവിശ്യം മുഴുവനും ബെല്ലടിച്ചു തീർന്നുവെന്നല്ലാതെ അതിനപ്പുറം അവളുടെ യാതൊരു അനക്കവുമില്ല. നെഞ്ചിലെ പെരുപ്പ് കൂടിയിട്ടും വീണ്ടും ഒരു പ്രാവശ്യം കൂടി വിളിച്ചു നോക്കാൻ അവന് ധൈര്യം പോരായിരുന്നു. ഒരു ദീർഘനിശ്വാസത്തോടെ അവനൊരു ഷർട്ട് എടുത്തിട്ട് കൊണ്ട് പുറത്തേക്കിറങ്ങി. താഴെക്കിറങ്ങും മുന്നേ മീരയെ ഒന്ന് കാണാൻ തോന്നിയതും അവൻ അവൾക്കായ് കൊടുത്ത റൂമിന്റെ നേരെ ചെന്നു. ചാരിയിട്ട വാതിൽ തുറന്നു അകത്തേക്ക് ചെല്ലുമ്പോൾ അവൾ കിടക്കയിൽ ചുരുണ്ടു കൂടി കിടക്കുന്നുണ്ട്. ഉറക്കമാണ്. വിളിച്ചുണർത്താതെ ക്രിസ്റ്റി പതിയെ പുറത്തേക്ക് തന്നെ ഇറങ്ങി വാതിൽ ചാരി. ഉറങ്ങിക്കോട്ടെ.. അപ്പോഴെങ്കിലും അവൾക്കിച്ചിരി മനഃസമാദാനം കിട്ടട്ടെ എന്നോർത്ത് കൊണ്ടാണ് അവൻ താഴെക്കിറങ്ങിയത്. അടുക്കളയിൽ നിന്നും പാത്രങ്ങളുടെ തട്ടും മുട്ടും കേൾക്കാം എന്നല്ലാതെ പുറത്തൊന്നും അവൻ ആരെയും കണ്ടില്ല. "ആഹ്.. നീ എണീറ്റോ.? കഴിക്കാൻ എടുക്കട്ടേ?" അവനെ കണ്ട മാത്രയിൽ തന്നെ മറിയാമ്മച്ചി ചെയ്തിരുന്ന ജോലി അവിടെയിട്ട് അവനരികിലേക്ക് വന്നു നിന്നിട്ട് ചോദിച്ചു. "എനിക്കൊരു ഗ്ലാസ്‌ ചായ മാത്രം മതി. മറിയാമ്മച്ചി " കസേരയിൽ ഇരുന്ന് കൊണ്ടവൻ പറഞ്ഞു. ആ മുഖത്ത് നിറഞ്ഞ മ്ലാനത കണ്ടിട്ടാണ് പിന്നെയൊന്നും പറയാൻ നിൽക്കാതെ തിരിച്ചു നടന്നു. ഫോൺ പോക്കറ്റിൽ ഇടാതെ ക്രിസ്റ്റി മേശയിൽ തന്നെ വെച്ചത് പാത്തു വിളിക്കുമ്പോൾ പെട്ടന്ന് കാണാമല്ലോ എന്നോർത്ത് കൊണ്ടാണ്. പക്ഷേ മറിയാമ്മച്ചി കൊടുത്ത ചായ കുടിച്ചു കഴിയും വരെയും അവൻ ഇടയ്ക്കിടെ ഫോണിലേക്ക് തന്നെ നോക്കുന്നുണ്ടായിരുന്നിട്ടും അതിലേക്ക് വിളിയൊന്നും ഉണ്ടായില്ല. "എങ്ങോട്ടാ ഡാ ഈ നേരത്ത്?" പുറത്തേക്കിറങ്ങി നേരെ റബ്ബർ തോട്ടത്തിന് നേരെ നടക്കുന്ന ക്രിസ്റ്റി പിന്നിൽ നിന്നും മറിയാമ്മച്ചി വിളിച്ചു ചോദിച്ചത് കേട്ടതും തിരിഞ്ഞു നിന്നു. "ഞാൻ.. ഞാനൊന്ന് നോക്കിയിട്ട് വരട്ടെ. രണ്ടൂസം