നിളയോഴുകും പോൽ 💙: ഭാഗം 24

രചന: റിനു
ഒടുവിൽ ആ സത്യത്തെ അവൾ തിരിച്ചറിഞ്ഞു തന്റെ ഹൃദയത്തിൽ ആരോ ആവേശിച്ചിട്ടുണ്ട്, മായിച്ചാലും മറച്ചാലും തന്നിൽ നിന്ന് അകന്നു പോകില്ലന്ന വാശിയോടെ ആ രൂപം അവിടെ തെളിയുന്നുണ്ട്. ആ രൂപത്തിനപ്പോൾ സഞ്ജയുടെ മുഖമായിരുന്നു, ആ കണ്ണുകളിൽ അപ്പോൾ അടങ്ങാത്ത പ്രണയം ആയിരുന്നു.. ഈശ്വരാ താൻ എന്തൊക്കെയാണ് ചിന്തിച്ചു കൂട്ടുന്നത്, അവളിൽ ഭയവും അമ്പരപ്പും ഒരേപോലെ നിറഞ്ഞു... കാന്റീനിൽ എത്തി ഭക്ഷണം ഓർഡർ ചെയ്തിട്ടും മനസ്സ് മറ്റെവിടെയാണെന്ന് സഞ്ജയ്ക്ക് തോന്നിയിരുന്നു, ഭക്ഷണം അരികിൽ കൊണ്ടുവച്ച് സപ്ലൈയർ വിളിച്ചപ്പോഴാണ് ബോധം മനസ്സിലേക്ക് തിരികെ വന്നത് പോലും, അയാളുടെ മുഖത്തേക്ക് ഒരു പ്രേതത്തെ കണ്ടതുപോലെ സൂക്ഷിച്ചു നോക്കി സഞ്ജയ്. പിന്നെ ബോധം വീണ്ടെടുത്ത് ഭക്ഷണം കഴിക്കാൻ തുടങ്ങി, അവൾക്കരികിൽ നിൽക്കുമ്പോൾ തനിക്ക് സ്വയം നഷ്ടമാകുന്നത് പോലെ, എന്താണ് സംഭവിക്കുന്നത്, ഹൃദയത്തിൽ ഒരു പിടപ്പു പോലെ..
ആത്മാവിനുള്ളിലേക്ക് ആഴ്ന്നിറങ്ങുന്ന അവളുടെ കണ്ണുകൾ, കാലങ്ങൾക്ക് ശേഷം തന്റെ ഉടലിലും ഉയിരിലും വന്നുപോകുന്ന മാറ്റങ്ങളെക്കുറിച്ച് അവൻ ചിന്തിക്കുകയായിരുന്നു, പെട്ടെന്ന് മനസ്സ് ഒരു കൗമാരക്കാരനിലേക്ക് പരകായപ്രവേശം നടത്തിയത് പോലെ, ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന ആ നിഷ്കളങ്കമായ മുഖം. അത് ചിന്തിച്ച് നിമിഷം തന്നെ ഓർമ്മകളുടെ ചില്ലലമാരിക്കുള്ളിൽ നിന്നും ചില വേദനിപ്പിക്കുന്ന ഓർമ്മചിന്തുകൾ അവനെ മാടി വിളിച്ചു, പാടില്ല ഒരിക്കൽക്കൂടി വേദന പാടില്ല... അവന്റെ മനസ്സിൽ അങ്ങനെയൊരു ചിന്ത ഉടലെടുത്തു, പാടെ തകർന്നു പോയവനാണ് ഇനിയും ഒരു തകർച്ച കൂടി തനിക്ക് താങ്ങാൻ ആവില്ല. ആ തകർച്ചയ്ക്ക് തന്നെ അപ്പാടെ ഇല്ലാതാക്കാനുള്ള