നിളയോഴുകും പോൽ 💙: ഭാഗം 27

nilayozhukumpol

രചന: റിനു

അവളുടെ ശരീരത്തിലേക്ക് ഒന്ന് കൂർപ്പിച്ചു നോക്കിക്കൊണ്ട് അവൻ പറഞ്ഞപ്പോൾ ശരീരം പുഴുവരിക്കുന്നത് പോലെയാണ് അവൾക്ക് തോന്നിയത് .. " നിങ്ങൾ ഈ നിമിഷം തന്നെ ഈ വീട്ടിൽ നിന്ന് ഇറങ്ങി പോകണം. അവളുടെ വാക്കുകൾക്ക് ശക്തിയുണ്ടായിരുന്നു.. " നിങ്ങളുടെ പണം എത്രയും വേഗം ഞാൻ മടക്കി നൽകും. " നീ ഇങ്ങനെ തരും തരും എന്ന് പറഞ്ഞ് എന്നെ കൊതിപ്പിക്കുന്നതല്ലാതെ ഒന്നും കിട്ടുന്നില്ല, ദ്വയാർത്ഥം വച്ചു അവൻ പറഞ്ഞപ്പോൾ അവൾക്ക് ദേഷ്യം തോന്നിയിരുന്നു, " ഇറങ്ങടോ ഇവിടുന്ന്... തന്റെ വഷളത്തരം കേൾക്കാൻ എനിക്ക് നേരമില്ല, അവളുടെ മുക്കിന് തുമ്പ് വിറച്ചു. "ഇനിയിപ്പോൾ നീ പണം ഒന്നും തരാൻ നിൽക്കണ്ട, നമുക്ക് ഇന്ന് തന്നെ ഇത് സെറ്റിൽ ചെയ്യാം, അതും പറഞ്ഞു അവൻ അകത്തേക്ക് കയറിയപ്പോൾ അവൾക്ക് ഭയം തോന്നിയിരുന്നു. പെട്ടെന്ന് തന്നെ മുൻ വാതിൽ അവൻ കൊട്ടിയടച്ചു. കുറ്റി കൂടി ഇട്ടതോടെ അവൾക്ക് ഉടലിലേക്ക് വിറയൽ അരിച്ചു കയറി തുടങ്ങിയിരുന്നു.

" നിന്റെ അമ്മ ഹെൽത്തിൽ നിൽക്കുന്നത് കണ്ടിട്ട് തന്നെയാണ് ഞാൻ ഇങ്ങോട്ട് വന്നത്. ഒരു ഊഹത്തിന്റെ പുറത്ത് വന്നതാ. നീ ഇവിടെ ഉണ്ടോ ഇല്ലയോ എന്നറിയാൻ, നല്ല കറക്റ്റ് ടൈം ആണെന്ന് എനിക്ക് തോന്നുന്നു. വലിയ ബലം എടുത്തു ജാഡ ഒന്നും കാണിക്കാതെ നീ എന്റെ കൂടെ നിന്റെ മുറിയിലേക്ക് വരുക, ഒരുപാട് സമയം ഒന്നും വേണ്ട കൂടിപ്പോയാൽ ഒരു അരമണിക്കൂർ, അല്ലെങ്കിൽ ഒരു 45 മിനിറ്റ്. അതിനുള്ളിൽ നമുക്ക് ഈ സെറ്റിൽമെന്റ് ക്ലോസ് ചെയ്യാം. ഒരു മനുഷ്യനും അറിയാൻ പോകുന്നില്ല. ഇനിയിപ്പോൾ നിനക്ക് നിന്റെ അമ്മയും അച്ഛനും അനിയനും ഒക്കെ അറിയുന്നതാണ് പ്രശ്നം എങ്കിൽ ആ നാണക്കേട് വേണ്ട, അവർ ആരും അറിയാതെ നമ്മൾ തമ്മിലുള്ള മീറ്റിംഗ്സ് ഒക്കെ പുറത്തുവച്ച് മതി... ദേഷ്യം കൊണ്ട് വിറച്ചവൾ അവന്റെ മുഖത്ത് അടിക്കാനായി കൈയുയർത്തിയപ്പോൾ തന്നെ അവൻ അത് തടഞ്ഞിരുന്നു. ആ കൈകൾ കൊണ്ട് തന്നെ അവൻ അവളെ തിരിച്ചു പിടിച്ചു ഒരു ബലപ്രയോഗം നടത്താൻ തുടങ്ങുകയായിരുന്നു.

