നിലാവിന്റെ തോഴൻ: ഭാഗം 80

നിലാവിന്റെ തോഴൻ: ഭാഗം 80

രചന: ജിഫ്‌ന നിസാർ

കുതിച്ചു തുള്ളുന്ന മനസ്സിനെയൊന്നു കൈ പിടിയിലൊതുക്കാനെന്നത് പോലെ പാത്തു ഒരു നിമിഷം കണ്ണുകൾ അടച്ചിട്ട് ദീർഘശ്വാസമെടുത്തു. അപ്പോഴേക്കും വാതിലിൽ തട്ടുന്നതിന്റെ സ്പീഡ് വളരെയധികം കൂടിയിരുന്നു. പേ പിടിച്ചവനെ പോലെ പുറത്തുള്ളത് ഷാഹിദ് തന്നെയാണെന്നുറപ്പാണ്. അവൻ വരുമെന്ന് മുന്നറിയിപ്പ് തന്നിട്ട് ഇറങ്ങി പോയവനെ കുറിച്ചോർത്തു കൊണ്ടവളുടെ നെഞ്ച് പിടഞ്ഞു. "പടച്ചോനെ.. കാത്തോളണേ. ന്റെ ജീവനാണ്.ജീവിതമാണ് " പ്രിയപ്പെട്ടവനുള്ള പ്രാർത്ഥനയോടെ തന്നെയാണ് ഷാഹിദിനു മുന്നിൽ വാതിൽ തുറന്നു കൊടുത്തത്. എരിയിച്ചു കളയുന്നൊരു നോട്ടം. വാതിൽ തുറന്നു കൊടുക്കാൻ വൈകിയതിനാവും. വലിഞ്ഞു മുറുകിയ മുഖത്തോടെ അകത്തേക്ക് കയറിയവന് വേണ്ടി അവൾ മാറി നിന്നു കൊടുത്തു. മുറിയിലകമാനം ഷാഹിദിന്റെ കണ്ണുകൾ ഓടി നടന്നു. "എന്താ.. എന്താ നോക്കുന്നത്?" അവന്റെ തിരച്ചിൽ ഏകദേശമൊന്നു ഒതുങ്ങുന്നത് വരെയും മിണ്ടാതെ നിന്നിരുന്ന പാത്തു പതിയെ ചോദിക്കുന്നത് കേട്ടതും ഷാഹിദ് അവളെയൊന്ന് കൂടി തുറിച്ചു നോക്കി. ആ മുഖത്തു വല്ല മാറ്റവുമുണ്ടോ എന്നുള്ള അന്വേഷണം പോലെ അവന്റെ കണ്ണുകൾ കൂർത്തു. "നിനക്കറിയില്ലേ?" അവൾക്ക് മുന്നിൽ ചെന്നു നിന്നിട്ട് അവൻ ചോദിച്ചു. "ഇല്ല.. അറിയുമായിരുന്നുവെങ്കിൽ ഞാനിങ്ങനെ ചോദിക്കില്ലല്ലോ?" ഒട്ടും പതർച്ചയില്ലാത്ത അവളുടെ സ്വരം. "മ്മ്മ്.." കനത്തിലൊരു മൂളൽ മാത്രമാണ് അവൻ ഉത്തരമായി നൽകിയത്. ക്രിസ്റ്റിയുമായുള്ള ബന്ധം തനിക്കറിയാമെന്ന് അവളോട് അവനപ്പോൾ പറയാൻ കഴിയുമായിരുന്നില്ല. എല്ലാം അറിഞ്ഞിട്ടും പിന്നെന്തിന് നാളത്തെ ഫങ്ക്ഷൻ എന്നവൾ തിരിച്ചു ചോദിച്ചാൽ കുരുങ്ങി പോകും. അവളെ കൂടെ നിർത്തേണ്ടത് ഇപ്പൊ തന്റെ ആവിശ്യമാണ്. രെജിസ്റ്റർക്ക് മുന്നിൽ പൂർണ മനസ്സോടെ അവളുടെയൊരു സൈൻ കിട്ടുന്നതോടെ മാത്രം കയ്യിലാവുന്ന