ഒരു കരുത്ത് ഉണ്ടാകുമെന്ന് അവന് ഉറപ്പാണ്, ഇനി വയ്യ സ്നേഹത്തിന്റെ പേരിൽ മറ്റുള്ളവരെ വേദനിപ്പിക്കാൻ, അതിന് അർഹതയില്ലാത്തവൻ ആണ്. സ്നേഹിക്കാൻ ദൈവം വിധിച്ചിട്ടില്ലാത്തവനാണ് താൻ. തന്നിൽ അത്തരം ചിന്തകൾ ഉടലെടുക്കുന്നത് പോലും തെറ്റാണെന്ന് അവന് തോന്നി, അല്ലെങ്കിൽ തന്നെ കൊച്ചോരു പെൺകുട്ടി, തന്നെക്കാൾ എത്രയോ ചെറുപ്പമാണ് അവൾ,
അവളെ കുറിച്ച് ഇങ്ങനെ ബാലിശമായി താൻ ചിന്തിച്ചത് തന്നെ തെറ്റാണ്. ഒരു നേരം തന്റെ മനസ്സിൽ തോന്നിയ ചിന്തയോട് അവനു വെറുപ്പ് തോന്നിയിരുന്നു, എല്ലാം അറിഞ്ഞിട്ടും എന്തിനാണ് മനസ്സെ നീ ഇങ്ങനെ വീണ്ടും മോഹിക്കുന്നത്, മോഹിക്കാനും സ്നേഹിക്കാനും കഴിയുന്ന ജന്മം അല്ല ഇത് എന്ന് പൂർണ ബോധ്യം ഉണ്ടായിട്ടും എന്തിനാണ് ഇങ്ങനെ സ്നേഹത്തിനായി വെമ്പൽ കൊള്ളുന്നത്.? അവൻ മനസ്സിനോട് തന്നെ ചോദിച്ചു. പിന്നെങ്ങനെയോ ഭക്ഷണം കഴിച്ച് തന്റെ ഉള്ളിൽ നിറഞ്ഞുനിൽക്കുന്ന വികാരങ്ങളെയെല്ലാം അടക്കി നിർത്തി ഗൗരവത്തിന്റെ മുഖം മൂടിയണിഞ്ഞു മുറിയിലേക്ക് നടന്നു സഞ്ജയ്. അകത്തേക്ക് കയറി വന്നതും അവളിലും ഒരു പരിഭ്രമം നിറഞ്ഞു, ഇതുവരെ കണ്ടതുപോലെയല്ല ഈ നിമിഷം മുതൽ അവനോട് സംസാരിക്കുമ്പോൾ താൻ എന്തോ കള്ളം ചെയ്യുന്നതുപോലെ അവൾക്ക് തോന്നി, അവനോട് എന്തോ മറയ്ക്കാൻ ശ്രമിക്കുന്നത് പോലെ...
ഉള്ളിൽ ഉറഞ്ഞുകൂടുന്ന വികാരത്തെ അവനിൽ നിന്നും ഒളിപ്പിക്കാൻ അവൾ ശ്രമിക്കുകയായിരുന്നു, അവനെ നോക്കാതിരിക്കാൻ മിഴികളെ അവൾ പിടിച്ചു കെട്ടുകയായിരുന്നു, മറുപുറത്ത് അവന്റെ അവസ്ഥയും മറ്റൊന്നായിരുന്നില്ല. തന്റെ ഉള്ളിലെ വികാരങ്ങളെ വിവേകത്തിന്റെ ആവരണത്തോടെ അവനും തടഞ്ഞു നിർത്തിയിരുന്നു. അവളെ കാണുമ്പോൾ അന്യമായി പോകുന്ന തന്റെ വിവേകത്തെ തിരികെ കൊണ്ടുവരുവാനുള്ള ഒരു വിഫല ശ്രമമായിരുന്നു