നിളയോഴുകും പോൽ 💙: ഭാഗം 11

nilayozhukumpol

രചന: റിനു

അവളെ കണ്ടതും ശ്രുതി എഴുന്നേറ്റു വന്നിരുന്നു... ഒരു ചെറിയ പുഞ്ചിരി അവൾക്ക് സമ്മാനിച്ച് കയ്യിലിരുന്ന ലെറ്റർ ശ്രുതിക്ക് നൽകി... " വെൽക്കം അവർ ഫാമിലി... ചെറുചിരിയോടെ അനുഗ്രഹ പറഞ്ഞു, അവൾക്ക് നേരെ കൈ നീട്ടിയപ്പോൾ നിറഞ്ഞ ഒരു പുഞ്ചിരി അവളുടെ ചുണ്ടിൽ വിടർന്നിരുന്നു... ഒരു നിധിപോലെ അവൾ ആ കത്ത് വാങ്ങി, അതിനുശേഷം അനുഗ്രഹയ്ക്ക് കൈ നൽകി.. പുറത്തേക്കിറങ്ങിയപ്പോഴും സന്തോഷം തന്നെയായിരുന്നു അവളെ വലയം ചെയ്തത്, ഉടനെ തന്നെ ഒരു സൂപ്പർമാർക്കറ്റിൽ കയറി വീട്ടിലേക്ക് അത്യാവശ്യം വേണ്ട കുറെ സാധനങ്ങൾ വാങ്ങി... അതോടൊപ്പം തന്നെ അമ്മയ്ക്ക് 2 നൈറ്റി വാങ്ങി, കുറച്ചുകാലങ്ങളായി അമ്മ നിറം മങ്ങിയ തുണിയാണ് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്.... അനിയൻ കുഞ്ഞൂട്ടന് ഇഷ്ടപ്പെട്ട ബേക്കറി സാധനങ്ങൾ വാങ്ങി, അച്ഛനും കുറച്ചു മരുന്നുകളും മറ്റും വാങ്ങി, ഏറെ സന്തോഷത്തോടെ വീട്ടിലേക്ക് ബസ് കയറി... എത്രയോ നാളുകൾക്ക് ശേഷമാണ് ഇത്രയും സമാധാന പൂർണമായി മനസ്സ് നിലനിൽക്കുന്നത് എന്ന് ശ്രുതി ഓർക്കുകയായിരുന്നു....

വീട്ടിൽ വരെ എത്തുന്ന ക്ഷമയുണ്ടായിരുന്നില്ല ബസ്സിലിരുന്ന് തന്നെ സിന്ധു ചേച്ചിയെ വിളിച്ചു, ജോലികിട്ടിയ കാര്യം പറഞ്ഞപ്പോൾ ചേച്ചിക്കും വലിയ സന്തോഷമായിരുന്നു... പിന്നീട് അച്ചാർ കമ്പനിയിലെ രാജമ്മ ചേച്ചിയെ വിളിച്ച് മറ്റൊരു ജോലി ശരിയായി എന്നും നാളെ തന്നെ ജോയിൻ ചെയ്യേണ്ടതിനാൽ ഇനി മുതൽ വരാൻ പറ്റില്ല എന്നു പറഞ്ഞു, പെട്ടെന്ന് ജോലി നിർത്തിയതിന്റെ നീരസം അവളുടെ സംസാരത്തിൽ ഉണ്ടായിരുന്നു....തത്കാലം ഉള്ളിൽ നിറഞ്ഞു നിൽക്കുന്ന സന്തോഷത്തെ ശൂന്യമാക്കാൻ ആ വാക്കുകൾക്ക് കെൽപ്പ് ഉണ്ടായിരുന്നില്ല... ജോലിക്ക് പോകാനായി ഇറങ്ങിയ മകൾ ഉച്ചയായപ്പോൾ തിരികെ വരുന്നത് കണ്ടപ്പോൾ അമ്മയിൽ ഒരേപോലെ ആധിയും പരിഭ്രമവും നിറഞ്ഞിരുന്നു.... " എന്താടി...? ഇന്ന് പോയില്ലേ...? ആ തലകറക്കം വീണ്ടും വന്നോ...? പെട്ടെന്ന് അരികിലേക്ക് വന്നു കൊണ്ട് ചോദിച്ചു, "അല്ല അമ്മേ ഒരു സന്തോഷ വാർത്തയുണ്ട്... പെട്ടെന്ന് തന്നെ അവൾ അമ്മയെ കെട്ടിപ്പിടിച്ചു, കാര്യം മനസ്സിലാവാതെ അവർ അവളുടെ മുഖത്തേക്ക് നോക്കി, " എനിക്ക് ജോലി കിട്ടി... നല്ലൊരു ജോലി.... നമ്മുടെ സിറ്റിയിലെ ഏറ്റവും വലിയ കമ്പനിയിലാണ്, നല്ല ശമ്പളം ഉണ്ട്... മാസം 25000 രൂപ ശമ്പളം.... " നീ എന്താ ഈ പറയുന്നത്...? അതിനുമാത്രം എന്തു ജോലി..?

