നിളയോഴുകും പോൽ 💙: ഭാഗം 26

nilayozhukumpol

രചന: റിനു

തിരികെ വീട്ടിലെത്തിയപ്പോഴും അവളുടെ മുഖം മാത്രം മനസ്സിൽ നിറഞ്ഞുനിൽക്കുന്നത് എന്തെന്ന് അവൻ ചിന്തിക്കുകയായിരുന്നു. വർഷങ്ങൾക്കുശേഷം വീണ്ടും തന്നിൽ ഒരു പ്രണയത്തിന്റെ ശ്രുതി ഉണരുന്നത് അവൻ അറിഞ്ഞു. അതിന്റെ അനുപല്ലവികൾക്ക് അവളുടെ ചിരിയായിരുന്നു, പാടില്ലെന്ന് പലവട്ടം മനസ്സിനെ പറഞ്ഞു പഠിപ്പിക്കുമ്പോഴും അവളിലേക്ക് ഒരു പട്ടം കണക്കെ പോകാൻ വെമ്പൽ കൊള്ളുകയാണ് ഉള്ളം. മനസ്സിൽ വലിയ ഭാരം പേറിയവൻ. എന്താണവൾ തന്നിൽ തീർത്ത മായാജാലം.? ആദ്യമായി കണ്ട നിമിഷം തന്നെ എന്തോ ഒരു പ്രത്യേകത അവളിൽ ഉണ്ടായിരുന്നില്ലേ.? താൻ ഒരിക്കലും മറന്നു പോകാൻ ആവാത്ത ഒരു കൂടിക്കാഴ്ച അതായിരുന്നില്ലേ ആദ്യം തന്നെ അവൾ തനിക്ക് സമ്മാനിച്ചത്. അവളോടൊപ്പം ഉണ്ടായിരുന്ന ഓരോ നിമിഷങ്ങളും അവൻ മനസ്സിൽ ഓർത്തു, ഹൃദയത്തിൽ ഇടം നേടി കഴിഞ്ഞവൾ. അവൾക്ക് വേണ്ടി സ്വപ്നങ്ങൾ നെയ്യാൻ മനസ്സ് മുറവിളി കൂട്ടുന്നു.

പക്ഷെ.. താൻ ഹൃദയം കൊടുത്ത് സ്നേഹിച്ചാൽ അവളെ നോവിന്റെ കയങ്ങളിലേക്ക് എറിയുപോലെ ആകില്ലേ..? അസ്വസ്ഥമായ മനസ്സോടെയാണ് വീട്ടിലേക്ക് കയറിച്ചെന്നത്, ഉമ്മറത്തു തന്നെ മല്ലിക അവനെ കാത്തിരിപ്പുണ്ടായിരുന്നു. അവന്റെ വരവ് കണ്ടപ്പോൾ തന്നെ അവൻ ഈ ലോകത്തിൽ അല്ലന്ന് അവർക്ക് തോന്നിയിരുന്നു. എന്തോ ചിന്തയിലാണ് വരുന്നത്.. " സഞ്ജു... അവർ വിളിച്ചപ്പോഴാണ് സ്വബോധത്തിലേക്ക് അവൻ വന്നതെന്ന് തോന്നി... " നിന്നെ ഞാൻ എത്ര തവണ വിളിച്ചു, ഒരു വിവരവും ഉണ്ടായിരുന്നില്ലല്ലോ.. എന്തായി മീറ്റിംഗ്..? ഒരേസമയം പല ചോദ്യങ്ങളുമായി അവർ അരികിൽ എത്തി, " മീറ്റിംഗ് നടന്നില്ല. ചില കാരണങ്ങൾ കൊണ്ട് എനിക്ക് നല്ല തലവേദന ഒന്ന് കിടക്കട്ടെ അത് കഴിഞ്ഞ് വന്ന് വിശേഷങ്ങളൊക്കെ പറയാം, അവൻ മുറിയിലേക്ക് കയറി പോയിരുന്നു, അവന്റെ മുഖഭാവം അവരിലും പരിഭ്രാന്തി ഉണർത്തിയിരുന്നു..