അവനും നടത്തിയത്. രണ്ടുപേരും പരസ്പരം ഒരു ഒളിച്ചുകളി നടത്തുകയായിരുന്നു, "സാർ മീറ്റിംഗ്...? അവന്റെ മുഖത്തേക്ക് നോക്കാതെ അവൾ ചോദിച്ചു, " മീറ്റിംഗ് കഴിഞ്ഞു പോയില്ലേ..? ഗൗരവത്തോടെ അവനും മറുപടി പറഞ്ഞു, " ഞാൻ കാരണം ആ മീറ്റിംഗ് നടന്നില്ലല്ലോ, " താൻ കാരണം ഒന്നുമല്ല. അത് നടക്കാനുള്ള യോഗമുണ്ടായിരുന്നില്ല, അതുകൊണ്ട് നടന്നില്ല, ഞാൻ ഡോക്ടറെ ഒന്ന് കണ്ടിട്ട് വരാം.. ഒരുപാട് നേരം അവളുടെ അരികിൽ ഇങ്ങനെ നിൽക്കാൻ തനിക്ക് സാധിക്കില്ലെന്ന് തോന്നിയത് കൊണ്ടാണ് അവൻ പുറത്തേക്കിറങ്ങിയത്. പാടില്ല പാവം കുട്ടിയാണ്,
ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ ജീവിതം പച്ച പിടിപ്പിക്കുവാനുള്ള യാത്രയിലാണ് അവൾ. താൻ കാരണം വേദനിക്കാൻ പാടില്ല. തന്റെ മനസ്സിൽ കുറച്ചു മുൻപ് തോന്നിയതെല്ലാം ഒരു ദുസ്വപ്നം പോലെ മാഞ്ഞു പോയെങ്കിൽ എന്ന് അവൻ ആഗ്രഹിച്ചു.. ആ നിമിഷങ്ങളെ മാത്രം മറവി ഒപ്പിയെടുത്തിരുന്നുവെങ്കിലെന്ന് അവൻ അതിയായി ആഗ്രഹിച്ചിരുന്നു. ഇല്ല മനസ്സിൽ നിന്നത് പോകുന്നില്ല. അവളുടെ രൂപം അതിങ്ങനെ തെളിഞ്ഞു വരികയാണ്, കാരണം ഏതുമില്ലാതെ ഒരുവൾ തന്നിൽ ആവേശിക്കുകയാണ്, തന്റെ ആത്മാവിന് ഒപ്പം ഇഴചേരുകയാണ്. പാടില്ലെന്ന് വിലക്കിയിട്ടും കണ്ണുകൾ കൊതിയോടെ ആ മുറിയിലേക്ക് നീളുകയാണ്. അവിടെ തന്റെ പ്രിയപ്പെട്ട ആരോ ഉള്ളതുപോലെ.. ഡോക്ടറുടെ റൂമിലേക്ക് ചെന്നു കുഴപ്പങ്ങളൊന്നും ഇല്ലാത്തതുകൊണ്ട് വൈകുന്നേരം തന്നെ പോകാം എന്ന് ഡോക്ടർ പറഞ്ഞു. അവനാകാര്യം അവളെ അറിയിക്കുകയും ചെയ്തു. " വീട്ടിലേക്ക് വിളിച്ചില്ലല്ലോ അവര് പേടിക്കില്ലേ..? സഞ്ജയ് തന്നെയാണ് ചോദിച്ചത്. " വേണ്ട സർ അമ്മയോട് സംസാരിച്ചാൽ ചിലപ്പോൾ ഞാൻ എല്ലാം പറഞ്ഞു പോകും, അമ്മയ്ക്ക് അത് സഹിക്കാൻ പറ്റില്ല..