എനിക്ക് പേടിയാവുന്നു കേട്ടിട്ട്.... അജിത തന്റെ ആശങ്ക മറച്ചുവെച്ചില്ല.... " ഞാൻ പറഞ്ഞില്ലേ അമ്മേ, അത് വലിയ കമ്പനി ആയതുകൊണ്ട് ആണ് അത്ര രൂപ ശമ്പളം തരുന്നത്.... ഞാനും അത് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.... അവിടെ എനിക്ക് ജോലി കിട്ടുമെന്ന്.... ഇന്നലെ ഒരു സാർ വന്നില്ല, ആ സാറിന്റെ കമ്പനി ആണ്.... നമ്മുടെ സിറ്റിയിലെ ഒരുപാട് സ്ഥലത്ത് അവർക്ക് കുറെ കമ്പനികളുണ്ട്.... തുണിക്കട, ജ്വല്ലറി, പിന്നെ ഫാക്ടറി അങ്ങനെ ഒത്തിരി കമ്പനികൾ.... ആ സാറിന്റെ ഓഫീസിലേക്ക് ആണ് എനിക്ക് ജോലി കിട്ടിയിരിക്കുന്നത്.... പേഴ്സണൽ സെക്രട്ടറി ആയി ആണ്.... അതാണ് 25,000 രൂപ ശമ്പളം, " സത്യമാണോ മോളെ...? മനസ്സിലാവാതെ അജിത ചോദിച്ചു... " സത്യമാ അമ്മേ.... ഇനി നാളെ മുതൽ ജോയിൻ ചെയ്യണം, എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല..... ശമ്പളത്തിന് മുന്നേ തന്നെ 10000 രൂപ തന്നു, ബാക്കി 15000 രൂപ ഈ മാസം ലാസ്റ്റ് കിട്ടും... അപ്പോൾ ഇന്നലെ നീ പോയ ഇന്റർവ്യൂ വിജയിച്ചു അല്ലേ...? " ഒരുപാട് കുഴപ്പിക്കുന്ന ചോദ്യങ്ങൾ ചോദിച്ചു.... ഞാൻ എല്ലാത്തിനും ധൈര്യത്തോടെ നേരിട്ടു...