ശരീരം കൂടി നിസ്സഹായമായ ഒരു അവസ്ഥയിലായിരുന്നതിനാൽ എങ്ങനെ ചെറുത്തുനിൽക്കണമെന്ന് പോലും അവൾക്കറിയില്ലായിരുന്നു. പ്രാർത്ഥിച്ചിട്ടുള്ള ഈശ്വരന്മാരെ എല്ലാം അവൾ ഉള്ളു കൊണ്ട് ആ നിമിഷം ശപിച്ചു പോയിരുന്നു. ഒന്ന് രക്ഷിക്കാൻ പോലും ആരുമില്ല, അകത്ത് അച്ഛനുണ്ട്. പക്ഷേ സ്വന്തം മകൾക്ക് മാനം നഷ്ടപ്പെട്ടാലും ഒന്ന് വന്ന് സംരക്ഷിക്കാനുള്ള ത്രാണി ആ മനുഷ്യനില്ല, ബലഹീനമായ ശരീരത്തോടുള്ള ചില ചെറുത്തുനിൽപ്പുകൾ അവൾ നടത്തിയിരുന്നു എങ്കിലും അവന്റെ ആരോഗ്യമുള്ള ശരീരത്തിന് മുൻപിൽ അതൊന്നുമായിരുന്നില്ല. അവളെ വലിച്ച് ഇഴച്ചുകൊണ്ട് അവൻ മുറിയിലേക്ക് കടന്നപ്പോൾ ഇനിയും എന്തെങ്കിലും ചെയ്തില്ലെങ്കിൽ ശരിയല്ല എന്ന് അവൾക്ക് തോന്നിയിരുന്നു. കയ്യിൽ കിട്ടിയ സാധനങ്ങളൊക്കെ വച്ച് അവനെ ഉപദ്രവിക്കാൻ നോക്കുന്നുണ്ടെങ്കിലും കാര്യമായ ഒരു പ്രഹരം അവനെ ഏൽപ്പിക്കാൻ അവൾക്ക് കഴിയുന്നുണ്ടായിരുന്നില്ല. ഈ സമയം സഞ്ജയ് ശ്രുതിയുടെ വീട്ടിലേക്കുള്ള യാത്രയിലായിരുന്നു,

രാവിലെ മുതൽ അവളെ വിളിക്കുകയാണ്. നെറ്റ്‌വർക്ക് പ്രശ്നം ഉള്ളതുകൊണ്ടു തന്നെ ഫോൺ പോകുന്നുണ്ടായിരുന്നില്ല. ഒരു സമാധാനവും തോന്നാതെ വന്നപ്പോഴാണ് അവളുടെ അമ്മയുടെ ഫോണിലേക്ക് വിളിച്ചത്. ഇന്നലെ ശ്രുതിയെ കൊണ്ടുവിടാൻ പോയ സമയത്ത് അവളുടെ അമ്മയുടെ നമ്പർ വാങ്ങിയത് എത്ര നന്നായി എന്ന് ആ നിമിഷം സഞ്ചയ് ഓർത്തു. അസുഖം എങ്ങനെയുണ്ടെന്ന് അറിയാൻ വിളിച്ചപ്പോഴാണ് തീരെ വയ്യന്നും പനിയാണ് എന്നും പറഞ്ഞത്. ആശുപത്രിയിൽ നിൽക്കുകയാണ് നല്ല തിരക്കുള്ളതുകൊണ്ട് ഉടനെ എങ്ങും പോകാൻ പറ്റില്ല എന്ന് അവർ പറയുകയും ചെയ്തിരുന്നു. അതറിഞ്ഞ നിമിഷം തന്നെ ഹൃദയത്തിൽ എന്തോ ഒരു വേദന നിറഞ്ഞത് അറിഞ്ഞിരുന്നു പനിയാണ് എന്ന് പറഞ്ഞ നിമിഷം തന്നെ ആ പനിച്ചുട് തന്നിലേക്ക് വന്നു നിറയുന്നതുപോലെ അവൾക്ക് തോന്നി. വല്ലാതെ വേദനിച്ചിട്ട് ഉണ്ടാകുമോ നല്ല ക്ഷീണം ഉണ്ടാകുമോ എന്നൊക്കെയുള്ള ചിന്ത. എന്തിനാണ് ഇങ്ങനെ മറ്റൊരാൾക്ക് വേണ്ടി മനസ്സാവലാതി കൂട്ടുന്നതെന്ന് മനസ്സിലാകുന്നില്ല.