നേരിട്ട് ചെന്ന് പറയുമ്പോൾ എനിക്ക് അവരെ പറഞ്ഞു മനസ്സിലാക്കാൻ പറ്റുമല്ലോ, " വൈകിട്ട് ഫ്ലൈറ്റ് ബുക്ക് ചെയ്യട്ടെ..? തനിക്ക് ഒരു ദിവസം കൂടി റസ്റ്റ് എടുക്കണമെങ്കിൽ നമുക്ക് ഏതെങ്കിലും ഒരു ഹോട്ടലിൽ മുറിയെടുക്കാം, " വേണ്ട സർ.. ഇനിയും ഹോട്ടൽ റൂമിൽ ഒറ്റയ്ക്ക് എനിക്ക് പേടിയാ, നമുക്ക് തിരിച്ചു പോകാം.. " ശരി അത് തന്നെയാണ് നല്ലതെന്ന് അവനും തോന്നിയിരുന്നു, അവളുടെ അസാന്നിധ്യമാണ് ഇപ്പോൾ തനിക്ക് ആവശ്യം. ആ അസാന്നിധ്യത്തിൽ മനസ്സിനെ പാകപ്പെടുത്തണം, വീണ്ടും അവളുടെ സാന്നിധ്യം തന്റെ അരികിൽ നിലനിൽക്കുന്ന നിമിഷം മുഴുവൻ താൻ താനല്ലാതെ ആയി പോവുകയാണ്, ഫ്ലൈറ്റ് ബുക്ക് ചെയ്തുവെന്ന് അറിഞ്ഞ നിമിഷം തന്നെ അവൾക്ക് ആശ്വാസം തോന്നിയിരുന്നു... രണ്ടുപേരും ഒരുമിച്ചാണ് എയർപോർട്ടിലേക്ക് പോയിരുന്നത്. എയർപോർട്ടിലേക്കുള്ള യാത്രയിൽ മുഴുവൻ അവൾ മൗനത്തിൽ ആയിരുന്നു, അവന് പിടികൊടുക്കാത്ത ഒരു ഒളിച്ചുകളിയായിരുന്നു,
അവനും അതേ അവസ്ഥയിൽ തന്നെയായിരുന്നു. അതുകൊണ്ട് രണ്ടുപേരും മൗനത്തിന്റെ വാല്മീകം ഭേദിക്കാൻ ഇഷ്ടപ്പെട്ടിരുന്നില്ല. ഫ്ലൈറ്റിൽ നിന്നും തിരികെ എയർപോർട്ടിൽ എത്തിയപ്പോഴും അവളുടെ മുഖത്ത് ക്ഷീണം നന്ദേ അറിയാമായിരുന്നു, അവൻ ഓഫീസിൽ വിളിച്ച് ഡ്രൈവറോട് കാർ കൊണ്ടുവരാൻ പറഞ്ഞിരുന്നു, ഇപ്പോൾ ഡ്രൈവിംഗ് ചെയ്യുവാനുള്ള ഒരു മാനസികാവസ്ഥയിൽ അല്ല, അതുകൊണ്ട് ഡ്രൈവറാണ് വണ്ടി കൊണ്ടുവന്നത്, കാർ കൊണ്ടുവന്നതും അവൻ അവളോട് കയറാൻ ആവശ്യപ്പെട്ടു, എതിർക്കാൻ അവൾക്കും കഴിയുമായിരുന്നില്ല. ബോധമനസ്സിൽ അവനോടുള്ള വികാരം ശരിയല്ലെന്ന് അറിയാമെങ്കിലും ഉപബോധമനസ് അവന്റെ സാന്നിധ്യം ആഗ്രഹിക്കുകയാണല്ലോ, " ബസ്റ്റോപ്പിൽ വിട്ടാൽ മതി സർ ഞാൻ പൊക്കോളാം, " സാരമില്ല ഈ അവസ്ഥയിൽ എങ്ങനെയാ അങ്ങനെ വിടുക, ഞാൻ വീട്ടിൽ കൊണ്ട് വിടാം... ഡ്രൈവറോട് തന്റെ വീട്ടിലേക്കുള്ള വഴി അവൻ കൃത്യമായി പറഞ്ഞു കൊടുക്കുന്നത് കേട്ടു,