വെട്ടിയില്ലല്ലോ. നാളെ വെട്ടണം " അത് പറഞ്ഞിട്ട് തിരിഞ്ഞ് നടക്കുമ്പോഴും അവനുള്ളിൽ ആ തോട്ടിൻകരയിലേക്ക് എത്തിപ്പെടുക എന്നത് തന്നെ ആയിരുന്നു. ഇനി സർപ്രൈസ് പോലെ അവളെങ്ങാനും വന്നാലോ? വെറുതെയവൻ പ്രതീക്ഷിക്കുന്നുണ്ടായിരുന്നു.. ❤️❤️ "താൻ ഒട്ടും ഓക്കേ അല്ലല്ലോ ഫാത്തിമ. എന്ത് പറ്റി?" അവൾക്കുള്ളിൽ എന്താണെന്ന് നല്ല വ്യക്തമായി അറിയാമായിരുന്നിട്ടും ഷാഹിദ് പാത്തുവിനോട് ചോദിച്ചു. "ഏയ്.. ഒന്നുമില്ല " വരുത്തി കൂട്ടിയ ചിരിയോടെ അവളുടെ ഉത്തരം കേട്ടതും ഷാദി തിരിഞ്ഞിരുന്നു കൊണ്ട് ചുണ്ട് കോട്ടി. "തനിക്കൊരു റിലീഫ് ആയിക്കോട്ടെ എന്ന് കരുതിയിട്ടാ ഞാനീ യാത്രക്ക് ഒരുങ്ങിയത് തന്നെ. ഇതിപ്പോ ഇത്രേം ദൂരം എത്തിയിട്ടും താൻ ഇതോട്ടും എൻജോയ് ചെയ്യുന്നില്ലെന്ന് തോന്നുന്നു. ഇങ്ങനാണേൽ നമ്മുക്കിതു വേണ്ടായിരുന്നു" കടുത്ത നിരാശനിറഞ്ഞ ഭാവത്തിൽ ഷാഹിദ് അത് പറയുമ്പോൾ ഞാൻ വരുന്നില്ലെന്ന് പാത്തു പറഞ്ഞത് അവൻ മനഃപൂർവം മറച്ചു പിടിച്ചിരുന്നു. ഉള്ളിൽ അവനോടുള്ള ദേഷ്യം പതയുന്നുണ്ട് എങ്കിലും.. പാത്തു ചെറിയൊരു ചിരിയോടെ അവനെ നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല. "ഫാത്തിമ.. ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ?" ഒട്ടും പ്രതീക്ഷിക്കാതെ അവന്റെ ചോദ്യം. അവളവനെ പകച്ചു നോക്കി. ഷാഹിദിന്റെ കണ്ണുകൾ തനിക്കു നേരെ തന്നെ ആണെന്ന് മനസ്സിലായതും പാത്തു വെപ്രാളത്തോടെ നോട്ടം മാറ്റി. അവനാവട്ടെ അവളുടെ ഓരോ ഭാവങ്ങളും സൂക്ഷ്മാമായി വിലയിരുത്തുകയായിരുന്നു. ആ വെപ്രാളം അറിഞ്ഞതും അവനൊരു സംതൃപ്തിയാണ് തോന്നിയത്. "ആഹ്.. അതിന് തനിത്ര ഡെസ്പ് ആവുന്നത് എന്തിനാടോ? യെസ് ഓർ നോ ഇതിലേതെങ്കിലും ഒരു ഉത്തരം ഞാനും പ്രതീക്ഷിക്കുന്നു " തികച്ചും ശാന്തമായി ഷാഹിദ് വീണ്ടും പറഞ്ഞു. എനിക്കൊരു ഉത്തരം വേണമെന്നാണ് അവനാ പറഞ്ഞതെന്ന് പാത്തുവിന് വളരെ പെട്ടന്ന് തന്നെ മനസ്സിലായി. "ഞാൻ ഒരാളെ എന്റെ പ്രാണനോളം ആഴത്തിൽ സ്നേഹിക്കുന്നുവെന്ന് പറയാൻ അവൾക്കുള്ളം തുടിച്ചു. പക്ഷേ അത് പറയുമ്പോൾ ആളുടെയും കൂടി പറയേണ്ടി വരും. പിന്നെ ഇവനീ ഭാവമായിരിക്കില്ല. ക്രിസ്റ്റിയെ ഓർത്തതും അവൾക്കുള്ളം വീണ്ടും നീറി. താൻ ചെല്ലുന്നതും കാത്തിരുന്നു കാണും. ഫോൺ സൈലന്റ് മോഡൽ ആക്കിയത് ഇച്ഛാ വിളിക്കുമെന്ന് ഉറപ്പുയുണ്ടായിട്ട് തന്നെയാണ്. ഇവനൊപ്പം ഇരുന്നിട്ട് ആ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ ആവില്ല. രണ്ട് പ്രാവശ്യം വിളിച്ചു കട്ട് ആവുന്നത് വരെയും നെഞ്ചിടിപ്പോടെ നോക്കി ഇരിക്കേണ്ടി വന്നു. "ഹേയ്... ഫാത്തിമ.." ഷാഹിദ് വീണ്ടും വിളിച്ചു. പാത്തു മുഖം ഒന്നമർത്തി തുടച്ചു കൊണ്ടവന് നേരെ നോക്കി. "ആൻസർ മീ.. യെസ് ഓർ നോ?" ഉത്തരം കിട്ടിയേ തീരൂ എന്ന പോലെ അവൻ വീണ്ടും ആ ചോദ്യം ആവർത്തിച്ചു. "നോ.."എന്നുത്തരം പറയുമ്പോൾ അവൾക്കുള്ളം പ്രിയപ്പെട്ടവനെ ഓർത്തു വേദനിക്കുന്നുണ്ടായിരുന്നു. "താങ്ക്സ് ഗോഡ്.. ഫാത്തിമയുടെ ഫസ്റ്റ് ലവ്.. അതെനിക് കിട്ടാനാവും യോഗം " പതിയെ ഷാഹിദ് പറയുമ്പോൾ പാത്തു അവനെ തുറിച്ചു നോക്കി. "നമ്മുക്ക് കല്യാണം കഴിച്ചാലോ ഫാത്തിമ?" വീണ്ടും അവന്റെ ചോദ്യം. അവൾ പൊള്ളിയത് പോലെ ഒന്ന് പിടിച്ചു. "എന്താടോ..?" അത് നന്നായി ആസ്വദിച്ചു കൊണ്ടായിരിന്നു അവനത് ചോദിച്ചത്. "അത്.. പിന്നെ ഞാൻ " അവൾക്കൊരു വാക്ക് പോലും കിട്ടുന്നുണ്ടായിരുന്നില്ല. "നാളെ എന്നല്ല ഫാത്തിമ ഞാൻ പറഞ്ഞത്. പക്ഷേ ഇനിയിത് നീട്ടി കൊണ്ട് പോകുന്നില്ല." വല്ലാത്തൊരു ഉറപ്പോടെ അവനത് പറയുമ്പോൾ അവൾ വിറങ്ങലിച്ചിരുന്നു പോയി. കണ്മുന്നിൽ യാതൊന്നും കാണിന്നുണ്ടായിരുന്നില്ല. ചുറ്റും അതി കഠിനമായ ഒരു ഇരുട്ട് പടർന്നു കയറിയ പോലെ.. "വീട്ടിൽ നിന്ന് എല്ലാവരും ചോദിച്ചു തുടങ്ങി. മാത്രമല്ല എനിക്കിനി നാട്ടിൽ അധികമൊന്നും നിൽക്കാനും ആവില്ല. എന്റെ സാമ്രാജ്യം മൊത്തം ഗൾഫിൽ പടർന്നു കിടക്കുകയാണ്. ഞാനില്ലങ്കിൽ അവിടൊന്നും