കോടികൾ. അതിലാണ് അവന്റെ മനസ്സ് മുഴുവനും. അതൊന്ന് കയ്യിൽ കിട്ടികോട്ടെ. പിന്നെ നീ അറിയാൻ പോകുന്നേ ഒള്ളൂ ഈ ഷാഹിദ് ആരാണെന്നുള്ളത്. ഇപ്പോഴുള്ള ഈ അവഗണനകൾക്ക് അന്ന് നീ ഉത്തരം പറഞ്ഞു വേദനിക്കും. വേദനിപ്പിക്കും ഞാൻ " അവന്റെ മനസ്സ് മുരളുന്നുണ്ടായിരുന്നു. "വാതിലടച്ചോ.. ഞാൻ പോകുന്നു " കൂടുതലൊന്നും പറയാൻ പറ്റിയ സമയമല്ലെന്ന് തോന്നിയിട്ടാണ് ഷാഹിദ് തിരികെ നടക്കാൻ തുടങ്ങിയത്. "ഇവിടെന്താ തിരഞ്ഞത്..?അതൊന്ന് പറഞ്ഞു തന്നിട്ട് പോകൂ. നിക്ക് ഇതിനുള്ളിൽ കിടക്കാനുള്ളതല്ലേ.?" പാത്തു വിടാനുള്ള ഭാവമില്ലാതെ ഷാഹിദിനെ നോക്കി. "അത്.. അതൊന്നുമില്ല. എനിക്കൊരു മിസ്അണ്ടർസ്റ്റാന്റിങ് സംഭവിച്ചു പോയതാ. ഡോണ്ട് വറി. താൻ കയറി കിടന്നോ. പേടിക്കാൻ ഒന്നുമില്ല " വരുത്തി കൂട്ടിയ ഒരു ചിരിയോടെ അവൻ പറഞ്ഞു. ഉള്ളിലെ പുച്ഛം ചുണ്ടുകൾ കൂട്ട് പിടിക്കാതിരിക്കാൻ പാത്തു നന്നായി പരിശ്രമിച്ചിരുന്നു. "നാളത്തെ.. എൻഗേജ്‌ മെന്റ് ഫങ്ക്ഷനെ കുറിച്ച് എന്നോടൊന്നു സൂചിപ്പിക്കാഞ്ഞതെന്തേ?" വീണ്ടും അവൾ അവനെ നോക്കി. "അത്.. അത് പിന്നെ മാമന്മാർക്ക് വലിയ നിർബന്ധം. പിന്നെ എന്നായാലും വെണ്ടതല്ലേ.? അതിങ്ങനെ നീട്ടി കൊണ്ട് പോവണ്ടല്ലോ " ഗൗരവത്തോടെ ഷാഹിദ് അവൾക്ക് മുന്നിൽ പോയി നിന്നു. "എന്നാലും... എന്നോടൊന്ന്..." "എനിക്ക് വേണ്ടിയാണ് നീ ഇങ്ങോട്ട് വന്നതെന്ന് മറ്റാരെക്കാളും നിനക്കറിയില്ലേ ഫാത്തിമ.?അങ്ങനെയുള്ള നിനക്ക് എതിർപ്പൊന്നും ഉണ്ടാവാൻ സാധ്യതയുണ്ടാവില്ലെന്ന് ഉറപ്പല്ലേ.?ഇതിപ്പോ കല്യാണമൊന്നുല്ലല്ലോ. ജസ്റ്റ്‌ ഒരു എൻഗേജ്‌ മെന്റ്. ചടങ്ങുകൾ എല്ലാം അതിന്റെ വഴിക്ക് നടക്കട്ടെ എന്ന് അവരെല്ലാം പറയുബോൾ എന്തിന്റെ പേരിലാണ് ഞാനത് വേണ്ടന്ന് പറയുന്നത്. സൊ... എനിക്കിത് അത്ര വലിയൊരു ഇഷ്യു ആയിട്ട് തോന്നിയിട്ടില്ല. ഈ നിമിഷം വരെയും " നീ അതിനെ ചോദ്യം ചെയ്യേണ്ടതില്ല എന്നൊരു ധ്വനികൂടിയുണ്ടായിരുന്നു