നിളയോഴുകും പോൽ 💙: ഭാഗം 25

രചന: റിനു
വീടിന് അരികിൽ എത്തിയപ്പോഴാണ് അവൾ ഉണർന്നത്, കണ്ണു തുറന്നപ്പോൾ അവന്റെ തോളിലാണ് താൻ, ഒരു നിമിഷം അവൾക്ക് വല്ലായ്മ തോന്നിയിരുന്നു.. അവൾ പെട്ടെന്ന് അവിടെ നിന്നും ചാടി എഴുന്നേറ്റു, അവനെ അഭിമുഖീകരിക്കാൻ അവൾക്ക് അല്പം മടി തോന്നിയിരുന്നു, ഏറെ പ്രിയപ്പെട്ട ആ സാന്നിധ്യം തന്നിൽ നിന്നും അകന്നപ്പോൾ അവനും അറിഞ്ഞു, പെട്ടെന്നവൻ തിരിഞ്ഞു നോക്കി തോളിൽ ചാഞ്ഞ് അവൾ കിടക്കുന്നില്ലെന്ന് മനസ്സിലായതും അരികിലിരിക്കുന്നവളുടെ മുഖത്തേക്ക് ആയിരുന്നു നോട്ടം ചെന്നത്, " നല്ല ക്ഷീണം ഉണ്ടായിരുന്നു എന്ന് തോന്നുന്നു അതാ വിളിക്കാതിരുന്നത്, അവൻ പറഞ്ഞു.. "സോറി സർ ....ഞാൻ അറിയാതെ ഉറക്കത്തിൽ അവനൊന്ന് പുഞ്ചിരിച്ചു കാണിച്ചു. ആ പുഞ്ചിരി അവളിൽ അത്ഭുതം നിറച്ചിരുന്നു, ചെയ്തത് മോശമായിപ്പോയി എന്ന് തോന്നിയെങ്കിലും മനസ്സിന്റെ മറുപുറത്ത് അതൊരു കുഞ്ഞു സന്തോഷമുണർത്തിയിരുന്നു എന്നതാണ് സത്യം, അത്രമേൽ താൻ ഇഷ്ടപ്പെട്ടിരുന്ന സാന്നിധ്യം.
ഒളികണ്ണിട്ട് അവനെ നോക്കി അവൾ ഇടയ്ക്ക്. കട്ടിമീശയും കുറ്റിരോമങ്ങൾ ഒട്ടുമില്ലാത്ത ബുൾഗാൻ താടിയും, ചിരപരിചിതമായ ഗൗരവവും നിറഞ്ഞു നിൽക്കുന്ന മുഖം. വീടിന് അരികിലേക്ക് വണ്ടി എടുക്കുമ്പോൾ അവളുടെ ഉള്ളിൽ ചെറിയൊരു നോവ് നിറഞ്ഞു, ഇനിയും അവനെ പിരിയാൻ പോവുകയാണ്. ഇനി ഈ സാന്നിധ്യം കുറച്ച് സമയത്തേക്ക് ഇല്ല, ഡോർ തുറന്നു വണ്ടിയിൽ നിന്നും ഇറങ്ങിയ നിമിഷം അവൾ അവന്റെ മുഖത്തേക്ക് നോക്കി, " ഞാൻ കൂടി വരാം... വീട്ടിൽ തൽക്കാലം നടന്ന കാര്യങ്ങൾ ഒന്നും പറയണ്ട, അവർ കൂടി ടെൻഷൻ ആവും എന്നല്ലാതെ മറ്റൊരു ഗുണവും ഉണ്ടാവില്ല.തനിക്ക് ചെറിയൊരു തലകറക്കം പോലെ വന്നുവെന്നു പറഞ്ഞാൽ മതി, അവള് തലയാട്ടി സമ്മതിച്ചിരുന്നു. അല്ലെങ്കിലും അവൻ എന്തു പറഞ്ഞാലും അത് കേൾക്കാനുള്ള ഒരു മനസ്സ് ആണല്ലോ ഇപ്പോൾ, ബാഗ് എടുത്ത് പിടിക്കാൻ തുടങ്ങിയവനെ അവൾ തടഞ്ഞു " ഞാൻ പിടിച്ചോളാം സർ... " തനിക്ക് തന്നെ നിൽക്കാനുള്ള ശേഷി പോലുമില്ല, "