ഇപ്പോൾ സമാധാനമായി കുറച്ച്, ഇനി കുറച്ചു പണം കൊടുത്തു കടം തീർക്കണം, എന്തെങ്കിലും ചിട്ടി കൂടണം, എന്നിട്ട് ആദ്യം ആ ശിവന്റെ കടം തീർക്കണം.... അത് കഴിഞ്ഞിട്ടേ ഉള്ളൂ ബാക്കി കടങ്ങളൊക്കെ, ശ്രുതി പറഞ്ഞു... " ഒരുപാട് മനക്കോട്ട കെട്ടണ്ട.. ആദ്യം ജോലി എങ്ങനെയാണ് എന്നൊക്കെ തീരുമാനിച്ചിട്ട് മതി.... എനിക്ക് എന്തോ ശമ്പളം കേട്ടിട്ട് വല്ലാതെ പേടി തോന്നുന്നു... നമ്മുടെ നാട്ടിലൊക്കെ ഇത്ര ശമ്പളം കിട്ടുമോ ഒരു ജോലിക്ക്..... എനിക്ക് വലിയ അറിവില്ല എങ്കിലും ഇത്രയൊന്നും കിട്ടില്ലെന്ന് എനിക്ക് തോന്നുന്നത്.... അജിത തന്റെ ആശങ്ക മറച്ചു വച്ചില്ല... " അത് ശരിയാണ് അമ്മേ.... നമ്മുടെ ഇവിടുത്തെ നാട്ടിലൊക്കെ ഇത്രയും ശമ്പളം കിട്ടുക എന്ന് പറയുന്നത് വലിയ കാര്യം തന്നെയാണ്.... പിന്നെ അവരെ വലിയ വലിയ ആൾക്കാർ ആയതുകൊണ്ട് ചിലപ്പോൾ നമ്മൾ ചെയ്യുന്ന ജോലിക്ക് അനുസരിച്ച് തന്നെ ശമ്പളം തരുന്നതായിരിക്കും, " ഏതായാലും നീ നന്നായിട്ട് അന്വേഷിച്ചിട്ട് ജോലിക്ക് പോയാൽ മതി.... ഇപ്പോഴത്തെ കാലമല്ലേ വലിയ ആൾക്കാരാ അവരൊക്കെ, നല്ല സ്വാധീനം ഉള്ളവരായിരിക്കും...

എന്തെങ്കിലുമൊക്കെ പറ്റിയാൽ നമുക്ക് മാത്രമേ പോകാൻ ഉള്ളൂ... പ്രൈവറ്റ് സെക്രട്ടറി എന്നൊക്കെ പറയുമ്പോൾ എന്താ ജോലി എന്ന് നമുക്കറിയില്ലല്ലോ... നീയാണെങ്കിൽ കാണാൻ വലിയ തെറ്റില്ലാത്ത ഒരു പെൺകുട്ടിയും, ഇത്രയും വലിയ ശമ്പളത്തിൽ ഒക്കെ ജോലി തരിക എന്ന് പറയുമ്പോൾ അമ്മയ്ക്ക് എന്തോ ഒരു പേടി പോലെ... ചിലപ്പോൾ അത് അമ്മയുടെ മാത്രം പേടിയായിരിക്കും.... അജിത മനസിലെ ആവലാതികൾ പങ്കുവച്ചു.. " അമ്മ ഉദ്ദേശിക്കുന്നത് എന്താണ് എന്ന് എനിക്കറിയാം.... പക്ഷേ അമ്മയ്ക്ക് ആ കമ്പനിയെക്കുറിച്ച് അറിയാഞ്ഞിട്ടാണ്.... അവിടെ ജോലിചെയ്യുന്ന ഭൂരിഭാഗം വരുന്നവർക്കും ഇത്രയും രൂപയുണ്ട് ശമ്പളം, "ജോലി നല്ലതാണെങ്കിൽ നമ്മുടെ ഭാഗ്യം.... ഈശ്വരൻ നൽകിയ അനുഗ്രഹം അങ്ങനെ കരുതാം..... നീ എന്തായാലും കേറി വാ ചോറ് കഴിക്കാം, "ഉം... ഞാൻ കുറെ സാധനം വങ്ങിയിട്ടുണ്ട് പിന്നെ മീൻ വാങ്ങിയിട്ടുണ്ട്, ഒരു മാസത്തേക്കുള്ള കുറേ സാധനം വാങ്ങിയിട്ടുണ്ട്.... ഇനിയിപ്പോ അച്ചാരറ് കമ്പനിയിൽ നിന്ന് കിട്ടുപോലെ ആഴ്ചയിൽ ഒന്നും പൈസ കിട്ടില്ല മാസത്തിലെ ഉള്ളു...