അവന്റെ വാക്കുകളിൽ. വല്ലാത്തൊരു മുറുക്കം. മുഖവും വാക്കുകളും. കൂടുതൽ എന്തെങ്കിലും ചോദിച്ചിട്ട് അവന്റെ പ്രകോപിപ്പിക്കരുതെന്ന് ക്രിസ്റ്റി പറഞ്ഞത് കൊണ്ട് മാത്രം അവൾ പിന്നൊന്നും മിണ്ടാതെ നിന്നു. "അറിയേണ്ടത്.. അതിനി എന്തായാലും നിന്നെ അറിയിച്ചിരിക്കും. പക്ഷേ എല്ലാം അറിയണമെന്ന് വാശി പിടിക്കരുത്.. എനിക്കത് ഇഷ്ടമല്ല.അറിയിക്കേണ്ടത് കൃത്യമായി ഞാൻ അറിയിക്കും.എനിക്കിഷ്ടമല്ലാത്തതൊന്നും എന്റെ പെണ്ണ് ചെയ്യരുതെന്ന് കൂടി എനിക്ക് ആഗ്രഹമുണ്ട്. മനസ്സിലായോ?" ഷാഹിദ് കുറച്ചു കൂടി അവൾക്കരികിലേക്ക് നീങ്ങി നിന്നിട്ട് ചോദിച്ചു. "എന്റെ പെണ്ണ്.." ആ വാക്കുകൾ മാത്രമാണ് അവളെ പൊള്ളിച്ചത്. "ഞാൻ നിന്റെയല്ല. എന്നിൽ നിനക്കൊരു അവകാശവുമില്ല. എന്റെ ഉയിരോട് ചേർന്നു പോയൊരുത്തനുണ്ട്.. അവനിലേക്ക് ചേരാനുള്ള കാത്തിരിപ്പിലാണ് ഞാൻ. ഒടുവിൽ അവന്റെ നെഞ്ചിൽ ചേർന്ന് നിന്നിട്ട് ഞാൻ വരും.. നിന്നോട് പകരം ചോദിക്കാൻ.." മനസ്സ് കൊണ്ട് പാത്തു അവനോട് കലഹിച്ചു. ഷാഹിദ് അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി നിൽപ്പായിരുന്നു. അവൾ എന്തെങ്കിലും എതിർപ്പ് പറയുമെന്ന് അവൻ കരുതിയെങ്കിലും അവളൊന്നും മിണ്ടാതെ തിരികെ മുറിയിലേക്ക് കയറി വാതിൽ അൽപ്പം ഉറക്കെ തന്നെ അടച്ചു കൊണ്ട് കുറ്റിയിട്ടു. അവളുടെയാ പ്രവർത്തി അവനീയെറെ ദേഷ്യം പിടിപ്പിച്ചിരുന്നു. അവളുടെ മുറിയുടെ മുന്നിൽ നിന്നും തിരിഞ്ഞ് നടക്കുമ്പോൾ വീണ്ടും കണ്ണുകൾ കൂടുതൽ ജാഗ്രതയോടെ ആരെയോ തേടി കൊണ്ടിരുന്നു. താൻ ഊഹിച്ചത് പോലെ.. അവൻ.. ആ ക്രിസ്റ്റി ഫിലിപ്പ് അവനിവിടെ വന്നുവെന്ന് അവന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു. "ഇപ്പൊ നീ വലിയ മിടുക്കനായി തിരികെ പോയിരിക്കും. പക്ഷേ.. ഇനി ഞാനൊരുക്കുന്ന കെണിയിൽ നിന്നും സാക്ഷാൽ പടച്ചോന് പോലും നിന്നെ രക്ഷിക്കാൻ കഴിയില്ല. കാത്തിരുന്നോ നീ.. ക്രിസ്റ്റി