അയ്യോ സാർ പിടിക്കാനോ അത്... " സാർ പിടിച്ചെന്നും പറഞ്ഞു ഇപ്പോൾ ഒന്നും സംഭവിക്കാൻ പോകുന്നില്ല, താൻ നേരെ നടക്ക്. അവൻ പറഞ്ഞപ്പോൾ അത് അനുസരിക്കാതിരിക്കാൻ അവൾക്കും തോന്നിയിരുന്നില്ല, അവളെ അനുഗമിച്ച ആ കുഞ്ഞു വീടിന്റെ പടിക്കെട്ടുകൾ കയറുമ്പോൾ അവനും സ്വന്തം മനസ്സിനെ മനസ്സിലാക്കാൻ സാധിക്കാത്ത ഒരു അവസ്ഥയിലായിരുന്നു, വ്യാകുലപ്പെട്ട് ഉമറത്തിരിക്കുന്ന അജിത അവളെ കണ്ടപ്പോഴേക്കും പെട്ടെന്ന് ഓടി അരികിലേക്ക് വന്നു, " എന്താ മോളെ നിനക്ക് എന്തുപറ്റി...?എത്രവട്ടം ഫോൺ വിളിച്ചു. ഫോൺ വിളിച്ചിട്ട് കിട്ടുന്നില്ല, എനിക്കാണെങ്കിൽ ആകെ പേടിയായി ഞാൻ നിങ്ങളുടെ ഓഫീസിലേക്ക് ഇന്ന് വൈകുന്നേരം ആരെയെങ്കിലും കൂട്ടി വരണോന്ന് ഓർത്തിരുന്നത്. ഒരു വിവരവുമില്ലാതെ ഇരുന്നപ്പോൾ ഞങ്ങൾ എന്തു പേടിച്ചു പോയെന്നോ... അവളുടെ മുഖത്തേക്ക് നോക്കി പരിഭ്രാന്തിയോടെ പറഞ്ഞു. പറഞ്ഞു കഴിഞ്ഞപ്പോഴാണ് അരികിലുള്ള ആളെ അജിത കണ്ടിരുന്നത്. പെട്ടെന്ന് അവരുടെ കണ്ണിൽ ഒരു ഭവ്യത നിറഞ്ഞു. "
ശ്രുതിയ്ക്ക് ഒരു തലകറക്കം പോലെ വന്നു, അവിടെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു. അതുകൊണ്ട് ഫോൺ എടുക്കാൻ പറ്റാത്തത്. പെട്ടെന്ന് ക്ലൈമറ്റ് ഒക്കെ ചെയ്ഞ്ച് ആയതുകൊണ്ട് ആകും, മാത്രമല്ല ഇയാൾ ഭക്ഷണം ഒന്നും അങ്ങനെ കഴിക്കുന്നുണ്ടായിരുന്നില്ല. അതുകൊണ്ട് ഞങ്ങൾ യാത്ര ക്യാൻസൽ ചെയ്ത് പോകുന്നു, ഞാൻ കൂടി വന്നത് പരിഭ്രമിക്കുമെന്ന് അറിയായിരുന്നു, ശ്രുതിയുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു ഇങ്ങോട്ട് ഒന്ന് വിളിച്ചു പറയാൻ എന്റെ കയ്യിൽ നമ്പറും ഉണ്ടായിരുന്നില്ല. ഒരു ക്ഷമാപണം പോലെ അവൻ പറഞ്ഞപ്പോൾ അജിത അമ്പരന്നു നിന്നു. " മറ്റൊരു നാട്ടിൽ പോയതല്ലേ സാറേ, പെറ്റ വയറല്ലേ ഞാൻ എങ്ങനെയാ സമാധാനത്തോടെ ഇരിക്കാ, ഇന്നത്തെ കാലം... പേടിച്ചുപോയി. അതുകൊണ്ടാ, അവന്റെ മുഖത്തേക്ക് നോക്കി അവർ പറഞ്ഞു " എനിക്ക് മനസ്സിലാവും അതാണ് ഞാൻ തന്നെ നേരിട്ട് വന്നത്, "സാർ കയറി ഇരിക്ക്, ഞാൻ കാപ്പിയെടുക്കാം, " അയ്യോ വേണ്ട ഞാൻ ശ്രുതിയ്ക്ക് തീരെ വയ്യാത്തത് കൊണ്ട് വന്നെന്നേയുള്ളൂ, " എങ്കിലും ഇവിടെ വരെ വന്നിട്ട് ഒന്നും കുടിക്കാതെ പോയാലോ. കാപ്പിയെടുക്കാം, കയറിയിരിക്കു അത് പറഞ്ഞു ശ്രുതിയെ പിടിച്ചു കൊണ്ട് അകത്തേക്ക് പോയിരുന്നു അജിത,
ആ ക്ഷണം നിരസിക്കാൻ അവന് തോന്നിയില്ല,അവനും കയറിയിരുന്നു. അകത്തേക്ക് ചെല്ലുമ്പോൾ അവളുടെ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു അജിത, ക്ഷീണം അവളുടെ മുഖത്ത് നിറഞ്ഞു നിൽക്കുന്നുണ്ട്. " എന്തുപറ്റി മോളെ? പെട്ടെന്ന് ഇങ്ങനെ വരാൻ അവളുടെ മുഖത്തേക്ക് നോക്കി വാത്സല്യത്തോടെ ചോദിച്ചു. ' അറിയില്ല അമ്മേ സാറ് പറഞ്ഞതുപോലെ അന്തരീക്ഷം മാറിയില്ലെ..?അവിടെ ഭയങ്കര ചൂട് അല്ലേ,അവിടെ ചെന്നപ്പോൾ തന്നെ ഭയങ്കര തലവേദന ആയിരുന്നു, അത് കഴിഞ്ഞ് തലകറക്കം പോലെ വന്നത്, ഞാൻ കാരണം ആ മീറ്റിംഗ് നഷ്ടമായി, ലക്ഷങ്ങളുടെ നഷ്ടം ആയിരിക്കും സാറിന് ഉണ്ടായിട്ടുണ്ടാവുക.. " അത് കഷ്ടമായല്ലോ... നമ്മൾ കാരണം, അജിത പറഞ്ഞു.. അവർ പെട്ടെന്ന് തന്നെ കാപ്പി ഇട്ടിരുന്നു, ഒരു ഗ്ലാസ് അവൾക്ക് നേരെയും നീട്ടി, ശേഷം അതുമായി സഞ്ജയുടെ അരികിലേക്ക് ചെന്നു. " ഇവിടെ ഒരു ആവശ്യത്തിന് പോലും ആരുമില്ല, ഇവൾക്ക് ഒരു അനിയനാണ് ഉള്ളത്,
അവൻ സ്കൂളിൽ പഠിക്കുകയാണ്. ഉണ്ടായിരുന്നൊരാള് ഇങ്ങനെ കിടക്കാൻ തുടങ്ങിയിട്ട് നാൾ കുറെയായി, ആരെകൊണ്ടാ ഞാൻ ഒന്ന് തിരക്കിപ്പിക്കുക, ഞാൻ ഒറ്റയ്ക്ക് എന്ത് ചെയ്യാ, നിസ്സഹായത നിറഞ്ഞ അവരുടെ വാക്കുകൾ കേൾക്കേ അവനും സഹതാപം തോന്നിയിരുന്നു, " ശ്രുതി എന്റെ ഓഫീസിൽ ജോലി ചെയ്യുമ്പോൾ മറ്റ് കാര്യങ്ങൾ ഒന്നും ഓർത്ത് പേടിക്കണ്ട, ശ്രുതി അവിടെ സുരക്ഷിത ആയിരിക്കും. അവരുടെ മുഖത്തേക്ക് നോക്കി അവൻ പറഞ്ഞു. ആ വാക്കുകളിൽ നിറഞ്ഞു നിന്ന