നടക്കില്ല. സൊ.. എനിക്കുടനെ പോയെ പറ്റൂ. ഇനി അടുത്തൊന്നും ഇത്രേം നീണ്ടൊരു ഗ്യാപ് കിട്ടുമെന്നും തോന്നുന്നില്ല." വീണ്ടും അവൻ അവളെ നോക്കി. അവളതൊന്നും അറിയുന്നില്ലെന്ന് തോന്നിയതും വീണ്ടും അവന്റെ ചുണ്ടിൽ ഒരു പുച്ഛം ഉണ്ടായിരുന്നു. "നമ്മുക്ക് കല്യാണം കഴിച്ചാലോ ഫാത്തിമ..."ഏതോ ഗർത്തത്തിലെന്നത് പോലെ ഷാഹിദ് ചോദിക്കുന്നത് അപ്പോഴും പാത്തുവിന്റെ ചെവിയിൽ വീണ്ടും വീണ്ടും കേൾക്കുന്നുണ്ടായിരുന്നു.. ❣️ മനസ്സിൽ അടക്കി പിടിച്ചതെല്ലാം പറഞ്ഞോഴിഞ്ഞ ആശ്വാസത്തിൽ ഫൈസി പതിയെ ഉറക്കത്തിലേക്ക് വഴുതി വീണിരുന്നു. പക്ഷേ അവന്റെ മുടിയിൽ തലോടുന്ന ആയിഷയുടെ കൈകൾ അപ്പോഴും വിറക്കുന്നുണ്ടായിരുന്നു. അതിനേക്കാൾ ഉച്ചത്തിൽ ഹൃദയം മിടിക്കുന്നുണ്ട്. യാ അല്ലാഹ്.. എന്തായി തീരും? അറിയാതെ തന്നെ ആ ചോദ്യം അവരുടെ നാവിൽ തുമ്പിലെത്തി നിന്നു. കണ്ണുകൾ മടിയിൽ ശാന്തമായി കിടന്നുറങ്ങുന്ന ഫൈസിയുടെ മുഖത്തേക്ക് തെന്നി വീണു. അൽപ്പം മുന്നേ തനിക്കു മുന്നിലിരുന്നു കരഞ്ഞവന്റെ ഉള്ളിൽ ആ കുട്ടി എത്ര മാത്രം ആഴത്തിൽ വേരുറപ്പിച്ചു പോയെന്നത് താൻ കണ്ടറിഞ്ഞതാണ്. അത് തന്നെയാണ് അവരുടെ ഭയവും. തികച്ചും സാധാരണ കുടുംബം. ജാതിയുടെയും മതത്തിന്റെയും വേലികെട്ടുകൾ സ്ഥാനം പിടിക്കാത്ത മനസ്സുണ്ട് എങ്കിലും.. ഇതറിയുമ്പോൾ മുഹമ്മദിക്ക എങ്ങനെ പ്രതികരിക്കും എന്നോർക്കുമ്പോൾ അവരുടെ ഉള്ളം വിറച്ചു. പള്ളിയും ദീനുമായി നടക്കുന്ന ആ മനുഷ്യൻ.. മകനോപ്പം നിൽക്കുമെന്ന് യാതൊരു ഉറപ്പുമില്ല. അവനാവട്ടെ ഇനി എനിക്ക് കൈ വിട്ടു കളയാൻ വയ്യ മ്മാ ന്ന് പറഞ്ഞത് ഹൃദയം കൊണ്ട് തന്നെയാണ്. അവളുടെ വേദനനയിൽ അവളോളം അവനും പിടയുന്നുവെങ്കിൽ അത് തന്നെയാണ് അവന് ആ കുട്ടിയോടുള്ള സ്നേഹത്തിന്റെ ആഴവും. എന്ത് ചെയ്യണമെന്നറിയാത്ത വിധമൊരു നിസ്സഹായ അവസ്ഥയിലേക്കാണ് ഫൈസി അവരെ വലിച്ചിറക്കി വിട്ടത്.. .....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story