ഫിലിപ്പ്.." തിരികെയിറങ്ങുമ്പോൾ അവന്റെ പല്ലുകൾ ദേഷ്യം കൊണ്ട് ചേർന്നമർന്നിരുന്നു. ❣️❣️ വിറക്കുന്ന കൈകൾ കൊണ്ട് ആസിയയുമ്മ ഷാനവാസിന്റെ മുഖത്തു തലോടി. ആയിരം നക്ഷത്രങ്ങൾ ആ കണ്ണിൽ പൂത്തുലഞ്ഞു കാണുന്നുണ്ട്. "ഉമ്മാക്ക് പെരുത്ത് സന്തോഷായി ഷാനോ.. ന്റെ എത്ര കാലത്തെ പ്രാർത്ഥനയാണെന്ന് അറിയോ അനക്ക് " ആ പറഞ്ഞത് ശെരിയാണ്. സന്തോഷം കൊണ്ടവരുടെ വാക്കുകൾ ഇടറി പോയിരുന്നു. "സാരല്ല ഉമ്മാ. എല്ലാത്തിനും അതിന്റെതായ സമയം ഉണ്ടെന്നല്ലേ. ഇതിപ്പോ ഇപ്പഴാ പടച്ചോൻ എനിക്ക് വിധിച്ചതെന്ന് കരുതിയ മതി " ഷാനവാസ്‌ ചിരിയോടെ അവരുടെ മെല്ലിച്ച കൈകൾ മുറുകെ പിടിച്ചു. "പോടാ അവിടുന്ന്.. പറയുബോയൊക്കെ ഓന്റെയൊരു ലൊടുക്ക് ന്യായം കൊണ്ട് വന്നിട്ടിപ്പോ.. സമയം ആയില്ല പോലും " അവർ അയാളുടെ തോളിൽ പതിയെ തട്ടി കൊണ്ട് പറഞ്ഞു. "കാര്യമൊക്കെ ശെരി തന്നെ. പക്ഷേ ആര് പെണ്ണ് തരും.? ഉമ്മാന്റെ പുന്നാര മോന് ഇരുപത്തിയഞ്ചല്ല.വയസ്സ് പത്തു നാല്പതു കഴിഞ്ഞു. ചെറിയ ചെക്കന്മാർ പോലും കെട്ടാനൊരു പെണ്ണിനെ കിട്ടാണ്ട് ഓടി പാഞ്ഞു നടക്കുന്ന ഇക്കാലത്താ ഞാൻ ചെല്ലുന്നത്. അടി കിട്ടാഞ്ഞ ഭാഗ്യം " ഷാനവാസ് താടിക്ക് കൈ കൊടുത്തു കൊണ്ട് സങ്കടം അഭിനയിച്ചു കൊണ്ട് പറഞ്ഞു. "നന്നായി പോയി.. കിട്ടിയാ അങ്ങട്ട് സഹിച്ചോ. നല്ല പ്രായത്തിൽ ഞാൻ പറഞ്ഞിട്ട് കേൾക്കാഞ്ഞിട്ടല്ലേ? അങ്ങനെ തന്നെ വേണം അനക്ക് " അതും പറഞ്ഞിട്ട് ആസിയയുമ്മ ഉറക്കെ പൊട്ടിചിരിച്ചു പോയി. അവശതയെല്ലാം അവർ മറന്നു പോയത് പോലെ. താനൊരു വിവാഹത്തിന് സമ്മതിച്ചു എന്നയറിവ് തന്നെ അവർക്കൊരു പുതിയ പ്രതീക്ഷ കൊടുത്തത് പോലെ. ഷാനവാസ് ഏറെ സ്നേഹത്തോടെ അവരുടെ കൈ പിടിച്ചിട്ട് താങ്ങി എഴുന്നേൽപ്പിച്ചിരുത്തി. എന്നിട്ട് അവരുടെ അരികിൽ ചേർന്നിരുന്നു. "ഒന്നും ണ്ടാവില്ല ഷാനോ.. അനക്ക് പറ്റിയൊരു പെണ്ണ് ഈ ദുനിയാവിൽ എവിടെയോ ഉണ്ടെടാ. ഉമ്മാന്റെ കുട്ടി ഓളെയൊന്ന് കണ്ടു പിടിക്കേണ്ട