പുതിയൊരു ഡ്രൈവറാണ് അതുകൊണ്ടുതന്നെ സഞ്ജയുടെ സ്വഭാവം ആൾക്ക് അറിയില്ലന്ന് തോന്നുന്നു, വണ്ടി കുറച്ചു മുന്നോട്ടു നീങ്ങിയപ്പോൾ തന്നെ അയാൾ സ്റ്റീരിയോ ഓണാക്കിയിരുന്നു, മറ്റൊരു ലോകത്ത് ആയതുകൊണ്ട് തന്നെ സഞ്ജയ് അതൊന്നും അറിഞ്ഞിരുന്നില്ല, പൊതുവേ വണ്ടിയിൽ പാട്ട് വയ്ക്കുന്നതെന്നും അവന് ഇഷ്ടമല്ല, അമ്പരപ്പോടെ ശ്രുതി അവനെ നോക്കിയപ്പോൾ അവൻ മറ്റേതോ ചിന്തയിലാണ്, പുറത്തേക്ക് നോക്കിയിരിക്കുകയാണ്. "തേരിറങ്ങും മുകിലേ മഴത്തൂവലൊന്നു തരുമോ നോവലിഞ്ഞ മിഴിയിൽ ഒരു സ്നേഹ നിദ്രയെഴുതാൻ ഇരുൾ മൂടിയാലുമെൻ കണ്ണിൽ തെളിയുന്നു താരനിരകൾ" ആ വരികളിൽ അവൾ കുടുങ്ങിക്കിടക്കുകയായിരുന്നു,. ഇടയ്ക്ക് അവന്റെ മുഖത്തേക്ക് നോക്കി, അവൻ ഇതൊന്നുമറിയുന്നില്ല മറ്റെന്തോ ചിന്തയിലാണ്, ഒരുപക്ഷേ മീറ്റിംഗ് മുടങ്ങി പോയതിനെക്കുറിച്ച് ആയിരിക്കാം എന്ന് അവൾ കരുതി,
എന്നാൽ അവൻ അപ്പോഴും ഗ്രാഹ്യമായി ചിന്തിക്കുകയായിരുന്നു. അവളോട് തനിക്ക് തോന്നുന്ന വികാരത്തെ എങ്ങനെ തടുത്തു നിർത്തുമെന്ന്. കണ്ണിൽ ചെറിയൊരു ക്ഷീണം കയറിയ നിമിഷം അറിയാതെ അവൾ ഉറങ്ങിപ്പോയിരുന്നു, കുറച്ച് നിമിഷങ്ങൾക്ക് ശേഷം തോളിൽ ഒരു സ്പർശം ഏറ്റപ്പോഴാണ് അവൻ തിരികെ ബോധത്തിലേക്ക് വന്നത്. നോക്കുമ്പോൾ തന്റെ തോളിലേക്ക് ഉറങ്ങി വീണിരിക്കുകയാണ് അവൾ, തന്റെ തോളിൽ ചാരി കിടക്കുന്നു.. ഉറക്കത്തിൽ സംഭവിച്ചതാണെന്ന് അവന് മനസ്സിലായി. ആ നിമിഷം അവൻ അവളുടെ മുഖത്തേക്ക് നോക്കി, അത്രയും അരികിൽ ആ മുഖം..! തന്റെ തോളിൽ ചേർന്ന്, തന്നിൽ അഭയം പ്രാപിച്ച്. ആ കവിളുകളിൽ വിരലാൽ തലോടാൻ അവന് തോന്നി.. ആ നിമിഷവും സ്റ്റീരിയോയിൽ നിന്നും ആ ഗാനം കേൾക്കുന്നുണ്ടായിരുന്നു. "നോവലിഞ്ഞ മിഴിയിൽ ഒരു സ്നേഹ നിദ്രയെഴുതാൻ ഇരുൾ മൂടിയാലുമെൻ കണ്ണിൽ തെളിയുന്നു താരനിരകൾ".....കാത്തിരിക്കോ.. ❤️