പക്ഷേ എത്ര തടുത്തു നിർത്താൻ ശ്രമിച്ചിട്ടും അത് പറ്റുന്നില്ല. ശ്രമിക്കുന്നുണ്ട് പക്ഷേ സാധിക്കാത്ത ഒരു അവസ്ഥ, അവൾക്ക് എന്തോ അപകടം വന്നതുപോലെ മനസ്സിലിരുന്ന് ആരോ പറയുന്നു. ഈ നിമിഷം അവൾ തന്റെ സാന്നിധ്യം കൊതിക്കുന്നുണ്ട് എന്ന് ഉള്ളിൽ ഇരുന്ന് ഏതൊ ഒരു അദൃശ്യ ശക്തി പറയുന്നതുപോലെ. താൻ അവിടെ എത്തണമെന്ന് ഒരു ഉൾവിളി പോലെ. അതുകൊണ്ടാണ് കാറും എടുത്ത് ഇറങ്ങിയത്, പലതവണ ചെയ്യുന്നത് ശരിയല്ലെന്ന് തോന്നി. വീണ്ടും മനസിന്റെ കടിഞ്ഞാൺ നഷ്ടപ്പെടാൻ മാത്രമേ ഈ കൂടിക്കാഴ്ചകൾ കൊണ്ട് സാധ്യമാകും എന്ന് അവൻ ഉറപ്പായിരുന്നു. എങ്കിലും കാണാതെ വയ്യ അവളിലേക്ക് തന്നെ വലിച്ച് അടിപ്പിക്കുന്ന എന്തോ ഒരു കാന്തിക ശക്തി. അത് എന്താണെന്ന് മാത്രം മനസ്സിലാക്കാൻ അവന് കഴിയുന്നുണ്ടായിരുന്നില്ല. ഓരോന്നാലോചിച്ച് വീടിന്റെ അരികിലെത്തിയത് സഞ്ജയ് അറിഞ്ഞില്ല. താൻ ഇത്രയും സ്പീഡിൽ ആണോ വന്നത് എന്ന് കാറിൽ നോക്കിയപ്പോഴാണ് അവന് മനസ്സിലാക്കാൻ സാധിച്ചത്.

ഈ സമയം എങ്ങനെയോ അവന്റെ കൈയിൽ നിന്നും രക്ഷപ്പെട്ട് അടുക്കള വരെ എത്തിയിരുന്നു ശ്രുതി. അടുക്കളയിലേക്ക് കയറിയവനെ കറിക്കത്തി കാണിച്ച് അവൾ ഒന്ന് ഭയപ്പെടുത്തി. അടുത്ത് വന്നിട്ടുണ്ടെങ്കിൽ ഞാനെന്റെ കയ്യിലെ ഞരമ്പ് മുറിക്കും. തന്റെ മുന്നിൽ കിടന്ന് ഞാൻ ചാകും. അവനോട് ഒരു ഭീഷണി പോലെ അവൾ പറഞ്ഞു. "എങ്കിൽ നിന്റെ ശവത്തിൽ എങ്കിലും എന്റെ ആഗ്രഹം സാധിച്ചിട്ടെ ഞാൻ പോകു, അവനും വീറോടെ പറഞ്ഞു. ഇനി അവനു മുന്നിൽ മറ്റൊരു രക്ഷയുമില്ലന്ന് അവൾക്ക് തോന്നി അരികിലേക്ക് വന്ന അവന്റെ മുഖത്തേക്ക് പെട്ടെന്ന് വിതറാൻ കയ്യിൽ ലഭിച്ചത് ഒരു കവർ ഉപ്പിന്റെ പൊടിയാണ്. പെട്ടെന്ന് തന്നെ അത് അവന്റെ മുഖത്തിന് നേരെ എറിഞ്ഞു. കുറച്ചു സമയം അവൻ കണ്ണു കുടഞ്ഞു. ആ സമയം കൊണ്ട് അടുക്കള വാതിൽ തുറന്ന് പുറത്തേക്ക് ഓടിയിരുന്നു അവൾ. തൊട്ടടുത്ത് അധികം വീടുകൾ ഒന്നുമില്ല. പടിക്കെട്ടുകൾ ഇറങ്ങി ചെല്ലുമ്പോൾ മാത്രമാണ് ഒരു വീട് ഉള്ളത്.