താമസമേയൊള്ളു. ശ്രമിച്ചാ നടക്കാത്തതായി ന്താ ഷാനോ ള്ളത്. ഇജ്ജാങ്ങോട്ട് ഇറങ്ങി നോക്കെടാ മോനെ " ആസിയുമ്മ സ്നേഹത്തോടെ അവന്റെ തോളിൽ ചാരി കൊണ്ട് പറഞ്ഞു. ഷാനവാസിന്റെ ചുണ്ടിൽ മനോഹരമായൊരു ചിരിയുണ്ടായിരുന്നു അത് കേട്ടതും. അന്നോളം അങ്ങനൊരു സ്വപ്നം പോലുമുണ്ടായിട്ടില്ല. ഈ ജന്മം മുഴുവനും ഉമ്മാക്ക് വേണ്ടി എന്നായിരുന്നു മനസ്സിൽ. ഇന്നിപ്പോൾ നനുത്തൊരു മന്ദാഹാസത്തോടെ ഹൃദയത്തിലേക്ക് വയ്യാത്ത കാലുകൾ വലിച്ചു നീക്കി കൊണ്ടൊരുവൾ എത്ര വേഗത്തിലാണ് കയറി കൂടിയിരിക്കുന്നത്. ഓർക്കുമ്പോൾ തന്റെ ചുണ്ടിലൊരു ചിരി പകരാൻ പാകത്തിന് സന്തോഷം നിറച്ചു കൊണ്ട്... ആസിയുമ്മ വീണ്ടും വീണ്ടും എന്തൊക്കെയോ സ്വപ്നങ്ങൾ പറയുന്നുണ്ട്. "അതെല്ലാം നടന്നു കാണാനും ആാാ സന്തോഷം അനുഭവിക്കാനും ന്റുമ്മാക്ക് നീ ആയുസ്സും ആരോഗ്യവും കൊടുക്കണേ പടച്ചോനെ "ന്ന് മൂകമായി.. ഹൃദയം നൊന്തു കൊണ്ട് പ്രാർത്ഥിക്കുകയാണ് ഷാനവാസ് അപ്പോഴും. ❤️❤️ "നീ കയറുന്നില്ലേ?" വീട്ടിലേക്ക് തിരികെയ്യെത്തിയതും ക്രിസ്റ്റി ചോദിച്ചു. അകത്തേക്ക് ചെന്നിട്ട് പ്രിയപെട്ടവളെയൊരു നോക്ക് കാണാൻ ഒരുപാട് കൊതിയുണ്ടായിട്ടും.. നേരമൊരുപാടായിയെന്ന് കാരണം പറഞ്ഞിട്ട് ഫൈസി ഒഴിഞ്ഞു. "ഇന്നിനി വേറെ വെളിച്ചം കൊടുപ്പ് ഒന്നുമില്ലല്ലോ?" ക്രിസ്റ്റീയെ കൂർപ്പിച്ചു നോക്കി കൊണ്ട് ഫൈസി ചോദിച്ചു. "അതെന്താടാ അങ്ങനെ ഒരു ചോദ്യം?" "അല്ല.. നിനക്ക് പ്രണയം തലക്ക് പിടിച്ചു പിരി പോയി നിൽക്കുവാ.ചുറ്റും ഉള്ളതിനെയൊന്നും കാണില്ല.അവിടൊരുത്തൻ നിനക്കായ് വല വിരിച്ചു കൊണ്ട് കാത്തിരിപ്പുണ്ട്.അതൊന്ന് ക്ലിയർ ചെയ്യാൻ വേണ്ടി ചോദിച്ചതാ " ഫൈസി ഗൗരവത്തോടെ പറഞ്ഞു. "ആഹ്.. പ്രണയം അങ്ങനാണ് എന്ന് ഒരിക്കലും പ്രണയിക്കാത്ത നിനക്കെങ്ങനെ അറിയാമെടാ മോനെ ഫൈസി?" കള്ളചിരിയോടെ വീണ്ടും ക്രിസ്റ്റിയുടെ ചോദ്യം. ഫൈസി പെട്ടത് പോലെ ഒരു നിമിഷം നിന്ന് പോയി. ഇവനിത് എന്ത് ഭാവിച്ച ന്റെ പടച്ചോനെ? പഹയന്റെ ഓരോ വാക്കുകളും എന്റെ ഇടനെഞ്ചിലാണ് പൊട്ടി ചിതറുന്നതെന്ന് ഇവനറിയുന്നുണ്ടോ? അവളെ ഒന്നറിയിച്ചിട്ട്.. ആ ഉത്തരമൊന്നു കേട്ടാൽ..