ആവശ്യമുള്ളതൊക്കെ വാങ്ങി വെക്കുന്നത് ആണ് നല്ലത്.... അച്ഛനോട്‌ ഞാൻ ഈ . സന്തോഷവാർത്ത പറയട്ടെ, അത് പറഞ്ഞു അവള് പറഞ്ഞു മുറിക്കുള്ളിലേക്ക് കയറി..... ചെറിയ ഒരു ആശ്വാസമായിരുന്നു അജിതയ്ക്കും തോന്നിയിരുന്നത്.... എങ്കിലും മകൾക്ക് യാതൊരുവിധത്തിലുള്ള അബദ്ധവും ഉണ്ടാവരുതെന്ന് ആ മാതൃഹൃദയം പ്രാർത്ഥിച്ചു.... രാവിലെ നേരത്തെ പോകേണ്ടതു കൊണ്ട് തന്നെ അമ്പലത്തിൽ പോകാൻ സമയം കിട്ടില്ലന്ന് ഉറപ്പായതിനാൽ അവൾ വൈകുന്നേരം അഞ്ച് മണിയോടെ അമ്പലത്തിലേക്ക് പോയിരുന്നു..... അമ്പലത്തിൽ പോയി കൃഷ്ണനോട്‌ നന്നായിത്തന്നെ നന്ദിപറഞ്ഞു... നേർച്ചയും വഴിപാടുകളും എല്ലാം തന്നെ ചെയ്തു... " ഒരുപാട് താങ്ക്സ്...! അന്ന് നേർച്ച നേർന്നു പോയപ്പോൾ ഞാൻ വിചാരിച്ചില്ല ആ ജോലി എനിക്ക് തന്നെ കിട്ടുമെന്ന്... എന്റെ വിഷമങ്ങൾ കാണാൻ ഈശ്വരൻ ഉണ്ടല്ലോ, ആ ഒരു സമാധാനമുണ്ട്.... വിഗ്രഹത്തിൽ നോക്കിയവൾ പ്രാർത്ഥിച്ചു.... പിന്നെ സമാധാനത്തോടെ വീട്ടിലേക്ക് ചെന്നു, വീട്ടിൽ ചെന്നപ്പോൾ പരിചയമില്ലാത്ത ഒരു നമ്പരിൽ നിന്നും മൂന്ന് മിസ്കോൾ കിടക്കുന്നത് കണ്ടു....

3 വട്ടം വിളിച്ചതിനാൽ തന്നെ അവൾ തിരിച്ചു വിളിച്ചു... രണ്ടുമൂന്ന് ബെല്ലിന് ശേഷം ആണ് ഫോണെടുത്തത്.... " ഈ നമ്പറിൽ നിന്ന് ഒരു കോൾ വന്നിരുന്നു, ആരാ...? അവൾ ചോദിച്ചു... " ശ്രുതി അല്ലേ...? അല്പം ഗൗരവം നിറഞ്ഞ ആ സ്വരം കേട്ടപ്പോൾ തന്നെ ഉടമയെ അവൾക്ക് മനസ്സിലായിരുന്നു.. " സഞ്ജയ് സാറാണോ...? "അതെ.... ഞാന് മൊബൈൽ വാങ്ങണം എന്ന് പറഞ്ഞത് വാങ്ങിയിരുന്നില്ലേ...? അവൻ ചോദിച്ചു... "ഇല്ല സർ... ആരും തന്നില്ല... " ആര് തരാനാ...? അത് തന്റെ ആവശ്യമാണ്, ഞാൻ പറഞ്ഞില്ലേ തനിക്കൊരു ഫോൺ ഉണ്ടാവുമെന്ന് റിസപ്ഷൻ ഇരിക്കുന്ന ആരോടെങ്കിലും അത് ചോദിച്ചു വാങ്ങുമായിരുന്നു... പെട്ടെന്ന് അവന്റെ സ്വരത്തിലേ ദേഷ്യം അവളിൽ ഭയം നിറച്ചിരുന്നു, " സോറി സർ....!എനിക്ക് അറിയില്ലായിരുന്നു... ഇനി ഞാൻ ശ്രദ്ധിച്ചോളാം, " തുടക്കംതന്നെ കല്ലുകടിയാണല്ലോ ശ്രുതി ഒരുകാര്യം ഏൽപ്പിച്ചാൽ അതിൽ പെർഫെക്റ്റ് ആയിരിക്കണം, അത് എനിക്ക് നിർബന്ധമാണ്..... പിന്നെ നാളെ രാവിലെ എട്ടര ആകുമ്പോൾ എന്റെ വീടിന് മുന്നിൽ ഉണ്ടായിരിക്കണം, " ആ ശരി സർ.. ഉണ്ടാകും... "