മുറിയിലേക്ക് കയറിയപ്പോൾ ഉറക്കം ഒന്നു കണ്ണുകളിലെ തഴുകിയിരുന്നെങ്കിൽ എന്ന് അവൻ ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു. ഉറക്കം വിട്ടു ഉണരുമ്പോൾ എല്ലാം ഒരു സ്വപ്നമായി മാറിയിരുന്നെങ്കിൽ, എവിടെയോ തന്റെ മനസ്സിന്റെ കടിഞ്ഞാൺ നഷ്ടപ്പെട്ടു പോയി എന്ന് അവൻ ഉറപ്പായി. അവളിൽ നിന്നും അകലാൻ ആവാതെ മനസ്സ് ഇപ്പോഴും അവിടെത്തന്നെ നിൽക്കുകയാണ്. ശരീരം മാത്രമാണ് തനിക്കൊപ്പം ഉള്ളത് എന്ന് അവന് മനസ്സിലായി, അവളോട് ഇഷ്ടം ഉണ്ടെങ്കിൽ അവൾക്ക് ആയി ചെയ്യാൻ കഴിയുന്നത് ആ ഇഷ്ടം കാണിക്കാതെ ഇരിക്കുക എന്നതാണ്.. ഇനി ഒരുവളെ ജീവിതത്തിലേക്ക് വിളിക്കാൻ സാധിക്കില്ല, ചേർത്ത് പിടിക്കാൻ ആഗ്രഹമുണ്ടെങ്കിലും അതിനു സാധിക്കാത്ത നിസ്സഹായൻ ആണ് താൻ. ഇരുട്ടാണ് തനിക്ക് ചുറ്റം ആ അന്ധകാരത്തിലേക്ക് ഒരുവളെ കൂടി വേണ്ട... കുറേസമയം വെറുതെ കണ്ണുകൾ അടച്ചു കിടന്നു. പിന്നെ ബാത്റൂമിലേക്ക് പോയി ഒന്ന് കുളിച്ചു തിരിച്ചു വന്നപ്പോൾ മനസ്സിനും ചെറിയൊരു ആശ്വാസം തോന്നിയിരുന്നു. എങ്കിലും അവളെ ഒന്ന് വിളിക്കാതെ സ്വരം കേൾക്കാതെ ശരീരത്തിൽ ജീവൻ ബാക്കി നിൽക്കില്ലാത്ത പോലെ ഒരു അവസ്ഥ.

പലവുരു മനസ്സിനെ കടിഞ്ഞാണിൽ ഇടാൻ ശ്രമിച്ചുവെങ്കിലും അതിന് കഴിയുന്നില്ല, അവസാനം ഗത്യന്തരമില്ലാതെ അവൻ മൊബൈൽ എടുത്തു. അതിൽ ശ്രുതി എന്ന് സേവ് ചെയ്തിരിക്കുന്ന നമ്പർ ഡയൽ ചെയ്യുമ്പോൾ കൈകൾ എന്തിനോ ഒന്ന് വിറച്ചു. പാടില്ലായെന്ന് മനസ്സ് പറഞ്ഞു പക്ഷേ കേൾക്കുന്നില്ലന്ന് അതേ മനസ്സ് പറയുന്നു. വിവെകത്തിന് മുകളിൽ കൊടികുത്തി വികാരം ഭരിക്കുകയാണ്. അവസാനം എന്തും വരട്ടെ എന്ന് കരുതി അവൻ കാൾ ബട്ടൺ അമർത്തി. ഒറ്റ റിങ്ങിനുള്ളിൽ തന്നെ ഫോൺ എടുക്കപ്പെട്ടു. പ്രതീക്ഷിച്ചിരുന്നതു പോലെ. അവൻ അത്ഭുതം തോന്നി ",ഹലോ സർ... സംസാരത്തിൽ തന്നെ ഒരു പ്രത്യേക ഉത്സാഹം ഉള്ളതുപോലെ അവനു തോന്നിയിരുന്നു .. " തനിക്ക് എങ്ങനെയുണ്ട്..? ഞാൻ വീട്ടിലേക്ക് വന്നു കുറച്ചുനേരം ആയതേയുള്ളൂ, " കുഴപ്പമില്ല സാർ.. ഇപ്പോൾ നല്ല ആശ്വാസമുണ്ട്, വീട്ടിലേക്ക് വന്നപ്പോൾ ഒരു പ്രത്യേക ആശ്വാസം. നന്നായി റസ്റ്റ് എടുക്ക്. അസുഖമൊക്കെ മാറിയിട്ട് വന്നാൽ മതി ഓഫീസിലേക്ക്.