എങ്കിലും അവിടേക്ക് തന്നെ ഓടി കയറാം എന്ന പ്രതീക്ഷയിലാണ് അവൾ ഇറങ്ങി ഓടിയത്. ശരീരവും തളർന്നു തുടങ്ങിയിട്ടുണ്ട്. എന്നാൽ പടിക്കെട്ട് കയറിവരുന്ന ആളെ കണ്ടപ്പോഴേക്കും അവളുടെ മനസ്സിൽ എവിടെ നിന്നോ ഒരു സന്തോഷവും സമാധാനവും ഉടലെടുത്തിരുന്നു, ഈയൊരു നിമിഷം മറ്റാരെ കണ്ടാൽ ആണ് തനിക്ക് ഇതിൽ കൂടുതൽ സമാധാനം തോന്നുന്നത്..? ഒരു പിച്ചാത്തിയും കയ്യിൽ പിടിച്ച് ഓടി വരുന്നവളെയാണ് സഞ്ജയും കണ്ടത്, അവനെ കണ്ട നിമിഷം സ്വയം മറന്നു പോയിരുന്നു അവൾ. കയ്യിലിരുന്ന കത്തി താഴെക്കിട്ട് അവൾ ഓടിച്ചെന്ന് അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു. ആ നിമിഷം അവനും അത്ഭുതപ്പെട്ടു പോയിരുന്നു. അവളിൽ നിന്നും ഇങ്ങനെയൊരു പ്രവർത്തി അവൻ പ്രതീക്ഷിച്ചിരുന്നില്ല എന്നത് ഉറപ്പാണ്. എന്നാൽ അവളെ തന്നിൽ നിന്നും അകറ്റാൻ അവന് തോന്നിയുമില്ല. നെഞ്ചിലേക്ക് വീണ് പൊട്ടിക്കരയുകയാണ് അവൾ. കാര്യം എന്താണെന്ന് പോലും അവന് ചോദിക്കാൻ സാധിക്കുന്നില്ല. ഏങ്ങൽ ചീളുകൾക്ക് മുകളിലൂടെ കരച്ചിലിന്റെ വേലിയേറ്റങ്ങൾ കുറയുന്നത് അനുസരിച്ച് അവൻ അവളോട് കാര്യങ്ങൾ ചോദിക്കാമെന്ന് കരുതി. എന്നാൽ അവളെ തന്നിൽ നിന്നും അകറ്റാൻ അവൻ ശ്രമിച്ചിരുന്നില്ല.

അതുപോലെ ആ കൈകൾ കൊണ്ട് അവളെ ഒന്ന് പുണർന്നതും ഇല്ല. അവൾക്ക് പുറകെ ഓടിയെത്തിയ ഒരു പുരുഷനെ കണ്ടപ്പോൾ തന്നെ കാര്യം എന്ത് എന്ന് അവന് ഏകദേശം മനസ്സിലാക്കാൻ സാധിച്ചിരുന്നു. സ്വബോധം വീണ്ടെടുത്ത് ശ്രുതി അവനിൽ നിന്നും മുഖമുയർത്തിയതും ആ നിമിഷം തന്നെയായിരുന്നു, ഏറെ പ്രതീക്ഷയോട് അവന്റെ കണ്ണുകളിലേക്കാണ് അവൾ നോക്കിയത്, ഒരു നിമിഷം ഇരുവരുടെയും മിഴികൾ തമ്മിൽ കോർത്തിരുന്നു "എന്തു പറ്റിയെടോ? ഏറെ ആർദ്രമായി അവൻ ചോദിച്ചു, " സാറിനെ ദൈവമാണ് ഇങ്ങോട്ട് അയച്ചത്, ഇല്ലായിരുന്നെങ്കിൽ ഞാൻ... അത്രയും പറഞ്ഞു വീണ്ടും അവൾ കരഞ്ഞു തുടങ്ങിയിരുന്നു. എന്തൊ ഒരു ഉൾപ്രേരണയാൽ തന്റെ ചൂണ്ടുവിരൽ കൊണ്ട് ആ കണ്ണീര് സഞ്ജയ് തുടച്ചു മാറ്റി. ആ നിമിഷം അവളിൽ ഉണ്ടായ സുരക്ഷിതത്വം കുറച്ചൊന്നുമായിരുന്നില്ല, അവളെ അല്പം നീക്കിനിർത്തി അവൾക്ക് കാവൽ എന്നതുപോലെ അവൻ അല്പം മുന്നോട്ട് കയറി നിന്നു. ആ നിമിഷം കൊണ്ട് ശിവൻ അവർക്ക് അരികിലേക്ക് എത്തിയിരുന്നു.....കാത്തിരിക്കോ.. ❤️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story