അതിനി എന്തായാലും.. ഇവനോട് ഒന്ന് പറഞ്ഞിട്ട് ഹൃദയത്തിലെ ഈ ഒളിച്ചു കളിയുടെ ഭാരം ഒഴിവാക്കാമായിരുന്നു. "എന്തോന്നെടെ..ഇത്രേം ഓർക്കാൻ..?" ക്രിസ്റ്റി വീണ്ടും ചോദിച്ചു. "സിലബസിൽ ഇല്ലാത്ത ചോദ്യം ചോദിച്ചതും പോരാ.ഓന്റൊരു..ഒലക്കമ്മലെ സംശയം." ഫൈസി അവസാന അടവേണോണം പല്ല് കടിച്ചു കൊണ്ട് പറഞ്ഞു. "ആഹ്.. അത് വിട് മോനെ.നീ ഉത്തരം പറഞ്ഞിട്ട് പോയാ മതി " ക്രിസ്റ്റി വിടാനുള്ള ഭാവമില്ല. "എടാ.. അതിപ്പോ.. ഇതൊക്കെ അറിയാൻ പ്രണയം... പ്രണയം വേണമെന്നുണ്ടോ.?ഞാൻ കാണുന്നതല്ലേ.. നിലാവാത്തു അഴിച്ചു വിട്ട കോഴിയെ പോലെ.. ഇവിടൊരുത്തൻ നിലാവിന്റെ തോഴനെ പോലെ ചുറ്റി തിരിയുന്നത്.അത്രയൊക്കെ അറിവ് മതി തത്കാലം ഇതൊക്കെ പറയാൻ " ഫൈസി പറഞ്ഞത് കേട്ടതും ക്രിസ്റ്റിയൊന്നു തല കുലുക്കി. "ഓ..അങ്ങനെ ആണല്ലേ..? ശെരി.. ആയിക്കോട്ടെ." ക്രിസ്റ്റി ചിരിയോടെ സമ്മതിച്ചു കൊടുത്തു. 'ശെരിയെന്നാ.. ഞാൻ പോയി." അത് പറഞ്ഞു കൊണ്ട് ഫൈസി ബൈക്കിലേക്ക് കയറി. "ന്താടാ?" പോക്കറ്റിൽ മാറി മാറി തിരയുന്ന ഫൈസിയോട് ക്രിസ്റ്റി ചോദിച്ചു. "കീ...കാണുന്നില്ലടാ " ഫൈസി വീണ്ടും ജീൻസിന്റെ പോക്കറ്റിൽ തപ്പി കൊണ്ട് പറഞ്ഞു. "നീ എവിടാ വെച്ചത്..?ഓർത്തു നോക്ക് " "എനിക്കോർമ്മയില്ലേടാ. സാധാരണ പോക്കറ്റിൽ ഇടാറുള്ളതാ " "എന്റെ മുറിയിൽ ഉണ്ടോ ഇനി?" "അറിയില്ല " ഫൈസി കൈ മലർത്തി.. "വാ നോക്കാം " അതും പറഞ്ഞിട്ട് ക്രിസ്റ്റി അകത്തേക്ക് കയറുമ്പോൾ.. എങ്ങാനും പോവും മുന്നേ പ്രിയപ്പെട്ടവളുടെ മുഖമൊന്നു കാണാൻ വീണ്ടും അങ്ങോട്ട് കയറാൻ ആ കീ മനഃപൂർവം അവിടെ വെച്ചതോർത്തു കൊണ്ട് ഫൈസി ചിരിക്കുന്നുണ്ടായിരുന്നു..........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story