എന്റെ വീട് തനിക്കറിയോ...? "അറിയില്ല സർ.... " പിന്നെ എങ്ങനെയാ നാളെ എട്ടരയ്ക്ക് വീട്ടിൽ വരുന്നത്....? ,"സോറി സർ... അത് ഓർത്തില്ല, " തനിക്ക് ഈ ജോലി പറ്റൂമോ...? അവൻ വീണ്ടും ചോദിച്ചു... " ഞാനൊക്കെ പരിചയിച്ചു വരുന്നതേയുള്ളല്ലോ സർ.... പോകെ പോകെ ഒക്കെ ശരിയായിക്കൊള്ളും... പക്ഷേ കുറച്ചു സമയം വേണ്ടിവരും എന്നേയുള്ളൂ, "ശരി ശരി... ഓഫീസിന്റെ അടുത്തുള്ള ബസ് സ്റ്റോപ്പിൽ വരണം... പിന്നെ ഞാൻ പറയുന്ന വഴി വരണം, ഒരു കാര്യം ചെയ്താൽ മതി രാവിലെ ഓഫീസിൽ വന്നിട്ട് താൻ എന്നെ വിളിക്കുക... അപ്പോൾ ഞാൻ വഴി പറഞ്ഞു തരാം, പിന്നെ അവിടുന്ന് ബസ്സിൽ ഒന്ന് കേറി വരാൻ നിക്കണ്ട, ഒരു ഓട്ടോയിൽ വന്നാൽ മതി.... ' ശരി സർ.... " പിന്നെ വരാം എന്ന് പറഞ്ഞാൽ എട്ടരയ്ക്ക് തന്നെ വരണം, 8. 31 പോലും ആകാൻ പാടില്ല, അത് എനിക്കിഷ്ടമുള്ള കാര്യമല്ല.... " ശരി സർ.... " പിന്നെ ഇപ്പൊൾ തന്നെ മൂന്നുവട്ടം ഫോൺ വിളിച്ചു, എന്നിട്ടും തന്നെ കിട്ടിയില്ല... എപ്പോൾ വിളിച്ചാലും കോൾ എടുക്കണം, " ഞാൻ അമ്പലത്തിൽ പോയിരിക്കയായിരുന്നു... അപ്പൊൾ ഫോൺ കൊണ്ടു പോയിട്ട് ഉണ്ടായിരുന്നില്ല...

" ഓക്കേ...! അപ്പോയ്ന്റ്മെന്റ് ലെറ്റർ തന്റെ കയ്യിൽ കിട്ടിയ സമയം മുതൽ തന്നെ ജോലിയിൽ പ്രവേശിച്ചു ഇപ്പോൾ കമ്പനിയുടെ ആളാണ്, അപ്പൊൾ കമ്പനി കാര്യങ്ങൾ പറയാൻ എപ്പോഴും ഫോൺ വിളിക്കും... കമ്മ്യൂണിക്കേഷൻ ഉണ്ടായിരിക്കണം, " ശരി സർ .... ഫോൺ കട്ട് ചെയ്തപ്പോൾ ആണ് അവൾക്ക് ശ്വാസം നേരെ വീണത്.... ഇയാൾക്കൊപ്പം എങ്ങനെയാണ് ജോലി ചെയ്യുന്നത് എന്നൊരു ഭയം ഒരു നിമിഷം അവളിൽ നിറഞ്ഞിരുന്നു, അവൻ വലിയ കർക്കശകാരൻ ആണെന്ന് ഈ ഒരു ഒറ്റ ഫോൺകോളിൽ കൂടി തന്നെ അവൾക്കു മനസ്സിലായി.......കാത്തിരിക്കോ.. ❤️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story