" കുഴപ്പമില്ല സർ.. " നാളെ ലീവ് എടുത്തോളൂ, തന്റെ മുഖത്ത് നല്ല ക്ഷീണമുണ്ട്. ഭക്ഷണം കഴിക്കാത്തതിന്റെയൊക്കെ, നന്നായി റസ്റ്റ് എടുത്തിട്ട് വന്നാൽ മതി...എങ്കിൽ ശരി, അത്രയും പറഞ്ഞു അവൻ ഫോൺ വച്ചിരുന്നു. കുറച്ചു മുൻപ് അവന്റെ നമ്പരും ഡയൽ ചെയ്ത് വിളിക്കണോ വേണ്ടയോ എന്ന് കരുതി ഇരിക്കുകയായിരുന്നു അവൾക്ക്. ആ ഫോൺകോൾ ഇങ്ങോട്ട് വന്നപ്പോൾ ലഭിച്ച ആശ്വാസം കുറച്ചൊന്നുമായിരുന്നില്ല. തന്റെ മനസ്സ് മനസ്സിലാക്കി എന്നതുപോലെ അവൻ വിളിച്ച നിമിഷം അവൾക്ക് സ്വർഗം കിട്ടിയ സന്തോഷമായിരുന്നു. എന്നാൽ നാളെ വരണ്ട എന്ന് അവൻ പറഞ്ഞപ്പോൾ ആ സന്തോഷത്തിൻ അല്പം മങ്ങൽ ഏറ്റു. ഒരു നിമിഷം പോലും അവനെ കാണാതെ വയ്യന്ന് മനസ്സ് വാശി പിടിക്കുകയാണ്. നാളെ ഓഫീസിൽ പോയില്ലെങ്കിൽ അവനെ എങ്ങനെ കാണും..? ശ്രുതിക്ക് വയ്യാത്തതു കൊണ്ട് തന്നെ അന്ന് അജിത അവൾക്കൊപ്പം ആണ് കിടന്നത്. രാത്രി സമയം കഴിഞ്ഞപ്പോഴേക്കും കിടുകിടുത്ത് വിറക്കുന്നവളെ കണ്ടു കൊണ്ടാണ് അജിത ഉണർന്നു നോക്കിയത്. തൊട്ടു നോക്കിയപ്പോൾ തീ പോലെ പൊള്ളുന്ന പനിയാണ് അവൾക്ക്. പരിഭ്രമം തോന്നിയിരുന്നു,

ശരീരം അത്രത്തോളം ചൂടായിരിക്കുന്നു. അവളെ ഒരു പുതപ്പ് എടുത്ത് പുതപ്പിച്ചതിനു ശേഷം പെട്ടെന്ന് തന്നെ മുറിയിൽ നിന്നും ഒരു പഴയ സാരി കീറി കുറച്ച് വെള്ളത്തിൽ മുക്കി നെറ്റിയിൽ ഇട്ടു അജിത. കണ്ണുതുറക്കാൻ പോലും വയ്യാതെ കിടക്കുകയാണ് ശ്രുതി, നല്ല പനിയാണ്. ഉറങ്ങാതെ രാവിലെ വരെ അതേ ഇരിപ്പി ഇരുന്നിരുന്നു അജിത. രാവിലെ ഒരുവിധത്തിൽ എഴുന്നേൽപ്പിച്ച് ഇരുത്തിയാണ് അല്പം ചുക്ക് കഷായം അവൾക്ക് നൽകിയത്. അത് കുടിച്ചപ്പോൾ ചെറിയതോതിൽ ആശ്വാസം വന്നെങ്കിലും ശരീരത്തിലെ ചൂട് ഒട്ടും തന്നെ മാറിയിട്ടില്ല.. നിർബന്ധിപ്പിച്ചാണ് അജിത അല്പം കഞ്ഞി കുടിപ്പിച്ചത്. ആശുപത്രിയിൽ പോകാനായി വിളിച്ചപ്പോൾ അതിന് എഴുന്നേൽക്കാനുള്ള ത്രാണി പോലും അവൾക്ക് ഇല്ല എന്ന് തോന്നിയിരുന്നു. " എങ്കിൽ ഒരു കാര്യം ചെയ്യാം ഞാനാ ഹെൽത്തിൽ പോയിട്ട് വിവരം പറഞ്ഞു മരുന്നു വാങ്ങിയിട്ട് വരാം. ഇങ്ങനെ വച്ചുകൊണ്ടിരുന്ന രാത്രിയിറങ്ങാനും കൂടിയാലോ..? "

അത്രയ്ക്കൊന്നും ഇല്ല അമ്മേ.. അവൾ ഒഴിയാൻ നോക്കി. " അത് നീ പറയുന്നതല്ലേ..? അങ്ങനെയൊന്നുമല്ല നല്ല ചൂടുണ്ട്, ഞാൻ ഒന്ന് ഹെൽത്തിൽ പോയിട്ട് വരാം, അവര് പെട്ടെന്ന് തന്നെ പോകാൻ തയ്യാറായി. അജിത പോയിക്കഴിഞ്ഞപ്പോൾ ഒരു വിധത്തിൽ പതുക്കെ കട്ടിലിൽ നിന്നും ഒന്ന് എഴുന്നേറ്റിരുന്നു, മുഖമൊന്നു കഴുകിയപ്പോൾ ചെറിയൊരു ആശ്വാസം പോലെ.. ആദ്യം ഓടിയത് ഫോണിന് അടുത്തേക്കാണ്, ഫോൺ തുറന്നു നോക്കിയത് അവൻ വിളിച്ചിട്ടുണ്ടോ എന്നതായിരുന്നു, വിളിച്ചിട്ടില്ല എന്ന് അറിഞ്ഞപ്പോൾ ഹൃദയത്തിനുള്ളിൽ എന്തോ ഒരു നോവ് ഉറഞ്ഞു കൂടുന്നതുപോലെ.. യാത്ര കഴിഞ്ഞു വന്നതിനുശേഷം അച്ഛനെ കണ്ടിട്ടില്ല മുറിയിലേക്ക് കയറിയൊന്ന് കണ്ടാലോന്ന് കരുതിയപ്പോഴാണ് ഇനി തന്റെ പനി അച്ഛനുകൂടി പകർന്നാലോ എന്ന ഒരു ചിന്ത വന്നത്,