ആത്മാർത്ഥത ആ മാതൃഹൃദയത്തെ തണുപ്പിക്കാൻ കഴിവുള്ളതായിരുന്നു, " ശ്രുതിയുടെ അച്ഛൻ ഇവിടെ തന്നെയാണോ അതോ ഏതെങ്കിലും ഹോസ്പിറ്റലിൽ ആണോ..? " ഒരുപാട് ആശുപത്രികളിൽ കാണിച്ചത് ആണ് മോനെ, ഒരു ഗുണവും ഉണ്ടായില്ല, ആയുർവേദത്തിലും കുറെ കാശ് മുടക്കി, എന്നിട്ടും ഗുണം ഉണ്ടായില്ല. ഇപ്പോ ഇവിടെ തന്നെ അകത്തെ മുറിയിൽ, എല്ലാം കേട്ട് അവനെത്തന്നെ കൗതുകത്തോടെ നോക്കി നിൽക്കുകയാണ് അവൾ. ഇതുവരെ കണ്ടതുപോലെയല്ല ഇപ്പോൾ ആ ഒരുവന് എന്തോ ഒരു പ്രത്യേകത ഉള്ളതുപോലെ, "ഞാൻ ഇറങ്ങട്ടെ ഒരിക്കൽ അച്ഛനെ കാണാൻ ഇറങ്ങാം,
ശ്രുതി നന്നായി റസ്റ്റ് എടുത്ത് ഒക്കെയായിട്ട് ഓഫീസിലേക്ക് എത്തിയാൽ മതി, ഞാൻ വിളിക്കാം, ശ്രുതിയുടെ മുഖത്തേക്ക് നോക്കി അവൻ പറഞ്ഞു, അവൾ മെല്ലെ തല ചലിപ്പിച്ചു, യാത്രപറഞ്ഞ് അവൻ ഇറങ്ങിയപ്പോൾ അജിത ശ്രുതിയുടെ മുഖത്തേക്ക് നോക്കി പറഞ്ഞു.. " നല്ലൊരു മനുഷ്യൻ, എന്റെ പേടി നീ ഇയാളുടെ കൂടെയല്ലേ പോയിരിക്കുന്നത് അയാൾ എന്തെങ്കിലും മോശമായി നിന്നോട് ഇടപെടുമോ എന്നായിരുന്നു, അവൾ ഒന്ന് പുഞ്ചിരിച്ചു കാണിച്ചു. "'ഇത്രയും നല്ലൊരു മനുഷ്യനെ ഞാനെന്റെ ജീവിതത്തിൽ കണ്ടിട്ടില്ല അമ്മേ.. മോശമായി ഒരു നോട്ടം പോലും ഉണ്ടാവില്ല, നമുക്ക് തരുന്ന സുരക്ഷിതത്വം അത്ര വലുതാണ്.. ഉറപ്പോടെ പറഞ്ഞു.. "ഇന്നത്തെ കാലത്ത് ഇങ്ങനത്തെ ആളുകൾ ഉണ്ടല്ലോ എന്നുള്ളതാണ് ഒരു ആശ്വാസം, അതും പറഞ്ഞ് അവൻ കുടിച്ച ഗ്ലാസ് എടുത്തുകൊണ്ട് അജിത അകത്തേക്ക് പോയപ്പോൾ അവളും ചിന്തിച്ചത് അതായിരുന്നു. ആ ഒരൊറ്റ കാരണമല്ലേ അവനെ തന്നിലേക്ക് അടുപ്പിച്ചത്, അവൻ തനിക്ക് നൽകിയ സുരക്ഷിതത്വം അവനിൽ തനിക്ക് ഉണ്ടായ വിശ്വാസം, അതിന്റെ പുറത്താണ് ഇപ്പോൾ തന്റെ മനസ്സിൽ അവനോട് തോന്നുന്ന പ്രത്യേകതകൾ എല്ലാം. ഏത് സാഹചര്യത്തിലും പെണ്ണിന്റെ സുരക്ഷിതത്വത്തെ ഉറപ്പുവരുത്തുന്ന ഒരുവനോട് ഒരു സ്നേഹം ഉണ്ടായില്ലെങ്കിൽ അല്ലേ അത്ഭുതമുള്ളൂ.? അവൾ ചിന്തിച്ചു.....കാത്തിരിക്കോ.. ❤️