അതുകൊണ്ട് അതിന് തുനിഞ്ഞില്ല. കുഞ്ഞൂട്ടൻ സ്കൂളിൽ പോകുന്നതിനു മുൻപ് അരികിൽ വന്നപ്പോഴും അമ്മ പറഞ്ഞു വിടുകയായിരുന്നു. പടരുന്നതാണ് എങ്കിൽ ഇനി പനി പിടിച്ചാൽ സ്കൂളിൽ പോകാൻ പറ്റില്ലല്ലോ എന്ന് ഓർത്ത്. അതുകൊണ്ടുതന്നെ അച്ഛനും മുറിയിലേക്ക് പോയില്ല, പെട്ടെന്നാണ് വാതിലിൽ ഒരു കൊട്ട് കേട്ടത്. തിരികെ അമ്മ വന്നിട്ടുണ്ടാവും എന്ന് കരുതി വാതിൽ തുറക്കാനായി ഒരു വിധത്തിൽ നടന്നു. നടത്തത്തിനിടയിൽ ഇടയ്ക്ക് വേച്ചു പോകുന്നുണ്ട്. വാതിൽ തുറന്നതും മുന്നിൽ നിൽക്കുന്ന ആളെ കണ്ട് ഒന്ന് അമ്പരന്നു പോയിരുന്നു, " ശിവൻ" തന്നെ കണ്ടതും അവന്റെ കണ്ണുകൾ ഒന്ന് തിളങ്ങിയതായി അവൾക്ക് തോന്നിയിരുന്നു. "' പ്രതീക്ഷിച്ച ആളെ തന്നെ കാണാൻ പറ്റിയല്ലോ...! നീ ഇവിടെ ഉണ്ടാവും എന്ന് കരുതിയല്ല വന്നത്. ഉദ്യോഗത്തിന് പോയിട്ടുണ്ടാവും എന്നാ കരുതിയത്. അവൻ ഒരു വശപ്പിശക് നോട്ടത്തോടെ പറഞ്ഞു.

" എന്താ..? എന്താണ് കാര്യം, " കഴിഞ്ഞ പ്രാവശ്യം ഞാൻ വന്നപ്പോൾ പറഞ്ഞിരുന്നില്ലേ..? എന്റെ പണം എനിക്ക് കിട്ടണമെന്ന്, ഇല്ലെങ്കിൽ എന്താ വേണ്ടത് എന്ന് ഞാൻ ഒന്ന് പറഞ്ഞതായിരുന്നില്ലേ..? വീണ്ടും അവധികൾ കൂടുകയാണ്, " നിങ്ങടെ പണം തരുമെന്ന് ഞാൻ പറഞ്ഞതല്ലേ, അതിനുവേണ്ടി ഞാൻ ഒരു ചിട്ടി കൂടിയിട്ടുണ്ട്, അത് കിട്ടിയ ഉടനെ തരാം, "ചിട്ടി ഒക്കെ ഏത് കാലത്ത് വട്ടം എത്താനാ മോളെ... നീ ഇങ്ങനെ കിടന്നു കഷ്ടപ്പെടേണ്ട കാര്യമുണ്ടോ..? ഞാൻ പറഞ്ഞതല്ലേ പണം വേണ്ടന്ന്, അത് വേണ്ടെന്ന് ഞാൻ വെക്കാം. പണത്തേക്കാൾ വലുതായിട്ടുള്ള എന്തെല്ലാമുണ്ട് തരാൻ, അവളുടെ ശരീരത്തിലേക്ക് ഒന്ന് കൂർപ്പിച്ചു നോക്കിക്കൊണ്ട് അവൻ പറഞ്ഞപ്പോൾ ശരീരം പുഴുവരിക്കുന്നത് പോലെയാണ് അവൾക്ക് തോന്നിയത് ......കാത്തിരിക്കോ.. ❤️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story